ഐക്യരാഷ്ട്ര സംഘടന 1967 ൽ പുറത്തിറക്കിയ Outer Space Treaty പ്രകാരം ചന്ദ്രൻ അടക്കമുള്ള ഒരു ബഹിരാകാശ വസ്തുവും ഒരളുടെയും സ്വകാര്യ സ്വത്തല്ല, മറിച്ച് മാനവരാശിയുടെ പൊതുസ്വത്താണ്. നൂറിലധികം രാജ്യങ്ങൾ ഒപ്പ് വെച്ചിട്ടുള്ള ഈ ഉടമ്പടിയിൽ 1967ൽ ഇന്ത്യയും ഒപ്പുവച്ചിട്ടുണ്ട്..
എന്താണ് ഔട്ടർ സ്പേസ് ട്രീറ്റി 1967 എന്ന് നോക്കാം.
ഈ ഉടമ്പടിയുടെ പൂർണ്ണമായ പേര് Treaty on Principles Governing the Activities of States in the Exploration and Use of Outer Space, including the Moon and Other Celestial Bodies എന്നാണ്. റഷ്യയും അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ ബഹിരാകാശ മത്സരങ്ങൾ നടത്തിയിരുന്ന കാലത്ത് രൂപീകരിക്കപ്പെട്ടതാണ് ഈ നിയമം.1967 ജനുവരി 27 ആണ് ഈ നിയമം രൂപീകരിക്കപ്പെട്ടത്. താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഇതിൽ ഉൾപെടുന്നു.
- മനുഷ്യരാശിയുടെ പൊതുവായ പ്രദേശമാണ് ബഹിരാകാശം. ബഹിരാകാശത്തിലെ പര്യവേക്ഷണവും ഉപയോഗവും എല്ലാ രാജ്യങ്ങളുടെയും പ്രയോജനത്തിനും താൽപ്പര്യങ്ങൾക്കും വേണ്ടി നടത്തേണ്ടതാണ്. എല്ലാ രാജ്യങ്ങൾക്കും പര്യവേക്ഷണത്തിനും ഉപയോഗത്തിനും ബഹിരാകാശം സൗജന്യമായിരിക്കും. ബഹിരാകാശം ഒരു രാജ്യത്തിനും സ്വന്തമായി അവകാശപ്പെട്ടതല്ല.
- ഒരു രാജ്യവും ബഹിരാകാശത്ത് ആണവായുധങ്ങളോ മറ്റ് മാരക ആയുധങ്ങളോ സ്ഥാപിക്കരുത്.
- ചന്ദ്രനെയും മറ്റ് ആകാശഗോളങ്ങളെയും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കണം.
- ബഹിരാകാശയാത്രികരെ എല്ലാ രാജ്യങ്ങളും മാനവികതയുടെ പ്രതിനിധികളായി കണക്കാക്കണം. അവർക്ക് എന്തെങ്കിലും അപകടമോ അടിയന്തരാവസ്ഥയോ ഉണ്ടാകുമ്പോൾ സാധ്യമായ എല്ലാ സഹായവും നൽകണം.
- ഒരു രാജ്യമോ ആ രാജ്യത്തെ ഏതെങ്കിലും ഏജൻസിയോ ബഹിരാകാശത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ആ രാജ്യം ഉത്തരവാദിയായിരിക്കും.
- ഒരു രാജ്യത്തിൻറെ ബഹിരാകാശ പേടകം മൂലം ഉണ്ടാകുന്ന നാശനഷ്ടത്തിന് രാജ്യം ഉത്തരവാദി ആയിരിക്കും.
- ഒരു രാജ്യം വിക്ഷേപിക്കുന്ന ഏത് ബഹിരാകാശ പേടകത്തിന്റെയും ഉത്തരവാദിത്വം ആ രാജ്യത്തിന് ആയിരിക്കും.
- ഒരു രാജ്യവും ബഹിരാകാശത്തും ജ്യോതിർ ഗോളങ്ങളിലും ഹാനികരമായ ഒരു മലിനീകരണവും നടത്തരുത്.
ഇതുകൂടാതെ 1979ൽ ഉണ്ടാക്കിയ പുതിയ ഉടമ്പടി പ്രകാരം ബഹിരാകാശത്തോ ചന്ദ്രനടക്കമുള്ള ജ്യോതിർഗോളങ്ങളിലോ ആയുധ പരീക്ഷണങ്ങൾ നടത്താനോ സൈനിക താവളങ്ങൾ ഉണ്ടാക്കുന്നതിനോ ഒരു രാജ്യത്തിനും അവകാശമില്ലാത്തതും ചന്ദ്രനും അതിലെ വിഭവങ്ങളും മനുഷ്യരാശിയുടെ പൊതു പൈതൃകം ആണെന്നതിനാൽ ഒരു രാജ്യത്തിനോ സംഘടനയ്ക്കോ സ്വന്തമാക്കാൻ സാധിക്കില്ലാത്തതുമാണ്.
2019 വരെ ഈ ഉടമ്പടിയിൽ ഇരുപതിൽ താഴെ രാജ്യങ്ങൾ മാത്രമേ ഒപ്പ് വെച്ചിട്ടുള്ളൂ. അമേരിക്ക , ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പു വെച്ചിട്ടില്ലാത്തതുമാണ്.
ചന്ദ്രനിൽ സ്ഥലം വാങ്ങാൻ കഴിയുമോ?
ഈ ചോദ്യത്തിനേക്കാൾ കൗതുകമാണ് ചന്ദ്രനിലെ സ്ഥല കച്ചവടത്തെക്കുറിച്ചുള്ള കാര്യങ്ങൾ. 1756 ൽ പ്രഷ്യയിലെ ഫ്രഡറിക്ക് രാജാവ് തൻ്റെ പൂർവികർക്ക് ചന്ദ്രനെ സമ്മാനമായി നൽകിയതാണെന്നും, അതിനാൽ ചന്ദ്രൻ തന്റെ കുടുംബത്തിന് അവകാശപ്പെട്ടതാണെന്നുമുള്ള വിചിത്രമായ ഒരവകാശവാദം 1996 ൽ ജർമൻ പൗരനായ മാർട്ടിൻ ജാർഗൻസ് ഉന്നയിച്ചിരുന്നു. ഈ വിഷയം യുണൈറ്റഡ് സ്റ്റേറ്റ്സുമായി ചർച്ച ചെയ്യാൻ ജർമൻ സർക്കാറിനോട് ജാർഗൻസ് ആവശ്യപ്പെട്ടു. എന്നാൽ ഈ വാദം മുഖവിലയ്ക്ക് എടുത്തില്ല.
ഡെന്നിസ് ഹോപ്പ് എന്നയാളുടെ ലൂനാർ എംബസി എന്ന തരികിട കമ്പനി വളരെ തുച്ഛവിലയ്ക്ക് 1980 മുതൽ ചന്ദ്രനിൽ സ്ഥലക്കച്ചവടം നടത്തുന്നുണ്ട്. ഇങ്ങനെ ലക്ഷക്കണക്കിന് ഏക്കർ സ്ഥലം കച്ചവടം നടത്തിയായി ഹോപ്പ് അവകാശപ്പെടുന്നു. ഇതും പോരാഞ്ഞ് ആ രാജ്യത്തിന് (ചന്ദ്രന്) ഒരു ഭരണഘടനയും നിയമനിർമ്മാണ സഭയും ഒരു നാണയവും പുറത്തിറക്കി ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി ഹോപ്പ് പ്രഖ്യാപിച്ചു.
ചതിക്കുഴിയിൽ വീഴാൻ തയ്യാറാണെങ്കിൽ ലൂണാർ രജിസ്ട്രി എന്ന വെബ്സൈറ്റ് മുഖാന്തരം നിങ്ങൾക്കും ചന്ദ്രനിൽ സ്ഥലം വാങ്ങാം. ഹിന്ദി താരങ്ങളായ സുശാന്ത് സിംഗ് രജ്പുത്, ഷാറൂക്ക്ഖാൻ എന്നിവർ ഇങ്ങനെ ചന്ദ്രനിൽ സ്ഥലമുടമകൾ ആയിട്ടുണ്ട് എന്ന വാർത്തകൾ വന്നിട്ടുണ്ട്.
എന്നാൽ ഈ വാദങ്ങളെയൊന്നും ഐക്യരാഷ്ട്രസഭയോ അന്താരാഷ്ട്ര ബഹിരാകാശ നിയമവിദഗ്ദ്ധരോ മുഖവിലക്ക് എടുക്കുന്നില്ല. ചന്ദ്രനോ ബഹിരാകാശ ഗോളങ്ങളോ ആരുടെയും സ്വകാര്യ സ്വത്ത് അല്ല എന്നും അത് മാനവരാശിയുടെ പൊതുസ്വത്താണ് എന്നുമാണ് അവരുടെ അഭിപ്രായം.
അധിക വായനയ്ക്ക്
- https://www.rmg.co.uk/stories/topics/who-owns-moon
- https://lunarregistry.com/moon-land/
- https://www.forbes.com/sites/quora/2019/01/16/can-people-buy-plots-of-land-on-the-moon/
- https://www.dnaindia.com/science/report-sushant-singh-rajput-shah-rukh-khan-bought-land-on-moon-know-cost-of-lunar-land-how-to-buy-3036204/
- https://en.wikipedia.org/wiki/Outer_Space_Treaty
ലേഖനത്തിന് എത്ര സ്റ്റാർ നൽകും
⭐⭐⭐⭐⭐
Rating: 5 out of 5.