പൊന്നപ്പൻ ദി ഏലിയൻ
സ്വകാര്യത എന്ന ആശയം ശരിക്കും നമ്മുടെയൊക്കെ സ്വന്തം കാര്യമാണോ? അല്ലെങ്കിൽ വ്യക്തി തലത്തിനുപരിയായി സ്വകാര്യത എന്ന സങ്കല്പത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? സ്വകാര്യത – പൊതുമണ്ഡലം എന്നീ ദ്വന്ദങ്ങളെക്കുറിച്ചുള്ള ഒരു ഭിന്നവായന
അടിസ്ഥാന മനുഷ്യാവകാശം എന്ന നിലയിൽ ആഗോള തലത്തിൽ തന്നെ, പല നിയമവ്യവസ്ഥകളും അംഗീകരിച്ചിട്ടുള്ള ഒരു ആശയമാണ് സ്വകാര്യത. അതു നേരിടുന്ന ഓരോ ഭീഷണിയും മനുഷ്യാവകാശ പ്രശ്നങ്ങളായാണ് കണക്കാക്കപ്പെടാറുള്ളത്. അതു കൊണ്ടു തന്നെയാവും സ്വകാര്യതയെ പറ്റി വേവലാതിപ്പെടുന്ന ഭൂരിഭാഗം വ്യക്തികളും സംഘടനകളും തങ്ങളുടെ കാഴ്ചപ്പാടുകളും എതിർപ്പുകളും വൈകാരികമായി പ്രകടിപ്പിക്കുകയും കടുത്ത വർണ്ണങ്ങളുപയോഗിച്ച് ചിത്രീകരിക്കുകയും ചെയ്യാറുള്ളത്. എന്നാൽ ഈ കുറിപ്പിൽ ഒരു വിപരീത കാഴ്ചയാണ് ഉദ്ദേശിക്കുന്നത്.
സ്വകാര്യത എന്ന ആശയം ശരിക്കും നമ്മുടെയൊക്കെ സ്വന്തം കാര്യമാണോ? അല്ലെങ്കിൽ വ്യക്തി തലത്തിനുപരിയായി സ്വകാര്യത എന്ന സങ്കല്പത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? വ്യക്തിയുടെ ജീവിത ചക്രത്തിനുപരിയായി സമൂഹങ്ങളുടെ ചെറുതോ വലുതോ ആയ ജീവിതകാലയളവുകളിൽ സ്വകാര്യത അല്ലെങ്കിൽ അതിന്റെ അഭാവം ഗുണപരമായിഎങ്ങിനെയെങ്കിലും ഇടപെടുന്നുണ്ടോ?
ചരിത്രപരമായി തന്നെ ഇതിനെ സമീപിക്കേണ്ടതുണ്ട്. സ്വകാര്യത ഒരു ചർച്ചയാവുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോട് കൂടിയാണെങ്കിലും ഇന്നു കാണുന്ന രീതിയിൽ, ഒരു സ്വതന്ത്ര പ്രശ്നമായി (singular issue) അല്ലെങ്കിൽ ഒരു സാമൂഹിക പ്രശ്നമായി ഉയർന്നു വരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടിയാണ്. കൃത്യമായി പറയുകയാണെങ്കിൽ ആശയ വിനിമയമേഖലയിൽ സാങ്കേതിക പുരോഗതി ഉയർന്നു വരാൻ തുടങ്ങിയതോടെയാണ് സ്വകാര്യത ഒരു പ്രവർത്തന മേഖലയായും ഒരു പ്രശ്ന സാധ്യതയായും ഒരേ സമയം പ്രവർത്തിച്ചു തുടങ്ങിയത്. ഈ കാലഘട്ടത്തിനു മുൻപ് ആഗോള തലത്തിൽ സ്വകാര്യത ഒന്നുകിൽ അപ്രസക്തമായിരുന്നു അല്ലെങ്കിൽ അവഗണിക്കപ്പെട്ടു. കൂടി വന്നാൽ മറ്റു സാമൂഹ്യ മൂല്യങ്ങളിൽ കൂട്ടിച്ചേർക്കപ്പെട്ട വെറുമൊരനുബന്ധം മാത്രമായിരുന്നു അത്. വിവര സാങ്കേതിക വിദ്യ വികസിക്കാൻ തുടങ്ങിയതോടെ സ്വകാര്യത എന്ന ആശയത്തിന്റെ നീളവും വീതിയും കൂടാനും വ്യക്തി സ്വകാര്യതയുടെ നീളവും വീതിയും കുറയാനും തുടങ്ങി.
ഒരു കാലത്ത് സ്വകാര്യമെന്നു കരുതപ്പെട്ടിരുന്ന പലതും പുതിയ കാലത്തിൽ അറിയാനുള്ള അവകാശത്തിന്റെ പരിധിയിലേക്കു മാറി. വ്യക്തികൾ സ്വ-കാര്യങ്ങൾ സ്വമേധയാ പരസ്യപ്പെടുത്താൻ തുടങ്ങി. അല്ലാത്തവ ഭരണകൂടങ്ങളും വൻകിട കോർപ്പറേഷനുകളും വിപണിയും ചേർന്ന് ചോർത്തിയെടുക്കാനും തുടങ്ങി. ഈ പ്രവർത്തനങ്ങളുടെ വ്യാപ്തി ഊഹിക്കാവുന്നതിലും അധികമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇവിടെയൊക്കെ പരാമർശിക്കപ്പെടുന്ന സ്വകാര്യത എന്ന ആശയത്തെ ഏറ്റവും ഉപരിതലത്തിൽ ഇങ്ങനെ നിർവ്വചിക്കാം : “എന്നെ വെറുതേ വിട്ടേക്ക്” എന്ന് ഒരു വ്യക്തിക്കോ സമൂഹത്തിനോ സ്ഥാപനത്തിനോ പറയാനുള്ള അവകാശമാണത്. എന്നാൽ ഈ നിർവ്വചനത്തിന്റെ ഉപരിപ്ലവതയിൽ നമുക്ക് അഭിരമിക്കുവാൻ അധികകാലം കഴിയില്ല. കാരണം എന്നെ വെറുതേ വിട്ടേക്ക് എന്ന നിർദ്ദോഷമായ വാചകത്തിന് ഒരേ സമയം ഒരു പൊതുസമൂഹത്തിന്റെ അല്ലെങ്കിൽ ഭരണകൂടത്തിന്റെ നട്ടെല്ലു നിവർത്താനും നട്ടെല്ലൊടിക്കാനുമുള്ള ശക്തിയുണ്ട്. ചില അവസരങ്ങളിൽ ഭരണകൂടങ്ങൾക്ക് പൊതു താല്പര്യം മുൻനിർത്തി വ്യക്തി / ഏകക ഘടനകളെ (unit structure) വെറുതേ വിടാൻ പറ്റാതെ വന്നേക്കും. അതേ ന്യായം പ്രയോഗിച്ചു തന്നെ, വ്യക്തി / ഏകക ഘടനകൾക്ക് സമൂഹത്തിൽ ചെലുത്താൻ കഴിയുന്ന ധനാത്മകമായ സ്വാധീനത്തെ ഇല്ലാതാക്കി തങ്ങളുടെ അധികാരം സ്ഥിരപ്പെടുത്തിയെടുക്കാൻ ഭരണകൂടങ്ങളും സമൂഹങ്ങളും വ്യവസ്ഥകളും ശ്രമിക്കുകയുമാവാം.
ഇവിടെ ഒരു തലം കൂടി താഴേക്കിറങ്ങി സ്വകാര്യതയെ കാണാൻ ശ്രമിച്ചാൽ, വ്യക്തി തലത്തിൽ ശരീരം, സ്ഥല-കാലങ്ങൾ, ഭവനം, സ്വന്തം ചിന്തകൾ, വൈകാരിക അവസ്ഥകൾ, സ്വത്വം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥാവകാശം എന്ന നിർവ്വചനം കണ്ടെത്താൻ കഴിയും. ഏകക ഘടനകളെ സംബന്ധിച്ചാണെങ്കിൽ ഇത് അവയുടെ നിലനിൽപ്പ്, പ്രവർത്തനങ്ങൾ എന്നിവ സംബന്ധിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥാവകാശം എന്നു വേണമെങ്കിൽ പറയാം. പക്ഷേ ഇവിടെയും ആശയക്കുഴപ്പങ്ങളുണ്ട്. ഒരു വ്യക്തി / ഘടന തന്റെ വിവരങ്ങൾ പൊതുസമൂഹവുമായി പങ്കു വയ്ക്കുന്നതിന് തീർച്ചയായും ഒരു സാമൂഹ്യ തലമുണ്ട്. ശരിക്കും വ്യക്തി എന്ന ഒരു സങ്കല്പം തന്നെ സമൂഹസൃഷ്ടമാണ്. സമൂഹം അതിന്റെ പരിധികളും പ്രവർത്തികളും രൂപപ്പെടുത്തിയെടുക്കാൻ നിർവചിക്കുന്ന ആശയമാണ് വ്യക്തി അഥവാ അതുൾപ്പെടുന്ന ഏകക ഘടനകൾ. ഇവിടെ ആര് ആ വിവരശേഖരണത്തിന് മുൻകൈ എടുക്കുന്നു എന്നത് ആ സാമൂഹ്യബന്ധത്തിന്റെ സങ്കീർണ്ണതയുമായി ബന്ധപ്പെട്ടായിരിക്കും. വ്യക്തികൾ സ്വേച്ഛയാൽ വിവരങ്ങൾ പങ്കു വയ്ക്കുന്നു എന്നു കരുതപ്പെടുന്ന പല അവസ്ഥകളും ഒരു പക്ഷേ, അങ്ങിനെ തന്നെയാവണമെന്നുമില്ല. സ്വേച്ഛ എന്ന സങ്കല്പം പോലും സമൂഹത്തിന്റെ അളവുകോലുകളാൽ നിയന്ത്രിക്കപ്പെടുന്നതാവും.
മറ്റൊന്ന്, സ്വകാര്യതയ്ക്ക് തീർച്ചയായും ഒരു സാമ്പത്തിക മാനം ഉണ്ടെന്നതാണ്. സ്വകാര്യത ഒരു സാമ്പത്തിക വ്യവഹാരം (transaction) പോലുമാകാറുണ്ട്. വ്യക്തി /ഘടനാ വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നത് വിപണിയുടെ കാര്യക്ഷമത ഉയർത്തുന്നതാണെന്ന കാഴ്ചപ്പാടുകളും അതിനുപോൽബലകമായ തെളിവുകളും ഉയർത്തപ്പെടാറുണ്ട്. എന്നാൽ സാമൂഹികമായ കാര്യക്ഷമതയാണ് നോക്കുന്നതെങ്കിൽ കൂടുതൽ വ്യക്തി / ഏകക ഘടനാ വിവരങ്ങൾ എപ്പോഴും ഗുണകരമാവണമെന്നുമില്ല. എന്നാൽ പൂർണ്ണമായും ഹാനികരവുമായിരിക്കില്ല.
ഇവിടെ നമുക്ക് മൂന്നാമതൊരു തലത്തിൽ – കൂടുതൽ ആഴത്തിൽ സ്വകാര്യതയെ കാണേണ്ടതുണ്ട്. സ്വകാര്യത എന്ന ആശയം നാം മുൻപ് ശ്രദ്ധിച്ചതു പോലെ ഒരേ സമയം അപനിർമ്മിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്. അതിന് അതാത് കാലഘട്ടങ്ങളിൽ, അത് ഇടപെടുന്ന സമൂഹങ്ങളിൽ വ്യത്യസ്ഥങ്ങളായ ദൗത്യങ്ങളുണ്ട്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ സ്വകാര്യത, അത് ഒരു മനുഷ്യാവകാശമെന്ന് വിവക്ഷിക്കപ്പെടാവുന്ന അവസ്ഥയിൽ തന്നെ സാമൂഹികവും സാമ്പത്തികവുമായ ഒരു ഉപകരണം / ഉപാധി കൂടിയായി പ്രവർത്തിക്കാറുണ്ട്. ഈ ഉപാധികൾ പരസ്പരം മത്സരിക്കുമ്പോഴാണ് സ്വകാര്യതയുടെ രാഷ്ട്രീയം പ്രകടമാകുന്നത്. വ്യക്തി എന്ന ആശയത്തെ നിർവചിക്കുന്ന സമൂഹം തന്നെയാണ് അതിന്റെ പരിധികളും (boundaries) സമ്പർക്കമുഖങ്ങളും (interfaces), സമഗ്രതയും (integrity) നിർവചിക്കുന്നത്. എന്നാൽ സാമ്പത്തിക വ്യവഹാരത്തിന്റെ ഏതെങ്കിലും തലത്തിൽ ഏതെങ്കിലും ഒരു വ്യവഹാരി (economic agency) വ്യക്തി-സമഗ്രതയെ ചോദ്യം ചെയ്യുകയോ, അതിലേക്ക് നൂണ്ടു കടക്കുകയോ ചെയ്യുമ്പോൾ ഫലത്തിൽ ചോദ്യം ചെയ്യപ്പെടുന്നത് സമൂഹത്തിന്റെ തന്നെ വ്യക്തിത്വമാണ്.
വ്യക്തി തലത്തിൽ ഇതു വരെ പൊതുവേ അംഗീകരിക്കപ്പെട്ടിരുന്ന സ്വകാര്യത എന്ന സങ്കല്പം (ശരീരം, സ്ഥലകാലങ്ങളെ പറ്റിയുള്ള വിവരങ്ങൾ, ചിന്തകൾ, വ്യക്തിബന്ധങ്ങൾ, സ്വത്വപ്രകാശനം എന്നിവയുൾപ്പെടെ) ഇന്ന് ഏതാണ്ട് അപ്രത്യക്ഷമാവുന്നു എന്നത് അംഗീകരിക്കുമ്പോൾ തന്നെ, ഓരോ സമൂഹങ്ങളുടേയും പൊതു നയങ്ങളിലും ഭരണനിർവ്വഹണ തലത്തിലും, ജനാധിപത്യ മൂല്യങ്ങളുടെ വിപുലീകരണ മേഖലയിലുമെല്ലാം സ്വകാര്യത ഒരു അജണ്ടയായി പ്രത്യക്ഷപ്പെട്ടേ മതിയാവൂ എന്ന് വാശി പിടിക്കേണ്ടതുണ്ട്. സ്വകാര്യതയുടെ പുതിയ നിർവചനങ്ങളും പരിധികളും പുതുക്കിയ ലോകക്രമങ്ങൾക്കനുസരിച്ച് ഉരുത്തിരിയേണ്ടതുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ പരിമാണങ്ങൾക്കനുസരിച്ച്, വ്യക്തി എന്ന ആശയം പോലും പുതുക്കേണ്ടതുണ്ട് അല്ലെങ്കിൽ പുതുക്കപ്പെടുന്നുണ്ട്.
സ്വകാര്യത എന്ന പഠനമേഖലയെ പൂരിപ്പിക്കുന്ന മൂല്യങ്ങളും വളർന്നു വരുന്നുണ്ട്. പ്രത്യക്ഷത്തിൽ സ്വകാര്യതയ്ക്കെതിരാണെന്ന് തോന്നുന്ന / അങ്ങിനെ ഉയർത്തിക്കാട്ടപ്പെടുന്ന ഒരു ആശയമാണ് വിജ്ഞാന സ്വാതന്ത്ര്യം. പലപ്പോഴും വിജ്ഞാനസ്വാതന്ത്ര്യം ഒരു സാമൂഹിക ലക്ഷ്യമായും സ്വകാര്യത ഒരു വ്യക്തിവാദമായും എടുത്തു കാട്ടാറുണ്ട്. എന്നാൽ സാമൂഹികമായി ഇവയെ രണ്ടും ചേർത്തു നിർത്തുന്ന ഘടകങ്ങൾ ചർച്ച ചെയ്യപ്പെടാറില്ല. മുൻപ് സൂചിപ്പിച്ചതു പോലെ, സ്വകാര്യത ഒരു സാമൂഹ്യ ആവശ്യമാവുന്ന അതേ തലത്തിൽ തന്നെയാണ് വിജ്ഞാനസ്വാതന്ത്ര്യവും നില കൊള്ളാറുള്ളത്. കുറച്ചു കൂടി ആഴത്തിൽ സമീപിച്ചാൽ വിജ്ഞാനസ്വാതന്ത്ര്യത്തിന്റെ ഒരു മുന്നുപാധിയാണ് സ്വകാര്യത എന്നു കാണാം. വിജ്ഞാനസ്വാതന്ത്ര്യം പൈറസി അല്ലാതാവുന്നത് സ്വകാര്യതയുടെ കൂടി സഹായത്താലാണ്.
അതായത്, സ്വകാര്യത അത്ര സ്വ-കാര്യമല്ലെന്നു മാത്രമല്ല, പുതിയ വിവരസാങ്കേതിക സമൂഹങ്ങൾ അതീവ ഗൗരവത്തോടെ കണക്കിലെടുക്കേണ്ട ഒരു വിഷയമാണെന്ന് ചുരുക്കം.