Read Time:27 Minute

നിർമിതബുദ്ധി വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐയുടെ നേതൃതലത്തിൽ നടന്ന അഴിച്ചുപണികളാണ് ഈ പരമ്പരയിൽ അവസാനത്തേത്. നവംബർ 17-ന് കമ്പനിയുടെ സ്ഥാപകരിലൊരാളും സിഇഒയും ആയ സാം ആൾട്ട്മാനെ ഡയറക്ടർ ബോർഡ് പുറത്താക്കിയതു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ അദ്ദേഹം പുനരവരോധിക്കപ്പെടുന്നതുവരെ ഉണ്ടായ നാടകീയ രംഗങ്ങൾ.

രാഷ്ട്രീയത്തിൽ സാധാരണ കാണുന്ന പോലുള്ള വടംവലികളും അട്ടിമറികളും ഈ ബോർഡ് റൂം ഡ്രാമയിലും കണ്ടു. നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഏതു മാനുഷിക വ്യവഹാരങ്ങളുടെയും സ്വഭാവത്തെ നിർണയിക്കുന്ന സുപ്രധാന ഘടകമാണ് അധികാരത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള മത്സരങ്ങൾ. എന്നാൽ അതിനപ്പുറം ചില മാനങ്ങൾ കൂടി ഓപ്പൺഎഐയിലെ കിടമത്സരങ്ങൾക്കുണ്ട്. അതുകൊണ്ടാണ് പൊതുശ്രദ്ധ ആകർഷിച്ച കൗതുകവാർത്ത എന്നതിനപ്പുറം ഒരു പ്രസക്തി അതിന് കൈവരുന്നത്. മനുഷ്യ ജീവിതത്തിന്റെ സമസ്തതലങ്ങളെയും ആഴത്തിൽ മാറ്റിതീർക്കാൻ കെല്പുള്ള ഒരു സാങ്കേതികവിദ്യയുടെ വികാസപരിണാമത്തെ  മൂലധനത്തിന്റെയും വ്യക്തികളുടെയും സ്വകാര്യ താല്പര്യങ്ങൾ സ്വാധീനിക്കുന്നത് എങ്ങിനെയെന്ന് ഈ സംഭവങ്ങൾ കാട്ടി തരുന്നു.

നിർമിതബുദ്ധിയുടെ ആപത്സാധ്യതകളെ കുറിച്ചുള്ള ആശങ്കകളെ പറ്റി കുറച്ചുനാൾ മുമ്പ് ഇവിടെ ഒരു ലേഖനം എഴുതിയിരുന്നു. ഈ വ്യവസായത്തിന്റെ നേതൃസ്ഥാനത്തുള്ളവർ ഉൾപ്പെടെ നിരവധിപേർ ഇപ്പോൾ അത്തരം ആശങ്കകൾ പങ്കു വെച്ച് മുന്നോട്ട് വരുന്നുണ്ട്. സർക്കാരുകൾ അതിനെ വലിയ ഗൗരവത്തോടെയാണ് കാണുന്നതും. ഈ തുറന്ന സമീപനം നിർമിതബുദ്ധിയുടെ വികാസത്തിൽ മനുഷ്യരാശിയുടെ പൊതുതാല്പര്യങ്ങൾ പരിഗണിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുമോ എന്ന ഒരു ചോദ്യമായിരുന്നു ആ കുറിപ്പിൽ പ്രധാനമായും  ഉയർത്തിയത്. അതത്ര എളുപ്പമായിരിക്കില്ല. അതിന് ഒരു കാരണം നിർമിതബുദ്ധി സംരംഭങ്ങൾക്ക് സ്വകാര്യമൂലധനത്തോടുള്ള അമിതാശ്രയമാണ്. അതുകൊണ്ട്  സമൂഹത്തിന്റെ വിശാലതാല്പര്യങ്ങളേക്കാൾ ലാഭത്തിനും വിപണിയിലെ ആധിപത്യത്തിനും മുൻഗണന കൊടുത്തുകൊണ്ടു മാത്രമേ അവയ്ക്ക് മുന്നോട്ട് പോകാനൊക്കൂ.

ഈ സംശയത്തിന് അടിവരയിടുന്നു കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ഓപ്പൺഎഐ നാടകം.

ഓപ്പൺഎഐയിൽ നടന്നത് 

നവംബർ 17-ന് സാം ആൾട്ട്മാനെ സിഇഒ സ്ഥാനത്തുനിന്ന് ഓപ്പൺഎഐ ഡയറക്ടർ ബോർഡ് പുറത്താക്കിയത് ആരും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു.  അതിനോടൊപ്പം കമ്പനിയുടെ സ്ഥാപകരിലൊരാളും ചെയർമാനും ആയിരുന്ന ഗ്രെഗ് ബ്രോക്ക്മാനോട് ബോർഡിൽ നിന്ന് ഒഴിയാനും ആ യോഗം ആവശ്യപ്പെട്ടു. പക്ഷെ, അത് അംഗീകരിക്കാതെ പകരം കമ്പനിയിൽ നിന്ന് രാജിവെക്കുന്നതായി ബ്രോക്ക്മാൻ പ്രഖ്യാപിച്ചു.

ചാറ്റ്ജിപിടിയിലൂടെ നിർമിതബുദ്ധിയുടെ അനന്തസാധ്യതകളെ ലോകത്തിനു കാട്ടി കൊടുത്ത ഓപ്പൺഎഐയെ  ഇന്നത്തെ നിലയിലെത്തിക്കുന്നതിൽ ആൾട്ട്മാന്റെ നേതൃപാടവം വലിയ പങ്കു വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മൂലധനസമാഹരണത്തിൽ ആദ്ദേഹം കാട്ടിയ സാമർഥ്യം. ‘എഐ പോസ്റ്റർ ബോയ്’ എന്നാണ് മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അങ്ങിനെയൊരു വ്യക്തിയെ പുറത്താക്കാനുള്ള തീരുമാനം സ്വാഭാവികമായും കമ്പനിക്കകത്തും പുറത്തും വലിയ കോളിളക്കങ്ങൾ ഉണ്ടാക്കി.

ഓപ്പൺഐയിലെ ഏറ്റവും വലിയ നിക്ഷേപകരായ മൈക്രോസോഫ്റ്റ് പോലും ഈ വിവരങ്ങൾ അറിയുന്നത് ബോർഡിന്റെ പരസ്യ പ്രഖ്യാപനത്തിന് മിനിറ്റുകൾക്ക് മുമ്പ് മാത്രമായിരുന്നു. രണ്ടു ദിവസത്തിനകം ആൾട്ട്മാനെയും ഗ്രെഗ് ബ്രോക്ക്മാനെയും തങ്ങളുടെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തെ നയിക്കാൻ മൈക്രോസോഫ്റ്റ് ക്ഷണിച്ചു. രണ്ടു പേരും അത് സ്വീകരിക്കാൻ തയാറായി.  ഓപ്പൺഐക്ക് അകത്താകട്ടെ ഈ പുറത്താക്കലിൽ പ്രതിഷേധിച്ച് ജീവനക്കാർ കലാപ കൊടിയുയർത്തി. അവരിൽ തൊണ്ണൂറു ശതമാനത്തിലേറെ പേർ പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കിൽ രാജിവെക്കുമെന്ന് മാനേജ്മെന്റിനെ അറിയിച്ചു.

രണ്ടു നാൾ കൊണ്ട് അക്ഷരാർത്ഥത്തിൽ തകർച്ചയുടെ വക്കിലെത്തി ഓപ്പൺഎഐ. ആൾട്ട്മാൻ പല അവസരങ്ങളിലും ബോർഡിനോട് തുറന്നു സംസാരിക്കാൻ വിമുഖത കാട്ടുന്നു എന്ന ഒറ്റകാര്യം മാത്രമാണ് പുറത്താക്കലിന് കാരണമായി ബോർഡ് പറഞ്ഞിരുന്നത്. പക്ഷെ, വാണിജ്യാവശ്യങ്ങൾക്കായി നിർമിതബുദ്ധി ത്വരിതഗതിയിൽ വികസിപ്പിച്ചെടുക്കാനുള്ള ആൾട്ട്മാന്റെ ശ്രമങ്ങളോട് കമ്പനിയുടെ സഹസ്ഥാപകരിലൊരാളും ബോർഡ് അംഗവുമായ ഇല്യ സറ്റ്‌സ്‌കേവറിനുള്ള വിയോജിപ്പുകളാണ് ഇതിനു പിന്നിലെന്ന് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഓപ്പൺഎഐയിലെ ചീഫ് സയന്റിസ്റ്റ് ആയ സറ്റ്‌സ്‌കേവർ ഈ നവീന സാങ്കേതിക വിദ്യയുടെ ആപത്സാധ്യതകളെ കുറിച്ച് വലിയ ആശങ്കകൾ വെച്ചു പുലർത്തുന്ന ഗവേഷകരിൽ ഒരാളാണ്.

ഓപ്പൺഎഐ ബോർഡ് അംഗമായ ഹെലൻ ടോണർ ഉൾപ്പെടെയുള്ള മൂന്നു ഗവേഷകർ  ഒക്ടോബറിൽ  ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയുടെ സെന്റർ ഫോർ സെക്യൂരിറ്റി ആൻഡ് എമർജിംഗ് ടെക്‌നോളജിയിൽ സ്‌ട്രാറ്റജി ഡയറക്ടർ കൂടിയാണ് ടോണർ. ‘Decoding Intentions, Artificial Intelligence and Costly Signals’ എന്ന ആ പ്രബന്ധത്തെ കുറിച്ച് കമ്പനിക്കകത്ത് ഉണ്ടായ തർക്കങ്ങൾ ഈ വിയോജിപ്പുകൾക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ഒരു ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ആ പഠനം നിർമിതബുദ്ധിയെ സുരക്ഷിതമാക്കാൻ ഓപ്പൺഎഐ നടത്തുന്ന ശ്രമങ്ങളെ വിലകുറച്ചു കാട്ടുകയും അതേ സമയം അതിന്റെ എതിരാളിയായ ആന്ത്രോപിക്കിനെ പുകഴ്ത്തുകയും ചെയ്യുന്നു  എന്നായിരുന്നു ആൾട്ട്മാന്റെ ആരോപണം. എന്നാൽ അത് ഒരു അക്കാദമിക് ഗവേഷണമാണ് എന്ന് ടോണർ വാദിച്ചു. ഈ തർക്കത്തിൽ സറ്റ്‌സ്‌കേവർ ടോണറിനോട് ഒപ്പമായിരുന്നു.

നിർമിതബുദ്ധിയുടെ ചരിത്രത്തിലുടനീളം നിലനിന്നു പോരുന്ന ഒരു സംഘർഷമാണിത് – അതിന്റെ നിയന്ത്രണങ്ങളില്ലാത്ത വളർച്ച വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്നവർ ഒരു ഭാഗത്ത്. അത്തരം ആശങ്കകൾക്ക് ചെവികൊടുക്കാതെ എഐയുടെ സാധ്യതകളെ എത്രയും വേഗത്തിൽ പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് കരുതുന്നവർ മറുപക്ഷത്തും. സ്വാഭാവികമായും ലാഭം അടിസ്ഥാന ലക്ഷ്യമായ വിപണി മുതലാളിത്തത്തിന്റെ താല്പര്യസംരക്ഷകർ രണ്ടാമത്തെ പക്ഷത്തിനൊപ്പമായിരിക്കും. ഇവിടെയും അതു സംഭവിച്ചു.

മൈക്രോസോഫ്റ്റ്, സെക്വോയ ക്യാപിറ്റൽ, ത്രൈവ് ക്യാപിറ്റൽ, ടൈഗർ ഗ്ലോബൽ തുടങ്ങിയ നിക്ഷേപകരുടെ ഇടപെടലുകൾക്കും നീണ്ട ചർച്ചകൾക്കും ഒടുവിൽ ബോർഡിനെ പുനഃസംഘടിപ്പിക്കാനും ആൾട്ട്മാനെയും ഗ്രെഗ് ബ്രോക്ക്മാനെയും തിരിച്ചെടുക്കാനും തിരുമാനമായി.  മാധ്യമങ്ങളുടെ ‘എഐ പോസ്റ്റർ ബോയ്’ എന്ന ബിംബനിർമ്മിതി ഉണ്ടാക്കിയ പൊതുസമ്മിതിയും ആൾട്ട്മാന് സഹായകമായി.

പുതിയ ബോർഡ്, പുതിയ അജണ്ട 

പഴയ ബോർഡ് അംഗങ്ങളിൽ നിന്ന് പുതിയ ബോർഡിലേക്കെത്തുന്നത് ആദം ഡി ആഞ്ചലോ മാത്രമാണ്. ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം നൽകാനുമുള്ള പ്ലാറ്റ്‌ഫോമായ Quora-യുടെ ഇപ്പോഴത്തെ സിഇഒ ആണ് അദ്ദേഹം. നിർമിതബുദ്ധിയുടെ കൂടുതൽ നിയന്ത്രിതമായ ഗവേഷണ വികസനങ്ങൾക്കു വേണ്ടി വാദിക്കുന്ന ഇല്യ സറ്റ്‌സ്‌കേവർ, ഹെലൻ ടോണർ, ടാഷ മക്കോളി എന്നിവർ പുറത്തായി.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പിഫൈയിൽ നിലവിലെ ബോർഡ് അംഗമായ ബ്രെറ്റ് ടെയ്‌ലർ ആണ് ബോർഡിൻറെ പുതിയ അധ്യക്ഷൻ. എലോൺ മസ്‌ക് ഏറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്ററിന്റെ ബോർഡ് ചെയർ ആയിരുന്നു ടെയ്‌ലർ.

ക്ലിന്റൺ ഭരണകാലത്ത് ട്രഷറി സെക്രട്ടറിയായും, പിന്നീട് 2007-08 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒബാമക്ക് കീഴിൽ ദേശീയ സാമ്പത്തിക കൗൺസിലിന്റെ തലവനായും സേവനം അനുഷ്ടിച്ച ലാറി സമ്മേഴ്‌സ് ആണ് പുതിയ ബോർഡിലെ മൂന്നാമത്തെ അംഗം. ചാറ്റ്ജിപിടി പുറത്തിറങ്ങിയ സമയത്ത് പ്രിന്റിംഗ് പ്രസ്, വൈദ്യുതി, ചക്രം, തീ എന്നിവയ്ക്ക് തുല്യമായ ഒരു കണ്ടുപിടുത്തമായി അതിനെ അവതരിപ്പിച്ച ആളാണ് സമ്മേഴ്‌സ്.

ഇപ്പോൾ മൂന്ന് അംഗങ്ങൾ മാത്രമുള്ള ബോർഡ് പിന്നീട് ആവശ്യാനുസരണം വികസിപ്പിക്കും എന്നാണ് പറയുന്നത്. അപ്പോൾ അതിൽ അംഗത്വം ഉണ്ടാകണമെന്ന് മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നതായുള്ള റിപ്പോർട്ടുകളും ഉണ്ടാകുന്നുണ്ട്.

നിക്ഷേപകരുടെയും ഓഹരിയുടമകളുടെയും താല്പര്യ സംരക്ഷണമാണ് സ്വകാര്യ മൂലധനം നിയന്ത്രിക്കുന്ന കമ്പനികളുടെ ബോർഡുകളുടെ പ്രാഥമിക കർത്തവ്യം എന്നത് വിപണി മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

ധനകാര്യങ്ങൾ ആദർശത്തെ പുറന്തള്ളുമ്പോൾ 

എന്നാൽ മൂലധന താല്പര്യങ്ങൾക്ക് വഴങ്ങാതെ നിർമിതബുദ്ധി രൂപപ്പെടുത്തുകയായിരുന്നു 2015 ൽ രൂപംകൊണ്ട ഓപ്പൺഎഐയുടെ പ്രഖ്യാപിതലക്ഷ്യം. അന്ന് കമ്പനിയുടെ രണ്ടു സ്ഥാപകർ, ഗ്രെഗ് ബ്രോക്ക്‌മാനും ഇല്യ സറ്റ്‌സ്‌കേവറും, പുതിയ കമ്പനിയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചത് ഇപ്പോഴും ഓപ്പൺഐയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്: “ലാഭേച്ഛയില്ലാതെ നിർമിതബുദ്ധി ഗവേഷണത്തിൽ ഏർപ്പെടുന്ന ഒരു കമ്പനിയാണ് ഓപ്പൺഎഐ. സാമ്പത്തികമായി ലാഭമുണ്ടാക്കുക എന്ന ആവശ്യം തടസ്സപ്പെടുത്താതെ മനുഷ്യരാശിക്ക് ആകമാനം ഏറ്റവും പ്രയോജനകമായ രീതിയിൽ ഡിജിറ്റൽ ഇന്റലിജൻസ് വികസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം.” പക്ഷെ, അതത്ര എളുപ്പമായിരിക്കില്ലെന്ന് തുടക്കം തൊട്ടേ വ്യക്തമായിരുന്നു.

ലോകത്തെ ഏറ്റവും വലിയ ധനികരിൽ ഒരാളും, ടെസ്‌ല, സ്പേസ്എക്സ് തുടങ്ങിയ ടെക്നോളജി കമ്പനികളുടെയും (ഇപ്പോൾ എക്സ് അഥവാ ട്വിറ്ററിന്റെയും) മേധാവിയായ എലോൺ മസ്‌കും നവീന സാങ്കേതിക വിദ്യകളിലെ പുതു സംരംഭകരിൽ പ്രധാനിയും വൈ കോമ്പിനേറ്ററിന്റെ പ്രസിഡന്റും ആയിരുന്ന സാം ആൾട്ട്‌മാനും ആയിരുന്നു ഓപ്പൺഎ ഐയുടെ രൂപീകരണത്തിന് മുൻകൈ എടുത്തത്. പ്രധാന എഐ ഗവേഷകരിൽ ഒരാളായ ഇല്യ സറ്റ്‌സ്‌കേവർ, സ്ട്രൈപ് എന്ന സ്റ്റാർട്ടപ്പിന്റെ സിടിഒ ആയിരുന്ന ഗ്രെഗ് ബ്രോക്ക്‌മാൻ തുടങ്ങിയവരെ ഈ സംരഭത്തിലേക്ക് ആകർഷിക്കാൻ മസ്കിനും ആൾട്ട്‌മാനും കഴിഞ്ഞു.

സിലിക്കൺ വാലിയിലെ വലിയ കമ്പനികളായ ഗൂഗിൾ, മെറ്റ, ആമസോൺ തുടങ്ങിയ സ്ഥാപനങ്ങൾ നിർമ്മിത ബുദ്ധിയിലും മെഷീൻ ലേർണിംഗിലും വലിയ മുന്നേറ്റങ്ങൾ നടത്തിത്തുടങ്ങിയ കാലമായിരുന്നു അത്. അതോടൊപ്പം ഈ രംഗത്തെ ഏറ്റവും മിടുക്കരായ ഗവേഷകരെ തങ്ങളുടെ സംരംഭങ്ങളിലേക്ക് ആകർഷിക്കാനുള്ള കമ്പനികളുടെ മത്സരത്തിനും ചൂടേറി. സാങ്കേതിക രംഗത്തെ മേൽക്കോയ്മക്കായുള്ള ഈ പന്തയം മത്‌സരബുദ്ധിയായ മസ്കിൽ ഉണ്ടാക്കിയ അസ്വസ്ഥത ഓപ്പൺഎഐയെ പോലുള്ള ഒരു സംരംഭത്തിന് തുടക്കം കുറിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നിരിക്കണം.

അതെന്തായാലും നിക്ഷേപകരുടെ നിയന്ത്രണത്തിന് വഴങ്ങേണ്ടതില്ലാത്ത ലാഭം ലക്ഷ്യമാക്കാത്ത (non-profit) ഒരു ഘടനയാണ് തുടക്കത്തിൽ ഓപ്പൺഎഐ സ്വീകരിച്ചത്. നിക്ഷേപകർക്ക് തീരുമാനങ്ങളെ സ്വാധീനിക്കാൻ ഔപചാരികമായ മാർഗമില്ലാത്ത ഒരു ബോർഡിനായിരുന്നു അതിന്റെ നിയന്ത്രണം.

വലിയ ഫണ്ടിംഗ് ആവശ്യമായ ഒരു മേഖലയാണ് നിർമിതബുദ്ധി. മികച്ച ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും പ്രോഗ്രാമർമാരും അടങ്ങുന്ന ചിലവേറിയ മനുഷ്യശേഷിയും മറ്റ് അടിസ്ഥാനസൗകര്യങ്ങളും വേണം അതിൽ കാര്യമായ എന്തെങ്കിലും പുരോഗതി കൈവരിക്കാൻ. ആൾട്ട്മാനും കൂട്ടർക്കും തുടക്കത്തിൽ ഒരു ബില്യൺ ഡോളർ സമാഹരിക്കാനായിരുന്നെങ്കിലും ഈ രംഗത്തുമുള്ള മറ്റുള്ളവരുമായി കിടപിടിക്കാനുള്ള ശേഷിയാർജ്ജിക്കാൻ അവർക്കു പറ്റിയിരുന്നില്ല.

ടെസ്‌ല പോലുള്ള നിർമിതബുദ്ധി ഉപയോഗിക്കുന്ന തന്റെ മറ്റു സംരംഭങ്ങളുമായുള്ള താല്പര്യ സംഘർഷങ്ങളുടെ കാരണം പറഞ്ഞ് 2018 ൽ മസ്‌ക് ഓപ്പൺഎഐയുടെ ബോർഡിൽ നിന്നും രാജി വെച്ചു. ഓപ്പൺഎഐയുടെ നിയന്ത്രണം ഏറ്റെടുക്കാമെന്ന മസ്‌കിന്റെ നിർദേശം ആൾട്ട്മാനും മറ്റ് സ്ഥാപകരും നിരസിച്ചതാണ് രാജിക്ക് കാരണമെന്നും വാർത്തകൾ ഉണ്ടായിരുന്നു.

ഓപ്പൺഎഐയുടെ കഥയിലെ ഒരു പ്രധാന വഴിത്തിരിവ് ഉണ്ടാകുന്നത് അതിനു ശേഷമാണ്. ലാഭം ലക്ഷ്യമാക്കാത്ത (non-profit) ഘടന മൂലധന സമാഹാരത്തിന് തടസ്സമാകുന്നുവെന്ന് തിരിച്ചറിഞ്ഞ ഓപ്പൺഎഐ ബോർഡ് കമ്പനിയെ നിക്ഷേപകർക്ക് ആകർഷകമാക്കാനുള്ള ഒരു മാർഗം കണ്ടെത്തി: ലാഭം ലക്ഷ്യമാക്കാത്ത (non-profit) ബോർഡിന് കീഴിൽ ഒരു പരിധിക്കുള്ളിൽ ലാഭം അനുവദിക്കുന്ന (capped-profit) ഓപ്പൺഎഐ ലിമിറ്റഡ് പാർട്ണർഷിപ് (OpenAI LP) രൂപീകരണം. നിക്ഷേപത്തിന്റെ നൂറു മടങ്ങായിരുന്നു നിക്ഷേപകർക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഉയർന്ന പരിധിയായി നിശ്ചയിച്ചിരുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള നിർമിതബുദ്ധി വികസനത്തിലേക്ക് കാൽ വെക്കാനും ഇത് കമ്പനിയെ സഹായിച്ചു.

ഈ പുനഃക്രമീകരണവും നിക്ഷേപകരെ ആകർഷിക്കാനുള്ള ആൾട്ട്മാന്റെ മിടുക്കും ചേർന്നപ്പോൾ മൂലധനസമാഹരണം ഓപ്പൺഎഐയെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ലാതായി. കഴിഞ്ഞ ജനുവരിയിൽ വാഗ്ദാനം ചെയ്ത 10 ബില്യൺ ഡോളർ ഉൾപ്പെടെ 13 ബില്യൺ ഡോളർ ഇതിനകം മുതലിറക്കിയിട്ടുള്ള മൈക്രോസോഫ്റ്റാണ് ഇപ്പോൾ ഓപ്പൺഎഐയിലെ ഏറ്റവും വലിയ നിക്ഷേപകർ.

പണത്തിനുമേൽ മാത്രം പറക്കുന്ന നിർമിതബുദ്ധികൾ 

ഗവേഷകരുടെ മിടുക്ക് മാത്രമല്ല, ഈ മൂലധനസഹായം സാധ്യമാക്കിയ അടിസ്ഥാനസൗകര്യങ്ങൾ കൂടിയാണ് ഓപ്പൺഎഐയെ ചാറ്റ്ജിപിടി പോലുള്ള ഒരു അത്ഭുത സോഫ്റ്റ്വെയർ പുറത്തിറക്കാൻ പ്രാപ്‌തമാക്കിയത്.

ആർ‍ട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള വലിയ ഭാഷാ മോഡലുകളും (Large Language Models) മറ്റ് ജനറേറ്റീവ് എഐ സാങ്കേതിക വിദ്യകളും നിർമ്മിക്കാനും നടത്തിക്കൊണ്ടുപോകാനുമുള്ള ചിലവ് അതിഭീമമാണ്. കൂറ്റൻ വിവരശേഖരങ്ങൾ (big data) ഉപയോഗിച്ച് ഇത്തരം സോഫ്റ്റ്വെയറുകളെ പരിശീലിപ്പിച്ച് എടുക്കാനാവശ്യമായ ഗണനശക്തിയും (computing power), വൈദ്യുത ഊർജ്ജവും നമ്മുക്ക് ഊഹിക്കാനാകുന്നതിലും  എത്രയോ കൂടുതലാണ്. പണത്തിന് മേൽ മാത്രം പറക്കാനൊക്കുന്നവയാണ് ഇത്തരം നിർമിതബുദ്ധികൾ .

ഫോർബ്സ് മാസിക ഉദ്ധരിച്ച ഈ കണക്കുകൾ  നോക്കുക: GPT-3 ഭാഷാ മോഡലിന്റെ പരിശീലനത്തിന് വരുന്ന ആകെ ചിലവ് 100 ദശലക്ഷം ഡോളറിൽ മേലെ വരും. അതിന്റെ ഓരോ പരിശീലനത്തിനും ആവശ്യമായ ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകളുടെ(GPUs) വില തന്നെ ഏകദേശം 5 ദശലക്ഷം ഡോളറാകും. അതു മാത്രമല്ല.  ദിനം പ്രതി കോടിക്കണക്കിന് ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ചാറ്റ്ജിപിടി 30,000 GPU-കൾ ഉപയോഗിക്കുന്നു. 33000 അമേരിക്കൻ കുടുംബങ്ങളുടെ ദൈനംദിന ഉപഭോഗത്തിന് തുല്യം വൈദ്യുതി ദിനംപ്രതി ഇതിനാവശ്യം വരുന്നു എന്ന ഒരു പഠനവും ഈ ഫോർബ്സ് റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്.

ഈ വ്യവസായത്തിൽ സാങ്കേതിക വിദ്യയുടെ വികസനത്തിന് മൗലികസംഭാവനകൾ നല്കിയവരേക്കാൾ വലിയ താരങ്ങൾ സാം ആൾട്ട്മാൻമാർ ആകുന്നത് അതുകൊണ്ടാണ്.

ആവർത്തിക്കുന്ന ചരിത്രം 

സ്റ്റാർട്ടപ്പുകളുടെ ആദ്യകാല ആദർശാത്മകത പണാധിപത്യത്തിന് വഴിമാറി കൊടുക്കുന്നത് ഇതാദ്യമല്ല.

1998-ൽ സെർജി ബ്രിൻ, ലാറി പേജ്  എന്നീ രണ്ടു യുവാക്കൾ വേൾഡ് വൈഡ് വെബ് കോൺഫെറൻസിൽ ഒരു പ്രബന്ധം സമർപ്പിച്ചു. “The anatomy of a large-scale hypertextual Web search engine” എന്ന ശീർഷകത്തിലുള്ള ആ പ്രബന്ധത്തിന്റെ ഉദ്ദേശ്യം ഒരു പുതിയ ഇന്റർനെറ്റ് സെർച്ച് എൻജിൻ അവതരിപ്പിക്കുകയായിരുന്നു. ഇതിന് പ്രചോദനമായി അവർ പറഞ്ഞ ഒരു കാര്യം പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന സെർച്ച് എൻജിനുകൾ ഉപയോക്താക്കളെക്കാൾ പരസ്യദാതാക്കളോട് പക്ഷപാതിത്വം കാണിക്കുന്നതിനാൽ കൂടുതൽ സുതാര്യമായ ബദൽ സാങ്കേതിക വിദ്യ ഉണ്ടാകേണ്ടതുണ്ട് എന്നായിരുന്നു.

ആ സെർച്ച് എൻജിൻ ആണ് ഗൂഗിൾ. 25 വർഷങ്ങൾക്കിപ്പുറം ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായി അത് മാറി. മനുഷ്യജീവിതത്തിന്റെ സമസ്തതലങ്ങളെയും സപർശിക്കുന്ന ഒന്നായി ഇന്റർനെറ്റിനെ മാറ്റി തീർക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. പക്ഷെ ഗൂഗിൾ ഇത് സാധിച്ചെടുത്തത് പരസ്യ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് എന്ന വിരോധാഭാസം ഓർക്കാതിരിക്കാനാകില്ല.

ഇന്ന് ഗൂഗിളിന്  വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്നത്  പരസ്യദാതാക്കളിൽ നിന്നാണ്. സെർച്ച് എൻജിൻ അടക്കമുള്ള സേവനങ്ങൾ സൗജന്യമായി നൽകി ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും അടക്കം അവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കൈക്കലാക്കുകയും, അത് പരസ്യങ്ങളടക്കമുള്ള ധനാഗമ മാർഗ്ഗങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഗൂഗിളിനെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി. ഈ രംഗത്ത് മേൽക്കോയ്മ നിലനിർത്തുന്നതിനായി സ്വീകരിച്ച വഴിവിട്ട രീതികൾ അമേരിക്ക കണ്ട ഏറ്റവും വലിയ ‘ആന്റി ട്രസ്റ്റ്’ നിയമ പോരാട്ടങ്ങളിൽ ഒന്നിലേക്ക് അതിനെ എത്തിച്ചു എന്നതും ചരിത്രം.

ഗൂഗിളിന്റെ വഴിമാറ്റം നടക്കുന്നത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആയിരുന്നു. ‘ഡോട്ട് കോം ബബിൾ’ എന്ന് അറിയപ്പെടുന്ന ഇന്റർനെറ്റ് കമ്പനികളുടെ വ്യാപകമായ തകർച്ചയെ തുടർന്ന് വ്യാപ്തിയിലും വരുമാനത്തിലും ത്വരിത ഗതിയിലുള്ള വളർച്ച ഏതു വിധേനയും കൈവരിക്കാനുള്ള അതിസമ്മർദ്ദം നിക്ഷേപകരുടെ ഭാഗത്തു നിന്നുണ്ടായതായിരുന്നു കാരണം.

ഓപ്പൺഎഐയും നിർമ്മിത ബുദ്ധി വ്യവസായവും കടന്നു പോകുന്നത് ഒരു ദശാസന്ധിയിലൂടെ ആയിരിക്കാം. പക്ഷെ, പൂർവ്വ ദൃഷ്ടാന്തങ്ങളില്ലാത്ത ഒരു ചരിത്ര സംഭവമല്ല അതെന്നത് തീർച്ച.

അനുബന്ധ വായനയ്ക്ക്

പോഡ്കാസ്റ്റുകൾ

Happy
Happy
40 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
60 %

Leave a Reply

Previous post കേരളത്തിലെ ഏറ്റവും പഴയ കൊതുക്
Next post ഇന്റർനെറ്റിലെ പരസ്യങ്ങൾ
Close