വ്യാഴത്തെ കാണാം,തെളിമയോടെ

[author title=”ഡോ. എൻ. ഷാജി” image=”http://luca.co.in/wp-content/uploads/2016/10/DrNShaji-e1560403799818.jpg”]അസ്ട്രോണമർ[/author] [divider style=”normal” top=”20″ bottom=”20″]

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ (Jupiter) നല്ല തെളിച്ചത്തിൽ കാണാൻ പറ്റിയ കാലമാണ് 2019 ജൂൺ മാസം. രാത്രിയിൽ ചന്ദ്രനും ശുക്രനും കഴിഞ്ഞാൽ ഏറ്റവും ശോഭയോടെ കാണപ്പെടുന്ന ആകാശഗോളം വ്യാഴമായിരിക്കും. ഈ കാലയളവിൽ വ്യാഴം ഭൂമിയോടടുത്തായിരിക്കും എന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ നമുക്ക് നേരെ തിരിഞ്ഞിരിക്കുന്ന വ്യാഴത്തിന്റെ അർദ്ധഗോളം മുഴുവനായും സൂര്യപ്രകാശത്താൽ ദീപ്തവുമായിരിക്കും. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കൊന്നു നോക്കാം.

വ്യാഴം
വ്യാഴം – NASA പകര്‍ത്തിയ ചിത്രം
[divider style=”normal” top=”10″ bottom=”20″]

സൗരയൂഥത്തിൽ ദൂരത്തിന്റെ കണക്കെടുക്കുന്നതിന് ഉപകാരപ്രദമായ ഒരു യൂണിറ്റ് അസ്ട്രോണമിക്കൽ യൂണിറ്റ് (AU) ആണ്. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരമാണിതു്: ഏതാണ്ട് 15 കോടി കിലോമീറ്ററിനു തുല്യമായ ദൂരം. ഇതു് ഏകകമായെടുത്താൽ സൂര്യനിൽ നിന്ന് വ്യാഴത്തിലേക്കുള്ള ശരാശരിദൂരം 5.2 AU ആകുന്നു. ഭുമിയും വ്യാഴവും സൂര്യനെ അപേക്ഷിച്ച് എതിർ ദിശകളിലാകുമ്പോൾ അവതമ്മിലുള്ള ദൂരം 5.2 AU +1 AU = 6.2 AU വരെയാകാം. ഇരു ഗ്രഹങ്ങളും സൂര്യന്റെ ഒരേ വശത്താകുമ്പോൾ ഈ ദൂരം 5.2  AU -1 AU = 4.2 AU വരെയായി കുറയാം. ഇത് ഏകദേശ കണക്കാണ്. ഇതിൽ കുറച്ചൊക്കെ വ്യത്യാസം വരാം. ഒന്നാമതായി ഭൂമിയും വ്യാഴവും സൂര്യനെ ചുറ്റുന്നത് ദീർഘവൃത്തപഥത്തിലാണ് (ellipse). വൃത്തം എന്നത് നല്ല ഒരു ഏകദേശനം (approximation) ആണെന്നു പറയാം. രണ്ടാമതായി ഇവയുടെ ഭ്രമണപഥങ്ങൾ ഒരേ തലത്തിലല്ല. ഏതായാലും ഈ ജൂൺ രണ്ടാം വാരം ഈ ഗ്രഹങ്ങൾ അടുത്തു വരികയാണ്. ജൂൺ 12ന് ദൂരം 4.284 AU ആയിരിക്കും. കൂടാതെ വ്യാഴത്തിന്റെ പ്രകാശിതമായ വശം പൂർണമായും നമ്മുടെ നേരെ തിരിഞ്ഞിരിക്കുകയും ചെയ്യും.  അതിനാൽ അതിന്റെ ശോഭ കൂടിയിരിക്കും. അതിനോടടുത്ത ദിവസങ്ങളിൽ ആകാശം മേഘരഹിതമെങ്കിൽ വ്യാഴം നല്ല കാഴ്ചയൊരുക്കും. പിന്നീട് ഭൂമി അകന്നു പോകും. ഡിസംബർ 26-ന് ദൂരം 6.213 AU ആകും. അടുത്ത വർഷം ജൂലൈയിലാണ് വീണ്ടും അവർ ഏറെ അടുത്തു വരിക.

2019 ജൂണിലെ തെക്ക്-കിഴക്ക് ചക്രവാളം
ജൂണിലെ സന്ധ്യാകാശത്ത് വ്യാഴത്തിന്റെ സ്ഥാനം. (ജൂൺ 15 7.30pm) | Stellarium   ഉപയോഗിച്ച് തയ്യാറാക്കിയത്

ഇതൊക്കെ ശരിയെങ്കിലും ജൂൺ – ജൂലായ് മാസങ്ങളൊക്കെ മഴക്കാലമായതുകൊണ്ട് വ്യാഴത്തെ കാണാൻ കിട്ടുമോ എന്നതു തന്നെ സംശയമാണ്. മേഘങ്ങൾ പെയ്തൊഴിയുന്ന സന്ദർഭങ്ങൾക്കായി നോക്കിയിരിക്കുക. വ്യാഴത്തെ ടെലിസ്കോപ്പിലൂടെ കാണുന്നതിനൊപം അതിന്റെ നാലു ഗലീലിയൻ ഉപഗ്രഹങ്ങളും – അയോ, യൂറോപ്പ, ഗാനാമീഡ്, കലിസ്തോ – നയനാനന്ദകരമയ കാഴ്ചയൊരുക്കും. കൂടാതെ വ്യാഴത്തിന്റെ ഉപരിതലത്തിലെ ചുവന്ന അടയാളം (red spot), മേഘ വലയം (cloud belt) എന്നിവയും സാമാന്യം നല്ല ദൂരദർശിനികളിലൂടെ കാണാൻ കഴിയും. ഇവയെ കൂടാതെ ചുരുങ്ങിയതു് 75 ഉപഗ്രഹങ്ങളെങ്കിലും വേറെയുണ്ട്. ഇവയെല്ലാം വളരെ ചെറിയവ ആണെന്നതിനാൽ അമച്വർ ടെലിസ്കോപ്പുകളിലൂടെ ദൃശ്യമാവില്ല.

വാൽക്കഷണം: സൂര്യപ്രകാശം അതിന്റെ പുറം ഭാഗത്തു നിന്നു പ്രതിപതിച്ചുവരുന്നതിനാലാണല്ലോ വ്യാഴം പോലുള്ള ഗ്രഹങ്ങളെ നമുക്കു കാണാൻ കഴിയുന്നതു്. ഗ്രഹങ്ങൾ സ്വയം ജ്വലിക്കുന്നില്ല. എന്നാൽ വ്യാഴത്തിന്റെ കാര്യത്തിൽ നല്ല അളവിൽ ഊർജം അത് സ്വയം ഉത്പാദിപ്പിച്ചു പുറത്തു വിടുന്നുണ്ട്.    എന്നാൽ അത് ദൃശ്യപ്രകാശത്തിന്റെ രൂപത്തിലല്ല. കൂടുതല്‍ തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങളായി. കാലം കഴിയുന്തോറും ഗുരുത്വാകർഷണത്താൽ വ്യാഴം കുറേശ്ശേ ചുരുങ്ങി വരികയാണ്. വലിപ്പം കുറയുന്നതിനനുസരിച്ച് പൊട്ടൻഷ്യൽ എനർജിയുടെ ഒരു ഭാഗം താപമായി മാറും. അതു് താപവികിരണങ്ങളായി പുറത്തു വരും. അത് ഏതാണ്ട് പൂർണമായും ഇൻഫ്രാറെഡ് വികിരണങ്ങളുടെ രൂപത്തിലായിരിക്കും.

Aurora Borealis in the sky in Yukon Territory, Canada. Photo by WildOne
കാനഡയിലെ യുക്കോൺ പ്രദേശത്ത് ദൃശ്യമായ അറോറ | ചിത്രം പകര്‍ത്തിയത് WildOne

വ്യാഴത്തെ സംബന്ധിച്ച രസകരമായ മറ്റൊരു കാര്യം അതിന്റെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന അറോറ (ധ്രുവദീപ്തി) യാണ്. അതിന്റെ ഉത്പത്തി രഹസ്യം ഇതുവരേക്കും നമുക്കു വ്യക്തമായിട്ടില്ല. ആദ്യം ഇതുസംബന്ധിച്ച ചില ധാരണകൾ ഉണ്ടായിരുന്നു. പിന്നീട് വ്യാഴത്തിന്റെ ധ്രുവപ്രദേശത്തിന് അടുത്തുകൂടെ സഞ്ചരിച്ച നാസയുടെ ജൂനോ പേടകം നൽകിയ വിവരങ്ങൾ നമ്മുടെ മുൻധാരണകളെ തകിടം മറിച്ചു. ഇപ്പോൾ  ഗവേഷകർക്ക് ഇതൊരു അന്വേഷണ വിഷയമായി അവശേഷിക്കുന്നു.

Leave a Reply