Read Time:29 Minute

ശാസ്ത്രസാങ്കേതിക വിദ്യയിലെ വളർച്ച ശബ്ദാലേഖനത്തിൽ സാധ്യമാക്കിയ മാറ്റങ്ങൾ, സംഗീതാവതരണത്തിലെ ശ്രുതി സംബന്ധിയായി വരുന്ന പിഴവുകൾ ഒഴിവാക്കാൻ കഴിയുന്ന ഓട്ടോ ട്യൂൺ എന്ന സൗണ്ട് പ്രോസസ്സറിന്റെ വരവ് ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ, സൗണ്ട് ക്ലൗഡ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സംഗീതത്തെ ജനകീയമാക്കിയതിലുള്ള പങ്കുകൾ എന്നിവ വിവരിക്കുന്നു. ശാസ്ത്രഗതി 2023 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം.

ശാസ്ത്രത്തിന്റെ ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ശബ്ദാലേഖന സാങ്കേതികവിദ്യ. ഒന്നര നൂറ്റാണ്ടോളം നീണ്ടു കിടക്കുന്ന ചരിത്രമാണ് ശബ്ദാലേഖന സാങ്കേതികവിദ്യയ്ക്കുള്ളത്.

  • 1800-കളിൽ ആരംഭിച്ച വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായിട്ടാണ് ശബ്ദത്തിനെ റെക്കോർഡ് ചെയ്യാനുള്ള ആശയം രൂപംകൊള്ളുന്നത്.
  • 1807-ൽ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ തോമസ് യങ് (Thomas Young, 13 June 1773-10 May 1829) ട്യൂണിങ് ഫോർക്കുകൾ ഉപയോഗിച്ച് ശബ്ദതരംഗങ്ങളെ അടയാളപ്പെടുത്താൻ പരിശ്രമിച്ചിരുന്നു.
  • 1857-ൽ ആണ് എഡ്വാർഡ്-ലിയോൺ സ്‌കോട്ട് ഡി മാർട്ടിൻവില്ലെ (Édouard-Léon Scott de Martinville, 25 April 1817 – 26 April 1879) ശബ്ദം റെക്കോർഡുചെയ്യുന്നതിനുള്ള ആദ്യകാല ഉപകരണമായ ഫോണോട്ടോഗ്രാഫ് കണ്ടുപിടിച്ചത്.

ശബ്ദത്തെ ആലേഖനം ചെയ്യുവാൻ കഴിഞ്ഞു എങ്കിലും റെക്കോർഡ് ചെയ്ത ശബ്ദത്തെ (ഫോണോഗ്രാമുകൾ) വീണ്ടും കേൾപ്പിക്കാനുള്ള സംവിധാനം ഈ ഉപകരണത്തിന് ഇല്ലായിരുന്നു. 2008-ൽ കാലിഫോർണിയയിലെ ലോറൻസ് ബെർക്ക്ലി നാഷണൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർക്കു സ്‌കോട്ട് റെക്കോർഡ് ചെയ്ത ഫോണോഗ്രാമുകളെ ഡിജിറ്റലായി പരിവർത്തനം ചെയ്യാൻ കഴിഞ്ഞു. അതുവഴി 1860-ൽ റെക്കോർഡുചെയ്ത ശബ്ദങ്ങൾ ആദ്യമായി കേൾക്കാൻ നമുക്ക് സാധിച്ചു. 1860 ഏപ്രിൽ 9-ന് സ്‌കോട്ട് റെക്കോർഡ് ചെയ്ത ‘ഓ ക്ലെയർ ഡി ലാ ലൂൺ’ എന്ന ഗാനം ആണ് ഇന്ന് ലഭ്യമായിട്ടുള്ളവയിൽ വച്ച് ഏറ്റവും ആദ്യത്തെ ഓഡിയോ റെക്കോർഡിങ്. 2008 വരെ, മനുഷ്യന്റെ ശബ്ദത്തിന്റെ ആദ്യകാല റെക്കോർഡ് എന്നത് തോമസ് ആൽവ എഡിസൺ 1877-ൽ നടത്തിയ ഫോണോഗ്രാഫ് റെക്കോർഡിങ്ങാണെന്ന് കരുതപ്പെട്ടിരുന്നു. 

ആലേഖനം ചെയ്യപ്പെട്ട ശബ്ദതരംഗങ്ങളെ പുനർനിർമ്മിക്കാനുള്ള പ്രായോഗിക മാർഗത്തെക്കുറിച്ച് ചിന്തിച്ച ആദ്യത്തെ വ്യക്തിയായിരുന്നു ചാൾസ് ക്രോസ് ((ÉmileHortensius-Charles Cros (October 1, 1842 – August 9, 1888). 1877 ഏപ്രിൽ 30-ന് അദ്ദേഹം പാരീസിലെ അക്കാദമി ഓഫ് സയൻസസിന് തന്റെ ‘പാലിയോഫോൺ’ എന്ന ആശയവും അതിന്റെ പ്രവർത്തനരീതീയും വിശദീകരിക്കുന്ന ഒരു കത്ത് സമർപ്പിച്ചു. പക്ഷേ, ക്രോസിന് ഈ ആശയം പിന്തുടരാനോ ഒരു വർക്കിങ് മോഡൽ നിർമ്മിക്കാനുള്ള ശ്രമത്തിനോ അവസരം ലഭിക്കുന്നതിനുമുമ്പ്, തോമസ് ആൽവ എഡിസൺ 1877 നവംബറിൽ തന്റെ ആദ്യത്തെ വർക്കിങ് ഫോണോഗ്രാഫ് അവതരിപ്പിച്ചു. ഫോണോഗ്രാഫിൽ ശബ്ദതരംഗങ്ങളെ രേഖപ്പെടുത്താൻ tinfoil ആണ് ഉപയോഗിച്ചത്. ശബ്ദതരംഗങ്ങളെ രേഖപ്പെടുത്തുന്ന സൂചിയുടെ (stylus) ക്രമീകരണം, എളുപ്പം കീറിപ്പോകുന്ന tinfoil, കുറച്ചു മാത്രം റീപ്ലേ അവസരങ്ങൾ എന്നീ അപര്യാപ്തതകൾ ഈ ഉപകരണത്തിന് ഉണ്ടായിരുന്നു. പിന്നീട് അലക്‌സാണ്ടർ ഗ്രഹാം ബെൽ (March 3, 1847 – August2, 1922) ഫോണോഗ്രാഫിനെ നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്തി. വോൾട്ട എന്ന അദ്ദേഹത്തിന്റെ പരീക്ഷണശാലയിലെ പരിശ്രമങ്ങൾക്കൊടുവിൽ ‘ഗ്രാഫോഫോൺ’ എന്ന ഉപകരണം സജ്ജമാക്കപ്പെട്ടു. ടിൻഫോയിലിനു പകരം മെഴുക് (wax) ആണ് ഇതിൽ ഉപയോഗിച്ചത്. ഗ്രാഫോഫോണിന്റെ വിപണനസാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് നിരവധി കമ്പനികൾ രൂപവൽക്കരിക്കപ്പെട്ടിരുന്നു. വോൾട്ട ഗ്രാഫോഫോൺ കമ്പനി പിന്നീട് അമേരിക്കൻ ഗ്രാഫോഫോൺ കമ്പനിയുമായി ലയിക്കുകയും തുടർന്ന് പ്രശസ്തമായ columbia records ആയി വളരുകയും ചെയ്തു.

അലക്‌സാണ്ടർ ഗ്രഹാം ബെൽ

ശബ്ദാലേഖന ചരിത്രത്തിൽ 1877 മുതൽ 1925 വരെയുള്ള കാലഘട്ടം ‘അക്കോസ്റ്റിക്’ (Acoustic Era) എന്നാണ് അറിയപ്പെടുന്നത്. 1877-ൽ എമിൽ ബെർലിനർ (May 20, 1851 – August 3, 1929) ‘ഗ്രാമഫോൺ’ എന്ന പുതിയ ഉപകരണവുമായി രംഗത്ത് വന്നു. അദ്ദേഹം തന്നെയാണ് റെക്കോർഡ് ഡിസ്‌കുകളും പ്രചാരത്തിൽ കൊണ്ടുവന്നത്. ഗ്രാമഫോണിന്റെ വരവ് പുതിയ വ്യവസായ-വിപണന മേഖലകൾക്ക് തുടക്കം കുറിച്ചു. 1892-ൽ ബെർലിനർ തന്റെ ഡിസ്‌ക് റെക്കോർഡുകളുടെയും ‘ഗ്രാമഫോണുകളുടെയും’ വാണിജ്യപരമായ നിർമ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ ‘ഗ്രാമഫോൺ റെക്കോർഡ്’ പൊതുജനങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ആദ്യത്തെ ഡിസ്‌ക് റെക്കോർഡായിരുന്നു. അഞ്ച് ഇഞ്ച് (13 സെന്റീമീറ്റർ) വ്യാസമുള്ള അവയുടെ ഒരു വശത്ത് മാത്രമാണ് ശബ്ദത്തെ അല്ലെങ്കിൽ സംഗീതത്തെ രേഖപ്പെടുത്തിയിരുന്നത്. 1895-ൽ ഏഴ് ഇഞ്ച് (17.5 സെന്റീമീറ്റർ) റെക്കോർഡുകൾ വിപണനത്തിനായി എത്തി. 

ഗ്രാമഫോൺ റെക്കോർഡിങ് രീതികൾ കൗതുകം ഉണർത്തുന്നതാണ്. ഒരു വലിയ കോണാകൃതിയിലുള്ള കുഴലിലേക്കാണ് ശബ്ദം എത്തിക്കേണ്ടത്. കുഴലിന്റെ വ്യാസം കൂടിയ ഭാഗത്തിനടുത്തു നിന്നും ഉച്ചത്തിൽ പാടുകയോ സംസാരിക്കുകയോ ചെയ്താലാണ് റെക്കോർഡിങ് നടക്കുക. ഉപകരണസംഗീതം റെക്കോർഡ് ചെയ്യപ്പെടുമ്പോൾ ഡ്രം, ട്രംപറ്റ് പോലെ ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ റെക്കോർഡിങ് ഹോണിൽ നിന്നും അകലം പാലിച്ചു മാത്രം ഉപയോഗിക്കപ്പെട്ടു. ശബ്ദതരംഗങ്ങൾ വായുവിലൂടെ സഞ്ചരിച്ച് കുഴലിന്റെ മറുഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഡയഫ്രത്തിനെ കമ്പനം ചെയ്യുന്നു. ഡയഫ്രം ഒരു സ്‌റ്റൈലസുമായി ബന്ധിപ്പിച്ച് മെഴുക് പൊതിഞ്ഞ ഒരു സിലിണ്ടറിലേക്ക് (അല്ലെങ്കിൽ ടിൻ ഫോയിലിന്റെ നേർത്ത പാളി) അമർത്തിയിരിക്കുന്നു. ഇവിടെയാണ് ശബ്ദം ആലേഖനം ചെയ്യപ്പെടുന്നത്. 

ഇന്ത്യയിലെ ശബ്ദാലേഖന പ്രക്രിയയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനാണ് ഹേമേന്ദ്രമോഹൻ ബോസ് (1864-1916). 1900-ൽ, എഡിസൺ ഫോണോഗ്രാഫ് സ്വന്തമാക്കിയ ശേഷം ബോസ് സ്വന്തമായി ശബ്ദരേഖകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു. എച്ച് ബോസ് ആദ്യമായി റെക്കോർഡ് ചെയ്ത ചിലരിൽ അദ്ദേഹത്തിന്റെ അമ്മാവൻ, സർ ജഗദീഷ് ചന്ദ്രബോസ്, പി സി റോയ്, രവീന്ദ്രനാഥ ടാഗോർ എന്നിവരും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ കമ്പനി ‘H. Bose’s Record’ എന്നറിയപ്പെട്ടു, അത് പിൽക്കാലത്ത്  ‘H. Bose Swadeshi Records’ ആയി മാറി. അദ്ദേഹം റെക്കോർഡിങ്ങിനായുള്ള സിലിണ്ടറുകൾ സ്വന്തമായി നിർമ്മിച്ചിരുന്നതായും മനസ്സിലാക്കാം. 

ഗോഹർ ജാൻ

1901-ലാണ് ഇന്ത്യയിലേക്ക് റെക്കോർഡിങ്ങിനായി കമ്പനികൾ എത്തുന്നത്. പുതുമയുള്ളതും വ്യത്യസ്തങ്ങളുമായ ശബ്ദങ്ങളെ തേടിയുള്ള വരവിൽ ഒട്ടേറെ കലാകാരന്മാരെ അവർ കണ്ടെത്തി. ഇന്ത്യയിലെ ആദ്യത്തെ ഗ്രാമഫോൺ സെലിബ്രിറ്റി എന്ന് വിശേഷിപ്പിക്കുന്നത് ഗോഹർ ജാൻ (1873-1930) എന്ന അതുല്യ കലാകാരിയെ ആണ്.

മൂന്നു മിനിട്ട് റെക്കോർഡിങ് മാത്രം സാധ്യമായ ഡിസ്‌കുകൾ ആണ് അന്നുണ്ടായിരുന്നത്. കലാകാരന്മാരെ സംബന്ധിച്ചിടത്തോളം വളരെ ക്ലേശകരമായ പ്രക്രിയ ആയിരുന്നു റെക്കോർഡിങ്. ഉന്നത ശീർഷരായിരുന്ന പല സംഗീതജ്ഞരും ശബ്ദം നഷ്ടപ്പെടുമെന്ന ഭയത്താൽ കമ്പനികളുമായി സഹകരിച്ചുമില്ല. ദക്ഷിണേന്ത്യയിലേക്ക് 1904-ലാണ് ഗ്രാമഫോൺ റെക്കോർഡിങ് എത്തുന്നത്. ബിദരം കൃഷ്ണപ്പ, വീണ ധനമ്മാൾ, മധുരൈ ഷണ്മുഖവടിവ്, ബാംഗ്ലൂർ നാഗരത്‌നമ്മ തുടങ്ങി നിരവധി പ്രഗല്ഭരായ സംഗീതജ്ഞമാരുടെ ആലാപനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടു. (Bangalore Nagaratnamma,1916) അക്കോസ്റ്റിക് യുഗത്തിന്റെ അവസാനത്തോടെ, ഡിസ്‌കുകൾ ശബ്ദ ആലേഖനത്തിന്റെ നിലവാരമുള്ള മാധ്യമം ആയി മാറിയിരുന്നു. ഗ്രാമഫോൺ ഡിസ്‌ക്കുകളുടെ ആധിപത്യം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്നു. രാജസദസ്സുകളിൽ നിന്നും പ്രഭുകുടുംബങ്ങളിൽ നടന്നിരുന്ന സംഗീത സദസ്സുകളിൽ നിന്നും ശാസ്ത്രീയ സംഗീതം ഗ്രാമഫോൺ റെക്കോർഡുകൾ വഴി സാധാരണക്കാരിലേക്ക് ഒഴുകിയെത്തി.

1925 മുതൽ 1945 വരെയുള്ള കാലഘട്ടത്തെ ഇലക്ട്രിക്കൽ യുഗം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇലക്ട്രോണിക്‌സ് എന്ന ശാസ്ത്രശാഖ വികസിക്കുന്നതിനൊപ്പമാണ് റെക്കോർഡിങ് രംഗത്തും മാറ്റങ്ങൾ ഉണ്ടായത്. അതിൽ പ്രധാനമാണ് വാക്വം ട്യൂബുകളുടെ കണ്ടുപിടിത്തം. വാക്വം ട്യൂബ് ആംപ്ലിഫയറിന്റെ വികസനം മൈക്രോഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വോളിയം ഔട്ട്പുട്ട് മെച്ചപ്പെടുത്താൻ സഹായിച്ചു. പക്ഷേ, ശബ്ദം ആലേഖനം ചെയ്യപ്പെടുന്ന പ്രക്രിയക്ക് (സ്‌റ്റൈലസ് ഉപയോഗിച്ച് വാക്‌സ് ഡിസ്‌ക്കിൽ ശബ്ദം രേഖപ്പെടുത്തുന്ന) വലിയ മാറ്റം സംഭവിച്ചില്ല. ഒരു മാസ്റ്റർ ഡിസ്‌കിൽ നിന്നും നിരവധി കോപ്പി ഡിസ്‌ക്കുകൾ ഉണ്ടായി. ഇലക്ട്രോണിക് മൈക്രോഫോൺ റെക്കോർഡിങ് സംവിധാനത്തെ മെച്ചപ്പെടുത്തി. താരതമ്യേന കുറഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്ന സംഗീതോപകരണങ്ങളെ (bazz guitar) ആംപ്ലിഫൈ ചെയ്ത് ഉപയോഗിക്കാൻ സാധിച്ചു.

ഓഡിയോ എഞ്ചിനീയർ എന്ന പുതിയ തൊഴിൽ മേഖലതന്നെ സൃഷ്ടിക്കപ്പെട്ടു. ഇലക്ട്രോണിക് ഓർഗൻ, സിന്തസൈസർ തുടങ്ങിയ നവീന ഇലക്ട്രോണിക് സംഗീതഉപകരണങ്ങളും ഈ സമയത്ത് രൂപവൽക്കരിക്കപ്പെട്ടു. ചലച്ചിത്ര ലോകത്തും ശബ്ദത്തെ ഉപയോഗപ്പെടുത്താൻ സാധിച്ചതും ഇക്കാലത്താണ്. മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തമായിരുന്നു ലൗഡ്സ്പീക്കർ അഥവാ ഉച്ചഭാഷിണി. നവസാങ്കേതികവിദ്യകളുടെ കടന്നുവരവ് സംഗീതാലാപനശൈലിയെയും സ്വാധീനിച്ചു. മുൻകാലങ്ങളിൽ ഉച്ച ശ്രുതിയിൽ പാടാൻ സാധിക്കുന്ന കലാകാരന്മാർക്കാണ് റെക്കോർഡിങ് സാധ്യമായത്. പക്ഷേ, സൂക്ഷ്മ ശബ്ദങ്ങളെ കൃത്യമായി പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് മൈക്രോഫോണുകളുടെ ഉപയോഗം ആലാപനശൈലിയെ ആയാസരഹിതമാക്കി. സദസ്സിലെ ഏറ്റവും പിന്നിൽ ഇരിക്കുന്ന വ്യക്തിക്കും സുവ്യക്തമാം വിധത്തിൽ ഉച്ചഭാഷിണികൾ ശബ്ദത്തെ കേൾപ്പിച്ചു. ശബ്ദത്തെ എങ്ങനെ ഭംഗിയായി ഉപയോഗപ്പെടുത്താം എന്ന ആശയത്തിന് സ്വീകാര്യത കൈവന്നു. ശബ്ദസംസ്‌കരണം എന്നത് മികവിന്റെ ഭാഗമായി മാറി. ഗ്രാമഫോൺ റെക്കോർഡിങ് മേഖലയിലെ അതികായന്മാരായിരുന്ന ഗ്രാമഫോൺ കമ്പനി ലിമിറ്റഡും കൊളംബിയ ഗ്രാഫോഫോൺ കമ്പനി ലിമിറ്റഡും ലയിച്ച് 1931-ൽ ഇലക്ട്രിക്കൽ ആൻഡ് മ്യൂസിക്കൽ ഇൻഡസ്ട്രീസ് (ഇ എം ഐ) എന്ന പുതിയ കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. സ്റ്റീരിയോ റെക്കോർഡിങ്ങിന്റെയും പുനരുൽപാദനത്തിന്റെയും പേറ്റന്റ് അവർ നേടുകയുണ്ടായി.

1945 മുതൽ 1975 വരെയുള്ള കാലഘട്ടം മാഗ്‌നെറ്റിക് യുഗം എന്നാണ് അറിയപ്പെടുന്നത്. 1935 ആയപ്പോഴേക്കും മാഗ്‌നെറ്റോഫോൺ എന്നറിയപ്പെടുന്ന ഒരു യന്ത്രം ജർമ്മൻ കമ്പനിയായ എ ഇ ജി വിപണനം ചെയ്തു. 1935-ൽ ലണ്ടൻ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ റെക്കോർഡിങ്ങിലൂടെ അഋഏ അതിന്റെ മാഗ്‌നെറ്റോഫോൺ അവതരിപ്പിച്ചു. ജർമ്മൻ സാങ്കേതികവിദ്യ ആയിരുന്ന മാഗ്‌നെറ്റിക് ടേപ്പ് റെക്കോർഡിങ് പ്രബലമായത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. ജർമ്മൻ സാങ്കേതികവിദ്യയിൽ ശബ്ദതരംഗങ്ങളെ റെക്കോർഡുചെയ്യാനും പുനർനിർമ്മിക്കാനും വൈദ്യുതകാന്തിക പ്രതിഭാസം ഉപയോഗിക്കുന്നു. 1950 മുതൽ മാഗ്‌നറ്റിക് ടേപ്പ്, റേഡിയോ-സംഗീത വ്യവസായങ്ങളിൽ ഓഡിയോ മാസ്റ്റർ റെക്കോർഡിങ്ങിന്റെ സാധാരണ മാധ്യമമായി മാറി. ആദ്യത്തെ ഹൈ-ഫൈ സ്റ്റീരിയോ റെക്കോർഡിങ്ങുകളുടെ വികസനത്തിനും മൾട്ടി-ട്രാക്ക് ടേപ്പ് റെക്കോർഡിങ്ങിന്റെ വികസനത്തിനും കാരണമായി. മാഗ്‌നറ്റിക് ടേപ്പ് ശബ്ദാലേഖനപ്രക്രിയയുടെ സമൂലമായ മാറ്റത്തിന് കാരണമായി. സമയദൈർഘ്യമേറിയതും ഉയർന്ന ഗുണനിലവാരവുമുള്ള റെക്കോർഡിങ്ങുകൾ അത് സാധ്യമാക്കി. ടേപ്പിൽ രേഖപ്പെടുത്തിയ ശബ്ദങ്ങളെ വളരെ എളുപ്പത്തിൽ എഡിറ്റ് ചെയ്യാനും കഴിഞ്ഞു. 

1950-കളുടെ മധ്യത്തിലാണ് മൾട്ടി ട്രാക്കിങ് റെക്കോർഡിങ് നിലവിൽ വരുന്നത്. ഒരു മൾട്ടിട്രാക്ക് റെക്കോർഡർ ഒന്നോ അതിലധികമോ ശബ്ദസ്രോതസ്സുകളെ വിവിധ ട്രാക്കുകളിലേക്ക് ഒരേസമയം റെക്കോർഡ് ചെയ്യാൻ അനുവദിക്കുന്നു. അതിനുശേഷം വിവിധ ചാനലുകളെ പ്രത്യേകം ശബ്ദസംസ്‌കരണത്തിനു വിധേയമാക്കാനും സംയോജിപ്പിക്കാനും കഴിയും. മുൻകാലങ്ങളിൽ ശബ്ദാലേഖനപ്രക്രിയയിൽ ഗായകരും മറ്റു ഉപകരണസംഗീതജ്ഞരും ഒരേസ്ഥലത്ത് ഒരേസമയം തെറ്റ് കൂടാതെ പാട്ടുകൾ അവതരിപ്പിക്കേണ്ടിയിരുന്നു. മൾട്ടിട്രാക്ക് റെക്കോർഡിങ്ങിൽ ഓരോന്നും വെവ്വേറെ റെക്കോർഡ് ചെയ്യാൻ സാധിക്കും. ഓരോ ട്രാക്കിന്റെയും ലെവലും ടോണും ക്രമീകരിക്കാനും പിശകുകൾ തിരുത്താനും റെക്കോർഡ് ചെയ്തവയിൽ മികച്ചത് തിരഞ്ഞെടുക്കാനും ഈ രീതിയിൽ കഴിഞ്ഞു. സാങ്കേതികവിദ്യയിലെ ഇത്തരം മുന്നേറ്റങ്ങൾ ഡിസ്‌കിലും ടേപ്പിലും ഉപഭോക്താക്കളെ ആകർഷിച്ചുകൊണ്ടുള്ള ഓഡിയോ ഫോർമാറ്റുകളും ഉപകരണങ്ങളും അവതരിപ്പിക്കുന്നതിലേക്ക് നയിച്ചു. ഫുൾ-ഫ്രീക്വൻസി-റേഞ്ച് ഡിസ്‌ക് വികസനം, ഡിസ്‌ക് നിർമ്മാണത്തിനായി ഷെല്ലക്കിൽ നിന്ന് പോളി വിനൈൽ പ്ലാസ്റ്റിക്കിലേക്കുള്ള മാറ്റം, ലോങ്-പ്ലേയിങ് (LP) ഡിസ്‌കിന്റെ കണ്ടുപിടിത്തം, പോർട്ടബിൾ ടേപ്പ് റെക്കോർഡറുകൾ, കോംപാക്ട് കാസറ്റ് ഫോർമാറ്റുകൾ എന്നിങ്ങനെ റെക്കോർഡിങ് വ്യവസായത്തിൽ അടിമുടി മാറ്റങ്ങൾക്കു മാഗ്‌നെറ്റിക് കാലഘട്ടം സാക്ഷ്യം വഹിച്ചു. 

ഡച്ച് കമ്പനിയായ ഫിലിപ്‌സ് ആണ് 1963 ഓഗസ്റ്റിൽ ആദ്യത്തെ ഓഡിയോ കാസറ്റ് വിപണിയിൽ എത്തിക്കുന്നത്. Type EL 3300 എന്ന കാസറ്റുകൾ പ്ലേ ചെയ്യാനും റെക്കോർഡുചെയ്യാനുമുള്ള ഒരു യന്ത്രവും ഫിലിപ്‌സ് പുറത്തിറക്കിയിരുന്നു. കോംപാക്ട് കാസറ്റുകൾ രണ്ട് തരത്തിലാണ് പുറത്തിറങ്ങിയത്: മുൻകൂട്ടി റെക്കോർഡ് ചെയ്ത സംഗീതം ഉള്ളടക്കം ചെയ്തത കാസറ്റും, പൂർണ്ണമായും റെക്കോർഡ് ചെയ്യാവുന്ന ബ്ലാങ്ക് കാസറ്റും. ഈ പുതിയ ഫോർമാറ്റ് ലോകമെമ്പാടും സംഗീതത്തിനെ ജനാധിപത്യവൽക്കരിച്ചു എന്ന് പറയാം. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിൽ മുമ്പെങ്ങുമില്ലാത്തവിധം പ്രീ-റെക്കോർഡ് സംഗീതം ജനങ്ങളിലേക്ക് എത്തി. 1970-കളുടെ അവസാനത്തോടെ ആഭിജാത്യത്തിന്റെ ചിഹ്നങ്ങളായിക്കൂടി കരുതപ്പെട്ടിരുന്ന ഗ്രാമഫോണുകളും ഡിസ്‌ക്കുകളും കളം ഒഴിയാൻ തുടങ്ങിയിരുന്നു. പകരം ടേപ്പ് റെക്കോർഡറുകളും കാസറ്റുകളും അവയുടെ സ്ഥാനം കൈയടക്കി. ശ്രോതാവിന്റെ സൗകര്യം അനുസരിച്ച് എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ഉപകരണമായിരുന്നു ടേപ്പ് റെക്കോർഡറുകൾ. സിനിമാഗാനങ്ങളും സ്വതന്ത്ര സംഗീത ആൽബങ്ങളും കാസറ്റ് രൂപത്തിൽ വിവിധ കമ്പനികൾക്ക് കീഴിൽ അണിനിരന്നു. 

1975 മുതലുള്ള കാലഘട്ടത്തിനെ ഡിജിറ്റൽ എന്നാണ് വിശേഷിപ്പിക്കുന്നത്. ഡിജിറ്റൽ യുഗം, ഓഡിയോ റെക്കോർഡിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയതും സമൂലവുമായ മാറ്റങ്ങളുടെ പരമ്പരകൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. അനലോഗ് റെക്കോർഡിങ്ങിൽ നിന്നും ഡിജിറ്റൽ റെക്കോർഡിങ്ങിലേക്കുള്ള മാറ്റം വളരെ പെട്ടെന്നാണ് സംഭവിച്ചത്. ഡിജിറ്റലായി റെക്കോർഡുചെയ്ത ആദ്യത്തെ സംഗീത ആൽബം, റൈലാൻഡ് പീറ്റേഴ്സ് കൂഡരിന്റെ ‘ബോപ് ടിൽ യു ഡ്രോപ്പ്’ പുറത്തിറങ്ങിയത് 1979-ൽ ആയിരുന്നു. ഇന്ന് പൂർണ്ണമായും ഡിജിറ്റൽ റെക്കോർഡിങ്ങിലേക്ക് ലോകം മാറ്റപ്പെട്ടിരിക്കുന്നു. പൈറസിയെക്കുറിച്ചുള്ള ചർച്ചകളും നിയമനിർമ്മാണങ്ങളും ഈ സാങ്കേതികവളർച്ചയുടെ ബാക്കിപത്രങ്ങളാണ്. കോംപാക്ട് ഡിസ്‌കിന്റെ (CD) വരവ് കാസറ്റുകളെ അപ്രസക്തമാക്കി. 

1992-ൽ അലെസിസ് ഡിജിറ്റൽ ഓഡിയോ ടേപ്പ് റെക്കോർഡർ (ADAT) മൾട്ടി-ട്രാക്ക് റെക്കോർഡിങ് ജനങ്ങളിലേക്ക് എത്തി. വലിയ റെക്കോർഡിങ് സ്റ്റുഡിയോയുടെ പ്രസക്തി നഷ്ടപ്പെടുകയും ഒരു ചെറിയ മുറിയുടെ സ്ഥലസൗകര്യത്തിലേക്ക് സ്റ്റുഡിയോകൾ മാറ്റപ്പെടുകയും ചെയ്തു. DAWകൾ (Digital audio work station) ADAT-നു പകരമായി ഇന്ന് ഉപയോഗിക്കപ്പെടുന്നു. ഇന്ന്, ഏതൊരു ലാപ്ടോപ്പിനും (അല്ലെങ്കിൽ iPad) ഒരു  rack ADAT-കളുടെ ഔട്ട്-റെക്കോർഡ് ചെയ്യാൻ കഴിയും. എന്നിരുന്നാലും ഈ സാങ്കേതികവിദ്യയുടെ ഒരു കേന്ദ്രഭാഗം ഇപ്പോഴും നമ്മോടൊപ്പമുണ്ട്. 1997-ലെ ഓട്ടോ ട്യൂൺ എന്ന സൗണ്ട് പ്രോസസ്സർ-ന്റെ കടന്നുവരവ് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. ചില പിച്ച്-തിരുത്തൽ സാങ്കേതികവിദ്യകൾ ഇതിനകം നിലവിലുണ്ടായിരുന്നു, പക്ഷേ, അവ പ്രായോഗികമാകാൻ വളരെയധികം കമ്പ്യൂട്ടിങ് പവർ ആവശ്യമായിരുന്നു. മികവുറ്റ സംഗീതാവതരണങ്ങളിലെ ശ്രുതി സംബന്ധിയായി വരുന്ന ചെറിയ പിഴവുകൾ ഒഴിവാക്കാൻ ആയിരുന്നു autotune ഉപയോഗിച്ചത്. എന്നാൽ, ചില നിർമ്മാതാക്കളും കലാകാരന്മാരും അത്യധികമായ റീട്യൂൺ ക്രമീകരണങ്ങളിൽ, അത് വായ്പ്പാട്ടിൽ ഒരു റോബോട്ടിക് പിച്ച്-ജമ്പിങ് നൽകുന്നുവെന്ന് കണ്ടെത്തി – അവർ ഇത് മനഃപൂർവം ചെയ്യാൻ തുടങ്ങി. ചെറിന്റെ (Cher) 1998-ലെ ഹിറ്റ് ‘ബിലീവ്’ പോപ്പ് സംസ്‌കാരത്തിലേക്ക് ‘ഓട്ടോ-ട്യൂൺ ഇഫക്ട്’ ഉറപ്പിച്ചു. ഓട്ടോ-ട്യൂൺ പ്ലഗ്-ഇൻ ഇപ്പോൾ വോക്കൽ, പിച്ച് പ്രോസസ്സിങ്ങിൽ ലോകത്തെ നയിക്കുന്നു. വോക്കോഡർ, ടോക്ക്‌ബോക്‌സ്, മറ്റ് ക്രിയേറ്റീവ് ഇഫക്ടുകൾ (ഒരൊറ്റ ശബ്ദത്തെ ഒരു വൻ ഗായകസംഘമാക്കി മാറ്റാൻ സാധിക്കുന്നത്) ലൈവ് അവതരണങ്ങൾ അങ്ങനെ എന്ത് ആവശ്യത്തിനും മൗീേൗേില ഉപയോഗിക്കപ്പെടുന്നു.

ഡിജിറ്റൽ സോഫ്റ്റ്വെയറുകളുടെ വരവ് മ്യൂസിക് പ്രൊഡക്ഷനെ മാറ്റിമറിച്ചു. നിർമ്മാതാക്കളെ അവരുടെ പാട്ടുകൾ ഉയർന്ന നിലവാരത്തിൽ റെക്കോർഡ് ചെയ്യാനും എഴുതാനും നിർമ്മിക്കാനും ഇത് അനുവദിച്ചു. സംഗീത വ്യവസായത്തിന് വളരെയധികം പുരോഗതി വരുത്തിയ സ്റ്റാൻഡേർഡ് ടെക്‌നോളജികളിലൊന്നാണ് വെർച്വൽ സ്റ്റുഡിയോ ടെക്‌നോളജി. സങ്കീർണ്ണമായ ഇലക്ട്രോണിക് സംവിധാനമാണ് ഡിജിറ്റൽ റെക്കോർഡിങ്ങിനുള്ളത്. ഇന്ന് സംഗീതാഭിരുചി പ്രകടിപ്പിക്കുന്ന എല്ലാവരുംതന്നെ ഡിജിറ്റൽ ഗായകരാണ്. ശ്രുതിശുദ്ധി ഉറപ്പുവരുത്താനും താളനിബദ്ധമായി പാടാനും melodyne പോലെയുള്ള സോഫ്റ്റ്വെയർ സഹായിക്കാനുണ്ട്.  MP3, MP4 ഓഡിയോ ഫയൽ ഫോർമാറ്റിന്റെ വികസനവും ഏറെ പ്രധാനപ്പെട്ടതാണ്. ഏത് കമ്പ്യൂട്ടർ സ്റ്റോറേജ് മീഡിയത്തിലും ഡിജിറ്റൽ ശബ്ദഫയലുകൾ സൂക്ഷിക്കാം ഒരു സ്മാർട്ട്‌ഫോണും റെക്കോർഡിങ് സോഫ്റ്റ്വെയറും ഉണ്ടെങ്കിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ പറ്റുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്റർനെറ്റിന്റെയും അതിവേഗ ഡാറ്റാ കൈമാറ്റത്തിന്റെയും കണ്ടുപിടിത്തത്തോടെ, സംഗീതരംഗത്തും അവിശ്വസനീയമാംവിധം മാറ്റങ്ങൾ ഉണ്ടായി. നമ്മുടേതിനേക്കാൾ തികച്ചും വ്യത്യസ്തമായ സംസ്‌കാരവും പശ്ചാത്തലവും സംഗീത ശൈലിയും മറ്റും ഉള്ള ലോകമെമ്പാടുമുള്ള ഒരാളുമായി നമുക്ക് ഇപ്പോൾ സഹകരിക്കാനാകും. SoundCloud പോലെയുള്ള സോഷ്യൽ നെറ്റ്വർക്കുകൾ വഴി നമുക്ക് മറ്റുള്ളവരുടെ സംഗീതം കണ്ടെത്താനും കേൾക്കാനും തുടർന്ന് അവരോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിക്കാനും കഴിയും. സാങ്കേതികരംഗത്തെ വളർച്ച അവസാനിക്കുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

നമ്മുടെ കൈവിരൽത്തുമ്പുകളിൽ ലതാമങ്കേഷ്‌ക്കറും യേശുദാസും ബീഥോവനും തത്തിക്കളിക്കുമ്പോൾ ഇനിയും എന്തൊക്കെ മാറ്റങ്ങളാണ് ശാസ്ത്രം നമുക്ക് വേണ്ടി അണിയറയിൽ ഒരുക്കുന്നതെന്ന് ചിന്തിക്കുന്നത് അത്രമേൽ ആവേശകരമാണ്. സമാന്തരമായി സഞ്ചരിക്കുന്ന അനേകം ശാസ്ത്രശാഖകളുടെ സമന്വയം ആണ് റെക്കോർഡിങ് മേഖലകളിലെ മാറ്റത്തിന് കാരണം. അതുകൊണ്ടുതന്നെ, ശബ്ദാലേഖനചരിത്രം ഒരു നേർരേഖയിൽ ഉള്ളതല്ല. സാങ്കേതികവിദ്യ, ഭൗതിക സാഹചര്യം, സംഗീത ശൈലികൾ, സംഗീതോപകരണങ്ങൾ, വാണിജ്യ-വ്യവസായമേഖലകൾ, സാമ്പത്തികശാസ്ത്രം തുടങ്ങിയവയെക്കുറിച്ചുള്ള വിഭിന്നങ്ങളായ പഠനങ്ങളുടെ ആകെത്തുകയാണ് ശബ്ദാലേഖന ചരിത്രം.


Happy
Happy
33 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ഒക്ടോബർ 29 – ഇന്ത്യയിൽ ഭാഗിക ചന്ദ്രഗഹണം
Next post സംഗീതവും ശരീരശാസ്ത്രവും
Close