Read Time:34 Minute

ശബ്ദതരംഗത്തിന്റെ പ്രത്യേകതയും അതു കേൾവിയിലുണ്ടാക്കുന്ന പ്രഭാവവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ ? എന്താണ് രാഗം, താളം, ശ്രുതി എന്നിവയുടെ ശാസ്ത്രീയത ? എന്താണ് ‘സംഗതി’? – ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

പ്രതിദിനം സംഗീതം അറിഞ്ഞോ അറിയാതെയോ കേൾക്കാത്ത മനുഷ്യരുടെ എണ്ണം വളരെ കുറവാണ്. സംഗീതം അത്രകണ്ട് മനുഷ്യജീവിതത്തിൽ ഇഴുകി ചേർന്നിരിക്കുന്നു. അടിസ്ഥാനപരമായി സംഗീതം ശബ്ദം തന്നെയാണ്. കേൾവിയുടെ അല്ലെങ്കിൽ ശബ്ദത്തിന്റെ സൗന്ദര്യ സങ്കല്പമാണ് സംഗീതം എന്ന് വേണമെങ്കിൽ നമുക്ക് പറയാം. പക്ഷേ, ശബ്ദത്തിന് ചില നിയന്ത്രണങ്ങളും നിയമങ്ങളും ശ്രേണികളും ഉണ്ടെങ്കിൽ മാത്രമേ അത് സംഗീതം ആകുകയുള്ളൂ. അത് എന്തൊക്കെയാണെന്നുള്ളത് ശാസ്ത്രത്തിന്റെ സഹായത്തോടുകൂടെ ഈ ലേഖനത്തിൽ വിശദീകരിക്കാം.

ശബ്ദം ശ്രവിക്കുക എന്നുള്ളത് പരിണാമപരമായി ചില ജീവിവർഗങ്ങളുടെ ആവശ്യകതയാണ്. നമ്മൾ കേൾക്കുന്ന ശബ്ദത്തിന്റെ അളവുകോലുകൾ എല്ലാം തന്നെ അതിജീവനത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത്, കാഴ്ചയുടെ ചില പരിമിതികളെ മനുഷ്യരടക്കമുള്ള ജീവികൾ മറികടന്നത് കേൾവിയിലൂടെയും കൂടെയാണ്. പിന്നിലുള്ള ഒരു വസ്തുവിന്റെയോ ജീവിയുടെയോ സാന്നിധ്യം, കാഴ്ച മറയുന്നതിനുമപ്പുറം നടക്കുന്ന ചില സംഭവങ്ങൾ എന്നിവയുടെ എല്ലാം സൂചന നമുക്ക് ലഭിച്ചത് ശബ്ദത്തിലൂടെയാണ്.

ഒരു വസ്തു ഉണ്ടാക്കുന്ന ശബ്ദം എന്നത് അത് ഒരു നിശ്ചിത സമയത്തിനുള്ളിൽ എങ്ങനെ കമ്പനം ചെയ്യുന്നു എന്ന കേൾവിയിലൂടെയുള്ള തിരിച്ചറിവാണ്. എല്ലാ വസ്തുക്കൾക്കും അതിന്റേതായിട്ടുള്ള സ്വഭാവിക കമ്പനം (Natural vibration) ഉണ്ട്. അത് ഉണ്ടാക്കുന്ന തരംഗങ്ങൾ ഒരു മാധ്യമത്തിലൂടെ സഞ്ചരിച്ച് നമ്മുടെ കാതുകളിൽ എത്തുമ്പോഴാണ് നമ്മൾ ശബ്ദം കേൾക്കുന്നത്. ശബ്ദം ഒരു മാധ്യമത്തിൽ അനുദൈർഘ്യ തരംഗങ്ങൾ (Longitudinal waves) ആയാണ് നീങ്ങുന്നത്. അതായത്, മാധ്യമത്തിലെ കണികകൾ തരംഗദിശയ്ക്ക് സമാന്തരമായിട്ടായിരിക്കും കമ്പനം ചെയ്യുന്നത്.

എന്നാൽ, ചിത്രീകരിക്കാൻ എളുപ്പം അനുപ്രസ്ഥതരംഗങ്ങൾ ആയതുകൊണ്ട്, പൊതുവേ ശബ്ദതരംഗങ്ങളെ ആ രൂപത്തിലാണ് അവതരിപ്പിക്കാറുള്ളത്. അനുദൈർഘ്യ തരംഗത്തിലെ കണികകൾ സഞ്ചരിക്കുന്ന രീതിക്കനുസരിച്ച് കണികകളുടെ സാന്ദ്രത കൂടുന്ന ഭാഗത്ത് (compression) ഒരു തരംഗത്തിലെ ക്രസ്റ്റ് ആയും കുറയുന്ന ഭാഗത്തെ (Rarefaction) Trough ആയും പരിഗണിക്കുന്നു.

ശബ്ദതരംഗത്തിന്റെ പ്രത്യേകതയും അത് കേൾവിയിൽ ഉണ്ടാക്കുന്ന പ്രഭാവവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അവയിൽ ചില പ്രത്യേകതകൾ താഴെ പറയുന്നു.

  1. ആയതി (Amplitude) : ഒരു ശബ്ദത്തിന്റെ ഉച്ചതയാണ് ആയതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിത്രത്തിൽ ഒരു ക്രസ്റ്റിന്റെ ഉയരം. ഒരു പാറ പൊട്ടിക്കുന്ന ശബ്ദവും വാതിലിൽ മുട്ടുന്ന ശബ്ദവും താരതമ്യപ്പെടുത്തിയാൽ ആയതി കൂടിയത് പാറ പൊട്ടിക്കുന്ന ശബ്ദത്തിനാണ്, ഊർജവും അതിനാണ് കൂടുതൽ. ഒച്ച (loudness) എന്ന വാക്ക് ശബ്ദത്തിന്റെ ആയതിയുമായി ബന്ധപ്പെട്ട ഒന്നാണ്. ഒച്ച കൂടിയ ശബ്ദത്തിന്റെ തരംഗ രൂപം പരിശോധിച്ചാൽ അതിന്റെ ആയതി കൂടുതൽ ആയിരിക്കും.
  2. ആവൃത്തി (frequency): ഒരു നിശ്ചിത സമയത്തിനുള്ളിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി. ഇതുമായി ഏറെ സാമ്യമുള്ള മറ്റൊരു പദമാണ് ശ്രുതി (pitch). ഉയർന്ന പിച്ച് ഉള്ള ശബ്ദം ആവൃത്തി കൂടിയ ശബ്ദങ്ങളും താഴ്ന്ന പിച്ചുള്ളവ ആവൃത്തി കുറഞ്ഞ ശബ്ദങ്ങളുമാണ്. ഉദാഹരണത്തിന്, ഒരു സ്ത്രീയുടെ ശബ്ദം പുരുഷന്റേതിനെ അപേക്ഷിച്ച് ഉയർന്ന പിച്ച് കൂടിയ, അഥവാ ഉയർന്ന ശ്രുതിയിലുള്ള ശബ്ദമാണ്.
  3. തരംഗദൈർഘ്യം (Wave length): തരംഗം സഞ്ചരിക്കുമ്പോൾ അടുത്തടുത്ത രണ്ട് ക്രസ്റ്റുകളുടെ (അല്ലെങ്കിൽ ട്രഫുകളുടെ) ഇടയ്ക്കുള്ള ദൂരമാണ് തരംഗദൈർഘ്യം. ആവൃത്തി കൂടിയ തരംഗങ്ങൾക്ക് ഇത് കുറവായിരിക്കും, തിരിച്ചും.
  4. ടിംബർ (Timbre): ശബ്ദത്തിന്റെ കേൾവിയനുഭവത്തിലുള്ള ഒരു സവിശേഷതയാണ് ടിംബർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേ ശ്രുതിയിലും ഒച്ചയിലും ശബ്ദം പുറപ്പെടുവിക്കുന്ന ഒരു ഗിറ്റാറിനെയും പിയാനോയേയും നമുക്ക് തിരിച്ചറിയാൻ ആവുന്നത് അതിന്റെ ടിംബർ വ്യത്യസ്തമായതുകൊണ്ടാണ്. ഓരോ ഉപകരണവും ഒരു ശബ്ദം പുറപ്പെടുവിക്കുമ്പോൾ അതിനുള്ളിൽ ഉണ്ടാകുന്ന അനേകം തരംഗങ്ങളുടെ സമന്വയം അല്ലെങ്കിൽ ഹാർമണി വ്യത്യാസപ്പെടുന്നതു കൊണ്ടാണ് നമുക്ക് ശബ്ദത്തെ വേർതിരിച്ചറിയാനാകുന്നത്.

ശബ്ദം സംഗീതം ആകണമെങ്കിൽ ചില നിയമങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്. ഈ നിയമങ്ങൾ ഗണിതശാസ്ത്രപരമായതും ഭൗതികശാസ്ത്രപരമായതും ആണ്. സംഗീതം മനുഷ്യർക്ക് ആകർഷകമായി തോന്നാനുള്ള കാരണം എന്താണെന്നതിന്റെ ന്യൂറോസയൻസ് പൂർണ്ണമായും വ്യക്തമല്ല. എങ്കിലും പാറ്റേണുകളോടും ആവർത്തിച്ച് കേൾക്കുകയും കാണുകയും ചെയ്യുന്ന എന്തിനോടും മനുഷ്യർ അടക്കമുള്ള ജീവികൾ ശ്രദ്ധ കൊടുക്കാറുണ്ട്.

മനുഷ്യരുടെ ഇന്ദ്രിയങ്ങൾക്കനുസരിച്ച് അതിസൂക്ഷ്മമായ പാറ്റേണുകൾ, ആവർത്തനങ്ങൾ എന്നിവ പോലും നമ്മുടെ മസ്തിഷ്‌കം മനസ്സിലാക്കാറുണ്ട്. ഒരു പൂക്കളം കാണുമ്പോൾ അതിലെ പൂവുകളുടെ അല്ലെങ്കിൽ വർണ്ണങ്ങളുടെ ക്രമങ്ങൾ, പിരമിഡുകളുടെ ആകർഷകമായ ഡിസൈനുകൾ, ആകാശത്ത് ഒരു പ്രത്യേക ശ്രേണിയിൽ മേഘങ്ങൾ അണിനിരക്കുന്നത് തുടങ്ങി ക്രമമായ എന്തിനെയും നമ്മൾ ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിൽ സംഗീതത്തിനും ക്രമങ്ങളുണ്ട്, നിയമങ്ങളും പാറ്റേണുകളും ഉണ്ട്.

ഒരു നഗരത്തിൽ കേൾക്കുന്ന എല്ലാ ശബ്ദങ്ങളേയും ചേർത്ത് പരിഗണിച്ചാൽ അതിനെ നോയിസ് എന്ന് വിളിക്കാം. കേൾക്കുന്ന എല്ലാ ശബ്ദങ്ങളും ഒന്നിച്ച് ചെവിയിൽ എത്തുമ്പോൾ അത് മേൽപ്പറഞ്ഞ ക്രമങ്ങളൊന്നും തന്നെ പാലിക്കുന്നില്ല. അതുപോലെ, ഒരു പിയാനോയിൽ ഏതെങ്കിലും ഒരു കീയിൽ (ചീലേ) തുടങ്ങി അടുത്തടുത്തുള്ള എല്ലാ കീകളും അമർത്തി മുന്നോട്ടു പോയാലോ ഒരുപാട് കീകൾ ക്രമരഹിതമായി ഒന്നിച്ചമർത്തിയാലോ നമുക്ക് സംഗീതാത്മകത അനുഭവപ്പെടണമെന്നില്ല, മറിച്ച് അതിൽ ചില ക്രമങ്ങൾ ഉണ്ടാകുമ്പോൾ കേൾവി ഇമ്പമുള്ളതാകുന്നു.

സംഗീതത്തിന് ഒരു സാർവത്രികത ഉണ്ട്. അതാത് ദേശത്തെ സംഗീതം അവിടുത്തെ ജനങ്ങൾക്കും ജീവിതരീതിയ്ക്കും അഭിരുചികൾക്കും ഒരുപക്ഷേ, ഭൂപ്രകൃതിക്ക് പോലും അനുസൃതമായാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. കേരളത്തിലെ, നമ്മൾ കേൾക്കുന്ന നാടൻപാട്ടുകളും സിനിമ ഗാനങ്ങളും ശാസ്ത്രീയസംഗീതവും പോലെയല്ല മറ്റു സംസ്ഥാനങ്ങളിൽ. ഒരു രാജ്യത്തിൽ പോലും സംഗീതത്തിന് ഇത്രയും വ്യത്യസ്തതകളുണ്ട്. പക്ഷേ, ആഫ്രിക്കയിലെ ഉൾനാടൻ ഗോത്രവർഗങ്ങളിലെ സംഗീതത്തിൽ മുതൽ ഇവിടെ നമ്മുടെ നാടൻപാട്ടുകളിൽ പോലും പൊതുവായി അനുഭവിക്കാനാവുന്ന ഒട്ടേറെ ഘടകങ്ങൾ ഉണ്ട്. വേഗത്തിലും ഉച്ചത്തിലും കൊട്ടുന്ന താളത്തിന്റെ അകമ്പടിയോടെ കേൾക്കുന്ന സംഗീതം ഏകദേശം ലോകത്തിന്റെ എല്ലാ കോണുകളിലും ഊർജവും സന്തോഷവും ആവേശവും ആഘോഷവും ഒക്കെയാവും പ്രതിനിധാനം ചെയ്യുക. അതുപോലെതന്നെ ഒരു വിഷാദാവസ്ഥ സൂചിപ്പിക്കുന്ന പശ്ചാത്തലസംഗീതം അല്ലെങ്കിൽ പാട്ട് ശ്രദ്ധിച്ചാൽ അതിലും ഇതുപോലെ പൊതുവായ അംശങ്ങൾ സംഗീതത്തിൽ കാണാനാകും.

സംഗീതത്തിന്റെ ഉദ്ഭവംതന്നെ ആദ്യകാലങ്ങളിൽ ഗോത്രങ്ങളെ തമ്മിൽ തിരിച്ചറിയാൻ പ്രത്യേകതരം ശബ്ദങ്ങൾ ഉണ്ടാക്കിയിരുന്നത് മുതൽ പിന്നീട് നാഗരികരായി ജീവിച്ചു തുടങ്ങുമ്പോൾ ഒന്നിച്ച് ചെയ്യേണ്ട വലിയ ജോലികൾക്ക് ഒരേ താളവും ഒരേ വായ്ത്താരികളും ഉപയോഗിച്ച് അഭ്യസിച്ചുമാണ് ഇന്ന് ഈ കാണുന്ന സംഗീതത്തിലേക്ക് നമ്മൾ എത്തിയത്. ഇനി സംഗീതത്തിലെ ചില സാങ്കേതികതകൾ പരിശോധിക്കാം.

രാഗം / Scale

മുകളിൽ കാണിച്ചിരിക്കുന്ന ചിത്രത്തിൽ ഒരു പിയാനോയുടെ ആദ്യത്തെ കീയിൽ നിന്ന് തുടങ്ങി എല്ലാ വെള്ള കീകളും തുടരെ വായിച്ചാൽ നമ്മൾ കേൾക്കുന്നത് കർണ്ണാടക സംഗീതത്തിലെ ശങ്കരാഭരണം എന്ന രാഗമാണ്. (ഹിന്ദുസ്ഥാനി സംഗീതത്തിൽ ബിലാവൽ എന്നും പറയും) പാശ്ചാത്യസംഗീതത്തിൽ ഇതിനെ മേജർ സ്‌കെയിൽ ആയി കണക്കാക്കും. പൊതുവിൽ നമ്മൾ കേൾക്കുന്ന പാട്ടുകൾ ഏതെങ്കിലും രാഗത്തെ (ചിലപ്പോൾ ഒന്നിലധികം രാഗങ്ങളെ) അടിസ്ഥാനമാക്കിയാവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന,് അനന്തഭദ്രം എന്ന സിനിമയിലെ ‘പിണക്കമാണോ’ എന്ന പാട്ട് നേരത്തേ പറഞ്ഞ ശങ്കരാഭരണം രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതായത്, ശങ്കരാഭരണം എന്ന രാഗത്തിലെ നോട്ടുകൾ പാലിക്കുന്ന അതേ നിയമങ്ങളാണ് ആ പാട്ടിൽ ഉൾപ്പെടുന്ന പല ശബ്ദങ്ങൾ പാലിക്കുന്നത് എന്നർഥം.

ശാസ്ത്രത്തിലൂടെ വിശദീകരിക്കുമ്പോൾ രാഗം എന്നത് കുറച്ചധികം ഫ്രീക്വൻസികളുടെ കൂട്ടമാണ്. പക്ഷേ, അതിന് ഒരു നിയമം ഉണ്ട്. ചിത്രത്തിൽ കാണിച്ചിരിക്കുന്ന പിയാനോയുടെ ആദ്യ വെള്ള കീ മുതൽ അവസാന വെള്ള കീ വരെയുള്ള 12 നോട്ടുകൾ ഒരു ഒക്ടേവ് (octave) എന്നാണ് വിളിക്കുക. പക്ഷേ, അതിലെ എല്ലാ വെളുത്ത കീകളും കറുത്ത കീകളും ഒന്നിച്ചു വായിച്ചാൽ നമുക്ക് അതിൽ സംഗീതാത്മകത തോന്നുകയില്ല. എന്നിട്ടും ഈ 12 നോട്ടുകൾ അവിടെ വിന്യസിച്ചിരിക്കുന്നതിന് ചില കാരണങ്ങളുണ്ട്. അതിലെ ആദ്യത്തെ വൈറ്റ് 220 Hz ഫ്രീക്വൻസി ആണെന്നിരിക്കട്ടെ. അങ്ങനെയാണെങ്കിൽ അതിലെ അവസാനത്തെ വൈറ്റ് കീക്ക് ഇതിന്റെ ഇരട്ടി ഫ്രീക്വൻസി ഉണ്ടാവും (440 Hz). ഇതിനെ ആദ്യം കേട്ട ഫ്രീക്വൻസിയുടെ ഓവർടോൺ എന്നാണ് വിളിക്കുക. ഇത് ഒരു വലിച്ചു കെട്ടിയ കമ്പിയിൽ പെട്ടെന്ന് ബോധ്യപ്പെടും. കമ്പനം ചെയ്യുന്ന കമ്പിയുടെ നീളം പകുതിയായാൽ, ഫ്രീക്വൻസി ഇരട്ടിയാവും, അത് കേൾക്കാൻ സമാനമായിരിക്കുകയും ചെയ്യും. അതാണ് ഓവർടോൺ. ഇതിനിടയിലുള്ള 12 നോട്ടുകളും ക്രമപ്പെടുത്തിയിരിക്കുന്നത് ഒരു പ്രത്യേക നിയമപ്രകാരം ആണ് (Equal temperamen). ഇന്നിപ്പോൾ നമ്മൾ കാണുന്ന ഒട്ടുമിക്ക സംഗീത ഉപകരണങ്ങളിലും ഫ്രീക്വൻസി ക്രമപ്പെടുത്തിയിരിക്കുന്നത് ഈ വിധത്തിലാണ്. എന്നാൽ, ചില ഇടങ്ങളിൽ സംഗീത ഉപകരണങ്ങൾ 12-ൽ കൂടുതൽ നോട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അത് വായിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടും അതുണ്ടാക്കുന്ന ഹാർമണി സങ്കീർണ്ണമായതിനാലും നമ്മൾ ഈ രീതിയിലേക്ക് വരുകയാണ് ചെയ്തത്.

നോട്ടുകൾ / സ്വരങ്ങൾ

പൗരസ്ത്യ സംഗീതത്തിൽ ‘സരിഗമ പധനിസ’ എന്നും പാശ്ചാത്യ സംഗീതത്തിൽ ‘Do, Re, Mi , Fa, So, La , Ti, Do’ എന്നും വിളിക്കുന്ന എട്ട് സ്വരങ്ങൾ അല്ലെങ്കിൽ നോട്ടുകൾ യഥാർഥത്തിൽ ഈ വ്യതിരിക്ത ഫ്രീക്വൻസികൾക്ക് നമ്മൾ നൽകിയിട്ടുള്ള പേരുകൾ മാത്രമാണ്. നേരത്തെ പറഞ്ഞപോലെ ഫ്രീക്വൻസികൾ അല്ല, അവയ്ക്കിടയിലുള്ള അകലം ആണ് പ്രധാനം. അതുകൊണ്ടുതന്നെ ഈ നോട്ടുകളിൽ ഏതിനെ വേണമെങ്കിലും സ എന്ന് വിളിക്കാം പക്ഷേ, അതിന്റെ അടുത്ത നോട്ടുകൾ അതിന്റെ ഹാർമണിക്ക് അനുസരിച്ച് തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിച്ചാൽ മതിയാകും. ഏതു ഫ്രീക്വൻസി ആണോ നമ്മൾ ‘സ’ എന്ന് വിളിക്കുന്നത് അതിൽ തുടങ്ങി ‘…പധനിസ’ എന്ന് അവസാനിക്കുന്ന അവസാനത്തെ ‘സ’, ആദ്യം എടുത്ത ‘സ’ ഏത് ഫ്രീക്വൻസി ആയിരുന്നോ അതിന്റെ ആദ്യ ഓവർടോൺ ആയിരിക്കും. ഇതിനിടയിൽ നമ്മൾ തിരഞ്ഞെടുക്കുന്ന നോട്ടുകൾ ഹാർമണിയിൽ ആണെങ്കിൽ അത് രാഗമായി. സാധാരണയായി എട്ടു സ്വരങ്ങളാണ് നമ്മൾ ഒരു സമ്പൂർണ്ണരാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിൽ എട്ടാമത്തെ സ്വരം ആദ്യസ്വരത്തിന്റെ ഓവർടോൺ ആയിരിക്കും എന്നത് മനസ്സിലായിരിക്കുമല്ലോ. Octave എന്നുള്ള പദം അങ്ങനെയാണ് വന്നത്.

മാത്രമല്ല, 12 വ്യതിരിക്ത ഫ്രീക്വൻസികളിൽ കൂടുതൽ ഒരു ഫ്രീക്വൻസിക്കും (Note) അതിന്റെ ഓവർടോണിനും ഇടയിൽ ഉപയോഗിക്കുകയാണെങ്കിൽ ആ ഉപകരണം കൂടുതൽ സങ്കീർണ്ണമാകുക മാത്രമല്ല ചെയ്യുക. നമ്മുടെ അടുത്തടുത്ത രണ്ട് നോട്ടുകൾ തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാവുകയും, പാടാനും പ്രയാസമാവുകയും ചെയ്യും. അങ്ങനെയാണ് 12 നോട്ടുകൾ എന്ന വ്യവസ്ഥയിലേക്ക് നമ്മൾ എത്തിയത്. ഇതിനെല്ലാം ഒരു ഗണിതശാസ്ത്രപരമായ വിശദീകരണം ഉണ്ടെങ്കിലും തൽക്കാലം അതിലേയ്ക്ക് കടക്കുന്നില്ല.

പൗരസ്ത്യ സംഗീതത്തിൽ ഈ 12 നോട്ടുകളുടെ പ്രയോഗങ്ങൾ വ്യത്യസ്ത തലത്തിൽ ആക്കി രാഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, ഒരേ നോട്ടുകൾ ഉള്ള ഖരഹരപ്രിയ എന്ന രാഗവും രീതിഗൗള എന്ന രാഗവും പാടുന്നതിലോ ഉപകരണത്തിൽ വായിക്കുന്നതിലോ ഉള്ള വ്യത്യാസത്തിൽ രണ്ട് രാഗങ്ങളായാണ് പരിഗണിക്കുക. മാത്രമല്ല, ഒരു സ്‌കെയിൽ അല്ലെങ്കിൽ രാഗത്തിൽ രണ്ട് ഫ്രീക്വൻസികൾക്കിടയിൽ ഗ്ലൈഡ് ചെയ്തു വായിക്കാനോ പാടാനോ സാധിച്ചാൽ നമ്മൾ ഒരു സംഗീതോപകരണത്തിന്റെ വ്യതിരിക്ത ഫ്രീക്വൻസികൾക്കിടയിലൂടെയും സഞ്ചരിക്കുന്നുണ്ട്. അതായത്, ഏത് ഫ്രീക്വൻസി എന്നതിനേക്കാൾ ഇടയിലുള്ള കൃത്യമായ വിഭജനമാണ് ഏറ്റവും പ്രധാനം.

കർണ്ണാടക സംഗീതത്തിൽ ഇത്തരത്തിലുള്ള 12 നോട്ടുകളിൽ നിന്ന് അവയുടെ കോമ്പിനേഷൻ, പാടുന്ന രീതി എന്നിവ അവലംബിച്ചു 72 പ്രധാന രാഗങ്ങൾ ആണുള്ളത് (മേളകർത്ത രാഗങ്ങൾ). അവയിൽ എട്ടു സ്വരങ്ങൾ അല്ലെങ്കിൽ നോട്ടുകൾ ഉണ്ടാകും. ബാക്കിയുള്ള എല്ലാ സ്‌കെയിലുകളും ഇവയിൽ നിന്നും പാടുന്ന രീതിയിലോ സ്വരങ്ങളുടെ എണ്ണത്തിലോ വ്യത്യാസപ്പെടുത്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇവയെ ജന്യരാഗങ്ങൾ എന്ന് വിളിക്കും. ഇവയിൽ 8 സ്വരങ്ങൾ വേണമെന്ന് നിർബന്ധമില്ല. മാത്രമല്ല, രാഗങ്ങൾ അവതരിപ്പിക്കുന്ന രീതിക്ക് ആരോഹണവും അവരോഹണവും ഉണ്ട്. പാശ്ചാത്യ സംഗീതത്തിൽ പ്രധാനമായും മേജർ, മൈനർ പെന്റോണിക് തുടങ്ങിയ രീതികളിലാണ് സ്‌കെയിലുകളെ അറേഞ്ച് ചെയ്തിട്ടുള്ളത്.

ഹാർമണി

നോട്ടുകൾ തമ്മിൽ ചേരുമ്പോൾ തോന്നുന്ന ഇമ്പത്തെയാണ് ഹാർമണി എന്ന് വിളിക്കാറ്. ഒന്നിൽ കൂടുതൽ നോട്ടുകൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒന്നൊന്നായി കേൾക്കുമ്പോൾ അതിൽ ഇമ്പം തോന്നുകയും സംഗീതാത്മകത കിട്ടുകയും ചെയ്താൽ അവിടെയുള്ളത് ഹൊറിസോണ്ടൽ ഹാർമണി (horizontal harmony) ആണ്. മറിച്ച് ഒരേസമയം ഒന്നിൽ കൂടുതൽ നോട്ടുകൾ ഒരുമിച്ച് കേൾക്കുമ്പോൾ അവയ്ക്ക് സംഗീതാത്മകത അല്ലെങ്കിൽ ചേർച്ച ഉണ്ടാകുന്നതിനെ വെർട്ടിക്കൽ ഹാർമണി (vertical harmony) എന്നുപറയും. ഇത് ഉപകരണങ്ങളിൽ രവീൃറ എന്ന പേരിലാണ് അറിയപ്പെടുന്നത്. രാഗങ്ങൾ എന്നത് പൊതുവേ ഹൊറിസോണ്ടൽ ഹാർമണി ഉള്ള ഫ്രീക്വൻസികളുടെ കൂട്ടമാണ്.

ഉദാഹരണത്തിന് ‘ഹാപ്പി ബർത്ത് ഡേ’ എന്ന ഗാനം പിയാനോയിൽ നോട്ടുകൾ ഒന്നൊന്നായി വായിക്കുമ്പോൾ അത് ഹൊറിസോണ്ടൽ ഹാർമണിയാണ്. എന്നാൽ, ആ ഗാനം ഒരാൾ പാടുമ്പോൾ പിയാനോയിൽ ഒന്നിൽ കൂടുതൽ നോട്ടുകൾ ഒരേസമയം പ്ലേ ചെയ്തു ആ ഗാനത്തിന് അകമ്പടി നൽകുമ്പോഴാണ് (accompanying chords) വെർട്ടിക്കൽ ഹാർമണി പ്രകടമാകുന്നത്. ഇത്തരത്തിൽ ഫ്രീക്വൻസികൾ ഹാർമണിയിൽ ചേരുന്ന ഒരു നിയമക്രമം പാലിച്ചുകൊണ്ട്, ഏതെങ്കിലും ഒരു ഉപകരണം വഴിയോ മനുഷ്യർ പാടിയോ ഉണ്ടാക്കുന്നതാണ് മെലഡി അല്ലെങ്കിൽ ഈണം.

ശ്രുതി

വളരെ പ്രാധാന്യമുള്ള ഒരു പദമാണ് സംഗീതത്തിൽ ശ്രുതി അല്ലെങ്കിൽ പിച്ച്. ശബ്ദത്തിന്റെ ഫ്രീക്വൻസിയെ നേരത്തേ പിച്ച് എന്ന് വിശേഷിപ്പിച്ചിരുന്നുവെങ്കിലും, സംഗീതത്തിൽ അത് മറ്റൊരു തലത്തിലാണ് ഉപയോഗിക്കുന്നത്. ഒരു സംഗീതരൂപം ചിട്ടപ്പെടുത്തുമ്പോൾ അത് ഏത് രാഗം ആണെന്ന് നിജപ്പെടുത്തിയിട്ടുണ്ടാകും. ഇനി ആ രാഗത്തിലോ ആ ഹാർമണിയിലോ പെടാത്ത മറ്റൊരു അന്യസ്വരം പാടുന്നതിനെയും, ആ രാഗത്തിലെ തന്നെ നോട്ടുകൾ പാടുമ്പോൾ അതിന്റെ ഫ്രീക്വൻസി കൂടുകയോ കുറയുകയോ ചെയ്യുന്നതിനെയും ‘പിച്ച് ഔട്ട് ആയി’ അല്ലെങ്കിൽ ‘ശ്രുതി തെറ്റി’ എന്ന് പറയും. ആ പാട്ടിന്റെ ആധാരശുദ്ധി എന്നു പറയുന്നത് ഏതു നോട്ട് ആണോ നമ്മൾ ആദ്യം തിരഞ്ഞെടുത്തത് അതും അതിന്റെ ഓവർടോണും ആണ്. ആ പാട്ടിന്റെ ‘സ’ എന്ന നോട്ട് ഏത് ഫ്രീക്വൻസിയാണ് എന്ന് നോക്കിയാൽമതി എന്നർഥം.

ഉദാഹരണത്തിന് ‘ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം’ എന്ന ഗാനം കല്യാണി എന്ന രാഗത്തിൽ, ഋ എന്ന നോട്ടിനെ ആധാരശുദ്ധി ആക്കിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതായത്, കല്യാണിയിലെ എട്ട് സ്വരങ്ങളിലെ ആദ്യത്തെ ‘സ’-യെ ‘ഋ’ എന്ന നോട്ട് ആയിട്ടാണ് കണക്കാക്കുന്നത്. എന്നാൽ, ആ രാഗത്തിൽ ഇല്ലാത്ത സ്വരങ്ങൾ ആ പാട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആ പാട്ട് അവതരിപ്പിക്കുന്ന രീതി വഴി കേൾവിക്കാരന് ശ്രുതി തെറ്റിപ്പോയി എന്ന് തോന്നിക്കാതെ ചെയ്യുന്നതാണ് അത്. സിനിമാഗാനങ്ങൾ അല്ലെങ്കിൽ ലളിത സംഗീതം ഇത്തരത്തിൽ ആ രാഗത്തിലില്ലാത്ത മറ്റ് അന്യസ്വരങ്ങളും ഉൾപ്പെടാറുണ്ട്. അതിൽ ചേർച്ചക്കുറവ് തോന്നാതിരിക്കുന്നത് സംഗീതസംവിധായകരുടെ മിടുക്കാണ്.

ഡൈനാമിക്സ് / ലയം

പാശ്ചാത്യസംഗീതത്തിലും പൗരസ്ത്യസംഗീതത്തിലും ഡൈനാമിക്‌സിനെ വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുന്നത്. ഉദാഹരണത്തിന്, കർണ്ണാടകസംഗീതത്തിൽ ഒരു പാട്ടിന്റെ ലയത്തിനും ഗമഗങ്ങൾക്കും പാടുന്ന രാഗത്തിന്റെ വികാരത്തിനും ആണ് മുൻതൂക്കം നൽകുന്നത്. അതേസമയം പാശ്ചാത്യ സംഗീതത്തിൽ അതിന്റെ സംഗീതാത്മകതയ്ക്കും ശബ്ദം കൊണ്ടുള്ള ആവിഷ്‌കാരത്തിനുമാണ് മുൻതൂക്കം നൽകുന്നത്. എന്നാൽ, ഏകദേശം എല്ലാ സംഗീതധാരകളിലും ഒരു ഉപകരണം വായിക്കുന്നതിൽ, അല്ലെങ്കിൽ പാടുന്നതിൽ വേണ്ടയിടങ്ങളിൽ ശബ്ദത്തിന് ഒച്ചയിൽ ഏറ്റക്കുറച്ചിലുകൾ വരുത്തുമ്പോൾ പാട്ട് കൂടുതൽ ഹൃദ്യമാകും.

ഇന്ത്യൻ സംഗീതത്തിൽ, പ്രത്യേകിച്ച് കർണ്ണാടക സംഗീതത്തിൽ ഒരു പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്ന താളത്തിൽ അതിലെ നോട്ടുകൾ വേഗത്തിൽ പാടുമ്പോഴോ വായിക്കുമ്പോഴോ ആണ് ഗമഗങ്ങൾ അല്ലെങ്കിൽ സംഗതി എന്ന് പറയുക. അവിടെയും വേഗത്തിൽ പാടുന്ന സമയത്ത് ഏത് രാഗത്തിലാണോ (Harmonized collection of frequencies in an octave) ചിട്ടപ്പെടുത്തിയിരിക്കുന്നത് അതിൽപ്പെടാത്ത ഒരു സ്വരം വരുമ്പോഴാണ് സംഗതി തെറ്റിപ്പോയി എന്നു പറയുക.

ഒരു സംഗീതോപകരണം അല്ലെങ്കിൽ വായ്പ്പാട്ട് കൃത്യമായി ഫ്രീക്വൻസികളുടെ ഇടവേളകൾ പാലിക്കുന്നുണ്ടെങ്കിൽ, ആ പാട്ടിന്റെ സാഹിത്യത്തിനനുസരിച്ച് ശബ്ദത്തിൽ വ്യത്യസ്തത വരുത്തുന്നുണ്ടെങ്കിൽ ആ പാട്ടിന്റെ ലയം ശരിയായി എന്ന് പറയാനാകും. ഒരു നോട്ടിൽ നിന്ന് മറ്റൊരു നോട്ടിലേക്ക് അനുസ്യൂതമായി നീങ്ങുന്നതും (glide) ഇവിടെ പ്രധാനമാണ്. അതുകൊണ്ടാണ് ഓടക്കുഴൽ, വയലിൻ തുടങ്ങിയ സംഗീതോപകരണങ്ങളിൽ മറ്റുള്ളവയെക്കാൾ കൂടുതൽ വൈകാരികമായ ആവിഷ്‌കാരം നൽകാൻ സാധിക്കുന്നത്.

താളം / Rhythm

ഒരു സംഗീതരൂപം കേൾക്കുന്ന വിധത്തിനെ സമയത്തിനനുസരിച്ച് കൃത്യമായി വേർതിരിക്കുന്നതാണ് താളം. അതിനുപയോഗിക്കുന്ന താളവാദ്യങ്ങളുടെ ഫ്രീക്വൻസി മെലഡിയിൽ നിന്നും വളരെ താഴ്ന്നതായിരിക്കും. താളം ഒരു വിശാല അർഥത്തിലുളള പദമാണ്. അതിനുള്ളിൽ താളത്തിന്റെ ശൈലി, വേഗം എന്നിങ്ങനെ ഒരു സംഗീതരൂപം കേൾക്കാൻ എങ്ങനെയിരിക്കും എന്ന് തീരുമാനിക്കുന്ന പല നിർണ്ണായക ഘടകങ്ങളും ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഒരു സ്ലോ മെലഡിയും ഒരു ഫാസ്റ്റ് നമ്പറും അതിന്റെ താളത്തിലാണ് പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്

ഒരു സംഗീതം എത്ര വേഗത്തിൽ കേൾക്കുന്നു എന്നത് ടെമ്പോ അല്ലെങ്കിൽ കാലത്തെ ആശ്രയിച്ചിരിക്കുന്നു. അതിന്റെ വേഗം തീരുമാനിക്കുന്നത് പാശ്ചാത്യ സംഗീതത്തിൽ Beat per minute എന്ന അളവാണ്. അതായത് ഒരു മിനിറ്റിൽ കേൾക്കുന്ന ബീറ്റുകളുടെ എണ്ണമാണ് ബീറ്റ് പെർ മിനിറ്റ്. ‘കായാമ്പൂ കണ്ണിൽ വിടരും’ എന്ന ഗാനവും, ‘വേൽമുരുകാ ഹരോ ഹര’ എന്ന ഗാനവും ഒരേ താളശൈലിയിൽ ആണെങ്കിലും അതിലെ ബീറ്റ് പെർ മിനിറ്റ് രണ്ടാമത്തെ ഗാനത്തിൽ കൂടുതലാണ്.

താളശൈലിയും (rhythm style) പാട്ടുകളെ വീണ്ടും വ്യത്യസ്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, ‘കായാമ്പൂ കണ്ണിൽ വിടരും’ എന്ന ഗാനവും ‘പച്ചപ്പനംതത്തേ’ എന്ന ഗാനവും രണ്ട് താളശൈലിയിലാണ് ചെയ്തിട്ടുള്ളത്. ഒരു മിനിറ്റിൽ 100 ബീറ്റുകൾ കേട്ടാൽ ആ പാട്ടിന്റെ വേഗത 100 ബീറ്റ് പെർ മിനിറ്റ് ആണ്. എന്നാൽ, കേൾക്കുന്ന ഈണത്തെയോ അതിലെ സാഹിത്യത്തെയോ ക്രമമായ ഇടവേളകളിൽ മുറിക്കുന്നവിധത്തിൽ ബീറ്റുകളെ കൂട്ടങ്ങളാക്കി തിരിക്കുമ്പോഴാണ് താളശൈലി പ്രകടമാകുന്നത്. കവിതയിൽ വൃത്തങ്ങളും ഇതുതന്നെയാണ് ചെയ്യുന്നത്.

കേൾക്കുന്ന ആകെ ബീറ്റുകളെ രണ്ടോ നാലോ എട്ടോ എണ്ണം അടങ്ങുന്ന ബാറുകൾ ആയി തിരിച്ച ശേഷം ഈ ഓരോ ബാറിലും ബീറ്റുകളെ ഏത് തരത്തിലാണ് ഗ്രൂപ്പ് ചെയ്യുന്നത് എന്നതാണ് താളശൈലിയിലെ വ്യത്യാസമായി മാറുന്നത്. സംഗീതത്തിന്റെ ഈ വശം എഴുത്തിൽ പ്രകടിപ്പിക്കാനുള്ള പരിമിതി നിലനിർത്തിക്കൊണ്ടുതന്നെ, അത് ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം.

4/4 എന്ന പാശ്ചാത്യ താളശൈലിയെ കർണ്ണാടക സംഗീതത്തിൽ ആദിതാളം എന്നാണ് വിളിക്കുക. ഇതിൽ ഛേദത്തിൽ (denominator) ഉള്ള 4 സൂചിപ്പിക്കുന്നത് ആ പാട്ടിലെ ആകെ ബീറ്റുകളുടെ എണ്ണത്തെ നാലിന്റെ ഗണങ്ങൾ ആയാണ് തിരിച്ചിരിക്കുന്നത് എന്നാണ്. അതിൽ നാല് ബീറ്റുകൾ കേൾക്കാൻ എടുക്കുന്ന സമയം കൊണ്ട് നാല് ബീറ്റുകളും വായിച്ചിട്ടുണ്ടാകും എന്നാണ് അംശത്തിലുള്ള (numerator) 4 സൂചിപ്പിക്കുന്നത്. എന്നാൽ, 3/4 ആണ് താളശൈലി എങ്കിൽ ഇതേ നാലു ബാറുകളിൽ 3 ബീറ്റുകളുടെ ആവർത്തനമായിരിക്കും ഉണ്ടാവുക. ഇതുപോലെ 2/4, 3/4, 4/4, 5/8, 6/8, 7/8 എന്നീ താളശൈലികളാണ് സാധാരണയായി നമ്മൾ കേൾക്കുന്ന സംഗീതത്തിൽ ഉപയോഗിച്ചു പോരുന്നത്. കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഇത്തരം താളഗണങ്ങൾക്ക് പ്രത്യേകം പേരുകൾ നൽകിയിട്ടുണ്ട്.

കർണ്ണാടക സംഗീതത്തിൽ കാലം എന്നൊരു പദം ഉപയോഗിക്കാറുണ്ട്. കേൾക്കുന്ന സംഗീതം അതിന്റെ താളത്തിന്റെ നേർ ഇരട്ടി താളത്തിലേക്ക് മാറിയാൽ, അത് ആദ്യം കേട്ട താളത്തിന്റെ രണ്ടാംകാലം എന്ന് വിശേഷിപ്പിക്കും. നോട്ടിന്റെ കാര്യത്തിൽ ആദ്യം കേട്ട ഫ്രീക്വൻസിയുടെ ഇരട്ടി ഫ്രീക്വൻസി കേൾക്കുമ്പോൾ നമ്മൾ അതിനെ ഫസ്റ്റ് ഓവർടോൺ എന്ന് വിശേഷിപ്പിച്ചതുപോലെ താളത്തിൽ അത് രണ്ടാം കാലം എന്നാണ് പറയുക. ഇത്തരത്തിൽ രാഗവും താളവും ശ്രുതിയും ഡൈനാമിക്‌സും (വായ്പാട്ട് ആണെങ്കിൽ സാഹിത്യരൂപവും) കൂടെ ചേരുമ്പോൾ അത് ഒരു സംഗീത രൂപമായി.

നല്ല സംഗീതജ്ഞരുടെ പ്രത്യേകത

കേൾക്കാൻ ഇമ്പമുള്ള പാട്ട് പാടുന്ന ഒരാൾ മേൽപ്പറഞ്ഞ സംഗീതത്തിന്റെ എല്ലാ സവിശേഷതകളും ഏറെക്കുറെ കൃത്യമായി പാലിക്കുന്ന ആളായിരിക്കും. ആളിന്റെ ശബ്ദവും ഇവിടെ പ്രധാനമാണ്. താളവാദ്യം വായിക്കുന്ന ആളിനാണെങ്കിൽ കൃത്യമായ ഇടവേളകൾ പാലിച്ച് വായിക്കാനും സ്ഥിരമായ വേഗതയും താളശൈലിയും നിലനിർത്താനും കഴിയേണ്ടതുണ്ട്. എന്നാൽ, സംഗീതസംവിധായകർ ഈ തരത്തിൽ ഒരു സംഗീതം അതിന്റെ പൂർണ്ണരൂപത്തിൽ മനസ്സിൽ മെനയുന്നവരാണ്. ഏത് ശ്രുതിയിൽ, ഏത് താളത്തിൽ, എത്ര ഉപകരണങ്ങൾ വായിക്കണം എന്നതും ആ സംഗീതരൂപത്തിലെ ഹാർമണിയും (വായ്പ്പാട്ടും ഉപകരണങ്ങളും അനുഗമിക്കുന്ന കോഡുകളും ഒക്കെത്തമ്മിലുള്ള ചേർച്ച) ഒക്കെ ആയാളാണ് തീരുമാനിക്കുന്നത്.

ആധുനിക സങ്കേതങ്ങൾ

ഇന്ന് സംഗീതം മറ്റെല്ലാ മേഖലകളെയും പോലെ ആധുനികസാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. ആർക്കുവേണമെങ്കിലും ഒരു പാട്ട് തെറ്റില്ലാതെ പാടാൻ ഇന്നത്തെ ടെക്‌നോളജി സഹായിക്കും. പിച്ച് ഔട്ട് ആകുകയാണെങ്കിൽപ്പോലും, റെക്കോർഡ് ചെയ്യപ്പെട്ട പാട്ടിലെ ഫ്രീക്വൻസികൾ നമുക്ക് ഇഷ്ടമുള്ള രീതിയിൽ മാറ്റാനും ശബ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ വരുത്തി അതിന്റെ ഭാവത്തിൽപ്പോലും മാറ്റം വരുത്താനും ഒക്കെ നമുക്കിന്ന് കഴിയും. പരമ്പരാഗതമായ ഉപകരണങ്ങൾക്കപ്പുറം കമ്പ്യൂട്ടറിൽ, നമ്മൾ പ്രോഗ്രാം ചെയ്‌തെടുത്ത പുതിയ ടോണുകൾ (synthesized) ഉപയോഗിച്ച് വ്യത്യസ്തരീതിയിൽ സംഗീതം അവതരിപ്പിക്കാനുമാകും. സ്റ്റേജിൽ പാട്ടുപാടുമ്പോൾ പോലും ഇത്തരം ടെക്‌നോളജികൾ നമ്മുടെ സഹായത്തിനെത്തും.

ഇത്തരത്തിൽ സംഗീതം എന്നത് കേൾവിക്കാരന്റെ അനുഭൂതി എന്നതിലപ്പുറം ഒത്തിരി ശാസ്ത്രരഹസ്യങ്ങളും ഗണിതനിയമങ്ങളും ഉൾക്കൊള്ളുന്നുണ്ട്. മനസ്സിലാക്കാൻ സങ്കീർണ്ണതകൾ ഉണ്ടെങ്കിൽപ്പോലും, മറ്റേത് മേഖലയുംപോലെ സംഗീതവും ശാസ്ത്രത്തിന് വഴങ്ങുന്ന ഒന്നുതന്നെയാണ്. അതിനപ്പുറം നിൽക്കുന്ന ഒരു സമസ്യ അല്ല.


സംഗീതത്തിന്റെ ശാസ്ത്രം – വീഡിയോ ഭാഗം 1

സുധീഷ് കുമാറും വൈശാഖൻ തമ്പിയും തമ്മിലുള്ള സംഭാഷണം.

സംഗീതത്തിന്റെ ശാസ്ത്രം – വീഡിയോ ഭാഗം 2

Happy
Happy
25 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Scientific temper and Contemporary India – Dr.D. Raghunandan
Next post ‘നീരാളിത്തോട്ടം’ കണ്ടെത്തി
Close