കാർഷിക വൃത്തിയും ആചാരാനു ഷ്ഠാനങ്ങളും ചിട്ടപ്പെടുന്നതിന്റെ ഭാഗമായാണ് എല്ലാ സംസ്കൃതിയിലും കലണ്ടറുകൾ ആവിഷ്കരിക്കപ്പെട്ടത്. ആ നിലയിൽ ഓരോ നാട്ടിലെയും കലണ്ടറുകൾ അവരുടെ കാർഷികസംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയാം.
ഋതുക്കൾ മാറിവരുന്ന കാലയളവായാണ് വർഷം കണക്കാക്കി തുടങ്ങിയത്. ദിനരാത്രങ്ങളുടെ അളവും ഋതുക്കൾക്കൊപ്പം മാറുന്നതിൽ അവയെ കൃത്യമായി നിരീക്ഷിച്ച് വർഷം ഗണിക്കാനുമായി. അയനചലനത്തിനിടെ സൂര്യൻ പരമാവധി തെക്കോ വടക്കോ എത്തുന്ന ദിവസങ്ങളെയോ സമരാത്ര ദിനങ്ങളെയോ വർഷാരംഭമായി പലരും പരിഗണിച്ചു. കൃഷിയും മറ്റും ആരംഭിക്കാൻ പറ്റിയ സമയം വസന്തവിഷുവത്തിനെ തുടർന്നുള്ള കാലമായതിനാൽ ഭാരതത്തിൽ ആ ദിവസം ആണ് വർഷാരംഭമായി മിക്കവരും പരിഗണിച്ചത്. ആ നിലയിൽ വർഷാരംഭമായി ആചരിച്ചു തുടങ്ങിയ ദിവസമാണ് ഇന്നത്തെ വിഷു.
വർഷം ഗണിക്കാൻ മറ്റൊരു രീതികൂടി ഉപയോഗപ്പെടുത്തിയിരുന്നു. അത് നക്ഷത്രങ്ങളുടെ സ്ഥാനം നോക്കിയാണ്. ആകാശത്ത് സൂര്യന്റെ സഞ്ചാരപാതയെ 12 തുല്യഭാഗങ്ങളാ യി വിഭജിച്ച് അതിലെ നക്ഷത്രകൂട്ടങ്ങൾക്ക് സങ്കല്പിക്കാവുന്ന രൂപത്തിന്റെ അടിസ്ഥാനത്തിൽ പേര് വിളിച്ച് തുടങ്ങിയത് ബാബിലോണിയക്കാരാണ്. അതാണ് മേടം മുതൽ മീനം വരെയുള്ള 12 രാശികൾ. ഗ്രീക്കുകാരിലൂടെ ആ സങ്കല്പം ഭാരതത്തിലുമെത്തി.
മാസം ഗണിക്കാൻ തുടങ്ങിയത് ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണ് എങ്കിലും 29-30 ദിവസം മാത്രമുള്ള ചാന്ദ്രമാസങ്ങളെ വർഷവുമായി ബന്ധിപ്പിക്കാൻ പ്രയാസമായതിനാലാണ് രാശികളിലെ സൂര്യന്റെ സ്ഥാനം നോക്കി മാസം ഗണിക്കുന്ന സൗരമാസ രീതി പ്രചാരത്തിലായത്. അത് പ്രകാരം സൂര്യൻ ഏത് രാശിയിലാണ് കാണപ്പെടുന്നത് എന്നു നോക്കിയാണ് മലയാളമാസം നിശ്ചയിക്കുന്നത്.
മേടമാസം ഒന്നാംതീയതി സൂര്യൻ എത്തുന്ന ദിവസം ആയിരുന്നു വസന്ത വിഷുവം എന്നതിനാൽ മേടം 1 വിഷുവുമായും ആചരിക്കാൻ തുടങ്ങി. ഞാറ്റുവേല എന്നത് ഏത് ചാന്ദ്രരാശി (അശ്വതി മുതൽ രേവതി വരെ) യിൽ സൂര്യൻ നില്ക്കുന്നു എന്നതിനെ അടിസ്ഥാന മാക്കിയാണ് പറയുന്നത്. ഇത് ഏകദേശം 1800 വർഷം മുമ്പുള്ള കഥ.
ഭൂമിയുടെ പുരസ്സരണം മൂലം (അച്ചു തണ്ട് ഏകദേശം 26000 വർഷം കൊണ്ട് പൂർത്തിയാകുന്ന തിരിച്ചിൽ) 72 വർഷം കൂടുമ്പോൾ സമരാത്രദിനത്തിലെ സൂര്യന്റെ സ്ഥാനം ഒരു ഡിഗ്രി കണ്ട് മാറും. ആവിധം മാറിമാറി ഇന്ന് മേടം ഒന്നിനല്ല സമരാത്രദിനം. മാർച്ച് 21 ആയ മീനം ഏഴിനാണ്. ഭാരതത്തിലെ രാശി സങ്കല്പവും മലയാളമാസവും അതിനനുസരിച്ച് മാറാത്തതിനാൽ മേടം ഒന്നിനാണ് നമ്മൾ ഇപ്പോഴും വിഷു ആചരിക്കുന്നതെന്ന് മാത്രം. എന്നാൽ കാലാവസ്ഥ സമരാത്രദിനത്തിനനുസരിച്ച് മാറികൊണ്ടിരിക്കുന്നു. ഞാറ്റുവേലകളിലെ കാലാവസ്ഥയും അതിനനുസരിച്ച് മാറികൊണ്ടിരിക്കുന്നു.അപ്പോൾ വിഷുവിനെയും ഞാറ്റുവേലയെയും ആധാരമാക്കിയാണ് കൃഷി നടത്തേണ്ടത് എന്നു പറയുന്നതിൽ ഇന്ന് അർത്ഥമില്ല. അത് കേവലം ആചാരം മാത്രമാണ്.
അങ്ങനെയെങ്കിൽ ഇടവപ്പാതി മേടപ്പാതി ആവേണ്ടതല്ലേ? കാലവർഷം ഇപ്പോഴും ജൂൺ 1 ന് തന്നെയാണല്ലോ ?
നമ്മുടെ കേരളത്തിലും മാർച്ച്21 തന്നെ ആകുമോ സമരാത്ര ദിനം വരിക
സൂര്യന്റെ അയനത്തിനനുസരിച്ചാണ് വിഷുവം മാറി വരുന്നത് എന്ന വസ്തുത അംഗീകരിക്കുമ്പോൾ തന്നെ, ഒരു സംശയം
നിലവിലുളള നമ്മുടെ കലണ്ടർ പ്രകാരം എല്ലാ വർഷവും മേടം 1നാണ് (ചില ഏറ്റക്കുറച്ചിലുണ്ടാകാം) അശ്വതി ഞാറ്റുവേല ആരംഭിക്കുന്നത്. വിഷുവവും രാശിചക്രവും മാറുന്ന മുറയ്ക്കു ഞാറ്റുവേലയും മാറേണ്ടതല്ലേ?
കാലാവസ്ഥയിൽ വരുന്ന മാറ്റം ഭൂമിയുടെ സൂര്യന് ചുറ്റുമുള്ള പ്രദക്ഷിണ സമയത്ത് അച്ചുതണ്ടിന്റെ ചരിവ് മൂലം നമ്മൾ ജീവിക്കുന്ന ഭൂമിയുടെ ഭാഗം ( നമുക്ക് ഉത്തരാർധഗോളം ) സൂര്യന് നേരെയുള്ള കോണുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ്. സൂര്യന്റെ അയന ചലനമായാണ് നമുക്കത് കാണുക. കാലാവസ്ഥമാത്രമല്ല ദിനരാത്രങ്ങളുടെ ഏറ്റ കുറച്ചിലും സംഭവിക്കുന്നത് അതിലൂടെയാണ്. അതിനാൽ സമരാത്രദിനം, സൂര്യൻ തെക്കേ ഭാഗത്തും വടക്കേ ഭാഗത്തും എത്തുന്ന ദിവസങ്ങൾ എല്ലാം വർഷാരംഭമായി പരിഗണിച്ചിരുന്നു. അതിൽ വസന്ത കാലത്തെ സമരാത്രദിനം എന്ന നിലയിലാണ് വിഷു വർഷാരംഭമായി പരിഗണിച്ചത്. പോരെങ്കിൽ അതിന് ശേഷമാണ് കൃഷി ആരംഭിക്കേണ്ടതെന്നതും ഈ സമരാത്രദിനം തെരെഞ്ഞെടുക്കാൻ കാരണമായി.
സൂര്യൻ ഭൂമിക്ക് ചുറ്റും കറങ്ങുമ്പോൾ നാം കാണുന്ന നക്ഷത്രങ്ങളും മാറുന്നു. അതിനാൽ സൂര്യന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രങ്ങൾ ഏതെന്ന് മനസ്സിലാക്കിയും കാലം ഗണിക്കാം. രാശിയ അതിനെ അടിസ്ഥാനമാക്കിയ മലയാളമാസവും അങ്ങിനെയാണ് കണക്കാക്കുന്നത്. ഞാറ്റുവേലയും സൂര്യന്റെ പശ്ചാത്തലത്തിലുളള നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി തന്നെ.
ഭൂമിയുടെ പുരസ്സരണം മൂലം ചരിവിന്റെ ദിശ മാറുന്നതിനാൽ നക്ഷത്രത്തെ അടിസ്ഥാനമാക്കിയ കാലഗണനയും (മാസവും ഞാറ്റുവേലയും) സമരാത്രദിനവും കാലാവസ്ഥയുമായി ബന്ധപ്പെടുത്തിയ കാലഗണനയും 72 വർഷം കൂടുമ്പോൾ ഒരു ദിവസം മാറ്റം വരും. അതായത് സൂര്യൻ ഇന്ന് മേടം രാശിയില അശ്വതി ഞാറ്റുവേലയിലും പ്രവേശിച്ചു. 1800 വർഷം മുമ്പുള്ള ഇന്നത്തെ കാലാവസ്ഥ മീനം 7 നായിരുന്നു. അന്നത്തെ കാർത്തിക ഞാറ്റുവേലയിലെ കാലാവസ്ഥ യാണ് ഇന്നിപ്പോൾ അശ്വതി ഞാറ്റുവേലയിലുണ്ടാവുക.
– ടി.കെ.ദേവരാജൻ