Read Time:29 Minute
ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം
ന്യാവസ്ഥയിലുള്ള ജന്തുക്കളെയും സസ്യങ്ങളെയും കൃത്രിമ നിർധാരണം (artificial selection) വഴി മനുഷ്യന് വളർത്താനും കൃഷിചെയ്യാനും പറ്റിയ അവസ്ഥയിലേക്ക് മാറ്റുന്നതിനെയാണ് ഇണക്കൽ എന്ന് പറയുന്നത്. കൃത്രിമ നിർധാരണം വഴിയുണ്ടാകുന്ന ജനിതകമാറ്റങ്ങൾ വന്യ സ്പീഷീസുകളിലുള്ള മനുഷ്യന് പ്രയോജന പ്രദമല്ലാത്ത സ്വഭാവങ്ങൾ ഇല്ലാതാക്കാനും ഗുണപരമായവ മെച്ചപ്പെടുത്താനും കാരണമാകുന്നു.

മനുഷ്യൻ മൃഗങ്ങളെ ഇണക്കിവളർത്താൻ തുടങ്ങിയിട്ട് പതിനായിരത്തിൽപ്പരം വർഷങ്ങളായി എന്നതിന് തെളിവുകളുണ്ട്. മധ്യശിലായുഗത്തിൽ ആരംഭിച്ച ഈ പ്രവൃത്തി വ്യാപകമായത് നവീനശിലായുഗത്തിലാണ്. കാർഷിക സസ്യങ്ങളെ വളർത്താൻ തുടങ്ങിയതും ഇക്കാലത്താണ്. ഇരതേടിയും വേട്ടയാടിയും അലഞ്ഞു നടന്ന മനുഷ്യസമൂഹങ്ങളെ കൃഷിയിലേക്കും സ്ഥിരമായി ഒരിടത്ത് താമസിക്കുന്നതിലേക്കും നയിച്ചത് ഇണക്കിവളർത്തൽ പ്രവർത്തനങ്ങളുടെ വിജയമാണ്. ജന്തുക്കളെയും സസ്യങ്ങളെയും തങ്ങൾക്കിണങ്ങുന്ന രീതിയിൽ “നന്നാക്കിയെടുക്കാൻ’ പ്രാകൃത സമൂഹങ്ങൾക്ക് കഴിഞ്ഞത് അദ്ഭുതകരമായിത്തോന്നാം. ഇന്നത്തെ പ്രധാന കാർഷികവിളകളെല്ലാം ശിലായുഗത്തിൽത്തന്നെ കണ്ടെത്തിയിരുന്നു. ജനിതകപരമായി ജീവികളെ നന്നാക്കുന്നതിന്റെ ശാസ്ത്രീയ വശങ്ങൾ മനസ്സിലായത് കഴിഞ്ഞ നൂറ്റാണ്ടിലാണ്.

ലക്ഷ്യങ്ങൾ

ഭക്ഷണത്തിനും ഭാരം വഹിക്കാനും പറ്റിയ ജന്തുക്കളെയാണ് ആദ്യഘട്ടത്തിൽ ഇണക്കി വളർത്തിയത്. മനുഷ്യനോട് ആദ്യം ഇണങ്ങിയ ജന്തു നായയാണ്. ശത്രുക്കളുടെ സാന്നിധ്യം അറിയാനും അവയെ നേരിടാനും ആദിമനുഷ്യർക്ക് നായ ഉപകരിച്ചിരിക്കണം. നായയുടെ മാംസവും ആദ്യഘട്ടത്തിൽ ഭക്ഷണമാക്കിയിരിക്കാനിടയുണ്ട്. ആടും പശുവും വളർത്തുമൃഗങ്ങളായത് വേട്ടയാടാതെ തന്നെ ഇറച്ചി കിട്ടും എന്നതിനാലായിരിക്കണം. ഭാരം വഹിക്കാനും സഞ്ചരിക്കാനും വേണ്ടിയാണ് കുതിരയെ ഇണക്കിയെടുത്തത്. പില്ക്കാലത്ത് രോമം, സിൽക്ക് എന്നിവയ്ക്ക് വേണ്ടി ഇണക്കിവളർത്തൽ ആരംഭിച്ചു. കൗതുകത്തിനും ഭംഗിക്കും വേണ്ടിയുള്ള ഇണക്കിവളർത്തൽ താരതമ്യേന വളരെ വൈകിയാണ് ആരംഭിച്ചത്.

ഭക്ഷണത്തിനുപയോഗിക്കുന്ന കിഴങ്ങുകൾ, ധാന്യങ്ങൾ എന്നിവയാണ് ആദ്യം കൃഷിചെയ്യാൻ തുടങ്ങിയത്. നാരിനുവേണ്ടിയും സസ്യങ്ങൾ പില്ക്കാലത്ത് വളർത്തിയെടുത്തു. ഉത്തേജകമരുന്നുകളുണ്ടാക്കുന്ന പുകയില, ഓപ്പിയം, പോപ്പി എന്നിവയുടെ കൃഷിയും വളരെക്കാലം മുമ്പുതന്നെ തുടങ്ങിയിരുന്നു. കാപ്പി, ചായ തുടങ്ങിയ പാനീയങ്ങളുണ്ടാക്കുന്ന സസ്യങ്ങളുടെ കൃഷിക്കും ഏതാനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഗോതമ്പുx കന്നുകാലികളും ഉള്ള കർഷകർ – 3,400 വർഷങ്ങൾക്ക് മുമ്പ് പുരാതന ഈജിപ്ഷ്യൻ കല

ഫലങ്ങൾ

കാർഷിക സസ്യങ്ങളും വളർത്തുമൃഗങ്ങളും അവയുടെ വന്യബന്ധുക്കളിൽനിന്ന് വളരെയധികം മാറിയിട്ടുണ്ട്. മനുഷ്യൻ നിയന്ത്രിച്ച ഒരുതരം പരിണാമമായി ഇതിനെ കണക്കാക്കാം. ഇതെങ്ങനെ സംഭവിക്കുന്നു എന്നതിനെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ട്. കൃത്രിമ നിർധാരണം മാത്രമാണ് ഇതിന് കാരണമാകുന്നത് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. അതേസമയം ഇടയ്ക്കിടെ പ്രത്യക്ഷമാകുന്ന മ്യൂട്ടേഷനുകൾക്ക് ഇതിൽ പ്രമുഖസ്ഥാനമുണ്ടെന്ന് കരുതുന്നവരുമുണ്ട്. ആദ്യത്തെ അഭിപ്രായത്തിനു പ്രധാനമായും ആശ്രയിക്കുന്നത് അപ്രഭാവി ജീനുകളുടെ (recessive) കാര്യമാണ്. സമയുഗ്മജാവസ്ഥയിൽ (homozygous) വന്നാൽ പ്രകടസ്വഭാവം കാണിക്കുന്ന ജീനുകളാണിവ. ഇത്തരം സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവയെ മാത്രം തിരഞ്ഞെടുത്ത് പുതിയ തലമുറ ഉണ്ടാക്കിയാൽ അവയുടെ പ്രഭാവി ജീനുകൾ സമൂഹത്തിൽ ഇല്ലാതാവും. പല സ്വഭാവങ്ങളും ഈ രീതി ഉപയോഗിച്ച് മെച്ചപ്പെടുത്താൻ പറ്റും. മ്യൂട്ടേഷനുകളുടെ പങ്കും ഇത്തരം പ്രക്രിയകളിൽ നിഷേധിക്കാൻ പറ്റില്ല. ഉദാഹരണമായി വന്യാവസ്ഥയിൽ വളരുന്ന ഗോതമ്പിനങ്ങളെല്ലാം മൂപ്പെത്തുമ്പോൾ നിലത്ത് ചരിഞ്ഞ് വീഴുന്നവ (lodging)യാണ്. മൂപ്പെത്തിയാലും വീഴാതെ നിൽക്കുന്ന ഇനങ്ങൾ ഉണ്ടായിരിക്കാൻ ഇടയുണ്ട്. അവയെ നിർധാരണം ചെയ്തതെടുത്താവണം ഇന്നത്തെ കാർഷിക ഇനങ്ങൾ ഉണ്ടായത്.

നായ്ക്കളുടെ പൂർവികർ ചെന്നായ്ക്കളാണല്ലോ. ഇവയിൽ ചിലതിൽ മ്യൂട്ടേഷൻ വഴി സ്വഭാവമാറ്റം ഉണ്ടായി മനുഷ്യരോട് കൂടുതൽ സൗഹൃദം കാണിച്ചിരിക്കാമെന്നും ഇതാണ് വളർത്തലിലേക്ക് നയിച്ചതെന്നും ചിലർ അഭിപ്രായപ്പെടുന്നു. കുതിരയെ വളർത്തുമൃഗമാക്കി മാറ്റാൻ സാധിച്ചെങ്കിലും ഇതേ ജീനസ്സിൽപ്പെടുന്ന കൂടുതൽ ഭംഗിയുള്ള സീബ്രയെ മെരുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സീബ്രകളിൽ വളർത്തലിന് അനുകൂലമായ ജനിതകമാറ്റങ്ങൾ ഉണ്ടാകാത്തതാകണം ഇതിന് കാരണം.

ഇടയന്മാരുടെയും കന്നുകാലികളുടെയും പെയിന്റിംഗ്, ടാസ്സിലി-എൻ-അജ്ജർ, അൾജീരിയ.

പ്രകൃതിയിൽ നടക്കുന്ന മ്യൂട്ടേഷനുകളും മനുഷ്യൻ തലമുറകളായി കൃത്രിമനിർധാരണം ചെയ്തുണ്ടാക്കിയ മാറ്റങ്ങളും ഇണക്കൽ പ്രക്രിയയെ ഗണ്യമായി സ്വീധീനിച്ചിരിക്കാനിടയുണ്ട്. ആദ്യകാലത്തെ പശുക്കൾ അവയുടെ കുട്ടികൾക്കാവശ്യമായ പാൽ മാത്രമേ ചുരത്തിയിരിക്കാനിടയുള്ളു. അതേപോലെ ആദ്യത്തെ കോഴികളും താറാവുകളും കൊല്ലത്തിൽ അഞ്ചോ പത്തോ മുട്ടകളിടുന്നവയായിരുന്നു. ആയിരക്കണക്കിന് തലമുറകളിലൂടെ നടത്തിയ ശ്രദ്ധാപൂർവമായ നിർധാരണമാണ് ഇന്നത്തെ അവസ്ഥയിൽ അവയെ എത്തിച്ചത്.

പ്രാചീന ചെന്നായ്ക്കളെ ഇണക്കിയെടുക്കുന്നു

30,000 വർഷം മുമ്പ്

പ്രാചീന ചെന്നായ്ക്കളെ ഇണക്കിയെടുക്കുന്നു

ചെമ്മരിയാടുകളെ ഇണക്കുന്നു

11,000 വർഷം മുമ്പ്

ചെമ്മരിയാടുകളെ ഇണക്കുന്നു

കോലാടുകളെ ഇണക്കുന്നു

8000 വർഷം മുമ്പ്

കോലാടുകളെ ഇണക്കുന്നു

പശുക്കൾ, പന്നികൾ… കൃഷിയുടെ ആരംഭം

7500-11,000 വർഷം മുമ്പ്

പശുക്കൾ, പന്നികൾ… കൃഷിയുടെ ആരംഭം

ചരിത്രം

ആദ്യമായി ഇണക്കിവളർത്തിയ മൃഗം നായയാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു; ഏകദേശം ബി.സി. 9000-ത്തിൽ ആഫ്രിക്കയിലാണ് ഇതാരംഭിച്ചത് എന്ന് പുരാവസ്തു ഗവേഷകർ സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിനായി ആടുകളെ വളർത്തിയതും ഇക്കാലത്തോടടുത്താണ്. ആധുനിക ശിലായുഗമാകുമ്പോഴേക്കും ഇന്നുള്ള മിക്ക വളർത്തു മൃഗങ്ങളെയും കാർഷിക സസ്യങ്ങളെയും മനുഷ്യർ കണ്ടെത്തിയിരുന്നു.

വളർത്തുനായിനങ്ങളായ ഡാഷ്ഹണ്ട്, ബോക്സർ, ഗ്രഹൗണ്ട് തുടങ്ങിയവ തമ്മിൽ അവയുടെ വന്യയിനങ്ങളായ ചെന്നായ, കുറുക്കൻ എന്നിവ തമ്മിലുള്ളതിലേറെ വ്യത്യാസങ്ങൾ നിലനിൽക്കുന്നു. വലിയ വ്യത്യാസമുള്ള വന്യയിനങ്ങൾ തമ്മിൽ സങ്കരം ചെയ്യിച്ചുണ്ടായതു കൊണ്ടാണ് വളർത്തുമൃഗങ്ങളുടെ വംശാവലിയിൽ വൈജാത്യമുണ്ടായതെന്ന് അനുമാനിക്കാം.

വളർത്തുമൃഗങ്ങളുടെ ജൈവസ്വഭാവത്തെ നിരീക്ഷിച്ച് ഇണക്കലിനെക്കുറിച്ച് ഡാർവിൻ വ്യക്തമായ ചില കാഴ്ചപ്പാടുകൾ വികസിപ്പിച്ചിരുന്നു. “വ്യാപകമായ ഫല ങ്ങൾ ഉളവാക്കിയ ബൃഹത്തായ ഒരു പരീക്ഷണം പ്രകൃതിപോലും ഇടപെട്ടിട്ടില്ലാത്ത ഒരു പരീക്ഷണം – ആണ് ഇണക്കലിലൂടെ മനുഷ്യൻ നടത്തിയിട്ടുള്ളത്. ഇതിൽ നിന്ന് നിർണായകമായ നിരവധി പ്രക്രിയകളാണ് ഇണക്കലിന്റെ ജീവശാസ്ത്രാടിസ്ഥാനം എന്നു വരുന്നു. ഇണക്കിയ ജീവികൾക്ക് വളരെ വലിയ വ്യത്യാസങ്ങൾ ഉണ്ടാകുന്നു എന്നതും ഈ വ്യതിയാനങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടും എന്നതുമാണ് ഇണക്കലിന്റെ പ്രധാന ഭവിഷ്യത്ത്’.

വന്യജീവികളെ ചെറു സമൂഹങ്ങളായി വേർപെടുത്തി, മറ്റ് വന്യസമഷ്ടികളുമായി ഇണചേരുന്നത് തടഞ്ഞും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നു മാറ്റി, മനുഷ്യരോടൊപ്പം പാർപ്പിച്ചുമാണ് മനുഷ്യൻ മൃഗങ്ങളെ ഇണക്കിത്തുടങ്ങിയത്. ഏതെങ്കിലും സവിശേഷതകളിൽ മേൽക്കോയ്മ പ്രദർശിപ്പിക്കുന്ന അംഗങ്ങളെ തമ്മിൽ ഇണചേർത്ത് അവയുടെ നിരവധി തലമുറകൾ സൃഷ്ടിച്ചാണ് കാലക്രമത്തിൽ വളർത്തു മൃഗങ്ങളുടെ നിരവധി സമഷ്ടികൾ ഉണ്ടാക്കിയത്.

ഇണക്കിവളർത്തുമ്പോൾ മൃഗങ്ങളുടെ രൂപത്തിലും സ്വഭാവത്തിലും വ്യത്യാസങ്ങൾ ഉണ്ടാകുന്നു. ഏതാണ്ട് എല്ലാ അവയവങ്ങൾക്കും അവയവ വ്യൂഹങ്ങൾക്കും ഇണക്കൽ മൂലം മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും മസ്തിഷ്കത്തിന്റെ ഘടനയിലാണ് ഏറ്റവും കൂടുതൽ മാറ്റങ്ങൾ ദൃശ്യമായിട്ടുള്ളത്. വളർത്തുമുയലുകളുടെയും പ്രാവുകളുടെയും തലയോട് വന്യസ്പീഷീസിനെയപേക്ഷിച്ച് ചെറുതാണെന്ന് ഡാർവിൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വളർത്തുമൃഗത്തിനും പൂർവികരായ വന്യസ്പീഷീസിനെക്കാൾ വലിയ തലയോടുള്ളതായി ഇന്നും രേഖപ്പെടുത്തിയിട്ടില്ല. വന്യയിനങ്ങളെയപേക്ഷിച്ച് വളർത്തുമൃഗങ്ങൾക്ക് തലച്ചോറിന്റെ വലുപ്പവും ഇണക്കലിന്റെ ഫലമായി കുറയുന്നുണ്ട്. ഈ കുറവ് ഇപ്രകാരമാണ്: വെള്ള എലി 0% മുയൽ 8.9% പൂച്ച 23.4%, നായ-31.1%, പന്നി 34.0% ചെമ്മരിയാട്-30.0%.

സസ്തനികളുടെ തലച്ചോറിന്റെ വിവിധ ഖണ്ഡങ്ങളുടെ വലുപ്പം താരതമ്യം ചെയ്തതിൽ നിന്ന് മസ്തിഷ്കത്തിന്റെ ഏറ്റവും വികാസം പ്രാപിച്ച് മുൻ മസ്തിഷ്കം (fore brain) വിശേഷിച്ചും നിയോകോർടക്സി(neocortex)നാണ് ഇണക്കൽ മൂലം ശോഷണം സംഭവിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സുഷുമ്നയ്ക്കും മധ്യ മസ്തിഷ്കത്തിനുമാണ് വലിയ മാറ്റം സംഭവിക്കാത്തത്. തലയിലെ ഇന്ദ്രിയാവയവങ്ങളായ മൂക്ക്, ചെവി, കണ്ണ് എന്നിവയുടെ സംവേദനക്ഷമതയിലും കുറവുണ്ടായിട്ടുണ്ട്.

വളർത്തുമൃഗങ്ങളുടെ ഒരു സ്പീഷീസിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം വന്യസ്പീഷീസിലെ അംഗങ്ങൾക്കിടയിലുള്ളതിൽനിന്നും തികച്ചും വ്യത്യസ്തമാണ്. വന്യ ജീവികളിലെ ചെറുകൂട്ടങ്ങളുടെ സ്ഥാനത്ത് വളർത്തുമൃഗങ്ങളുടെ കൂട്ടങ്ങൾ വളരെ വലുതാണ്. കൃത്രിമ നിർധാരണത്തിലൂടെ വളർത്തുമൃഗങ്ങളുടെ പെരുമാറ്റ രീതികളിലുണ്ടായ മാറ്റങ്ങളാണിത് സാധ്യമാക്കിയത്. അതിജീവനത്തിനും മേൽക്കോയ്മയ്ക്കുമായി വന്യ ഇനങ്ങൾക്കിടയിൽ നടക്കുന്ന മത്സരങ്ങൾക്ക് വിസ്തൃതമായ ആവാസ വ്യവസ്ഥ അനിവാര്യമാണ്. വലിയ കുട്ടങ്ങൾ ഇത്തരം മത്സരങ്ങൾക്ക് അവസരം നല്കുന്നില്ല. കൂടാതെ മെരുങ്ങുന്ന ഇനങ്ങളെ തിരഞ്ഞെടുത്ത് നിർധാരണം ചെയ്യുക വഴി വളർത്തുമൃഗങ്ങളുടെ സമഷ്ടികളിൽ പൊതുവേ മത്സര വാസന കുറയുന്നു.

താഴെപ്പറയുന്ന ഗുണങ്ങൾ കണക്കിലെടുത്താണ് മനുഷ്യൻ ഇണക്കി വളർത്താൻ ജന്തുക്കളെ തിരഞ്ഞെടുത്തിരുന്നത്.

ഇണക്കാൻ അനുയോജ്യമായ ഇനങ്ങൾ

സസ്യങ്ങളുടെ കാര്യത്തിൽ ഇണക്കൽ പ്രക്രിയയ്ക്ക കാലാവസ്ഥയും മണ്ണിന്റെ ഘടനയും പ്രശ്നങ്ങളാണങ്കിലും ഏത് സസ്യവും ഇതിന് പരിഗണിക്കാവുന്നതാണ്. പക്ഷേ, ജന്തുക്കളുടെ കാര്യത്തിൽ പല പ്രായോഗിക പ്രശ്നങ്ങളും ഉണ്ട്. പ്രശസ്ത ശാസ്ത്രജ്ഞനായ ജറേഡ് ഡയമോണ്ട് (Jared Diamond) അഭിപ്രായപ്പെടുന്നത് താഴെ പറയുന്ന ഗുണങ്ങൾ ഇണക്കലിന് ആവശ്യമാണെന്നാണ്.

  1. ഇണക്കാൻ വേണ്ടി പരിഗണിക്കുന്ന ജന്തു പലതരം ഭക്ഷണം കഴിക്കുന്നതായാൽ നല്ലതാണ്. മനുഷ്യനുപയോഗമില്ലാത്ത സസ്യഇനങ്ങൾ (ഉദാ. പുല്ല്) ആഹരിക്കുന്നവയായാൽ വളരെ നല്ലത്. ഭക്ഷ്യ പിരമിഡിന്റെ മുകൾഭാഗത്തുള്ള മാംസഭോജികളെ വളർത്താൻ വളരെ പ്രയാസമാണ്.
  2. മനുഷ്യന്റെ ജീവിത ദൈർഘ്യവുമായി തുലനം ചെയ്താൽ പെട്ടെന്ന് വളർച്ചയെത്തുന്ന ജന്തുക്കളെ വളർത്തിയാൽ കുറച്ചുകാലം കൊണ്ട് തന്നെ ഗുണഫലം ലഭിക്കുന്നു. ഇവയാണ് ഇണക്കി വളർത്തുവാൻ ഏറ്റവും അഭികാമ്യം.
  3. സ്വാഭാവിക പരിസ്ഥിതിയിൽ നിന്ന് മാറ്റിയാലും ഇണചേരുകയും വംശവർധനവുണ്ടാക്കുകയും ചെയ്യുന്നവയായിരിക്കണം. പാൻഡ, ആന്റിലോപുകൾ എന്നിവ ഇണക്കലിന് പറ്റാത്തവയായത് ഈ സ്വഭാവമില്ലാത്തതിനാലാണ്.
  4. മനുഷ്യനെ ആക്രമിക്കുന്നവയെയും മനുഷ്യന്റെ സാന്നിധ്യത്തിൽ പേടിച്ചരണ്ട രീതിയിൽ പെരുമാറുന്നവ (ഉദാ. ഗസൽ എന്ന മാൻ)യെയും വളർത്താൻ പറ്റിയതല്ല.
  5. സാമൂഹ്യശ്രേണി മാറ്റാൻ തയ്യാറുള്ളവയാവണം. സമൂഹമായി ജീവിക്കുന്ന ജന്തുക്കൾ അവയുടെ നൈസർഗിക പരിസ്ഥിതിയിൽ നിലനിന്നിരുന്ന സാമൂഹ്യശ്രേണീബന്ധത്തിൽ അയവു വരുത്തുകയും മനുഷ്യന്റെ നേതൃത്വം അനായാസേന സ്വീകരിക്കുകയും ചെയ്യുന്നവയാകണം.

വിവിധ വളർത്തുമൃഗങ്ങളെ ആദ്യമായി വളർത്തിയ സ്ഥലവും കാലവും കണ്ടെത്തുന്നതിന് പല മാർഗങ്ങളും അവലംബിക്കാറുണ്ട്. മനുഷ്യാവശിഷ്ടങ്ങളോടൊപ്പം ലഭിക്കുന്ന ജന്തുക്കളുടെ അവശിഷ്ടങ്ങളും സസ്യഭാഗങ്ങളും പ്രത്യേക പഠനത്തിന് വിധേയമാക്കിയാണ് ഇണക്കലിനെക്കുറിച്ചുള്ള അറിവുകൾ ശേഖരിക്കുന്നത്. ജന്തുക്കൾ കൊല്ലപ്പെട്ട പ്രായവും രീതിയും കണക്കിലെടുക്കാറുണ്ട്. ആധുനിക രീതിയായ മൈറ്റോകോൺഡ്രിയൽ ഡിഎൻഎ പഠനങ്ങളും അടുത്തകാലത്ത് ഈ രംഗത്ത് ഉപയോഗിക്കാറുണ്ട്. ഈ രീതികളുപയോഗിച്ച് ഇന്നത്തെ പശുക്കൾ വംശനാശം ബോസ് പ്രിമിജീനിയസ് (Bos primigenius) എന്ന സ്പീഷീസിൽ നിന്നുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലും വെവ്വേറെ കന്നുകാലിയിനങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു.

വളർത്തുനായ്ക്കളുടെ വംശാവലിയെക്കുറിച്ച് ഇന്നും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. കാനിസ് ലാറ്ററൻസ് (Canis latrans) കാനിസ് (Canis lupus) എന്നീ ചെന്നായ് ഇനങ്ങളും കാനിസ് ഓറിയസ് (Canis aureus) എന്ന കുറുക്കനും വളർത്തുനായ്ക്കളുടെ പൂർവികരായിരിക്കാൻ സാധ്യതയുണ്ടെന്ന് വ്യത്യസ്ത പക്ഷങ്ങളുണ്ട്. എന്നാൽ തലയോടിന്റെ ഘടന, പല്ലുകൾ, മസ്തിഷ്കം, പെരുമാറ്റം, ഹൃദയം, രക്തത്തിലെ പ്രോട്ടീനുകൾ എന്നിവയെല്ലാം സൂചിപ്പിക്കുന്നത് വളത്തു നായ്ക്കൾ കാനിസ് ലൂപസ് എന്ന ചെന്നായയിൽ നിന്നുണ്ടായി എന്നാണെന്ന് ഭൂരിഭാഗം പരിണാമ ജീവശാസ്ത്രജ്ഞരും കരുതുന്നു. നാട്ടുപൂച്ചകളെല്ലാം ഫെലിസ് സിൽവെസ്ട്രിസ് (Felis silvestris) എന്ന വന്യ ഇനത്തിൽനിന്നും പരിണമിച്ചുണ്ടായതാണെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഒറ്റക്കുളമ്പുള്ള അംഗുലേറ്റുകളിൽ നിന്നാണ് ആധുനിക കുതിരയും കഴുതയും രൂപം കൊണ്ടത്. ഇരട്ടക്കുളമ്പുള്ള അംഗുലേറ്റുകൾ പന്നി, ഒട്ടകം അയവിറക്കുന്ന മൃഗങ്ങൾ തുടങ്ങി നിരവധി വളർത്തുമൃഗങ്ങളുടെ പൂർവികരാണ്. യൂറോപ്യൻ ചെമ്മരിയാടുകളെല്ലാം ഓവിസ് അമ്മൺ (Ovis ammon) എന്ന വന്യജനത്തിൽ നിന്നുണ്ടായവയാണ്.

ആടുകളുടെ വന്യ ഇനങ്ങൾ തമ്മിൽ വളരെയധികം അന്തരമുള്ളതിനാൽ ഏതെങ്കിലും ഒരു പ്രത്യേക സ്പീഷീസിന് പൊതു പൂർവികസ്ഥാനം നൽകുക ക്ലേശകരമാണെങ്കിലും കാപ്ര എയ്ഗ്രസ് (Capra aegagrus) എന്ന ബെസോവ ആടിൽ (Bezoa goat) നിന്നാണ് ഇന്നത്തെ നാട്ടാടുകൾ ഉണ്ടായത് എന്ന് കരുതപ്പെടുന്നു. ചുവപ്പ് കാട്ടുകോഴിയിൽ (red jungle fowl Gallus gallus) നിന്നാണ് നാട്ടുകോഴികൾ പരിണമിച്ചുണ്ടായത്.

ഏതാനും ജന്തുക്കളെ വളർത്തിയെടുത്ത കാലവും സ്ഥലവും പട്ടികയിൽ കാണിച്ചിരിക്കുന്നു.

ഏഷ്യയിലാണ് കാർഷിക സസ്യങ്ങൾ ആദ്യമായി വളർത്തിത്തുടങ്ങിയത്. സിറിയയിൽ റൈ (rye) എന്ന ധാന്യം ബി.സി. 9000-ൽത്തന്നെ കൃഷിചെയ്യാൻ തുടങ്ങിയിരുന്നു. ബി.സി. 8000-ൽത്തന്നെ ചുരയ്ക്ക (Bottle Gourd) വളർത്തൽ ഏഷ്യയിൽ തുടങ്ങി. ഇതിന്റെ കായ്കൾ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നു. സഞ്ചാരികൾ വഴി ഇത് ബി.സി. 8000-ൽ അമേരിക്കയിലുമെത്തി.

മധ്യേഷ്യയിൽ ബി.സി. 9000-ൽത്തന്നെ ധാന്യങ്ങൾ കൃഷിചെയ്യാൻ തുടങ്ങി. ഗോതമ്പിനങ്ങളുടെ ഒപ്പം വലിയ വിത്തുകളുള്ള പയറിനങ്ങളും ആദ്യകാലത്ത് കൃഷി ചെയ്തിരുന്നു. മധ്യപൗരസ്ത്യദേശത്ത് കാലാവസ്ഥയും നിമ്നോന്നതമായ ഭൂപ്രകൃതിയും വാർഷിക സസ്യങ്ങളുടെ മാറ്റത്തിൽ സഹായിച്ചു; പലതും വർഷത്തിൽ രണ്ട് തവണ കൃഷിചെയ്യാൻ പറ്റിയവയായി. നെല്ലും, ഗോതമ്പും, ചോളവുമാണ് മനുഷ്യന്റെ സാംസ്കാരിക വളർച്ചയെ ഏറ്റവും സ്വാധീനിച്ചത്. വർഷം മുഴുവൻ ശേഖരിച്ചുവച്ച് ഉപയോഗിക്കാമെന്നതാണ് ധാന്യങ്ങൾക്ക് പഴങ്ങളെയും പച്ചക്കറികളെയും അപേക്ഷിച്ച് സ്വാധീനം വരാൻ കാരണം. ആദ്യം കൃഷിചെയ്ത വൃക്ഷങ്ങൾ ആപ്പിൾ, ഒലീവ് എന്നിവയായിരുന്നു

ഓരോ പ്രദേശത്തും സ്വാഭാവികമായി കാണുന്ന ഇനങ്ങളിൽ നിന്നാണ് പറ്റിയ ഇനങ്ങളെ ആദിമമനുഷ്യർ കണ്ടെത്തിയത്. ചോളം, ബീൻസ്, കസ്സവ എന്നിവ അമേരിക്കൻ സസ്യങ്ങളാണ്. അരി, സോയ, മില്ലറ്റ് എന്നിവ പൂർവേഷ്യൻ പ്രദേശത്ത് നിന്ന് കണ്ടെത്തിയവയാണ്.

പ്രകൃതി നിർധാരണവും കൃത്രിമനിർധാരണവും

പ്രകൃതി നിർധാരണത്തിൽ അനേകം സ്വഭാവങ്ങൾ ഒന്നിച്ച് നിർധാരണം ചെയ്യപ്പെടുന്നു. സ്വാഭാവികമായും അതിജീവനശേഷിക്കാണ് പ്രാമുഖ്യം ലഭിക്കുന്നത്. കൂടുതൽ വിളവ് തരുന്ന സസ്യം അതിജീവനശേഷി കുറഞ്ഞതാണെങ്കിൽ പ്രകൃതിയിൽ നിർധാരണം ചെയ്യപ്പെടുകയില്ല. മനുഷ്യൻ ഇടപെടുന്ന നിർധാരണത്തിൽ കൂടുതൽ വിളവ് തരുന്ന സസ്യങ്ങളും കൂടുതൽ പാൽതരുന്ന പശുക്കളും തിരഞ്ഞെടുക്കപ്പെടുകയും അടുത്ത തലമുറ സൃഷ്ടിക്കാൻ ഇവയെ മാത്രം ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. ഇതുകൊണ്ട് മനുഷ്യൻ സൃഷ്ടിക്കുന്ന ഇനങ്ങൾക്ക് രോഗപ്രതിരോധ ശക്തിപോലുള്ള ഗുണങ്ങൾ വന്യസ്പീഷീസുകൾക്കുള്ളതുപോലെ ഉണ്ടാവില്ല. അവയ്ക്ക് സ്വാഭാവിക സാഹചര്യത്തിൽ വളരാൻ കഴിവ് വളരെ കുറവായിരിക്കും. ഏറ്റവും നല്ല ഉദാഹരണം പട്ടുനൂൽ പുഴുവാണ്. പ്രകൃതിയിൽ മറ്റ് ശലഭങ്ങളെപ്പോലെ ജീവിച്ചിരുന്ന ഒന്നാണ് ഇതിന്റെ പൂർവികർ. കൃത്രിമസാഹചര്യത്തിൽ വെയിലും മഴയുമേല്ക്കാതെ ഏറ്റവും കൂടുതൽ സിൽക്ക് തരുന്നവയെ മാത്രം വളർത്തിയാണ് ഇന്നത്തെ അത്യുത്പാദനശേഷിയുള്ള പട്ടുനൂൽ പുഴുക്കളെ ഉണ്ടാക്കിയെടുത്തത്. ഇതിന്റെ ഫലമായി എളുപ്പം രോഗം വരുന്ന, മഴ നനഞ്ഞാൽ ചത്തു പോകുന്ന ഇനങ്ങളായി ഈ ഷഡ്പദങ്ങൾ മാറിയിരിക്കുന്നു. വെറും 5000 വർഷം കൊണ്ടാണ് ഈ മാറ്റം. നമ്മുടെ കാർഷികസസ്യങ്ങൾ എല്ലാം പ്രത്യേക പരിചരണവും വളപ്രയോഗവും ഉണ്ടെങ്കിൽ മാത്രമേ വളരുകയുള്ളു.

ജനിതക മലിനീകരണം

വളർത്തുമൃഗങ്ങൾ ചിലപ്പോൾ വന്യാവസ്ഥയിലേക്ക് തിരിച്ചുപോയി ചെറിയ സമൂഹങ്ങളായി ജീവിക്കാറുണ്ട്. ഇവയെ ഫെറൽ സമൂഹങ്ങൾ എന്നാണ് പറയുക. ജനിതകമായി ബന്ധമുള്ള വന്യജീവികളുമായി ഇവയ്ക്ക് പലപ്പോഴും ഇണചേരാനും സന്തതികളെ ഉത്പാദിപ്പിക്കാനും പറ്റും. ഇത്തരം സന്തതികൾ വന്യസ്പീഷീസുകളെക്കാൾ അതിജീവനക്ഷമത കുറഞ്ഞവയായിരിക്കും. മാത്രമല്ല ഈ അതിജീവനക്ഷമത കുറഞ്ഞവ മറ്റംഗങ്ങളുമായി ഇണചേർന്നാൽ വന്യസ്പീഷീസിന്റെ മൊത്തം നാശത്തിലേക്ക് വഴിവയ്ക്കും. ഇതിനെയാണ് ജനിതക മലിനീകരണം എന്ന് പറയുന്നത്. വന്യാവസ്ഥയിലുള്ള പട്ടുനൂൽപുഴു സ്പീഷീസുകൾക്ക് വംശനാശം വരാൻ കാരണം ഇത്തരം ജനിതക മലിനീകരണമാവാനിടയുണ്ട്. ആദ്യഘട്ടത്തിൽ മനുഷ്യൻ വളർത്തിയ, കൂടുതൽ സിൽക്ക് ഉത്പാദിപ്പിച്ചിരുന്ന ഇനങ്ങളിൽ ചിലത് വന്യ സ്പീഷീസുകളുമായി ഇണചേർന്ന് അവയുടെ അതിജീവനശേഷി കുറിച്ചിട്ടുണ്ടാവണം. ചുവന്ന കാട്ടുകോഴി, മല്ലാർഡ് താറാവ്, കാട്ടുപൂച്ച തുടങ്ങിയവ ഇന്ന് ഈ രീതിയിൽ വംശനാശഭീഷണി നേരിടുന്നതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

കാർഷികസസ്യങ്ങളിൽ വന്ന മാറ്റങ്ങൾ വളർത്തൽ പ്രക്രിയ കൊണ്ട് കാർഷിക സസ്യങ്ങളിൽ വന്ന പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്.

  1. മുളയ്ക്കുന്ന വിത്തുകളുടെ അനുപാതം കൂടി.
  2. ഒരേ സമയത്ത് എല്ലാ വിത്തുകളും മുളയ്ക്കുന്ന സ്വഭാവം വന്നു.
  3. സസ്യത്തിൽ സ്വാഭാവികമായി ഉത്പാ ദിപ്പിക്കുന്ന വിഷവസ്തുക്കൾ കുറഞ്ഞു.
  4. ബയോമാസ്സിന്റെ വിതരണത്തിൽ മാറ്റം വന്നു (ഫലങ്ങൾ, വേര്, കാണ്ഡം എന്നിവ തമ്മിലുള്ള അനുപാതം മാറി).
  5. ജീവിത ചക്രത്തിൽ മാറ്റം വന്നു. വാർഷിക സസ്യങ്ങൾ വർഷത്തിൽ രണ്ട് ജീവിത ചക്രം പൂർത്തിയാക്കുന്നവയായി. ബഹുവർഷികൾ (perennial) പലതും വാർഷിക സസ്യങ്ങളായി.

മൃഗജന്യരോഗങ്ങൾ

വളർത്തുമൃഗങ്ങളിൽ വന്യസ്പീഷീസുകളിലെക്കാൾ രോഗങ്ങൾ കൂടുതലാണ്. പല രോഗങ്ങളും മനുഷ്യരിലേക്ക് പകരുന്നു. ഇവയെ ജന്തുജന്യ രോഗങ്ങൾ (Zoonosis) എന്ന് പറയുന്നു. പ്ലേഗ്, ക്ഷയം, പേപ്പട്ടി വിഷ ബാധ, ഫ്ളു എന്നിവ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളാണ്. നായ്ക്കളിൽ നിന്ന് 60 രോഗങ്ങൾ മനുഷ്യരിലേക്ക് പകർന്നിട്ടുള്ളതായി അറിവുണ്ട്.


Happy
Happy
35 %
Sad
Sad
0 %
Excited
Excited
35 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
29 %

2 thoughts on “ഇണക്കി വളർത്തലും പരിണാമവും

Leave a Reply

Previous post BRAIN BATTLE – ക്വിസ് മത്സരം ആലപ്പുഴ കാർമൽ എഞ്ചിനിയറിംഗ് കോളേജിൽ
Next post ഇന്നല്ല വിഷു !!
Close