പി.ആര്‍ മാധവപ്പണിക്കര്‍
പ്രൊഫസര്‍, രാജഗിരി എഞ്ചിനിയറിംഗ് കോളേജ്, കൊച്ചി
ഇന്ത്യൻ ബഹിരാകാശ ഗവേഷണപ്രവർത്തനങ്ങളുടെ പിതാവായ വിക്രം സാരാഭായിയെ നേരിൽക്കാണാനും സംസാരിക്കാനും കഴിഞ്ഞ, വി.എസ്.എസ്.സി. യിൽ മുപ്പതിലേറെ വർഷക്കാലം ഗവേഷകനായി പ്രവർത്തിച്ച പ്രൊഫ.പി.ആര്‍ മാധവപ്പണിക്കരുടെ ഓർമക്കുറിപ്പ്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങളുടെ പിതാവായി അംഗീകരിക്കപ്പെട്ടിട്ടുള്ള വിക്രം സാരാഭായിയുടെ 50ാം ചരമ വാർഷികദിനമാണ് ഇന്ന്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ISRO) ചന്ദ്രയാൻ 2 ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണല്ലോ.. സമീപഭാവിയിൽത്തന്നെ ഐ.എസ്.ആർ.ഒ. ദീർഘകാല പരീക്ഷണങ്ങൾ നടത്താൻ പാകത്തില്‍ ബഹിരാകാശത്ത് ഒരു പരീക്ഷണനിലയം സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. മനുഷ്യനെ ബഹിരാകാശത്തെത്തിച്ച് തിരികെ കൊണ്ടുവരാനുള്ള മറ്റൊരു പദ്ധതിയുമുണ്ട്. ഈ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ നാം ഏറ്റവും കൂടുതല്‍ സ്മരിക്കേണ്ട വ്യക്തിയാണ് വിക്രം സാരാഭായി. അദ്ദേഹം തുടക്കം കുറിച്ചതും സ്വപ്നം കണ്ടതുമായ കാര്യങ്ങളുടെ തുടര്‍ച്ച കൂടിയാണീ നേട്ടങ്ങള്‍.
1919 ആഗസ്റ്റ് 12 ാം തീയതിയാണ് വിക്രം സാരാഭായ് ജനിച്ചത്. വിക്രം അംബാലാൽ സാരാഭായ് എന്നാണ് മുഴുവൻ പേര്. വൻകിട വ്യാപാരികളുടെ കുടുംബമായിരുന്നു സാരാഭായിയുടേത്. ആ വലിയ കുടുംബത്തിലെ അംഗങ്ങളെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരായിരുന്നു. എടുത്തുപറയേണ്ട മറ്റൊരു കാര്യം സാരാഭായ് കുടുംബത്തിന്റെ പരിസ്ഥിതിസ്നേഹമാണ്. രാജ്യസ്നേഹത്തിന്റെ കാര്യത്തിലും പരിസ്ഥിതിസ്നേഹത്തിന്റെ കാര്യത്തിലും വിക്രം സാരാഭായ് എന്നും മുന്നിലായിരുന്നു. വിക്രം സാരാഭായിയുടെ മരണശേഷം ഐ.എസ്.ആർ.ഒ.യുടെ സാരഥ്യം ഏറ്റെടുത്ത ശാസ്തജ്ഞരെല്ലാം സാരാഭായ് കാട്ടിക്കൊടുത്ത പരിസ്ഥിതിസ്നേഹം തുടർന്നുപോന്നുവെന്നു കൂടി ഇവിടെ പറയട്ടെ.
ഐ.എസ്.ആർ.ഒ. രൂപംകൊള്ളുന്നു
1971 ജൂണിൽ ഈ ലേഖകൻ ഐ.എസ്.ആർ.ഒ.യിൽ ചേർന്നു. അന്നത് ഐ.എസ്. ആർ.ഒ. ആയിട്ടില്ല, സർക്കാർ സ്ഥാപനവും ആയിരുന്നില്ല. ഞാൻ ചേർന്ന സ്ഥാ പനത്തിന്റെ പേര് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെന്റർ (SSTC) എന്നായിരുന്നു. തിരുവനന്തപുരം നഗരകേന്ദ്രത്തിൽനിന്ന് സുമാർ 20 കി.മീ. ദൂരെയുള്ള വേളിമലയിലായിരുന്നു ആ സ്ഥാപനം. അവിടെ, താഴെ, അറബിക്കടലിനോടു ചേർന്നു തുമ്പയിൽ മറ്റൊരു സുപ്രധാന പ്രവർത്തനകേന്ദ്രമായ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ (TERLS) പ്രവർത്തിച്ചു. ഈ രണ്ടു സ്ഥാപനങ്ങൾക്കുമിടയിലായി, റോക്കറ്റുമായി ബന്ധപ്പെട്ട ഗവേഷണ – നിർമാണ പ്രവർത്തനങ്ങൾ നടത്താനുള്ള മറ്റുചില ചെറുസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവയെല്ലാം ചേർന്നാണ്, പിന്നീട്, വിക്രം സാരാഭായിയുടെ മരണശേഷം, വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) രൂപംകൊണ്ടത്. – കോസ്മിക് വികിരണങ്ങളെപ്പറ്റിയുള്ള ഗവേഷണ പ്രവർത്തനത്തിനായിരുന്നു വിക്രം സാരാഭായിക്ക് പിഎച്ച്.ഡി. ബിരുദം ലഭിച്ചത്. അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു കോസ്മിക് – വികിരണങ്ങൾ. അതുകൊണ്ടുതന്നെയാവണം, ഇവയെപ്പറ്റി കൂടുതൽ പഠനം നടത്തുവാൻ ഒരു വിശേഷാൽ പരീക്ഷണശാല വേളിയിൽ സ്ഥാപിച്ചത്. (സാരാഭായിയുടെ മരണശേഷം ആ പരീക്ഷണശാല നിർത്തലാക്കി.) ആ പരീക്ഷണ ശാലയോടുചേർന്ന്, ഇലക്ട്രോണിക് ഉപാധികൾ രൂപകല്പനചെയ്തു വികസിപ്പിക്കുന്നതിനായി ഒരു പരീക്ഷണശാലയും ഉണ്ടായിരുന്നു. അവിടെയായിരുന്നു ഈ ലേഖകന് ആദ്യം കിട്ടിയ ഇരിപ്പിടം. അതിനാൽ, സാരാഭായിയെ നേരിൽ കാണാനും സംസാരിക്കാനും അവസരമുണ്ടായി.
ലളിതമായ വേഷം
1971 ഡിസംബർ 30. സാരാഭായിയുമായി എന്റെ ആദ്യത്തേതും അവസാനത്തേതുമായ കൂടിക്കാഴ്ച അന്നായിരുന്നു. രാവിലെ 10 മണിക്കടുത്ത് അദ്ദേഹം ഞങ്ങളുടെ പരീക്ഷണശാലയിൽ വന്നു. എന്നെക്കൂടാതെ മൂന്നോ നാലോ പേർ മാത്രമാണ് അവിടെ പ്രവർത്തിച്ചിരുന്നത്. മറ്റുള്ളവരെ മുമ്പു വന്നപ്പോൾ അദ്ദേഹം പരിചയപ്പെട്ടിട്ടുണ്ടാവണം, അവരെ ഓർക്കുന്നുണ്ടാവണം. എന്നോട് മാത്രം അദ്ദേഹം സംസാരിച്ചു. പേരും പഠിച്ചതെവിടെയെന്നും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മറ്റും അന്വേഷിച്ചു. അത് ഔപചാരികമായ അന്വേഷണമായി തോന്നിയില്ല. ഒന്നോ രണ്ടോ മിനിറ്റു നേരത്തെ കൂടിക്കാഴ്ച. അത്രമാത്രം. ഓരോ വാക്കും എത്ര ശ്രദ്ധയോടെയാണ് അദ്ദേഹം കേൾക്കുന്നത്. ഇത്രയും വലിയ മനുഷ്യനാണ് എന്നോട് ഇത്രയടുത്തുനിന്ന് സംസാരിക്കുന്നതെന്ന് വിശ്വസിക്കാൻ ആയില്ല. അദ്ദേഹത്തോടൊപ്പം എസ്.എസ്.ടി.സി.യുടെ ഡയരക്ടറും മറ്റു മുതിർന്ന ശാസ്ത്രജ്ഞരും ഉണ്ടായിരുന്നിരിക്കാം. അതൊന്നും ഓർമയിൽ വരുന്നില്ല. കാരണം, എന്റെ ശ്രദ്ധ മുഴുവൻ തിളങ്ങുന്ന കണ്ണുകളുള്ള, കൊച്ചുമുഖമുള്ള, ശുഭ്രവസ്ത്രധാരിയായ സാരാ ഭായ് എന്ന ആ മനുഷ്യനിലായിരുന്നു. എത്ര ലളിതമായ വസ്ത്രധാരണം – പൈജാമയും ജുബ്ബയും സാധാരണ ചെരിപ്പും!
സാധാരണക്കാരുടെ പക്ഷത്തുനിന്ന ശാസ്ത്രജ്ഞൻ
വേഷത്തിലെന്നപോലെ, ചിന്തകളിലും അദ്ദേഹം ഡംഭ് കാട്ടിയില്ല. സാധാരണക്കാരായ ഇന്ത്യക്കാരുടെ പക്ഷത്തുനിന്നാണ് അദ്ദേഹം ഭാവി പരിപാടികളെപ്പറ്റി ചിന്തിച്ചത്. ഇന്ത്യയെ നന്നായറിയുന്ന ഒരു നേതാവിന്റെ ചിന്തകളായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യൻ ബഹിരാകാശ പദ്ധതികൾ ഭാവിയിൽ എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി അദ്ദേഹം വിഭാവനം ചെയ്തത് വ്യക്തമാക്കുവാൻ, അദ്ദേഹം പറഞ്ഞ ഒരു കാര്യമിതാ:
We do not have the fantasy of competing with the economically advanced nations in the exploration of the moon or the planets or manned space flight. But we are convinced that we must be second to none in the application of advanced technologies to the real problems of man and society.
നടപ്പാക്കാൻ കഴിയാതെപോയ സ്വപ്നം
സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ എന്തൊക്കെയാണ്? ആഹാരം, വസ്ത്രം, ശുദ്ധജലം, പാർപ്പിടം എന്നിവയുമായി ബന്ധപ്പെട്ടവയാണ് യഥാർഥ പ്രശ്നങ്ങൾ. എല്ലാവർക്കും ആഹാരം, കൃത്യമായ വസ്ത്രം, കുടിവെള്ളം, താമസസൗകര്യം എന്നിവയൊക്കെ ഇന്നും സ്വപ്നങ്ങളും വാഗ്ദാനങ്ങളും മാത്രമാണല്ലോ. ഈ ദുരവസ്ഥ ഇല്ലാതാക്കുവാൻ ചെറുതല്ലാത്ത പങ്കുവഹിക്കുവാൻ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ നേരിട്ടും അല്ലാതെയും പ്രയോഗിക്കുവാൻ സാധിക്കണം. ഗവേഷണ പ്രവര്‍ത്തനങ്ങളെ അതില്‍ നിന്നും വ്യതിചലിപ്പിക്കാൻ ആവാത്ത വിധത്തിലുള്ള പഥത്തിലാക്കാൻ അദ്ദേഹത്തിന് സമയം കിട്ടിയില്ല. അതിനുള്ള അടിത്തറ പാകുന്നതിന് മുമ്പ് തന്നെ അദ്ദേഹം വിടപറഞ്ഞു. ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് നൂതനമായ ഒട്ടേറെ സാങ്കേതികവിദ്യകളുണ്ട്. സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കപ്പെടണം, അതിനാവശ്യമായ പഠനപ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും നടത്തണം. അതിനാവണം ഊന്നൽ എന്ന് അദ്ദേഹം ആഗ്രഹിച്ചു. നമ്മുടെ സമൂഹത്തിലെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണം. അക്കാര്യത്തിൽ നാം ആരുടെയും പിന്നിലാവരുത് എന്നതായിരുന്നു ആ സ്വപ്നം.
1971 ഡിസംബറിലെ സന്ദർശനത്തെപ്പറ്റി ഞാൻ പറഞ്ഞല്ലോ. അന്നു ഞങ്ങളുടെ പരീക്ഷണശാലയിലെ സന്ദർശനം കഴിഞ്ഞ് മറ്റു വിവിധ പ്രവർത്തനങ്ങളിലെ പുരോഗതി വിലയിരുത്തുന്നതിൽ അദ്ദേഹം മുഴുകി. രാത്രി ഏറെ വൈകിയാണ് അദ്ദേഹം തുമ്പയിൽനിന്ന് താമസസ്ഥലമായ കോവളത്തെ ഹോട്ടലിലേക്കു പോയത്. ആ രാത്രിതന്നെ അദ്ദേഹം അതിതീവ്രമായ ഹൃദയാഘാതത്തിനു കീഴടങ്ങി. ശരീരത്തിനാവശ്യമായ വിശ്രമം കൊടുക്കാതെ, കൃത്യമായ പരിശോധനകൾ നടത്താതെ, കൃത്യനിർവഹണത്തിലേർപ്പെട്ടതിന്റെ പരിണതഫലമാവണം ആകസ്മികമായ ആ അകാലമരണം.
കടപ്പാട് : 2019 ആഗസ്റ്റ് ലക്കം ശാസ്ത്രകേരളം