ലോകത്തേറ്റവും വലിയ ക്യാമറ, ചിത്രങ്ങൾ എടുത്തുതുടങ്ങി. ചിലിയിലെ ആൻഡീസ് പർവതനിരകളിലെ സെറോ പാചോണിലെ വേരാ സി റൂബിൻ ടെലസ്കോപ്പിലാണ് 3200 മെഗാപിക്സൽ റെസല്യൂഷനിൽ പ്രപഞ്ചചിത്രങ്ങൾ നൽകുന്ന ഈ ക്യാമറ ഉള്ളത്. ആദ്യ പരീക്ഷണചിത്രങ്ങൾ വാനനിരീക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യചിത്രങ്ങളിൽത്തന്നെ ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളും ദശലക്ഷക്കണക്കിന് ഗാലക്സികളും കാണാനായി.

The Cosmic Treasure Chest – Credit: NSF–DOE Vera C. Rubin Observatory

ഒരു വെർച്വൽ ടൂർ

(ഫുൾസ്ക്രീനിൽ ഫുൾ റസല്യൂഷനിൽ കാണുമല്ലോ)

വേരാ സി റൂബിൻ ഒബ്സർവേറ്ററി

അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷനും ഡിപാർട്‌മെന്റ് ഓഫ് എനർജിയും സംയുക്തമായി 810 മില്യൺ ഡോളർ ചെലവിട്ട് നിർമ്മിച്ചതാണ് ഈ ജ്യോതിശാസ്ത്രനിരീക്ഷണാലയം. ഓരോ ചിത്രവും പൂർണ്ണമായി പ്രദർശിപ്പിക്കണമെങ്കിൽ നൂറുകണക്കിന് HDTV കൾ നിരത്തിവയ്ക്കേണ്ടിവരും. പലതരം ഫിൽട്ടറുകൾ ഉപയോഗിക്കാൻ കഴിയുന്ന ഈ ക്യാമറയിൽ അൾട്രാവയലറ്റ് മുതൽ ഇൻഫ്രാറെഡിന്റെ അടുത്തുവരെയുള്ള പ്രകാശങ്ങളിൽ ചിത്രങ്ങൾ എടുക്കാനാവും. പത്തുവർഷത്തോളം ഓരോ രാത്രിയിലും തെക്കേ അർദ്ധഗോളത്തിലെ ആകാശക്കാഴ്ചകൾ ആണ് ഈ ടെലസ്കോപ്പ് ചിത്രീകരിക്കാൻ പോകുന്നത്. നിർമ്മാണം തുടങ്ങി പത്തുവർഷത്തിനുശേഷം പണിപൂർത്തിയായ അതിൽനിന്നും ആദ്യചിത്രങ്ങൾ ആണ് ഇപ്പോൾ ലഭ്യമായത്.

മൂന്നു ടൺ ഭാരമുള്ള ഒരു കാറിന്റെ വലിപ്പമുള്ള ഇതിലെ ക്യാമറയിലെ 189 ലൈറ്റ് സെൻസറുകൾ ക്യാമറയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ചിത്രങ്ങൾക്കു കൂടുതൽ വ്യക്തത ലഭിക്കാനുമായി -100 ഡിഗ്രി സെന്റീഗ്രേഡിൽ തണുപ്പിച്ചുനിർത്തിയിരിക്കുകയാണ്. 30 സെക്കന്റുകൊണ്ട് ഒരു 3200 മെഗാപിക്സൽ ഫോട്ടോ എടുക്കാൻ ശേഷിയുള്ള ക്യാമറ അഞ്ചുസെക്കന്റുകൊണ്ട് അടുത്തചിത്രമെടുക്കാൻ തയ്യാറാവും. മൂന്നു ദിവസം കൊണ്ട് ചിലിയിലെ കാണാവുന്ന ആകാശത്തിന്റെ ആയിരത്തോളം ചിത്രങ്ങൾ പകർത്തിയശേഷം വീണ്ടും ആദ്യം മുതൽ ചിത്രമെടുക്കൽ തുടരും. പോകെപ്പോകെ പ്രപഞ്ചത്തിന്റെ ഒരു ടൈം‌ലാപ്സ് മൂവി ഉണ്ടായിവരും. തൊട്ടുമുൻപ് എടുത്ത ചിത്രത്തിലെ വസ്തുവുമായി അനക്കത്തിലോ, തിളക്കത്തിലോ, അതോ പുതിയതായി കാണുന്നതോ ആയി വല്ലതും കണ്ടാൽ ചിത്രം അയച്ച് ഒരു മിനിട്ടിനുള്ളിൽത്തന്നെ കാലിഫോർണിയയിലെ ലാബറട്ടറിയിൽ അപ്പോൾത്തന്നെ അതിനെപ്പറ്റി സൂചന ലഭിക്കും. ഒറ്റ രാത്രിയിൽത്തന്നെ ഒരുകോടിയോളം വ്യത്യാസങ്ങൾ അവിടെ അനലൈസ് ചെയ്യാനുമാവും.

The Trifid (upper-right) and Lagoon (centre) Nebulae as viewed with the Vera C. Rubin Observatory
NSF-DOE Vera C. Rubin Observatory

ഓരോ രാത്രികഴിയുമ്പോഴേക്കും 20 ടെറാബൈറ്റ് ഡാറ്റയാണ് ഈ ടെലസ്കോപ്പ് കൂട്ടിച്ചേർക്കുന്നത്. ഇതുവരെയുള്ള എല്ലാ ടെലസ്ക്കോപ്പിൽ നിന്നും ലഭ്യമായ ഡാറ്റയെക്കാൾ വിവരങ്ങൾ ഒരു വർഷം കൊണ്ടുതന്നെ റൂബിൻ ഉണ്ടാക്കും. 350 ടൺ ഭാരമുള്ള ഈ ടെലസ്കോപ് ഒരു നേരിയ എണ്ണപ്പാടയുടെ മുകളിൽ ആണ് സ്ഥിതിചെയ്യുന്നത്, അതിൽ തെന്നിക്കറങ്ങിയാണ് അടുത്ത ചിത്രമെടുക്കാൻ അഞ്ചു സെക്കന്റിനുള്ളിൽ ടെലസ്കോപ് തയ്യാറാവുന്നത്. ഇതിന്റെ 8.4 മീറ്റർ കണ്ണാടിക്ക് 11 ബില്യൺ പ്രകാശവർഷത്തിനപ്പുറമുള്ള ഗാലക്സികളെപ്പോലും കാണാനാവും.

സ്പേസ്എക്സ് പോലുള്ള കമ്പനികൾ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ ആണ് ഇനിയുള്ള കാലത്ത് ബാഹ്യാകാശക്കാഴ്ചകൾക്ക് തടസ്സം ഉണ്ടാക്കുന്നത്. ഇപ്പോൾത്തന്നെ 7500 ഉപഗ്രഹങ്ങൾ ആണ് സ്പേസ് എക്സിനുള്ളത്. താമസിയാതെ അത് 40000 ആവും. (വിശദവിവരങ്ങൾക്ക് വേണം, ബഹിരാകാശത്ത് കർശന നിയമങ്ങൾ എന്ന ലേഖനം വായിക്കുക) അപ്പോൾ റൂബിൻ എടുക്കുന്ന ചിത്രങ്ങളിലും അവ പെടും, അതൊരു പ്രശ്നമാണ്. ശുദ്ധമായ ആകാശദർശനം ലോകത്തെവിടെയും ഇപ്പോൾ ഇല്ലാതായിക്കഴിഞ്ഞു. ഏതായാലും പ്രപഞ്ചത്തെക്കുറിച്ചുള്ള പുതുപുത്തൻ അറിവുകളുമായി റൂബിൻ ടെലസ്കോപ്പ് നിരന്തരം ചിത്രങ്ങൾ അയയ്ക്കാൻ തുടങ്ങുകയാണ്, പുത്തൻ അറിവുകൾക്കായി ലോകമെങ്ങും ഗവേഷകരും ശാസ്ത്രകുതുകികളും ആവേശത്തോടെ തയ്യാറായിക്കഴിഞ്ഞു.

  • Rubin Observatory – Youtube Channel >>>
  • Rubin Observatory – Gallery >>>
  • Rubin Observatory – Insta Page >>>
  • Rubin Observatory – Facebook >>>

ആരായിരുന്നു വേര റൂബിൻ ?

Leave a Reply

Previous post മഞ്ഞൾക്കളിയിലെ തിളങ്ങുന്ന ശാസ്ത്രം
Next post നിർമ്മിതബുദ്ധിക്ക് എല്ലാ ഡാറ്റയും വേണ്ട!
Close