വകഭേദങ്ങൾ വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുമോ ?

Read Time:25 Minute


ഡോ പ്രസാദ് അലക്സ്

കോവിഡ് മഹാമാരിയെ നിയന്ത്രിക്കാനും കീഴടക്കാനുമുള്ള ഏറ്റവും മികച്ച ആയുധം വാക്സിനുകളാണെന്ന് തുടക്കം മുതൽ വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്ന കാര്യമാണ്. ഒരു വർഷം കൊണ്ട് തന്നെ പല തരത്തിലുള്ള വാക്സിനുകൾ വികസിപ്പിക്കാൻ കഴിഞ്ഞുവെന്നത്  ശാസ്ത്രീയമായ നേട്ടം തന്നെയാണ്. പക്ഷേ ഇപ്പോൾ വാക്സിനുകൾ സ്വീകരിച്ചവർക്കും രോഗബാധയുണ്ടാകുന്നുവെന്ന വാർത്തകളും വൈറസിന്റെ പുതിയ വകഭേദങ്ങളോട് വാക്സിനുകളുടെ കാര്യക്ഷമത കുറയുമെന്ന വാർത്തകളും ആശങ്കകൾ ഉണർത്തുന്നു. ജനങ്ങളിൽ വാക്സിനോട് വിമുഖത വളർത്താൻ കരണമാവുമോയെന്ന സംശയവുമുണ്ട്. പക്ഷേ ഇപ്പോഴും മനുഷ്യരാശിയുടെ ഏറ്റവും മികച്ച ആയുധം വാക്സിനുകൾ തന്നെയാണ്. ആശങ്കകളേക്കാളേറെ പ്രതീക്ഷയാണ് വാക്സിനുകൾ നൽകുന്നത്.

COVID-19 വാക്സിനുകളുടെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണ ഫലങ്ങൾ ഒന്ന് പോലും വരുന്നതിന് മുമ്പ് തന്നെ, 50 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തി ഉള്ള വാക്സിനുകൾ എല്ലാം അംഗീകരിക്കേണ്ടതാണെന്ന് ലോകാരോഗ്യ സംഘടന (WHO) പറഞ്ഞിരുന്നു. പിന്നീടാണ് ഫൈസർ-ബയോ‌ടെക്, മോഡേണ വാക്സിനുകൾക്ക് 90% ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്‌തിയുണ്ടെന്ന ഫലങ്ങൾ വന്നത്. തുടർന്ന് എഴുപത് ശതമാനത്തിലധികം ഫലപ്രാപ്തിയുള്ള അസ്ട്ര സെനക്കാ (കോവിഷീൽഡ്‌), ജോൺസൺ ആൻഡ് ജോൺസൺ, ഭാരത് ബയോടെക് (കോവാക്സിൻ) തൊണ്ണൂറ് ശതമാനത്തോളം ഫലപ്രാപ്തിയുള്ള നോവാവാക്സ് വാക്‌സിനുകളുടെയും പരീക്ഷണഫലങ്ങൾ വന്നു. തത്‌ഫലമായി മഹാമാരിയെ വലിയ കാലതാമസമില്ലാതെ നിയന്ത്രിക്കാനും ക്രമേണ കീഴടക്കാനും കഴിയുമെന്ന ശുഭാപ്തിവിശ്വാസം ലോകമെങ്ങും ഉയർന്നു. വിവിധരാജ്യങ്ങളിൽ വാക്സിനേഷൻ പ്രോഗ്രാമുകൾ ആരംഭിക്കുകയും ചെയ്തു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കോവിഷീൽഡും ഇവിടെത്തന്നെ വികസിപ്പിച്ച് ഉത്പാദിപ്പിക്കുന്ന കോവാക്സിനും ഉൾപ്പെടുത്തിയാണ് നമ്മുടെ നാട്ടിൽ പ്രോഗ്രാം തുടങ്ങിയത്. (ലോകാരോഗ്യസംഘടനയുടെയും ഗവി(GAVI) പോലെയുള്ള സംരംഭങ്ങളുടെയും ശ്രമങ്ങൾ ഉണ്ടായിട്ടും മൂന്നാംലോകരാജ്യങ്ങളിലെ ജനങ്ങൾക്ക് വാക്സിൻ ഉത്പാദനത്തിലും വിതരണത്തിലും തുല്യനീതി ലഭിക്കാത്ത സാഹചര്യമുണ്ട്.)

പക്ഷെ, SARS-CoV-2 ന്റെ പുതിയ വകഭേദങ്ങളുടെ ആവിർഭാവം ഉത്സാഹത്തെ ഒട്ടൊന്ന് മന്ദീഭവിപ്പിക്കയും ആശങ്കകൾ ഉണർത്തുകയും ചെയ്തിട്ടുണ്ട്., നോവവാക്സ്, ജോൺസൺ & ജോൺസൺ പരീക്ഷണങ്ങളുടെ സമീപകാല ഫലങ്ങൾ ഈ വാക്സിനുകൾ ദക്ഷിണാഫ്രിക്കയിൽ COVID-19 തടയുന്നതിൽ അത്ര ഫലപ്രദമല്ലെന്ന് സൂചിപ്പിക്കുന്നു. കോവിഷീൽഡും ദക്ഷിണാഫ്രിക്കൻ വകഭേദത്തിന്റെ കാര്യത്തിൽ ഫലപ്രാപ്തി കുറവായതിനാൽ ഉപയോഗം നിർത്തിയിരിക്കുകയാണ്. പുതിയ വകഭേദങ്ങൾ വ്യാപകമായി എല്ലായിടത്തുമുണ്ട്. വൈറസ് വ്യാപിക്കുന്നതനുസരിച്ച് പരിണമിക്കുന്നത് കൊണ്ട് വകഭേദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. ഇന്ത്യയിൽ രൂക്ഷമായ രണ്ടാമത്തെ തരംഗത്തിൽ പുതുവകഭേദങ്ങളുടെ പങ്ക് വ്യക്തമാണ്. ബ്രിട്ടീഷ് വകഭേദം, രണ്ട് ഇന്ത്യൻ വകഭേദങ്ങൾ (ഡബിൾ മ്യൂട്ടന്റ്, ട്രിപ്പിൾ മ്യൂട്ടന്റ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട) ബ്രസ്സീൽ വകഭേദം, ദക്ഷിണാഫ്രിക്കൻ വകഭേദം ഒക്കെ ഈ തരംഗത്തിൽ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ വകഭേദങ്ങൾ അതിവേഗം പരക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആരോഗ്യപ്രവർത്തകർ ഉൾപ്പടെ പലർക്കും രോഗബാധയുണ്ടാകുന്ന റിപ്പോർട്ടുകൾ പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.

 

വാക്സിനേഷൻ നില ഇന്ത്യയിൽ – 2021 മെയ് 3 വരെ
വകഭേദങ്ങൾക്കനുസരിച്ച് വാക്സിനുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയോ പരിഷ്കരിക്കയോ ചെയ്യുക സാദ്ധ്യമാണ്. ഇൻഫ്ലുവൻസയുടെ കാര്യത്തിൽ വർഷം തോറും അങ്ങനെ ചെയ്യാറുമുണ്ട്. എന്നാൽ COVID-19 ന്റെ കാര്യത്തിൽ സമൂഹത്തിൽ ബഹുഭൂരിപക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകുകയും അവർക്ക് മിതമായ തോതിൽ പരിരക്ഷ ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ തന്നെ വാക്സിനുകളിൽ തുടരെയുള്ള മാറ്റങ്ങൾ ആവശ്യമായി വരില്ലെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. കുറഞ്ഞ തോതിൽ ഫലപ്രാപ്തി നൽകുന്ന വാക്സിൻ പോലും ആരോഗ്യ സംവിധാനങ്ങളിൽ അടിയന്തര സമ്മർദ്ദം ലഘൂകരിക്കാനും മരണനിരക്ക് ഗണ്യമായി കുറയ്ക്കാനും പര്യാപ്തമാണെന്നതാണ് വസ്തുത. അതേസമയം കൂടുതൽ ഫലപ്രദമായ വാക്സിനുകൾ വികസിപ്പിക്കാനും വിതരണം ചെയ്യാനും കഴിയും. ആവശ്യമായത്ര സാവകാശം ലഭിക്കയും ചെയ്യും. കോവിഡിന്റെ ഇപ്പോൾ ലഭ്യമായ വാക്സിനുകൾ കൊണ്ട് തന്നെ മഹാമാരിയെ കീഴടക്കാനാവുമെന്നാണ് പ്രതീക്ഷ.

വാക്സിൻ ഫലപ്രാപ്തിയുടെ അർത്ഥം

ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കഠിനമായ രോഗം പോലുള്ള അവസ്ഥയിൽ നിന്ന് ആളുകളെ എത്രത്തോളം പരിരക്ഷ നല്കുന്നുവെന്നത് വാക്‌സിനുകളുടെ ഫലപ്രാപ്തി സൂചിപ്പിക്കുന്നു. യാഥാർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഫലപ്രാപ്തി അതിൽ നിന്ന് അല്പം കുറയാൻ സാദ്ധ്യതയുണ്ട്. കാരണം വാക്സിൻ പരീക്ഷണങ്ങൾ പലപ്പോഴും രോഗപ്രതിരോധ ശേഷി അല്പം ദുർബലമായേക്കാവുന്ന ആളുകളെ ഉൾപ്പെടുത്തണമെന്നില്ല. ആരോഗ്യപരമായ സവിശേഷ പ്രശ്നങ്ങളുള്ളവർ, പ്രായമായ വ്യക്തികൾ, ഗർഭിണികൾ തുടങ്ങിയവരെയൊക്കെ സാധാരണ പരീക്ഷണങ്ങളിൽ ഉൾപ്പെടുത്താറില്ല.

മാനദണ്ഡമാക്കുന്ന ക്ലിനിക്കൽ പരിണതഫലത്തെ ആശ്രയിച്ചാണ് ‘വാക്സിൻ ഫലപ്രാപ്തി’ യുടെ മൂല്യം നിർണയിക്കപ്പെടുന്നത്. ഉദാഹരണത്തിന്, COVID-19 രോഗം തടയുന്നതിന് ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിന്റെ ഫലപ്രാപ്തി എഴുപത് ശതമാനമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും മരണപ്പെടുന്നതും തടയുന്ന കാര്യത്തിൽ, ഇത് നൂറ് ശതമാനത്തോളം വരും. കാരണം വാക്സിനേഷൻ നൽകിയ ഗ്രൂപ്പിൽ COVID-19 അനുബന്ധ ആശുപത്രി പ്രവേശനങ്ങളോ മരണങ്ങളോ സംഭവിച്ചിട്ടില്ല എന്നതാണ്. (പരീക്ഷണങ്ങൾക്ക് ശേഷം യാഥാർത്ഥത്തിൽ വാക്സിൻ ജനങ്ങൾക്ക് നല്കിയ ശേഷം ഇത് വരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടും ഇത് ശരി വയ്ക്കുന്നു. ആശുപത്രി പ്രവേശം വളരെ അപൂർവമായി മാത്രമേ വരുന്നുള്ളൂ. രോഗം മൂലമുള്ള മരണം മിക്കവാറും പൂർണമായി ഇല്ലാതെയായി) എഴുപത് ശതമാനം ഫലപ്രാപ്തി എന്ന് പറയുമ്പോൾ വാക്സിനേഷൻ ചെയ്ത മുപ്പത് ശതമാനം ആളുകൾ രോഗബാധിതരാകുമെന്ന് അർത്ഥമില്ല. ഓക്സ്ഫോർഡ്-അസ്ട്രസെനെക പരീക്ഷണങ്ങളിൽ, വാക്സിൻ ലഭിച്ച 5,807 പേരിൽ 30 പേർക്ക് (0.005%) COVID-19 രോഗബാധയുണ്ടായി. ‘പ്ലാസിബോ’ ലഭിച്ച 5,829 പേരിൽ 101 പേരെ (1.7%). അങ്ങനെ, രോഗബാധയിൽ എഴുപത് ശതമാനം കുറവുണ്ടായി. അത് കൊണ്ടാണ് ഫലപ്രാപ്തി എഴുപത് ശതമാനമെന്ന് പറയുന്നത്. ലക്ഷണങ്ങളോട് കൂടിയ രോഗബാധ തടയുന്നതിന്, ഫൈസർ-ബയോടെക് വാക്സിന് തൊണ്ണൂറ്റഞ്ച് ശതമാനം ഫലപ്രാപ്തി ഉണ്ട്.

വ്യാപകമായി ഉപയോഗത്തിലുള്ള മറ്റ് വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് നമുക്ക് പരിശോധിക്കാം. ഉദാഹരണത്തിന്, മീസിൽസ്-മം‌പ്സ്-റുബെല്ല (എം‌എം‌ആർ) വാക്സിൻ ആദ്യ ഡോസിന് ശേഷം മീസിൽസിനെതിരെ (അഞ്ചാംപനി) 93% ഫലപ്രദവും രണ്ടാമത്തെ ഡോസിന് ശേഷം 97% ഫലപ്രദവുമാണ്, അതേസമയം നിഷ്ക്രീയമാക്കപ്പെട്ട പോളിയോ വാക്സിൻ (ഐ‌പി‌വി) രണ്ട് ഡോസുകൾക്ക് ശേഷം 90% ഫലപ്രദമാണ്, മൂന്ന് ഡോസിനുശേഷം 99% മുതൽ 100% വരെയും ഫലപ്രദമാണ്. നമ്മുടെ നാട്ടിൽ ഓ പി വി (വായിലൂടെ നൽകുന്ന തുള്ളിമരുന്ന്) ആണ് ഉപയോഗത്തിലുള്ളത്. ഫലപ്രാപ്തി ഒരു ഡോസിന് ശേഷം 82%, രണ്ട് ഡോസിന് ശേഷം 96%, മൂന്നോ അതിലധികമോ ഡോസുകൾക്ക് ശേഷം 98% എന്നിങ്ങനെ കണക്കാക്കുന്നു. പക്ഷേ എല്ലാ വാക്സിനുകളും ഇതേ തോതിൽ ഫലപ്രദമല്ല. ഉദാഹരണത്തിന്, ‘മോസ്ക്വിറിക്സ് ആർ‌ ടി‌ എസ്, എസ് മലേറിയ വാക്സിന്റെ കാര്യമെടുക്കാം. നാല് ഡോസുകൾ കുട്ടികൾക്ക് നൽകുമ്പോൾ 40% ക്ലിനിക്കൽ മലേറിയയെയും 30% കടുത്ത മലേറിയയെയും തടയാൻ കഴിയുന്നു. കടുത്ത മലേറിയൽ അനീമിയ 60 ശതമാനം തടയാൻ കഴിയുന്നുണ്ട്. മലേറിയ മൂലമുള്ള കുട്ടികളുടെ മരണങ്ങളുടെ സാധാരണ കാരണം ഈ അവസ്ഥയാണ്‌. മലാവി, കെനിയ, ഘാന എന്നിവിടങ്ങളിൽ നിലവിൽ വാക്സിൻ ഉപയോഗിച്ച് തുടങ്ങി. മറ്റ് അംഗീകൃത വാക്സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രത്യക്ഷത്തിൽ പരിമിതമായ വിജയനിരക്കാണ്. വാക്സിൻ നൽകിയത് മറ്റ് ഇടപെടലുകൾക്കൊപ്പമാണുതാനും. എന്നിരുന്നാലും, മലേറിയ മൂലം ലോകത്ത് ദിവസം തോറും 1,200 കുട്ടികൾ മരണമടയുകയും ദശലക്ഷക്കണക്കിന് മുതിർന്നവർ നീണ്ടുനിൽക്കുന്ന അസുഖം കാരണംതൊഴിലെടുക്കാനാവാതെ വരുകയും ചെയ്യുന്നു എന്നാണ് കണക്ക്. ഏറിയ പങ്ക് ആഫ്രിക്കൻ രാജ്യങ്ങളിലാണ് താനും. അത്തരം സാഹചര്യത്തിൽ രോഗബാധ മൂന്നിൽ ഒന്ന് തടയാൻ കഴിയുന്നത് പോലും വലിയ മാറ്റമുണ്ടാക്കും.

ഫലപ്രാപ്തി നിരക്ക് കുറഞ്ഞാലും ഉയർന്ന പ്രഭാവം

നിരന്തരം പരിണമിക്കുന്ന ഇൻഫ്ലുവൻസ വൈറസുകളെ നേരിടാൻ ഓരോ വർഷവും ഫ്ലൂ വാക്സിൻ പരിഷ്കരിച്ച്  ഉപയോഗിക്കുന്ന പതിവ് യു എസിലും പശ്ചാത്യരാജ്യങ്ങളിലുമുണ്ട്. നമ്മുടെ നാട്ടിൽ ഉൽപാദിക്കുന്നും ഉപയോഗിക്കുന്നുമുണ്ടെങ്കിലും ഫ്ലൂ വാക്സിൻ അത്ര സാധാരണമല്ല. യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) എല്ലാ ഫ്ലൂ സീസണുകളിലും വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്ന് നിരീക്ഷിക്കാറുണ്ട്. വാക്സിൻ സ്വീകരിച്ചവരിൽ ഇൻഫ്ലുവൻസ ടെസ്റ്റിൽ സ്ഥിരീകരിച്ചവരുടെ സ്ഥിതിയാണ് പിൻതുടരാറുള്ളത്. വാക്സിനുകൾ കൊണ്ട് ആശുപത്രി ചികിത്സയുടെ ആവശ്യം എത്രത്തോളം ഒഴിവാക്കാൻ കഴിയുന്നുവെന്ന് വിലയിരുത്തുന്നു. വാക്സിൻ സ്വീകരിക്കാതെ രോഗബാധിതരാവുന്നവരുമായി ഇത് താരതമ്യം ചെയ്യുന്നു. ഈ രീതിയിൽ വിലയിരുത്തുമ്പോൾ കഴിഞ്ഞ ദശകത്തിൽ യു എസിൽ ഫ്ലൂ വാക്സിനുകളുടെ ശരാശരി ഫലപ്രാപ്തി 45 ശതമാനമാണ്, എന്നാൽ 2014-15 സീസണിൽ വാക്സിൻ 19 ശതമാനം മാത്രമേ ഫലപ്രദമായിരുന്നുള്ളൂ. ഇൻഫ്ലുവൻസ സീസൺ തുടക്കത്തിൽ, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏതൊക്കെ വകഭേദങ്ങളാണ് ഏറ്റവും അധികം പടരുന്നതെന്ന് ശാസ്ത്രജ്ഞർ ചില നിഗമനങ്ങൾ നടത്തുകയും അതനുസരിച്ച് വാക്സിൻ പരിഷ്കരിക്കയുമാണ് ചെയ്യാറുള്ളത്. നിഗമനങ്ങളിൽ പിഴവുകൾ സംഭവ്യമാണ്. ഇവിടെ പരിഗണനാർഹമല്ലാത്ത വിധത്തിൽ വാക്സിൻറെ ഫലപ്രാപ്തി കുറവാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നാം. പക്ഷേ വാക്സിൻ ഉപയോഗം ആശുപത്രി സന്ദർശനത്തിൻറെ തോതിലും മരണനിരക്കിലും കാര്യമായ സ്വാധീനം ചെലുത്തും. ഇൻഫ്ലുവൻസ വാക്സിനേഷൻ പ്രോഗ്രാം ഇല്ലെങ്കിൽ, യു‌എസിൽ ഓരോ വർഷവും 77 ദശലക്ഷം പേർക്ക് ഫ്ലൂ രോഗബാധയുണ്ടാകുമെന്നും 470,000 പേർക്ക് ആശുപത്രി ചികിത്സ വേണ്ടി വരുമെന്നും 130,000 പേർ മരണമടയുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.

യുഎസ് ജനസംഖ്യയുടെ 43 ശതമാനം പേർക്ക് (2012 നും 2017 നും ഇടയിൽ വാക്സിൻ എടുക്കുന്നവരുടെ ശരാശരി കണക്കിന് തുല്യം) 20 ശതമാനം ഫലപ്രദമായ ഫ്ലൂ വാക്സിൻ ലഭിച്ചാൽ, 129,700 പേർക്ക് ആശുപത്രി ചികിത്സയുടെ ആവശ്യകതയും 61,800 മരണങ്ങളും ഓരോ സീസണിൽ ഒഴിവാക്കാമെന്ന് ഗവേഷകർ കണക്കാക്കുന്നു. വേറെയും പൊതുവായ ഗുണഫലങ്ങൾ ഉണ്ട്. ഇൻഫ്ലുവൻസ രോഗികൾക്ക് വേണ്ടി വരുന്ന ആശുപത്രി കിടക്കകളുടെ എണ്ണം കുറവാണെങ്കിൽ, പതിവ് പരിചരണം, മറ്റ് അത്യാഹിതങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ സംവിധാനങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നു. മാത്രമല്ല ഫ്ലൂ രോഗികൾക്ക് ലഭ്യമായ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയും.

കുറഞ്ഞ അല്ലെങ്കിൽ മിതമായ തോതിൽ ഫലപ്രദമായ വാക്സിനുകളുടെ ഉപയോഗം നിർദ്ദിഷ്ട ഗ്രൂപ്പുകളിലേക്ക് ടാർഗെറ്റുചെയ്യുന്നതിലൂടെയും ഇവർക്കിടയിൽ വാക്സിൻ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിലൂടെയും കൂടുതൽ ഗുണഫലങ്ങൾ യഥാർത്ഥത്തിൽ സൃഷ്ടിക്കാൻ കഴിയും. ഉദാഹരണത്തിന്, ഇൻഫ്ലുവൻസ പകരാൻ സാധ്യതയുള്ള കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് 140 ദശലക്ഷം ഡോസ് ഇൻഫ്ലുവൻസ വാക്സിൻ നൽകുന്നതെങ്കിൽ, 105,300 ആശുപത്രിപ്രവേശവും 23,900 മരണങ്ങളും കൂടുതലായി ഒഴിവാക്കാൻ കഴിയുമെന്ന് യുഎസ് ഗവേഷകർ കണക്കാക്കുന്നു.

സീസണലായ ഇൻഫ്ലുവൻസയേക്കാൾ മാരകമാണ് COVID-19, ലോകമെമ്പാടുമുള്ള ആളുകൾക്ക് വാക്സിനേഷൻ നൽകിക്കൊണ്ട് ആളുകളെ സംരക്ഷിക്കുകയും വൈറസ് പടരുന്നത് തടയുകയും ചെയ്യുക എന്നതായിരിക്കണം ലക്ഷ്യം. വാക്സിനുകൾ രോഗത്തെ നിയന്ത്രിക്കാൻ മാത്രമേ കഴിയുന്നുള്ളൂവെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും, അതിൻറെ അർത്ഥം വളരെ കുറച്ച് ആളുകളേ രോഗബാധിതരാവുന്നുള്ളൂ എന്നും മരണനിരക്ക് തുലോം കുറയുന്നുവെന്നുമാണ്. ഇത് തന്നെ തീർച്ചയായും പിന്തുടരേണ്ട ഒരു ലക്ഷ്യമാണ്. എഴുപത് ശതമാനം ഫലപ്രാപ്തിയുള്ള വാക്സിൻ ജനസംഖ്യയുടെ അറുപത് -എഴുപത് ശതമാനം ആളുകൾ സ്വീകരിച്ചാൽ തന്നെ മഹാമാരി കെട്ടടങ്ങിയിട്ടുണ്ടാവും. ഇനി വകഭേദങ്ങൾ മൂലം ഫലപ്രാപ്തി അൻപത് ശതമാനത്തിൽ താഴെ പോയാലും വാക്സിൻ സ്വീകരിക്കുന്ന നിരക്ക് എഴുപത്തിലെത്തിയാൽ മഹാമാരി പൂർണ നിയന്ത്രണവിധേയമാവും. തന്നെയുമല്ല ആശുപത്രി പ്രവേശം വേണ്ടവരുടെ എണ്ണം വളരെയധികം കുറയുന്നു. രോഗം പെരുകുമ്പോൾ ഏറ്റവും വലിയ പ്രശ്‍നം ആശുപത്രി സൗകര്യങ്ങളുടെയും ഓക്സിജൻ, വെൻറിലേറ്റർ തുടങ്ങിയവയുടെയും ലഭ്യതയാണ്. ആരോഗ്യമേഖലക്ക് കൈകാര്യം ചെയ്യാനാവാത്ത വിധം രോഗികളുടെ എണ്ണം കുതിച്ചുയരുന്നതുമാണ്. മുൻഗണനാ ഗ്രൂപ്പുകളിൽ വാക്സിനേഷൻ ലക്ഷ്യം പൂർത്തിയാക്കിയാൽ തന്നെ ആരോഗ്യമേഖലയുടെ മേലുള്ള കടുത്ത സമ്മർദ്ദം ഇല്ലാതെയാകും. പിന്നെയും ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സയും പരിചരണവും ഉറപ്പാക്കാനും കഴിയും.

നമുക്ക് കേരളത്തിലെ സാങ്കല്പികമായ ഒരു സ്ഥിതി പരിശോധിക്കാം.

മേയ് അഞ്ചിന് പ്രതിദിന രോഗികളുടെ എണ്ണം നാല്പത്തിനായിരത്തിലധികമായി. രോഗാവസ്ഥയിലുള്ളവരുടെ മൊത്തം എണ്ണം നാല് ലക്ഷത്തിലധികവുമായി. നാല് ലക്ഷം ഇനിയും വർദ്ധിക്കാം. ഒരു മാസത്തോളമെങ്കിലും ഈ നിലയിൽ തുടരാം. പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ നല്ല പങ്ക് എത്തും. കാര്യമായ ആശുപത്രി പരിചരണം വേണ്ടവർ അഞ്ച് ശതമാനം ഉണ്ടെങ്കിൽ തന്നെ ഇരുപത്തിനായിരമായി. ഓക്സിജനും വെന്റിലേഷനും വേണ്ടവർ ഒന്ന് മുതൽ രണ്ട് ശതമാനം വരെ വരാം. അതായത് നാലായിരം മുതൽ എണ്ണായിരം വരെ. ഇനി നമ്മുടെ ജനസംഖ്യയിൽ എഴുപത് ശതമാനം പേർക്ക് വാക്സിൻ ലഭിച്ചുവെന്ന് കരുതുക. ഫലപ്രാപ്തി അൻപത് ശതമാനമേ ഉള്ളൂ എന്നും കരുതുക. അപ്പോൾ രോഗബാധയേൽക്കുന്നവരിൽ എഴുപത്തിൻറെ പകുതി അതായത് മുപ്പത്തഞ്ച് ശതമാനം കുറവ് വരും. അപ്പോൾ മറ്റ് സാഹചര്യങ്ങൾ ഇത് പോലെയാണെങ്കിലും ദിനം പ്രതി രോഗികൾ പരമാവധി ഇരുപത്താറായിരമോ അതിനടുത്തോ വരുകയുള്ളൂ. അത് പോലെ ഒരേ സമയം രോഗാവസ്ഥയിലുള്ളവരുടെ പരമാവധി സംഖ്യ രണ്ടരലക്ഷത്തിലധികമേ വരൂ. കാര്യമായ പരിചരണവും ഓക്സിജൻ വെന്റിലേറ്റർ ആവശ്യകതയും വലിയ നിരക്കിലാവും കുറയുന്നത്. നാലായിരം മുതൽ എണ്ണായിരമെന്നത് ആയിരത്തിൽ താഴേക്ക് കുറയും. ആരോഗ്യസംവിധാനങ്ങളുടെ മേലുള്ള കടുത്ത സമ്മർദ്ദം ഇല്ലാതെയാകും. രോഗികൾക്ക് ഗുണമേന്മയുള്ള പരിചരണം നൽകാനാവും

വാക്സിൻ ലഭിച്ചവർ രോഗബാധിതരായാലും ലക്ഷണങ്ങളും ഗുരുതരമായ രോഗവും കുറയുന്നതായി തെളിയിക്കപ്പെട്ട കാര്യമാണ്. പക്ഷേ അത്തരക്കാരിൽ നിന്ന് രോഗം പകരുന്നത് കുറയുന്നുവോ എന്നത് വ്യക്തമായിരുന്നില്ല. ഇംഗ്ലണ്ടിൽ നടന്ന പുതിയ പഠനത്തിൽ ഇത് പാതിയായി കുറയുന്നുവെന്ന് വ്യക്തമായി. 365,000-ത്തിലധികം ഭവനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശകലനമാണ്. ഫൈസർ അല്ലെങ്കിൽ അസ്ട്രാസെനെക്ക വാക്‌സിൻറെ ഒരൊറ്റ ഡോസ് ഒരു വ്യക്തിയുടെ ഏറ്റവും അടുത്ത സമ്പർക്കത്തിൽ വരുന്നവരിലേക്ക് SARS-CoV-2 പകരാനുള്ള സാധ്യത പകുതിയായി കുറയ്ക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അതായത് വാക്സിൻ  ഒരാൾക്ക് രോഗം വരാനുള്ള സാധ്യത കുറക്കുന്നു, ഇനി രോഗം വന്നാൽ തന്നെ കഠിനമാവാനുള്ള സാദ്ധ്യത വളരെ ഗണ്യമായി കുറക്കുന്നു. അങ്ങനെ രോഗം വരുന്ന ആളിൽ നിന്ന് പകരാനുള്ള സാധ്യത പകുതിയായി കുറക്കുന്നു. ഇത് കൂടാതെയാണ് സമൂഹത്തിൽ നല്ല പങ്കിന് വാക്സിൻ ലഭിച്ച് കഴിഞ്ഞാൽ ഉണ്ടാകുന്ന ‘ഹെർഡ്‌ ഇമ്മ്യൂണിറ്റി’.

അവസാനം പറഞ്ഞ രണ്ട് ഘടകങ്ങൾ കേരളത്തെക്കുറിച്ച് പറഞ്ഞ സാങ്കല്പിക കണക്കിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിന്റെ അർത്ഥം വകഭേദം മൂലം വാക്സിൻ ഫലപ്രാപ്തിയിലുണ്ടാകാവുന്ന കുറവിനെക്കുറിച്ച് സമൂഹമെന്ന നിലയിൽ വലിയ ആശങ്ക വേണ്ട എന്ന് തന്നെയാണ്. പ്രായം കൂടിയവരിൽ ഫൈസർ വാക്സിൻറെ ഒരു മൂന്നാം ഡോസ് ഇംഗ്ലണ്ടിൽ നൽകുന്നുവെന്ന് വാർത്തകളുണ്ട്. അത് പോലെ ഇന്ത്യൻ നിർമ്മിതമായ കോവാക്സിൻ ഇന്ത്യൻ ബ്രിട്ടീഷ് വകഭേദങ്ങളോടും മെച്ചപ്പെട്ട പരിരക്ഷ നൽകുന്നുവെന്ന് യു എസിലെ CDC നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. വകഭദങ്ങളുയർത്തുന്ന വെല്ലുവിളി എത്ര വലുതായാലും മറികടക്കാൻ കഴിയും. അത്യാവശ്യ സാഹചര്യമാണെങ്കിൽ ഒരു മൂന്നാം ബൂസ്റ്റർ ഡോസ് പ്രായാധിക്യമോ മറ്റ് പ്രശ്നങ്ങളോ ഉള്ളവർക്ക് വേണ്ടിവന്നേക്കാം എന്നേയുള്ളൂ. ഇപ്പോൾ നമ്മുടെ മുന്നിലുള്ള വഴി ലഭ്യമായ വാക്സിനുകൾ പരമാവധി മനുഷ്യരിലെത്തിക്കുക എന്നത് തന്നെയാണ്.


റഫറൻസ്

  1. What is COVID-19 vaccine efficacy? https://www.gavi.org/
  2. Vaccine efficacy probable against COVID-19 variants, Larry L. Luchsinger, Christopher D. Hillyer, Science 12 Mar 2021: Vol. 371, Issue 6534, pp. 1116
  3. Why even a low efficacy COVID-19 vaccine could still be extremely useful, https://www.gavi.org/vaccineswork/why-even-low-efficacy-covid-19-vaccine-could-still-be-extremely-useful
  4. Impact of vaccination on household transmission of SARS-COV-2 in England, Ross J Harris; Jennifer A Hall, Asad Zaidi; Nick J Andrews; J Kevin Dunbar; Gavin Dabrera.Nature, https://go.nature.com/3e3iu1i; 2021).

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മെഡിക്കൽ ഓക്സിജന്റെ ചരിത്രം
Next post രാജാവേ, നിങ്ങളാണ് തെറ്റുകാരൻ