

പത്തൊമ്പതാം നൂറ്റാണ്ടിൽ മഡഗാസ്കറിനടുത്തുള്ള ഫ്രഞ്ച് കോളനിയായിരുന്ന ഐലന്റ് ഓഫ് റീയൂണിയനിൽ ബെയ്മോണ്ട് ബെല്ലിയർ എന്നൊരു തോട്ടമുടമ ഉണ്ടായിരുന്നു. അയാളുടെ കീഴിൽ നിറയെ അടിമകൾ വേല ചെയ്തിരുന്നു.

അക്കൂട്ടത്തിൽ 12 വയസ്സുള്ള എഡ്മണ്ട് എന്ന ബാലനും ഉണ്ടായിരുന്നു. അവനെ ബെല്ലിയർ തണ്ണിമത്തനിൽ കൃത്രിമ പരാഗണം ചെയ്യാൻ പരിശീലിപ്പിച്ചിരുന്നു. അവൻ അതിൽ സമർത്ഥനുമായിരുന്നു.

ആ ഇടയ്ക്കാണ് സ്പെയിനിലെ രാജാവായ ഫിലിപ്പ് രണ്ടാമൻ താൻ കഴിച്ച ഭക്ഷണത്തിന്റെ അത്ഭുതകരമായ രുചി രഹസ്യം തിരക്കുന്നത്. അത് വാനിലയെന്നു അറിഞ്ഞതോടെ അവയെ തന്റെ തോട്ടങ്ങളിലും നട്ടുപിടിപ്പിക്കാൻ കൽപ്പിച്ചു.

മെക്സിക്കോയാണ് വാനില എന്ന ഓർക്കിഡിന്റെ സ്വദേശം. അവിടെ മാത്രമാണ് അക്കാലത്തു അവ സ്വാഭാവികമായി കായ്ച്ചിരുന്നത്.
മെക്സിക്കോയിൽ മാത്രം കാണപ്പെടുന്ന യുഗോസ്റ്റ് വിരിഡിസിയ (Euglossa viridissina) എന്ന പ്രാണിയാണ് വാനിലയിൽ പരാഗണം നടത്തുന്നത്.

പിന്നീട് വാനിലയ്ക്ക് ആവശ്യക്കാർ ഏറെയായി. പല രാജ്യങ്ങളും തൈകൾ കൊണ്ടുപോയി കൂട്ടത്തിൽ നമ്മുടെ എഡ്മണ്ടിന്റെ ഉടമയായ ബെല്ലിയറും. വർഷങ്ങൾ പലതും കഴിഞ്ഞുപോയിട്ടും എല്ലായിടത്തും വാനില, പൂക്കൾ മാത്രം നൽകി. കായ്കൾ ഉണ്ടാകാത്തത് എന്തെന്ന് കണ്ടുപിടിക്കാത്ത നിഗൂഢതയായി നിലനിന്നു.

ഒരിക്കൽ ബെല്ലിയർ നടക്കാൻ ഇറങ്ങിയപ്പോൾ തന്റെ തോട്ടത്തിൽ കായ്ചുനിൽക്കുന്ന വാനിലച്ചെടികൾ കണ്ടു. അതിശയത്തോടെ ഇതെങ്ങനെ എന്നു തിരക്കി.

റോസ്റ്റല്ലം എന്ന ഭാഗം നീക്കം ചെയ്താണ് താൻ ഈ കൃത്രിമ പരാഗണം നടപ്പിലാക്കിയതെന്ന്, എഡ്മണ്ട് വിശദമാക്കി.

താൻ ധനികനാകാൻ പോകുന്നു, ബെല്ലിയർ അത്യധികം സന്തോഷിച്ചു.

ശേഷം ബെല്ലിയർ എഡ്മണ്ടിനെ – സ്വതന്ത്രനാക്കി. എഡ്മണ്ട് എന്ന പേരിനൊപ്പം ആൽബിയസ് എന്ന ഇരട്ടപ്പേരും കൂടി ചേർത്ത് പിന്നീടവൻ അറിയപ്പെട്ടു.

ആഗോളവിപണിയിലെ വാനില ഉല്പാദനത്തിൽ, റീയൂണിയൻ മെക്സിക്കോയേക്കാൾ കുതിച്ചു കയറി. മറുവശത്ത്, പട്ടിണി മൂത്തപ്പോൾ ഒരു മാല മോഷണക്കേസിൽ എഡ്മണ്ട് തടവിലായി.

എഡ്മണ്ട് വാനില വാണിജ്യത്തിനു നൽകിയ വലിയ സംഭവനകളെ പറ്റിയും അവന് ലഭിക്കേണ്ട അംഗീകാരത്തപ്പറ്റിയും പരാമർശിച്ച് ബെല്ലിയർ ഗവർണർക്ക് കത്തെഴുതിയതിനാൽ തടവിന്റെ കാലാവധി കുറച്ചു.

1880 ൽ എഡ്മണ്ട് മരിച്ച് ഒരു നൂറ്റാണ്ടിനു ശേഷം റീയൂണിയനിയനിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു.
ഇന്ന് വാനില ഐസ്‌ക്രീം രുചിയോടെ ഭക്ഷിക്കുമ്പോൾ ഓർക്കണം, വേണ്ട ബഹുമതികൾ ലഭിക്കാതെ വെറും പ്രതിമ മാത്രമായി നിലകൊള്ളുന്ന എഡ്മണ്ട് ആബിയസിന്റെ കറുത്ത കൈകളുടെ കഥ


2022 ഒക്ടോബർ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്
മറ്റു കഥകൾ


One thought on “വാനിലയ്ക്ക് പിന്നിലെ കറുത്ത കൗമാരം”