കോവിഡ് അതിതീവ്രവ്യാപനം നിയന്ത്രിക്കുന്നതിന് പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ സൗജന്യമായി നൽകുകയാണു വേണ്ടത്. കോവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം വേണ്ടെന്ന് വെയ്ക്കാൻ യുഎസ് ഭരണകൂടം തയ്യാറായതോടെ വാക്‌സിന്‍ നിര്‍മാണം വേഗത്തിലാക്കാനുള്ള അനുകൂല സാഹചര്യമാണ്. ഇതു പ്രയോജനപ്പെടുത്തി പൊതുമേഖലയിലടക്കം ഇന്ത്യയിലുള്ള 21 ഓളം വാക്‌സിൻ നിർമ്മാണ സ്ഥാപനങ്ങളിൽ കോവിഡ് വാക്‌സിൻ നിർമ്മിക്കുവാനും കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ എത്തിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
ജോ ബൈഡൻ അധികാരത്തിലെത്തിയതിനെ തുടർന്ന് അമേരിക്ക ഇപ്പോൾ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആവശ്യത്തോട് യോജിപ്പ് പ്രകടിപ്പിച്ചിരിക്കയാണ്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താനാവണം. വാക്സിനേഷനു വേണ്ടി മാത്രം കേന്ദ്രബജറ്റില്‍ നീക്കി വെച്ച 35000 കോടി രൂപയും പി.എം കെയറില്‍ സമാഹരിച്ച ഒരു ലക്ഷം കോടി രൂപയും ഉപയോഗിക്കാമെന്നിരിക്കെ സാമ്പത്തികം ഇതിനൊട്ടും തടസ്സമാവുന്നുമില്ല.
മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന കസൌളിയിലെ സെന്‍ട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, ഗിണ്ടിയിലെ ബിസിജി വാക്സിൻ ലാബറട്ടറി എന്നീ പൊതുമേഖല വാക്സിൻ നിര്‍മാണ സ്ഥാപനങ്ങളുടെ ലൈസൻസ്, നല്ല ഉല്പാദന രീതികൾ പാലിക്കുന്നില്ലെന്ന കാരണം പറഞ്ഞ് 2008 ല്‍ റദ്ദാക്കിയിരുന്നു. ഈ സ്ഥാപനങ്ങൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കുന്നതിനു പകരം വാക്സിൻ മേഖല കൂടുതൽ സ്വകാര്യവത്കരിക്കാനാണ് ഇപ്പോഴത്തെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. മികച്ച സംവിധാനങ്ങളുള്ള ചെങ്കൽപെട്ടിലെ എച്ച്ബിഎൽ ഇന്റഗ്രേറ്റഡ് വാക്സിൻ കോംപ്ലക്സിനെ 2016 മുതൽ പ്രവർത്തനം നിറുത്തി വച്ച് സ്വകാര്യവത്കരിക്കാനുള്ള നീക്കം അതിനു തെളിവാണ്.
ഈ നിലപാട് തിരുത്തിക്കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ ആധുനിക ജനിതക വാക്സിനുകൾ ഉല്പാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും കോവിഡ് വാക്സിൻ യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തു തന്നെ ഉല്പാദിപ്പിക്കാനും ഇപ്പോഴത്തെ വാക്സിൻ നയം തിരുത്തി രാജ്യത്തെ അർഹരായ എല്ലാവർക്കും എത്രയുംവേഗം കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യാനും കേന്ദ്രസർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർഥിക്കുന്നു.