ഡോ. മോഹൻ ദാസ് നായർ
ശിശുരോഗ വിഭാഗം, ഗവർമെന്റ് മെഡിക്കൽ കോളേജ്, മഞ്ചേരി
മനുഷ്യ ചരിത്രത്തിലെ ഒരു പ്രധാന ഭാഗം മനുഷ്യനും രോഗങ്ങളും തമ്മിലുള്ള യുദ്ധമാണ്. ആദ്യകാലങ്ങളിൽ പൂർണ്ണമായും പ്രകൃതിക്ക് കീഴ്പ്പെട്ട് ജീവിച്ചിരുന്ന ഘട്ടത്തിൽ “survival of the fittest ” എന്നതായിരുന്നു നിയമം. പിന്നീട് കൃഷി ആരംഭിച്ചപ്പോളാണ് മനുഷ്യർ കൂട്ടമായി താമസിക്കാൻ തുടങ്ങുന്നത്. പകർച്ചവ്യാധികൾ മനുഷ്യരാശിയെ കൊന്നൊടുക്കാൻ തുടങ്ങിയതും അന്നു തന്നെ.
ആദ്യമാദ്യം ദൈവകോപം കൊണ്ടാണെന്നാണ് ഇതൊക്കെ സംഭവിക്കുന്നതെന്നു വിചാരിച്ച് പ്രാർത്ഥനയും ബലിയും മറ്റും കൊണ്ട് തടയാനാണ് ശ്രമിച്ചത്. ഇത് ഒരു തരത്തിലും ഉപകാരപ്പെട്ടില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.അക്കാലത്ത് ഏറ്റവും അധികം മനുഷ്യ ജീവൻ അപഹരിച്ച രോഗങ്ങളായിരുന്നു, വസൂരി, പ്ലേഗ്, ഡിഫ്തീരിയ തുടങ്ങിയവ.
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ചിലർ സൂക്ഷ്മമായ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. കറവക്കാർക്ക് വരുന്ന താരതമ്യേന നിരുപദ്രവകരമായ ഗോവസൂരി (Cowpox) ബാധിച്ചവർക്ക് പീന്നീട് വസൂരി വരില്ല എന്ന് ഇന്ത്യക്കാരും ചൈനക്കാരും മനസ്സിലാക്കിയിരുന്നു. ഇന്ത്യയിൽ നിന്നായിരിക്കാം, ഈ അറിവ് ഇംഗ്ലണ്ടിലും എത്തി. ഇതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ച എഡ്വേർഡ് ജന്നർ എന്ന മഹാൻ ഗോവസൂരി വന്ന ഒരാളിൽ നിന്നും അതിലെ സ്രവം എടുത്ത് ഒരു കുട്ടിക്ക് കുത്തിവെക്കുകയും, അതിനു ശേഷം വസൂരി വന്നവരിലെ സ്രവം ആ കുട്ടിക്ക് കുത്തിവെച്ചിട്ടും അവന് വസൂരി വരുന്നില്ല എന്ന് തെളിയിക്കുകയും ചെയ്തു. ഇന്നത്തെ കാലത്താണെങ്കിൽ അപകടകരം, ക്രൂരം എന്നൊക്കെ വിശേഷിപ്പിക്കുമായിരുന്ന ഈ പരീക്ഷണത്തിലൂടെയാണ് അനേകകോടി ജനങ്ങളെ മരണത്തിൽ നിന്നും, അന്ധത, വൈരൂപ്യം എന്നിവയിൽ നിന്നും രക്ഷിച്ച, വസൂരി എന്ന രോഗത്തെത്തന്നെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കിയ വസൂരിക്കെതിരായ കുത്തിവെപ്പിന്റെ ആവിർഭാവം. അതും രോഗാണുക്കളെ കണ്ടു പിടിക്കുന്നതിനും എത്രയോ മുമ്പ്. ജനങ്ങളെ കുറെയൊക്കെ നിർബന്ധിച്ചു തന്നെ കുത്തിവെച്ചതിലൂടെയാണ് വസൂരി നിർമ്മാർജ്ജനം സാധ്യമായത് എന്ന് മുതിർന്ന ആൾക്കാർക്കെങ്കിലും ഓർമ്മ കാണും.
പേപ്പട്ടി കടിച്ചാൽ മരണം സുനിശ്ചിതമായിരുന്നു പണ്ട് കാലത്ത്. ലൂയി പാസ്ചർ ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു. പേയിളകി മരിച്ച മൃഗങ്ങളുടെ തലച്ചോറ് ഉണക്കിയും, പൊടിച്ചും, പുകയിട്ടും അതിലെ രോഗകാരണമായ വസ്തുക്കളെ നിർവീര്യമാക്കി ഒരു വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം മുഴുമിച്ചിരുന്നില്ല. അപ്പോളാണ്
ജോസഫ് മീസ്ചർ എന്ന ബാലനെ പേപ്പട്ടിയുടെ കടിയേറ്റ് രക്തമൊലിക്കുന്ന അവസ്ഥയിൽ അവന്റെ അമ്മ പാസ്ചറുടെ അടുത്ത് കൊണ്ടുവന്നത്. വാക്സിന്റെ ഫലപ്രാപ്തിയിലോ സുരക്ഷിതത്വത്തിലോ യാതൊരു ഉറപ്പും ഇല്ലാതിരുന്നിട്ടും ആ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി പാസ്ചർ ആ കുട്ടിക്ക് വാക്സിനേഷൻ നടത്തി. അത്ഭുതമെന്നു പറയട്ടെ, ആ കുട്ടി രക്ഷപ്പെട്ടു. പിന്നീടു പാസ്ചറുടെ മരണശേഷം അദ്ദേഹത്തിന്റെ ശവകുടീരത്തിന്റെ കാവൽക്കാരനായി മാറിയ ജോസഫ് മീസ്ചർ ജർമ്മൻ സൈന്യം പാസ്ച്ചറുടെ ശവകുടീരം നശിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിനു തയ്യാറാകാതെ മരണം വരിച്ചു എന്നത് ഒരു കെട്ടുകഥ മാത്രമാകാം. എന്നാൽ ലക്ഷക്കണക്കിനാളുകൾ ഇന്ന് അവരുടെ ജീവന് പാസ്ചറോട് കടപ്പെട്ടിരിക്കുന്നു എന്നത് ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല.
വേനൽക്കാലത്ത് സംഹാര താണ്ഡവമാടിയിരുന്ന പോളിയോ രോഗത്തെ പേടിച്ച് തണുപ്പുകാലത്തെന്ന പോലെ വീട്ടിൽ അടച്ചു പൂട്ടിയിരിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായിരുന്നു. ഓടിക്കളിച്ചു നടന്നിരുന്ന കുട്ടികൾ ഒരു പനിയെത്തുടർന്ന് കൈകാൽ തളർന്ന്, ശ്വസിക്കാൻ കഴിയാതെ മാസങ്ങളോളം “Iron Lung” എന്ന പ്രാകൃത വെൻറിലേറ്ററിൽ കഴിഞ്ഞ്, സ്ഥിരമായ വൈകല്യങ്ങൾ പേറി ശിഷ്ടജീവിതം തള്ളി നീക്കേണ്ടി വന്നതും നിസ്സഹായരായി നോക്കി നിൽക്കാനേ പറ്റിയിരുന്നുള്ളൂ. 1950 കൾവരെ ഇതായിരുന്നു അവസ്ഥ. ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് എന്ന (പോളിയോ ബാധിതനായ) അമേരിക്കൻ പ്രസിഡന്റ് സമാഹരിച്ച ഫണ്ടും പ്രചോദനവും ജോനാസ് സാൽക്ക് എന്ന ശാസ്ത്രജ്ഞനെ പോളിയോ വാക്സിൻ കണ്ടു പിടിക്കുന്നതിന് പ്രാപ്തനാക്കി. കോടിക്കണക്കിന് ഡോളർ പേറ്റന്റിലൂടെ വാരിക്കൂട്ടാൻ കഴിയുമായിരുന്ന കണ്ടുപിടുത്തം. എന്നാൽ അതിനു തയ്യാറാകാതെ കുറഞ്ഞ വിലക്ക് വാക്സിൻ ലഭ്യമാക്കി തന്റെ കണ്ടുപിടുത്തത്തിന്റെ പ്രയോജനം പൂർണ്ണമായി ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സാൽക്ക് ചെയ്തത്. അതിനുശേഷം നടന്ന കാര്യങ്ങൾ നമുക്കറിയാം. പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി രണ്ടു രാജ്യങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തു നിന്നും പോളിയോ തുടച്ചു നീക്കി. രാഷ്ട്രീയമായ അസ്ഥിരത കാരണം, രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമേ ഇന്ന് പോളിയോ ഉള്ളൂ.
വസൂരി, റാബീസ് എന്നിവയ്ക്കുള്ള മുൻകാല വാക്സിനുകൾ ഒട്ടും സുരക്ഷിതമായിരുന്നില്ല. എന്നിട്ടും, രോഗം വന്നാലുള്ള അവസ്ഥ നേരിട്ടു മനസ്സിലാക്കിയ ജനങ്ങൾ അവ സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു. എന്നാൽ വർഷങ്ങളായുള്ള ഗവേഷണങ്ങളിലൂടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും ഇന്നത്തെ വാക്സിനുകൾ അതീവ സുരക്ഷിതമാണ്. മുൻകാലങ്ങളിലെക്കാൾ ഫലപ്രദവും. കാലം മുന്നോട്ടു പോയപ്പോൾ പല സാംക്രമിക രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞു. മെച്ചപ്പെട്ട ജീവിത സാഹചര്യം, രോഗം എങ്ങനെ പകരുന്നു, എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നൊക്കെയുള്ള അറിവ്, മെച്ചപ്പെട്ട ചികിൽസ എന്നിവ വാക്സിനുകളോടൊപ്പം ഈ മാറ്റത്തിന് കാരണമാണ്. കൺമുന്നിൽ രോഗത്തിന്റെ കാഠിന്യം അനുഭവവേദ്യമല്ലാതാകുന്ന ഇന്നത്തെ സാഹചര്യത്തിൽ വാക്സിനുകൾ തന്നെ ആവശ്യമുണ്ടോ എന്ന ചിന്ത ഉയർന്നു തുടങ്ങി. വളരെ അപൂർവ്വവും ലഘുവുമായ പാർശ്വഫലങ്ങളെപ്പോലും പെരുപ്പിച്ചു കാട്ടി വാക്സിനുകൾക്കെതിരെ പലരും പ്രചരണം തുടങ്ങി. ഇത്തരക്കാർ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. നല്ല ചികിൽസാ സംവിധാനങ്ങളോ രോഗപ്രതിരോധ മാർഗ്ഗങ്ങളോ ഇല്ലാതിരുന്ന കാലത്ത് (100-120 വർഷം മുമ്പ്) മനുഷ്യന്റെ ശരാശരി ആയുസ്സ് കേവലം 30 വയസ്സായിരുന്നു. ഇന്നത് 70-ൽ എത്തി നിൽകുന്നു. വാക്സിനുകളുടെ കൂടി സംഭാവനയായി നേടിയ ആയുസ്സ് അനുഭവിച്ച് കൊണ്ടാണ് ഇന്ന് പലരും വാക്സിനുകളേ വേണ്ട എന്ന് പറയുന്നത്. ഇത്തരക്കാരുടെ ശ്രമഫലമായി സാധാരണ ജനങ്ങൾ കബളിപ്പിക്കപ്പെട്ടതിന്റെ പരിണിത ഫലമാണ് ഇന്ന് നമ്മുടെയിടയിൽ പടർന്നു പിടിക്കുന്ന ഡിഫ്തീരിയ… നൂറ്റാണ്ടുകൾ പുറകിലേക്ക് പോവുകയാണോ നമ്മൾ !!!