ഡിഫ്തീരിയാമരണങ്ങളും യുക്തിഹീനനിലപാടുകളും

[author title=”ഡോ.പി എൻ എൻ പിഷാരോടി. എഫ് ഐ ഏ പി

[email protected]

(ഇന്ത്യൻ അക്കാദമി ഓഫ് പീഡിയട്രിക്സിന്‍റെ കേരളാഘടകത്തിന്‍റെ മുൻ പ്രസിഡണ്ട്.)”][/author] മൂന്നരപ്പതിറ്റാണ്ടോളം വരുന്ന ചികിത്സാനുഭവത്തിനിടയ്ക്ക് ഏറ്റവും ദുഖകരമായ ദിനങ്ങളിൽ ചിലതാണിയീടെ വന്നു ചേർന്നിരിയ്കുന്നത്. 1983- 84 കാലത്താണ് അവസാനമായി ഞാനൊരു ഡിഫ്തീരിയ രോഗിയെ കാണുന്നത്. ഞാൻ പ്രാക്റ്റീസ് ചെയ്യാനരംഭിച്ച ആദ്യവർഷങ്ങളിൽ ബിരുദബിരുദാനന്തര പഠനകാലത്തൊക്കെ ഡിഫ്തീരിയയും ടെറ്റനസും വില്ലൻചുമയുമൊക്കെ സധാരണമായിരുന്നു. ഇവയ്ക്കൊക്കെയായുള്ള പ്രത്യേക വാർഡുകൾ ഉണ്ട്. ആശുപത്രികളിലെത്തുന്ന ഇത്തരം രോഗികൾ ഭാഗ്യം പോലെ തിരിച്ചുപോയെന്നിരിയ്ക്കും, അല്ലെങ്കിൽ മരണത്തിനു കീഴടങ്ങും. 18-19 നൂറ്റാണ്ടുകളിൽ യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഇതായിരുന്നു സ്ഥിതി. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് ഡിഫ്തീരിയക്കെതിരായ പ്രതിസിറം (ആന്‍റിസിറം) വികസിപ്പിയ്ക്കുന്നത്. താമസിയാതെ ഇതിനെ ആധാരമാക്കി പ്രതിരോധവാക്സിനും നിലവിൽ വന്നു. അധികം വൈകാതെ മാരകരോഗങ്ങളായ വില്ലൻചുമയ്ക്കും ടെറ്റനസിനുമെതിരായുള്ള വാക്സിനുകളും ആവിഷ്കൃതമായി. ഇതെല്ലാം കൂട്ടിച്ചേർത്ത് ട്രിപ്പ്ൾവാക്സിൻ (ഡി പി ടി) നിലവിൽവരുന്നത് 1940കളോടെയാണ്.

child with diphtheria presented with a characteristic swollen neck, sometimes referred to as “bull neck”. Diphtheria is an acute bacterial disease involving primarily the tonsils, pharynx, larynx, nose, skin, and at times other mucous membranes. The mucosal lesion is marked by a patch or patches of an adherent grayish membrane with a surrounding inflammation.
ഡിഫ്ത്തീരിയ ബാധിച്ച കുട്ടി. (വിക്കിപ്പീഡിയയോട് കടപ്പാട്)

എന്നാൽ ഇത് നമ്മുടെ നാട്ടിലെത്താൻ പിന്നെയും സമയമെടുത്തു. 1977 ൽ വസൂരിനിർമ്മാർജ്ജനം പൂർത്തീകരിച്ച ആവേശത്തിൽ ലോകാരോഗ്യസംഘടന മൂന്നാം ലോകരാജ്യങ്ങളിലെ കുട്ടികളുടെ രക്ഷയെക്കരുതി ഒരു സാർവത്രിക വാക്സിൻ പരിപാടി ആവിഷ്ക്കരിക്കുകയും ഇന്ത്യയും അതിൽ ഭാഗഭാക്കാകുകയും ചെയ്തു. പരിപാടി ആരംഭിച്ചെങ്കിലും ഇതിന് ആവേഗം നേടാനായത് എണ്‍പതുകളുടെ മദ്ധ്യത്തോടെ മാത്രമാണ്. അന്നും ഇന്നും പ്രാക്റ്റീസ് ചെയ്യുന്ന കരുനാഗപ്പള്ളിയിലും വാക്സിൻ സംബന്ധിച്ച കുപ്രചരണങ്ങൾക്കും വാക്സിൻ വിരോധത്തിനും ഒരു കുറവുമുണ്ടായിരുന്നില്ല. ഹൈടെക് ആശുപത്രികളുടെ വ്യാപനത്തിനു മുമ്പായിരുന്നതിനാലാകാം ജനങ്ങൾക്ക് ഞങ്ങൾ ഡോക്റ്റർമാരിൽ തികഞ്ഞ വിശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ വാക്സിന്‍റെ ഗുണവും അനിവാര്യതയും ബോദ്ധ്യപ്പെടുത്താൻ വലിയ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. മതവിശ്വാസവും പ്രശ്നമായിരുന്നില്ല. ആൾദൈവങ്ങളും പ്രകൃതിചികിത്സകരും എന്നുവേണ്ട എല്ലാ കാപട്യങ്ങളും മൊട്ടിട്ടു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

ഇന്ന് സ്ഥിതിയാകെ മാറി. ഇന്നത്തെ ചുറ്റുപാടിൽ വസൂരി നിർമ്മാർജ്ജനംപോലും നാം നേടിയെടുക്കുമായിരുന്നു എന്നു തോന്നുന്നില്ല. വാക്സിനുകളോടുള്ള വിയോജിപ്പിനും അതിനെ അവമതിക്കാനുള്ള ശ്രമങ്ങൾക്കും വാക്സിനുകളോളം തന്നെ പഴക്കമുണ്ടെന്നു പറയാം. ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും പരിമിതികൾ മൂലം ആദ്യകാലത്ത് വാക്സിൻ പലതരം അപകടങ്ങൾക്കും കാരണമായിരുന്നു എന്നതുകൊണ്ട് ഈ ഭയവും വിയോജിപ്പും അസ്ഥാനത്തായിരുന്നു എന്നു പറയാനാവില്ല. ഇങ്ങനെ പ്രശ്നസങ്കീർണ്ണമായ

വസൂരി ബാധിതന്റെ മുഖം. ഇന്നത്തെ തലമുറ കണ്ടിട്ടില്ലാത്ത ദുരിതം. (കടപ്പാട് - വിക്കിപ്പീഡിയ)
വസൂരി ബാധിതന്റെ മുഖം. ഇന്നത്തെ തലമുറ കണ്ടിട്ടില്ലാത്ത ദുരിതം. (കടപ്പാട് – വിക്കിപ്പീഡിയ)

വസൂരി വാക്സിനുപയോഗിച്ചാണ് നാം ആ രോഗത്തെ കീഴ്പ്പെടുത്തിയത്. ഒരാൾ വാക്സിന്‍റെ പാർശ്വഫലങ്ങൾക്ക് കീഴടങ്ങിയാലും അനേകായിരങ്ങൾ മരണത്തില്‍നിന്നും അന്ധതയിൽ നിന്നും രക്ഷ നേടുമല്ലോ എന്നു ചിന്തിക്കാനുള്ള വിവേകം അന്നുള്ളവർ കാണിച്ചിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വാക്സിനുകൾ തികച്ചും സുരക്ഷിതമായി. നിയന്ത്രണങ്ങൾ കർക്കശവുമായി. അതിനു ശേഷമുണ്ടായിട്ടുള്ളവാക്സിൻ സംബന്ധിയായ അഹിതപ്രതികരണങ്ങളെല്ലാംതന്നെ നിർമ്മാണപ്പിഴവോ കൈകാര്യം ചെയ്യലിലെ അനവധാനതയോ മൂലമുണ്ടായിട്ടുള്ളവയാണ്. എന്നാൽ അതും ഇക്കഴിഞ്ഞ മൂന്നു മൂന്നരപ്പതിറ്റാണിനിടയ്ക്കു കാര്യമായുണ്ടായിട്ടില്ല. എറ്റവും സുരക്ഷിതമായ യാത്രാമാർഗ്ഗമായി കണക്കാക്കുന്ന വിമാനയാത്രയേക്കാൾ സുരക്ഷിതം എന്നും വേണമെങ്കിൽ പറയാം!
എന്നാൽ ഏറെ വിചിത്രമായ കാര്യം തീവ്രമായ വാക്സിൻ വിരുദ്ധപ്രചാരണങ്ങളും ആളിക്കത്തുന്ന വികാരപ്രകടനങ്ങളും ഇക്കാലത്താണുണ്ടായിട്ടുള്ളത് എന്നതാണ്. എണ്‍പതുകളുടെ തുടക്കത്തോടെ വില്ലൻചുമ വാക്സിനായിരുന്നു ആദ്യം ആക്രമണങ്ങൾക്ക് ശരവ്യമായത്. വാക്സിൻ എടുക്കാൻ തുടങ്ങുന്ന ശൈവത്തിൽത്തന്നെ പ്രകടമാകാനിടയുള്ള ജനിതകരോഗങ്ങളെല്ലാം വാക്സിൻ മൂലമുണ്ടായതെന്നു പറഞ്ഞ് ടീ വി പരിപാടികളും കോടതി വ്യവഹാരങ്ങളുമുണ്ടായി. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനേക്കാൾ ഉദ്വേഗസൃഷ്ടിയും വാർത്താക്ഷമതയും മുഖ്യമായിക്കണ്ട മാധ്യമങ്ങൾ ഇതെല്ലാം ഏറ്റുപിടിച്ചു. ഫലം ദുരന്തപൂർണ്ണമായിരുന്നു. അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലുമൊക്കെ വാക്സിൻ സ്വീകാര്യത കൂപ്പുകുത്തി. കുട്ടികൾ ധാരാളമായി മരിയ്ക്കാൻ തുടങ്ങി. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ അണിനിരന്ന ഈ ‘വിവാദ’ത്തിനവസാനം കാണാൻ ബ്രിട്ടനിലെ ഒരു കോടതിയും വിഖ്യാതനായ ഒരു ജഡ്ജുമാണ് (സർ സ്റ്റ്യുവർട് സ്മിത്) കാരണമായത് എന്നത് അദ്ഭുതാദരങ്ങളോടെ ഓർത്തുപോകുകയാണ്.

ഇതുകൊണ്ടൊന്നും വാക്സിൻ വിവാദങ്ങളുടെ ആധുനികയുഗം അവസാനിച്ചില്ല. ഗവേഷകർ പുതിയ മേച്ചില്‍പ്പുറങ്ങൾ തേടിയിറങ്ങി. അങ്ങനെയിരിക്കെ ബ്രിട്ടനിലെ റോയല്‍ഫ്രീ ഹോസ്പിറ്റലിൽ സർജനായിരുന്നു ആന്‍ഡ്രു വേക്ഫീൽഡ് എം എം ആർ വാക്സിനിലുള്ള അഞ്ചാംപനി ഘടകമാണ് ഓട്ടിസമെന്ന മസ്തിഷ്ക്കരോഗമുണ്ടാക്കുന്നതെന്ന സിദ്ധാന്തവുമായി 1998ൽ രംഗപ്രവേശം ചെയ്തു. വ്യക്തമായ കാരണങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഒന്നാണ് ഓട്ടിസം. ജനിതകാരണങ്ങളാണിന്ന് ഗൌരവപൂർവ്വം ചർച്ച ചെയ്യപ്പെടുന്നത്. ഓട്ടിസം ബാധിച്ചവരുടെ കേസു വാദിച്ചിരുന്ന റിച്ചാർഡ് ബാർ എന്ന അഭിഭാഷകനും അദ്ദേഹത്തിന്‍റെ സ്ഥാപനവും എം എം ആർ പഠനത്തിനായി ബ്രിട്ടനിലെ ലീഗൽvaccination സർവീസ് കമ്മീഷനെ സമീപിയ്ക്കുകയും അവർ മൂന്നുകോടി അമേരിക്കൻ ഡോളർ ഇതിനായി അനുവദിയ്ക്കുകയും ചെയ്തു. ഇതിൽ 2 കോടി കമ്പനി സ്വന്തമാക്കി, ബാക്കി ‘ഗവേഷകർക്കായി ‘ വീതിച്ചുകൊടുത്തു. എട്ടുലക്ഷം ഡോളർ കരസ്ഥമാക്കിയ വേക്ഫീൽഡിന് ഓട്ടിസത്തിന്‍റെ കാരണം കണ്ടെത്താൻ പ്രയാസമുണ്ടായില്ല. ചുറ്റുവട്ടത്തുള്ള ലാബറട്ടറികളെയും ഗവേഷകരെയുമൊക്കെ കൂട്ടുചേർത്ത്, എല്ലാ നൈതികമൂല്യങ്ങളെയും തൂത്തെറിഞ്ഞ് കുട്ടികളിൽ അനാവശ്യവും അപകടകരവുമായ പരിശോധനകൾ നടത്തി ഗവേഷണപ്രബന്ധം തയ്യാറാക്കി. പ്രശസ്ത വൈദ്യശാസ്ത്ര മാസികയായ ലാൻസെറ്റ് ഇതു പ്രസിദ്ധീകരിയ്ക്കുയും ചെയ്തു. ഓട്ടിസത്തിനു കാരണം തേടിയവർക്ക് ആനന്ദലബ്ദ്ധിയ്ക്കിനിയെന്തുവേണ്ടൂ എന്ന അവസ്ഥയായി! ആന്‍ഡ്രു വേക്ഫീൽഡ് മാതാപിതാക്കളുടെയും പുത്തന്‍ഗവേഷകരുടെയുമൊക്കെ ആരാധനാപാത്രവുമായി.
പക്ഷെ വേക്ഫീൽഡിന്‍റെഈ ആനന്ദാതിരേകം അധികം നീണ്ടുനിന്നില്ല. സൺഡെ റ്റൈംസിൽ പ്രവർത്തിച്ചിരുന്ന ബ്രയാൻ ഡിയർ എന്ന ബ്രിട്ടീഷ് പത്രപ്രവർത്തകന്റെ അന്വേഷണങ്ങൾ കള്ളികളെല്ലാം വെളിച്ചത്തുകൊണ്ടുവന്നു. മുൻകൂട്ടി നിശ്ചയിച്ച ഫലം കണ്ടെത്താൻ വേണ്ടി നടത്തിയ കൂലിഗവേഷണത്തിന്‍റെയും മറ്റു നിരവധി നിക്ഷിപ്ത താല്പര്യങ്ങളുടെയും വിവരങ്ങൾ ഓരോന്നായി വെളിവായി. വക്കീൽക്കമ്പനിയിൽനിന്നും പണംപറ്റുക മാത്രമല്ല മറ്റൊരു ‘സുരക്ഷിത’ അഞ്ചാംപനി വാക്സിനായി റോയൽ ഫ്രീ ആശുപത്രിയോടൊപ്പം കൂട്ടു പേറ്റന്‍റ് അപേക്ഷകനുമായിരുന്നു ഇയാൾ. എന്തിനേറെ, കാര്യങ്ങളെല്ലാം വെളിവായതോടെ ബ്രിട്ടനിലെ ജനറൽ മെഡിക്കൽ കൌൺസിലിൽ നിന്നു വേക്ഫീൽഡിന്‍റെ പേരും വെട്ടിമാറ്റപ്പെട്ടു. പിന്നെ അയാളെക്കാണുന്നത് തന്‍റെ പുതിയ ചികിത്സാരീതികളുമായി അമേരിക്കയിൽ കൂട്ടു കാപട്യക്കാരുമായിച്ചേർന്നു കുട്ടികളെ കൊല്ലുന്ന ചികില്‍സാവ്യവസായ സംരംഭങ്ങളിലാണ്.

ഇതിൽ രസകരമായ കാര്യം പഠനങ്ങളിലെങ്ങും അഞ്ചാംപനി വൈറസ്സുകൾ എങ്ങനെ ഓട്ടിസമുണ്ടാക്കും എന്ന് തെളിയിക്കാനദ്ദേഹത്തിനായില്ല എന്നതാണ്. തന്‍റെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹം മുന്നോട്ടു വച്ച ഒരു ഊഹം മാത്രമായിരുന്നു അത്. ഈ വിഷയം ഇത്രയും വിശദമായി പ്രദിപാദിച്ചത് ഇന്നും നമ്മുടെ മെഡിക്കൽ കോളെജ് പ്രഫസ്സർകൂടിയായ ഡോക്ടർ മുതൽ ആയുർവേദാചാര്യനും ശാസ്ത്രലേഖകരും വരെ ഇതൊക്കെ ആവർത്തിച്ചു കാണുന്നതുകൊണ്ടാണ്.

ഇല്ലാത്ത വസ്തുതകളെ മുൻനിർത്തി നടത്തുന്ന അപവാദ വ്യവസായം കേരളത്തിലും ചില മാദ്ധ്യമങ്ങളുടെ റേറ്റിങ്ങ് കൂട്ടുന്നുണ്ടാകണം. അതാണല്ലോ അവരിൽ ചിലരൊക്കെ തെറ്റെന്നു തെളിഞ്ഞ ആരോപണങ്ങൾ ആവർത്തിയ്ക്കുന്നതും അവർക്കു പിന്തുണയേകുന്നവരെ ആദർശവാദികളായി കൊണ്ടാടുന്നതും. ഇവിടെ പ്രധാന പ്രശ്നം അതല്ല. ഈ ആരോപണങ്ങൾ വഴിയും അതിനുകിട്ടുന്ന പ്രചാരണങ്ങൾവഴിയും സാധാരണക്കാരായ ഒട്ടേറെപ്പേർ

കൺജനിറ്റൽ റൂബല്ല സിന്‍ഡ്രോം
കൺജനിറ്റൽ റൂബല്ല സിന്‍ഡ്രോം

ആശയക്കുഴപ്പത്തിലാകുകയും വാക്സിനിൽ നിന്നൊഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. സധാരണക്കാരെ സംബന്ധിച്ച് വിവാദവിഷയം പെന്‍റാവാലന്‍റാണോ റൂബല്ലയാണോ, ഓട്ടിസമാണൊ എന്നൊന്നും നോക്കാനായെന്നു വരില്ല. വാക്സിനുകൾ എന്തോ കുഴപ്പം പിടിച്ചതാണ്, വെറുതേ അതൊക്കെയെടുത്ത് പൊല്ലാപ്പുകൾ വരുത്തി വയ്ക്കേണ്ട എന്നു തീരുമാനിച്ചാൽ അവരെ കുറ്റം പറയാനാകില്ലല്ലോ.

കാര്യങ്ങൾ അങ്ങനെയല്ല എന്നു വിശദീകരിയ്ക്കാൻ നമ്മുടെ മുഖ്യധാരമാദ്ധ്യമങ്ങൾ വേണ്ടത്ര ശ്രമം നടത്തുന്നില്ല. വാക്സിനുകളുടെ ശാസ്ത്രം ആർക്കും പരിശോധിക്കാവുന്ന, വിലയിരുത്താവുന്ന തരത്തിൽ പുസ്തകങ്ങളായും ആനുകാലികങ്ങളായും ലഭ്യമാണ്. എന്നിട്ടും വ്യക്തിനിഷ്ട അഭിപ്രായങ്ങൾക്കുമാത്രം പരിഗണന കൊടുക്കുന്ന രീതി അവലംബിക്കുന്നതാണു പ്രശ്നം രൂക്ഷമാക്കുന്നത്.

വാക്സിനുകൾകൊണ്ടു തടയാവുന്ന രോഗങ്ങളിൽ പലതും തടയാനേ കഴിയൂ, ചികില്‍സിച്ചു മാറ്റാനാവില്ല, അല്ലെങ്കിൽ എളുപ്പമല്ല. അതുമല്ലെങ്കിൽ കാര്യമായ ചെലവും അവശിഷ്ടഫലങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. വാക്സിൻ പരിപാടി പരാജയപ്പെട്ടിടത്തെ ദുരന്താനുഭവങ്ങൾക്ക് ഉദാഹരണങ്ങൾ അനവധിയാണ്. ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് തൊണ്ണൂറുകളിൽ അതുവരെ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന പല റിപ്പബ്ലിക്കുകളിലും വാക്സിനേഷൻ കുറഞ്ഞതിന്റെ ഭാഗമായുണ്ടായ ഡിഫ്തീരിയ ബാധ. ലക്ഷക്കണക്കിനുപേർക്കു രോഗവും നിരവധി മരണങ്ങളും ഇതുമൂലമുണ്ടായി. ആന്‍ഡ്രു വേക്ഫീൽഡിന്‍റെ ‘പഠനഫലങ്ങളെ’ത്തുടർന്ന് ബ്രിട്ടനിലും വാക്സിൻ സ്വീകാര്യത നിലംതൊടുകയും ദശാബ്ദങ്ങൾക്കിടെ ആദ്യമായി അവിടെ അഞ്ചാംപനി മരണമുണ്ടാകുകയും ചെയ്തു. ഡിഫ്തീരിയയുടെ അണുക്കൾ സമൂഹത്തിൽ എല്ലായ്പ്പോഴുമുണ്ടായിരിയ്ക്കും, മിക്കവരുടെയും തൊണ്ടയിൽ ഇതു കാണാം. അനുകൂല സാഹചര്യങ്ങളിൽ അവ രോഗമുണ്ടാക്കും. ഇതിന്‍റെ അണുക്കളുണ്ടാക്കുന്ന ചില വിഷപദാർത്ഥങ്ങൾ നാഡീകോശങ്ങളെയും ഹൃദയകോശങ്ങളെയുമൊക്കെ ബാധിച്ചാണ് അപകടമുണ്ടാക്കുന്നത്. വിഷാംശങ്ങൾ ഈ കോശങ്ങളുമായി ബന്ധിച്ചാൽ ഔഷധപ്രയോഗമൊന്നും ഫലിച്ചെന്നു വരില്ല. പിന്നെ രോഗം ചുരുക്കമായതുകൊണ്ട് ഇത്തരം ഔഷധത്തിന്‍റെ ലഭ്യതയും  ഒരു പ്രശ്നമാണ്. ഇതൊക്കെ രോഗം ബാധിച്ച കുട്ടിയുടെ മരണത്തിലേയ്ക്കാണ് അനിവാര്യമായും ചെന്നെത്തുക.

വില്ലൻ ചുമ ബാധിച്ച കുട്ടി (കടപ്പാട് - വിക്കിപ്പീഡിയ)
വില്ലൻ ചുമ ബാധിച്ച കുട്ടി (കടപ്പാട് – വിക്കിപ്പീഡിയ)

ഇതുപോലെതന്നെയാണ് ടെറ്റനസ് രോഗവും. അതിന്‍റെയും വിഷവസ്തുക്കൾ പേശീനാഡീസംയോഗസ്ഥാനങ്ങളിൽ സംയോജിച്ചാൽ ഔഷധപ്രയോഗം ചെയ്താലും 50 ശതമാനം വരെ മരണസാദ്ധ്യതയുള്ളതാണ്. നവജാതരിലാകുമ്പോൾ ഇത് 90-100 ശതമാനം വരെയാകും. വില്ലൻചുമയും ഇങ്ങനെ ചികില്‍സിച്ചാൽ മാത്രമേ കുറെയെങ്കിലും ഫലം കിട്ടൂ. അല്ലെകിൽ രണ്ടു മൂന്നു മാസം നിലനില്‍ക്കുന്ന ചുമയായിരിയ്ക്കും ഫലം. ഇതും നവജാതരിൽ വന്നാൽ ഉയർന്ന മരണനിരക്കുള്ളതാണ്. അഞ്ചാംപനിയും ഇതിനൊരപവാദമല്ല. അമേരിക്കയിൽ ക്രിസ്തുമതത്തിന്റെ ചില അവാന്തര വിഭാഗങ്ങളില്‍പ്പെട്ട, വാക്സിന്‍വിരുദ്ധസമീപനം സ്വീകരിയ്ക്കുന്ന സമൂഹങ്ങളിൽ സമീപകാലത്തും ഈ രോഗം രൂക്ഷമായി കാണപ്പെടുകയും മരണങ്ങൾക്കു കാരണമാകുകയും ചെയ്തിട്ടുണ്ട്. അതായത് പ്രതിരോധം ചികില്‍സയേക്കാൾ ഫലപ്രദമെന്ന ആപ്തവാക്യത്തെ എന്തുകൊണ്ടും അന്വർത്ഥമാക്കുന്ന രോഗങ്ങളാണിവ.
രോഗാണുക്കളും ഒരർത്ഥത്തിൽ പ്രകൃതിയുടെ ഭാഗം തന്നെയാണല്ലോ. ആർക്കതു ഗൌരവതരമാകും ആർക്കു മരണവും സങ്കീർണ്ണതകളുമുണ്ടാക്കും എന്നൊന്നും പ്രവചിക്കാനാകില്ല. അതുകൊണ്ടാണ് നാം നിയന്ത്രിതരോഗമുണ്ടാക്കി പ്രതിരോധം സൃഷ്ടിക്കുന്നത്. ഇത്രമാത്രമാണ് വാക്സിനുകൾ ചെയ്യുന്നത്. വാക്സിനുകളെക്കാൾ സ്വഭാവികമായി (natural) മറ്റൊന്നില്ല എന്നുതന്നെ പറയാം. പ്രകൃതിദത്തവസ്തുക്കളെ പാകപ്പെടുത്തിമാത്രമേ  മനുഷ്യനുപയോഗിയ്ക്കുന്നുള്ളൂ എന്നോർക്കണം. നാം ഉപയോഗിക്കുന്ന സസ്യജന്തുജന്യങ്ങളായ എല്ലാ ഭക്ഷ്യ വസ്തുക്കളും മനുഷ്യന്റെ സൃഷ്ടിയാണ്. ഇന്നത്തെ പഴങ്ങൾക്കും പച്ചക്കറികൾക്കും അവയുടെ പ്രകൃതിദത്ത മുന്‍ഗാമികളുമായി പല അർത്ഥത്തിലും സാമ്യമില്ല. നമ്മുടെ വളർത്തുമൃഗങ്ങളും കാട്ടിലേയ്ക്കഴിച്ചുവിട്ടാൽ നിലനില്‍ക്കില്ല. പ്രകൃതിയെ നമുക്കനുകൂലമാക്കി മാറ്റുന്ന പ്രക്രിയയുടെ മറ്റൊരുദാഹരണം മാത്രമാണ് വാക്സിനുകൾ എന്നു വിശദീകരിയ്ക്കാനാണിവിടെ ശ്രമിച്ചത്. രോഗപ്രതിരോധത്തിനു അണുക്കൾ വീര്യവത്താകണമെന്നില്ല ശോഷിതമായാലും മതി, ജീവനുള്ളവ വേണ്ട മൃതമായലും മതി, മൃതമോ ശോഷിതമോ ആയ അണുക്കൾതന്നെ വേണമെന്നില്ല അവയുടെ ചില ഘടകങ്ങൾ മതി എന്നൊക്കെയുള്ള കണ്ടെത്തലുകളാണ് വാക്സിൻ എന്ന ആശയത്തിലേക്കെത്തിച്ചതും അതു പ്രായോഗികമായി നടപ്പാക്കിയതും. അണുക്കളെ ശോഷിപ്പിക്കുന്നതിലും മൃതമാക്കുന്നതിലും അങ്ങനെയുണ്ടാക്കുന്ന വാക്സിനുകളെ കേടാകാതെ സൂക്ഷിച്ചു വെയ്ക്കുന്നതിലും ചില രാസികങ്ങൾ സൂക്ഷ്മമായ അളവിൽ ചേർക്കുന്നുണ്ടെന്നത്  വാസ്തവമാണ്. അങ്ങനെ നാം ഉപയോഗിക്കുന്ന ഫോർമാലിനും ഈതൈൽ മെർക്കുറിയുമൊക്കെ വാക്സിനുകളിൽ മാത്രം കാണുന്നതല്ല. ചില പ്രത്യേക തൊഴിൽ വിഭാഗങ്ങളിലുള്ളവർ നിത്യേനയെന്നോണം കൈകാര്യം ചെയ്യുന്നവയാണിവ. ഇവരില്‍ക്കാണാത്ത പ്രതികരണങ്ങൾ ഇവ അതിസൂക്ഷ്മമായിച്ചേരുന്ന വാക്സിനുകൾ  സൃഷ്ടിക്കേണ്ടതില്ലല്ലോ. പിന്നെ ആധുനിക വൈദ്യത്തിലെ ഔഷധങ്ങളും വാക്സിനുകളും സുരക്ഷിതത്വവും ഫലപ്രാപ്തിയും വിലയിരുത്താൻ വേണ്ട നാലു ഘട്ടങ്ങളിലൂടെയുള്ള നിഷ്കൃഷ്ടപരിശോധനകൾക്കുശേഷം മാത്രം രോഗികളിൽ പ്രയോഗിക്കാനനുമതി ലഭിക്കുന്നവയുമാണ്. മാത്രമല്ല ഇങ്ങനെ അനുമതി കിട്ടിയവതന്നെ വിപണനാനന്തര വിലയിരുത്തലുകൾക്ക് (post marketing surveillance) വിധേയവുമാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ അവ പിന്‍വലിക്കപ്പെടുകയാണു പതിവ്. ഇതിനും ധാരാളം ഉദാഹരണങ്ങളുണ്ട്.

വാക്സിനുകൾക്കെതിരായി വന്നിട്ടുള്ള വിമർശനങ്ങളെല്ലാം വിലയിരുത്തുക ഈ ലേഖനത്തിന്റെ പരിധിയ്ക്കത്തുനിന്നുകൊണ്ടു സാധിക്കുന്നതല്ല. രണ്ടുകാര്യങ്ങൾ മാത്രം പരാമർശിയ്ക്കാൻ ശ്രമിയ്ക്കുകയാണ്. ഒന്നാമതായി കേരളത്തിൽ 2011ൽ നിലവിൽ വന്ന പെന്‍റാവാലന്‍റ് വാക്സിനെക്കുറിച്ചാണ്. ഏറെ നാളായി മറ്റു രാജ്യങ്ങളിലും ഇന്ത്യയില്‍ത്തന്നെ സ്വകാര്യമേഖലയിലും വ്യാപകമായ ഉപയോഗാനുഭവംകൊണ്ടു സുരക്ഷിതമെന്നു തെളിഞ്ഞ ഈ വാക്സിൻ ഇന്ത്യയിൽ രോഗാവസ്ഥ സംബന്ധിച്ചുള്ള പഠനങ്ങളുടെ പിന്‍ബലത്തിൽ വാക്സിൻ സംബന്ധിച്ചുള്ള സങ്കേതിക ഉപദേശകസമിതിയുടെ നിർദ്ദേശപ്രകാരമണ് കേരളത്തിലും തമിഴ് നാട്ടിലും ആദ്യമായി നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ നടപ്പാക്കാനരംഭിച്ച് ഏതാനും ദിവസത്തിനകം തന്നെ എതിർപ്പുകൾ ഉയർന്നു വരാൻ തുടങ്ങി. വാക്സിൻ ലഭിച്ച കുട്ടികളിലുണ്ടായ, എന്നാൽ വാക്സിനുമായി ബന്ധിപ്പിക്കാൻ ഒരു തെളിവുമില്ലാതിരുന്ന, മരണങ്ങളെ മുന്‍നിർത്തിയായിരുന്നു ഈ കോലാഹലങ്ങൾ. കേരളത്തിൽ പ്രതിദിനം ഒരുവയസ്സില്‍ത്താഴെ പ്രായമുള്ള 16-17 കുട്ടികളാണ് വിവിധ കാരണങ്ങളാൽ മരിയ്ക്കുന്നത്. ഇതിൽ മിക്കവരും വാക്സിൻ ലഭിച്ചവരായിരിയ്ക്കുമല്ലൊ. ഇവയെ വാക്സിനുകളുമായി ബന്ധിപ്പിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും അതു പഠിയ്ക്കുന്നതിനു നിയുക്തമായ സമിതിക്കു കണ്ടെത്താനായില്ല. ഈ ആരോപണങ്ങൾ കഴിഞ്ഞ രണ്ടുകൊല്ലമായി ആവർത്തിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അമ്മയാകാൻ പോകുന്ന ഏതൊരു സ്ത്രീയെയും ഉത്ക്കണ്ഠപ്പെടുത്തുന്ന ഒന്നായിരിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യവും ആയുസ്സും. അതുറപ്പാക്കാനാകുന്ന നിരവധി ഇടപെടലുകൾ ഇന്നു വൈദ്യശാസ്ത്രത്തിനു സ്വായത്തമാണ്. ഗർഭിണിയാകുന്നതിനു മുന്‍പുതന്നെ ഫോളിക് ആസിഡ് എന്ന ബി വിറ്റാമിൻ ഉപയോഗിച്ചു തുടങ്ങുക, അയഡിൻ ദൌർലഭ്യമുള്ളിടങ്ങളിൽ അതു നല്കുക മുതലയവ പ്രധാനമാണ്. പ്രമേഹവും രക്താതിസമ്മർദ്ദവുമൊക്കെ നേരത്തേ Fluzoneകണ്ടെത്തി ചികില്‍സിക്കുക, ഗർഭിണികളിൽ അതീവ ഗുരുതരമാകാനിടയുള്ള സാംക്രമികരോഗങ്ങളായ ഇന്‍ഫ്ളുവന്‍സയ്ക്കും മഞ്ഞപ്പിത്തത്തിനുമൊക്കെ എതിരായി വാക്സിനെടുക്കുക, നവജാതശിശുവിനു രോഗബാധയുണ്ടാകാതിരിപ്പാനുള്ള ടെറ്റനസ് വാക്സിൻ എടുക്കുക ഒക്കെ ഇതില്‍പ്പെടും. ഗർഭസ്ഥശിശുവിനു അന്ധതയും ബധിരതയും  ബുദ്ധിമാന്ദ്യവും ഹൃദ്രോഗങ്ങളുമുണ്ടാക്കാൻ പോന്ന മറ്റൊന്നാണ് റൂബല്ല. ഗർഭാവസ്ഥയിൽ ഈ രോഗം വന്നാൽ ശിശുവിനുണ്ടാകാനിടയുള്ള കൺജനിറ്റൽ റൂബല്ല സിന്‍ഡ്രോമിന്‍റെ ലക്ഷണങ്ങളാണിവ. ഈ വാക്സിൻ പക്ഷെ നേരത്തേ എടുക്കണം. ഗർഭിണികൾക്കിതെടുക്കാനാവില്ല, അങ്ങനെ എടുക്കുന്നതുകൊണ്ട് പ്രയോജനവുമില്ല. അപ്പോൾ അതെടുക്കേണ്ടത് കൌമാരപ്രായത്തിലാണ്. അതവർക്കു തീരുമാനിയ്ക്കാനായെന്നു വരില്ല. രക്ഷാകർത്താക്കളെ പറഞ്ഞു മനസ്സിലാക്കുന്നതിന്റെ ഉത്തരവാദിത്വം ആരോഗ്യപ്രവർത്തകർക്കാണ്. മാദ്ധ്യമങ്ങളിലൂടെയും നേരിട്ടും വിപരീതോപദേശം നല്‍കുന്ന ഡോക്ടർമാർ അക്ഷന്ത്യവ്യമായ അപരാധമാണ് ചെയ്യുന്നത്. അവിടെ ഒരു വർഷം പത്തുപേർക്കേ രോഗം വരുന്നുള്ളു എന്നൊക്കെയുള്ള സ്ഥിതിവിവരക്കണക്കുമായി വരുന്നത് ക്രൂരവുമാണ്. ഒന്നാമത്തെ കാര്യം, അതു വസ്തുതാധിഷ്ഠിതമല്ല എന്നതാണ്. രണ്ടാമതായി, പൂർണ്ണലക്ഷണസംയുതമായ ഓരോ റൂബല്ല സിന്‍ഡ്രോമിനും വളരെയധികം അന്ധത, ബധിരത, ഹൃദ്രോഗം എന്നിവ മാത്രമായുണ്ടാകാമെന്നതിന് നിരവധി പഠനങ്ങളുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലെ മുഴുവൻ വാക്സിൻ വിരുദ്ധപ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച ഒരു പത്രസ്ഥാപനം പറയുന്നു, നമ്മുടെ ശാസ്ത്രബോധത്തിനു തിരുത്തൽ വേണമെന്ന്! തിരുത്താൻ കിട്ടിയ ഒരവസരംപോലും ഉപയോഗപ്പെടുത്താത്ത ഈ നിലാപാടിലെന്താത്മാർത്ഥയാണുള്ളത്. ഇവിടെ ഡിഫ്തീരിയയ്ക്കു മരുന്നു കിട്ടാനില്ല എന്ന പരിദേവനവും അവരുടേതായുണ്ട്. വാക്സിൻ വിരുദ്ധശക്തികൾക്ക് കരുത്തേകുന്നതിൽ സംഭാവന നല്‍കിയ വ്യക്തിയെ അവർ കൂട്ടും പിടിച്ചു. മരുന്നില്ലാ എന്നതുകൊണ്ട് വാക്സിനില്ലാ എന്നു ധരിയ്ക്കരുത്. രോഗബാധിതർക്കു കൊടുക്കുന്ന പ്രത്യൌഷധമാണില്ലാത്തത്. അടുത്തകാലത്തൊന്നും പെന്‍റാവലന്‍റ് ഉൾപ്പടെയുള്ള അടിസ്ഥാനവാക്സിനുകളുടെ ലഭ്യത ഒരു പ്രശ്നമായി വന്നിട്ടില്ല. ഇന്നു നമുക്കാവശ്യം ഈ  മരണങ്ങൾ ഇനിയും ആവർത്തിയ്ക്കാതെ നോക്കുക എന്നതാണ്. അതിനു ശാസ്ത്രത്തിന്‍റെ പിന്‍ബലത്തോടെയുള്ള പ്രചരണങ്ങൾ മാത്രം അവലംബിയ്ക്കുക. ജനങ്ങളിൽ സംശയത്തിന്റെ വിത്തു പാകുന്ന എഴുത്തിനും പ്രസംഗങ്ങൾക്കും ചാനൽ ചർച്ചകൾക്കും തല്‍ക്കാലം വിടനല്‍കുക.

Leave a Reply