Read Time:25 Minute

ശ്രീനാഥ് എ.വി.

Research Scholar, Department of Atmospheric Sciences,  Cochin University of Science and Technology 

                                         

മാനത്തു വിസ്‌മയം വിതറുന്ന മേഘക്കൂടാരത്തിലേയ്ക്ക് കൗതുകത്തോടെ നോക്കി നിന്ന കുട്ടികാലത്തിന്റെ ഉടമകളായിരിക്കും നമ്മളിൽ പലരും. അത്രമേൽ മനോഹരമായ വർണ്ണ കാഴ്ചകളാണ് കണ്ണിനു കുളിർമയെന്നോണം അവ മിക്കപ്പോഴും വാനിൽ ഒരുക്കുക. പല തരത്തിലുള്ള മേഘ പടലങ്ങൾ ആകാശത്തു കാണപ്പെടാറുണ്ട്. കാണുമ്പോഴുള്ള വ്യത്യാസം പോലെ തന്നെ രൂപപ്പെടുന്ന പ്രക്രിയയിലും, ഉയരത്തിലും അത്തരം മേഘങ്ങൾ വിഭിന്ന സ്വഭാവക്കാരാണെന്നു പറയാം.

അന്താരാഷ്ട്ര കാലാവസ്ഥാ സംഘടനയുടെ വ്യാഖ്യാനം അനുസരിച്ച് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ചെറിയ ജലകണങ്ങളുടെയോ, ഹിമത്തിന്റേയോ കൂട്ടത്തെയാണ് മേഘം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ചില സന്ദർഭങ്ങളിൽ വലുപ്പം കൂടിയ ജല-ഹിമ കണങ്ങളും മേഘങ്ങളിൽ കാണപ്പെടാം.

ജീൻ-ബാപ്റ്റിസ്റ്റ് ലമാർക്ക് (1744-1829)

  പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ (1802 ൽ) ഫ്രഞ്ച്‌ പ്രകൃതി ശാസ്ത്രജ്ഞനായ ജീൻ-ബാപ്റ്റിസ്റ്റ് ലമാർക്ക് (1744-1829) ആണ് മേഘങ്ങളെ താരതമ്യപ്പെടുത്തി ആദ്യമായി ഒരു പഠനം മുന്നോട്ടു വയ്‌ക്കുന്നത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ആ പഠനത്തിന് ശാസ്ത്രലോകത്ത്‌ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. ഒരു വർഷത്തിന് ശേഷം ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ ലൂക്ക് ഹോവാർഡ്, ലാറ്റിൻഭാഷയുടെ സഹായത്തോടെ രൂപപ്പെടുത്തിയ പുതിയ താരതമ്യ പഠനത്തിന് ശാസ്ത്രലോകത്തു വലിയ അംഗീകാരം ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പഠനത്തിൽ  പ്രധാനമായും സ്ട്രാറ്റസ് (പാളിയായി കാണപ്പെടുന്ന മേഘം), ക്യുമുലസ് (കൂമ്പാരമായി കാണപ്പെടുന്ന മേഘം), സിറസ് (മുടി പോലെ അല്ലെകിൽ കുതിര വാല് പോലെ കാണപ്പെടുന്ന മേഘം), നിംബസ് (മഴ മേഘം) എന്നീ നാല് മേഘ രൂപങ്ങളെകുറിച്ചാണ്‌ വിവരിച്ചിരിക്കുന്നത്. മുകളിൽ പറഞ്ഞ മേഘരൂപങ്ങളുടെ സംയോജനം വഴി  മറ്റ് മേഘ പാളികളെ വിവരിക്കാൻ പറ്റുമെന്ന സവിശേഷത അദ്ദേഹത്തിന്റെ പഠനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. ഉദാഹരണത്തിന്, “നിംമ്പോസ്ട്രാറ്റസ്” , “ക്യുമുലോനിംമ്പസ്” എന്നിവ മഴമേഘങ്ങൾ ആണ്. പക്ഷെ ആദ്യത്തേത് പാളിരൂപത്തിൽ നിന്നുകൊണ്ട് മഴയ്ക്ക് കാരണമായിത്തീരുമ്പോൾ രണ്ടാമത്തേത് മഴ പെയ്യിക്കുന്നത് വളരെ ഉയരത്തിൽ ഒരു കൂമ്പാരം പോലെ വളരുന്നതിന് ശേഷമാണ്.

1887-ൽ ആബർ‌ക്രോംബിയും ഹിൽ‌ഡെബ്രാൻഡ്‌സണും (Hugo Hildebrand Hildebrandsson), ഹോവാർഡിന്റെ താരതമ്യ പഠനത്തിൽ ചില  മാറ്റങ്ങൾ വരുത്തി പുതിയ ഒരു വര്‍ഗ്ഗീകരണ പഠനം മുന്നോട്ടു വച്ചു. ആ പഠനത്തിൽ പത്ത് പ്രധാന മേഘ രൂപങ്ങളെ, അവ കാണപ്പെടുന്ന ഉയരത്തിന്റെ നിദാനത്തിൽ, ‘താഴത്തെ മേഘങ്ങൾ (low clouds)’,  ‘മധ്യമേഘങ്ങൾ (middle clouds)’,  ‘ഉയർന്ന മേഘങ്ങൾ (High clouds)’, ‘ലംബ ദിശയിൽ വളരുന്ന മേഘങ്ങൾ (Clouds with vertical development)‘ എന്നിങ്ങനെ നാല് പ്രാഥമിക മേഘവിഭാഗങ്ങളായി  ചുവടെ കാണിച്ച വിധം  തരംതിരിച്ചിരിക്കുന്നു. 

ആബർ‌ക്രോംബിന്റെയും ഹിൽ‌ഡെബ്രാൻഡ്‌സന്റെയും മേഘ വർഗ്ഗീകരണം

High clouds : Cirrus, Cirrocumulus, Cirrostratus
Clouds with vertical development :  Cumulus, Cumulonimbus 
Middle clouds :  Altocumulus, Altostratus
Low clouds : Stratocumulus, Stratus, Nimbostratus 


അന്താരാഷ്ട്ര കാലാവസ്ഥ സംഘടന (World  Meteorological  organization)) മേഘങ്ങളെ അവയുടെ ആരംഭ സ്ഥാനത്തിന്റെ (cloud base) അടിസ്ഥാനത്തിൽ ‘താഴ്ന്ന മേഘങ്ങൾ (low clouds )’, ‘മധ്യമേഘങ്ങൾ (middle  clouds)’, ‘ഉയർന്നമേഘങ്ങൾ (high clouds)’ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ആബർ‌ക്രോംബിയുടെയും ഹിൽ‌ഡെബ്രാൻഡ്‌സന്റെയും വർഗ്ഗീകരണവുമായി വളരെയേറെ സാമ്യത പുലർത്തുന്ന രീതിയിലാണ് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന മേഘങ്ങളെ തരംതിരിച്ചിക്കുന്നത് (
ടേബിൾ 2 ).

മേഘ വർഗ്ഗീകരണം- ഒരു ചിത്രീകരണം

അക്ഷാംശ രേഖയ്ക്ക് അനുസൃതമായി വർഗ്ഗീകരണത്തിനു കാരണമായ ആരംഭ സ്ഥാനത്തിന്റെ ഉയരം  മൂന്ന് മേഘ വിഭാഗങ്ങളിലും  വ്യത്യാസപ്പെടുന്നതായി കാണപ്പെടുന്നു. അക്ഷാംശ രേഖയുടെ മാറ്റത്തിനനുസരിച്ചു അന്തരീക്ഷ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഉയരത്തിലുണ്ടാകുന്ന  വ്യതിയാനത്തിന് കാരണം. ഈ വ്യതിയാനത്തിന്റെ കാരണം വ്യക്തമാക്കാൻ നമുക്കൊരു ഉദാഹരണം ഉപയോഗിക്കാം. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ (ട്രോപ്പിക്കൽ റീജിയൺ) ദ്രാവകരൂപത്തിലുള്ള ജലാംശത്തെ മരവിപ്പിക്കാൻ പര്യാപ്തമായ വായുവിന്റെ താപനില സാധാരണയായി  കണ്ടുവരുന്നത് 6000 മീറ്റർ ഉയരത്തിലാണ്. എന്നാൽ, ധ്രുവപ്രദേശങ്ങളിൽ ഇതേ താപനില 3000 മീറ്റർ ഉയരത്തിൽ വരെ കാണപ്പെടാം. അതിനാൽ, വടക്കൻ റഷ്യയിൽ സമുദ്ര നിരപ്പിൽ നിന്നും 3600 മീറ്റർ (ഏകദേശം 12,000 അടി) ഉയരത്തിൽ സിറസ് മേഘങ്ങൾ നിരീക്ഷിക്കാൻ സാധിക്കുമ്പോൾ, നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ആ ഉയരത്തിൽ നമുക്ക് അത്തരം മേഘങ്ങളെ കാണുവാൻ സാധിക്കാതെ പോകുന്നു.

അന്താരാഷ്ട്ര കാലാവസ്ഥ സംഘടനയുടെ മേഘ വർഗീകരണം

High clouds (CH): Cirrus, Cirrocumulus, Cirrostratus
Middle clouds (CM): Altocumulus, Altostratus, Nimbostratus
Low clouds (CL):  Stratocumulus, Stratus, Cumulus, Cumulonimbus  

ഇനി ഓരോ വിഭാഗം മേഘങ്ങളെക്കുറിച്ചും   അവയുടെ സവിശേഷതകളെക്കുറിച്ചും  പരിചയപ്പെടാം.

താഴ്‌ന്ന മേഘങ്ങൾ (Low clouds)

ഈ വിഭാഗത്തിലെ മേഘങ്ങളുടെ ആരംഭസ്ഥാനം 2000 മീറ്ററിന് താഴെയായി കാണപ്പെടുന്നു. കൂടാതെ ഇത്തരം മേഘങ്ങൾ കൂടുതലായും ജലത്തുള്ളികൾ കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്. എന്നാൽ അന്തരീക്ഷ താപനില വളരെയേറെ കുറഞ്ഞ അവസ്ഥയിൽ (പ്രധാനമായും ലംബ ദിശയിൽ വളരുന്ന മേഘങ്ങളുടെ കാര്യത്തിൽ) ഹിമകണങ്ങളുടെ സാനിധ്യവും ഇവയ്ക്കകത്തു കണ്ടുവരുന്നു . 

സ്ട്രാറ്റസ്  (Stratus) 

 ഷീറ്റുകൾ പോലെ പരന്നു കാണപ്പെടുന്ന മേഘങ്ങളാണ് സ്ട്രാറ്റസ് മേഘങ്ങൾ. സാധാരണഗതിയിൽ, ഇത്തരം മേഘങ്ങളിൽ നിന്ന് മഴ പെയ്യാറില്ല. പക്ഷേ, ചില സന്ദർഭങ്ങളിൽ നേരിയ തോതിലുള്ള മൂടൽ മഞ്ഞിനോ അല്ലെങ്കിൽ ചാറ്റൽ മഴയ്‌ക്കോ  സ്ട്രാറ്റസ് മേഘങ്ങൾ കാരണമായിത്തീരാറുണ്ട് . 

ഡൈനാമിക് ലിഫ്റ്റിങ്ങും (തിരശ്ചീനമായ ദിശയിൽ ഉള്ള കാറ്റിന്റെ വേഗത ലംബമായി വീശുന്ന കാറ്റിനേക്കാൾ കൂടുതൽ)  ഉയർന്ന ആപേക്ഷിക ആർദ്രതയുള്ള വായുവും സ്ട്രാറ്റസ് മേഘങ്ങൾ രൂപപ്പെടുന്നതിനു അനിവാര്യമായ രണ്ട് ഘടകങ്ങൾ ആണ്. മന്ദഗതിയിലുള്ള ലിഫ്റ്റിങ്ങാണ് ഡൈനാമിക് ലിഫ്റ്റിങ്ങ്. അതുകൊണ്ടാണ്  കൺവെക്ടിവ് ലിഫ്റ്റിങ്ങിൽ (തിരശ്ചീനമായ ദിശയിൽ ഉള്ള കാറ്റിന്റെ വേഗത ലംബമായി വീശുന്ന കാറ്റിനേക്കാൾ കുറവ്) നിന്നും രൂപം പ്രാപിക്കുന്ന ക്യുമുലസ് മേഘങ്ങൾ പോലെ ലംബമായി വികസിക്കുന്നതിനു പകരം സ്ട്രാറ്റസ് മേഘങ്ങൾ പരന്നതായി കാണപ്പെടുന്നത്.

സ്ട്രാറ്റസ് മേഘങ്ങൾ

സാധാരണ ക്യുമുലസ് മേഘങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്ട്രാറ്റസ് മേഘങ്ങൾക്ക് ആകാശത്തെ മുഴുവൻ മൂടാനാകും. തിരശ്ചീന ദിശയിൽ ഉള്ള കാറ്റിന്റെ വേഗത കൂടുതലായതിനാൽ ഡൈനാമിക് ലിഫ്റ്റിങ്ങ് നൽകുന്നത് ഒരു വലിയ പ്രദേശത്ത് മുഴുവനായാണ്. അതേസമയം  കൺവെക്ടിവ് ലിഫ്റ്റിങ്ങിൽ നിന്ന് രൂപം പ്രാപിക്കുന്ന ക്യുമുലസ് മേഘങ്ങൾ ലംബമായി വികസിക്കുകയും ഒരു ചെറിയ പ്രദേശത്തു മാത്രം കാണപ്പെടുകയും ചെയ്യുന്നു.

ക്യുമുലസ്  (Cumulus)

ആകാശത്തു പഞ്ഞികെട്ടുപോലെ, വെളുത്ത നിറത്തിലോ അല്ലെങ്കിൽ ഇളം ചാര നിറത്തിലോ കാണപ്പെടുന്ന മേഘരൂപങ്ങളാണ് ക്യുമുലസ്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടിയ ദിവസങ്ങളിൽ ഇത്തരം മേഘങ്ങളുടെ ആരംഭ സ്ഥാനം ചിലപ്പോൾ 1 കിലോമീറ്റർ വരെ എത്തിയേക്കാം. ലംബമായി വളരുന്ന ഈ മേഘരൂപങ്ങളുടെ വിസ്തൃതി 1 കിലോമീറ്റർ വരെയായി കാണപ്പെടുന്നു. 

ഒരു മേഘം ലംബമായി വികസിപ്പിക്കുന്നതിന് അസ്ഥിരത (ഇൻസ്റ്റബിലിറ്റി: ത്വരണത്തോടു കൂടിയുള്ള വായുവിന്റെ മേൽപ്പോട്ടുള്ള സഞ്ചാരം) ആവശ്യമാണ്.  ചുറ്റുമുള്ള അന്തരീക്ഷത്തെ അപേക്ഷിച്ച് ഒരു സ്ഥലത്തെ  വായുവിന്റെ സാന്ദ്രത കുറയുന്നതാണ്  അസ്ഥിരതയുടെ  കാരണമായി വർത്തിക്കുന്നത്. ഒരു ഹീലിയം ബലൂൺ മുകളിലേയ്ക്ക് ഉയർന്നു പോകുന്നതിന് സമാനമായോ അല്ലെങ്കിൽ തിളക്കുന്ന വെള്ളത്തിലെ ഒരു കുമിള ഉയരുന്നതിന്  സമാനമായോ ആണ്‌ ചൂടുള്ളതും ഈർപ്പമുള്ളതും  ആയ സാന്ദ്രത കുറഞ്ഞ വായു കുത്തനെ ഉയർന്ന് പോകുന്നത്. ഈ ഉയർച്ച കാരണം വായുവിന്റെ താപനില കുറയുകയും അതിലെ ഈർപ്പം ഘനീഭവിക്കാൻ ആരഭിക്കുകയും,  അനുബന്ധിതമായി മേഘരൂപത്തിൽ ജലത്തുള്ളികൾ രൂപപ്പെടുകയുംചെയ്യുന്നു. ചുരുക്കത്തിൽ,   ക്യുമുലസ് മേഘത്തിന്റെ ഉയരത്തിന്റെ അളവുകോൽ  അന്തരീക്ഷത്തിലെ അസ്ഥിരതയാണെന്നു പറയുവാൻ സാധിക്കും. 

കുത്തനെയുള്ള വളർച്ച കുറഞ്ഞ ക്യുമുലസ് മേഘങ്ങൾ ചെറിയ രീതിയിലുള്ള അസ്ഥിരതയുടെ സൂചകമാണ്, മാത്രമല്ല അത്തരത്തിൽ രൂപപ്പെടുന്ന മേഘങ്ങൾ മഴപെയ്യിക്കാൻ പര്യാപ്തമായവയുമല്ല. വളർച്ച കുറഞ്ഞ ഇത്തരം ക്യുമുലസ് മേഘങ്ങൾ (ക്യുമുലസ് ഹ്യൂമിലിസ്) പ്രസന്നമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു. അസ്ഥിരതയുടെ തോത് കൂടുന്നതിനനുസരിച്ച്  ക്യുമുലസ് മേഘത്തിന്റെ ലംബ ദിശയിൽ ഉള്ള വളർച്ച കൂടുകയും, അത്  ഇടിമിന്നൽ മേഘങ്ങളായ “ക്യുമുലസ് കൺജസ്റ്റസ്” ഉണ്ടാകാൻ വഴിയൊരുക്കുകയും  ചെയ്യുന്നു.

 

ക്യുമുലസ് മേഘങ്ങൾ

സ്ട്രാറ്റോക്യുമുലസ്  (Stratocumulus)

സ്ട്രാറ്സ് മേഘങ്ങളുടെയും ക്യുമുലസ് മേഘങ്ങളുടെയും സവിശേഷതകൾ ഒത്തുചേർന്ന മേഘപടലങ്ങളാണ്   സ്ട്രാറ്റോക്യുമുലസ്.  നേർത്ത പാളികളോടെ കൂട്ടം കൂട്ടമായി ഇടയ്ക്കിടെ ആകാശത്തു പ്രത്യക്ഷപ്പെടുന്ന ഇത്തരം മേഘങ്ങൾ കോട മഞ്ഞിന് (fog)  സമാനമാണ്. ചില സന്ദർഭങ്ങളിൽ ഇവ ചാറ്റൽ മഴയ്ക്ക് കാരണമാവാം.   ക്യുമുലസ് മേഘങ്ങളെ പോലെ അകന്നകന്നു കാണപ്പെടാത്ത ഈ മേഘങ്ങളുടെ ഉയർന്ന ഭാഗം പരന്നു കാണപ്പെടുന്നു. എന്നാൽ ക്യുമുലസ് മേഘങ്ങളുടെ ഉപരിതലം കുന്നിൻ ചെരുവുകളുടെ മുകൾഭാഗത്തിനു സമാനമാണ്.

സ്ട്രാറ്റോക്യുമുലസ് മേഘങ്ങൾ

നിംമ്പോ സ്ട്രാറ്റസ്  (Nimbostratus)

മഴയ്ക്ക് കാരണമാകുന്ന മേഘങ്ങളാണ് നിംമ്പോ സ്ട്രാറ്റസ്. ചാറ്റൽ മഴയ്‌ക്കോ അല്ലെങ്കിൽ മിതമായ തോതിലുള്ള മഴയ്‌ക്കോ കാരണമാകുന്ന നിംമ്പോ സ്ട്രാറ്റസ് മേഘങ്ങൾ ചാരനിരത്തിലാണ് കാണപ്പെടുന്നത്. ഇടിമിന്നലിന്റെ അഭാവത്തിൽ പെയ്യുന്ന ഭൂരിഭാഗം  മഴയ്‌ക്കും  കാരണം ഈ മേഘ രൂപങ്ങളാണ്. ഒരുപാട് സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന ഈ മേഘങ്ങൾ ഉണ്ടാകുന്നത് വായുവിന്റെ മുകളിലേയ്ക്കുള്ള നിർബന്ധിത ഉയർച്ച (forced convection ) മൂലമാണ്. 

നിംമ്പോ സ്ട്രാറ്റസ്  മേഘങ്ങൾ

നിർബന്ധിത ഉയർച്ച: അന്തരീക്ഷത്തിലെ താഴ്‌ന്ന പാളികളിലെ വായുവിന്റെ കേന്ദ്രീകരണം (low level convergence) വഴിയോ അല്ലെകിൽ മുകൾ പാളികളിലെ വിഭിന്ന ദിശയിലുള്ള വായുവിന്റെ സഞ്ചാരം (upper  level  divergence) വഴിയോ  ഉണ്ടാകുന്ന കുത്തനെയുള്ള വായു സഞ്ചാരം. അപൂരിത വായു ഉയരുമ്പോൾ അതിന്റെ  ആപേക്ഷിക ആർദ്രത വർദ്ധിക്കും. വായു ജലപൂരിതമാകുമ്പോൾ, മേഘങ്ങൾ രൂപപ്പെടുകയും  ഒടുവിൽ മഴ ഉണ്ടാകുകയും ചെയ്യുന്നു.

ക്യുമുലോ നിംമ്പസ്  (Cumulonimbus)

നേരത്തെ, ക്യുമുലസ് കൺജസ്റ്റസ് എന്ന മേഘരൂപത്തെക്കുറിച്ചു സൂചിപ്പിച്ചത് ഓർക്കുന്നില്ലേ? ക്യുമുലസ് കൺജസ്റ്റസ്  മേഘങ്ങൾ തുടർച്ചയായി ലംബദിശയിൽ വളരുന്നതാണ്  ക്യുമുലോ നിംമ്പസ് മേഘങ്ങൾ രൂപപ്പെടുന്നതിനു കാരണം. അന്തരീക്ഷത്തിൽ ഒറ്റപ്പെട്ടോ അല്ലെകിൽ ഒരു ചങ്ങല പോലെ ബന്ധപ്പെട്ടു കിടക്കുന്ന കൂട്ടമായോ ഈ മേഘരൂപങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇരുണ്ട നിറത്തിൽ കണ്ടുവരുന്ന  ഇത്തരം മേഘങ്ങളുടെ  ആരംഭ സ്ഥാനം ഏകദേശം 600 മീറ്ററും ഏറ്റവും ഉയർന്ന ഭാഗം (cloud top) 12000 മീറ്റർ വരെയും കാണപ്പെടുന്നു. ഇത്തരം മേഘങ്ങളുടെ താഴെ തട്ടിൽ ജലത്തുള്ളികളും ഉയർന്ന ഭാഗങ്ങളിൽ ഹിമത്തിന്റെ (ice)) സാനിധ്യവും സാധാരണമാണ്. ആലിപ്പഴം (Graupel) വീഴുന്നതിനു കാരണമായ ഇവ കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത് പോസ്റ്റ്-മൺസൂൺ (ഒക്ടോബർ-ഡിസംബർ), പ്രീ-മൺസൂൺ (മാർച്ച്-മെയ്) കാലയളവിൽ ആണ്. വലിയ തോതിലുള്ള മഴയ്‌ക്കാണ്‌ ഈ മേഘങ്ങൾ സാധാരണയായി വഴിയൊരുക്കുക. മൺസൂൺ കാലയളവിൽ (ഇടവപ്പാതി) പെയ്യുന്ന മഴയിൽ ഇടിമിന്നലിന്റെ സാന്നിധ്യം കണ്ടുവരാറില്ല. എന്നാൽ തുലാവർഷം (പോസ്റ്റ് മൺസൂൺ) അങ്ങനെയല്ല.  നല്ല ശക്തിയോടെ കോരിചൊരിയുന്ന മഴയും അതിനു കൂട്ടായെത്തുന്ന മിന്നലും, അതിനുപിറകിലായി വലിയ കെട്ടിടങ്ങളെ വരെ ഒന്ന് കുലുക്കാൻ പര്യാപ്തമായ ഇടിയും കൂടി എത്തുന്ന ഈ അന്തരീക്ഷാവസ്ഥ സൃഷ്ടിക്കുന്നത് നമ്മുടെ  ക്യുമുലോ നിംബസ് മേഘങ്ങളാണ്. മുകളിലേക്കോ, താഴേക്കോ ഉള്ള ശക്തിയേറിയ വായു പ്രവാഹം ഈ മേഘത്തിനകത്തു കാണപ്പെടുന്നു. ജലാംശം തണുത്തുറഞ്ഞ വെള്ളത്തുള്ളികളോ അല്ലെകിൽ മഞ്ഞുകട്ടയോ ആയി മാറുമ്പോൾ പുറത്തുവിടുന്ന ഊർജ്ജത്തിന്റെ സാന്നിധ്യമാണ് ഈ തരത്തിലുള്ള വായു പ്രവാഹത്തിന്റെ അടിസ്ഥാനശില.

ഭൂമി പുറത്തുവിടുന്ന തരംഗ ദൈർഘ്യം കൂടിയ വൈദ്യുത കാന്തിക തരംഗങ്ങളെ തടഞ്ഞ് നിർത്താൻ കഴിവുള്ളവയാണ് ക്യുമുലോ നിംമ്പസ് മേഘങ്ങൾ. വേനൽമഴ പെയ്യുന്നതിനു മുൻപ് നല്ല ചൂട് അനുഭപ്പെടുന്നത് ശ്രദ്ധിച്ചുകാണുമല്ലോ? അതിനു പ്രധാന കാരണം ഇത്തരത്തിൽ ക്യുമുലോ നിംമ്പസ് മേഘങ്ങൾ വൈദ്യുത കാന്തിക തരംഗങ്ങളെ തടഞ്ഞുനിർത്തുന്നതാണ്. കൂടാതെ ഉയർന്ന ആപേക്ഷിക ആർദ്രതയും അനുഭവഭേദ്യമായ  താപനില ഉയർത്തുന്നതിന് കാരണമാകുന്നു.

ക്യുമുലോ നിംബസ് മേഘങ്ങൾ

മധ്യ മേഘങ്ങൾ (Middle clouds)

ഉഷ്‌ണമേഖല പ്രദേശങ്ങളിൽ ഏകദേശം 2000 മീറ്റർ മുതൽ 8000 മീറ്റർ വരെയുള്ള ഉയരത്തിൽ ഇത്തരം മേഘങ്ങൾ കാണപ്പെടുന്നു. പ്രധാനമായും ജലത്തുള്ളികളണ് മധ്യ മേഘങ്ങളുടെ രൂപീകരണത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത്. എന്നാൽ  ചില അവസരങ്ങളിൽ ഹിമത്തിന്റെ സാനിധ്യവും ഈ മേഘ വിഭാഗത്തിൽ കണ്ടു വരുന്നു. ആൾട്ടോക്യുമുലസ് , ആൾട്ടോ സ്ട്രാറ്സ്  എന്നീ മേഘരൂപങ്ങളാണ് ഈ വിഭാഗത്തിലെ പ്രധാനികൾ. 

ആൾട്ടോ ക്യുമുലസ്  (Altocumulus)

നിരനിരയായി  കാണപ്പെടുന്ന ഇത്തരം  മേഘങ്ങൾ നീരാവി ഉൾകൊള്ളുന്ന വായുവിന്റെ പ്രാദേശിക ഉയർച്ചയെ (localized ascend) സൂചിപ്പിക്കുന്നു. മേഘ നിരകൾക്കിടയിലുള്ള തെളിഞ്ഞ ഭാഗം ഉത്ഭവിക്കുന്നതിന് കാരണം വായുവിന്റെ താഴോട്ടുള്ള സഞ്ചാരമാണ്.

വെളുത്ത നിറത്തിലോ അല്ലെങ്കിൽ ഇളം ചാര നിറത്തിലോ കാണപ്പെടുന്ന ഈ മേഘങ്ങളിൽ നിന്നും മഴ ലഭിക്കുന്ന സന്ദർഭങ്ങൾ വളരെ വിരളമാണ്.   വൃത്താകൃതിയിലുള്ള കുറ്റിച്ചെടികളുടെ കൂട്ടം പോലെയാണ്  ആകാശത്ത് ഇത്തരം മേഘങ്ങളുടെ വിന്യാസം കാണപ്പെടുന്നത്. 

ആൾട്ടോ ക്യുമുലസ് മേഘങ്ങൾ

ആൾട്ടോ സ്ട്രാറ്റസ്  (Altostratus)

നേർത്ത പാളിപോലെ ചാര നിറത്തിൽ കാണപ്പെടുന്ന ഇവയുടെ  ചാര നിറത്തിന്റെ തോത് നിംമ്പോസ്ട്രാറ്റസ് മേഘങ്ങളിലേതിനേക്കാൾ കുറവും സിറോ സ്ട്രാറ്സ്  മേഘങ്ങളിലേതിനേക്കാൾ കൂടുതലും ആയിരിക്കും. ആകാശത്തു പരക്കെ വ്യാപിച്ചു കിടക്കുന്ന സ്വഭാവക്കാരായ ഇത്തരം മേഘങ്ങൾ  ജലത്തുള്ളികളും ഹിമകണങ്ങളും ചേർന്നുകൊണ്ടാണ് ഉടലെടുക്കുന്നത്. നേരിയ തോതിലുള്ള ചാറ്റൽ മഴയ്ക്ക് കാരണക്കാരായി തീരുന്ന ഈ മേഘപാളി വരും സമയത്തെ ചുഴലി കാറ്റിന്റെ സൂചനയും ആവാം. 

ആൾട്ടോ സ്ട്രാറ്റസ് മേഘങ്ങൾ

ഉയർന്ന മേഘങ്ങൾ (High clouds)

ഉഷ്ണമേഖല പ്രദേശത്ത്  6000 മീറ്റർ മുതലുള്ള ഉയരത്തിലാണ് സാധാരണയായി ഈ മേഘവിഭാഗം കണ്ടുവരുന്നത്. കൂടിയ ഉയരത്തിൽ, തണുപ്പും, ജലാംശം ഇല്ലാത്തതുമായ അവസ്ഥ ആയതിനാൽ, ഈ ഗണത്തിലെ  മേഘങ്ങളിൽ  ഹിമകണങ്ങൾ ധാരാളമായി കാണപ്പെടുന്നു. അതിനാൽ തന്നെ വെളുത്ത നിറത്തിലാണ് ഇവ ആകാശത്തു പ്രത്യക്ഷപ്പെടുന്നത്. ഉയരത്തിൽ കാണപ്പെടുന്ന മേഘവിഭാഗത്തിലെ ചിലരെ താഴെ കൊടുത്തിരിക്കുന്നു. 

സിറസ്  (Cirrus)

കുതിരവാല് പോലെ, ആകാശത്ത് അകന്നകന്ന് കാണപ്പെടുന്ന മേഘ രൂപങ്ങളാണ്  സിറസ്. വാതകം നേരിട്ട് ഖരാവസ്ഥയിലേയ്ക്ക് മാറുന്ന പ്രതിഭാസത്തിന്റെ (Deposition) ഫലമായി പൂർണമായും ഹിമകണം കൊണ്ടാണ്  ഇവ രൂപപ്പെടുന്നത്. പകൽ സമയത്തു മറ്റുള്ള മേഘങ്ങളേക്കാൾ വെളുത്ത നിറത്തിൽ കാണപ്പെടുന്ന സിറസ് മേഘങ്ങൾ  തെളിഞ്ഞ അന്തരീക്ഷാവസ്ഥയെ പ്രതിനിധാനം ചെയുന്നു.  

സിറസ് മേഘങ്ങൾ

സിറോ ക്യുമുലസ്  (Cirro cumulus)

സിറസ് മേഘങ്ങളെ അപേക്ഷിച്ചു അപൂർവമായാണ് സിറോക്യുമുലസ് മേഘങ്ങൾ ആകാശത്തു കാണപ്പെടുന്നത്. ഓളങ്ങൾ പോലെ ക്രമാനുസൃതമായി കാണപ്പെടുന്ന ഈ മേഘപടലം പൂർണ്ണമായും ഐസ് ക്രിസ്റ്റൽസ് കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ചിലസമയങ്ങളിൽ, മൽസ്യങ്ങളുടെ ശൽക്കങ്ങൾ പോലെ കാണപ്പെടുന്നതിനാൽ   മാകെറൽ സ്കൈ (mackerel sky) എന്നും ഇത്തരം മേഘങ്ങൾ അറിയപ്പെടുന്നു.

സിറോ ക്യുമുലസ്   മേഘങ്ങൾ

സിറോ സ്ട്രാറ്റസ്  (Cirro stratus) 

ആകാശത്തെ മുഴുവൻ മൂടുന്ന, നേർത്ത ഷീറ്റ് പോലുള്ള, ഉയർന്ന മേഘങ്ങളാണ്  സിറോസ്ട്രാറ്റസ്. ഐസ് ക്രിസ്റ്റലിന്റെ സാന്നിധ്യം ഉള്ളതിനാൽ, ഈ മേഘത്തിലൂടെ പ്രകാശം കടന്നു പോകുമ്പോൾ അത് അപവർത്തനത്തിനു വിധേയമാവുകയും “ഹാലോ” എന്ന ദൃശ്യാനുഭവത്തിനു കാരണമാവുകയും ചെയുന്നു. അടുത്ത ദിവസത്തെ കാലാവസ്ഥ ഏതു രീതിയിലായിരിക്കുമെന്ന് പ്രവചിക്കാൻ സിറോ സ്‌ട്രാറ്റസ് മേഘങ്ങളുടെ ചലനം ഉപയോഗപ്പെടുത്താറുണ്ട്. 

സിറോ സ്ട്രാറ്റസ് മേഘങ്ങൾ

അടുത്ത തവണ മാനത്തേയ്ക്ക് കണ്ണോടിക്കുമ്പോൾ ഏതൊക്കെ മേഘരൂപങ്ങളാണ് കാണുവാൻ സാധിക്കുന്നതെന്ന് ശ്രദ്ധിക്കുമല്ലോ…


ചിത്രങ്ങൾക്ക് കടപ്പാട്:  അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന

അധികവായനയ്ക്ക്

  1. Ahrens, C. Donald. Meteorology today: an introduction to weather, climate, and the environment. Cengage Learning, 2012.
  2. Howard, L. (1804) On the modifications of clouds. J. Taylor, London
  3. Ludlam, F. H. (1972) History of cloud classification. In: Scorer, R. (Ed.) Clouds of the world, David & Charles, Newton Abbot, pp.17±19
  4. Stull, Roland B. “Practical meteorology: an algebra-based survey of atmospheric science.” (2018).
  5. Wallace, John M., and Peter V. Hobbs. Atmospheric science: an introductory survey. Vol. 92. Elsevier, 2006.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
67 %

Leave a Reply

Previous post റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Next post മാർസ് 2020 വിക്ഷേപിച്ചു
Close