ഒരാളുടെ പ്രായം കണക്കാക്കാന്‍ നല്ലൊരു വിദ്യയാണ് ഈ രാശിചക്രം! ഒരു കുട്ടി ജനിക്കുമ്പോള്‍ രാശിചക്രത്തില്‍ ഓരോ ഗ്രഹങ്ങളുടെയും സ്ഥാനം രേഖപ്പെടുത്തി വയ്ക്കുക. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കുട്ടിയുടെ പ്രായമറിയണമെങ്കില്‍ അപ്പോഴത്തെ ഗ്രഹനിലയും കുട്ടി ജനിച്ചപ്പോള്‍ രേഖപ്പെടുത്തിയ ഗ്രഹനിലയും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്തിയാല്‍ മതി.
രാശിചക്രത്തിലെ ല, ഗു, കു, സ, ശി, എന്നിവയ്കെന്തെങ്കിലും അര്‍ത്ഥമുണ്ടോ ? നല്ലൊന്നാന്തരം ഒരു ക്ലോക്കാണ് ഈ വരച്ചു വച്ചിരിക്കുന്നത്. രാശിചക്രത്തിലൂടെ ഓരോ ‘ഗ്രഹ’ത്തിനും ഒരു തവണ കറങ്ങി വരാന്‍ നിശ്ചിതസമയം വേണം. ഒരാളുടെ പ്രായം കണക്കാക്കാന്‍ നല്ലൊരു വിദ്യയാണ് ഈ രാശിചക്രം!
ഈ ചിത്രം കണ്ടിട്ടുണ്ടോ ? ജാതകം നോക്കുന്നവരും പഞ്ചാംഗം നോക്കുന്നവരുമെല്ലാം സ്ഥിരം കാണുന്ന ഒരു ചിത്രം. പക്ഷേ ഇങ്ങനെ മാസങ്ങളും മറ്റും എഴുതിയിട്ടുണ്ടാവില്ല എന്നു മാത്രം. പോരാത്തതിന് അടുത്ത ചിത്രത്തില്‍ കാണുന്നതുപോലെ അതിനുള്ളില്‍ ല, ഗു, കു, സ, ശി, ശു, ച, ര…. എന്നൊക്കെ എഴുതി ആകെക്കൂടി എന്തോ വല്യസംഭവം ആക്കിയിട്ടുമുണ്ടാകും! ജ്യോത്സ്യരുടെ കയ്യിലാണ് ഈ ചിത്രമിരിക്കുന്നതെങ്കില്‍ ഭയഭക്തിബഹുമാനങ്ങളോടെ അതിനു മുന്നിലിരുന്നു തൊഴുത് കയ്യിലുള്ള പണവും കളഞ്ഞ് ഇറങ്ങിപ്പോവുകേം ചെയ്യും! സത്യത്തില്‍ ഈ ചിത്രം അത്ര വലിയ സംഭവം ഒന്നുമല്ല. എന്നാല്‍ ഇത്തരി സംഭവം ആണുതാനും!
ആകാശം നോക്കാത്തവരായി ആരെങ്കിലും ഉണ്ടോ? പ്രത്യേകിച്ചും രാത്രിയാകാശം! ഉണ്ടെങ്കില്‍ അത്രേം അരസികര്‍ വേറെ കാണില്ല. പകലാകാശം തന്നെ ആദ്യം നോക്കാം. സൂര്യന്‍ തന്നെയാണ് അപ്പോഴത്തെ താരം, താരകവും! സൂര്യന്റെ ചലനം നമുക്കറിയാം. രാവിലെ കിഴക്ക് വന്നുദിക്കും. എന്നിട്ടോ, പതിയെപ്പതിയെ മുകളിലോട്ടുപോയി ഉച്ചനേരത്ത് തലയ്ക്കു മുകളിലെത്തും. എന്നിട്ട് പതിയെപ്പതിയെ താഴേക്കുവന്ന് അവസാനം പടിഞ്ഞാറ് അസ്തമിക്കും. രാത്രിയാകാശത്ത് ചന്ദ്രനും ഇതേ പരിപാടി തന്നെ നടത്തുന്നതു കാണാം. ( ഉദയം ചിലപ്പോള്‍ പകലായി എന്നു വരും. അന്ന് ചന്ദ്രാസ്തമയമേ കാണാന്‍ കഴിയൂ കേട്ടോ! ചിലപ്പോള്‍ നേരെ തിരിച്ചും ആകാം. അസ്തമയം പകലായി എന്നു വരും! )
ഈ കാഴ്ച സ്ഥിരമായി കണ്ടുകണ്ട് പണ്ടുള്ളവര്‍ കരുതിയിരുന്നത് ചന്ദ്രനും സൂര്യനും ഭൂമിക്കു ചുറ്റും സഞ്ചരിക്കയാണെന്നാണ്. തത്ക്കാലം നമുക്കും അങ്ങനെ തന്നെ കരുതാം! ചന്ദ്രന്റേം സൂര്യന്റേം ഭൂമിക്കു ചുറ്റുമുള്ള (!) ഈ സഞ്ചാരപാത ഏതാണ്ട് ഒന്നു തന്നെയാണുതാനും! ഏതാണ്ട് ഒരേ വഴിക്കാണ് രണ്ടുപേരും ആകാശത്തൂടെ സഞ്ചരിക്കുന്നതെന്നു ചുരുക്കം.
ഇനി നമുക്ക് ചന്ദ്രനേം സൂര്യനേം തത്ക്കാലം മാറ്റിനിര്‍ത്താം. എന്നിട്ട് നക്ഷത്രങ്ങളെപ്പിടിക്കാം. രാത്രിയാകാശം സ്ഥിരമായി വീക്ഷിച്ചാല്‍ രസകരമായ പല കാര്യങ്ങളും കണ്ടെത്താനാവും. നക്ഷത്രങ്ങള്‍ സ്ഥിരമായി നില്‍ക്കുകയേ അല്ല. മറിച്ച് ഇവയും കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതു കാണാം. (തെക്കും വടക്കുമുള്ള നക്ഷത്രങ്ങളുടെ സഞ്ചാരം തത്ക്കാലം പിന്നെ പരിഗണിക്കാം) അങ്ങനെ മാനം നോക്കി മാനം നോക്കി പണ്ടുള്ളവര്‍ രസകരമായ മറ്റൊരു കണ്ടെത്തലും നടത്തി. നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം എപ്പോഴും ഒരു പോലെ തന്നെ ഇരിക്കും. ഒരിക്കലും അവ തമ്മില്‍ അകന്നുപോവുകയോ അടുത്തുവരുകയോ ചെയ്യുന്നതേയില്ല! കടലാസില്‍ വീണ മഷിത്തുള്ളികള്‍പോലെ ഒരേയിരിപ്പ്. ഇതുകൊണ്ട് ഒരു ഗുണമുണ്ടായി. നക്ഷത്രങ്ങളെ തിരിച്ചറിയാന്‍ ഉപയോഗിക്കാം. അതിനായി അവര്‍ സൂത്രം കണ്ടെത്തി. കുറച്ചു നക്ഷത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് കുറെ വരകള്‍ വരയ്ക്കുക. അപ്പോള്‍ ഒരു ചിത്രം കിട്ടും. പക്ഷിയും അടുപ്പും മീനും തേളും…അങ്ങനെ അങ്ങനെ നിരവധി ചിത്രങ്ങള്‍. പണ്ടത്തെ മാനംനോക്കികള്‍ മാനം മുഴുവന്‍ ഇങ്ങനെ ചിത്രങ്ങള്‍ വരച്ചുകൂട്ടി. ഇന്ത്യക്കാരും ഗ്രീക്കുകാരും അറേബ്യക്കാരും എല്ലാം ഇങ്ങനെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
ഇന്ത്യാക്കാര്‍ക്ക് മാനം മുഴുവനുള്ള ചിത്രങ്ങളോട് അത്ര വലിയ പ്രതിപത്തി ഉണ്ടായിരുന്നില്ല! സൂര്യന്റേം ചന്ദ്രന്റേം പുറകേയായിരുന്നു ഇന്ത്യാക്കാര്‍. അതുകൊണ്ടാകണം ചന്ദ്രന്റേം സൂര്യന്റേം സഞ്ചാരപാതയിലുള്ള നക്ഷത്രങ്ങളോടായിരുന്നു നമ്മുടെ പ്രാചീനരുടെ കൂട്ട്. ഈ പാതയിലുള്ള നക്ഷത്രങ്ങളെ വച്ച് അവര്‍ പന്ത്രണ്ടു ചിത്രങ്ങളാണ് വരച്ചുകൂട്ടിയത്. സിംഹം, യുവതി, തുലാസ്, തേള്‍, വില്ല്, മകരമത്സ്യം, കുടം, മീന്‍, ആട്, കാള, പ്രണയിനികള്‍, ഞണ്ട് എന്നിങ്ങനെ കൗതുകകരമായ പന്ത്രണ്ടുചിത്രങ്ങള്‍
നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം ഒരിക്കലും മാറ്റമില്ലാതെ തുടരുന്നുണ്ട്. പക്ഷേ ഈ നിയമം അനുസരിക്കാത്ത ചില കൂട്ടരെയും നമ്മുടെ മാനംനോക്കികള്‍ കണ്ടെത്തി. നക്ഷത്രങ്ങള്‍ക്കിടയിലൂടെ അവരങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അഞ്ചു പേരാണ് അനുസരണയില്ലാതെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നവര്‍. കാലമേറെക്കഴിഞ്ഞ് അഞ്ചുപേര്‍ക്കും പേരൊക്കെ കിട്ടി. ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍! അതെ നമ്മുടെ ഗ്രഹങ്ങള്‍ തന്നെ!
നിരീക്ഷണത്തില്‍ ഒരു കാര്യം കൂടി പിടികിട്ടി. ഈ ഗ്രഹങ്ങളും സഞ്ചരിക്കുന്നത് നമ്മുടെ സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്ന പാതയ്ക്കരികില്‍ക്കൂടിത്തന്നെ! അങ്ങനെ ആകാശത്തിന്റെ ഒരു പ്രത്യേകഭാഗത്തുകൂടി സഞ്ചരിക്കുന്നവരുടെ എണ്ണം ഏഴായി. സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍!
നേരത്തേ നമ്മളൊരു കാര്യംപറഞ്ഞതോര്‍ക്കുന്നോ? ആകാശത്തു വരച്ച പന്ത്രണ്ടുചിത്രങ്ങള്‍. ഭൂമിക്കുചുറ്റുമായിട്ടാണ് ഈ പന്ത്രണ്ടുചിത്രങ്ങളുടെയും കിടപ്പ്. ഏതാണ്ടു ഭൂമധ്യരേഖയ്ക്കു മുകളിലൂടെ എന്നും പറയാം. 360 ഡിഗ്രിയില്‍ ഏതാണ്ട് തുല്യമായി ഭാഗിച്ചിരിക്കുന്ന പന്ത്രണ്ടുചിത്രങ്ങള്‍! ഓരോ ചിത്രവും ഏതാണ്ടു 30 ഡിഗ്രി വരും.
ഭൂമിയ്ക്കു ചുറ്റുമുള്ള ഈ ചിത്രങ്ങള്‍ക്ക് രാശികള്‍ എന്നാണ് പേരുകൊടുത്തിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം. സിംഹം, യുവതി, തുലാസ്, തേള്‍, വില്ല്, മകരമത്സ്യം, കുടം, മീന്‍, ആട്, കാള, പ്രണയിനികള്‍, ഞണ്ട് എന്നീ ആകൃതിക്കനുസരിച്ചുള്ള പേരുകള്‍!!!
ഇനി നമ്മുടെ ആദ്യചിത്രത്തിലേക്കു വരാം. ജ്യോത്സ്യരുടെ കയ്യിലിരിക്കുന്ന ചിത്രം! മിക്ക കലണ്ടറുകളിലും നോക്കിയാല്‍ കാണാവുന്ന ചിത്രം. ഭൂമിക്കു ചുറ്റുമുള്ള പന്ത്രണ്ടുരാശികളെ ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രം മാത്രമാണിത്. രസകരമായ ഒരു ചിത്രം. ചില നാടുകളില്‍ ഇത് വട്ടത്തിലാണ്. പക്ഷേ കേരളത്തില്‍ അതിനെ ചതുരത്തിലാക്കി എന്നു മാത്രം. ഓരോ രാശിയുടെയും സ്ഥാനം കൊടുത്തിരിക്കുന്നതു നോക്കൂ. ആദ്യ രാശിയായി എടുത്തിരിക്കുന്നത് മേടമാണ്. അതിന്റെ സ്ഥാനം നോക്കി മനസ്സിലാക്കിയേക്കൂ! ഈ പന്ത്രണ്ടു രാശികളിലൂടെയാണ് നമ്മുടെ ഏഴു ‘ഗ്രഹ'(!)ങ്ങളും സഞ്ചരിക്കുന്നത്. തമാശയെന്തെന്നാല്‍ സൂര്യനും ചന്ദ്രനും പ്രാചീനര്‍ക്ക് ഗ്രഹങ്ങളായിരുന്നു! രാശിചക്രം എന്ന ഈ ചതുരത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തി വയ്ക്കാന്‍ ഏറെ എളുപ്പമാണ്. ഒരു ദിവസം ഓരോ ഗ്രഹങ്ങളും ഏതേതു രാശികളിലാണെന്ന് ആകാശത്തുനോക്കി മനസ്സിലാക്കി അവയെ അതാതു കോളത്തില്‍ എഴുതിവച്ചാല്‍ മതിയല്ലോ. വര്‍ഷങ്ങളുടെ നിരീക്ഷണപാടവമുള്ളവര്‍ക്ക് ഇത് എളുപ്പം സാധിക്കുകയും ചെയ്യും.
ഈ ഗ്രഹങ്ങള്‍ക്ക് പ്രാചീനജ്യോതിശാസ്ത്രജ്ഞര്‍ ഓരോ പേരുകള്‍ നല്‍കിയിട്ടുണ്ട്. സൂര്യനെ രവി എന്നാണു വിളിക്കുക. ‘ര’ എന്ന് എവിടെയെങ്കിലും കണ്ടാല്‍ അത് സൂര്യനാണെന്നു മനസ്സിലാക്കാം. ചന്ദ്രനെ ‘ച’ എന്ന അക്ഷരം കൊണ്ടും ശുക്രനെ ‘ശു’ കൊണ്ടും ബുധനെ ‘ബു’ കൊണ്ടും സൂചിപ്പിച്ചു. വ്യാഴത്തിന് മറ്റൊരു പേരാണു നല്‍കിയത്. ‘ഗുരു’ എവിടെയും ‘ഗു’ എന്ന അക്ഷരം കണ്ടാല്‍ അത് വ്യാഴമാണെന്നു മനസ്സിലാക്കിക്കോളണം. ചൊവ്വയ്ക്ക് ‘കുജന്‍’ എന്ന പേരിന്റെ ആദ്യാക്ഷരം ‘കു’ കൊടുത്തു. ശനിയുടെ പേരാണ് ഏറ്റവും രസകരം. ‘മന്ദന്‍’!
ഈ ഗ്രഹങ്ങള്‍ക്ക് പ്രാചീനജ്യോതിശാസ്ത്രജ്ഞര്‍ ഓരോ പേരുകള്‍ നല്‍കിയിട്ടുണ്ട്. സൂര്യനെ രവി എന്നാണു വിളിക്കുക. ‘ര’ എന്ന് എവിടെയെങ്കിലും കണ്ടാല്‍ അത് സൂര്യനാണെന്നു മനസ്സിലാക്കാം. ചന്ദ്രനെ ‘ച’ എന്ന അക്ഷരം കൊണ്ടും ശുക്രനെ ‘ശു’ കൊണ്ടും ബുധനെ ‘ബു’ കൊണ്ടും സൂചിപ്പിച്ചു. വ്യാഴത്തിന് മറ്റൊരു പേരാണു നല്‍കിയത്. ‘ഗുരു’ എവിടെയും ‘ഗു’ എന്ന അക്ഷരം കണ്ടാല്‍ അത് വ്യാഴമാണെന്നു മനസ്സിലാക്കിക്കോളണം. ചൊവ്വയ്ക്ക് ‘കുജന്‍’ എന്ന പേരിന്റെ ആദ്യാക്ഷരം ‘കു’ കൊടുത്തു. ശനിയുടെ പേരാണ് ഏറ്റവും രസകരം. ‘മന്ദന്‍’! പേര് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെ. കാരണം സൂര്യനു ചുറ്റും ശനിക്ക് ഒരു തവണ ഒന്നു സഞ്ചരിക്കണമെങ്കില്‍ 30 കൊല്ലം വേണം! രാശിചക്രത്തിലൂടെ ഏറ്റവും പതിയെ സഞ്ചരിക്കുന്നയാളാണ് മന്ദന്‍! (പ്രാചീനര്‍ യുറാനസിനെയും നെപ്റ്റ്യൂണിനെയുമൊന്നും കാണാത്തതു നന്നായി. അല്ലെങ്കില്‍ മന്ദന്‍ എന്ന പേര് അവര്‍ക്കാര്‍ക്കെങ്കിലും കൊടുക്കേണ്ടി വന്നേനെ!!!)
ഇങ്ങനെ എഴുതി വയ്ക്കുന്നത് എന്തിനായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ആളുകളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ഒന്നും പറയാനായിട്ടായിരുന്നില്ല ഇപ്പണി ചെയ്തത്. നല്ലൊന്നാന്തരം ഒരു ക്ലോക്കാണ് അവര്‍ ഈ എഴുതി വച്ചിരിക്കുന്നത്. രാശിചക്രത്തിലൂടെ ഓരോ ‘ഗ്രഹ’ത്തിനും ഒരു തവണ കറങ്ങി വരാന്‍ നിശ്ചിതസമയം വേണം. ചന്ദ്രന് 27 ദിവസം മതി പന്ത്രണ്ടു രാശികളിലൂടെയും കറങ്ങി വരാന്‍! സൂര്യന് കൃത്യം ഒരു വര്‍ഷം വേണം! ബുധനും ശുക്രനും ഒരു വര്‍ഷം തന്നെ. ചൊവ്വ ഒന്നര വര്‍ഷമെടുക്കും. വ്യാഴത്തിന് പന്ത്രണ്ടു വര്‍ഷം വേണം. ‘വ്യാഴവട്ടം’ എന്നു കേട്ടിട്ടില്ലേ, അതു തന്നെ സംഗതി! ശനിക്കാണെങ്കിലോ, മുപ്പതു വര്‍ഷം വേണം!!! ശരിക്കും മന്ദന്‍!
ഒരാളുടെ പ്രായം കണക്കാക്കാന്‍ നല്ലൊരു വിദ്യയാണ് ഈ രാശിചക്രം! ഒരു കുട്ടി ജനിക്കുമ്പോള്‍ രാശിചക്രത്തില്‍ ഓരോ ഗ്രഹങ്ങളുടെയും സ്ഥാനം രേഖപ്പെടുത്തി വയ്ക്കുക. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കുട്ടിയുടെ പ്രായമറിയണമെങ്കില്‍ അപ്പോഴത്തെ ഗ്രഹനിലയും കുട്ടി ജനിച്ചപ്പോള്‍ രേഖപ്പെടുത്തിയ ഗ്രഹനിലയും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്തിയാല്‍ മതി. കുട്ടി ജനിക്കുമ്പോള്‍ മേടത്തില്‍ നിന്ന ശനി ഇപ്പോള്‍ മിഥുനത്തില്‍ എത്തി എന്നിരിക്കട്ടെ. ഏതാണ്ട് ഏഴര വര്‍ഷം കഴിഞ്ഞു എന്നൂഹിക്കാം! (രണ്ടര വര്‍ഷത്തെ വ്യത്യാസം ഉണ്ടാകാം!) ഇതുപോലെ മറ്റു ഗ്രഹങ്ങളെക്കൂടി പ്രയോജനപ്പെടുത്തിയാല്‍ ഏതാണ്ട് ദിവസങ്ങളുടെ വ്യത്യാസത്തില്‍ പ്രായമറിയാന്‍ കഴിയും!! കാരണം ചന്ദ്രന്‍ ഒരു രാശിയില്‍ക്കൂടി സഞ്ചരിക്കാനെടുക്കുന്ന സമയം രണ്ടേകാല്‍ ദിവസമാണ്.
ഗ്രഹനില അടയാളപ്പെടുത്തുന്നതില്‍ മറ്റു രണ്ടു ‘ഗ്രഹ’ങ്ങള്‍ കൂടി ഉണ്ട്. രാഹുവും കേതുവും ആണ് ഈ ചങ്ങാതിമാര്‍. ‘സ’ എന്നും ‘ശി’ എന്നും ആണ് ഗ്രഹനിലയില്‍ ഇവരെ അടയാളപ്പെടുത്തുക. അതും എപ്പോഴും കൃത്യം എതിര്‍വശത്തും! പേരുകള്‍ സര്‍പ്പം, ശിഖി! തമാശയെന്തെന്നാല്‍ സത്യത്തില്‍ അങ്ങനെ രണ്ടു ഗ്രഹങ്ങളേ ഇല്ല! അതേ, സൗരയൂഥം മുഴുവന്‍ തിരഞ്ഞാലും അങ്ങനെ രണ്ടുപേരെ കണ്ടെത്താന്‍ പറ്റില്ല. എന്നാല്‍ ജ്യോതിശ്ശാസ്ത്രപരമായി ഇവര്‍ക്കു പ്രാധാന്യമുണ്ടുതാനും. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മുന്‍കൂട്ടിയറിയുന്നതില്‍ ഇവയ്ക്കുള്ള പ്രാധാന്യം രാശിചക്രത്തില്‍ വളരെ വലുതാണ്. ഭൂമിക്കുചുറ്റും(!) ചന്ദ്രനും സൂര്യനും സഞ്ചരിക്കുന്നു എന്നു തോന്നിക്കുന്ന രണ്ടുപാതകളുണ്ടല്ലോ. രണ്ടും ഏതാണ്ട് ഒരേ ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത് എന്നേയുള്ളൂ. എന്നാല്‍ രണ്ടും കൃത്യമായിപ്പറഞ്ഞാല്‍ ഒന്നല്ല! ഈ രണ്ടുപാതകളും കൂട്ടിമുട്ടുന്നു എന്നു തോന്നുന്ന രണ്ടു സ്ഥാനങ്ങളുണ്ട് ആകാശത്തില്‍. അതിലൊന്നിനെ രാഹു എന്നും അടുത്തതിനെ കേതു എന്നും വിളിക്കും. സൂര്യനും ചന്ദ്രനും ഒരുമിച്ച് രാഹുവില്‍ എത്തിയാല്‍ അന്ന് സൂര്യഗ്രഹണമാണ്. കേതുവില്‍ എത്തിയാലും സൂര്യഗ്രഹണം തന്നെ! എന്നാല്‍ സൂര്യന്‍ രാഹുവിലും ചന്ദ്രന്‍ കേതുവിലും വന്നാല്‍ അന്ന് ചന്ദ്രഗ്രഹണമായിരിക്കും നടക്കുക. തിരിച്ചായാലും ചന്ദ്രഗ്രഹണം തന്നെ! കാണാന്‍ പറ്റാത്ത, വെറും സ്ഥാനങ്ങള്‍ മാത്രമായ ഈ ചങ്ങാതിമാര്‍ ഒന്നരവര്‍ഷം ഒരു രാശിയില്‍ ഉണ്ടാകും. പതിനെട്ടുവര്‍ഷമെടുത്താണ് ഇവര്‍ രണ്ടുപേരും രാശിചക്രത്തില്‍ ഒന്നു ചുറ്റിവരിക. ഒരു തമാശകൂടിയുണ്ട്. ബാക്കി ഏഴു ഗോളങ്ങളും പടിഞ്ഞാറുനിന്നും കിഴക്കോട്ടു സഞ്ചരിക്കുമ്പോള്‍ രാഹുകേതുക്കള്‍ നേരെ വിപരീതദിശയിലാണു സഞ്ചാരം. കിഴക്കു നിന്നും പടിഞ്ഞാറോട്ട്!
ഉപസംഹാരം
അപ്പോള്‍ ചുരുക്കത്തില്‍ രാശിചക്രവും അതിലെ രേഖപ്പെടുത്തലുകളും നല്ലൊരു കലണ്ടറിനു പകരമായിരുന്നു. കലണ്ടറില്ലാത്ത കാലത്തെ കലണ്ടര്‍ അല്ലേ! പ്രായമറിയാനും സൂര്യ-ചന്ദ്രഗ്രഹണങ്ങളറിയാനും ഉപയോഗിച്ചിരുന്ന ഒരു ഒന്നാംതരം സൂത്രം. ഈ കാലമാപിനിസൂത്രത്തെ ആളെപറ്റിക്കാനുള്ള ‘സൂത്ര’മാക്കി മാറ്റിയവരും പിന്നീടുണ്ടായിരുന്നു. അക്കഥ പിന്നീടാകാം!
നവനീത് കൃഷ്ണന്‍
[email protected]
[divider]
ചിത്രങ്ങള്‍ക്ക് കടപ്പാട് : ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും, കെ. പാപ്പൂട്ടി