“പരീക്ഷയെ പ്രതീക്ഷിക്കുന്ന കുട്ടികളേക്കാള്‍, പഠിപ്പിക്കലിനെ പ്രതീക്ഷിക്കുന്ന കുട്ടികള്‍ പാഠ്യവിഷയത്തിലെ പ്രാധാന്യമുള്ളവ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഫലപ്രദമായി ഓര്‍ത്തുവെയ്കുവാനും പുന:സൃഷ്ടിക്കുവാനും മിടുക്കുകാട്ടുന്നു.”വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ജോണ്‍ നെസ്റ്റോക്കോയുടേതാണ് ഈ വാക്കുകള്‍. പ്രസിദ്ധ മനശാസ്ത്ര ഗവേഷണ മാസികയായ മെമ്മറി & കോഗ്നിഷനില്‍ പ്രസീദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
വായനയെയും പുന:സൃഷ്ടിയെയും സംബന്ധിച്ച ഒരു പഠന പരമ്പരയിലാണ് ഇത് വെളിപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. ഒരു പ്രത്യേക പാഠഭാഗം നല്‍കിയിട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികളോട് അതു സംബന്ധമായ പരീക്ഷയെ അഭിമുഖീകരിക്കുന്നതിന് തയ്യാറെടുക്കുവാനും മറ്റൊരു കൂട്ടം വിദ്യാര്‍ത്ഥികളോട് അവരുടെ സഹപാഠികള്‍ക്ക് അതേ പാഠഭാഗം വിശദീകരിച്ചുള്ള ക്ലാസ്സെടുക്കുവാന്‍ തയ്യാറാകുവാനും ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടുകൂട്ടരും അഭിമുഖീകരിച്ചത് ഒരു പരീക്ഷയെ മാത്രമാണ്. പക്ഷേ, അദ്ധ്യാപകരാകുവാന്‍ നിയോഗിക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്കായി തയ്യാറെടുത്തവരേക്കാള്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് !
ഒരു കുട്ടിയോട് വെറുതേ പഠിക്കാന്‍ പറയുന്നതില്‍ കാര്യമില്ലെന്ന് ഇത് തെളിയിക്കുന്നു. പഠിക്കുന്നതിനു മുന്‍പും പഠിക്കുന്ന സമയത്തുമുള്ള കുട്ടിയുടെ മനോഭാവം വളരെ പ്രധാനമാണെന്ന് ഇത് സൂചിപ്പിക്കുന്നു. കൂട്ടുകാരെ പഠിപ്പിക്കണം എന്ന സാഹചര്യത്തെ നേരിടേണ്ടി വന്നപ്പോള്‍ കൂടുതല്‍ കരുതലോടും ശ്രദ്ധയോടും കൂടി പാഠഭാഗത്തെ ഇവര്‍ സമീപിച്ചെന്ന് വ്യക്തം. അദ്ധ്യാപകര്‍ തങ്ങളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി പാഠത്തിലെ പ്രധാന ഭാഗങ്ങള്‍ കൂടുതല്‍ നന്നായി ശ്രദ്ധിക്കുകയും ഓര്‍മ്മവെയ്കുകയും വിഷയത്തിലെ വിവരങ്ങളെ ശ്രദ്ധാപൂര്‍വ്വം അടുക്കിപ്പെറുക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സാധാരണമാണ്. സഹപാഠികളെ പഠിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ഇപ്രകാരം സ്കൂളിലും വീട്ടിലും സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ പഠനപ്രക്രിയയില്‍ വലിയ മാറ്റം വരുത്താന്‍ കഴിയുമെന്ന് ഇത് തെളിയിക്കുന്നു.
“നാളെ പരീക്ഷയില്ലേ പോയിരുന്ന് പഠിക്ക്” എന്ന് പറയുന്നതിനേക്കാള്‍ ഫലപ്രദമാണ് “നാളെ നിനക്ക് പഠിപ്പിക്കാനില്ലേ, പോയിരുന്ന് പഠിക്ക്” എന്നുപറയുന്നതെന്ന് ചുരുക്കം. കൂടാതെ അദ്ധ്യാപനത്തെ കുട്ടികള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും വ്യക്തം. നമ്മുടെ അദ്ധ്യാപകര്‍ ഇത് മനസ്സിലാക്കുന്നുണ്ടോ ആവോ !
സ്രോതസ്സ് : വാഷിംഗ്ടണ്‍ യൂണിവേഴ്ലിറ്റി, സെന്റ് ലൂയിസ്
മുന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ ബിജു പ്രഭാകര് ഐഎഎസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളില്‍ നടന്ന സമഗ്രവിദ്യാഭ്യാസ പരിപാടിയില്‍ ഈ രീതിയിലുള്ള പരീക്ഷണം നടന്നിരുന്നു..
വാര്‍ത്ത കാണുക.