Read Time:22 Minute

മികച്ച ശാസ്ത്രജ്ഞനും മാനവികവാദിയും

1970-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വേളയിൽ  നോർമൻ ബോർലോഗ് അസാധാരണമായ ഒരു അഭിപ്രായപ്രകാശനം നടത്തി: “ഡോ. സ്വാമിനാഥൻ, മെക്‌സിക്കൻ കുള്ളൻമാരുടെ (ഉയരം കുറഞ്ഞ ഗോതമ്പു ചെടികൾ) മൂല്യം ആദ്യമായി  തിരിച്ചറിഞ്ഞതിനുള്ള  വലിയൊരു ക്രെഡിറ്റ് നിങ്ങൾക്ക് കൂടിയുള്ളതാണ്. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഏഷ്യയിൽ ഹരിതവിപ്ലവം എന്നൊന്ന്  ഉണ്ടാകുമായിരുന്നില്ല“. 2009-ൽ നോർമൻ ബോർലോഗ് ലോകത്തോട് വിടപറഞ്ഞപ്പോൾ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്. സ്വാമിനാഥൻ ബോർ ലോഗിനെ അനുസ്മരിച്ചു എഴുതിയ ഓർമ്മക്കുറിപ്പിൽ തലക്കെട്ടായി എഴുതിയത് ഇങ്ങനെ: ‘ഒരു മികച്ച ശാസ്ത്രജ്ഞനും മാനവികവാദിയും’.  സ്വാമിനാഥനെ പറ്റി എഴുതാനിരിക്കുമ്പോൾ അദ്ദേഹത്തെയും ഇതേ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നിയത്. വികസ്വര ലോകത്തിലെ പ്രമുഖനായ ഈ  കൃഷിശാസ്ത്രജ്ഞൻ മതേതരമൂല്യങ്ങളോട് ആഴത്തിൽ പ്രതിബദ്ധത പുലർത്തിയ ഒരു തികഞ്ഞ മാനവികവാദി ആയിരുന്നു.

1952-ൽ കേംബ്രിഡ്ജിൽനിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി ഇന്ത്യയിൽ മടങ്ങിയെത്തിയ സ്വാമിനാഥൻ, ഒരു നാഷണൽ അഗ്രികൾച്ചറൽ റിസർച്ച് സിസ്റ്റം (NARS) രൂപവൽകരിക്കുന്നതിനുള്ള   ചരിത്രപരമായ ശ്രമത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഉയരുന്ന ജനസംഖ്യയുടെയും പുതിയ കൃഷിഭൂമികളുടെ അഭാവത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യയിലെ ജനങ്ങളുടെ വിശപ്പ് മാറ്റുവാൻ  ഉൽപാദനക്ഷമത ഉയർത്തിക്കൊണ്ട് ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കേണ്ടത് ഏറെ നിർണായകമായിരുന്നു. 1949-50 വർഷത്തിൽ ഇന്ത്യ 3  ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളാണ്  ഇറക്കുമതി ചെയ്തിരുന്നത്. അപ്പോഴത്തെ കണക്കനുസരിച്ച് 150 കോടി രൂപയാണ് അതിന് ചെലവഴിക്കേണ്ടി വന്നത്. ഈ സന്ദർഭത്തിലാണ് കാർഷികോല്പാദനം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞത്.

1954-ൽ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റ് തസ്തികയിലേക്ക് യുപിഎസ്‌സി  സ്വാമിനാഥനെ തിരഞ്ഞെടുത്തു. തുടർന്നുള്ള 18 വർഷക്കാലവും IARIൽ തന്നെയാണ് അദ്ദേഹം  പ്രവർത്തിച്ചത്. അന്നത്തെ ഐഎആർഐയുടെ ഡയറക്ടറായിരുന്ന പ്രശസ്ത ഗോതമ്പ് ബ്രീഡർ ബെഞ്ചമിൻ പിയറി പാൽ ഗോതമ്പിന്റെ  വന്യജീനുകളെ   കൃഷിചെയ്യാവുന്ന ഇനങ്ങളുമായി സങ്കരം ചെയ്യുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ സ്വാമിനാഥനോട് നിർദ്ദേശിച്ചു. നല്ല കാറ്റടിക്കുമ്പോൾ ഒടിഞ്ഞു വീഴാത്തതും രാസവളങ്ങളോട് പ്രതികരിക്കുന്നതുമായ ഗോതമ്പ് ഇനങ്ങൾ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു ലക്ഷ്യം.

നോർമൻ ബോർലാഗും എം.എസ്. സ്വാമിനാഥനും

ഹരിത വിിപ്ലവത്തിലേക്ക്…

അന്ന് ലഭ്യമായിരുന്ന  ഗോതമ്പിനങ്ങൾക്കെല്ലാം പല പരിമിതികളുമുണ്ടായിരുന്നു. മെലിഞ്ഞ, ഉയരമുള്ള തണ്ടുകളുള്ളതിനാൽ  വീഴ്ച്ചാ സാധ്യത ഏറെയായിരുന്നു. അതുകൂടാതെ  ലൂസ് സ്മട്ട് എന്ന രോഗം പിടിപ്പെടാനുള്ള സാധ്യതയുമുണ്ടായിരുന്നു. മാത്രമല്ല കൃഷിക്കാർക്ക് കൂടുതൽ താല്പര്യം ഉണ്ടായിരുന്നത് സംഭരണകാലയളവിൽ ഉണ്ടാകാവുന്ന ചെള്ളാക്രമണങ്ങൾ ചെറുക്കുന്നതും ശക്തിയും കടുപ്പവും തിളക്കവുമുള്ളതുമായ ധാന്യ ഇനങ്ങളോടായിരുന്നു. ആ സമയത്താണ് സ്വാമിനാഥനും സംഘവും ജപ്പാനിലെ നോറിൻ-10 ഗോതമ്പ് ഇനങ്ങളെക്കുറിച്ച് കേട്ടറിയുന്നത്. തുടർന്ന് അദ്ദേഹം ഇന്ത്യയ്ക്ക് ഇത്തരം  വിത്തുകൾ ഉപയോഗിക്കാൻ സാധിക്കുമോ  എന്ന് ചോദിച്ചുകൊണ്ട്  മെക്സിക്കോയിലെ CIMMYT ൽ ഉള്ള  ബോർലോഗിന്  കത്തെഴുതി.  ബോർലോഗ് അതിന് സമ്മതം മൂളുകയും 1963-ൽ ഇന്ത്യ സന്ദർശിക്കുകയും ചെയ്തു. അന്ന്  ബോർലോഗും സ്വാമിനാഥനും ചേർന്ന് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുടനീളം  യാത്രചെയ്യുകയും  ഫലഭൂയിഷ്ഠതയുള്ള മണ്ണും ജല ലഭ്യതയും ഉള്ളതിനാൽ  കുള്ളൻ ജീനുകളെ ഇന്ത്യൻ സാഹചര്യത്തിൽ  വിജയകരമായി കൃഷിചെയ്യാൻ കഴിയുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അങ്ങനെയാണ് ഹരിതവിപ്ലവത്തിന്റെ ആദ്യഘട്ടത്തിലെ പ്രശസ്തമായ ഗോതമ്പിനങ്ങൾ പിറവി കൊള്ളുന്നത്. കല്യാൺ സോന, സൊണാലിക, സഫേദ് ലെർമ, ഛോട്ടി ലെർമ എന്നിങ്ങനെയുള്ള ഇനങ്ങളിൽ പലതും ഹെക്ടറിന് 6-8 ടൺ വരെ വിളവ് നൽകുന്നവയായിരുന്നു.

അപ്പോഴും അരിയുടെ കാര്യത്തിൽ ഇത്തരം മുന്നേറ്റങ്ങൾ കൈവരിക്കാൻ ആകാതെ ശാസ്ത്രജ്ഞർ പാടുപെടുകയായിരുന്നു. 1960-കളുടെ തുടക്കത്തിൽ, സ്വാമിനാഥനും സംഘവും -കുള്ളനും, നിവർന്നുനിൽക്കുന്ന ഇലകളുള്ളതും, സൂര്യപ്രകാശത്തിന്റെ നീളത്തിലെ ഏറ്റക്കുറച്ചിലുകളോട് പ്രതികരിക്കാത്ത (ഫോട്ടോപീരിയോഡ്-ഇൻസെൻസിറ്റീവ് ആയതുമായ) ചൈനീസ് ഇനമായ ഡീ-ഗീ-വൂ-ജെനിനെ ക്കുറിച്ച് കേട്ടു. അദ്ദേഹത്തിന്റെ സംഘം മനിലയിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐആർആർഐ) നിന്നും ഈ വിത്തുകൾ വാങ്ങുകയും  ഒഡീഷയിൽ നിന്നുള്ള ടി-141 എന്ന ഉയരം കൂടിയ ഇൻഡിക്ക അരിയുമായി  സങ്കരം ചെയ്തു കൊണ്ട് ഹരിത വിപ്ലവ കാലഘട്ടത്തിലെ ജനപ്രിയ ഇനങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ജയ, പത്മ, ഹംസ, കൃഷ്ണ, കാവേരി, ബാല, രത്ന, വിജയ, CO-34, ജമുന, സബർമതി, പങ്കജ്, ജഗന്നാഥ് തുടങ്ങിയവയെല്ലാം അത്തരത്തിൽ വന്നവയാണ്. ഇവ ഹെക്ടറിൽ 8 മുതൽ 10 ടൺ വരെ വിളവ് നൽകാൻ പര്യാപ്തമായിരുന്നു.

പിന്നീട്, ഇ.എ.സിദ്ദിഖ്, വി.പി. സിംഗ് എന്നിവരെ പോലെയുള്ള അദ്ദേഹത്തിന്റെ വിദ്യാർഥികൾ കൂടിയായിരുന്ന പ്രമുഖ ശാസ്ത്രജ്ഞരോടൊപ്പം ചേർന്നു കൊണ്ട് 1989ൽ സ്വാമിനാഥൻ പൂസ ബസ്മതി ഇനം വികസിപ്പിച്ചെടുത്തു. ഇതാണ് ഉയർന്ന വിളവ് നൽകുന്ന ലോകത്തിലെ ആദ്യത്തെ അർദ്ധ കുള്ളൻ ബസ്മതി അരി. ഇന്ന്  ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് ബസ്മതി അരി കയറ്റുമതി ചെയ്യുന്ന മുൻനിര രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ.

അരിയുടെയും ഗോതമ്പിന്റെയും ഉല്പാദന വർദ്ധനവ്  ഇന്ത്യൻ കാർഷികമേഖലയെ തീർത്തും മാറ്റിമറിച്ചു. കാടുകൾ വെട്ടിത്തെളിച്ചും പരിസ്ഥിതി ലോലമായ പ്രദേശങ്ങൾ കയ്യേറിയും പുതിയ ഭൂമി കൃഷിയിലേക്ക് കൊണ്ടുവരാതെ തന്നെ ഭക്ഷ്യോൽപ്പാദനം ഉയർത്താനായതാണ് ഈ ഹരിതവിപ്ലവത്തിന്റെ പ്രധാന വിജയം. 1960-കളുടെ മധ്യത്തോടെ, കൃഷിക്കായി പുതിയ പ്രദേശങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ടായി കഴിഞ്ഞിരുന്നു. അതിനാൽ, പ്രതിശീർഷ ഭക്ഷ്യലഭ്യത സ്ഥിരമായി പോലും നിലനിർത്താൻ ഉൽപാദനക്ഷമതയിൽ  ഗണ്യമായ വർദ്ധനവ് ആവശ്യമായി വന്നു. ഈ സന്ദർഭത്തിലൊരിക്കൽ സ്വാമിനാഥൻ ലൂയിസ് കരോളിന്റെ  ‘ത്രൂ ദി ലുക്കിംഗ് ഗ്ലാസി’ലെ  റെഡ് ക്വീൻ മറ്റൊരു കഥാപാത്രമായ ആലീസിനോട് പറയുന്നതായ റെഡ് ക്വീൻസ് ഓട്ടത്തെ ഓർമിപ്പിക്കുന്നുണ്ട്: ഒരേ സ്ഥലത്ത് തന്നെ തുടരാനാണെങ്കിൽ  നിങ്ങൾക്കാകുന്ന പരമാവധി വേഗത്തിൽ ഓടിയാൽ മതിയാകും. എന്നാൽ മറ്റെവിടെയെങ്കിലും എത്തിച്ചേരണമെങ്കിൽ അതിന്റെ  ഇരട്ടി വേഗത്തിലെങ്കിലും ഓടണം”.

ഇതായിരുന്നു ഹരിത വിപ്ലവത്തിന്റെ ഏറ്റവും വലിയ വിജയം. “ദുർബലമായ ഭൂപ്രദേശങ്ങളിലേക്കും വനാതിർത്തികളിലേക്കുമുള്ള കടന്നുകയറ്റ” (a tremendous onslaught on fragile lands and forest margins) മെന്ന് സ്വാമിനാഥൻ വിളിച്ചത് എന്തിനെയോ അതിൽ നിന്നും ഹരിതവിപ്ലവമാണ് ഇന്ത്യയെ രക്ഷിച്ചത്. ഉയർന്നു വരുന്ന “ആൽജെനി യുഗത്തിൽ” (ജനിതക പരിവർത്തനത്തിൻ്റെ യുഗം),  “ഉൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന തടസ്സങ്ങളെ ജനിതകമായി നശിപ്പിച്ചു കൊണ്ട്” ഇന്ത്യയ്ക്ക് “രാഷ്ട്രീയ പരമാധികാരം”  നേടാനും കഴിഞ്ഞുവെന്ന് അദ്ദേഹം ഒരിക്കൽ എഴുതിയിരുന്നു. ഹരിത വിപ്ലവത്തിനുശേഷം പാശ്ചാത്യ ശക്തികൾക്ക് അവരുടെ വൈദേശികമോ സാമ്പത്തികമോ ആയ താല്പര്യങ്ങൾക്ക് ഒപ്പം ഇന്ത്യയെ നിർത്താൻ ഭക്ഷ്യ സഹായം ഇനി തരില്ല എന്നു പറഞ്ഞുകൊണ്ട് ഭീഷണിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല എന്നത് അതിപ്രധാനമാണ്.

ഫിലിപ്പീൻസിലെ മനിലയിലുള്ള International Rice Research Institute (IRRI)

ജീൻബാങ്കിന്റെ പ്രസക്തി

ഐസിഎആർ ഡയറക്ടർ ജനറലായും കൃഷി സെക്രട്ടറിയായും വർഷങ്ങളോളം സ്തുത്യർഹ സേവനമനുഷ്ഠിച്ച സ്വാമിനാഥൻ 1982-ൽ മനിലയിലെ ഐആർആർഐയുടെ ഡയറക്ടർ ജനറലായി ചുമതല ഏറ്റു. തുടർന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലോകത്തിലെ 1,50,000 നെല്ലിനങ്ങളിൽ  നിന്ന് 1,32,000 ലധികം ആക്സഷനുകൾ ശേഖരിച്ച് ഐആർആർഐ-യുടെ അന്താരാഷ്ട്ര റൈസ് ജെംപ്ലാസം സെൻറ്ററിൽ സംഭരിച്ചു. ഈ പദ്ധതിയുടെ പേരിൽ “ജീൻ മോഷണം”(gene robbery) ഉൾപ്പെടെയുള്ള വിമർശനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ “നഷ്ടപ്പെടുന്ന ഓരോ  ജീനുകളും ഭാവിയിലേക്കുള്ള നമ്മുടെ സാധ്യതകളെ പരിമിതപ്പെടുത്തുന്നു” (the loss of every gene limits our options for the future) എന്ന അദ്ദേഹത്തിന്റെ നിലപാട് വ്യക്തവും അചഞ്ചലവുമായിരുന്നു. ഒരു അരിയിനവും ആരും എവിടെയും “മോഷ്ടി”ച്ചിരുന്നില്ല; ഐആർആർഐയുടെ ജീൻ ബാങ്കുകളിൽ യഥാർത്ഥ വിത്തുകളുടെ തനിപ്പകർപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധം കംബോഡിയയിലെ നിരവധി പരമ്പരാഗത നെല്ലിനങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കിയപ്പോൾ, അവ വീണ്ടെടുത്ത് ഉപയോഗിക്കാൻ കമ്പോഡിയൻ കർഷകർക്ക് ഈ ജീൻ ബാങ്കിനെ ആശ്രയിക്കാൻ കഴിഞ്ഞു. ഈ ജീൻ ബാങ്ക് എന്നൊന്നുണ്ടായിരുന്നില്ല എങ്കിൽ, അത്തരം ഇനങ്ങൾക്ക് എന്നെന്നേക്കുമായി വംശനാശം തന്നെ സംഭവിച്ചേനെ. വിയറ്റ്നാമിൽ അമേരിക്ക നടത്തിയ രാസവർഷത്തിനൊടുവിൽ അവിടുത്തെ നെൽപ്പാടങ്ങളിലെയും ഒട്ടുമിക്ക തദ്ദേശീയ ഇനങ്ങൾ എന്നന്നേക്കുമായി നഷ്ടമായിരുന്നു. അപ്പോഴും യുദ്ധത്തിനുശേഷം ഈ ജീൻ ബാങ്കുകളിൽ നിന്ന് പഴയ വിത്തുകളുടെ പകർപ്പ് എടുത്ത് കൃഷി പുനരാരംഭിക്കാൻ വിയറ്റ്നാമിലെ കർഷകർക്ക് കഴിഞ്ഞു.

മനിലയിൽ പ്രവർത്തിക്കവേ ബർമ്മ, ചൈന, കംബോഡിയ, വിയറ്റ്നാം, ഈജിപ്ത്, ഫിലിപ്പീൻസ്, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ  ശക്തമായ ദേശീയ നെല്ല് ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ കൂടി സ്വാമിനാഥൻ മുൻകൈയെടുത്തിരുന്നു.

ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ചെന്നൈയിൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ (എംഎസ്എസ്ആർഎഫ്) സ്ഥാപിച്ചു. എംഎസ്എസ്ആർഎഫ് അടിസ്ഥാന ഗവേഷണത്തിൽ മാത്രമല്ല, ജൈവവൈവിധ്യം, കാർഷിക മേഖലയിലെ സ്ത്രീകൾ, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെയും  ആക്ഷൻ റിസർച്ചുകൾക്ക് ഇന്നും നേതൃത്വം നൽകുന്നു.

ഡോ.എം.എസ്.സ്വാമിനാഥൻ 1987-ലെ World Food Prize സ്വീകരിക്കുന്നു.

പൂർത്തിയാകാത്ത ഭൂപരിഷ്കരണങ്ങൾ

ഹരിതവിപ്ലവത്തിന് മുന്നോടിയായി, അല്ലെങ്കിൽ അതിനൊപ്പം, ഭൂപരിഷ്കരണം കൂടി നടന്നിരുന്നുവെങ്കിൽ  ഹരിതവിപ്ലവത്തിന്റെ ഫലം കൂടുതൽ മെച്ചപ്പെട്ടതായി തീർന്നേനെ എന്നും,  അതിന്റെ അനന്തരഫലങ്ങൾ കൂടുതൽ സമത്വപരമായി തീർന്നേനെ എന്നുമുള്ള  ഇടതുപക്ഷ വിമർശനങ്ങളോട് സ്വാമിനാഥൻ പൂർണമായും യോജിച്ചു. അതിനാൽ, 2006ലെ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രൂപീകരിച്ച ദേശീയ കർഷക കമ്മീഷൻ റിപ്പോർട്ടിൽ “പൂർത്തിയാകാത്ത ഭൂപരിഷ്കരണങ്ങൾ” എന്നത് ഇന്ത്യ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയായി അദ്ദേഹം ഉയർത്തിക്കാട്ടി. ഇതു പറയുമ്പോഴും, ഇന്ത്യയെ ഭക്ഷ്യഉൽപാദന കമ്മിയിൽ നിന്ന് സ്വയംപര്യാപ്തത എന്ന പദവിയിലേക്ക് എത്തിക്കുന്നതിൽ ഹരിതവിപ്ലവ സാങ്കേതികവിദ്യ നല്കിയ സഹായം നിഷേധിക്കാനാവാത്തതാണ്. ഭക്ഷ്യഉല്പാദനത്തിൽ സ്വയംപര്യാപ്തത  കൈവരിച്ചിട്ടും ഭക്ഷണത്തിൻ്റെ തുല്യമായ വിതരണത്തിലും, അത് പോലെ പട്ടിണിയും പോഷകാഹാരക്കുറവും  അവസാനിപ്പിക്കുന്നതിലും, ഇന്ത്യ പരാജയപ്പെട്ടുവെന്നും സ്വാമിനാഥൻ എപ്പോഴും വാദിച്ചു. അതിനാൽ അദ്ദേഹം എല്ലായ്‌പ്പോഴും സാർവത്രിക ഭക്ഷണ വിതരണത്തിന്റെയും ഓരോ പൗരന്റെയും “ഭക്ഷണത്തിനായുള്ള അവകാശ”ത്തിന്റെയും ശക്തനായ വക്താവായിരുന്നു.

സ്വാമിനാഥൻ ഫോർമുല

2006-ൽ ഇന്ത്യാ ഗവൺമെന്റിന്റെ ക്ഷണപ്രകാരം സ്വാമിനാഥൻ നാഷണണൽ കമ്മീഷൻ ഫോർ ഫാർമേഴ്‌സിന്റെ (NCF) തലവനായി സേവനം അനുഷ്ഠിച്ചിരുന്നു എന്നു പറഞ്ഞുവല്ലോ. NCF റിപ്പോർട്ടുകളുടെ പല വാല്യങ്ങളിലും ഇന്ത്യൻ കൃഷിയെക്കുറിച്ചുള്ള ഉയർന്ന നിലവാരത്തിൽ ഉള്ളതും ഉൾക്കാഴ്ചയുള്ളതുമായ വിശകലനങ്ങൾ അടങ്ങിയിരിക്കുന്നു. NCF റിപ്പോർട്ടുകളിൽ സ്വാമിനാഥൻ നിർദേശിച്ച യഥാർത്ഥ ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം കൂടുതലായി മിനിമം താങ്ങുവില നിശ്ചയിക്കണം എന്ന  ആശയം ഇന്ത്യൻ കർഷകരുടെ ഭാവനയെ പിടിച്ചുകുലുക്കി. ഈ “സ്വാമിനാഥൻ ഫോർമുല” ഇന്ത്യൻ കർഷകരുടെ സമകാലിക മുദ്രാവാക്യങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു എന്നത് തന്നെ അതിൻറെ പ്രാധാന്യം വിളിച്ചോതുന്നു.

ഡോ.എം.എസ് സ്വാമിനാഥൻ

കർഷക പ്രസ്ഥാനങ്ങളുടെ ഒരു പ്രിയ സഖാവ് കൂടിയായിരുന്നു സ്വാമിനാഥൻ. കർഷകരിൽ നിന്ന് ഇത്രയധികം ആദരവ് നേടിയ മറ്റൊരു ശാസ്ത്രജ്ഞൻ ഇന്ത്യയിൽ ഉണ്ടാവില്ല എന്നുതന്നെ പറയാം. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ ചരിത്രപരമായ പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം 2021 നവംബറിൽ സർക്കാർ ഈ മൂന്ന് നിയമങ്ങളും പിൻവലിച്ചപ്പോൾ അതിൽ സന്തോഷം പ്രകടിപ്പിച്ച് ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും, ഒപ്പം തന്റെ “C2+ 50%” ഫോർമുലയുടെ പ്രാധാന്യം വീണ്ടും ഊന്നിപ്പറയുകയും ചെയ്തു. “ഉൽപാദനം, സംഭരണം, വില” എന്നീ മൂന്ന് മേഖലകളിലും ഒരേസമയം മെച്ചപ്പെട്ട രീതിയിൽ ഇടപെടാൻ അദ്ദേഹം സർക്കാരിനോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

സ്വാമിനാഥന്റെ  വിയോഗത്തോടെ ഇന്ത്യയുടെ കാർഷിക ശാസ്ത്രത്തിന് നഷ്ടപ്പെട്ടത് അതിനെ മുന്നോട്ട് നയിച്ചിരുന്ന പ്രകാശത്തെയാണ്. പക്ഷേ, അദ്ദേഹത്തിന്റെ സ്മരണ ഇല്ലായ്മയുടെയും അസമത്വത്തിന്റെയും രൂപത്തിലുള്ള  ദേശീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നത് ഒരു ഔദ്യോഗിക ലക്ഷ്യമായെടുക്കാൻ പുതുതലമുറയിലെ ശാസ്ത്രജ്ഞരുടെ മനസ്സിനെ ജ്യോതിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. യുക്തിരാഹിത്യവും അശാസ്ത്രീയതയും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ശാസ്ത്രത്തിന്റെ  സാമൂഹിക ലക്ഷ്യങ്ങൾ സ്വകാര്യ ലാഭത്തിന്റെ ബലിപീഠത്തിൽ അടിയറക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, സ്വാമിനാഥന്റെ സംഭാവനകൾ നമുക്ക് നമ്മുടെ ഭാവിയെ പുനർനിർമ്മിക്കുന്നതിനുള്ള ഒരു മാനിഫെസ്റ്റോ തന്നെയാണ്.


പരിഭാഷ : ശിലു അനിത


ഇന്ത്യൻ കാർഷികരംഗം – ചരിത്രവും വർത്തമാനവും – അവതരണം കാണാം


അധിക വായനയ്ക്ക്

rice grain

ലൂക്ക കാറ്റഗറി

കൃഷിയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ

Happy
Happy
43 %
Sad
Sad
0 %
Excited
Excited
43 %
Sleepy
Sleepy
0 %
Angry
Angry
14 %
Surprise
Surprise
0 %

Leave a Reply

Previous post 2023 ഒക്ടോബറിലെ ആകാശം
Next post കാർഷിക ജൈവവൈവിദ്ധ്യവും എം.എസ്. സ്വാമിനാഥനും
Close