ആഫ്രിക്കൻ രാജ്യങ്ങളിൽ അതിവേഗത്തിൽ എംപോക്സ് (Mpox) അഥവാ കുരങ്ങുവസൂരി പടർന്ന് പിടിക്കുകയാണ്. ഇതിന്റെ ഫലമായി ലോകാരോഗ്യ സംഘടന 2024, ഓഗസ്റ്റ് 14 ന് ഈ രോഗവ്യാപനത്തെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു (Public Health Emergency of International Concern-PHEIC). ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC) കേന്ദ്രീകരിച്ച് വർദ്ധിച്ചുവരുന്ന രോഗ വ്യാപനമാണ് ലോകാരോഗ്യ സംഘടനയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. അടുത്തിടെ ഈ രോഗം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ഒരു ഡസനോളം മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. 2022-ൽ ലോകവ്യപാകമായ എംപോക്സ് (Mpox) വ്യാപനത്തിന്റെ ഫലമായി ഈ അസുഖം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
എന്താണ് എംപോക്സ്?
ഒരു ജന്തുജന്യ രോഗമാണ് എംപോക്സ്. ഈ രോഗത്തിന് കാരണംവസൂരി വൈറസിന്റെ (Small Pox Virus) കുടുംബത്തിൽ പെട്ട (Poxviridae) മങ്കി പോക്സ് വൈറസ് (ചിത്രം 1) ആണ്. ഇത് ഒരു ഡി.എൻ.എ വൈറസ് (Double Stranded DNA virus) ആണ്. ഇത് വസൂരിക്ക് സമാനമായ അസുഖമാണ്, എന്നാൽ ഈ രോഗത്തിന്റെ തീവ്രത പൊതുവെ കുറവാണ്.
ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകൾക്കു സമീപമുള്ള പ്രദേശങ്ങളിലാണ് മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം പൊതുവെ കാണപ്പെടുന്നത്.ഇതിന്റെ സ്വാഭാവിക ആതിഥേയരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, കരണ്ടു തീനികളിലും (റോഡെന്റ്സ്), മനുഷ്യേതര പ്രൈമേറ്റുകളിലുമാണ് (കുരങ്ങുകളെപ്പോലുള്ള) ഈ രോഗം മുഖ്യമായും കാണുന്നത്, ഇവയിൽ നിന്നാണ് മനുഷ്യനിലേക്ക് രോഗം പടരുന്നതെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നു.
തൊലിയെയിലെ തടിപ്പ് അല്ലെങ്കിൽ ശ്ലേഷ്മ സ്തരത്തിലെ ക്ഷതം(Mucosal lesion), എന്നിവയ്‌ക്കൊപ്പം രണ്ട് മുതൽ നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന പനി, തലവേദന, പേശിവേദന, നടുവേദന, ക്ഷീണം, ലസികാ ഗ്രന്ഥി വീക്കം അല്ലെങ്കിൽ വീർത്ത ലിംഫ് നോഡുകൾ (Swollen Lymph nodes) എന്നിവയാണ് എംപോക്സിന്റെ പൊതുലക്ഷണങ്ങൾ. ലസികാ ഗ്രന്ഥി വീക്കം എംപോക്സിനെ മറ്റു സമാനമായ അസുഖങ്ങളായ ചിക്കൻപോക്സ്, അഞ്ചാംപനി, വസൂരി എന്നിവയിൽ നിന്ന് വേർതിരിക്കുന്നു. സാധാരണയായി 2 മുതൽ 4 ആഴ്ച്ച വരെ നീണ്ടുനിൽക്കുന്ന ഈ അസുഖം പ്രത്യേകിച്ച് ചികിത്സ കൂടാതെ ഭേദപ്പെടാറുണ്ട്. എന്നാൽ ചിലരിൽ പ്രേത്യേകിച്ചു കുട്ടികളിൽ ഈ രോഗം ഗുരുതരമാകാറുണ്ട്.
എംപോക്സിന്റെ കണ്ടെത്തലും ചരിത്രവും
1958-ൽ, ഗവേഷണത്തിനായി സൂക്ഷിച്ചിരിക്കുന്ന കുരങ്ങുകളിലാണ് വസൂരിക്ക് സമാനമായ ഈ അസുഖം കണ്ടെത്തിയത്. 1970-ൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് മനുഷ്യരിൽ ആദ്യമായി എംപോക്സ് രോഗം രേഖപ്പെടുത്തിയത്. 2022-ൽ ലോകമെമ്പാടും എംപോക്സ് പടർന്നു പിടിച്ചു. അതിനുമുമ്പ്, ആഫ്രിക്കയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിൽ എംപോക്സ് രോഗം അപൂർവ്വമായിരുന്നു, സാധാരണയായി, യാത്രയുമായോ അല്ലെങ്കിൽ എംപോക്സ് വ്യപകമായ പ്രദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളുമായോ ബന്ധപ്പെട്ടാണ് രോഗം വ്യാപിച്ചിരുന്നത്.
രോഗങ്ങളുടെ പേര് നൽകുന്നതിനുള്ള ആധുനിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായി ലോകാരോഗ്യ സംഘടന 2022-ൽ രോഗത്തിൻ്റെ പേര് മങ്കി പോക്സിൽ നിന്ന് എംപോക്സ് എന്നാക്കി മാറ്റി. രോഗങ്ങളുടെ പേരുകൾ സാംസ്കാരിക, സാമൂഹിക, ദേശീയ, പ്രാദേശിക, വംശീയ വിഭാഗങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും, വ്യാപാരം, യാത്ര, വിനോദസഞ്ചാരം, മൃഗക്ഷേമം എന്നിവയിൽ പ്രതികൂല ഫലങ്ങൾ കുറയ്ക്കണമെന്നും മേൽപറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നു. എന്നാലും, രോഗത്തിന് കാരണമാകുന്ന വൈറസിന്റെ പേര് ഇപ്പോഴും മങ്കി പോക്സ് വൈറസ് എന്നാണ്.
മങ്കി പോക്സ് വൈറസ് വിഭാഗങ്ങൾ
മങ്കി പോക്സ് വൈറസ് ക്ലേഡുകൾ (ചിത്രം 2) എന്നറിയപ്പെടുന്ന വ്യത്യസ്ത ജനിതക ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഈ ക്ലേഡുകൾ ഭൂമിശാസ്ത്രപരമായും ജനിതകപരമായും വ്യത്യസ്തമാണ്, കൂടാതെ വൈറസിൻ്റെ എപ്പിഡെമിയോളജി, സംക്രമണം, രോഗവ്യാപന ശേഷി എന്നിവ മനസ്സിലാക്കുന്നതിൽ അവ പങ്കു വഹിക്കുന്നു.വൈറസിൻ്റെ ക്ലേഡുകൾ താഴെ പറയുന്നവയാണ്.
ക്ലേഡ് I (മുൻ കോംഗോ ബേസിൻ ക്ലേഡ്)
മധ്യ ആഫ്രിക്കയിലെ കോംഗോ ബേസിൻ മേഖലയിലാണ് ക്ലേഡ് I അല്ലങ്കിൽ ഒന്നാം ക്ലേഡ് (ചിത്രം 2) പ്രധാനമായും കാണപ്പെടുന്നത് (പ്രത്യേകിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവങ്ങളിൽ). ഈ പ്രദേശം ക്ലേഡ് I-ൻ്റെ സ്ഥിര ബാധിത മേഖലയായി കണക്കാക്കപ്പെടുന്നു, ഇവിടെ എലി, മനുഷ്യേതര പ്രൈമേറ്റുകൾക്കിടയിൽ വൈറസ് സംക്രമണം ചെയ്യപ്പെടുന്നു.
ക്ലേഡ് I, മറ്റുള്ള വിഭാഗങ്ങളേക്കാൽ കൂടുതൽ രോഗശേഷി ഉള്ളവയാണ്. ഈ വിഭാഗത്തിൽ പെട്ട വൈറസ് ബാധിച്ചവരുടെ മരണനിരക്ക് 1% മുതൽ 10% വരെയാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിൽ ഈ ക്ലേഡ് കൂടുതൽ കാര്യക്ഷമമാണ്, ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. ക്ലേഡ് I മറ്റ് ക്ലേഡുകളിൽ നിന്ന് ജനിതകപരമായി വ്യത്യസ്തമാണ്, അതിൻ്റെ ജീനോമിലെ വ്യതിയാനങ്ങൾ അതിൻ്റെ ഉയർന്ന രോഗശേഷിക്കും, വ്യാപനത്തിനും കാരണമാകുന്നു.
ക്ലേഡ് 1 ബി: ക്ലേഡ് I-നുള്ളിലെ സബ്ക്ലേഡ്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് (DRC) ഉയർന്നുവന്ന ക്ലേഡ് I ൻ്റെ ഒരു ഉപവിഭാഗമാണ് ക്ലേഡ് I ബി, നിലവിൽ ഈ പ്രദേശത്തെ നിലവിലെ രോഗ വ്യാപനത്തിന് കാരണം ഇവയാണ്. ഇത് ക്ലേഡ് I-മായി നിരവധി സ്വഭാവസവിശേഷതകൾ പങ്കിടുന്നു. ക്ലേഡ് I ബി വൈറസുകളുടെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള സംക്രമണം കൂടുതൽ കാര്യക്ഷമമാണ്, അതിനാൽ വൈറസ് വ്യാപകമായ പ്രദേശങ്ങളിൽ കാര്യമായ ആശങ്കയുണ്ടാക്കുന്നു. എന്നാൽ ഇവയുടെ രോഗപ്രസരണ ശേഷിയെ കുറിച്ചും, രോഗശേഷിയെ കുറിച്ചും കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
ക്ലേഡ് II (മുൻ പശ്ചിമ ആഫ്രിക്കൻ ക്ലേഡ്)
നൈജീരിയ, ഘാന, സിയറ ലിയോൺ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെയുള്ള പശ്ചിമാഫ്രിക്കയിലാണ് ക്ലേഡ് II അല്ലെങ്കിൽ രണ്ടാം ക്ലേഡ് (ചിത്രം 2) പ്രധാനമായും കാണപ്പെടുന്നത്.ക്ലേഡ് I മായി താരതമ്യപ്പെടുത്തുമ്പോൾ, ക്ലേഡ് II അണുബാധകൾക്ക് സാധാരണഗതിയിൽ തീവ്രത കുറവാണ്. ഇതിനെ 99.9% ആളുകളും അതിജീവിക്കുന്നു. ഈ ക്ലേഡിന് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വ്യാപിക്കാനുള്ള ശേഷി കുറവാണ്.
ക്ലേഡ് IIa, ക്ലേഡ് IIb
ക്ലേഡ് II രണ്ട് ഉപക്ലേഡുകളായി തിരിച്ചിരിക്കുന്നു: ക്ലേഡ് IIa, ക്ലേഡ് IIb.
ക്ലേഡ് II a: ഇത് ക്ലേഡ് II-ൻ്റെ ഒരു ഉപവിഭാഗമാണ്, ഇത് പശ്ചിമാഫ്രിക്കയിൽ പ്രചരിക്കുന്ന പഴയ വൈറസുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ക്ലേഡ് IIb: ഇത് ക്ലേഡ് II-നുള്ളിൽ അടുത്തിടെ തിരിച്ചറിഞ്ഞ ഒരു ഉപക്ലേഡാണ്, ഈ വിഭാഗമാണ് 2022-ലെ ആഗോളതലത്തിലുണ്ടായ എംപോക്സ് വ്യാപനത്തിന് കാരണം. ക്ലേഡ് IIb, വൈറസിന്റെ വ്യാപനം വർദ്ധിപ്പിക്കുന്ന മ്യൂട്ടേഷനുകൾ കാരണം, വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നത് വർദ്ധിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ആഫ്രിക്കയ്ക്ക് പുറത്തുള്ള ആളുകളിൽ.
2022-ലെ എംപോക്സ് രോഗവ്യാപനം
മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ പരമ്പരാഗത രോഗവ്യാപിത പ്രദേശങ്ങൾക്ക് പുറത്ത്, അസാധാരണമായ രോഗ വ്യാപനം കാരണം, വ്യാപകമായ ശ്രദ്ധ ലഭിച്ച ഒരു സുപ്രധാന ആഗോള പൊതുജനാരോഗ്യ പ്രശ്നമായിരുന്നു 2022-ലെ എംപോക്സ് രോഗവ്യാപനം (ചിത്രം 3).
യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെ യൂറോപ്പിലെ നിരവധി രാജ്യങ്ങൾ എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് 2022-ലെ രോഗവ്യാപനം ആരംഭിച്ചത്. ഈ രോഗവ്യാപനം അസാധാരണമായിരുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി എൻഡെമിക് പ്രദേശങ്ങളിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടല്ല രോഗവ്യാപനം ഉണ്ടായത്, മറിച്ച് സാമൂഹിക വ്യാപനത്തിന്റെ ഫലമായാണ് ഈ അസുഖം യൂറോപ്പിൽ ഈ അസുഖം പടർന്നത്. യൂറോപ്പിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും, വടക്കേ അമേരിക്കയിലേക്കും ഒടുവിൽ ഏഷ്യ, ഓസ്‌ട്രേലിയ, ലാറ്റിൻ അമേരിക്ക എന്നിവയുൾപ്പെടെ വിവിധ ഭൂഖണ്ഡങ്ങളിലായി 100-ലധികം രാജ്യങ്ങളിലേക്കും വൈറസ് അതിവേഗം പടർന്നു. 2022 അവസാനത്തോടെ, ആഗോളതലത്തിൽ 85,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗം കേസുകളും യൂറോപ്പിലും അമേരിക്കയിലുമാണ് റിപ്പോർട്ട് ചെയ്തത്. 2022 ജൂലൈ 23 ന് ലോകാരോഗ്യ സംഘടന എംപോക്സിനെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു.
എല്ലാ ജനവിഭാഗത്തെയും എംപോക്സ് വ്യാപനം ബാധിച്ചു. എന്നാൽ എന്നാൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ്(MSM) ഈ രോഗം ഗണ്യമായി കാണപ്പെട്ടത്. മിക്ക കേസുകളും സൗമ്യവും, സ്വയം ഭേദപ്പെടുന്നവയും ആയിരുന്നു, എന്നാൽ പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിൽ ഗുരുതരമായ രോഗം കാണപ്പെട്ടു.ജനനേന്ദ്രിയത്തിലെ വൃണങ്ങൾ ചില രോഗികളിൽ ഗുരുതരമായ വേദനയുണ്ടാക്കി.
പൊതുജനാരോഗ്യ ഇടപെടലുകൾ, പ്രതിരോധ കുത്തിവയ്പ്പിലൂടെ ജനസംഖ്യയിൽ പ്രതിരോധശേഷി വർദ്ധിച്ചത്, രോഗ സാധ്യതയുള്ള ഗ്രൂപ്പുകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ, എന്നിവ കാരണം 2022 അവസാനത്തോടെ, പുതിയ കേസുകളുടെ എണ്ണം കുറയാൻ തുടങ്ങി.
2022 ലെ രോഗവ്യാപനത്തിന് മുൻപ്, ലോകത്തിന് എംപോക്സ് ആഫ്രിക്കയുടെ മാത്രം പ്രാദേശിക പ്രശനമായിരുന്നു. അതിനാൽ, രോഗത്തേയും രോഗവ്യാപനത്തേയും കുറിച്ചുള്ള ആഫ്രിക്കൻ രാജ്യങ്ങളുടെ ആശങ്കകളും , മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടു. ഇത് ആഗോള ശ്രദ്ധയുടെയും, ഗവേഷണ ഫണ്ടിംഗിൻ്റെയും അഭാവത്തിലേക്ക് നയിച്ചു. ഈ അഭാവം ഔഷധനിർമ്മാണം, വാക്സിൻ വികാസം, രോഗ നിരീക്ഷണം എന്നിവയെ പ്രതികൂലമായി ബാധിച്ചു. ഒരു പക്ഷെ ഇത്തരത്തിലുള്ള അവഗണകളായിരിക്കാം 2022 ലേയും, ഇപ്പോഴത്തേയും രോഗവ്യാപനത്തിന് കാരണം.
നിലവിലെ ആഫ്രിക്കയിലെ എംപോക്സ് വ്യാപനം
ആഫ്രിക്കയിൽ 2023-ൽ ആരംഭിച്ച എംപോക്സ് വ്യാപനത്തിൽ വൻ വർധനവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) പൊട്ടിപ്പുറപ്പെട്ട ഈ രോഗം അതിർത്തികൾ ഭേദിച്ച് ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട തുടങ്ങിയ മുമ്പ് ബാധിക്കപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 12 ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപിച്ചു (ചിത്രം 4). 2024-ൽ ഇതുവരെ, ഈ രാജ്യങ്ങളിൽ 2,863 കേസുകളും 517 മരണങ്ങളും (CFR 3.4%) സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ നിരീക്ഷണത്തിലും പരിശോധനയിലും ഉള്ള പരിമിതികൾ കാരണം, യഥാർത്ഥ രോഗികളുടേയും മരണങ്ങളുടെയും എണ്ണം കൂടുതലായിരിക്കാം, ഇത് യഥാർത്ഥ മരണനിരക്കിനെ (CFR) കുറച്ചു കാണിച്ചിരിക്കാം.
2023 ജനുവരി മുതൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മാത്രം 22,000-ത്തിലധികം സംശയാസ്പദമായ എംപോക്സ് കേസുകളും 1,200-ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്ലേഡ് I മങ്കിപോക്സ് വൈറസാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട രോഗവ്യാപനത്തിന് കാരണം, ഈ വിഭാഗത്തിൽ പെടുന്ന വൈറസ് ഈ രാജ്യത്തിൽ എൻഡെമിക് അല്ലെങ്കിൽ പതിവായി രോഗവ്യാപനം ഉണ്ടാക്കുന്നതാണ്.എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് സ്വഭാവ വ്യതിയാനങ്ങൾ ഇപ്പോൾ പടർന്ന് പിടിക്കുന്ന വൈറസ് കാണിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യനിൽ നിന്ന് മനുഷ്യനിൽ പടരാനുള്ള വൈറസിന്റെ ശേഷി വർദ്ധിച്ചതാണ്. അടുത്ത കാലം വരെ, കോംഗോയിലെ മിക്ക വ്യാപനങ്ങളുടെയും കാരണം അണുബാധിതമായ മാംസത്തിൻ്റെ ഉപഭോഗമോ, രോഗബാധിതരായ മൃഗങ്ങളുമായും ആളുകളുമായും അടുത്തിടപഴകുന്നതോ, ആയിരുന്നു. എന്നാൽ, 2023 സെപ്റ്റംബറിൽ, ശാസ്ത്രജ്ഞർ ക്ലേഡ് Ib എന്നറിയപ്പെടുന്ന മങ്കി പോക്സ് വൈറസിന്റെ ഒരു പുതിയ ഉപവിഭാഗം കണ്ടെത്തി. ഇതിന് ലൈംഗീക ബന്ധത്തിലൂടെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള ശേഷി കൂടുതലാണ്. പുതിയ ഉപവിഭാഗത്തിൽ കണ്ടെത്തിയ മ്യൂട്ടേഷൻ, മനുഷ്യർക്കിടയിലുള്ള രോഗവ്യാപനത്തിന്റെ ഫലമായുണ്ടായ വൈറസിൻ്റെ പൊരുത്തപ്പെടുത്തലിനെ സൂചിപ്പിക്കുന്നു. ലൈംഗീക ബന്ധത്തിലൂടെയുള്ള സുസ്ഥിരമായ മങ്കി പോക്സ് വൈറസിന്റെ സാമൂഹിക വ്യാപനം പൊതുജനാരോഗ്യത്തിന് വൻ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ വീടുകളിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള അടുത്തിടപഴകലും വൈറസിന്റെ വ്യാപനത്തെ സഹായിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളും, സ്ത്രീകളും ഉൾപ്പെടുന്നു, ഇതിൽ കുട്ടികളുടെ മരണനിരക്ക് 10% വരെയാണ്.
2024 ഓഗസ്റ്റ് 17 വരെയുള്ള റിപ്പോർട്ട് പ്രകാരം എംപോക്സ് ക്ലേഡ് Ib-യുടെ ഭൂമിശാസ്ത്രപരമായ വ്യാപനം പ്രധാനമായും മധ്യ, കിഴക്കൻ ആഫ്രിക്കയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. പൊട്ടിപുറപ്പെടലിന്റെ പ്രഭവകേന്ദ്രമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് ഈ ഉപവിഭാഗത്തിന്റെ വ്യാപനം മുഖ്യമായും കാണുന്നത്. ഈ രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള രോഗവ്യാപനത്തിലൂടെയാണ് ഈ പൊട്ടിപുറപ്പെടൽ നിലനിൽക്കുന്നത്. മുമ്പ് ബാധിക്കപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളിലേക്കുള്ള വൈറസിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനം ആരോഗ്യപ്രവർത്തകരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2024 ജൂലൈയോടെ ഈ വൈറസ് ബുറുണ്ടി, റുവാണ്ട, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.കൂടാതെ, 2024 ഓഗസ്റ്റിൽ സ്വീഡനിൽ ക്ലേഡ് Ib-യുടെ പുറം രാജ്യങ്ങളിൽ നിന്ന് വന്ന ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഭൂരിഭാഗം കേസുകളും ആഫ്രിക്കയിൽ തന്നെ തുടരുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര വ്യാപനത്തിനുള്ള സാധ്യത ഇത് എടുത്തുകാണിക്കുന്നു.
ആരോഗ്യ അടിയന്തരാവസ്ഥയും എംപോക്സും
2024-ൽ ആദ്യമായി എംപോക്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ആഫ്രിക്കൻ സി.ഡി.സി-യാണ്. ആഫ്രിക്കയിലെ രോഗവ്യാപനത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഈ പ്രഖ്യാപനം ഉണ്ടായത്. തുടർന്ന് ഓഗസ്റ്റ് 14 ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ (PHEIC) പ്രഖ്യാപിച്ചു. അന്താരാഷ്ട്രതലത്തിൽ ആശങ്ക ഉളവാക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ (PHEIC) എന്നത്, അതിർത്തികൾ കടക്കാൻ സാധ്യതയുള്ളതും, യോജിച്ച അന്താരാഷ്ട്ര പ്രതികരണം ആവശ്യമുള്ളതുമായ, ഒരു പൊതുജനാരോഗ്യ പ്രശ്‌നത്തെ നേരിടാനുള്ള ലോകാരോഗ്യ സംഘടനയുടെ (WHO) ഔപചാരിക പ്രഖ്യാപനമാണ്. ഇതിന് മുൻപ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇൻഫ്ലുവെൻസ, പോളിയോ, സിക്ക, എബോള, കോവിഡ് -19, 20022-ലെ എംപോക്സ് എന്നീ അസുഖങ്ങൾക്കാണ്.ആരോഗ്യ പ്രതിസന്ധികളോട് കൂടുതൽ ഫലപ്രദമായി പ്രതികരിക്കാൻ അന്താരാഷ്ട്ര സമൂഹത്തെ സഹായിക്കുന്ന ശക്തമായ ഒരു ഉപാധിയാണ് PHEIC പ്രഖ്യാപനം. എംപോക്സ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ, ആഗോള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനും,രോഗനിയന്ത്രണത്തിനുള്ള വിഭവങ്ങൾ കാര്യക്ഷമമായി അനുവദിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, വൈറസിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും, ഇത് നിർണായക പങ്ക് വഹിക്കും. രോഗനിയന്ത്രണത്തിലേക്കുള്ള മുഖ്യമായ ചുവടുവയ്പ്പാണ് ഈ പ്രഖ്യാപനം.
ഉപസംഹാരം
വർഷങ്ങളായി എംപോക്സ് ആഫ്രിക്കയിൽ പ്രചരിക്കുകയാണ്, എന്നാൽ ആഗോള സമൂഹം ഇതിനെ ആഫ്രിക്കയുടെ മാത്രം പ്രശ്നമായി കണ്ടു. അതിനാൽ രോഗനിരീക്ഷണത്തിനും, നിർണയത്തിനും, ചികത്സയ്ക്കുമുള്ള ഗവേഷണ ഫണ്ടുകൾ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ലഭിച്ചില്ല. ഇത് ആഫ്രിക്കയ്ക്കുള്ളിലും പുറത്തും രോഗം വ്യാപകമാകുന്നതിന് കാരണമായി. 2022-ൽ ആഫ്രിക്കയ്ക്ക് പുറത്ത്, പ്രത്യേകിച്ച് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ എംപോക്സ് പടർന്ന് പിടിച്ചപ്പോൾ മാത്രമാണ് രോഗവ്യാപനത്തിന്റെ ഗൗരവം ലോകത്തിന് മനസിലായത്. ഒരു മേഖലയുടെ പ്രശ്നം മാത്രമായി അവഗണിച്ചതായിരിക്കാം ക്ലാഡ് Ib എംപോക്സിന്റെ ആവിർഭാവത്തിനും, വ്യാപനത്തിനും കാരണം, അന്തരാഷ്ട്ര വ്യാപനത്തിന്റെ ആശങ്കകളെ ശരി വച്ചുകൊണ്ട് ഇപ്പോൾ ആഫ്രിക്കയ്ക്ക് പുറത്തും ക്ലാഡ് Ib എംപോക്സ് റിപ്പോർട്ട് ചെയ്തു. രോഗവ്യാപനം തടയുന്നതിനും, നിർമ്മാർജ്ജനത്തിനും വർദ്ധിച്ച അന്തരാഷ്ട്ര സഹകരണം ആവശ്യമാണെന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടിക്കാണിക്കുന്നത്.
കാലാവസ്ഥ വ്യതിയാനവും, ജനസംഖ്യാ പെരുപ്പവും, വർദ്ധിച്ച അന്തരാഷ്ട്ര വാണിജ്യ ബന്ധങ്ങളും, അന്തരാഷ്ട്ര യാത്രകളും, അമിതമായ വനനശീകരണവും, സാംക്രമിക രോഗങ്ങളുടെ, പ്രത്യേകച്ച് ജന്തുജന്യ രോഗങ്ങളുടെ ആവിർഭാവത്തിനും, പുനർആവിർഭാവത്തിനും കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങളെ നേരിടാനും നിർമാർജനം ചെയ്യാനും കൂട്ടായ അന്താരാഷ്ട്ര പരിശ്രമം ആവശ്യമാണ്. പകർച്ച വ്യാധികൾ ഒരു പ്രാദേശിക പ്രശ്നമോ, മേഖലാ പ്രശ്നമോ അല്ല. ഇത്തരം അസുഖങ്ങൾ എപ്പോൾ വേണമെങ്കിലും അന്തരാഷ്ട്ര തലത്തിൽ വ്യാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഒരു രോഗത്തേയും പ്രാദേശിക പ്രശ്നമായി അവഗണിക്കാൻ സാധ്യമല്ല. സാംക്രമിക രോഗങ്ങൾ തടയുന്നതിന് അന്തരാഷ്ട്ര തലത്തിൽ യോജിച്ച പ്രവർത്തനം ആവശ്യമാണ്.
Reference
- Mpox – Africa CDChttps://www.cdc.gov/poxvirus/mpox/about/index.html
- https://www.who.int/health-topics/monkeypox/#tab=tab_1
- https://www.cdc.gov/poxvirus/mpox/index.html
- https://www.mdpi.com/tropicalmed/tropicalmed-08-00076/article_deploy/html/images/tropicalmed-08-00076-g001.png
- https://www.thelancet.com/journals/langlo/article/PIIS2214-109X(24)00187-6/fulltext
- https://www.nytimes.com/2024/08/15/health/mpox-emergency-vaccines-treatments.html
- https://luca.co.in/monkey-pox/