കളിക്കാനിറങ്ങുമ്പോൾ പോയിരുന്നു പഠിക്കെടാ എന്ന് അച്ഛനമ്മമാരുടെ വഴക്ക് കേൾക്കാത്ത മലയാളികളുണ്ടാവില്ല. ഉയർന്ന ക്ലാസിൽ എത്തുമ്പോൾ പഠനത്തിനായി കായിക രംഗം ഉപേക്ഷിക്കാനും പലരും നിർബന്ധിതരാകുന്നു. ‘എടാ ‘ എന്നുപയോഗിച്ചതും മനപ്പൂർവ്വം തന്നെ, പെൺകുട്ടികൾ കായിക രംഗത്ത് സജീവമായി നിൽക്കുന്നത് നമ്മുടെ നാട്ടിൽ അപൂർവ്വമാണല്ലോ. ശാസ്ത്രജ്ഞർ എന്നു കേൾക്കുമ്പോൾ പലർക്കും മനസ്സിൽ വരുന്ന ചിത്രം പരീക്ഷണ ശാലയുടെ ഉള്ളിൽ തന്റെ പരീക്ഷണത്തിൽ മാത്രം മുഴുകിയിരിക്കുന്ന ഒരു വ്യക്തിയുടേതാവും. ശാസ്ത്രപഠനവും കായിക രംഗത്തെ സജീവ പങ്കാളിത്തവും ഒരിക്കലും ചേർന്നുപോകാത്തതാണ് എന്ന പൊതുധാരണയും നിലനിൽക്കുന്നു. എന്നാൽ ഈ ധാരണകളെ പൊളിച്ചെഴുതുന്ന ഏഴ് ശാസ്ത്രജ്ഞർ ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ശാസ്ത്ര ഗവേഷണവും കായിക ഇനങ്ങളിലെ മികവും ഒരുമിച്ച് സാധിക്കില്ല എന്ന മുൻവിധിയെ അവർ തിരുത്തിക്കുറിക്കുന്നു.
സൈക്ലിംഗിന്റെ വിജയക്കണക്കുകൾ
ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും വലിയ ഷോക്ക് എന്ന് സി എൻ എൻ വിശേഷിപ്പിച്ചൊരു വിജയമുണ്ട്, വനിതകളുടെ വ്യക്തിഗത സൈക്കിളോട്ടത്തിൽ സ്വർണ്ണം നേടിയ ആസ്ട്രിയക്കാരിയായ അന്ന കീസെൻഹോഫർ (Anna Kiesenhofer) ആയിരുന്നു ലോകത്തെ ഞെട്ടിച്ച ആ പോരാളി. പരിശീലകനോ, സഹായക കോൺട്രാക്ടുകളോ, തുണയ്ക്ക് സ്വന്തം ടീമോ ഒന്നുമില്ലാതെയാണ് 137 കിലോമീറ്റർ നീണ്ട ടോക്കിയോയിലെ പഴയ ഫോർമുല വൺ ട്രാക്കിൽ അന്ന വിജയക്കൊടി പാറിച്ചത്. ലോകത്തിന്റെ പ്രതീക്ഷ മുഴുവൻ മുൻ സ്വർണ്ണ മെഡൽ ജേതാക്കളും ഒളിമ്പിക്സിൽ ഏറ്റവും വിജയ സാധ്യത കൽപ്പിച്ച താരങ്ങളും അടങ്ങിയ ഡച്ച് ടീമിലായിരുന്നു. കൂട്ടായിച്ചേർന്ന് സൈക്കിൾ ഓടിച്ച് ഊർജ്ജോപയോഗം കുറയ്ക്കുന്ന (Peloton) രീതിയാണ് ഡച്ച് താരങ്ങൾ പിന്തുടർന്നിരുന്നതും. വഴിയിൽ തടസ്സങ്ങൾ വരുമ്പോൾ സഹായിക്കാൻ ടീമംഗങ്ങളും ഉണ്ടായിരുന്നു. ഫിനിഷിംഗ് ലൈൻ കടന്ന അനമിക് വാൻ വ്ളൂട്ടൻ താനാണ് വിജയി എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. പക്ഷേ അതിനും ഒന്നര മിനിറ്റ് മുമ്പേ അന്ന കീസെൻഹോഫർ ലക്ഷ്യം കടന്നിരുന്നു. 1896 നു ശേഷം സൈക്ലിംഗിൽ ആസ്ട്രിയക്ക് ലഭിക്കുന്ന ആദ്യ സ്വർണ്ണമെഡൽ ആയിരുന്നു അത്, 2004 നു ശേഷം ലഭിക്കുന്ന ഏക ഒളിമ്പിക്സ് സ്വർണ്ണ മെഡലും. എന്നാൽ അവർ മുഴുവൻ സമയ സ്പോർട്സ് താരമല്ല, മറിച്ച് ഒരു ഗണിത ശാസ്ത്രജ്ഞയാണ് എന്നതാണ് രസകരമായ വസ്തുത. ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും സ്പെയിനിലെ കാറ്റലോണിയ സർവ്വകലാശാലയിൽ നിന്ന് പി എച്ച് ഡിയും നേടിയ അന്ന നിലവിൽ സ്വിറ്റ്സർലാന്റിലെ ലോസേൻ സാങ്കേതിക സർവ്വകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം തുടരുകയാണ്. അത്ലെറ്റിക്സ് ഇനങ്ങളിൽ മത്സരിച്ചിരുന്ന അന്ന പരിക്കിനെത്തുടർന്ന് സൈക്ലിംഗിലേക്ക് മാറുകയായിരുന്നു. ഗണിതശാസ്ത്രം സ്ത്രീകൾക്ക് പറ്റിയ മേഖലയല്ല എന്ന് ശാസ്ത്രരംഗത്തുള്ളവരിൽ ചിലർ പോലും ഇന്നും കരുതുന്നുണ്ട്. ഉയർന്ന ശാരീരിക ശേഷി വേണ്ട കായിക ഇനങ്ങളും അങ്ങനെ തന്നെയാണ് കരുതപ്പെടുന്നത്. അപ്പോഴാണ് ഗണിതത്തിൽ ഗവേഷണം തുടരുമ്പോൾ തന്നെ പരമ്പരാഗത രീതികളെ പിന്തുടരാതെ – പരിശീലകൻ പോലുമില്ലാതെ – അന്ന ഒളിമ്പിക്സ് മെഡൽ നേടിയത്. പെൺകുട്ടികൾക്ക് അപ്രാപ്യം എന്ന് പലരും കരുതുന്ന ഗണിതത്തെയും സ്പോർട്സിനെയും ഒരുപോലെ കീഴടക്കിയ അന്ന സ്ത്രീകൾക്ക് മാത്രമല്ല ശാസ്ത്രം പഠിക്കുന്ന പുരുഷന്മാർക്ക് കൂടി ആവേശം പകരുന്ന മാതൃകയാണ്.
മികവിന്റെ മാതൃകയായി ഗാബി തോമസ്
ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടുന്ന മിടുക്കർ സാധാരണ അമേരിക്കൻ പ്രസിഡന്റോ, ഗവർണറോ, പ്രൊഫസർമാരോ, സിനിമാ താരങ്ങളോ ഒക്കെ ആകാറാണ് പതിവ്. എന്നാൽ ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഹാർവാർഡ് ബിരുദധാരി ഗാബി തോമസാണ് (Gabrielle Thomas). ടോക്കിയോ ഒളിമ്പിക്സിൽ 200 മീറ്ററിൽ വെങ്കലവും 4 X 100 മീറ്റർ റിലേയിൽ വെള്ളിയും നേടിയാണ് ഗബ്രിയേല എന്ന ഗാബി ചരിത്രം കുറിച്ചത്. മാത്രമല്ല ഒളിമ്പിക്സ് ട്രയലിൽ ഗാബി കുറിച്ച 21.61 സെക്കന്റ് ഈയിനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ മികച്ച വേഗമാണ്. ഇതിഹാസ താരമായ ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ മാത്രമാണ് ഗാബിയേക്കാൾ കുറഞ്ഞ വേഗതയിൽ 200 മീറ്റർ ഓടിയെത്തിയിട്ടുള്ളത്. മത്സരത്തിന് കുറച്ചുനാൾ മുമ്പ് കരളിൽ കണ്ടെത്തിയ ട്യൂമർ ഗാബിയെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. എങ്കിലും അത് അപകടകാരിയല്ല എന്ന് പിന്നീട് തെളിഞ്ഞു. ന്യൂറോബയോളജി, ഗ്ലോബൽ ഹെൽത്ത് എന്നിവ വിഷയമാക്കിയാണ് ബിരുദം നേടിയത്. ആറ് വ്യത്യസ്ത മത്സര ഇനങ്ങളിലായി 22 കിരീടങ്ങളാണ് പഠന കാലത്ത് അവർ നേടിയത്. സാംക്രമികരോഗശാസ്‌ത്രവും ആരോഗ്യ സംവിധാനങ്ങളുടെ മാനേജ്മെന്റും വിഷയമായി ബിരുദാനന്തര പഠനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് അവർ. വംശീയമായ ഘടകങ്ങൾ ആരോഗ്യ രക്ഷാ സംവിധാനങ്ങളുടെ ലഭ്യതയെ ബാധിക്കുന്നതെങ്ങനെ എന്നതാണ് ഗാബിയുടെ ഗവേഷണ മേഖല. ആഫ്രോ അമേരിക്കൻ വംശജയായ അമ്മയുടെയും ജമൈക്കക്കാരനായ അച്ഛന്റെയും മകളാണ് ഗാബി തോമസ്.
ഈജിപ്റ്റിൽ നിന്നൊരു പാർലമെൻറ് അംഗം
ഒളിമ്പിക്സിലെ ശാസ്ത്രജ്ഞരെക്കുറിച്ചുള്ള ലേഖനത്തിൽ പാർലമെന്റ് അംഗത്തിന് എന്ത് കാര്യം എന്നല്ലേ? ഈജിപ്റ്റിൽ നിന്നുള്ള ബാഡ്മിന്റൺ കളിക്കാരിയായ ഹാദിയ ഹോസ്നി (Hadia Hosny) അത്ഭുതപ്പെടുത്തുന്ന ഒരു വ്യക്തിത്വമാണ്. ബാഡ്മിന്റൺ കോർട്ടിലും ഈജിപ്ഷ്യൻ പാർലിമെന്റിലും ഒപ്പം ഫാർമക്കോളജി ഗവേഷണ രംഗത്തും അവർ തിളങ്ങുന്നു. 2008 ലെ ബീജിംഗ് ഒളിമ്പിക്സിൽ പങ്കെടുത്ത ഹാദിയ കുറിച്ചത് ചരിത്രമാണ്. ഈജിപ്റ്റിനെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ ബാഡ്മിന്റൺ താരമായി മാറി എന്നു മാത്രമല്ല തുടർന്നുവന്ന ലണ്ടൻ, ടോക്കിയോ ഒളിമ്പിക്സുകളിലും ഹാദിയ പങ്കെടുത്തു. ഈജിപ്റ്റിലെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് ലക്ചററായി ജോലി ചെയ്യുമ്പോൾ തന്നെയാണ് ഇന്റർനാഷണൽ ടൂർണമെന്റുകളിൽ തിളങ്ങുന്ന താരമായി നിലനിൽക്കുന്നതും. ഈജിപ്റ്റിലെ കെയ്റോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫാർമക്കോളജിയിൽ പി എച്ച് ഡിയും കരസ്ഥമാക്കി. ആന്റി ഇൻഫ്ലമേറ്ററി മരുന്നുകളുടെ പ്രവർത്തനം സംബന്ധിച്ച് പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഈജിപ്ഷ്യൻ പാർലിമെന്റിലെ സ്പോർട്സ് ആന്റ് വെൽഫയർ കമ്മിറ്റി അംഗം കൂടിയാണ് ഇവർ. ഇതിനെല്ലാം പുറമേ ഹാദിയ ഹോസ്നി ബാഡ്മിന്റൺ അക്കാദമി എന്ന സ്ഥാപനത്തിലൂടെ ഈജിപ്റ്റിലെ കുട്ടികൾക്ക്, വിശേഷിച്ചും പെൺകുട്ടികൾക്ക് പരിശീലനം നല്കുന്നുമുണ്ട്. ഈജിപ്റ്റിൽ അത്ര ജനപ്രിയമായ കളിയല്ല ബാഡ്മിന്റൺ. പരിക്കിനെ തുടർന്ന് ജിംനാസ്റ്റിക്സ് ഉപേക്ഷിച്ചാണ് ഹാദിയ പതിനൊന്നാം വയസ്സിൽ ബാഡ്മിന്റൺ തിരഞ്ഞെടുത്തത്. നിലവിൽ ഡബിൾസ് ലോക റാങ്കിങ്ങിൽ നാൽപ്പതിന് ഉള്ളിലാണ് ഹാദിയയുടെ സ്ഥാനം. ആഫ്രിക്കൻ ഗെയിംസിൽ സിംഗിൾസിലും ഡബിൾസിലും ഇവർ സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിൽ വനിതാ ഡബിൾസിൽ ഗ്രൂപ്പ് ബിയിലാണ് ഹാദിയയും കൂട്ടാളിയും മത്സരിച്ചത്. ഈ ഒളിമ്പിക്സോടെ വിരമിച്ച് കോച്ച് എന്ന നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് അവരുടെ തീരുമാനം.
തെന്നുപലകയിൽ ഒരു ഒളിമ്പിക്സ് യാത്ര
ടോക്കിയോ ഒളിമ്പിക്സിൽ ഫ്രാൻസിനെ പ്രതിനിധീകരിച്ച് സ്ട്രീറ്റ് സ്കേറ്റ് ബോർഡ് ഇനത്തിൽ മത്സരിക്കുന്ന ഷാർലറ്റ് ഹൈം (Charlotte Hym) ന്യൂറോസയൻസിൽ ഗവേഷണ ബിരുദം നേടിയ ശാസ്ത്രജ്ഞ കൂടിയാണ്. 2016 ൽ സ്കേറ്റിംഗ് ഒരു ഒളിമ്പിക്സ് ഇനമായി ഉൾപ്പെടുത്തിയപ്പോൾ തന്നെ അത് ഒരു സുവർണ്ണാവസരമായി കണക്കാക്കി അവർ ഫ്രാൻസിനായി മത്സരിക്കാൻ അപേക്ഷ സമർപ്പിച്ചു. തുടർന്ന് നടത്തിയ ദീർഘകാല പരിശീലനമാണ് ഇപ്പോൾ ടോക്കിയോ ഒളിമ്പിക്സിൽ എത്തിച്ചത്. ലോക ചാമ്പ്യൻഷിപ്പുകളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. പന്ത്രണ്ടാം പിറന്നാളിനാണ് ഷാർലറ്റ് സ്കേറ്റ് ബോർഡുമായി സൗഹൃദം ആരംഭിക്കുന്നത്. പാരീസിലെ ദക്കാർത്തെ സർവ്വകലാശാലയിൽ നിന്ന് സ്പോർട്സ് സയൻസിൽ ബിരുദം നേടിയ ശേഷം ന്യൂറോസയൻസിൽ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും നേടി. അമ്മമാരുടെ ശബ്ദം നവജാത ശിശുക്കളുടെ ചലനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു ഗവേഷണ വിഷയം. കായിക രംഗത്തെ ഒരു തൊഴിലായി കാണാത്ത ഷാർലറ്റ് ഹൈം ഗവേഷണ രംഗത്തേക്ക് തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നത്. ഒളിമ്പിക്സിൽ പതിനേഴാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ എങ്കിലും ഈ ഇരുപത്തെട്ടുകാരിക്ക് ഇനിയും ഏറെ കാലം ബാക്കിയുണ്ട്.
ക്വാണ്ടം ഫിസിക്സും ദീർഘദൂര ഓട്ടവും
അപ്രതീക്ഷിതമായ വിജയങ്ങളിലൂടെ ടോക്കിയോ ഒളിമ്പിക്സിലേക്ക് അർഹത നേടിയ അത്ലറ്റ് ആണ് അയർലന്റിനെ പ്രതിനിധീകരിച്ച് വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ പങ്കെടുത്ത ലൂയിസ ഷാനഹാൻ (Louise Shanahan). കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ക്വാണ്ടം ഫിസിക്സിൽ പി എച്ച് ഡി വിദ്യാർഥിനിയാണ് ലൂയിസ. 2013 ൽ പതിനെട്ട് വയസ്സിൽ തന്നെ എണ്ണൂറു മീറ്ററിൽ യൂറോപ്യൻ യൂത്ത് ചാമ്പ്യനായ ലൂയിസ വളരെ പ്രതീക്ഷയുള്ള താരമായിരുന്നു. എന്നാൽ 2015 ൽ കാലിനേറ്റ പരിക്ക് കാര്യങ്ങളെല്ലാം കുഴപ്പത്തിലാക്കി. പ്രകടനം മെച്ചപ്പെടുത്താൻ ആവാതെ അവർ വർഷങ്ങളോളം വിഷമിച്ചു. ഇത്തവണത്തെ ഒളിമ്പിക്സ് അവരുടെ പരിഗണനയിൽപോലും ഉണ്ടായിരുന്നില്ല. ലോക സർവകലാശാല മത്സരങ്ങൾക്കായി ഒരുങ്ങുകയായിരുന്നു ലൂയിസ. അത് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതോടെ ഒളിമ്പിക്സിനായി ശ്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അത്ഭുതകരമായ വിജയങ്ങളായിരുന്നു. നാല് മാസത്തിനിടെ അഞ്ച് കിരീടങ്ങൾ നേടി ഒളിമ്പിക്സിന് യോഗ്യത നേടി. ഇവയിൽ തന്നെ മൂന്നെണ്ണം മൂന്നാഴ്ചകൾക്ക് ഉള്ളിലായിരുന്നു. അയർലന്റിലെ കോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. തുടർന്ന് കേംബ്രിഡ്ജിൽ പി എച്ച് ഡിക്ക് ചേർന്നു. അവിടത്തെ പരിശീലനമാണ് തന്നെ ഒളിമ്പിക്സ് വേദിയിൽ എത്തിച്ചത് എന്ന് ലൂയിസ കരുതുന്നു. സ്പോർട്സും ഗവേഷണവും ഒരുമിച്ച് കൊണ്ടുപോവാനാണ് അവർ ആഗ്രഹിക്കുന്നത്. അത് മാനസികമായി തന്നെ ശക്തയാക്കുന്നു എന്നും ലൂയിസ കരുതുന്നു. കാൻസർ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്ന ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ് അവർ.
പാർക്കിൻസണ്ണിനെ ഇടിച്ചിടാൻ നദീൻ ആപ്ടെസ്
ബോക്സിംഗിലെ ഏതെങ്കിലും ഇനത്തിൽ ജർമ്മനിയെ പ്രതിനിധീകരിച്ച ആദ്യ വനിതയാണ് നദീൻ ആപ്ടെസ് (Nadine Apetz). ടോക്കിയോ ഒളിമ്പിക്സിൽ വെൽറ്റർവെയിറ്റ് വിഭാഗത്തിലാണ് അമച്വർ ബോക്സർ ആയ അവർ മത്സരിച്ചത്. കുതിരയോട്ടം, ടെന്നീസ്, ഹാൻഡ്ബോൾ, അത്ലെറ്റിക്സ് എന്നിവയിലെല്ലാം പരിശീലനം നേടിയ ശേഷം ഇരുപത്തൊന്നാം വയസ്സിലാണ് ബോക്സിംഗ് തെരഞ്ഞെടുക്കുന്നത്. ജർമ്മനിയിൽ സ്ത്രീകളുടെ ബോക്സിംഗ് ഒട്ടും പരിഗണിക്കപ്പെടാത്ത ഒരു മത്സര ഇനമാണ്. മത്സരങ്ങൾ ടി വിയിൽ സംപ്രേക്ഷണം ചെയ്യാറ് പോലുമില്ല. പുരുഷന്മാരുടേത് എന്ന് കരുതുന്ന മേഖലയിലേക്ക് നദീൻ അക്ഷരാർഥത്തിൽ “ഇടിച്ചിടിച്ച്” കേറുകയായിരുന്നു. ജർമ്മനിയിലെ ബ്രമൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ന്യൂറോസയൻസിൽ ബിരുദം നേടിയശേഷം ഉപരിപഠനത്തിനായി ആസ്ട്രേലിയയിലേക്ക് പോയി. നിലവിൽ കൊളോൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പി എച്ച് ഡി ഗവേഷണം തുടരുകയാണ്. പാർക്കിൻസൺ രോഗ ബാധിതരുടെ തലച്ചോറിനെ ഉദ്ദീപിപ്പിക്കാനുള്ള മാർഗ്ഗങ്ങളാണ് അവരുടെ ഗവേഷണ വിഷയം. വൈദ്യുത തരംഗങ്ങളും വിദ്യുത്കാന്തിക തരംഗങ്ങളും ഉപയോഗിച്ച് തലച്ചോറിനെ ഉദ്ദീപിപ്പിച്ച് പാർക്കിൻസൺ രോഗത്തിന് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്റെ യൂത്ത് കമ്മീഷൻ അംഗമാണ്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും ലോകചാമ്പ്യൻഷിപ്പ് മത്സരത്തിൽ രണ്ടു തവണ വെങ്കലവും നേടിയിട്ടുണ്ട്.
ആൻഡ്രിയ മുറേ നീന്തിക്കയറിയ ദൂരങ്ങൾ
ടോക്കിയോ ഒളിമ്പിക്സിൽ വിവിധ നീന്തൽ ഇനങ്ങളിൽ ഇസ്രായേലിനെ പ്രതിനിധീകരിച്ച താരമാണ് ആൻഡ്രിയ മുറേ (Andrea Murez). ഓസ്ട്രിയയിൽ ജീവിക്കുന്ന കാലത്ത് ഡാന്യൂബ് നദി മുറിച്ച് നീന്തുമായിരുന്നത്രേ ആൻഡ്രിയയുടെ മുത്തച്ഛനായ ജോ മുറേ. നീന്തൽ മത്സരങ്ങൾ കഴിഞ്ഞ് അപ്പുറത്തെത്തുന്ന ജൂതന്മാരെ തല്ലിച്ചതക്കാനായി നീന്തൽക്കുളത്തിന് അക്കരെ നാസികൾ കാത്ത് നിൽക്കുമായിരുന്നത്രെ. മുത്തച്ഛന്റെ പ്രേരണയുണ്ടായിട്ടും കുഞ്ഞ് ആൻഡ്രിയക്ക് നീന്തൽ ഒട്ടും ഇഷ്ടമായിരുന്നില്ല. പലവട്ടം പരാജയമടഞ്ഞ ശേഷം കൗമാരത്തിലാണ് നീന്തൽ തന്റെ മേഖലയായി അവർ തിരിച്ചറിയുന്നത്. സ്കൂൾ തലത്തിൽ തന്നെ സ്വർണ്ണമടക്കം നിരവധി മെഡലുകൾ വാരിക്കൂട്ടി. സ്റ്റാൻഫഡ് സർവ്വകലാശാലയിൽ നിന്ന് ജീവശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം നീന്തലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജനിച്ചുവളർന്ന കാലിഫോർണിയയിൽ നിന്ന് അകന്ന ബന്ധുക്കൾ മാത്രമുള്ള ഇസ്രായേലിലേക്ക് താമസം മാറ്റിയത്. അവിടെ ഹീബ്രു പഠനമടക്കം പുതിയ സംസ്കാരത്തോട് പൊരുത്തപ്പെടേണ്ടിയിരുന്നു. പിന്നീട് അവിടെ തുടർന്ന ആൻഡ്രിയ ടെൽ അവീവ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദവും നേടി. സ്പോർട്സ് മെഡിസിനിലോ കുട്ടികളുടെ മനശാസ്ത്രത്തിലോ തുടർ ഗവേഷണം നടത്താനാണ് അവർക്ക് ആഗ്രഹം. 2016 ലെ റിയോ ഡി ജനീറോ ഒളിമ്പിക്സിൽ നാലിനങ്ങളിലും ടോക്കിയോ ഒളിമ്പിക്സിൽ അഞ്ചിനങ്ങളിലും പങ്കെടുത്തു.
ശ്രദ്ധേയമായ മറ്റൊരു കാര്യം ഒളിമ്പിക്സിൽ പങ്കെടുത്ത ശാസ്ത്രഗവേഷകർ എല്ലാവരും വനിതകൾ ആണ് എന്നതാണ്. ഏറെ അർപ്പണവും മികവും ആവശ്യമായ ശാസ്ത്ര ഗവേഷണത്തെയും കായിക മത്സരങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുക എന്ന ശ്രമകരമായ ദൗത്യത്തിലൂടെ അവർ ലോകത്തിനാകെ മാതൃകയാകുന്നു. പെണ്ണിന് പറ്റിയതല്ല ശാസ്ത്രം എന്നും സ്പോർട്സ് എന്നും ഇനിയെങ്കിലും പറയാതിരിക്കൂ.