ജി.ഗോപിനാഥന്
കാലാവസ്ഥാവ്യതിയാനത്തിന് ഉത്തരവാദികളായ കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും എതിരെ ലോകമെമ്പാടുമായി 1850 കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്.
കാലാവസ്ഥാവ്യതിയാനത്തിന് ഉത്തരവാദികളായ കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും എതിരെ ലോകമെമ്പാടുമായി 1850 കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. അതില്‍ രണ്ടു കേസുകളില്‍ ഉണ്ടായ കോടതിവിധികള്‍ പ്രതീക്ഷ നല്കുന്നവയാണ്. ദ ഹേഗ് ജില്ലാക്കോടതി, റോയല്‍ ഡച്ച് ഷെല്‍ കമ്പനിയോട് അവര്‍ പുറത്തുവിടുന്ന ഹരിതവാതകത്തിന്റെ അളവ് 2019 ലെ സ്ഥിതിയില്‍ നിന്ന് 2030 ഓടെ 45 ശതമാനം കുറയ്ക്കണമെന്ന് ഉത്തരവിട്ടത് 2021 മെയ് 26 നാണ്. അതിനടുത്ത ദിവസം തന്നെയാണ് ഒരു ആസ്ത്രേലിയന്‍ ജഡ്ജി, വര്‍ദ്ധമാനമായ തോതില്‍ ഹരിതഗൃഹവാതം പുറന്തള്ളുന്നതുമൂലം ഭാവിയിലുണ്ടാകാനിടയുള്ള ദുരിതങ്ങളില്‍ നിന്ന് നാട്ടിലെ കുട്ടികളെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം പരിസ്ഥിതി വകുപ്പ് മന്ത്രിയ്ക്കുണ്ടെന്ന് വിധിച്ചത്. ഇത്തരം കോടതിവിധികള്‍ മുമ്പ് ചിന്തിക്കാന്‍ പോലും പറ്റാത്തവയാണ്.
കാലാവസ്ഥാവ്യതിയാനത്തിന് ഇടയാക്കിയത് യു.എസ്. ഗവണ്മെന്റിന്റെ നടപടികളാണെന്നും അതുകാരണം പുതിയ തലമുറയുടെ ജീവനും സ്വാതന്ത്ര്യത്തിനും സമ്പത്തിനും ഉള്ള ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിച്ചിരിക്കുകയാണെന്നും അടിസ്ഥാനപരമായ പൊതുജനവിശ്വാസം തകര്‍ത്തിരിക്കുകയുമാണെന്ന് വാദിച്ചുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. യുവാക്കളായ 21 പേര് ഓറിഗണ്‍ ജില്ലാ കോടതിയില്‍ 2015 ഓഗസ്റ്റിലാണ് കേസ് ഫയല്‍ ചെയ്തത്. ഫോസില്‍ ഇന്ധനം അടിസ്ഥാനമാക്കിയുള്ള ഊര്ജ്ജോല്പാദനത്തെ അറിഞ്ഞുകൊണ്ടു തന്നെ പിന്തുണയ്ക്കുക വഴി സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വം ലംഘിച്ചു എന്നാണ് അവരുടെ വാദം. എര്‍ത്ത് ഗാര്ഡിയന് എന്ന അവരുടെ സംഘടനയും ഔവര്‍ ചില്‍ഡ്രന്‍സ് ട്രസ്റ്റും കേസില്‍ പങ്കാളികളാണ്. കേസിന്റെ വിചാരണ നീണ്ടുപോവുകയും പലപ്പോഴും പരാതിക്കാര്‍ക്ക് കോടതിയില്‍ നിന്ന് തിരിച്ചടികള്‍ നേരിടേണ്ടിവരികയും ചെയ്തെങ്കിലും കൂടിയാലോചനയുടെ നിലയില്‍ കാര്യങ്ങള്‍ തുടരുകയാണ്. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ പിന്തുണയുമായി പലപ്പോഴും രംഗത്തിറങ്ങാറുമുണ്ട്.
ഈ കേസില്‍ വാദിഭാഗത്തെ ഒരു പ്രധാന സാക്ഷിയായി വന്ന ജെയിംസ് ഗുസ്താവ് സ്പെത്ത് കോടതയിലവതരിപ്പിച്ച വാദമുഖങ്ങളെല്ലാം ഒരു പുസ്തകമായി ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. “അവര്‍ക്കറിയാമായിരുന്നു: കാലാവസ്ഥാപ്രതിസന്ധി ഉണ്ടാകുന്നതില്‍ അമ്പതുകൊല്ലത്തെ യു.എസ്.ഫെഡറല്‍ ഗവണ്മെന്റിന്റെ പങ്ക്” എന്നാണതിന്റെ പേര്. ജിമ്മി കാര്‍ട്ടറിന്റെ ഭരണകാലത്ത്(1977-81) യു.എസ്.കൗണ്‍സില്‍ ഓണ്‍ എന്വയണ്മെന്റല് ക്വാളിറ്റിയുടെ അദ്ധ്യക്ഷനായിരുന്ന സ്പെത്തിന് നിരവധി പരിസ്ഥിതിസംഘടനകളിലെ പ്രവര്‍ത്തന പരിചയമുണ്ട്. ഓരോ പ്രസിഡണ്ടിനും കോണ്‍ഗ്രസ്സിനും ലഭിച്ചിരുന്ന ശാസ്ത്രീയമായ തെളിവുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അദ്ദേഹം നിരത്തുന്നു. സയന്റിസ്റ്റുകളും ഉപദേശകരും നിര്‍ദ്ദേശിച്ച സുരക്ഷിതമായ പ്രവര്‍ത്തിപഥവും യഥാര്‍ത്ഥ്യത്തില്‍ സ്വീകരിക്കപ്പെട്ട ഫെഡറല്‍ നയവും തമ്മിലുള്ള വലിയ അന്തരത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അദ്ദേഹം നല്‍കുന്നത്.
കാലാവസ്ഥാപ്രതിസന്ധി കുറയ്ക്കുന്നതിനുപകരിക്കുന്ന നയം സ്വീകരിച്ചാലുള്ള പ്രയോജനങ്ങളേക്കുറിച്ച് നേരത്തേ തന്നെ അറിവുള്ളതാണെങ്കിലും ബുഷ് ഭരണം (1989-93) അതെല്ലാം തള്ളിക്കളഞ്ഞ് ഫോസില്‍ ഇന്ധന വ്യവസായലോബി കൊടുക്കുന്ന വിവരങ്ങളാണ് സ്വീകരിച്ചത്. സയന്‍സിനെ സംശയത്തിന്റെ നിഴലിലാക്കി. കാലാവസ്ഥാശാസ്ത്രത്തെ വെട്ടിമുറിക്കുന്ന തരത്തിലുള്ള തെറ്റായ പൊതുജന ബോധവല്‍ക്കരണ പരിപാടിയാണ് ബില്‍ ക്ലിന്റന് കൈക്കൊണ്ടത്. ഇതിന്റെയെല്ലാം വിശദാംശങ്ങള്‍ ഈ പുസ്തകം പുറത്തുവിടുന്നുണ്ട്. ജൂലിയാനാ കേസിലെ പരാതിക്കാര്‍ പ്രസിഡണ്ട് ജോ ബൈഡനുമായും വൈസ് പ്രസിഡണ്ട് കമലാ ഹാരിസുമായി ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യുന്ന ഈ അവസരത്തില്‍ ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഏറെ പ്രസക്തമാകുന്നു. ലോകത്താകമാനം നടക്കുന്ന പരിസ്ഥിതിക്കേസുകളുമായി ബന്ധപ്പെട്ട് ചരിത്രപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു സര്‍ക്കാരിനും ഒഴിഞ്ഞുമാറാനാകില്ല എന്നതിലേക്ക് ഇത് വെളിച്ചം വീശുന്നു.
അവലംബം
nature, Sep3,2021- Book Review- They Knew: The US Federal Government’s Fifty-Year Role in Causing the Clmate Crisis, by James Gustave Speth. MIT Press(2021)
മറ്റു ലേഖനങ്ങൾ