"എൻ കളിക്കൊട്ടിലേ മറ്റൊരു ലോകമിന്നെന്റേതു നിൻ ഭാഷ ഞാൻ മറന്നേൻ "
ബാലാമണിയമ്മ എഴുതിയ ഈ വാക്കുകൾ, മുതിരുംതോറും മറന്നു പോകുന്ന കുട്ടിക്കാലത്തെ കുറിച്ചുള്ള ശരിയായ ഓർമ്മപ്പെടുത്തൽ ആയി മാറുന്നു. കുട്ടിത്തം എന്ന സവിശേഷമായ സ്വഭാവ വിശേഷം യഥാർത്ഥത്തിൽ കുട്ടിക്ക് മാത്രം ബാധകമായ ഒന്നല്ല. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കുട്ടിത്തം കാണാറുണ്ട്. “വാർദ്ധക്യസഹജമായ കാരണങ്ങളാൽ നാലുവയസ്സുള്ള ഡേവിഡ് എന്ന കുട്ടി അന്തരിച്ചു “ എന്ന പത്രവാർത്ത യഥാർത്ഥത്തിൽ സൂചിപ്പിക്കുന്നത് കുട്ടികളിലേക്ക് മുതിർന്നവർ അടിച്ചേൽപ്പിക്കുന്ന വാർദ്ധക്യം എന്നുള്ള അവസ്ഥയെയാണ്. ഒട്ടേറെ ശാസനകളിലൂടെ, സമ്മർദ്ദങ്ങളിലൂടെ ഇന്ന് രക്ഷിതാക്കളും അധ്യാപകരും കുട്ടികളിൽ വാർദ്ധക്യം അടിച്ചേൽപ്പിക്കുകയും അവരിലെ സഹജമായ കുട്ടിത്തത്തെ നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. നിരന്തരമായ അന്വേഷണ മനസ്സാണ് കുട്ടിത്തത്തിന്റെ ഒരു പ്രധാന സവിശേഷത. എന്ത് ? എങ്ങനെ ? എന്തുകൊണ്ട് ഇങ്ങനെ ? എന്നുള്ള അന്വേഷണം. ഈ അന്വേഷണ മനോഭാവം നിലയ്ക്കുമ്പോൾ ഫലത്തിൽ മനുഷ്യൻ മനുഷ്യനല്ലാതായിത്തീരുന്നു. യന്ത്രത്തിന്റെ തലത്തിലേക്ക് ചുരുങ്ങുന്നു. ഇവിടെയാണ് ജൈവികമായ കമ്പ്യൂട്ടറുകളാണ് കുട്ടികൾ എന്ന് പറയുന്നതിന്റെ പ്രസക്തി വെളിപ്പെടുന്നത്. തൊട്ടിലിൽ ഒരു കുഞ്ഞു ശാസ്ത്രജ്ഞ എന്ന പുസ്തകം കുട്ടിത്തത്തെക്കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചും ഉള്ള സവിശേഷമായ ഒട്ടേറെ പഠന നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതാണ്. തീർച്ചയായും നമ്മുടെ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ വായിച്ചിരിക്കേണ്ട ഒരു പുസ്തകം. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അതിൻറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഒരുചുവടു കൂടി മുന്നോട്ടുവയ്ക്കുന്നു. ബാലാമണിയമ്മയുടെ വാക്കുകൾ നമുക്ക് വീണ്ടും ശ്രദ്ധിക്കാം.
"പൂർണ്ണമാവാത്തതിൻ പൂർത്തിയെ കൊഞ്ചുന്നു പൂക്കളാൽ പാതി കോർത്തിട്ട മാല്യം . പൂങ്കഴൽപാടണിത്തിണ്ണയോ മാനിപ്പൂ പങ്കിലത്വത്തിൻവിശുദ്ധതയെ."
നിരന്തരമായ അന്വേഷണമാണ് , അറിയാനുള്ള വെമ്പലാണ് , അതിന്റെ പൂർണ്ണതയല്ല കുട്ടിയെ നയിക്കുന്നത്. വീഴ്ചകളിൽ നിന്ന് പാഠങ്ങൾ പഠിക്കുകയും നിരന്തരമായി തിരുത്തുകയും പരിഹരിച്ച് മുന്നോട്ടു പോവുകയും ചെയ്യുന്നത് ശാസ്ത്രത്തിന്റെ രീതി തന്നെയാണ്. അതുകൊണ്ട് പുസ്തകത്തിൽ പറയുന്നതുപോലെ കുഞ്ഞുങ്ങൾ ചെറിയ ശാസ്ത്രജ്ഞരല്ല മറിച്ച് ശാസ്ത്രജ്ഞർ വലിയ കുട്ടികളാണ് എന്ന കണ്ടെത്തലിന്റെ പ്രസക്തി വർദ്ധിക്കുന്നു. അറിവ് സാമൂഹികവും ചരിത്രപരവുമാണ്. ശാസ്ത്രവിജ്ഞാനം മനുഷ്യവംശത്തിന്റെ നിരന്തരമായ പ്രവർത്തനങ്ങളിലൂടെ, മനുഷ്യൻ പ്രകൃതിയിൽ നടത്തിയ ഇടപെടലുകളിലൂടെ, വളർന്നുവന്നതാണ്. കല്ലുളി തൊട്ട് കമ്പ്യൂട്ടർ വരെ മനുഷ്യൻ ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം ശൃംഖലാബന്ധിതമായ അറിവിന്റെ ചരിത്രപരമായ നിലനിൽപ്പിനെ സാക്ഷ്യപ്പെടുത്തുന്നു. സ്വാഭാവികമായും അറിവ് സാമൂഹികമാണ്. ഒരാളുടെ അറിവിന്റെ തുടർച്ചയാണ് മറ്റൊരാളുടെ അറിവ്. സാമൂഹികമായി അറിവ് സ്വീകരിക്കുകയും പുതിയ കാര്യങ്ങൾ അറിയുകയും ചെയ്യുന്ന കുട്ടി അറിവിന്റെ ഈ സാമൂഹിക തലത്തെ അംഗീകരിക്കുന്നു. ശാസ്ത്രജ്ഞനും ഈ വഴിക്ക് തന്നെയാണ് മുന്നോട്ടുപോകുന്നത്. നിരന്തരമായ അന്വേഷണത്തിലൂടെ മനുഷ്യന്റെ എല്ലാ മേഖലയിലുള്ള അറിവുകളെയും നിരന്തരം പുതുക്കി കൊണ്ടിരിക്കുന്നു. കലയും ശാസ്ത്രവും എല്ലാം ഇങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.
"അറിവിൻ തിരികൾ കൊളുത്തി കലകൾക്കാവേശത്തിൻ ചൂടേകി. മാലോടിഴയും മർത്യാത്മാവിന് മേലോട്ട് ഉയരാൻ ചിറകുതകി പാരിൽ മനുഷ്യപുരോഗമനക്കൊടി പാറിച്ചവയിപ്പന്തങ്ങൾ "
ഇവിടെ കവി ആദരിക്കുന്നത് അറിവിനെയാണ്. സംസ്കാരത്തെയാണ്. ഇങ്ങനെ നിരന്തരം അന്വേഷണത്തിലൂടെ അറിവ് നേടുന്ന കുട്ടികൾ അവരുടെ കൽപനാശേഷിയെയും കാഴ്ചപ്പാടുകളെയും നിരന്തരമായി നവീകരിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ ഈ ഭാവനയെയും കാഴ്ചപ്പാടിനെയും കൃത്യമായി മനസ്സിലാക്കാത്തവർക്ക് അവരുടെ തന്നെ ബാല്യകാലസ്മരണകളെ ആശ്രയിക്കാൻ ആവില്ല എന്ന പുസ്തകത്തിലെ നിരീക്ഷണം പ്രസക്തമാകുന്നത് ഇവിടെയാണ്. ജൈവ കമ്പ്യൂട്ടറുകളും മനുഷ്യനിർമ്മിത കമ്പ്യൂട്ടറുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ജൈവ കമ്പ്യൂട്ടറുകൾ മറ്റൊന്നിന്റെ പ്രോഗ്രാമുകളെ സ്വാധീനിക്കും എന്നതാണ്. അവ ഒരു സാമൂഹിക ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കത്തക്ക വിധം രൂപപ്പെട്ടവയാണ്. കുട്ടിയുടെ അവസ്ഥയും യഥാർത്ഥത്തിൽ ഇതുതന്നെയാണ്.
കുട്ടി സ്വയം പഠിക്കുകയും മറ്റുള്ളവരുടെ സഹായത്തോടെ അവരുടെ വിവരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സ്വയം നവീകരിക്കുകയും ചെയ്യുന്നു. ജൈവ കമ്പ്യൂട്ടറുകൾക്ക് അവയുടെ പ്രോഗ്രാമുകളെ സ്വയം തിരുത്താൻ കഴിയും എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. സർഗാത്മകമായ ഈ സവിശേഷതയാണ് യഥാർത്ഥത്തിൽ മനുഷ്യനെ യാന്ത്രികതയിൽ നിന്ന് മോചിപ്പിക്കുന്നത്. തൊട്ടിലിൽ കിടക്കുന്ന കുട്ടി ആരുടെയും ശരിപ്പകർപ്പ് അല്ല .
കുട്ടി ജീവിതചലനങ്ങളിലൂടെ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യവംശത്തിലെ ഏറ്റവും പുതിയ കണ്ണിയാണ് കുട്ടികൾ. അറിവിനെ സാമൂഹികമാക്കിക്കൊണ്ടും കുട്ടികളോടുള്ള ഇടപെടൽ പരമാവധി സാമൂഹികമാക്കിക്കൊണ്ടും കുട്ടിത്തത്തിന്റെ ഈ സവിശേഷതകളെ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാൻ കഴിയും. കുട്ടി ഏകാന്ത ചിന്തകനാണ് എന്നു പറഞ്ഞപ്പോൾ കുട്ടിയുടെ ജ്ഞാനനിർമ്മിതിയെ അംഗീകരിച്ച പിയാഷെയ്ക്കു പോലും പിഴവുകൾ പറ്റി. യഥാർത്ഥത്തിൽ കുട്ടിയുടെ ചിന്തയും അന്വേഷണവും സമൂഹവുമായി ബന്ധിപ്പിച്ചു കൊണ്ട് വളർത്തിയെടുക്കുകയാണ് ചെയ്യേണ്ടത്. സാമൂഹിക മൂലധനം അല്ലെങ്കിൽ സാംസ്കാരിക മൂലധനം എന്നെല്ലാംപറയുമ്പോൾ സമൂഹത്തിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന അറിവിനെയാണ് നാം ഉദ്ദേശിക്കുന്നത്. വിഗോട്സ്കിയെ പോലെയുള്ള സമൂഹ മനശാസ്ത്രജ്ഞർ അറിവുനിർമ്മാണത്തിൽ സമൂഹം വഹിക്കുന്ന പങ്കിനെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ജ്ഞാനനിർമിതിവാദം ഇങ്ങനെ സാമൂഹികജ്ഞാനനിർമിതിവാദമായി വികസിച്ചു. രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും കുട്ടിക്ക് ലഭിക്കുന്ന പിന്തുണകളെ, സഹായങ്ങളെ വിഗോസ്കി കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്.
ഈ പുസ്തകത്തിലും കുട്ടിയുടെ വളർച്ച സാമൂഹികമാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞുവയ്ക്കുന്നു. നിരന്തരമായ നിരീക്ഷണത്തിലൂടെയും ഗവേഷണങ്ങളിലൂടെയും കുട്ടികളെ പിന്തുടർന്നു കൊണ്ടാണ് ശാസ്ത്രീയമായി ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. നിലവിലുള്ള വിജ്ഞാന ശാഖകളെ സമഗ്രമായിസമീപിച്ചുകൊണ്ട് അന്തർവിഷയാത്മകമായി വിജ്ഞാനശാഖകളെ സമീപിക്കുകയാണ് പുസ്തകം ചെയ്യുന്നത്. തീർച്ചയായും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും രക്ഷിതാക്കൾക്കും സമൂഹത്തിനും ഇത് ഒരു മുതൽക്കൂട്ട് തന്നെയാണ്.
തൊട്ടിലിൽ ഒരു കുഞ്ഞു ശാസ്ത്രജ്ഞ
അലിസൺ ഗോപിക്, ആൻഡ്രൂ എൻ.മെൽട്സോഫ്, പാട്രീഷ്യ കെ.കുൾ
വിവർത്തനം : എ.വിജയരാഘവൻ
ശൈശവമനസ്സുകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രമാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. കുട്ടികളെ സ്നേഹിക്കുകയും അവരിലെ നാളത്തെ ശാസ്ത്രജ്ഞരെ സ്വപ്നം കാണുകയും ചെയ്യുന്നവർക്കും, കുട്ടികൾക്കും മനസ്സുണ്ടെന്നും അവയെ ക്കുറിച്ച് അറിയേണ്ടത് അനിവാര്യമാണെന്നും കരുതുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടാകും