Read Time:11 Minute

ഡാർവിന്റെ മൂക്ക്

“അമ്പരപ്പിക്കുന്ന മുട്ടൻ വാർത്തയാണ്. ഒരു മൂക്ക് ബുദ്ധിജീവികളുടെയും ദാർശനികരുടെയും ഇടയിൽ വലിയ തർക്കവിഷയമായി കലാശിച്ചിരിക്കുന്നു.”  വൈക്കം മുഹമ്മദ് ബഷീറിന്റെ ‘വിശ്വവിഖ്യാതമായ മൂക്ക്’ എന്ന കഥയുടെ തുടക്കം ഇങ്ങനെയാണ്. കഥയിലെ മൂക്കിന്റെ ഉടമ ഒട്ടും തന്നെ വിഖ്യാതനല്ലാത്ത,  ഇരുപത്തിനാലുകാരനായ ഒരു കുശിനിപ്പണിക്കാരനായിരുന്നു. എന്നാൽ നമ്മുടെ കഥയിലെ മൂക്ക് വിശ്വവിഖ്യാതനായ ഒരാളുടെയും. ആ കഥയാണ് പറയാൻ പോകുന്നത്. 

എച്ച്. എം.എസ് ബീഗിളിലെ പ്രകൃതി ശാസ്ത്രജ്ഞൻ 

1831 ഡിസംബർ 27 മുതൽ 1836 ഒക്ടോബർ 2 വരെ സമുദ്ര പര്യടനം നടത്തിയ എച്ച്. എം. എസ് ബീഗിൾ എന്ന ബ്രിട്ടീഷ് കപ്പലിന്റെ കപ്പിത്താനായിരുന്നു റോബർട്ട് ഫിറ്റ്സ്റോയ് (Robert FitzRoy). തന്റെ പര്യടനത്തിൽ കൂട്ടായി ഒരു പ്രകൃതി ശാസ്ത്രജ്ഞൻ (Natural scientist) കൂടി ഉണ്ടെങ്കിൽ നന്നായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെയൊരു ശാസ്ത്രജ്ഞനുവേണ്ടിയുള്ള അന്വേഷണം ചെന്നെത്തിയത് ഇരുപത്തിരണ്ടുകാരനായ ചാൾസ് ഡാർവിനിലാണ്. ഫിറ്റ്സ്റോയ്ക്ക്  അന്ന് പ്രായം ഇരുപത്തിയാറ്. യാത്രയ്ക്ക് മുന്നോടിയായി, 1831 സപ്തംബർ 5 ന് ലണ്ടനിൽ വെച്ച് ഡാർവിനും ഫിറ്റ്സ്റോയും  തമ്മിൽ ഒരു മുഖാമുഖം നടന്നു. അതെക്കുറിച്ച് ഡാർവിൻ തന്റെ ആത്മകഥയിൽ ഇങ്ങനെയെഴുതി: 

“അടുത്ത ദിവസം ഹെൻസ്ലോവിനെ കാണാൻ ഞാൻ കാംബ്രിഡ്ജിലെക്ക് പുറപ്പെട്ടു, അവിടെ നിന്നും ഫിറ്റ്സ്റോയിയെ  കാണാൻ ലണ്ടനിലേക്കും. പിന്നീട്, ഫിറ്റ്സ്റോയിയുമായി ഏറെ അടുത്തതിന് ശേഷമാണ് ഞാൻ ആ കഥ കേട്ടത്; എന്റെ മൂക്കിന്റെ ആകൃതി കാരണം ബീഗിളിലെ എന്റെ  അവസരം ഏതാണ്ട് നഷ്ടപ്പെടുമെന്ന ഒരു അവസ്ഥയുണ്ടായിരുന്നുവെന്ന്! ഒരാളുടെ സ്വഭാവം അയാളുടെ മുഖത്തിന്റെ ആകൃതിയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് ലവാതെറുടെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ എന്റെ മൂക്കുള്ള ഒരാൾക്ക് കടൽ യാത്ര ചെയ്യാനുള്ള ഊർജ്ജവും നിശ്ചയദാർഢ്യവും ഉണ്ടാകുമോ എന്ന് അദ്ദേഹത്തിന് സംശയമുണ്ടായി. എന്നാൽ എന്റെ മൂക്ക് കളളം പറഞ്ഞുവെന്ന് പിൽക്കാലത്ത് അദ്ദേഹത്തിന് ബോധ്യമായി എന്ന് തോന്നുന്നു.”  

റോബർട്ട് ഫിറ്റ്സ്റോയ് (Robert FitzRoy).

ഫിറ്റ്സ്റോയിയുടെ  തീരുമാനം മാറാൻ കാരണമെന്തായിരിക്കും? അതിനുള്ള ഉത്തരം ഡാർവിന്റെ മൂന്നാമത്തെ മകൾ ഹെൻറീറ്റ ലിച്ച്ഫീൽഡ് (Henrietta Litchfield) നൽകുന്നുണ്ട്: 

“അത് പോലെ മൂക്കുള്ള ഒരാൾക്ക് ഒരു കാരണവശാലും ഊർജ്ജമുണ്ടാകില്ലെന്ന് ഫിറ്റ്സ്റോയ് ഉറപ്പിച്ചു. എന്നാൽ, ഭാഗ്യവശാൽ കൺപുരികം അദ്ദേഹത്തെ രക്ഷിച്ചു.”  

ആരാണീ  ലവാതറെന്നും എന്ത് മായാജാലമാണ് അദ്ദേഹം ഫിറ്റ്സ്റോയിയിൽ പ്രയോഗിച്ചതെന്നും നോക്കാം. 

ജൊഹാൻ കാസ്പർ ലവാതർ (Johann Kaspar Lavater)

ലവാതറും മുഖലക്ഷണശാസ്ത്രവും

ജൊഹാൻ കാസ്പർ ലവാതർ (Johann Kaspar Lavater) എന്നാണ് മുഴുവൻ പേര്. ജനിച്ചത് 1741 ൽ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ. കവിയും തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രശസ്തി മുഖലക്ഷണശാസ്ത്രത്തിന്റെ (Physiognamy) പ്രചാരകൻ എന്ന നിലയിലാണ്. മുഖത്തിന്റെ ബാഹ്യാകൃതി വിശകലനം ചെയ്ത് ആളുകളുടെ വ്യക്തിത്വവും സ്വഭാവവും മനസ്സിലാക്കുന്ന രീതിയാണ് മുഖലക്ഷണശാസ്ത്രം. പുരാതന ഗ്രീസിൽ പ്രചുരപ്രചാരം നേടിയിരുന്ന ഈ “ശാസ്ത്രം” മധ്യകാലഘട്ടമാകുമ്പോഴേക്കും വിസ്മൃതമാക്കപ്പെട്ടിരുന്നു. അതിനെ വീണ്ടെടുത്ത് പ്രചാരം നൽകുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ലവാതറാണ്.

A page from Lavater’s “Essays on physiognomy; calculated to extend the knowledge and the love of mankind (1797

ഇന്ന് പ്രചാരത്തിലുള്ള “കപടശാസ്ത്ര” ങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുഖലക്ഷണശാസ്ത്രം. അങ്ങനെയാണെങ്കിലും മുഖത്തിന്റെ ആകൃതിയും വ്യക്തിത്വവും തമ്മിൽ ബന്ധമുണ്ടോ എന്ന ഒരു ശാസ്ത്രീയാന്വേഷണം സമീപകാലത്ത് അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേർസിറ്റിയിൽ നടന്നിട്ടുണ്ട്.

സ്റ്റാൻഫോർഡ് പഠനം

സ്റ്റാൻഫോർഡ് യൂണിവേർസിറ്റിയിലെ യിലുൻ വാങ്ങും മിച്ചൽ കോസിൻസ്കിയും (Yilun Wang and Michal Kosinski) നടത്തിയ പഠനം 2018 ലാണ് പ്രസിദ്ധീകരിച്ചത്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ നടത്തിയ ഈ പഠനം 35000 മുഖങ്ങളുടെ ചിത്രങ്ങൾ വിശകലനത്തിന് വിധേയമാക്കി. ഗവേഷണത്തിന്റെ കണ്ടെത്തലുകളിൽ ചിലത് ഇപ്രകാരമായിരുന്നു: സ്വവർഗ്ഗാനുരാഗികളായ പുരുഷൻമാരിൽ (Gays) ഭൂരിപക്ഷവും സ്ത്രൈണമുഖമുള്ളവരായിരുന്നു. അതേപോലെ സ്വവർഗ്ഗാനുരാഗികളായ സ്ത്രീകൾക്ക് (Lesbians) പുരുഷമുഖവുമായിരുന്നു. ഈ പഠനത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ  പഠനം മുന്‍നിര്‍ത്തി  മുഖലക്ഷണശാസ്ത്രം ശരിയാണെന്ന് പറയാനുമാവില്ല. ഡാർവിന്റെ ഒറ്റ ഉദാഹരണം മതിയല്ലോ അതിന്റെ മുനയൊടിക്കാൻ. ഫിറ്റ്സ്റോയിയുടെ  കുറിപ്പുകൾ തന്നെ അതിന് സാക്ഷ്യപത്രം:

“ഏറെ വിവേകശാലിയും കഠിനാധ്വാനിയുമാണ് ഡാർവിൻ. ഡാർവിനെ പോലെ കരയിൽ യാത്ര ചെയ്ത് ശീലമുള്ള ഒരാൾ കപ്പൽ ജീവിതവുമായി ഇത്രയും പെട്ടെന്ന് ഇണങ്ങിച്ചേരുന്നത് ആദ്യമായി കാണുകയാണ്”.  

മോശമായ രൂപകൽപ്പന

ഡാർവിന്റെ ‘മൂക്ക് കഥ’ 1831 ൽ അവസാനിച്ചില്ല. ജീവികൾ ഏതെങ്കിലും സ്രഷ്ടാവാൽ രൂപകൽപ്പന (design) ചെയ്യപ്പെട്ടതല്ലെന്നും ജൈവപരിണാമം കുറ്റമറ്റ ഒരു പ്രക്രിയ അല്ലെന്നുമുള്ള തന്റെ  ഉറച്ച വിശ്വാസങ്ങൾക്ക് ഉദാഹരണമായി, തമാശയായിട്ടാണെങ്കിലും, ഡാർവിൻ തന്റെ “ഭംഗിയില്ലാത്ത” മൂക്ക് ഉപയോഗിക്കാറുണ്ടത്രെ. 1861 സപ്തംബർ 17 ന് ഡാർവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്ന എയ്സാ ഗ്രേയ്ക്കെഴുതിയ (Asa Gray) ഒരെഴുത്തിൽ രൂപകൽപനയെ (design) കുറിച്ച് പറയുന്ന ഭാഗത്ത്  മൂക്ക് കടന്നുവരുന്നുണ്ട്: 

“അടുത്ത കാലത്തായി ഞാൻ ലൈലുമായി കത്തിടപാട് നടത്തുന്നുണ്ട്. താങ്കളെ പോലെ തന്നെ അദ്ദേഹവും ജീവികളിലെ വ്യതിയാനങ്ങൾക്ക്   കാരണം ‘രൂപകൽപന’ യാണെന്ന് കരുതുന്നയാളാണെന്ന് തോന്നുന്നു. എന്റെ മൂക്ക് രൂപകൽപന ചെയ്യപ്പെട്ടതാണോയെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. ആലോചിച്ചിട്ട് മറുപടിപറയാം എന്നാണ് അദ്ദേഹം പറഞ്ഞത്. ”

ലൈൽ എന്ത് മറുപടി കൊടുത്തുവെന്ന് നമുക്കറിയില്ല. ഒരിക്കൽ ഒരു ശാപം പോലുമായേക്കാമായിരുന്ന വലിയ മൂക്കിനെ ജൈവ പരിണാമവുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ തനിക്കനുകൂലമായി ഉപയോഗിക്കാൻ കഴിഞ്ഞ പോസിറ്റീവ് ചിന്താഗതിയുടെ ഉടമയായിരുന്നു ചാൾസ് ഡാർവിൻ എന്ന ഗുണപഠമായിരിക്കും ഈ മൂക്ക് കഥ നൽകുന്നത്. 


അധികവായനയ്ക്ക്

  1. Darwin Charles (1887).  The Life and Letters of Charles Darwin Including an Autobiographical Chapter- Vol. 2. Ed. Francis Darwin. Cambridge University press.  
  2. Darwin Charles (1887). Autobiography of Charles Darwin.   
  3. Gavin de Beer (1967). Charles Darwin. Double Day and Company, New York    
  4. Kutschera U (2018).  Darwin’s nose: The revival of physiognomy at Stanford University. Japan Journal of Medicine 1(5): 243 – 246. 
  5. Wang Y, KosinskDi M (2018). Deep neural networks are more accurate than humans at detecting sexual orientation from facial images. J Personal Soc Psychol. 2018; 114: 246–257

ലേഖനം വായിക്കാം

Happy
Happy
44 %
Sad
Sad
0 %
Excited
Excited
22 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post നിങ്ങൾ എന്നെ ഓർക്കുന്നുണ്ടാവില്ല – ടീച്ചർക്കൊരു കത്ത്
Next post തൊട്ടിലിൽ ഒരു കുഞ്ഞു ശാസ്ത്രജ്ഞ
Close