Read Time:23 Minute

ക്ലാസ് മുറികളിൽ കുട്ടികൾക്കിണങ്ങിയ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന അധ്യാപകർക്കും വിദ്യാഭ്യാസത്തിന്റെ ഉജ്ജ്വല ഭാവിയെക്കുറിച്ചുള്ള ആവേശകരമായ സ്വപ്നങ്ങൾ കാണുന്നവർക്കുമുള്ള പുസ്തകമാണ് ദിവാസ്വപ്നം. എഴുതിയത് : രാജേഷ് എസ്. വള്ളിക്കോട് അവതരണം : സുനന്ദകുമാരി കെ.

കേൾക്കാം


സ്വന്തം ക്ലാസ് മുറിയുടെ സാഹചര്യത്തിന് അനുസൃതമായാവണം പഠനപ്രവർത്തനങ്ങളും അനുബന്ധ കാര്യങ്ങളും അധ്യാപകർ ഒരുക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോഴാണ് കുട്ടികൾക്ക് എല്ലാവർക്കും  വിദ്യാഭ്യാസത്തിന്റെ ഫലം ലഭിക്കുന്നത്. മറ്റാരോ നിശ്ചയിക്കപ്പെട്ട വഴികളിലൂടെ മാത്രം നടക്കുന്ന അധ്യാപകർക്ക് തങ്ങളുടെ ഇടത്തിൽ സർഗാത്മകയായി ഒന്നും ചെയ്യാനാവില്ല. സ്വന്തം ചിന്തയും ഇച്ഛാശക്തികൊണ്ട് ക്ലാസ് മുറിയിലെ മാറ്റത്തിന് ശ്രമിക്കുന്നവർ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതിൻറെ നിരവധി തെളിവുകൾ നമുക്ക് മുമ്പിലുണ്ട് .

ഗുജറാത്തിലെ ഏറ്റവും പ്രസിദ്ധനായ വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു ഗിജു ഭായി ബധേക. കുട്ടികൾക്ക് സ്വതന്ത്ര്യവും സ്വാശ്രിതവുമായ  ഒരു അന്തരീക്ഷം ആവശ്യമുണ്ടെന്ന് തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തയാളാണ്. ഒരു അദ്ധ്യാപകനെ കുറിച്ചുള്ള സാങ്കൽപ്പിക കഥയാണ് ദിവാസ്വപ്നം.

ഗിജു ഭായി ബധേക

ആമുഖത്തിൽ എഴുത്തുകാരൻ സൂചിപ്പിക്കുന്നതുപോലെ ദിവാസ്വപ്നങ്ങളാണെങ്കിലും വാസ്തവ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണിത് രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വെറും ദിവാസ്വപ്നമായി ഒതുങ്ങുന്നില്ല. ഇത് എഴുത്തുകാരന്റെ ജീവിതാനുഭവങ്ങളുടെ സൃഷ്ടിയാണ്. യാഥാർത്ഥ്യബോധവും സർഗ്ഗാത്മകതയും ആത്മാർത്ഥതയുള്ള അധ്യാപകർക്ക് മാത്രമേ സ്വപ്നങ്ങൾക്ക് ജീവൻ നൽകാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു.

ക്ലാസ്മുറിയിൽ മാറ്റങ്ങൾ കൊതിക്കുന്ന അധ്യാപകർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ദിവാസ്വപ്നം.

ഇതിൽ പറയുന്ന പല ക്ലാസ് റൂം പ്രവർത്തനങ്ങളും ഇന്ന് അത്ര പുതുമയായി അനുഭവപ്പെടുകയില്ലെന്നത് വാസ്തവമാണ്. ഒരു നൂറ്റാണ്ടിനു മുമ്പാണ് ഈ പരീക്ഷണ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് രൂപീകരിച്ച ആശയങ്ങൾ എല്ലാവരിലും എത്തിക്കാൻ പുസ്തകത്തിലൂടെ ശ്രമിച്ചത്. തൊഴിലുകൊണ്ട് വക്കീലായിരുന്നു ഈ  എഴുത്തുകാരൻ. സ്വന്തം പുത്രനെ പഠിപ്പിക്കുന്നതു സംബന്ധിച്ച് അന്വേഷണമാണ് വിദ്യാഭ്യാസ പരീക്ഷണങ്ങളിലേക്ക് നയിച്ചത്. 1916-ൽ തന്നെ വിദ്യാഭ്യാസ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിനു വേണ്ടി ശക്തമായി വാദിക്കുകയും ബാല ദേവോ ഭവ എന്ന ഒരു ആപ്തവാക്യം രൂപപ്പെടുത്തുകയും ചെയ്തു. ഇരുന്നൂറിലേറെ പുസ്തകങ്ങളെഴുതിയതിൽ നല്ലൊരു പങ്കും അധ്യാപകരെയും രക്ഷിതാക്കളെയും ഉദ്ദേശിച്ചുള്ളതായിരുന്നു.

നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്തിരുന്ന ലക്ഷ്മി ശങ്കർ  എന്നയാളാണ് ദിവാസ്വപ്നത്തിലെ അധ്യാപകൻ. തന്റെ ചിന്തകൾക്ക് പ്രായോഗികമായ പരിചയം നേടുന്നതിന് ആഗ്രഹിച്ചു. ഇതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെ കണ്ടു. ഒരു പ്രൈമറി ക്ലാസ് മുറി അനുവദിച്ചു തരാൻ അഭ്യർത്ഥിക്കുന്നു. തന്റെ ഭാവനയിൽ കാണുന്ന കാര്യങ്ങളിൽ സത്യവും മിഥ്യയും എത്രത്തോളമുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം .

വിദ്യാഭ്യാസ രംഗത്തെ പരീക്ഷണം നടത്തുവാനുള്ള അനുമതി ഉദ്യോഗസ്ഥൻ നൽകുമ്പോൾ പറയുന്ന വാചകം എല്ലാ വിദ്യാഭ്യാസ പരീക്ഷണങ്ങൾ നടത്തുന്നവരും കേൾക്കാനിടെയുള്ളതാണ്. പരീക്ഷണം നടത്താൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ വർഷാവസാനം പരീക്ഷ ഉണ്ടാകും. ജോലിയിലുള്ള യോഗ്യത പരീക്ഷാഫലം കൊണ്ടാണ് നിർണയിക്കപ്പെടും .ഈ വാചകങ്ങളും പേറിയാണ് ലക്ഷ്മി ശങ്കർ  ആദ്യത്തെ ക്ലാസ്സിനു വേണ്ടി നന്നായി തയ്യാറെടുപ്പ് നടത്തുന്നത്.

ശാന്തിമന്ത്രത്തോടു കൂടി ക്ലാസ് ആരംഭിക്കുവാൻ നിശ്ചയിച്ചു. അതിനാവശ്യമായ സൗകര്യങ്ങൾ ക്ലാസ്സിൽ ഒരുക്കാൻ ശ്രമിക്കുന്നത്. പക്ഷേ കുട്ടികളുടെ പ്രതികരണം വളരെ മോശമായിരുന്നു. തന്റെ ചിന്തകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലന്ന് ആ അധ്യാപകന് ബോധ്യപ്പെട്ടു. ആദ്യ ദിവസത്തെ പരീക്ഷണങ്ങൾ പരാജയപ്പെട്ട അദ്ദേഹം ക്ലാസിന് ഉച്ചയ്ക്കുശേഷം അവധി കൊടുക്കുന്നു. ഒരു ക്ലാസിന് മാത്രം അവധി കൊടുത്താലുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ഹെഡ്മാസ്റ്ററും സഹപ്രവർത്തകരും പരാതി പറയുന്നു. തൊട്ടടുത്ത ദിവസം അധ്യാപനത്തിൽ പുതിയ രീതിയാണ് അദ്ദേഹം പ്രയോഗിക്കുന്നത്. കുട്ടികളെ ഒന്നിച്ചിരുത്തി കഥ പറഞ്ഞു. കുട്ടികൾ ആദ്യമൊക്കെ ബഹളം വച്ചെങ്കിലും പിന്നീട് കഥയുടെ താളത്തിനൊത്ത് അവരും കൂടി. അടുത്ത ദിവസങ്ങളിൽ കുട്ടികൾക്ക് ക്ലാസ്സിൽ വലിയ താല്പര്യം ഉണ്ടായി. കഥയ്ക്കിടയിൽ ആരോഗ്യ പാഠങ്ങളും അധ്യാപകൻ പരീക്ഷിച്ചു .

ചിത്രീകരണം : Amarjeet Malik

പാഠപുസ്തകമല്ലാതെ മറ്റൊന്നും വായിക്കാനില്ലാത്ത ക്ലാസ് മുറിയിൽ  മറ്റ് പുസ്തകങ്ങൾ ശേഖരിക്കേണ്ടതിന്റെ ആവശ്യകത ഈ അധ്യാപകന് ബോധ്യപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടുകൂടി ക്ലാസ്സിൽ തന്നെ ഒരു വായനശാല ഒരുക്കികൊടുക്കാൻ അദ്ദേഹം തയ്യാറാവുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും നാം മടിച്ചു നിൽക്കുകയാണ്. ഗിജു ഭായ് ബധേകയുടെ ചിന്തകൾ ഇക്കാലത്തും പ്രസക്തമാകുന്നതിന് ഒരു ഉദാഹരണം മാത്രമാണിത് .

ഒരേസമയം പഠനത്തിലും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും ഈ അധ്യാപകൻ ശ്രദ്ധിച്ചു. സ്കൂളിലെ പ്രഥമാധ്യാപകൻ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാക്കാലത്തും പരമ്പരാഗതമായ ചിന്തകൾ നിറഞ്ഞ  ഉദ്യോഗസ്ഥരിൽ നിന്ന്  കേൾക്കുന്നതാണ് “നമ്മുടെ പരീക്ഷണത്തിനിടയിൽ സാമൂഹിക കാര്യങ്ങൾ വരാതിരിക്കുന്നതാണ് നല്ലത്. വിദ്യാലയത്തിന്റെ മതിൽക്കെട്ടിനകത്ത് നിന്നുകൊണ്ട്  വിദ്യാഭ്യാസ രീതിയിൽ എന്തെല്ലാം പരിഷ്കാരം വരുത്തുവാൻ കഴിയും എന്ന് ചിന്തിക്കുകയാണ് ചെയ്യേണ്ടത് “ വൃത്തിഹീനമായി തൊപ്പി ധരിച്ചെത്തുന്ന കുട്ടികളെ അത് ധരിക്കുന്നതിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുമ്പോഴാണ് ഈ വാക്കുകൾ കഥാനായകന് കേൾക്കേണ്ടി വരുന്നത്. വിദ്യാഭ്യാസ പ്രക്രിയയിലെ സാമൂഹ്യ സ്വാധീനം മനശാസ്ത്രപരമായി അംഗീകരിച്ച ഈ കാലയളവിൽ പോലും ഇതേ ചിന്തയുമായി എത്ര അധ്യാപകർ നമുക്ക് ചുറ്റുമുണ്ട്.!

കഥകളിൽനിന്ന് കളികളിലേക്ക് ക്ലാസ്സുകൾ മാറുന്നു. കഥയും കളിയും വേണ്ടത്ര ബോധ്യപ്പെടാത്ത സഹപ്രവർത്തകരുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കുവാൻ ക്ലാസ് തലത്തിൽ രക്ഷാകർത്താക്കളുടെ യോഗം വിളിക്കാനാണ് തീരുമാനിച്ചത്. ഈ യോഗവും വേണ്ടത്ര വിജയിച്ചില്ല . ഏഴ് രക്ഷകർത്താക്കൾ മാത്രമാണ് പങ്കെടുത്തത്. ക്ലാസ് യോഗത്തിൽ വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയ പ്രസംഗവും ഫലപ്രദമാകുന്നില്ല. ഒരു നൂറ്റാണ്ടിനു മുൻപ് ഇത്രയൊന്നും ആളുകളിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയാത്ത കാലത്ത്, ക്ലാസ്സ് തലത്തിൽ രക്ഷാകർത്താക്കളുടെ യോഗം എന്ന ആശയം അത്ഭുതപ്പെടുത്തുന്നു.! ഇനിയും അതിന്റെ ഫലം തിരിച്ചറിയാത്തവർ നമുക്കിടയിലും ഉണ്ടല്ലോ!

ചിത്രീകരണം : Amarjeet Malik

പുസ്തകത്തെ നാലു ഭാഗങ്ങളായി തിരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനുമുമ്പ് നമ്മൾ ചർച്ച ചെയ്തത് ഒന്നാം ഭാഗം പരീക്ഷണത്തിന്റെ ആരംഭം എന്നതാണ്. അടുത്ത ഭാഗം പരീക്ഷണത്തിന്റെ പുരോഗതി എന്നുള്ളതും. രണ്ടും മൂന്നു ഭാഗങ്ങൾ യഥാക്രമം ആറുമാസത്തിനുശേഷം, അന്തിമ സമ്മേളനം എന്നിവയുമാണ്. രണ്ടാം ഭാഗത്ത് കളികളിലൂടെയും കഥകളിലൂടെയും കുട്ടികളുടെ ശ്രദ്ധയും സാന്നിധ്യവും ക്ലാസ് മുറിയിൽ എത്തിച്ച് അധ്യാപകൻ  പുതിയ പരീക്ഷണങ്ങൾ പാഠഭാഗവുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുന്നതാണ്.

ദൈനംദിന ഡയറി എഴുതി സൂക്ഷിക്കണമെന്നും ഓരോ മാസവും ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി എഴുതി തുടങ്ങണമെന്നും തീരുമാനിച്ചു കൊണ്ടാണ് പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ലക്ഷ്മി ശങ്കർ കടക്കുന്നത്. പാഠപുസ്തകത്തിലെ ഉള്ളടക്കം പഠിപ്പിക്കുവാൻ തുടങ്ങിയ ദിവസം കേട്ടെഴുത്ത് എന്ന് പറയുമ്പോൾ കുട്ടികൾക്ക് അത്ഭുതവും നിരാശയുമാണ്. ഒരു കുട്ടിയുടെ പ്രതികരണം. “സാറേ കഥ പറയുന്നില്ലേ “.

സാധാരണ കേട്ടെഴുത്തിൽ നിന്ന് വ്യത്യസ്തമായ രീതിയാണ് ഈ ക്ലാസ്സിൽ പരീക്ഷിക്കുന്നത് തെറ്റിനെ കുറിച്ച് അധികം ചർച്ച ക്ലാസ്സിൽ നടക്കുന്നില്ല. കേട്ടെഴുത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസിലെ ഇരിപ്പിടത്തിന്റെ ക്രമീകരണം മാറ്റിയില്ല. കേട്ടെഴുത്ത് നടത്തിയതോടെ  ഒരു കുട്ടി പറഞ്ഞ വാചകമിതാണ്. ഇന്നുമുതൽ ലക്ഷ്മി ശങ്കർ സാറും ഞങ്ങളെ പഠിപ്പിക്കാൻ തുടങ്ങി !
വ്യത്യസ്തമായ രീതിയിലുള്ള കേട്ടെഴുത്ത് കുട്ടികൾക്ക് പരിചയമാകുന്നു. ഗ്രന്ഥശേഖരത്തിൽ പുസ്തകമെടുത്ത് അതിലെ ഒരു വാക്യം മുഴുവൻ പറഞ്ഞു കൊടുത്തു. അത് എഴുതി പരിചയിക്കുന്ന രീതി.

ക്ലാസ്മുറിയിലെ പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളിൽ ശുചിത്വബോധം ഉയർത്തുവാൻ വേണ്ടി നിരന്തരം പ്രയത്നിക്കുന്ന  അധ്യാപകനെ പുസ്തകത്തിൽ കാണാം.വ്യക്തി ശുചിത്വത്തിൽ മാത്രമല്ല സ്കൂളും ക്ലാസും ഒക്കെ വൃത്തിയാക്കുന്നതിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കാൻ ശ്രമിക്കുന്നു. അതിന് നിയമപരമായ പിന്തുണ ഉറപ്പാക്കാൻ മേലധികാരികളുടെയടുക്കൽ നിരന്തരം ഇടപെടുകയും ചെയ്യുന്ന  അധ്യാപകനായി ലക്ഷ്മി ശങ്കർ മാറുന്നുണ്ട്. ഒരിക്കലദ്ദേഹം മേലുദ്യോഗസ്ഥനെ ചെന്നുകണ്ട് വെയ്ക്കുന്ന അഭ്യർത്ഥന ഇങ്ങനെയാണ് “സ്കൂളിൽ വരുന്ന  എല്ലാ കുട്ടികളും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചു വരണമെന്ന് ഒരു കല്പന പുറപ്പെടുവിച്ചാൽ വളരെ നന്നായിരുന്നു. തൊപ്പി ധരിക്കണമെങ്കിൽ അത് വൃത്തിയുള്ളതാകണമെന്നും മുടി വളർത്തുന്നവർ മുടി വല്ലാതെ വളരുമ്പോൾ ക്രോപ്പ് ചെയ്യണം എന്നും കൂടി നിർദ്ദേശിക്കണം. എല്ലാവരും കുളിച്ച് വൃത്തിയായി സ്കൂളിൽ വരുന്നതാണെന്നും ചുരുങ്ങിയപക്ഷം മുഖവും കൈ കാലുകളും കഴുകി വരണമെന്നും പ്രത്യേക നിർദ്ദേശിച്ചാൽ കൊള്ളാം “
സ്കൂളുകളുടെ വൃത്തിഹീനമായ അന്തരീക്ഷം നിരവധി രോഗങ്ങളുടെ ആസ്ഥാനമാണെന്നും ഈ ദുസ്ഥിതി മാറ്റണമെന്നും മേലധികാരിയെ കണ്ട് അഭ്യർത്ഥിച്ചു മടങ്ങുന്ന അധ്യാപകൻ സാമൂഹ്യ മാറ്റത്തിന് വേണ്ടി യത്നിക്കുന്ന അധ്യാപർക്ക് മാതൃകയാണ്. കുട്ടികളിൽ ഈ ശീലങ്ങൾ വളരുവാൻ തനതായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. ചരിത്ര അദ്ധ്യാപനത്തിൽ കഥാകഥന രീതി വിജയിപ്പിച്ച തെളിവുകളാണ് പരീക്ഷണത്തിന്റെ പുരോഗതി എന്ന ഈ രണ്ടാം ഭാഗത്ത് പിന്നീട് വിശദമാക്കുന്നത് .

അക്കാലത്ത് സ്കൂളിൽ നടന്നിരുന്ന ഡയറക്ടറുടെ സന്ദർശനത്തിന് വലിയ പ്രാധാന്യമാണുണ്ടായിരുന്നത്. ഡയറക്ടർ വരുമ്പോൾ സ്കൂളിൽ നടത്തുന്ന പരിപാടികൾക്കായി വലിയ ഒരുക്കങ്ങൾ നടന്നിരുന്നു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികളെ നിരത്തി നിർത്തും പ്രധാനാധ്യാപകൻ നന്നായി പ്രവർത്തനങ്ങൾ ചെയ്യുന്ന കുട്ടികളെ തിരഞ്ഞെടുക്കും. ഇവരുടെ പരിപാടികൾ ഡയറക്ടറുടെ മുമ്പിൽ അവതരിപ്പിക്കുക എന്നുള്ളതായിരുന്നു പരമ്പരാഗതമായി നടന്നുവരുന്ന നടപടിക്രമം .

എന്നാൽ നമ്മുടെ കഥാനായകൻ ഇക്കാര്യത്തിന് തയ്യാറാകുന്നില്ല പകരം അദ്ദേഹം തൻറെ ക്ലാസിലെ കുട്ടികളുടെ പരിപാടികൾ കാണുവാൻ ഡയറക്ടറെ ക്ലാസ്സിലേക്ക് ക്ഷണിക്കുന്നു. തുടർന്ന് നാടകാവതരണ രീതിയിൽ  വ്യത്യസ്തങ്ങളായ പഠന ആശയങ്ങൾ അവതരിപ്പിക്കുന്നു. കുട്ടികളുടെ ഈ പ്രവർത്തനം മേലുദ്യോഗസ്ഥർക്ക് നന്നായി ഇഷ്ടപ്പെട്ടു. നന്ദി സൂചകമായി ഡയറക്ടർ പറയുന്ന വാക്കുകൾ അധ്യാപകന്റെ പരീക്ഷണത്തിന് കിട്ടുന്ന അവാർഡുകളാണ്. കുട്ടികളുടെ നാടക അഭിനയത്തിലെ സ്വാഭാവികതയെ അഭിനന്ദിക്കുന്നു. സ്കൂളിൽ അവതരിപ്പിച്ച കാണാതെ പഠിച്ചുള്ള പദ്യവും പറഞ്ഞു പഠിച്ച സംഭാഷണങ്ങളുടെയും കാലം കഴിഞ്ഞു പോയെന്ന് അധ്യാപകരെ ഓർമിപ്പിക്കുന്നു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നില്ല എന്നും സമ്മാനങ്ങളേക്കാൾ വലിയ സന്തോഷമാണ് ആ കുട്ടികൾ അഭിനയിച്ച പൂർത്തിയാക്കിയപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. വിദ്യാഭ്യാസ ഡയറക്ടറുടെ നല്ലവാക്കുകൾ ലക്ഷ്മി ശങ്കറിന്റെ മേലുദ്യോഗസ്ഥനെ ഏറെ സന്തോഷിപ്പിക്കുന്നു. തുടർന്ന് നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വളരെ ആകാംക്ഷയോടെ കൂടി അദ്ദേഹം പിന്നീട് ഇടപെടുന്നുമുണ്ട്.

കുട്ടികളുടെ പരീക്ഷയിലും പ്രകടമായ മാറ്റം വരുത്തുകയും ഓരോ കുട്ടിയുടേയും വ്യത്യസ്തമായ കഴിവുകൾ ക്ലാസ് മുറിയിൽ അവതരിപ്പിക്കുന്ന രീതി സ്വീകരിക്കുവാനും ഈ അധ്യാപകൻ ശ്രമിക്കുന്നു. ഒരു ക്ലാസ് മുറിയിൽ കുട്ടികളുടെ ഉത്പന്നങ്ങൾ നിരത്തി വെച്ചു കൊണ്ടുള്ള പ്രദർശനവും കുട്ടികളുടെ രചനകളാൽ സമ്പന്നമായ കയ്യെഴുത്തു മാസികയും പരീക്ഷയുടെ ഭാഗമായി ഉപയോഗിക്കുന്നു.

ഇന്ന് പഠനത്തിന്റെ ഭാഗമായി നാം കുട്ടികളെ കൊണ്ട് തയാറാക്കിയിരിക്കുന്ന പഠനോപകരണങ്ങളും കയ്യെഴുത്തുമാസികയുമൊക്കെ എത്രയോ മുമ്പ് സ്വന്തം ക്ലാസ്സ് മുറിയിൽ ആവേശകരമായി നടപ്പിലാക്കിയ ഈ അധ്യാപകന്റെ അനുഭവങ്ങൾ തീർച്ചയായും ഇക്കാര്യങ്ങൾക്ക് ഇനിയും മടിച്ചുനിൽക്കുന്ന അധ്യാപകർക്ക് തെളിച്ചം നൽകും

ഭൂമിശാസ്ത്ര പഠനത്തിനായി സ്വീകരിക്കുന്ന വ്യത്യസ്തമായ വഴികൾ അവസാനത്തെ ഭാഗത്ത് പരിചയപ്പെടാം. കുട്ടികളെ ചിത്രം വരയ്ക്കാൻ പരിശീലിപ്പിക്കുകയാണ് ഭൂമിശാസ്ത്ര പഠനത്തിൻറെ ഭാഗമായി ആദ്യം ചെയ്യുന്നത്. അതിനായി തൊട്ടടുത്തുള്ള ഹൈസ്കൂളിലെ ചിത്രകലാ അദ്ധ്യാപകനെ ക്ലാസ്സിൽ കൊണ്ടുവരുന്നു. മറ്റൊരു  ഒരു സർവ്വേയറെ വിളിച്ചുകൊണ്ടുവന്ന് വിദ്യാലയ മളന്ന് അതിന്റെ ഭൂപടം വരപ്പിക്കുന്നു. കുട്ടികളുടെ ജ്യോതിശാസ്ത്ര പഠനത്തിനായി തൊട്ടടുത്ത സ്കൂളിലെ ദൂരദർശനി കൊണ്ടുവന്നു . രാത്രിയിൽ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കാണിച്ചു കൊടുക്കുന്നു.യാത്രാവിവരണ ഗ്രന്ഥങ്ങളെയും ഭൂപടത്തേയും ഒരുപോലെ ഉപയോഗപ്പെടുത്തിയുള്ള ഭൂമി ശാസ്ത്ര പഠനവും ഈ അധ്യാപകന്റെ പരീക്ഷണ പ്രവർത്തനങ്ങളിൽ
ഉൾപ്പെട്ടിരുന്നു.

ക്ലാസ് മുറികളിൽ കുട്ടികൾക്കിണങ്ങിയ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന അധ്യാപകർക്കും വിദ്യാഭ്യാസത്തിന്റെ ഉജ്ജ്വല ഭാവിയെക്കുറിച്ചുള്ള ആവേശകരമായ സ്വപ്നങ്ങൾ കാണുന്നവർക്കുമുള്ള പുസ്തകമാണ് ദിവാസ്വപ്നം. സ്വന്തമായി  നൂതന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന അധ്യാപകർക്ക് സംഭവിക്കാനിടയുള്ള ആത്മവിശ്വാസക്കുറവിനുള്ള മരുന്നുകൂടിയാണ് ഈ പുസ്തകം.

ദിവാസ്വപ്നം

ഗിജു ഭായ് ബധേക.

പരിഭാഷ : എം ദിവാകരൻ നായർ ,
പ്രസാധനം : നാഷണൽ ബുക്ക് ട്രസ്റ്റ് .

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ പതിപ്പ് സൌജന്യമായി വായിക്കാം.. സ്വന്തമാക്കാം

Happy
Happy
90 %
Sad
Sad
0 %
Excited
Excited
10 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post തെരുവിലെ അധ്യാപികയും തുറന്ന ക്ലാസ് മുറിയും
Next post നിങ്ങൾ എന്നെ ഓർക്കുന്നുണ്ടാവില്ല – ടീച്ചർക്കൊരു കത്ത്
Close