Read Time:19 Minute


കുട്ടികളിൽ സർഗാത്മകതയും പഠന താൽപ്പര്യവും വികസിപ്പിക്കുന്നതിനായി ഭാരത് ജ്ഞാന വിജ്ഞാന സമിതി പുസ്തകമാല പരമ്പരയിൽ പ്രസിദ്ധീകരിച്ച ‘ഏക് ലഡ്കി ജിസെ കിത്താബോം സെ നഫരത്ത് ഥീ (Ek Ladki Jise Kitabon Se Nafarat Thee)’ എന്ന ഹിന്ദി പുസ്തകത്തിന്റെ മലയാള പരിഭാഷയാണിത്.

രചന – മഞ്ജുഷ പാവ്ഗി
ചിത്രങ്ങൾ – കണിക നായർ
മലയാള പരിഭാഷ – വി കെ ജയ്‌സോമനാഥൻ അവതരണം : ആഗ്നേയ്

കേൾക്കാം


 

മീനയുടെ വീട് നിറയെ പുസ്തകങ്ങളായിരുന്നു. അവൾക്ക് പുസ്തകവായന ഇഷ്ടമായിരുന്നില്ല. പുസ്തകങ്ങളോട് മീനക്ക് വെറുപ്പായിരുന്നു. ഒരു ദിവസം മീനയുടെ വീട്ടിലൊരത്ഭുതം നടന്നു. അതോടെ സ്ഥിതിഗതികളാകെ മാറി. എന്താണാ അത്ഭുതം? എന്ത് മാറ്റമാണുണ്ടായത്? അതറിയാൻ ഈ കഥ വായിക്കൂ…

മീന എന്ന് പേരുള്ള ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഏതെങ്കിലും പുരാണ സംസ്‌കൃത ഗ്രന്ഥങ്ങളിൽ നിങ്ങൾ മീനയുടെ അർഥം അന്വേഷിക്കുകയാണെങ്കിൽ മത്സ്യം ആണെന്ന് മനസ്സിലാവും. എന്നാൽ മീനയ്ക്കതൊന്നും അറിയില്ല. പുസ്തകങ്ങൾ വായിക്കുമ്പോഴല്ലേ ഇത്തരം അറിവുകളൊക്കെ കിട്ടൂ. മീനക്ക് പുസ്തകം വായിക്കുക എന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. ‘പുസ്തകങ്ങൾ ഒരു വഴിമുടക്കിയാണ്’ – മീന പറയും. ഒരുപക്ഷേ അവൾ പറയുന്നതിലും അൽപ്പം കാര്യമില്ലേ എന്നു തോന്നാം. കാരണം വീട് നിറയെ പുസ്തകങ്ങളാണ്. മീനയുടെ വീട്ടിൽ പുസ്തകങ്ങൾ സാധാരണ വെക്കാറുള്ള ബുക്ക് ഷെൽഫിലും മേശപ്പുറത്തും മാത്രമല്ല എവിടെയാണോ വെക്കാൻ പാടില്ലാത്തത് അവിടേയും പുസ്തകങ്ങളാണ്. എവിടെ നോക്കിയാലും പുസ്തകങ്ങൾ… ഷെൽഫിൽ, സോഫയിൽ, കോണിപ്പടിയിൽ, കസേരയിൽ എന്തിന് അടുപ്പിനടുത്ത് പോലും പുസ്തകങ്ങൾ കാണാം.

ഏറ്റവും വിഷമിപ്പിക്കുന്നൊരു കാര്യമുണ്ട്. അച്ഛനും അമ്മയും ജോലി കഴിഞ്ഞുവരുമ്പോൾ ദിവസേന കൊണ്ടുവരുന്ന പുതിയ പുസ്തകങ്ങളാണത്. അല്ലെങ്കിൽ തന്നെ നിന്ന് തിരിയാൻ സ്ഥലമില്ല. അപ്പോഴാണ് വാങ്ങിയതും, സുഹൃത്തുക്കളിൽ നിന്നും, ലൈബ്രറികളിൽ നിന്നും വായിക്കാനെടുത്തവയുമായ പുസ്തകക്കെട്ടുകളുമായുള്ള വരവ്! അവർക്കാണെങ്കിലോ എപ്പോ നോക്കിയാലും വായനയാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം കഴിക്കുമ്പോഴും അവർ വായിക്കുന്നത് കാണാം. ഇടയ്ക്ക് മീനയേയും നിർബന്ധിക്കും. ‘നല്ല പുസ്തകമാണ് വായിച്ചോളൂ മോളെ’… അവൾ കാലുകൾ നിലത്ത് അമർത്തി ചവിട്ടിക്കൊണ്ട് ദേഷ്യത്തോടെ ഉറക്കെ വിളിച്ചുപറയും. ”എനിക്ക് പുസ്തകങ്ങൾ ഇഷ്ടമല്ല.” എന്നാൽ അച്ഛനും അമ്മയും പിന്തിരിയുമോ? ഇല്ല. അവർ പുസ്തകങ്ങളിലെ മീന അറിഞ്ഞിരിക്കേണ്ടതാണെന്ന് അവർ കരുതുന്ന ചില ഭാഗങ്ങൾ വായിച്ച് കേൾപ്പിക്കാൻ ശ്രമിക്കും. അപ്പോൾ അവൾ രണ്ട് ചെവികളും കൈകൾ കൊണ്ട് പൊത്തിപ്പിടിച്ച് ഉറക്കെ വിളിച്ച് പറയും ”എനിക്ക് പുസ്തകങ്ങൾ വായിക്കുന്നത് ഇഷ്ടമല്ല, പുസ്തകങ്ങളോട് വെറുപ്പാണ്.”

ഈ ഭൂലോകത്ത് പുസ്തകങ്ങളെ വെറുക്കുന്ന മറ്റൊരു ജീവിയുണ്ട്. മീനയുടെ പൂച്ച മാക്‌സ്. മീനക്കുള്ളതിനേക്കാൾ വെറുപ്പാണ് മാക്‌സിന് പുസ്തകങ്ങളോട്. അതിനൊരു കാരണമുണ്ട്. മാക്‌സ് കൊച്ചുകുഞ്ഞായിരുന്നപ്പോഴാണത് സംഭവിച്ചത്. പുസ്തകഷെൽഫിന്റെ മുകളിലിരുന്ന ഒരു അറ്റ്‌ലസ് മറിഞ്ഞുവീണ് മാക്‌സിന്റെ വാൽ ഒടിഞ്ഞുപോയി. അതിന് ശേഷം പുസ്തക ഷെൽഫിന്റെ മുകളിലേ കക്ഷി ഇരിക്കൂ. താഴേക്ക് വന്നാൽ അപകടമാണെന്നാണ് പാവത്തിന്റെ വിചാരം.

മീന ഒരു ദിവസം രാവിലെ പല്ല് ‌തേപ്പും കുളിയുമെല്ലാം കഴിഞ്ഞതിനുശേഷം തനിക്കും തന്റെ പ്രിയപ്പെട്ട പൂച്ചക്കും ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നതിനായി പുസ്തകങ്ങളെ ഒരു കോണിപ്പടിപോലെയാക്കി അതിൽ കയറി നിന്ന് കോൺഫ്‌ളേക്‌സ് പുറത്തെടുത്തു. എന്നിട്ട് ഫ്രിഡ്ജ് തുറന്ന് മാസികകളെല്ലാം എടുത്ത് മാറ്റി പാൽപാത്രവും പുറത്തേക്കെടുത്തു. എന്നിട്ട് അടുക്കളയിൽ പോയി പ്രഭാതഭക്ഷണം തയ്യാറാക്കാൻ തുടങ്ങി. അവൾ തനിക്കും മാക്‌സിനുമായി രണ്ട് കൊച്ച് പാത്രങ്ങളിലേക്ക് പാൽ ശ്രദ്ധയോടെ ഒഴിച്ചു.

അവൾ മാക്‌സിനെ ഉറക്കെ വിളിച്ചു. ‘മാക്‌സ്… വരൂ… ബ്രേക്ഫാസ്റ്റ് തയ്യാർ… എവിടെ മാക്‌സ് വരുന്നില്ലല്ലോ. അവൾ വീണ്ടും വിളിച്ചു. ‘മാക്‌സ്… ബ്രേക്ഫാസ്റ്റ് റെഡി…’ എന്നിട്ടും മാക്‌സിന്റെ ഒരു പ്രതികരണവുമില്ല.
അവൾ മാക്‌സിനെ തെരയാൻ തുടങ്ങി. ഈ മാക്‌സ് എവിടെപ്പോയി? അവൾ വെള്ളം നിറച്ചുവെക്കുന്ന വലിയ ബക്കറ്റിന് പിന്നിലും കോണിപ്പടിയുടെ ചുവട്ടിലും, വാഷിങ്‌മെഷീനിന്റെ സൈഡിലും… അങ്ങനെ എല്ലായിടത്തും അന്വേഷിച്ചു. എല്ലായിടത്തും പുസ്തകങ്ങൾ മാത്രം. മാക്‌സിനെ കാണാനില്ല.

അവൾ കാതോർത്തു. ഒരു പതിഞ്ഞശബ്ദം എവിടെനിന്നോ കേൾക്കുന്നുണ്ടല്ലോ. മ്യാ… വൂം… മിയാവൂം…
അതെ, അത് മാക്‌സാണ്. ശബ്ദം കേട്ട ഡൈനിങ്ങ് ഹാളിലേക്ക് അവൾ ഓടി. അതാ പുസ്തകങ്ങളട്ടിയായി വെച്ചതിൽ ഏറ്റവും മുകളിലതാ മാക്‌സ് കുടുങ്ങിക്കിടക്കുന്നു. പലതരത്തിലുള്ള ആ പുസ്തകങ്ങളെല്ലാം തങ്ങളുടെ മീനൂട്ടിക്ക് അച്ഛനും അമ്മയും കൂടി പലപ്പോഴായി വാങ്ങിയവയായിരുന്നു. എന്നാലവളതിലൊരു പുസ്തകം പോലും തുറന്ന് നോക്കിയിട്ടില്ല. മീനുവിനായി കുറെ മുമ്പെ വാങ്ങിച്ച ചിത്രകഥകളായിരുന്നു ഏറ്റവും താഴെ. അതിനു മുകളിലായി കുട്ടിപ്പാട്ടുകൾ, അക്ഷരമാല പഠിക്കാനുതകുന്ന പുസ്തകങ്ങളെല്ലാം അടുക്കിവെച്ചിരുന്നു. യക്ഷിക്കഥകളും രോമാഞ്ചമുണ്ടാക്കുന്ന വീരസാഹസിക കഥകളുമായിരുന്നു ഏറ്റവും മുകളിൽ. എല്ലാ പുസ്തകങ്ങളിലും നിറയെ പൊടിയായിരുന്നു.
”മാക്‌സ് പേടിക്കണ്ട, ഞാൻ നിന്നെ അവിടെ നിന്ന് രക്ഷപ്പെടുത്തിക്കൊള്ളാം.” മീന തന്റെ പ്രിയപ്പെട്ട പൂച്ചക്ക് ധൈര്യംകൊടുത്തുകൊണ്ട് പറഞ്ഞു.

എന്നിട്ട് അവൾ പുസ്തകകൂമ്പാരങ്ങളുടെ മുകളിലേക്ക് ചവിട്ടി കയറാൻ തുടങ്ങി. കോണിപ്പടികൾ ചവിട്ടിക്കയറുന്നതുപോലെ അവൾക്ക് തോന്നി. താഴെ തടിയൻ പുസ്തകങ്ങളായിരുന്നതിനാൽ ചവിട്ടിക്കയറുന്നത് എളുപ്പമായിരുന്നു. എന്നാൽ കട്ടിക്കടലാസുകൊണ്ട് ബൈന്റ് ചെയ്ത ഒരു കവിതാപുസ്തകത്തിൽ ചവിട്ടിയതും അവൾക്ക് ബാലൻസ് തെറ്റി. അപ്പോഴേക്ക് വഴുതിപ്പോയി.

”ഘ്ധാം…! ഭയങ്കര ശബ്ദത്തോടെയുള്ള വീഴ്ചയിൽ പുസ്തകങ്ങളാകെ സ്ഥാനംതെറ്റി അലങ്കോലമായി. കാലങ്ങളായി വീർപ്പുമുട്ടിക്കഴിഞ്ഞ പുസ്തകങ്ങളുടെ താളുകൾ സ്വാതന്ത്ര്യം കിട്ടിയപ്പോൾ താനെ മറിഞ്ഞുതുടങ്ങി. ആ വീഴ്ചക്കിടയിൽ പുസ്തകങ്ങളാകെ ചിതറിയപ്പോൾ എവിടെ നിന്നോ ഒരു അടക്കിപ്പിടിച്ച സംസാരം കേൾക്കാൻ തുടങ്ങി. പുസ്തകങ്ങളിൽ നിന്ന് മനുഷ്യരും മൃഗങ്ങളുമെല്ലാം മണ്ണിലേക്കിറങ്ങിവന്നു. എല്ലാം പരസ്പരം കൂട്ടിമുട്ടി, പലരും ഒന്നിന്റെ മേലെ മറ്റൊന്ന് വന്ന് വീണു. പുസ്തകങ്ങളും കസേരയുമെല്ലാം ചിന്നിച്ചിതറി.

രാജകുമാരന്മാരും രാജകുമാരികളും അക്കൂട്ടത്തിലുണ്ടായിരുന്നു. യക്ഷികളും തവളകളും ഉണ്ടായിരുന്നു. എവിടെനിന്നോ ഒരു ചെന്നായയും മൂന്ന് പന്നികളും അവർക്കിടയിലേക്ക് ചാടി വീണു. പിന്നാലെതന്നെ ഒരു മുത്തശ്ശിയതാ വടിയും കുത്തിപ്പിടിച്ച്, കൂടെ വയലറ്റ് നിറത്തിലുള്ള ജിറാഫുമുണ്ടല്ലോ. ചക്രവർത്തിയും വിവിധ നിറങ്ങളിലുള്ള പക്ഷികൾ, ആനകൾ തുടങ്ങി എല്ലാ ജീവിവർഗങ്ങളും ഈ ആഘോഷത്തിൽ പങ്ക് ചേർന്നിട്ടുണ്ട്. എന്നാൽ ഏറ്റവും വലിയ സംഘം മുയലുകളുടേതാണ്. ഒ… എന്തൊക്കെത്തരം മുയലുകളാണ്. കാട്ടുമുയലുകൾ, വെള്ള മുയലുകൾ, തൊപ്പിയൊക്കെ ധരിച്ച് ഓടിച്ചാടി നടക്കുന്ന മുയലുകൾ തുടങ്ങി ഒരു വൻപടതന്നെ!

പാവം മീന. എല്ലാവർക്കും നടുവിൽ പെട്ട് പോയി. ഒന്നങ്ങോട്ടുമിങ്ങോട്ടും തിരിയാൻ പോലും അവൾക്ക് പറ്റാതായി.
”പുസ്തകങ്ങളിൽ മുയലുകളുമുണ്ടോ? വാക്കുകൾ കുത്തിനിറച്ച് വെച്ചിരിക്കുകയാണെന്നാണല്ലോ താൻ കരുതിയിരുന്നത്.” അവൾ പറഞ്ഞു തീർന്നില്ല. ആറ് മുയലുകൾ അവളുടെ മുന്നിലേക്ക് ചാടി.
ഇപ്പോൾ ഡൈനിങ്ങ് ഹാളിന്റെ അവസ്ഥ ഒന്ന് കാണേണ്ടത് തന്നെയാണ്. ആനകളെല്ലാം കൂടി ഡൈനിങ്ങ് ഹാളിന് നടുവിലെ മേശമുകളിൽ കയറി നിന്ന് ഒറ്റക്കാലിലാണ് നൃത്തം ചെയ്യുന്നത്. പ്ലെയിറ്റുകളെല്ലാം കൂടി തുമ്പിക്കയ്യിലെടുത്ത് ബാലൻസ് ചെയ്തുകൊണ്ടാണ് ഒരു ആന നൃത്തം ചെയ്യുന്നത്. കുരങ്ങന്മാരതാ കർട്ടനുകളും മേശവിരിപ്പുമെല്ലാം വലിച്ചുകീറി തലയിൽ കെട്ടുന്നു. മുയൽകൂട്ടം മേശക്കാലുകൾ കടിച്ച് മുറിക്കാൻ ശ്രമിക്കുകയാണ്.

”ഈ ബഹളമൊന്ന് നിർത്തുന്നുണ്ടോ? നിങ്ങളെല്ലാവരും മടങ്ങിപ്പോകൂ” മീന ഉറക്കെ വിളിച്ചുപറഞ്ഞു. എന്നാൽ ഹാളിലെ ശബ്ദകോലാഹലങ്ങൾക്കിടയിൽ മീന പറയുന്നത് എങ്ങിനെ കേൾക്കാൻ. അവൾ അടുത്ത് കണ്ട ഒരു കൊച്ചുമുയലിനെ കഴുത്തിന് പിടിച്ച് അതിനുപറ്റിയൊരു ചിത്രകഥാ പുസ്തകം തിരഞ്ഞ് അതിനകത്തേക്ക് കയറ്റിവിടാൻ ഒരു ശ്രമം നടത്തിനോക്കി. പേടിച്ചരണ്ട ആ കൊച്ചു മുയൽ ജീവനും കൊണ്ടോടി. മീന അടുത്ത് കണ്ട മറ്റൊരു പുസ്തകം തുറന്നു. അതിൽ നിന്നും നാല് താറാവുകൾ ചിറകടിച്ച് പുറത്ത് വന്നു. ഭയന്നുപോയ അവൾ പെട്ടെന്ന് തന്നെ ആ പുസ്തകം അടച്ചുവെച്ചു.
”ഇത് കൊണ്ടൊന്നും കാര്യം നടക്കില്ല.” അവൾ സ്വയം പറഞ്ഞു. ഏതൊക്കെ ജീവികൾ ഏതൊക്കെ പുസ്തകത്തിലേതാണെന്നു കൂടി തനിക്കറിഞ്ഞുകൂട” അവൾ പരിതപിച്ചു. എന്നിട്ട് അവൾ ഒരു മിനിട്ട് കണ്ണടച്ച് ആലോചിച്ചു. ഒരു ആശയം അവളുടെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു. ”ഇപ്പോഴെനിക്ക് മനസ്സിലായി.” അവൾ പറഞ്ഞു. ”ഓരോരുത്തരും ഏതേത് പുസ്തകങ്ങളിൽ നിന്ന് വന്നതാണെന്ന് ഞാനോരോ ജീവിയുടേയും അടുത്ത് പോയി ചോദിക്കും.”

ഒരു ജീവിയോട് മീന ചോദിച്ചു. ”നിങ്ങളാരാണ്?” അവൾ ആദ്യമായാണതിനെ കാണുന്നത്?” ”ഇംഗ്ലീഷിലെ ആദ്യത്തെ അക്ഷരമാണ് – എ – അഡ്‌വർക്ക്” ആ ജീവി അൽപ്പം നീരസത്തോടെയാണ് മറുപടി പറഞ്ഞത്. എന്നിട്ടത് കാലുകൾ അമർത്തി ചവിട്ടിക്കൊണ്ട് ആൽഫബെറ്റ് പുസ്തകത്തിലേക്ക് കയറിപ്പോയി.

അപ്പോളാണ് അവൾ ഒരു ചെന്നായയെ ശ്രദ്ധിച്ച്ത്. ഡൈനിങ്ങ് ടേബിളിന്റെ ചുവട്ടിലിരുന്നു കരയുന്നുണ്ടായിരുന്നു. ”എന്തു പറ്റി, എന്തിനാ കരയുന്നത്?” അവൾ ചോദിച്ചു. ”ഞാനെവിടെപ്പോകും? ലിറ്റിൽ റെഡ് റൈഡിങ്ങ് ഹുഡിൽ നിന്നൊ, ദിത്രി ലിറ്റിൽ പിഗ്‌സിൽ നിന്നൊ ഏത് പുസ്തകത്തിൽ നിന്നാണിറങ്ങിവന്നതെന്ന് ഞാൻ മറന്ന് പോയി.” വിങ്ങിപ്പൊട്ടിക്കൊണ്ട് ചെന്നായ പറഞ്ഞു. എന്നിട്ട് ആ മേശവിരിപ്പൊന്ന് മണത്ത് നോക്കി. മീന ആലോചിച്ചു. ”ഈ ചെന്നായയെ എങ്ങിനെയാണ് സഹായിക്കാൻ പറ്റുക?” അവളാ പുസ്തകങ്ങളൊന്നും തന്നെ വായിച്ചിട്ടില്ലല്ലോ.

അപ്പോഴാണ് അവൾക്കൊരു ആശയം തോന്നിയത്. അവൾ അടുത്ത് കിടന്നിരുന്നൊരു പുസ്തകമെടുത്ത് ഉറക്കെ വായിക്കാൻ തുടങ്ങി. ”ഇത് പണ്ട് പണ്ട് നടന്നൊരു കഥയാണ്…” മീന വായിച്ച് തുടങ്ങി. ”ഒരുപാടൊരുപാട് ദൂരെ ഒരു രാജ്യത്ത്…” ജീവികൾ തലകുത്തിമറിയലും നൃത്തം ചെയ്യലും മറ്റ് ബഹളങ്ങളൊക്കെ നിർത്തിവെച്ച് മീനയെ ശ്രദ്ധിച്ച് തുടങ്ങി. എല്ലാവരും മീനയുടെ ചുറ്റുമായി ഇരുന്ന് കഥ കേൾക്കാൻ തുടങ്ങി. ഇപ്പോൾ നടുക്ക് ഇരുന്ന് മീന കഥ വായിച്ചു കൊടുക്കുകയാണ്. ചുറ്റും വൃത്തത്തിൽ ഇരുന്ന് കഥ കേൾക്കുന്നു.
വായിച്ചുകൊണ്ടിരുന്ന മീന പേജ് മറിച്ചതും കൂട്ടത്തിലിരുന്നിരുന്ന പന്നി തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു. ”ഇത് ഞങ്ങളുടെ കഥയാണ്, ഇത് ഞങ്ങളുടെ പേജാണ്, ഈ പുസ്തകം ഞങ്ങളെപ്പറ്റിയുള്ളതാണ്.” പന്നിക്ക് സന്തോഷം നിയന്ത്രിക്കാനായില്ല. വട്ടത്തിലിരുന്നിരുന്ന ജീവികൾക്കിടയിൽ നിന്നും മീനയുടെ മടിയിലേക്കൊരൊറ്റ ചാട്ടം. എന്നിട്ട് അതിവേഗത്തിൽ പുസ്തകത്തിലേക്ക് അപ്രത്യക്ഷമായി. വീണ്ടും തിരിച്ച് വന്നാലോ എന്ന് ഭയന്ന മീന പെട്ടെന്ന് തന്നെ ആ പുസ്തകം മടക്കി വെച്ചു.

എന്നിട്ടവൾ അടുത്ത് ഉണ്ടായിരുന്ന മറ്റൊരു പുസ്തകമെടുത്ത് നിവർത്തി വായിക്കാൻ തുടങ്ങി. അങ്ങിനെ ഒന്നിനു പിറകെ ഒന്നായി എല്ലാ പുസ്തകങ്ങളും സാവകാശം മീന വായിച്ചുതീർത്തു. ജീവികളെല്ലാം തന്നെ തങ്ങളുണ്ടായിരുന്ന പുസ്തകങ്ങളിലേക്ക് മടങ്ങിപ്പോയി. നീല ഉടുപ്പിട്ട ഒരു മുയൽ മാത്രമാണ് അവസാനം അവശേഷിച്ചത്. മീന പീറ്റർ മുയൽ എന്ന പുസ്തകം കയ്യിലെടുത്തു. എല്ലാ ജീവികളും പോയതോടെ അവൾക്ക് ഏകാന്തത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഈ മുയലെങ്കിലും തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് മീന ആഗ്രഹിച്ചു.

ആ കൊച്ചുമുയൽ പാവം പേടിച്ച് പോയിരുന്നു. ഭയന്നിട്ടാവാം അതിന്റെ കാലുകൾ വിറച്ചിരുന്നു. മറ്റ് ജീവികളെ പോലെ വാസസ്ഥലത്തേക്ക് പോകാൻ അതിനും ആഗ്രഹമുണ്ടായിരുന്നു. മീന അവസാനത്തെ പുസ്തകവും തുറന്നു. പുസ്തകം തുറന്നതും ഒറ്റച്ചാട്ടത്തിന് ആ മുയൽ അതിനകത്തേക്ക് അപ്രത്യക്ഷമായി. മുയലിന് പുസ്തകത്തിലേക്ക് പ്രവേശിക്കാൻ ഒന്നു കണ്ണ്ചിമ്മി തുറക്കേണ്ട സമയം പോലും വേണ്ടിവന്നില്ല. ഇപ്പോൾ വീടാകെ ശൂന്യമായത്‌പോലെ അനുഭവപ്പെട്ടു. മാക്‌സ് അപ്പോഴും പുസ്തകക്കെട്ടിന് മുകളിലിരുന്ന് ചിറിനക്കി തുടയ്ക്കുന്നുണ്ടായിരുന്നു. മീന സങ്കടത്തോടെ പറഞ്ഞു. ”ഒരിക്കൽക്കൂടിയെങ്കിലും ആ മുയലുകളെ കാണാൻ എനിക്ക് ഭാഗ്യമുണ്ടാവില്ലേ?”
‘ഓ… പുസ്തകങ്ങളെല്ലാം തന്റെ വീട്ടിലുണ്ടല്ലോ’ എന്നത് അപ്പോഴാണവൾ ഓർത്തത്.
ആശ്വാസത്തോടെ അവൾ പുഞ്ചിരിച്ചു.

അന്ന് വൈകീട്ട് മീനയുടെ അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോൾ അവരുടെ കണ്ണ് തള്ളിപ്പോയി. അവിടെ കണ്ട കാഴ്ച അവരെ സംബന്ധിച്ചേടത്തോളം അവിശ്വസനീയമായിരുന്നു. പൊട്ടിച്ചിതറിയ കപ്പുകൾ, പ്ലേറ്റുകൾ, വലിച്ച് കീറിയിട്ട കർട്ടനുകൾ, ഡൈനിങ്ങ് ടേബിളിന്റെ കാലുകളാരോ കരണ്ടിരിക്കുന്നു. എന്നാൽ അവരെ ഏറ്റവും ആശ്ചര്യപ്പെടുത്തിയ കാര്യം മീന പുസ്തകക്കൂമ്പാരങ്ങൾക്കൊത്ത നടുവിലിരുന്ന് ഒരു പുസ്തകം വായിക്കുകയായിരുന്നു എന്നുള്ളതാണ്.


പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് വായിക്കാം

Happy
Happy
66 %
Sad
Sad
2 %
Excited
Excited
17 %
Sleepy
Sleepy
7 %
Angry
Angry
3 %
Surprise
Surprise
5 %

Leave a Reply

Previous post ഫിറ്റാമോ?; ഓ എപ്പഴേ ഫിറ്റി…
Next post കപടവൈദ്യം
Close