നവനീത് കൃഷ്ണന്‍ എസ്.
ഭൂമിയുടെ വലിപ്പമുള്ള ഒരു ഗ്രഹം. അതും മറ്റൊരു നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖലയില്‍.
ഭൂമിയുടെ വലിപ്പമുള്ള ഒരു ഗ്രഹം. അതും മറ്റൊരു നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖലയില്‍. അങ്ങനെയൊരു കണ്ടെത്തലാണ് നാസയുടെ TESS എന്ന ഉപഗ്രഹം നടത്തിയിരിക്കുന്നത്. TOI 700 എന്ന നക്ഷത്രത്തിനു ചുറ്റുമാണ് പുതിയ ഗ്രഹം. പേര് TOI 700 d. നമ്മില്‍നിന്ന് 100 പ്രകാശവര്‍ഷം അകലെയാണ് ഈ നക്ഷത്രവും ഗ്രഹവും. ഭൂമിയുടെ ദക്ഷിണാര്‍ദ്ധഗോളത്തില്‍ കാണാന്‍ കഴിയുന്ന സ്രാവ് (Dorado) എന്ന നക്ഷത്രരാശിയിലാണ് നക്ഷത്രത്തിന്റെ സ്ഥാനം.
മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ആയിരക്കണക്കിനു ഗ്രഹങ്ങളെ നാം കണ്ടെത്തിയിട്ടുണ്ട്. നാസയുടെ കെപ്ലര്‍ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ചായിരുന്നു ഇത്തരം കണ്ടെത്തലുകളില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍ നക്ഷത്രത്തില്‍നിന്ന് വാസയോഗ്യമായ അകലത്തില്‍ ഭൂമിയുടെ വലിപ്പമുള്ള ഗ്രഹം വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ഇതുവരെ നമുക്ക് കണ്ടെത്താനായിട്ടുള്ളത്.അവയില്‍ ഏറ്റവും പുതിയതാണ് TOI 700 d എന്ന ഈ ഗ്രഹം.
TESS കണ്ടെത്തിയ ഗ്രഹത്തെ സ്പിറ്റ്സര്‍ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ച് വീണ്ടും നിരീക്ഷിച്ചിരുന്നു. അതോടെയാണ് ഗ്രഹത്തിന്റെ വലിപ്പവും നക്ഷത്രത്തില്‍നിന്നുള്ള അകലവും സ്ഥിരീകരിക്കപ്പെട്ടത്.
TOI 700 ഒരു ചെറിയ നക്ഷത്രമാണ്. സൂര്യന്റെ 40% മാത്രം ഭാരവും വലിപ്പവുമേ ഈ നക്ഷത്രത്തിനുള്ളൂ. താപനിലയാകട്ടേ സൂര്യന്റെ പകുതിയോളം മാത്രവും. ഈ നക്ഷത്രത്തിനു ചുറ്റും കണ്ടെത്തുന്ന മൂന്നാമത്തെ ഗ്രഹമാണ് TOI 700 d. TOI 700 b, TOI 700 c എന്നീ ഗ്രഹങ്ങളെ മുന്‍പ് കണ്ടെത്തിയിരുന്നു. ഇവ രണ്ടും പക്ഷേ നക്ഷത്രത്തില്‍നിന്ന് വാസയോഗ്യമായ അകലത്തില്‍ ആയിരുന്നില്ല എന്നു മാത്രം.
കെപ്ലര്‍ ടെലിസ്കോപ്പിനു പിന്‍ഗാമി എന്ന നിലയ്ക്കാണ് Transiting Exoplanet Survey Satellite (TESS) എന്ന ടെലിസ്കോപ്പ് നാസ വിക്ഷേപിച്ചത്. ഒരു നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍ ആ നക്ഷത്രത്തിന്റെ പ്രകാശത്തില്‍ വളരെ നേരിയ കുറവുണ്ടാകും. ആ കുറവ് കണ്ടെത്തിയാണ് അവിടെ ഗ്രഹമുണ്ട് എന്ന നിഗമനത്തില്‍ TESS എത്തുന്നത്. വാസയോഗ്യമായ അകലത്തില്‍ ടെസ് കണ്ടെത്തുന്ന ആദ്യ ഭൂസമാന ഗ്രഹമാണിത്.
ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യം ഉണ്ടായതില്‍ പ്രധാന കാരണം സൂര്യനില്‍നിന്നുള്ള കൃത്യമായ അകലമാണ്. സൂര്യനോട് അടുത്താണെങ്കില്‍ ചൂടു കാരണം ജലം ആവിയായിപ്പോകും. സൂര്യനില്‍നിന്ന് ഏറെ അകലെയാണെങ്കില്‍ ജലം ഐസായി മാത്രമേ നിലനില്‍ക്കൂ. ഇതു രണ്ടും അല്ലാതെ കൃത്യമായ അകലത്തില്‍ നിന്നാല്‍ മാത്രമേ ജലത്തിന് ജലമായി നിലനില്‍ക്കാനുള്ള അവസരമുണ്ടാകൂ. അവിടെ ജീവന്‍ ഉണ്ടാവാനുള്ള സാധ്യത ഏറെ കൂടുതലുമാണ്. ചുരുങ്ങിയത് മനുഷ്യര്‍ക്ക് അവിടേക്ക് കുടിയേറിപ്പാര്‍ക്കാനെങ്കിലും കഴിയും. അങ്ങനെയുള്ള കൃത്യമായ അകലത്തെയാണ് വാസയോഗ്യമായ അകലം എന്നു വിളിക്കുന്നത്. നക്ഷത്രത്തില്‍നിന്നും അത്തരമൊരു ഇടത്ത് ഭൂമിയുടെ വലിപ്പമുള്ള ഒരു ഗ്രഹം എന്നത് സ്വപ്നസമാനമായ കണ്ടെത്തലാണ്. സൗരേതരഗ്രഹങ്ങളില്‍ ജീവനെ അന്വേഷിക്കണമെങ്കില്‍ നമ്മള്‍ ആദ്യം പോകുന്നത് ഇത്തരം ഗ്രഹങ്ങളിലേക്കാവും.
TOI 700 d ഇനി നിരവധി നിരീക്ഷണങ്ങള്‍ക്ക് വിധേയമാകും. ബഹിരാകാശ ടെലിസ്കോപ്പുകള്‍ മാത്രമല്ല ഭൂമിയിലെ ടെലിസ്കോപ്പുകള്‍ ഉപയോഗിച്ചുവരെ ഈ ഗ്രഹത്തിന്റെ ചലനത്തെ നിരീക്ഷിക്കാനാകും എന്നു കരുതുന്നു. ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചും ഘടനയെക്കുറിച്ചുമെല്ലാം അത്തരം നിരീക്ഷണങ്ങളിലൂടെ നമുക്ക് അറിയാനാവും.