Read Time:10 Minute

നിഷ വി.കെ.

അസിസ്റ്റന്റ് പ്രൊഫസര്‍, പയ്യന്നൂര്‍ കോളേജ്

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  ഇന്ന്  വെള്ളി (silver) മൂലകത്തെ പരിചയപ്പെടാം. 

മൃദുലവും തിളക്കമുള്ളതുമായ ലോഹമാണ് വെള്ളി . ലാറ്റിൻ ഭാഷയിൽ വെള്ളിയുടെ പേരായ അർജന്റം എന്ന വാക്കിൽ നിന്നാണ് വെള്ളിയുടെ പ്രതീകമായ Ag ഉൽഭവിക്കുന്നത്.ആവർത്തനപ്പട്ടികയിൽ സംക്രമണ മൂലകങ്ങളുടെ ഗണത്തിലാണ് വെള്ളിയുടെ സ്ഥാനം.അറ്റോമികനമ്പർ 47 ഉള്ള വെള്ളിയുടെ തൊട്ടു മുകളിൽ ചെമ്പും താഴെ സ്വർണവുമാണ്. നശീകരണ സ്വഭാവത്തെ ചെറുക്കുകയും ഓക്സീകരണത്തിനു വിധേയമാകാതിരിക്കുകയും ചെയ്യുന്നതിനാൽ വെള്ളിയെ സ്വർണത്തിന്റെയും പ്ലാറ്റിനത്തിന്റെയും കൂടെ ഉൽക്കർഷ ലോഹം (noble metals) എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും വായുവിലോ വെള്ളത്തിലോ ഉള്ള സൾഫറുമായി പ്രവർത്തിച്ച് കറുത്ത സൾഫൈഡ് പാളി രൂപപ്പെടുന്നു.ഇതുകൊണ്ടാണ് വെള്ളി ആഭരണങ്ങൾക്ക് നിറവ്യത്യാസം സംഭവിക്കുന്നത്.

വെള്ളിയുടെ ചരിത്രം

നാലാം നൂറ്റാണ്ടിലെ വെള്ളിത്തളിക കടപ്പാട്: വിക്കിപീഡിയ

ചരിത്രാതീതകാലം മുതൽ വെള്ളി ഉപയോഗത്തിലുണ്ട്. മനുഷ്യൻ കണ്ടെത്തിയതും ഉപയോഗിക്കുന്നതുമായ ആദ്യത്തെ 5 ലോഹങ്ങളിൽ ഒന്നാണ് വെള്ളി.B C 4000ത്തിനു മുമ്പ് ഗ്രീസിലും കുറച്ചു വർഷങ്ങൾക്കു ശേഷം അനറ്റോലിയയിലും (ആധുനിക തുർക്കി) BC 3000 മുതൽ സുമേറിയൻ നഗരമായ കിഷിലും വെള്ളി നിർമിതമായ പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ആരാണിത് കണ്ടുപിടിച്ചതെന്ന് കൃത്യമായി പറയാൻ കഴിയില്ല.

അർജന്റൈറ്റ്, ക്ലോറ്റാർഗൈറൈറ്റ് (ഹോൺസിൽവർ) തുടങ്ങിയ അയിരുകളിൽ നിന്നാണ് വെള്ളി വേർതിരിച്ചെടുക്കുന്നത്.ലോകത്തിലെ പ്രധാന വെള്ളി ഖനികൾ ഉള്ളത് ആസ്ട്രേലിയ, മെക്സികോ, പോളണ്ട് എന്നീ രാജ്യങ്ങളിലാണ്.

ഐസോടോപ്പുകൾ

വെള്ളിക്ക് 35 ഐസോടോപ്പുകളുണ്ട്. രണ്ട് സ്ഥിരതയുള്ള ഐസോടോപ്പുകളായ 107Ag, 109Ag എന്നിവ യഥാക്രമം 51.8%,48.2% വീതമാണ് വെള്ളിയിലുള്ളത്.

ഓക്സീകരണാവസ്ഥ

വെള്ളിയുടെ പ്രധാന ഓക്സീകരണാവസ്ഥ +1 ആണ്. അപൂർവമായി, അസ്ഥിരമായ + 3 ഓക്സീകരണാവസ്ഥയും ചില സംയുക്തങ്ങളിൽ കാണിക്കുന്നു. അത് പെട്ടെന്ന് തന്നെ സ്ഥിരതയുള്ള +1 ഓക്സീകരണാവസ്ഥയിലേക്ക് മാറുന്നു.

സ്വഭാവസവിശേഷതകളും ഉപയോഗങ്ങളും

വെള്ളിയാഭരണങ്ങള്‍

ഉയർന്ന താപ -വൈദ്യുത ചാലകതയുമുള്ള ലോഹമാണ് വെള്ളി.ഇതിന്റെ ഉയർന്ന വിലയും ഉയർന്ന താപചാലകതയും കാരണം സാധാരണയായി വൈദ്യുതവാഹിയായി വെള്ളി ഉപയോഗിക്കുന്നില്ല. ചെമ്പിന് വെള്ളിയേക്കാൾ വില കുറവായതിനാലാണ് ചെമ്പ് വയറുകൾ വൈദ്യുതി കടത്തിവിടാൻ ഉപയോഗിക്കുന്നത്. കള്ളൻമാർ വയറിൽ നിന്ന് ചെമ്പ് നീക്കിയെടുത്ത് വിൽക്കുന്നതിനാൽ ഇപ്പോൾ കൂടുതലായും അലുമിനിയം അടങ്ങിയ ലോഹസങ്കരങ്ങളാണ് ഉപയോഗിക്കുന്നത്.

തിളക്കമുള്ള ലോഹമായതിനാലും പ്രതിഫലനം കൂടുതൽ ഉള്ളതിനാലും കണ്ണാടി നിർമാണത്തിന് വെള്ളി ഉപയോഗിക്കുന്നു. എന്നാലും കാലപ്പഴക്കം ഇതിന് മങ്ങൽ ഉണ്ടാക്കുന്നു. സ്വർണത്തെപ്പോലെ വലിച്ചു നീട്ടാനും അടിച്ചു പരത്താനും കഴിയുന്നതിനാൽ ആഭരണങ്ങൾ ഉണ്ടാക്കാൻ വെള്ളി ഉപയോഗിക്കുന്നു.ഡെന്റൽ അലോയ്കൾ, സോൾഡറിംഗ് എന്നിവയുടെ നിർമാണത്തിലും വെള്ളിക്ക് സവിശേഷ സ്ഥാനമുണ്ട്. വെള്ളിയുടെ സ്ഫോടകവസ്തുക്കളായി ഉപയോഗിക്കുന്ന സംയുക്തങ്ങളാണ് സിൽവർ ഫുൾമിനേറ്റ്, സിൽവർ അസൈഡ് എന്നിവ.

ഫോട്ടോഗ്രാഫിയിൽ സിൽവർ നൈട്രേറ്റ്, സിൽവർ ഹാലൈഡ് സംയുക്തങ്ങൾ ഏറെക്കാലം ഉപയോഗിച്ചിരുന്നു. ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ വളർച്ച ഇതിന്റെ പങ്കു കുറച്ചെങ്കിലും ഇന്നും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നിർമിക്കുന്നതിലും നിയമവിരുദ്ധമായ പകർപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിലും ഇവ ഉപയോഗിക്കുന്നു.

സില്‍വര്‍ നാനോകണങ്ങള്‍ ഇലക്ടോണ്‍ മൈക്രോസ്കോപ്പിലൂടെയുള്ള കാഴ്ച്ച കടപ്പാട്  വിക്കിപീഡിയ

വെള്ളിക്ക് ബാക്ടീരിയക്ക് എതിരെ പ്രവർത്തിക്കാനുള്ള കഴിവുണ്ട്. വസ്ത്രങ്ങളിൽ നാനോ കണങ്ങൾ ഉപയോഗിച്ചാൽ ബാക്ടീരിയകൾ വിയർപ്പ് ആഗിരണം ചെയ്തുണ്ടാക്കുന്ന ദുർഗന്ധം തടയാൻ സാധിക്കും. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ വെള്ളി നാനോകണങ്ങൾ പ്രതലത്തിൽ പൂശിയാൽ മതി. ആശുപത്രി ഉപകരണങ്ങളെ രോഗാണുവിമുക്തമാക്കാനും ഇത് പൂശിയാൽ മതി. ഒരു പദാർത്ഥത്തിന്റെ വലിപ്പം നാനോ തലത്തിലേക്ക് പോകുമ്പോൾ അതിന് സവിശേഷങ്ങളായ ഗുണങ്ങൾ കിട്ടുന്നു എന്നതിന് ഉദാഹരണങ്ങളാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ.

1896 ലെ ഒളിമ്പിക് മെഡല്‍ കടപ്പാട് : വിക്കിപീഡിയ

വില പിടിപ്പുള്ള ലോഹം എന്ന നിലയിലാണ് മത്സരങ്ങളിൽ രണ്ടാം സ്ഥാനക്കാർക്ക് വെള്ളി മെഡൽ നൽകുന്നത്. എഞ്ചിന്റെ ബിയറിംഗിൽ വെള്ളി കൊണ്ട് ഇലക്ട്രോപ്ലേറ്റ് ചെയ്ത സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്. വെള്ളിയുടെ ഉയർന്ന ദ്രവണാങ്കം ഉയർന്ന താപനിലയെ അതിജീവിക്കുന്നതാണ് ഇതിന് കാരണം.

സോളാർ പാനലുകളിൽ വൈദ്യുത വാഹകരായി സിൽവർ പേസ്റ്റ് ഉപയോഗിക്കുന്നു. ന്യൂക്ലിയാർ റിയാക്ടറുകളിൽ ന്യൂട്രോണുകളെ പിടിച്ചെടുക്കാൻ സഹായിക്കുന്ന നിയന്ത്രണ ദണ്ഡുകളായും ഉപയോഗിക്കുന്നു. LED യിലും വെള്ളി ഇലക്ട്രോഡുകൾ ഉപയോഗിക്കുന്നു. സിൽവർ ഓക്സൈഡ് , Ag – Zn ലോഹസങ്കരങ്ങൾ എന്നിവയാണ് ബാറ്ററിയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഇലക്ട്രോഡുകൾ. നല്ല ക്രയശേഷിയുള്ള, ഏതു താപനിലയിലും പ്രവർത്തിക്കാൻ കഴിയുന്നവയാണ് ഇവ കൊണ്ടുണ്ടാക്കുന്ന ബാറ്ററികൾ.ഇത്തരം ബാറ്ററികൾ ക്യാമറ, വാച്ച് എന്നിവയിലുപയോഗിക്കുന്നു. ലിഥിയം ബാറ്ററികൾക്ക് പകരം Ag – Zn ബാറ്ററികൾ ഉപയോഗിക്കാവുന്നതാണ്.വെള്ളിനാനോ കണങ്ങൾ ചേർത്തുണ്ടാക്കിയ മഷി പ്ലാസ്റ്റിക് പ്രതലത്തിൽ പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്നു. കൃത്രിമ മഴ പെയ്യിക്കാൻ സിൽവർ അയഡൈഡ് ഉപയോഗിക്കുന്നു.

സില്‍വര്‍ നൈട്രേറ്റ് ക്രിസ്റ്റലുകള്‍ കടപ്പാട് : വിക്കിപീഡിയ

എഥ്ലീൻ ഓക്സൈഡ്, ഫോർമാൽഡി ഹൈഡ് എന്നിവ ഉണ്ടാക്കാൻ ഉൽപ്രേരകമായി സിൽവർ പ്രവർത്തിക്കുന്നു. പോളിഎസ്റ്റർ നിർമാണത്തിൽ എഥ്ലീനെ എഥ്ലീൻ ഓക്സൈഡ് ആക്കി മാറ്റാനാണ് സിൽവർ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്. അതോടൊപ്പം ആൻറി ഫ്രീസിന്റെ മുഖ്യ ഘടകം കൂടിയാണ് എത്ത്ലീൻ ഓക്സൈഡ്. ഫോർമാൽഡിഹൈഡ് നിരവധി ജൈവ സംയുക്തങ്ങൾ ഉണ്ടാക്കാനുള്ള അവിഭാജ്യ ഘടകവുമാണ്. വെള്ളി കണങ്ങൾ കലർന്ന വായു ശ്വസിച്ചാൽ തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെടും. വലിയ അളവിൽ ശരീരത്തിൽ പ്രവേശിച്ചാൽ മരണത്തിനു വരെ കാരണമാകും.

ജയ്പൂർ സിറ്റി പാലസിൽ സൂക്ഷിച്ചിട്ടുള്ള ഗംഗാജലി കുടങ്ങളിലൊന്ന് – 345 കിലോഗ്രാം ഭാരമുള്ളതാണീ കുടം കടപ്പാട്: വിക്കിമീഡിയ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഓസ്‌ട്രേലിയയിൽ തീ പടരുന്നു
Next post മറ്റൊരു ഭൂമിയെക്കൂടി കണ്ടെത്തി ടെസ്! TOI 700 d
Close