Read Time:8 Minute

നിഭാഷ് ശ്രീധരൻ

ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ പകുതിയധികവും മനപൂർവ്വമോ അല്ലാതെയോ മനുഷ്യൻ തന്നെ വരുത്തിവെക്കുന്നതാണ് എന്നതാണ് സങ്കടകരമായ സത്യം.

©Matthew Abbott / New York Times / Redux / eyevine
ന്റാർട്ടിക്ക കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വരണ്ട ഭൂഖണ്ഡമാണ് ഓസ്‌ട്രേലിയ. അന്റാർട്ടിക്കയിൽ പക്ഷേ സ്ഥിരജനവാസമില്ലല്ലോ. ആയതിനാൽ, ജനവാസമുള്ള ഭൂഖണ്ഡങ്ങളിൽ ഏറ്റവും വരണ്ടുണങ്ങിയത് എന്ന സ്ഥാനം ഓസ്‌ട്രേലിയക്ക് തന്നെ. വൻകരയുടെ ഇരുപത് മുതൽ മുപ്പത്തഞ്ചു ശതമാനത്തോളം വെറും മരുഭൂമിയാണ്. എഴുപത് ശതമാനവും വർഷത്തിൽ അഞ്ഞൂറ് മില്ലീമീറ്ററിൽ താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങൾ. അതുകൊണ്ട് തന്നെ കാട്ടുതീ ഇവിടെ അപൂർവ്വമോ അസാധാരണമോ അല്ല.

ഓസ്‌ട്രേലിയൻ പ്രൊഡക്ടിവിറ്റി കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം, ചെറുതും വലുതുമായി ശരാശരി അമ്പതിനാലായിരത്തോളം കാട്ടുതീകൾ രാജ്യത്ത് ഒരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെയെല്ലാം കൃത്യമായ കാരണങ്ങൾ അറിവില്ലെങ്കിലും പ്രകൃത്യാ സംഭവിക്കുന്നത് പത്തു ശതമാനത്തിൽ താഴെ മാത്രമാണ്. പകുതിയധികവും മനപൂർവ്വമോ അല്ലാതെയോ മനുഷ്യൻ തന്നെ വരുത്തിവെക്കുന്നതാണ് എന്നതാണ് സങ്കടകരമായ സത്യം.

കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴുള്ള കാട്ടുതീ ദുരന്തങ്ങൾക്ക് കാരണമെന്ന് അനുമാനിക്കേണ്ടി വരുന്നു. പതിവില്ലാത്ത വിധം വേനൽക്കാലത്തു തുടർച്ചയായ ദിവസങ്ങളിൽ താപനില വളരെ ഉയർന്നു നിൽക്കുമ്പോൾ ജനവാസപ്രദേശങ്ങളിലെ കുറ്റിക്കാടുകൾക്ക് വരെ തീ പിടിക്കുന്നു. വീശിയടിക്കുന്ന കാറ്റുമായി കൂട്ടുകൂടുന്ന തീ വിനാശകാരിയായി, പോകുന്ന വഴിയിലുള്ളതെല്ലാം നിമിഷങ്ങൾക്കുള്ളിൽ വിഴുങ്ങുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സത്യമാണെന്ന് തിരിച്ചറിഞ്ഞ പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരുമടക്കമുള്ള പൊതുജനം അമിതമായ തോതിലുള്ള കൽക്കരി ഖനനത്തിന്റെ പങ്ക് ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നു. പതിവ് പോലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ പുറം തിരിഞ്ഞു നിൽക്കുന്നു. ഒന്നിനും ഒരു മാറ്റവുമില്ല.

IPCC റിപ്പോര്‍ട്ടില്‍ നിന്നും കടപ്പാട് smh.com.au

ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് പഠിക്കുന്ന ഇന്റർ ഗവൺമെന്റൽ പാനെലിന്റെ (IPCC) റിപ്പോർട്ടുകൾ പറയുന്നത് 1990 കളിൽ നിന്നും 2020 കളിലെത്തുമ്പോൾ അന്തരീക്ഷ താപനില 0.4 മുതൽ 1 ഡിഗ്രീ വരെ ഉയരുമ്പോൾ, 2050 ആവുമ്പോഴേക്കും അത് 0.7 മുതൽ 2.9 ഡിഗ്രി വരെ കുതിച്ചു കയറിയേക്കാം എന്നാണ്. അങ്ങനെ സംഭവിച്ചാൽ കാട്ടുതീകളുടെ തോത് മൂന്നിരട്ടി വരെ കൂടാമെന്നും അതേ പഠനറിപ്പോർട്ട് പറയുന്നു. മാത്രമല്ല, ക്രമാതീതമായി ഉയരുന്ന ചൂട് മറ്റ് പല പ്രകൃതി ദുരന്തങ്ങളും വരുത്തിവെക്കുകയും ചെയ്യും. ഓസ്‌ട്രേലിയക്ക് മുകളിൽ ഓസോൺ പാളികൾ ബലഹീനമാണ് എന്നതും ഓർക്കുക. ചുരുക്കത്തിൽ, മനുഷ്യന്റെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥ തന്നെ ഭീഷണിയിലാവും എന്ന് സാരം.

ആഗോളതാപനത്തെ ചെറുക്കാൻ നിലവിലെ കൽക്കരി ഖനനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ലോകത്തിലെ പരിസ്ഥിതി വിദഗ്ധർ നിരന്തരം ആവശ്യപ്പെടുമ്പോഴും ഓസ്‌ട്രേലിയൻ രാഷ്ട്രീയ നേതൃത്വം ഭരണ പ്രതിപക്ഷ ഭേദമന്യേ അത് ചെവിക്കൊള്ളാതെ നില്പ് തുടരുകയാണ്. ഖനി വ്യവസായികളാണ് പ്രധാനപാർട്ടികളുടെ ഫണ്ട് സ്രോതസ്സ് എന്ന ആരോപണം നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ രാജ്യതാല്പര്യത്തേക്കാൾ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു.

‘ബ്ലാക്ക് സാറ്റർഡേ – 2009 ലെ കാട്ടുതീ

ഓസ്‌ട്രേലിയ ഇതുവരെ നേരിട്ടതിൽ ഏറ്റവും മോശം കാട്ടുതീ 2009 ലേതാണ്. ചരിത്രത്തിൽ ‘ബ്ലാക്ക് സാറ്റർഡേ’ എന്നാണ് ഇതിന്റെ പേര്. ആ വേനലിൽ മെൽബൺ ഉൾപ്പെടുന്ന വിക്ടോറിയ സ്റ്റേറ്റിൽ പടർന്നു പിടിച്ച കാട്ടുതീയിൽ ജീവൻ നഷ്ടപ്പെട്ടത് 173 മനുഷ്യർക്കാണ്. ഈ വേനൽക്കാലമാകട്ടേ സ്ഥിതി അതിലും നിയന്ത്രണാതീതമാണ്. ഇത്തവണ ഓസ്‌ട്രേലിയയിൽ പരക്കെ തീ പിടിച്ചുവെന്ന് പറയേണ്ടി വരും. ടാസ്മാനിയ അടക്കം എല്ലാ സ്റ്റേറ്റിലും വൻ നാശനഷ്ടങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. വേനൽക്കാലത്തിന്റെ തുടക്കം മാത്രമായതിനാൽ ഇതിനിയും മാസങ്ങൾ തുടർന്നേക്കാം എന്നും റിപ്പോർട്ടുകൾ ആശങ്കപ്പെടുന്നു.

ഒന്നരക്കോടി ഏക്കറോളം ഭൂമി ഇതുവരെ കത്തി നശിച്ചു; ഏകദേശം ഒന്നേ മുക്കാൽ കേരളം!

500 ദശലക്ഷത്തിനടുത്ത് ജീവജാലങ്ങൾ തീയിലമർന്നു. അതിൽ പലതും അപൂർവ ഗണത്തിൽ പെട്ടവയാണ്. ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടുന്നവർ. പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിച്ചിരുന്നവർ. ഇരുപതില്പരം മനുഷ്യർ ഇതിനകം മരണത്തിന് കീഴടങ്ങി. മുപ്പതോളം പേരെ കാണ്മാനില്ല. 1600 ഓളം വീടുകളും ആയിരത്തിലധികം മറ്റ് കെട്ടിടങ്ങളും കത്തി നശിക്കപ്പെട്ടു.

©Matthew Abbott / New York Times / Redux / eyevine

പത്തു ദശലക്ഷത്തോളം ആളുകളിപ്പോൾ ശ്വസിക്കുന്നത് വിഷപ്പുക പടർന്ന വായുവാണ്. ഒന്നിലധികം സംസ്ഥാനങ്ങളിൽ ദുരന്തബാധിത അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീ പടരുന്ന സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിച്ചു കൊണ്ടിരിക്കുന്നു. മൊത്തം നാശനഷ്ടത്തിന്റെ ഭീമമായ കണക്കുകൾ ഇനിയും തിട്ടപ്പെടുത്തേണ്ടതുണ്ട്.

ഇപ്പൊഴേ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ നിഴലിലുള്ള ഓസ്‌ട്രേലിയക്ക് ഈ ദുരന്തം കൂടിയാവുമ്പോൾ വരാനുള്ള നാളുകൾ അത്ര ശുഭകരമാവില്ല. പ്രകൃതിയുടെ മുന്നറിയിപ്പ് അധികാരികൾ ഇനിയും അവഗണിക്കില്ലയെന്ന് പ്രത്യാശിക്കാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മറ്റൊരു ഭൂമിയെക്കൂടി കണ്ടെത്തി ടെസ്! TOI 700 d
Next post ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും
Close