Read Time:55 Minute
ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ

രുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടെ തുടക്കം കുറിച്ചുകഴിഞ്ഞ ജൈവസാങ്കേതികവിദ്യാവിപ്ലവം രോഗചികിത്സയിലും നിർണയത്തിലുമെല്ലാം വിസ്മയകരങ്ങളായ മാറ്റങ്ങൾക്കുള്ള സാധ്യത തുടർന്നിട്ടുണ്ട്. ചികിത്സാക്ഷമത തീരെയില്ലാത്ത ജനിതകരോഗങ്ങൾ, പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയാത്ത പാർക്കിൻസൺസ്, പ്രമേഹം പോലുള്ള രോഗങ്ങൾ, പരിമിതമായ ചികിത്സ മാത്രമുള്ള സുഷുമ്‌നാനാഡിക്കും മറ്റുമുണ്ടാകുന്ന പരിക്കുകൾ തുടങ്ങി ആധുനികചികിത്സയിൽ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥകൾക്ക് അന്തിമമായ പരിഹാരം കണ്ടെ ത്താൻ ജൈവസാങ്കേതികവിദ്യാരംഗത്തും തന്മാത്രാജീവശാസ്ത്രത്തിലുമുണ്ടായിക്കൊണ്ടിരിക്കുന്ന വമ്പിച്ച മുന്നേറ്റത്തിലൂടെ കഴിയുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്. എന്നാൽ അതോടൊപ്പം രോഗപ്രവചനസാധ്യത, വൈദ്യശാസ്ത്രനൈതികത, ചികിത്സാമാനദണ്ഡങ്ങൾ, ജനിതകപേറ്റന്റ്, വൈദ്യ ശാസ്ത്രവാണിജ്യവൽകരണം, ചികിത്സാചെലവിലുള്ള ഭീമ മായ വർധന തുടങ്ങി ശാസ്ത്രസാങ്കേതികവും സാമൂഹികവും സാമ്പത്തികവും നൈതികവു മായ ഒട്ടനവധി പ്രഹേളികകളും വെല്ലുവിളികളും ജനിതകവിപ്ലവം ഉയർത്തുന്നുണ്ട്. പ്രശസ്ത സിനിമാനടി ആഞ്ചലിന ജോളിയുടെ സ്തനശസ്ത്രക്രിയ ലോകശ്രദ്ധയാകർഷിച്ചതോടെ കൂടുതൽ സൂക്ഷ്മതയോടെ ഇവയെല്ലാം പരിശോധിക്കപ്പെട്ടുവരികയാണ്.

സ്റ്റാൻലി കോഹൻ (Stanley Norman Cohen)

1970കളുടെ ആരംഭത്തിലാണ് ജനിതക തന്മാത്രാജീവശാസ്ത്രത്തിലെ (Genetic Molecular Biology) പ്രധാന വികാസങ്ങളുടെ തുടക്കം കുറിക്കപ്പെട്ടത്. അമേരിക്കൻ ജീവശാസ്ത്ര ജ്ഞരായിരുന്ന സ്റ്റാൻലി കോഹൻ (Stanley Norman Cohen), ഹെർബർട്ട് ബോയർ, പോൾ ബെർഗ് എന്നിവർ വ്യത്യസ്ത സ്പീഷീസുക ളിൽ നിന്നെടുത്ത ഡിഎൻഎ തന്മാത്ര കളെ മുറിച്ച് കഷണങ്ങളാക്കി അവയെ പരസ്പരം മാറ്റിവയ്ക്കാമെന്ന് കണ്ടു പിടിച്ചു. താൽപര്യമുള്ള ഡിഎൻഎ ഖണ്ഡത്തിന്റെ ഇഷ്ടാനുസരണമുള്ള കോപ്പികൾ ബാക്ടീരിയയുടെ ഡിഎൻ എയിൽ ഘടിപ്പിച്ച് സൃഷ്ടിച്ചെടുക്കാ മെന്ന് വന്നു. ഇതോടെ പുനസ്സം യോജിത ഡിഎൻഎ സാങ്കേതിക വിദ്യ (Recombinant DNA Technology) തന്മാത്രാക്ലോണിങ്, ജനറ്റിക്ക് എഞ്ചിനീയറിംഗ് തുടങ്ങിയ സാങ്കേതികവിദ്യ കൾ ജന്മംകൊണ്ടു. പാർശ്വഫലങ്ങൾ കുറഞ്ഞ മനുഷ്യ ഇൻസുലിൻ തുട ങ്ങിയ ഔഷധങ്ങൾ പുനസ്സംയോജിത ഡി എൻ എ സാങ്കേതികവിദ്യയുപയോ ഗിച്ച് നിർമിച്ചുതുടങ്ങി.
ബ്രിട്ടനിലെ മാഞ്ചെസ്റ്ററിലുള്ള ഓൾഡ് ഹാം ജനറൽ ആശുപത്രിയിൽ 1978 ജുലൈ 25 ന് ടെസ്റ്റ് ട്യൂബ് ശിശു എന്ന് വിശേഷിപ്പിക്കപ്പെട്ട ലൂയിസ് ബ്രൗൺ എന്ന പെൺകുട്ടി ജനിച്ചതോടെയാണ് ജൈവസാങ്കേതികവിദ്യയിൽ പിന്നത്തെ വലിയ കുതിച്ചു ചാട്ടമുണ്ടായത്. മനുഷ്യശരീരത്തിനു പുറത്തുവച്ച് നടന്ന ആദ്യത്തെ ബീജസങ്കലനത്തിലൂടെയാണ് ലൂയിസ് ബ്രൗണിന് ജന്മം നൽകിയത്. ബാഹ്യബീജസങ്കലന ഭ്രൂണമാറ്റം (In Vivo Fertilisation – Embryo Transfer IVF) എന്ന പ്രത്യുൽപാദനരീതി ആവിഷ്‌കരിക്കപ്പെട്ടതങ്ങനെയാണ്. വന്ധ്യതാചികിത്സക്കായാണ് ഐ വി എഫ് ആവിഷ്‌കരിക്കപ്പെട്ടതെങ്കിലും ശാസ്ത്രീയ പരീക്ഷ ണങ്ങൾക്കായി മനുഷ്യശരീരത്തിന് പുറത്ത് ഭ്രൂണം ലഭ്യമാക്കി എന്നതാണ് ഈ രീതിയിലൂടെ കൈവരിച്ച പ്രധാന പ്പെട്ട നേട്ടം. 1996 ജൂലൈ 5ന് സ്‌കോട്ലന്റിലെ റോസിലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇയാൻ വിൽമുട്ടും കീത്ത് കാമ്പലും (Ian Wilmut and  Keith Campbell)  ചേർന്ന് ഡോളി എന്ന ചെമ്മരിയാടിനെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചതാണ് അടുത്ത പ്രധാന സംഭവം. പുരുഷ ബീജം ഒഴിവാക്കി പെൺചെമ്മരി യാടിന്റെ അണ്ഡവും ക്ലോളിങ്ങിനു വിധേയയാക്കിയ ആടിന്റെ ശരീരത്തിൽ നിന്നെടുത്ത കോശത്തിലെ ന്യൂക്ലി യസ്സും ചേർത്ത് രൂപപ്പെടുത്തിയ ഭ്രൂണം മറ്റൊരു ആടിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാണ് ഡോളിക്ക് ജന്മം നൽകിയത്. ശരീരകോശ മർമമാറ്റം (Somatic Cell Nuclear Transfer) എന്നാണ് ക്ലോണിങ്ങ് പ്രക്രിയയെ വിളിക്കുന്നത്. ഈ രണ്ട് രീതികളുമുപയോഗിച്ച് സൃഷ്ടിക്കുന്ന ഭ്രൂണത്തിൽ നിന്നും കാണ്ഡകോശങ്ങളെ (Stem Cell) വേർതി രിച്ചെടുക്കാമെന്നതായിരുന്നു മറ്റൊരു പ്രധാന നേട്ടം. കാണ്ഡ കോശങ്ങളിൽ നിന്നും മനുഷ്യശരീരത്തിലെ വിവിധ കോശ ങ്ങളോ അവയവങ്ങൾ തന്നെയുമോ രൂപപ്പെടുത്തിയെടു ക്കാമെന്ന കണ്ടെത്തൽ നിരവധി ചികിത്സാസാധ്യതകൾ തുറന്നുതന്നു.

ജനിതകയുഗം പിറക്കുന്നു

2003ൽ ഹ്യൂമൻ ജീനോം പ്രോജക്ട് പൂർത്തിയായതോടെ ജനിതകസാങ്കേതികവിദ്യ അതിന്റെ പാരമ്യത്തിലെത്തിയ തായി കരുതാവുന്നതാണ്. 1990ൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും അമേരിക്കൻ ഊർജ വകുപ്പും ചേർന്നാണ് മനുഷ്യക്രോമസോമുകളിലെ ജനിതക ഘടന നിർധാരണം ചെയ്യുന്നതിനുള്ള ഹ്യൂമൻ ജീനോം പ്രോജക്ടിന് തുടക്കം കുറിച്ചത്. പ്രോജക്ടിന്റെ ആദ്യത്തെ ഡയറക്ടർ നോബൽ സമ്മാനജേതാവ് ജെയിംസ് വാട്‌സ നായിരുന്നു. അദ്ദേഹം രാജിവച്ചതിനെ തുടർന്ന് നിരവധി ജനിതകരോഗങ്ങളുടെ കാരണങ്ങൾ കണ്ടെത്തി പ്രസിദ്ധനായ ഫ്രാൻസിസ് കോളിൻസ് ഡയറക്ടറായി ചുമതലയേറ്റു. ബ്രിട്ടനിലെ സാംഗർ ഇൻസ്റ്റിറ്റ്യൂട്ടും നോബൽ സമ്മാനജേതാവായ ജോൺ സുൾസ്റ്റന്റെ നേതൃത്വത്തിൽ ഹ്യൂമൻ ജീനോം പ്രോജക്ടിൽ പങ്കുചേർന്നു. അമേരിക്കയും ബ്രിട്ടനും പുറമെ എൺപതോളം രാജ്യങ്ങളിലെ ഗവേഷകർ പങ്കെടുത്ത ഹ്യൂമൻ ജീനോം പ്രോജക്ട് അതിൽ പങ്കെടുത്ത രാജ്യങ്ങളുടെയും ശാസ്ത്രജ്ഞരുടെയും എണ്ണംകൊണ്ടും ചെലവാക്കേണ്ടിവന്ന തുകകൊണ്ടും ശാസ്ത്രസാങ്കേതിക മേഖലയിൽ ലോകം ഇതുവരെ കണ്ട ഏറ്റവും വലിയ പ്രോജക്ടായിരുന്നു. വിവിധ രാജ്യങ്ങളിലെ പൊതുസ്ഥാപനങ്ങൾക്ക് പുറമേ അമേരിക്കയിൽ സെലി റാം ജീനോമിക്‌സ് എന്ന ഗവേഷണ സ്ഥാപനം നടത്തിയിരുന്ന ക്രെയ്ഗ് വെന്റർ എന്ന ജൈവശാസ്ത്രജ്ഞനും ഹ്യൂമൻ ജീനോം പ്രോജക്ട് വിജയിപ്പിക്കുന്നതിൽ മൗലികമായ സംഭാവന നൽകി. പ്രസിഡണ്ട് ബിൽ ക്ലിന്റണും ക്രെയ്ഗ് വെന്ററും ഫ്രാൻസിസ് കോളിൻസും ചേർന്ന് ന്യൂയോർക്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലയറും ജോൺ സുൾസ്റ്റനും ചേർന്ന് ലണ്ടനിലും മനുഷ്യജീനോം പ്രോജക്ടിന്റെ കരട് പൂർത്തിയായ ചരിത്രസംഭവം 2000 ജൂൺ 26ന് ലോകത്തെ അറിയിച്ചതോടെ ജനിതകയുഗം ആരംഭിച്ചതായി കരുതാം. 2003 ഏപ്രിൽ മാസത്തിൽ പ്രതീക്ഷിച്ചതിലും രണ്ടുവർഷം മുൻപായി പ്രോജക്ട് സമ്പൂർണമാവുകയും ചെയ്തു.

ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ ലോഗോ

ജനിതകസാങ്കേതികവിദ്യാരംഗത്തുണ്ടായ ഈ വികാസങ്ങളെ തുടർന്ന് ആരോഗ്യമേഖലയിൽ വലിയ മാറ്റത്തിന് കളമൊരുങ്ങിയിരിക്കയാണ്. 1953ൽ ജെയിംസ് വാട്‌സനും ഫ്രാൻസിസ് ക്രിക്കും ചേർന്ന് ആവിഷ്‌കരിച്ച ഡിഎൻഎയുടെ ഘടനയെ ക്കുറിച്ചുള്ള ഡബിൾ ഹെലിക്‌സ് സിദ്ധാന്തത്തെ അനുസ്മരിച്ചു കൊണ്ട് ‘ജനിതക ആഘോഷം : ഡിഎൻഎയുടെ അൻപതു വർഷം – ഡബിൾ ഹെലിക്‌സിൽ നിന്നും ആരോഗ്യത്തിലേക്ക്’ (A celebration of Genome : 50 Years of DNA – From Double Helix to Health) എന്ന പ്രഖ്യാപനത്തോടെയാണ് ഹ്യൂമൻ ജീനോം പ്രോജക്ട് പൂർത്തിയായതിനെ ലോകാരോഗ്യസംഘടന സ്വാഗതം ചെയ്തത്.

പ്രവചന വൈദ്യശാസ്ത്രം, വ്യക്തിഗത മരുന്നുകൾ, പുനർജനന വൈദ്യശാസ്ത്രം

പ്രധാനമായും മൂന്ന് മേഖലകളിലായാണ് ജനിതക സാങ്കേതികവിജ്ഞാനം ആരോഗ്യമേഖലയിൽ വലിയ സാധ്യതകൾ തുറന്നുതന്നിരിക്കുന്നത്. ജനിതകപരിശോധനയിലൂടെ ഓരോ വ്യക്തിയുടെയും രോഗസാധ്യതകൾ മുൻ കൂട്ടി കണ്ടെത്താൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. ഗർഭ കാലത്തോ അതിനുശേഷമോ നടത്തുന്ന പരിശോധനയി ലൂടെ പലരോഗങ്ങളുടെയും ഭാവിസാധ്യതകൾ പ്രവചിക്കാൻ കഴിയും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവചനവൈദ്യശാസ്ത്രം എന്ന (Predictive Medicine) പുതിയൊരു വൈദ്യശാസ്ത്രശാഖ തന്നെ ജന്മം കൊണ്ടിരിക്കുകയാണ്. ജനിതകവൈകല്യങ്ങൾ കണ്ടെത്തിയാൽ ജീവിതരീതിമാറ്റങ്ങളിലൂടെയോ ശസ്ത്രക്രിയയിലൂടെയോ, ജനിതകചികിത്സയിലൂടെയോ (Gene Therapy) അതിനുള്ള പരിഹാരം കണ്ടെത്താൻ കഴിയും.

ആധുനിക ഔഷധചികിത്സയുടെ പ്രധാനപ്പെട്ട ന്യൂനതകളിലൊന്ന് ഔഷധങ്ങളുടെ ചികിത്സാക്ഷമതയും പാർശ്വ ഫലങ്ങളും വ്യത്യസ്ത വ്യക്തികളിൽ എങ്ങനെ കാണപ്പെടുമെന്ന് മുൻകൂട്ടി നിർണയിക്കാൻ കഴിയില്ല എന്നതാണ്. ഓരോ വ്യക്തിയുടെയും ജനിതകപ്രത്യേകതകളനുസരിച്ച് വ്യത്യ സ്തമായാണ് മനുഷ്യശരീരത്തിൽ ഔഷധങ്ങൾ പ്രവർത്തി ക്കുക. ഈ പരിമിതി മുറിച്ചുകടന്നുകൊണ്ട് ജനിതകഘടന ക്കനുസരിച്ച് ഔഷധപ്രയോഗം ഡോസുകളുടെ കാര്യത്തിലും മറ്റും ക്രമീകരിക്കുന്നതിനും (Personalised Medicines) വ്യക്തിഗത മരുന്നുകൾ (Designer Drugs) രൂപകല്പന ചെയ്യുന്നതിനും കഴിയുമെന്ന സ്ഥിതിവന്നിട്ടുണ്ട്. പാർശ്വഫലങ്ങളും അപകട സാധ്യതകളും ഒഴിവാക്കി ഔഷധപ്രയോഗം കൂടുതൽ ഫലവത്തും ചികിത്സാക്ഷമവുമാക്കാൻ ഇതുവഴി കഴിയും. ഫ്രാൻസിസ് കോളിൻസ് ഇതേപ്പറ്റി ശ്രദ്ധേയമായ ഒരു പുസ്തകം എഴുതിയിട്ടുണ്ട് (The Language of Life: DNA and The Revolution in Personalised Medicine).


കാണ്ഡകോശ ഗവേഷണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വമ്പിച്ച മുന്നേറ്റങ്ങളാണ് പ്രധാനമായും ആധുനികചികിത്സാരീതികളിൽ വലിയ മാറ്റങ്ങൾ വരുത്താൻ പോവുന്നത്. ആദിമകോശങ്ങളായ കാണ്ഡകോശത്തിൽ നിന്നും ശരീര ത്തിലെ ഏത് കോശസമുച്ചയത്തെയും അവയവങ്ങളെ തന്നെയും വികസിപ്പിച്ചെടുക്കാൻ കഴിയും. ഇൻസുലിന്റെ കുറവു മൂലമുണ്ടാകുന്ന പ്രമേഹരോഗചികിത്സക്കായി ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ആഗ്നേയഗ്രന്ഥിയിലെ ലാങർഹാൻ കോശങ്ങളോ (Islets of Langerhans), പാർക്കിൻസൻ രോഗത്തിൽ തലച്ചോറിൽ കുറവുള്ള ഡോപ്പമിൻ (Dopamine) എന്ന ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദിപ്പിക്കുന്ന കോശങ്ങളോ വികസിപ്പി ച്ചെടുത്ത് ശരീരത്തിൽ കടത്തിവിട്ടാൽ ഈ രോഗങ്ങൾക്ക് സ്ഥായിയായ പരിഹാരം കണ്ടെത്താൻ കഴിയും. വൃക്ക, ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങൾ കാണ്ഡകോശങ്ങളിൽ നിന്നും രൂപപ്പെടുത്തിയെടുത്താൽ മറ്റ് വ്യക്തികളിൽ നിന്നും അവയ വങ്ങൾ സ്വീകരിക്കേണ്ടിവരുമ്പോഴുള്ള പ്രശ്‌നങ്ങളെല്ലാം പരി ഹരിക്കാനുമാവും. കാണ്ഡകോശചികിത്സ പ്രയോജനപ്പെടുത്തിക്കൊണ്ട് പുനർജനന വൈദ്യശാസ്ത്രം (Regenerative Medicine) എന്ന പുതിയൊരു വൈദ്യശാസ്ത്രശാഖതന്നെ വളർന്നു വരികയാണ്.
ജനിതകസാങ്കേതികവിദ്യാവിപ്ലവം തുറന്നു തന്നിട്ടുള്ള വമ്പിച്ച ഭാവിസാധ്യതകളാണ് ഇവിടെ സൂചിപ്പിച്ചത്. പക്ഷേ ഇവയൊക്കെ സാക്ഷാത്കരിക്കുന്നതിനും പ്രയോഗത്തിൽ കൊണ്ടുവരുന്നതിനും ഇനിയും സാങ്കേതികവും നൈതികവും നിയമപരവും മറ്റുമായ ഒട്ടനവധി കടമ്പകൾ കടക്കാനുണ്ട്. ജൈവസാങ്കേതികവിദ്യയുടെ പ്രത്യേകിച്ച് കാണ്ഡകോശങ്ങളുടെ ചികിത്സാസാധ്യതകളെപ്പറ്റി യാതൊരു അടിസ്ഥാന വുമില്ലാത്ത അത്യുക്തികലർന്ന അവകാശവാദങ്ങളും ചികി ത്സാതട്ടിപ്പുകളും നടന്നുവരുന്നുണ്ട്. എങ്കിലും ഈ മേഖലയിൽ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ഗവേഷണങ്ങൾ കണക്കിലെ ടുക്കുമ്പോൾ സമീപഭാവിയിൽ തന്നെ ആധുനികവൈദ്യ ശാസ്ത്രം വമ്പിച്ച പരിവർത്തനത്തിന് വിധേയമാക്കപ്പെടുമെന്ന് നിസ്സംശയം പറയാൻ കഴിയും. ലോകാരോഗ്യസംഘടന ജനിതകസാങ്കേതികവിദ്യയുടെ ഫലമായി സംഭവിക്കാനിടയുള്ള അനുകൂലമാറ്റങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി നിര വധി പഠനങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.

സാമൂഹിക സാമ്പത്തിക ധാർമികപ്രതിസന്ധികൾ

ജൈവസാങ്കേതികവിദ്യയുടെ നേട്ടങ്ങൾ പോലെ തന്നെ അതുയർത്തുന്ന ധാർമികവും സാമൂഹികവും സാമ്പത്തികവും നിയമപരവുമായ വെല്ലുവിളികളും വ്യാപകമായി ചർച്ചചെയ്യ പ്പെട്ടുവരുന്നുണ്ട്. ജൈവനൈതികത (Bioethics) എന്ന ധാർമികതാസംവാദശാഖതന്നെ ബൗദ്ധിക ആശയവിനിമയ തലത്തിൽ വളർന്നുവന്നിട്ടുണ്ട്. ഹ്യൂമൻ ജീനോം പ്രോജക്ട് ആരംഭിച്ചഘട്ടത്തിൽ അന്നത്തെ ഡയറക്ടർ ജെയിംസ് വാട്‌സൺ മനുഷ്യന്റെ ജനിതകഘടന നിർധാരണം ചെയ്ത് കഴിഞ്ഞാൽ ഉയർന്നുവരാനിടയുള്ള ധാർമിക നൈയാമിക സാമൂഹിക പ്രത്യാഘാതങ്ങളെ പറ്റി പഠിക്കാൻ ELSI (Ethical, Legal and Social Implication of Human Genome Project – ELSI Project) എന്നൊരു പ്രോജക്ടിനായി, വേണ്ടിവരുന്ന മൊത്തം ചെലവിന്റെ മൂന്നുശതമാനംതുക മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാട്‌സൻ പ്രോജക്ട് വിട്ടെങ്കിലും ELSI പ്രോജക്ട് നടപ്പിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ജനിതക മൗലികവാദം, ജനിതക നിർണയവാദം

രോഗങ്ങൾക്ക് മാത്രമല്ല സാമൂഹിക പ്രശ്‌നങ്ങൾക്കുമുള്ള അടിസ്ഥാനകാരണം ജനിതകഘടനയാണെന്ന വികലമായ വാദം പലരും ഉന്നയിച്ചു തുടങ്ങിയതോടെയാണ് ജനിതക സാങ്കേതികവിദ്യയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയത്. സാമൂഹികമായ അസമത്വങ്ങൾക്ക് കാരണം സാമൂഹിക സാമ്പത്തിക കാരണങ്ങളാണെന്ന ധാരണ തെറ്റാണെന്ന് ജനിതകസാങ്കേതികവിദ്യ തെളിയിച്ചുകഴിഞ്ഞു എന്ന് വാദിക്കുന്നവരുണ്ട്. പ്രാന്തവൽകരിക്കപ്പെട്ട ജനസമൂഹ ത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണം അവരുടെ ജനിതകഘട നയുടെ പരിമിതിയാണെന്ന അതീവ പ്രതിലോമകരമായ അഭി പ്രായമാണ് ചില യാഥാസ്ഥിതിക ബുദ്ധിജീവികൾ പ്രകടി പ്പിച്ചത്. ഈ വാദം അംഗീകരിക്കുന്നതോടെ അനീതി നിറഞ്ഞ സാമൂഹികവ്യവസ്ഥ മാറ്റിയെടുക്കുന്നതിനുള്ള സമരങ്ങളും പോരാട്ടങ്ങളും അർഥശൂന്യമാവുകയും ചെയ്യുന്നു. ജനിതക നിർണയവാദം (Genetic Determinism), ജനിതക മൗലികവാദം (Genetic Fundamentalism) എന്നെല്ലാം ഈ ചിന്താരീതി വിശേഷിപ്പിക്കപ്പെടുന്നു. ജനിതകസാങ്കേതികവിദ്യാസംവാദത്തിലെ കേന്ദ്രപ്രമേയം ഇതാണ്.

രോഗാവസ്ഥയുടെ കാര്യത്തിലും ജനിതകമൗലികവാദം തെറ്റായ നിഗമനത്തിലേക്കായിരിക്കും നയിക്കുക. പാരമ്പര്യമായി ജന്മനാജീനുകളിലുണ്ടാവുന്ന തകരാറുകൾ മൂലമുള്ള രോഗങ്ങൾ വൈദ്യശാസ്ത്രത്തിൽ മുൻകാലങ്ങളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. തലമുറകളിലേക്ക് കൈമാറ്റം ചെയ്യ പ്പെടുന്ന ഇത്തരം രോഗങ്ങളെപ്പറ്റി ധാരാളം വിവരങ്ങൾ ലഭ്യമാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഹുണ്ടിംഗ് ടൺസ് രോഗം, താലസീമിയ, രക്തരോഗങ്ങളായ സിക്കിൽ സെൽ അനീമിയ തുടങ്ങിയ നിരവധി ജനിതകരോഗങ്ങളെപ്പറ്റി വിശ ദമായ വിവരങ്ങൾ ലഭ്യമാണ്. പുത്തൻ ജനിതകസാങ്കേതിക വിദ്യകളിലൂടെ ഇത്തരം രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാനോ ഉചിതമായ ചികിത്സ നൽകുന്നതിനോ വേണ്ടിയുള്ള ശ്രമങ്ങളാണിപ്പോൾ നടക്കുന്നത്.

പൊതുവിൽ പറഞ്ഞാൽ രോഗങ്ങൾ മൂന്നുഘടകങ്ങളുടെ പ്രതിപ്രവർത്തനത്തിലൂടെയാണ് പ്രകടമാവുന്നത് : ജനിതകം, പരിസ്ഥിതി, ജീവിതരീതി എന്നിവയാണ് ഈ ഘടകങ്ങൾ. രോഗത്തിന്റെ പ്രത്യേകതയനുസരിച്ച് ഇവയിലെ ഏതെങ്കിലും ഒന്നോ അതിലധികമോ ഘടകങ്ങളാവും രോഗാവസ്ഥയിലേക്ക് നയിക്കുക. ഉദാഹരണത്തിന് എയ്ഡ്‌സ് രോഗത്തിന് ജീവിതരീതി (അനിയന്ത്രിത ലൈംഗികജീവിതം, മയക്കു മരുന്നുപയോഗം) തന്നെയാണ് മുഖ്യകാരണം. ഹൃദ്രോഗത്തിന് ജനിതകം ഒരു ഘടകമാണെങ്കിലും ജീവിതരീതിക ളാണ് കൂടുതൽ പങ്ക് വഹിക്കുന്നത്. എന്നാൽ ജനിതക വൈകല്യം കൊണ്ട് മാത്രമാണ് സിസ്റ്റിക്ക് ഫൈബ്രോസിസ് (Cystic Fibrosis) എന്ന പാരമ്പര്യ ജനിതകശ്വാസകോശ രോഗമുണ്ടാവുന്നത്. ജനിതകമൗലികവാദസമീപനം സ്വീകരിക്കാതെ ഓരോ രോഗത്തിനും കാരണമായ ഘടകങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് ഉചിതമായ ചികിത്സയും നിവാരണമാർഗങ്ങളും കണ്ടെത്തുകയാണ് വേണ്ടത്.
പാരമ്പര്യമായുണ്ടാകുന്ന ജനിതകരോഗങ്ങളുടെ കാര്യ ത്തിൽ പോലും ജീവിതരീതി മാറ്റങ്ങൾക്ക് വലിയ പ്രാധാന്യ മുണ്ട്. പലപ്പോഴും സ്വകുടുംബത്തിൽപെട്ടവരെ വിവാഹം (Consanguineous Marriage) ചെയ്യുന്നവരുടെ ഇടയിലാണ് ഈ രോഗങ്ങൾ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. അതുകൊണ്ട് ഇത്തരം ജനിതകരോഗമുള്ളവരെ സ്വകുടുംബ വിവാഹം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കേണ്ടതാണ്. ഫീനൈൽ കീറ്റോൺയൂറിയ (Phenylketonuria) എന്ന ജനിതകരോഗ മുള്ളവരിൽ ഫീനൈൽ അലനൈൻ (Phenyl Alanine) എന്ന അമിനോ അമ്ലത്തിന്റെ ഉപാപചയം നടക്കില്ല. അതുകൊണ്ട് ഈ അമിനോ അമ്ലം രക്തത്തിൽ കുമിഞ്ഞുകൂടി ബുദ്ധിമാന്ദ്യമുണ്ടാവും. അതുകൊണ്ട് ഈ രോഗമുള്ളവർ ഫീനൈൽ അലനൈൻ അടങ്ങാത്ത ഭക്ഷണം കഴിച്ചാൽ രോഗപരിഹാരം കണ്ടെത്താനാവും. ശ്വാസകോശാർബുദസാധ്യത നിലനിൽക്കുന്ന ജീനുള്ള വ്യക്തി യാതൊരു കാരണവശാലും പുകവലിക്കാൻ പാടില്ല. അന്തരീക്ഷ മലിനീകരണസാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. ജനറ്റിക്ക് കൗൺസിലിംഗ് വഴി ജനിതക വൈകല്യമുള്ളവർക്ക് ഇതേ മാതൃകയിൽ ഉചിതമായ പരിഹാരമാർഗം നിർദേശിക്കേണ്ടതാണ്.

ജനിതകവിവേചനം

ജനിതകപരിശോധനയിൽ ജനിതകവൈകല്യങ്ങൾ കണ്ടെത്തുന്നവരെ പലതരത്തിലുള്ള വിവേചനങ്ങൾക്ക് (Genetic Discrimination) വിധേയരാക്കാനുള്ള സാധ്യതയാണ് ചർച്ചചെയ്യപ്പെടുന്ന മറ്റൊരു പ്രശ്‌നം. അമേരിക്കയിൽ സിക്കിൾ സെൽ അനീമിയ, ടായ് സാക്‌സ് (Tay Sachs) തുടങ്ങിയ രോഗ ങ്ങൾക്ക് കാരണമായ ജനിതകവ്യതിയാനം കണ്ടെത്തിയവരെ പല തൊഴിൽമേഖലകളിൽ നിന്നും സ്‌കൂൾ പ്രവേശനത്തിൽ നിന്നും ഒഴിവാക്കിയത് വലിയ വിവാദത്തിന് കാരണമായി. മാത്രമല്ല ഇത്തരം ജനിതകപ്രശ്‌നങ്ങൾ കണ്ടെത്തിയത് വിവേ ചനങ്ങൾക്കും പ്രാന്തവൽകരണത്തിനും വിധേയരായിക്കൊണ്ടി രിക്കുന്ന ആഫ്രിക്കൻ, അമേരിക്കൻ, ഹിസ്പാനിയൻസ് തുട ങ്ങിയ ന്യൂനപക്ഷവിഭാഗങ്ങളിൽ പെട്ടവരിലുമായിരുന്നു. ഇത്തരം ന്യൂനപക്ഷ-ദരിദ്രജനസമൂഹങ്ങൾ നേരിട്ടുവരുന്ന വിവേചനങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നതിന് ജനിതകവിദ്യ ഒരു കാരണമായിത്തീർന്നിരിക്കുകയാണ്. അതേപോലെ ഇൻ ഷൂറൻസ് കമ്പനികൾ ജനിതകവ്യതിയാനങ്ങൾ കണ്ടെത്തിയ വരിലുള്ള ഭാവിരോഗസാധ്യതകൾ കണക്കിലെടുത്ത് ഇൻ ഷൂറൻസ് പരിരക്ഷ നിഷേധിക്കുകയോ പ്രീമിയം കുത്തനെ ഉയർത്തുകയോ ചെയ്യാനുള്ള സാധ്യതയും വളർന്നുവരു ന്നുണ്ട്. ചുരുക്കത്തിൽ ജനിതകഘടനയുടെ അടിസ്ഥാന ത്തിൽ ജനിതകവിവേചനത്തിന് പല ജനവിഭാഗങ്ങളും വിധേയരാക്കപ്പെടാനുള്ള സാധ്യതകളാണ് കൂടിവരുന്നത്. രോഗമുണ്ടാക്കാൻ സാധ്യതയുള്ള ചീത്ത ജീനുകളുള്ളവരെ ഇങ്ങനെ വിവേചനത്തിലേക്കും അവകാശനിഷേധത്തിലേക്കും അവഗണനയിലേക്കും തള്ളിനീക്കുന്ന പുതിയൊരു ജനിതക ജാതിവ്യവസ്ഥ (Genetic Caste System) തന്നെ സൃഷ്ടിക്ക പ്പെട്ടുകൂടെന്നില്ല. നീതിയുക്തമല്ലാത്ത ഇന്നത്തെ വർഗവിഭജിത സമൂഹത്തിൽ ഇപ്പോൾതന്നെ നിലവിലുള്ള സാമൂഹികവൈ രുധ്യങ്ങളുടെ രൂക്ഷത വർധിപ്പിക്കാൻ ജനിതകമുന്നേറ്റം വഴിയൊരുക്കുമെന്ന് കരുതുന്ന രാഷ്ട്രീയനിരീക്ഷകരുണ്ട്.

ജനിതകസ്വകാര്യത

ഡിജിറ്റൽ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള വ്യക്തികളുടെ സ്വകാര്യതയുടെ പ്രശ്‌നവും ജനിതകസാങ്കേ തികവിദ്യയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുണ്ട്. സാമൂഹി കശൃംഖലകളിലും ഇ മെയിൽ സന്ദേശങ്ങളിലും അടങ്ങിയിട്ടുള്ള വിവരങ്ങൾ ചോർത്തിയെടുത്ത് വ്യക്തിഗതവിവരങ്ങൾ ശേഖ രിച്ച് ഭരണകൂടങ്ങൾ രാഷ്ട്രീയശത്രുക്കളെ അമർച്ച ചെയ്യാനും വൻകിടകമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾ അടിച്ചേൽപി ക്കാനും ശ്രമിക്കുന്നതുപോലെ ജനിതകവിവരങ്ങൾ ഇൻഷൂറ ൻസ് കമ്പനികളും തൊഴിൽ ദാതാക്കളും മറ്റും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. മൂത്രപരിശോധനയിലൂടെയും മറ്റും വളരെ എളുപ്പത്തിൽ ജനിതകഘടന കണ്ടുപിടിക്കുന്ന തിനുള്ള മാർഗങ്ങൾ ഇപ്പോൾ ലഭ്യവുമാണ്. വ്യക്തികളുടെ ജനിതകസ്വകാര്യത (Genetic Privacy) സംരക്ഷിക്കപ്പെടേണ്ട താണെന്ന ആവശ്യം ഡിജിറ്റൽ സ്വകാര്യതയുടെ കാര്യത്തി ലെന്നപോലെ ചർച്ചചെയ്യപ്പെട്ടുവരുന്നു. ഇപ്പോൾതന്നെ അമേരിക്കയിൽ പട്ടാളത്തിൽ ചേരുന്നവരുടെയും ബ്രിട്ടനിൽ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്ന എല്ലാവരുടെയും ഡിഎൻഎ പരിശോധന നടത്തിവരുന്നുണ്ട്.

ജീവരൂപ പേറ്റന്റിംഗ്

ജീവരൂപങ്ങളുടെ (lifeform) പേറ്റന്റാണ് മനുഷ്യരുടെയും മറ്റ് ജീവികളുടെയും ജനിതകഘടന കണ്ടെത്തിയതോടെ ഉയർന്നു വന്നിട്ടുള്ള മറ്റൊരു പ്രധാന വിവാദമേഖല. ഹ്യൂമൻ ജീനോം പ്രോജക്ട് ആരംഭിച്ച ഘട്ടത്തിൽ തന്നെ ജെയിംസ് വാട്‌സൻ ഇക്കാര്യം ഉന്നയിച്ചിരുന്നു. ജീനോം പ്രോജക്ടിന്റെ ഭാഗമായി നിർധാരണം ചെയ്യപ്പെടുന്ന ഡിഎൻഎ ഘടന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) പേറ്റന്റ് ചെയ്ത് സ്വകാര്യവൽകരിക്കരുതെന്ന നിലപാടാണ് ജെയിംസ് വാട്‌സൻ സ്വീകരിച്ചത്. മനുഷ്യജീനോം പ്രോജക്ടിന്റെ ഭാഗമായി ലഭിക്കുന്ന ജനിതകവിവരങ്ങൾ പൊതുസമൂഹത്തിന് സൗജന്യ മായി ലഭ്യമാക്കണമെന്ന അഭിപ്രായ മാണ് വാട്‌സനുണ്ടായിരുന്നത്. എന്നാൽ ആ സമയത്ത് എൻ ഐ എച്ചിലെ ശാസ്ത്രജ്ഞനായിരുന്ന ക്രെയ്ഗ് വെന്റർ ഡിഎൻഎ പേറ്റന്റിങ്ങ് വേണ മെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇതിനോട് എൻഐഎച്ച് ഡയറക്ടർ ബർണാഡൈൻ ഹീലി യോജിച്ചതോടെയാണ് വാട്‌സൻ ജീനോം പ്രോജക്ടിൽ നിന്നും രാജിവച്ചൊഴിഞ്ഞത്.

അനന്ദാ മോഹൻ ചക്രവർത്തി കടപ്പാട് വിക്കിപീഡിയ

 

അമേരിക്കയിലെ ജനറൽ ഇലക്ട്രിക്കൽസ് കമ്പനിയിൽ ശാസ്ത്രജ്ഞനായിരുന്ന കൽക്കട്ടയിൽ നിന്നുള്ള അനന്ദാ ചക്രവർത്തി താൻ രൂപകൽപന ചെയ്ത ഒരു സങ്കര ബാക്ടീരിയ പേറ്റന്റ് ചെയ്യുന്നതിനായി അമേരിക്കൻ പേറ്റന്റ് ആന്റ് ട്രേഡ് ഓഫീസിനെ സമീപിച്ചതോടെയാണ് ജീവരൂപങ്ങളുടെ പേറ്റന്റ് വിവാദം ആരംഭിക്കുന്നത്. വിവിധ ബാക്ടീരിയകളിൽ നിന്നും ശേഖരിച്ച ജനിതകഘടകങ്ങൾ ചേർത്ത് കപ്പലിൽ നിന്ന് പുറംതള്ളുന്ന എണ്ണകലർന്ന ജലമാലിന്യങ്ങളെ തിന്നു തീർക്കുന്ന ഒരു ബാക്ടിരീയയെ അനന്ദാചക്രവർത്തി സൃഷ്ടി ച്ചെടുത്തിരുന്നു. ദൈവസൃഷ്ടിയായ ബാക്ടിരീയയെ പേറ്റന്റ് ചെയ്യാനാവില്ലെന്ന് പറഞ്ഞ് പേറ്റന്റ് ഓഫീസ് അനന്ദാ ചക്രവർത്തിയുടെ പേറ്റന്റപേക്ഷ തള്ളിക്കളയുകയാണു ണ്ടായത്. എന്നാൽ പിന്നീട് അമേരിക്കൻ സുപ്രീംകോടതി ചക്ര വർത്തിക്കനുകൂലമായ വിധി പുറപ്പെടുവിച്ചു. അനന്ദാ ചക്ര വർത്തിയുടെ ബാക്ടീരിയ ദൈവസൃഷ്ടിയല്ലെന്നും മനുഷ്യന്റെ കല്പനാവൈഭത്തിന്റെ (Human Ingenuity) ഫലമാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ മനുഷ്യരുടെയും മറ്റ് ജീവി കളുടെയും ഡിഎൻഎ സീക്വൻസു കൾ അമേരിക്കയിൽ വ്യാപകമായി പേറ്റന്റ് ചെയ്യപ്പെടാൻ തുടങ്ങി. ഇതിൽ മുന്നിൽ നിന്നിരുന്നത് എൻ ഐ എച്ചിൽ നിന്നും പുറത്ത് വന്ന് സെലിറോം ജീനോമിക്‌സ്, ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് റിസർച്ച് എന്നീ ഗവേ ഷണവ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ച ക്രെയ്ഗ് വെന്ററായിരുന്നു. ഡിഎൻഎ സ്വീക്വൻസ് മാത്രമല്ല ജനിതകരോഗ നിർണയത്തിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റുകളും ഗവേഷണരീതി കളുമെല്ലാം പേറ്റന്റ് ചെയ്യപ്പെട്ടു.

പേറ്റന്റ്‌നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ജീവരൂപ പേറ്റന്റിലൂടെ നടന്നുവരുന്നത്. കണ്ടുപിടുത്തങ്ങൾ പേറ്റന്റ് ചെയ്യപ്പെടാൻ അർഹത നേടണമെങ്കിൽ പുതുമ (Novetly), സൃഷ്ടിപരത (Inventiveness), വ്യവസായ ഉപയോഗം (Industrial Application) എന്നീ മൂന്നുമാനദണ്ഡങ്ങൾ പാലിച്ചിരിക്കേണ്ട താണ്. പ്രകൃതിദത്തമായതുകൊണ്ട് ജീവികളുടെ ജനിതക ഘടനക്ക് പേറ്റന്റ് നൽകാൻ പാടില്ലാത്തതാണ്. അതു കൊണ്ടാണ് മൂലകങ്ങൾക്ക് (Elements of Nature) പേറ്റന്റ് നൽകാത്തതും. നവീന ആന്റിബയോട്ടിക്കുകളും മറ്റും ഗവേ ഷണം ചെയ്‌തെടുക്കുന്നതിനായി ബാക്ടീരിയകളുടെ ജനിത കവിവരം ലഭ്യമായിരിക്കേണ്ടതാണ്. ഭാവിയിൽ മരുന്നുഗവേ ഷണത്തിന് ആവശ്യമായി വന്നേക്കാം എന്ന കണക്കുകൂട്ടലിൽ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം വളർത്തിയ രോഗാണു ക്കളുടെ ഡിഎൻഎ ഘടന സ്വീക്വൻസ് ചെയ്ത് പേറ്റന്റ് എടുത്ത് സ്വകാര്യവൽകരിക്കുകയാണ് ക്രെയ്ഗ് വെന്ററിനെ പോലെ ജനിതകവിജ്ഞാനം വാണിജ്യവൽകരിച്ചുകൊണ്ടി രിക്കുന്നവർ ചെയ്യുന്നത്. പേറ്റന്റെടുക്കുന്ന അവസരത്തിൽ ഡിഎൻഎ സ്വീക്വൻസിന്റെ വ്യവസായ ഉപയോഗം കൃത്യ മായി അറിയാത്തതുകൊണ്ട് പേറ്റന്റ് മാനദണ്ഡത്തിന്റെ ലംഘനമാണ് ഇതുവഴി നടക്കുന്നത്. ഇതിനെ ഊഹപേറ്റന്റിങ് (speculative patenting) എന്നാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. ശാസ്ത്രപുരോഗതി കണക്കിലെടുക്കുമ്പോൾ ഇതിനെ ക്കാളെല്ലാം അപകടകരമായ മറ്റൊരു കാര്യം ഗവേഷണരീതിക ളുടെയും ഉപകരണങ്ങളുടെയും (enabling technologies) പേറ്റ ന്റിങ്ങാണ്. ഏതെങ്കിലും കമ്പനി പേറ്റന്റെടുത്ത ഗവേഷണ മാതൃകകളുപയോഗിച്ച് ബന്ധപ്പെട്ട മറ്റൊരു മേഖലയിൽ ഗവേ ഷണം നടത്താൻ ശാസ്ത്രസ്ഥാപനങ്ങൾക്കും ശാസ്ത്ര ജ്ഞർക്കും അതിഭീമമായ റോയൽറ്റി നൽകേണ്ടിവരും. ഉദാഹ രണത്തിന് പ്രസിദ്ധ ജൈവശാസ്ത്രജ്ഞൻ ഫിൽ ലെഡർ കണ്ടുപിടിച്ച മനുഷ്യകാൻസർ ജീനുകൾ സന്നിവേശിപ്പിച്ച സങ്കരഎലി (onco mouse) ഡ്യൂപോണ്ട് കമ്പനി പേറ്റന്റ് ചെയ്തി രുന്നു. പിന്നീട് മനുഷ്യകാൻസർ രോഗങ്ങളുടെ ജീനുകളുപ യോഗിച്ച് മറ്റേത് സങ്കരജീവിയെ (transgenic animal) സൃഷ്ടി ക്കുന്നതിനും ഡ്യൂപോണ്ടിന്റെ സമ്മതം വേണമെന്ന സ്ഥിതിയു ണ്ടായി. കാൻസർ ഗവേഷണം വലിയ പ്രതിസന്ധിയെ നേരിട്ടു.
അധാർമികവും വാണിജ്യവൽകരിക്കപ്പെട്ടതുമായ പേറ്റന്റ് കാലഘട്ടം ആരംഭിച്ചതോടെ ശാസ്ത്രകാരന്മാർ തമ്മിലും രാജ്യ ങ്ങൾ തമ്മിലും സഹകരിച്ചും വിജ്ഞാനങ്ങളും വിവരങ്ങളും പങ്കിട്ടും മുന്നോട്ടുപോയിക്കൊണ്ടിരുന്ന ശാസ്ത്രയുഗത്തിന്റെ അന്ത്യം അടുത്തിരിക്കുന്നുവെന്ന ആശങ്കയാണ് ഉയർന്നുവന്നി ട്ടുള്ളത്. പേറ്റന്റ് വ്യവസ്ഥവഴി ജനിതകവിജ്ഞാനം സ്വകാര്യ വൽകരിച്ചുകൊണ്ടും ജനിതകസാങ്കേതികവിദ്യയുടെ അനന്ത മായ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടും ഡ്യൂ പോണ്ട്, മൊൻസാന്റോ, ബേയർ, സീറ്റസ്, ഫൈസർ, നൊവാ ർട്ടിസ്, ഏലി ലില്ലി, ഡൗ കെമിക്കൽസ് തുടങ്ങിയ വൻകിട ബഹുരാഷ്ട്രകമ്പനികളുടെ നിയന്ത്രണത്തിൽ ഒരു ജീവ ശാസ്ത്ര വ്യവസായം (Life Science Industry) വളർന്നുവരു ന്നുണ്ട്. അധാർമിക വിപണനതന്ത്രങ്ങൾക്ക് പുറമെ ആരോഗ്യ ച്ചെലവ് അതിഭീമമായി വർധിപ്പിക്കാനും ജനിതകസാങ്കേതിക രംഗത്തേക്കുള്ള വൻകിടകമ്പനികളുടെ കടന്നുവരവ് കാരണ മായിത്തീർന്നിരിക്കയാണ്. ജീവരൂപങ്ങളുടെ പേറ്റന്റുയർത്തുന്ന ഇത്തരം നൈതിക സാമൂഹികസാമ്പത്തികപ്രശ്‌നങ്ങൾ പരിഗണിച്ചാണ് അമേരിക്ക ഒഴികെ യൂറോപ്യൻ യൂണിയൻ അട ക്കമുള്ള പലരാജ്യങ്ങളും ജീവരൂപപേറ്റന്റ് അനുവദിക്കാത്തത്. ഇന്ത്യയിൽ 2005ൽ പേറ്റന്റ് ഭേദഗതിക്കായി സർക്കാർ അവത രിപ്പിച്ച നിയമത്തിൽ ജീവരൂപപേറ്റന്റിന് അനുമതി നൽകാനുള്ള വ്യവസ്ഥകളുണ്ടായിരുന്നു. ഇടതുപക്ഷ എം.പിമാരുടെ എതിർപ്പിനെ തുടർന്ന് ഇക്കാര്യം വിശദമായി പരിശോധിക്കുന്ന തിനായി ഒരു കമ്മിറ്റിക്ക് വിടുകയാണുണ്ടായത്.

ആഞ്ചലിന ജോളി നൽകുന്ന സന്ദേശം

ലോകപ്രശസ്ത ഹോളിവുഡ് സിനിമാതാരം ആഞ്ചലിന ജോളി (Angelina Jolie) സ്തനാർബുദം തടയുന്നതിനായി തന്റെ ഇരുസ്തനങ്ങളും ശസ്ത്രക്രിയവഴി നീക്കം ചെയ്തത് വലിയ ചർച്ചക്ക് വഴിതുറക്കുകയുണ്ടായി. ആഞ്ചലിനയുടെ ധീരമായ തീരുമാനത്തെ മിക്ക മാധ്യമങ്ങളും സ്വാഗതം ചെയ്യുകയും വാഴ്ത്തു കയും ചെയ്തു. സ്വന്തം ഭാവി നിശ്ചയിക്കുന്നതിൽ ആഞ്ചലിന പ്രകടിപ്പിച്ച നിശ്ചയദാർഢ്യത്തെ സ്വാഗതം ചെയ്തും പുകഴ്ത്തിക്കൊണ്ടുമുള്ള ലേഖനങ്ങളും മുഖപ്രസംഗങ്ങളും ലോകമെമ്പാടുമുള്ള നിരവധി പത്രമാസികകൾ പ്രസിദ്ധീകരിക്കുക യുണ്ടായി. ഒട്ടനവധി ചാനൽ ചർച്ചകളും നടന്നു. അനിവാര്യ മായ വിധിയെ പഴിക്കാതെ അസാമാന്യമായ ചങ്കൂറ്റത്തോടെ പ്രത്യാഘാതങ്ങളെ തൃണവൽഗണിച്ച് അപകടസാധ്യത ഏറെയുള്ള ശസ്ത്രക്രിയയിലൂടെ തന്റെ നിയതി നിശ്ചയിക്കുന്നതിൽ ആഞ്ചലിന കാട്ടിയ പ്രത്യുൽപന്നമതിത്വം ധീര വനിതയെന്ന പ്രതിച്ഛായ അവർക്ക് നൽകിയിട്ടുണ്ട്.

ആഞ്ചലിന ജോളി

ബിആർസിഎ1 എന്ന അർബുദ സാധ്യതയുള്ള ജീൻ ആഞ്ചലിനയുടെ ജനിതകഘടനയിലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സ്തനംനീക്കൽ ശസ്ത്രക്രിയക്ക് വിധേയയാവാൻ ആഞ്ചലിന തീരുമാനിച്ചത്. ബിആർസിഎ1 ജീൻ ശരീരത്തിൽ വഹിക്കുന്നവരിൽ സ്തനാർബുദവും അണ്ഡാശയ കാൻസറും (Breast Ovarian Cancer Syndrome) ഉണ്ടാവാൻ സാധ്യതയുണ്ട്. ആഞ്ചലിനയുടെ അമ്മ അണ്ഡാശയകാൻസർ ബാധിച്ച് അൻപത്തിയാറാം വയസ്സിൽ മരിച്ചിരുന്നു. ആഞ്ചലിനയുടെ ഒരു അമ്മായിയും അടുത്തയിടെ അണ്ഡാശയ കാൻസർ മൂലം മരിക്കുകയുണ്ടായി. നേരത്തെ അവർക്ക് സ്തനാർബുദവും ബാധിച്ചിരുന്നു. തന്റെ അടുത്ത ബന്ധുക്കളുടെ ഗതി തനിക്കും വരരുതെന്ന് നിർബന്ധമുള്ളതു കൊണ്ടാണ് താൻ ശസ്ത്രക്രിയക്ക് വിധേയയായതെന്ന് ആഞ്ച ലിന വ്യക്തമാക്കിയിരുന്നു. കുടുംബചരിത്രം കൂടിയുള്ളതു കൊണ്ട് കാൻസർ ജീൻ കണ്ടെത്തിയതിനെ തുടർന്ന് ആഞ്ച ലിനക്ക് ഭാവിയിൽ സ്തനാർബുദത്തിന് 87 ശതമാനവും അണ്ഡാശയകാൻസറിന് 50 ശതമാനവും സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്. ശസ്ത്രക്രിയ നടത്തിയതോടെ കാൻസർസാധ്യത പൂർണമായും ഒഴി വാക്കാനായിട്ടില്ലെങ്കിലും അഞ്ച് ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞതായി കരുതപ്പെടുന്നു.

കാൻസർ ജീനുകൾ

ബിആർസിഎ 1, 2 (Breast Cancer Susceptibility Genes) എന്നീ ജീനുകൾ യഥാക്രമം ക്രോമസോം 17ലും 13ലുമാണ് സ്ഥിതിചെയ്യുന്നത്. ഈ ജീനുകൾ സാധാരണഗതിയിൽ കോശങ്ങളുടെ അനിയന്ത്രിതമായ വിഭജനത്തെ തടയുക യാണ് ചെയ്യുക. കാൻസർരോഗം അനവസരത്തിലും അനി യന്ത്രിതമായുമുണ്ടാവുന്ന കോശവിഭജനത്തെ തുടർന്നാണു ണ്ടാവുന്നത്. അതുകൊണ്ട് ഈ ജീനുകളെ കാൻസർനിയന്ത്ര ണജീനുകൾ (Tumour Suppressor Genes) എന്നാണ് വിളിക്കുക. ഇവയുടെ ജനിതകഘടനയിലുണ്ടാകുന്ന ചില വ്യതിയാനങ്ങൾ (Mutations) അവയുടെ സ്വഭാവത്തിൽ മാറ്റം വരുത്തുകയും കോശവിഭജനത്തെ നിയന്ത്രിച്ചുനിർത്തുക എന്ന കടമ നിർവ ഹിക്കുന്നത് തടയുകയും ചെയ്യുന്നു. ബിആർസിഎ 1, 2 ജീനു കൾ കാൻസർരോഗത്തിലേക്ക് നയിക്കുന്നതങ്ങനെയാണ്. ഈ ജീനുകൾ അവയുടെ പ്രകൃതിദത്ത സ്വാഭാവികരൂപത്തി ലല്ല മറിച്ച് വ്യതിയാനരൂപങ്ങളിലാണ് കാൻസറിന് കാരണ മാവുന്നതെന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്. കാൻസറി ലേക്ക് നയിക്കാവുന്ന മറ്റൊരു തരം ജീനുകളാണ് ഓങ്കോ ജീനുകൾ (Oncogenes). ഇവ സാധാരണഗതിയിൽ പ്രവർത്ത നക്ഷമങ്ങളല്ല. എന്നാൽ മറ്റ് അനുബന്ധ ജീനുകളിൽ വ്യതി യാനം സംഭവിക്കുമ്പോഴോ പരിസരകാരണങ്ങളാലോ (വൈ റസ് രോഗാണുബാധ, റേഡിയേഷൻ, അന്തരീക്ഷമലിനീക രണം) ഇവ പ്രവർത്തനോന്മുഖങ്ങളാവുന്നു. കോശങ്ങളുടെ പൂർവനിശ്ചിതാന്ത്യത്തെ (Programmed Cell Death – Apostasis) നിഷ്‌ക്രിയമാക്കി കോശങ്ങളെ അനിയന്ത്രിതവളർച്ചയിലേക്കും വിഭജനത്തിലേക്കും നയിക്കുന്നതുവഴിയാണ് ഓങ്കോജീനുകൾ കാൻസർരോഗത്തിന് കാരണമാവുന്നത്.

ആഞ്ചലിന ജോളിയുടെ സ്തനംനീക്കൽ ശസ്ത്രക്രിയ വ്യക്തിതലത്തിൽ നീതീകരിക്കപ്പെടാമെങ്കിലും അതിന്റെ ധാർമികവും വൈദ്യശാസ്ത്രപരവുമായ പ്രത്യാഘാതങ്ങൾ ജനിതകസാങ്കേതികവിദ്യ മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷകളുടെയും ആശങ്കകളുടെയും പശ്ചാത്തലത്തിൽ സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. വികസിതരാജ്യങ്ങളിൽ സ്തനാർബുദ ബാധിതരുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. എന്നാൽ ഇതിൽ 5 മുതൽ 10 ശതമാനംവരെ വരുന്ന വളരെ ചെറിയ വിഭാഗത്തിൽ മാത്രമാണ് ബിആർസിഎ കാൻസർ ജീനുകളുള്ളത്. സ്തനാർബുദത്തിനുള്ള പ്രധാന കാരണം അമിത വണ്ണം, രക്തത്തിൽ കോളസ്റ്ററോളിന്റെ അമിത അളവ്, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണരീതികൾ, ആർത്തവവിരാമത്തിന് ശേഷം ഹോർമോൺ ചികിത്സക്കായി ഈസ്റ്ററോജൻ (Esterogen) അമി തമായി ഉപയോഗിക്കൽ, അമിത മദ്യപാനം, പ്രായമേറെ കഴിഞ്ഞുള്ള പ്രസവം തുടങ്ങിയവയാണ്. മുപ്പതുവയസ്സിനു മുകളിലുള്ളവർ ജീവിതരീതി ക്രമീകരിച്ച് സ്തനാർബുദത്തി നുള്ള ഇത്തരം സാധ്യതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം സ്വയം സ്തനപരിശോധന (Breast Self Examination), മാമോഗ്രാം (Mammogram), ആവശ്യമെങ്കിൽ എം ആർഐ സ്‌കാൻ തുടങ്ങിയവ പതിവായി നടത്തുകയും വേണം.

സ്തനാർബുദത്തിനുള്ള സാമൂഹികവും ജീവരീതിപരങ്ങളുമായ പ്രധാന കാരണങ്ങൾ അവഗണിക്കപ്പെടാനും ബിആർ സിഎ ജീനുകളാണ് പ്രധാന കാരണമെന്ന തെറ്റായ ധാരണ പ്രചരിക്കാനും ആഞ്ചലിനയുടെ ശസ്ത്രക്രിയ പരോക്ഷമായി കാരണമായിട്ടുണ്ട്. ജനിതകവിദ്യയുടെ ധാർമികപ്രത്യാഘാത ങ്ങൾ പരിശോധിക്കുന്ന അവസരത്തിൽ പിൽകാലത്ത് വളർ ന്നുവരാനിടയുള്ള അനഭിലഷണീയമായ പ്രവണതകളിൽ പ്രധാനപ്പെട്ടതായി പലരും ചൂണ്ടിക്കാട്ടിയിരുന്നത് സ്തനാർ ബുദം തടയുന്നതിനായി നടത്താനിടയുള്ള പ്രതിരോധ ശസ്ത്രക്രിയയായിരുന്നു എന്നതാണ് അസ്വസ്ഥതയുണ്ടാ ക്കുന്ന കാര്യം. ഭയപ്പെട്ടിരുന്നത് തന്നെയാണ് നിർഭാഗ്യവ ശാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും. ആഞ്ചലിന ജോളിയുടെ സ്തനശസ്ത്രക്രിയയെ തുടർന്ന് മധ്യവയസ്‌ക രായ സ്ത്രീകൾ ബിആർസിഎ സ്‌ക്രീനിങ്ങിനായും ജീൻ കണ്ടെ ത്തിയിട്ടുള്ളവർ സ്തനശസ്ത്രക്രിയക്കുമായി ക്യൂ നിന്ന് തുടങ്ങിയിരിക്കയാണ്. ബിആർസിഎ ജീനുകൾ ഉണ്ടെന്നതു കൊണ്ട് മാത്രം സ്തനാർബുദം ഉണ്ടാവണമെന്നില്ലെന്നും അതൊരു കേവലസാധ്യത മാത്രമാണെന്നും വിദ്യാസമ്പന്ന രെങ്കിലും ജനിതകസാക്ഷരത തീരെയില്ലാത്ത പൊതുസമൂഹ ത്തിനറിഞ്ഞുകൂടെന്നതാണ് വസ്തുത. വികസിതരാജ്യങ്ങ ളിലെ സ്ഥിതി ഇതാണെങ്കിൽ സ്തനാർബുദം വർധിച്ചുവരുന്ന ഇന്ത്യപോലുള്ള പിന്നാക്കരാജ്യങ്ങളുടെ സ്ഥിതി എന്തായിരി ക്കുമെന്ന് ഊഹിക്കാമല്ലോ.

ബിആർസിഎ ജീനുകൾ കണ്ടെത്തുന്നവരിൽ ശസ്ത്രക്രി യക്ക് വിധേയരാക്കേണ്ടവരെ സംബന്ധിച്ചുള്ള ചികിത്സാമാന ദണ്ഡങ്ങളൊന്നും ഇതുവരെ ആവിഷ്‌കരിക്കപ്പെട്ടിട്ടുമില്ല. സ്തന ശസ്ത്രക്രിയ കഴിഞ്ഞാൽ കൃത്രിമസ്തനം വച്ചുപിടിപ്പി ക്കുന്നതിനുള്ള ശസ്ത്രക്രിയയും നടത്തേണ്ടിവരും. വലി യൊരു ശസ്ത്രക്രിയാവ്യവസായത്തിനുള്ള സാധ്യതയാണ് സ്തനാർബുദഭീതി പടർത്തിയിട്ടുള്ളത്. ബിആർസിഎ സ്‌ക്രീനിങ്ങും തുടർന്നുള്ള സ്തനം നീക്കംചെയ്യൽ ശസ്ത്ര ക്രിയയും കൃത്രിമസ്തനം വച്ചുപിടിപ്പിക്കലുമെല്ലാം വാഗ്ദാനം ചെയ്തുകൊണ്ടുള്ള കോർപറേറ്റ് ആശുപത്രികളുടെ പത്ര പ്പരസ്യങ്ങൾ താമസിയാതെ വന്നാൽ അത്ഭുതപ്പെടാനില്ല. രോഗ ങ്ങൾക്ക് അടിസ്ഥാനമായ ജീനുകളെ കണ്ടെത്തുന്നതനുസ രിച്ച് നിരവധി രോഗങ്ങൾക്കുള്ള ജനിതകസ്‌ക്രീനിങ്ങിനുള്ള കൂടുതൽ ടെസ്റ്റുകൾ ലഭ്യമാവും. സ്‌ക്രീനിങ്ങ് ടെസ്റ്റുകൾ മാർ ക്കറ്റ് ചെയ്യുന്ന കമ്പനികൾ കൂടുതലാളുകളെ ടെസ്റ്റുകളെടുപ്പി ക്കാൻ പ്രേരിപ്പിക്കുന്നതിനായി പരസ്യകലയുടെ എല്ലാ തന്ത്ര ങ്ങളും പ്രയോഗിക്കും. ആഞ്ചലിന ജോളിയുടെ ശസ്ത്രക്രിയക്ക് കിട്ടിയ പ്രചാരം ഈ പ്രവണതകളെയെല്ലാം കൂടുതൽ ശക്തി പ്പെടുത്താനാണ് സാധ്യത. കുടുംബത്തിൽ അമ്മയടക്കം പല ർക്കും കാൻസർ രോഗമുണ്ടായിരുന്ന സാഹചര്യത്തിലും ബിആർസിഎ ജീൻ കണ്ടെത്തിയതുകൊണ്ടും സ്തനങ്ങൾ നീക്കം ചെയ്യാനെടുത്ത ആഞ്ചലിനയുടെ തീരുമാനത്തിന് വൈദ്യശാസ്ത്രപരമായി ന്യായീകരണമുണ്ടെന്ന് തോന്നാവുന്ന താണ്. എന്നാൽ ജനിതകസ്‌ക്രീനിങ്ങ് നടത്തി കാൻസർ സാധ്യതയുള്ളതും എന്നാൽ രോഗം ബാധിച്ചിട്ടില്ലാത്തതു മായ അവയവങ്ങൾ ശസ്ത്രക്രിയവഴി നീക്കം ചെയ്യാമോയെ ന്നത് വൈദ്യശാസ്ത്രപരമായ ധാർമികതയുടെ അടിസ്ഥാന ത്തിൽ പരിശോധിച്ച് ഇതുവരെ തീരുമാനമെടുക്കാത്ത കാര്യ മായി അവശേഷിക്കയാണ്. ഇത്തരം സാഹചര്യങ്ങളിൽ കാൻ സർ ജീനുള്ളവർ പതിവായി സ്തനപരിശോധന നടത്തുകയും രോഗം ബാധിച്ചുവെന്ന് കണ്ടാൽ കുറേക്കൂടി കാർക്കശ്യം കുറഞ്ഞ ശസ്ത്രക്രിയാരീതികളും റേഡിയേഷൻ, കീമോ തെറാപ്പി തുടങ്ങിയ ചികിത്സകളും സ്വീകരിക്കുന്നതുമാണ് കൂടുതൽ ഉചിതമെന്ന് പല കാൻസർവിദഗ്ധരും അഭി പ്രായപ്പെടുന്നുണ്ട്.

കാൻസർചികിത്സകനായ സിദ്ധാർത്ഥ മുഖർജിയുടെ സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടുവരുന്ന വിഖ്യാതമായ പുസ്തകത്തിൽ (The Emperor of All Maladies : A Biography of Cancer) സ്തനാർബുദചികിത്സയുടെ ചരിത്രം ചർച്ച ചെയ്യുന്നുണ്ട്. ആദ്യകാലത്ത് കാൻസർഭാഗം മാത്രം നീക്കം ചെയ്യുന്ന മുഴനീക്കൽ ശസ്ത്രക്രിയയാണ് (Lumpectomy) നടത്തിയിരുന്നത്. പിന്നീട് രോഗം ബാധിച്ച സ്തനം നീക്കം ചെയ്തുതുടങ്ങി (Simple Mastectomy). കാൻസർ മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനും വ്യാപിച്ച ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനുമായി നെഞ്ചിലെ മാംസ ഭാഗങ്ങളും ലസികാഗ്രന്ഥികളും (Lymph Nodes) മറ്റും മുറിച്ച് മാറ്റുന്ന, കൂടുതൽ തീവ്രതരങ്ങളായ (Radical and Supra Radical Mastectomy) ശസ്ത്രക്രിയാരീതികൾ പിൽകാലത്ത് ആവിഷ്‌കരിക്കപ്പെട്ടു. ഇതിനിടെ കാൻസർചികിത്സക്കായി ഫലപ്രദമായ റേഡിയേഷൻചികിത്സകളും നവീന ഔഷധ ങ്ങളും പ്രയോഗത്തിൽ വന്നു. തീവ്രശസ്ത്രക്രിയകളുടെ സ്ഥാനത്ത് പരിമിതമായ ശസ്ത്രക്രിയ + റേഡിയേഷൻ + കീമോതെറാപ്പി എന്ന ചികിത്സാപദ്ധതി നിലവിൽവന്നു. അതോടെ ശാരീരികവൈകല്യവും വിരൂപതയുമുണ്ടാക്കുന്ന ശസ്ത്രക്രിയാരീതികൾ ഉപേക്ഷിക്കപ്പെട്ടു. ജനിതകയുഗ ത്തിൽ ശസ്ത്രക്രിയകൾ കൂടുതൽ പരിമിതപ്പെടുമെന്നാണ് കരുതപ്പെട്ടിരുന്നത്. നിർഭാഗ്യവശാൽ കാൻസറിന്റെ ജനിത കസ്‌ക്രീനിങ്ങ് വന്നതോടെ രോഗം ബാധിക്കുകപോലും ചെയ്യാത്ത അവയവങ്ങൾ നീക്കം ചെയ്യുന്നതിലേക്കാണ് വൈദ്യ ശാസ്ത്രം നീങ്ങിക്കൊണ്ടിരിക്കുന്നത്. രോഗമുണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക-പരിസരജീവിതരീതിഘടകങ്ങളെ അവഗണിച്ചുകൊണ്ട് രോഗകാരണങ്ങളെല്ലാം ജീനിലേക്ക് ന്യൂനീകരിച്ച് കാണുന്ന ജനിതകമൗലികവാദപരമായ (Genetic Fundamentalism) സമീപനമാണിത്.

സ്തനം നീക്കംചെയ്യൽ നിർദോഷമായ ശസ്ത്രക്രിയയ ല്ലെന്ന കാര്യവും ഓർത്തിരിക്കേണ്ടതാണ്. പത്തുമണിക്കൂറോളം സമയമെടുത്താണ് ആഞ്ചലിനയുടെ ഇരുസ്തനങ്ങളും നീക്കം ചെയ്തത്. ഇനി ഇതേപോലെ നീണ്ടുനിൽക്കുന്ന മറ്റൊരു ശസ്ത്രക്രിയക്കും വിധേയയാവേണ്ടിവരും. ദീർഘസമയം അനസ്‌തേഷ്യ വേണ്ടിവരുന്ന മറ്റേതൊരു സങ്കീർണശസ്ത്ര ക്രിയയെയും പോലെ ജീവാപായം, രോഗാണുബാധ തുട ങ്ങിയ ഗുരുതരമായ അപകടസാധ്യതകളുള്ള ശസ്ത്രക്രിയ കളാണിവ. അതിഭീമമായ ചെലവും വഹിക്കേണ്ടിവരും. ആഞ്ചലിന ജോളിയെ പോലുള്ള ഒരു സെലിബ്രിറ്റി ഇത്തര ത്തിലൊരു ശസ്ത്രക്രിയക്ക് വിധേയയാവുകയും അതിന് വലിയ പ്രചാരം ലഭിക്കുകയും ചെയ്യുമ്പോഴുള്ള സാമൂഹിക പ്രത്യാഘാതങ്ങൾ വളരെ വലുതാണ്; പ്രത്യേകിച്ച് അതൊരു സ്ത്രീസ്വാതന്ത്ര്യപ്രഖ്യാപനമായി വാഴ്ത്തപ്പെടുകകൂടി ചെയ്യുമ്പോൾ. തന്റെ നിയതി താൻ തന്നെ നിശ്ചയിക്കുന്നതിൽ ആഞ്ചലിന ജോളി കാട്ടിയ നിശ്ചയദാർഢ്യത്തെ അഭിനന്ദി ക്കുമ്പോൾ അവർ ജനിതകനിർണയവാദത്തിന്റെ (Genetic Determinism) അടിമയായി അറിയാതെ മാറുകയായിരുന്നു വെന്ന സത്യം വിസ്മരിക്കപ്പെടുകയാണ്. അതോടൊപ്പം അനാവശ്യശസ്ത്രക്രിയകളുടെ വലിയൊരു ലോകം തുറന്നു കൊണ്ട് വൈദ്യശാസ്ത്രത്തിന്റെ വാണിജ്യവൽകരണപ്രവണ തകൾ കൂടുതൽ ശക്തിപ്പെടുത്താനും ഈ സംഭവം കാരണ മാവുന്നുണ്ട്. വൈദ്യശാസ്ത്രനൈതികതയുടെയും സാമൂഹിക പ്രത്യാഘാതങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധി ക്കുമ്പോൾ ആഞ്ചലിന ജോളിയുടേത് വളരെ തെറ്റായ മാതൃക യാണെന്നും അവർ സമൂഹത്തിന് നൽകുന്നത് അപകടകരമായ സന്ദേശവുമാണെന്നും പറയേണ്ടിയിരിക്കുന്നു.
ജനിതകസാങ്കേതികവിപ്ലവം മനുഷ്യരാശിക്ക് മുന്നിൽ ഒട്ടന വധി സാധ്യതകൾ തുറന്നു തന്നിരിക്കയാണ്. ആരോഗ്യം, പരി സ്ഥിതി, വ്യവസായം, കൃഷി തുടങ്ങിയ നിരവധി മേഖലകളിൽ വമ്പിച്ച പരിവർത്തനത്തിനുള്ള സാധ്യത ജനിതകവിപ്ലവം ലഭ്യമാക്കുന്നു. സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതോ ടൊപ്പം ജനിതകവിപ്ലവം സൃഷ്ടിക്കാനിടയുള്ള നൈതികവും, സാമൂഹികവും, സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ കൂടി പരിഗണിക്കേണ്ടതാണ്.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച വൈദ്യശാസ്ത്രമഞ്ജരി പുസ്തകക്കിറ്റിലെ വൈദ്യവും സമൂഹവും – എന്ന പുസ്തകത്തിൽ നിന്നും

അധികവായനയ്ക്ക്

1. Angus Clerk and Flo Ticehurst (Edited), Living with the Genome : Ethical and Legal aspects of the Human Genetics, Pagrave Macmillan, New York, 2006.
2. Brian Tokar (Edited), Redesigning Life? The World wide Challenge to Genetic Engineering, Zed Books, London, 2001.
3. Francis Collins, The Language of Life : DNA and The Revolution in Personalised Medicine, Harper Perennial New York, 2010.
4. Gary Zweiger : Transducing the Genome: Tata McGraw-Hill, New York, 2003.
5. James D Watson, DNA : The Secret of Life, Arrow Books, Ransom House, London, 2004.
6. John Sulston, Georgina Ferry, The Common Thread : A story of Science, Politics, Ethics and the Human Genome : The Joseph Henry Press, Washington DC, 2001.
7. Robert H Carlson, Biology is Technology : The promise, peril and the new business of engineering life, Harward Universtiy Press, London, 2010
8. Siddhartha Mukherjee, The Emperor of All Maladies : A Biography of Cancer, Scribner, New York, 2010.
9. Stephen P McGriffen, Biotechnology Corporate Power versus the Public Interest, Pluto Press London, 2005
10. പ്രൊഫ.എം.ശിവശങ്കരൻ, മനുഷ്യന്റെ പുസ്തകം, ഡി സി ബുക്‌സ്, കോട്ടയം, 2001.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രളയപാഠങ്ങള്‍
Next post ഡാമും ജലനിരപ്പും – പദാവലി
Close