Read Time:13 Minute

തീരാത്ത അത്ഭുതങ്ങളുടെ ലോകമാണ് കടൽ. മത്സ്യം, ഞണ്ട്, കൊഞ്ച് (കക്ക വർഗം), ആമ, തിമിംഗലം തുടങ്ങി ഒട്ടനവധി ജീവ ജാതികളുടെയും പലതരം സസ്യവിഭാഗങ്ങളുടെയും ആവാസസ്ഥലം കൂടിയാണ് ഈ വിസ്മയലോകം അമുല്യമായ ഒരു ജൈവവൈവിധ്യക്കലവറ.

കടൽജീവികളെ ആഹരിച്ച്, വിജനമായ തീരങ്ങളിലും ദ്വീപുകളിലും പ്രജനനം നടത്തി കഴിഞ്ഞു കൂടുന്നവയാണ് കടൽപ്പക്ഷികൾ. എന്നാൽ ആളകൾ കരയിലും കടലിലുമായി ജീവിക്കുന്നു.

കടൽപ്പക്ഷികൾ

കടലിലെ അത്ഭുതങ്ങളിലൊന്നാണ് പക്ഷികൾ. കടലിനു മുകൾപ്പരപ്പിലൂടെ സഞ്ചരിക്കു ന്ന സീബേർഡ്‌സ്‌ അഥവാ പെലാജിക് ബേർഡ്‌സ്‌ (seabirds/ pelagic birds) വിഭാഗത്തിൽപ്പെടുന്ന പക്ഷികൾ പ്രജനനത്തിനുമാത്രം കരയിലെത്തുന്നവയാണ്. ആഴിപ്പരപ്പിന്റെ അനന്തതയിൽ അതിജീവിക്കാൻ ആവശ്യമായ ഒരുപാട് അനുകൂലനങ്ങൾ (adaptations) പരിണാമത്തിലൂടെ ആർജിച്ചെടുത്തവയാണ് കടൽപ്പക്ഷികൾ.

അനേകദൂരം അനായാസം പറക്കാൻ സാധ്യമാകുന്നതിന് പറ്റിയ നീണ്ട ചിറകുകൾ, ഒഴുകിപ്പറക്കാനും വായുവിലൂടെ ഊളിയിടാനും തെന്നിപ്പറന്ന് ഇഷ്ടമുള്ള ഭാഗത്തേക്ക് ദിശ മാറ്റാനുമൊക്കെയുള്ള മെയ്‌വഴക്കം, ഉയരങ്ങളിൽ സഞ്ചരിക്കുമ്പോഴും മത്സ്യസാന്നിധ്യം തിരിച്ചറിയാനുള്ള അപാരമായ കാഴ്ചശക്തി, ജലനിരപ്പിന് സമാന്തരമായി പറന്നോ ജലത്തിലേക്ക് ആഴ്ന്നിറങ്ങിയോ ഇരപിടിക്കാനുള്ള പാടവം എന്നിവ ഇവയുടെ പ്രത്യേകതകളാണ്.

ആളകളുടെ പ്രത്യേകതകൾ

പൂർണ അർഥത്തിൽ കടൽപ്പക്ഷി വിഭാഗത്തിൽ പെടാത്ത പക്ഷികളുണ്ട്. തീരംവിട്ട് വളരെ അകലേക്ക് സഞ്ചരിക്കുമെങ്കിലും വിശ്രമത്തിനാ യി ഇവ തീരത്തണയും. ഇങ്ങനെ കടലിലും കരയിലുമായി ജീവിതം കഴിച്ചുകൂട്ടുന്ന പക്ഷികളിൽ പ്രധാന ഇനമാണ് ആളുകൾ (Terms). ലാറിഡെ കുടുംബത്തിൽ (Family : Laridae) ഉൾപ്പെടുന്ന പക്ഷികളാണ് ആളകൾ. കടൽക്കാക്കകളും (gulls) ഈ കുടുംബത്തിൽപെടുന്നു. ലോകത്താകെ പതിനൊന്നു ജനുസ്സുകളിലായി (genus) 46 സ്പീഷീസ് (species) ആളകളെ കണ്ടെത്തിയിട്ടുണ്ട്. ഉത്തരധ്രുവത്തിൽ പ്രജനനം നിർവഹിച്ച് ദക്ഷിണധ്രുവത്തിലേക്ക് ദേശാടനം നടത്തുന്ന ആർട്ടിക് ടേൺ (Artic Tern) ഇതിലെ അംഗമാണ്. വർഷത്തിൽ ശരാശരി 70,900 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ പക്ഷിയാണ് ദീർഘദൂര ദേശാടകരിൽ ഒന്നാമൻ. ഉത്തരധ്രുവത്തിൽനിന്ന് ആഫ്രിക്കയുടെ പടിഞ്ഞാറെ തീരം വഴി കടന്നുപോകുന്ന ആർട്ടിക് ടേണിനെ പക്ഷേ, നമ്മുടെ നാട്ടിൽ കാണാനാവില്ല.

ആർട്ടിക് ടേൺ (Artic Tern)

പൊതുവേ, തൂവെള്ള നിറമുള്ള പക്ഷികളാണ് ആളകൾ. അധികം തടിയില്ലാത്ത മെലിഞ്ഞുനീണ്ട ശരീരം. അറ്റം ഫോർക്കിന്റെ (fork) ആകൃതിയിലുള്ള നീണ്ടവാൽ. അടിവശം നല്ല വെള്ളനിറം, പുറംഭാഗത്തെ ഇളം ചാരവർണം, തലയിൽ മുകൾവശം മാത്രം മൂടത്തക്കവിധം ദീർഘവൃത്താകൃതിയിൽ ചെറിയൊരു കറുത്ത ‘തൊപ്പി. മഞ്ഞ, കറുപ്പ്, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലാണ് കൊക്ക്. എല്ലാ ആളകളും അച്ചിൽ വാർത്തെടുത്തപോലെ ഒരേ രൂപത്തിലാണ്. നീണ്ട്, വീതികുറഞ്ഞ് അറ്റം കുർത്ത ചിറക്. നീണ്ടകൊക്ക്. നീളം കുറഞ്ഞ കാൽ. ചർമബന്ധിതമായ വിരൽ, തൂവൽക്കുപ്പായത്തിൽ കാണുന്ന നിറവ്യത്യാസം, കൊക്കിന്റെയും കാലിന്റെയും വർണം, വലിപ്പം എന്നിവ നോക്കിയാണ് ഓരോന്നിനെയും തിരിച്ചറിയുക.

Sooty Tern കറുത്ത കടലാള Photo Credit : Bijoy K. I.
കേരളത്തിലെ ആളകൾ

പതിനെട്ടു സ്പീഷീസ് ആളകളെ കേരളത്തിൽ കാണാൻ കഴിയും. ഇവയിൽ ഒന്നാണ് വലിയ കടലാള (Greater crested tern). ഇതി ന്റെ തലയിൽ സാധാരണ ആളകൾക്കു കാ ണുന്ന കറുത്ത തൊപ്പിയോടുചേർന്ന്  പിന്നിലേക്കു ചൂണ്ടിനില്ക്കുന്ന മുടിപോലെ കുറച്ച് തൂവലുകൾ കൂടിയുണ്ട്. ‘ക്രെസ്റ്റ്’ (crest) എന്നാണ് തലയിൽക്കാണുന്ന ഇത്തരം തൂവലുകളെ വിളിക്കുക. അതിനാൽ, ഇവയെ ‘ക്രെസ്റ്റഡ് ടേൺ’ എന്നു വിളിക്കുന്നു. ഇവയുടെ നെറ്റി, മുഖം, കഴുത്ത്, തൊണ്ട, മാറിടം, വയർ ഇവയെല്ലാം തൂവെള്ളയാണ്. ചിറകും വാലും പുറവും ചാരനിറവും. നീളം കൂടിയ ചിറകായതിനാൽ, പറക്കുമ്പോൾ വലിയ പക്ഷിയെപ്പോലെ തോന്നും. വലിയ കടലാളയെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന അടയാളം കൊക്കാണ്. പച്ച കലർന്ന മഞ്ഞക്കൊക്ക്. നീണ്ട് അറ്റംകുർത്ത കൊക്ക് അല്പം താഴോട്ട് വളഞ്ഞിരിക്കും. തീരത്തോടടുത്തുകിടക്കുന്ന ജലാശയങ്ങളിൽ കാണുമെങ്കിലും പ്രധാനമായും കാണുന്നത് കടൽത്തീരത്തുതന്നെ. പ്രത്യേകിച്ച്, വടക്കൻ കേരളത്തിൽ. തെക്കൻ കേരളത്തിൽ അപൂർവമായി മാത്രം കാണുന്ന പക്ഷിയാണ് വലിയ കടലാള.

വലിയ കടലാളയുടെ ശബ്ദം കേൾക്കാം

ഒരു കടലുണ്ടി ആളയും ചെറിയ കടലാളകളും – കണ്ണൂരിൽ നിന്നുള്ള ദൃശ്യം ഫോട്ടോ : Sandeep Gangadharan

കാണപ്പെടുന്ന ഇടങ്ങൾ

ഇന്ത്യയുടെ പടിഞ്ഞാറൻ തീരം, ആഫ്രിക്കയുടെ കിഴക്കൻ തീരം, ഓസ്ട്രേലിയ, ന്യൂസിലൻഡ് തീരങ്ങൾ, ഇവയ്ക്കിടയിൽ പരന്നുകിടക്കുന്ന ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നിവിടങ്ങളിൽ മാത്രമാണ് ലോകത്ത് വലിയ കടലാളയെ കാണുന്നത്. കടൽത്തിരത്തും വിജനമായ ദ്വീപുകളിലും നിലത്ത് ഒരുമിച്ച് കോളനിയായാണ് ഇവ കൂടൊരുക്കുക. കുഞ്ഞുങ്ങൾ പറക്കാറാവുന്ന തോടെ പ്രജനനകേന്ദ്രങ്ങൾ വിട്ട് ഇവ തീരങ്ങളിലേക്ക് ദേശാടനം തുടങ്ങും. പ്രജനനകാലമൊഴിച്ച് മറ്റെല്ലാകാലത്തും തീരപ്രദേശങ്ങളിൽ ഇവയെ കാണാം.

വലിയ കടലാളകൾ കാണപ്പെടുന്ന ഇടങ്ങൾ

മെയ്, ജൂൺ മാസങ്ങളാണ് ഇവയുടെ പ്രജനനകാലം. ഇന്ത്യൻതീരത്ത് ഇവ കൂടുകെട്ടാറില്ല. ഇതിന് അഞ്ച് ഉപസ്പീഷീസുകളുണ്ട് (sub-species). ഇന്ത്യയുടെ തീരത്തോടടുത്തുകിടക്കുന്ന ദ്വീപുകളിലും ആഫ്രിക്കൻ തീരത്തും പ്രജനനം നടത്തുന്ന ഉപസ്പീഷീസാണ് കേരളത്തിൻ്റെ തീരങ്ങളിൽ എത്തുന്നത്. നമ്മുടെ കായൽത്തീരത്തും അഴിമുഖങ്ങളിലും അപൂർവമായി നദികളിലുമൊക്കെ കാണുമെങ്കിലും കടൽത്തീരം തന്നെയാണ് ഇതിനെ പഠിക്കാൻ പറ്റിയ ഇടം. തീരത്തോട് അടുത്തുകിടക്കുന്ന പാറക്കൂട്ടങ്ങളിൽ ഇവയെ കൂട്ടമായിക്കാണാം. കൂടാതെ, തീരപ്രദേശത്തെ പുഴിപ്പരപ്പിലും അഴിമുഖത്ത് വേലിയിറക്കസമയത്ത് രൂപപ്പെടുന്ന മണൽത്തിട്ടകളിലും വിശ്രമിക്കും. ചിലപ്പോൾ മറ്റു സ്പീഷീസ് ആളകളും കടൽക്കാക്കകളും കൂട്ടത്തിലുണ്ടാവും. കരയിൽനിന്ന് അകലെ യല്ലാതെ വലിയ കുട്ടങ്ങളായി ഇവ പറക്കുന്നത് നമ്മുടെ തീരത്തുനിന്ന് കാണാനാവും.

ചെറിയ കടലാളകൾ കാണപ്പെടുന്ന ഇടങ്ങൾ

ഇവയുടെ പ്രധാന ആഹാരം മത്സ്യമാണ്. കൂടാതെ, കൊഞ്ച്, കൂന്തൽ, ഞണ്ട്, കടലാമ കുഞ്ഞുങ്ങൾ എന്നിവയും ആഹരിക്കും. വളരെ ഉയരത്തിൽ പറന്ന് ആഹാരം കണ്ടെത്തി, താഴേ ക്കുവന്ന് ജലപ്പരപ്പിനു മുകളിലൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ താഴ്ന്നുപറക്കുന്നതിനിടയിൽ റാഞ്ചിയെടുക്കുന്ന ആഹാരം പറന്നുകൊണ്ടുതന്നെ വിഴുങ്ങും. ജലോപരിതലത്തിൽവെച്ച് വേട്ടയാടാൻ കഴിയാതെവരുമ്പോൾ വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് ഇരയെ കൊക്കിലൊതുക്കി നിമിഷങ്ങൾക്കുള്ളിൽ പുറത്തെത്തും. ജലോപ രിതലത്തിൽനിന്ന് പറന്നുയരാനുള്ള അസാധാര ണമായ കഴിവും ഇതിനുണ്ട്. ആഹാരത്തിനായി ധാരാളം സമയം കടലിനു മുകളിൽത്തന്നെ ഇതു കഴിച്ചുകൂട്ടാറുണ്ട്.

ചെറിയ കടൽ ആളയുടെ ശബ്ദം കേൾക്കാം

വലിയ കടലാളയും ചെറിയ കടലാളയും

വലിയ കടലാളയോട് ഏറെ സാദൃശ്യമുള്ള പക്ഷിയാണ് ചെറിയ കടലാള. ഇത് വലിയ കടലാളയെക്കാൾ ചെറുതാണ്. കൂടാതെ, കൊക്കിന് ഓറഞ്ച് കലർന്ന മഞ്ഞനിറമാണ്. ഈ രണ്ടിനം കടലാളകളെയും നമ്മുടെ കടൽത്തീരത്ത് കാണാറുണ്ട്. കൊക്ക് മാത്രം നോക്കി ഇവയെ തിരിച്ചറിയാൻ കഴിയും. കടൽക്കാക്കയും ഇവ യുടെ കൂട്ടത്തിലുണ്ടാവും. എന്നാൽ കടൽക്കാക്ക തടിച്ച പക്ഷിയാണ്; കൂടാതെ കൊക്ക് നീളം കുറഞ്ഞതും. പ്രകൃതിയിൽ ഇതിന് ശത്രുക്കൾ പൊതുവേ കുറവാണ്. കുടാതെ, പറന്നുമാറാനുള്ള അസാ ധാരണമായ കഴിവും ഇവയ്ക്കുണ്ട്. അതുകൊണ്ടു തന്നെ, ദീർഘകാലം ജീവിക്കുന്ന പക്ഷിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ചെറിയ കടലാളകൾ – മുഴപ്പിലങ്ങാട്‌ ബീച്ചിൽ നിന്നും ഫോട്ടോ : Shagil Kannur , Wikimedia Commons

പ്രജനനകാലത്ത് മാത്രമാണ് ഇത് കുറച്ചെങ്കിലും അപകടം നേരി ടുന്നത്. മറ്റു കടൽപ്പക്ഷികളെപ്പോലെ മനുഷ്യന്റെ കടന്നുകയറ്റമാണ് കടലാളയും നേരിടുന്ന ഏറ്റവും വലിയ ഭീഷണി. നിർമാണ പ്രവർത്തനം, ടൂറിസം എന്നിവ ഇതിന്റെ പല പ്രജനനകേന്ദ്രങ്ങളെ പൂർണമായോ ഭാഗികമായോ ഇല്ലാതാക്കിയിട്ടുണ്ട്. അമിതമായ മത്സ്യബന്ധനം, കടൽ മലിനീകരണം എന്നിവയും ഇതിന്റെ എണ്ണത്തിൽ കുറവുവരു ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണിയില്ലാത്ത വിഭാഗത്തിലാണ് ഐ.യു.സി. . (IUCN – International Union for Conservation of Nature) ലിസ്റ്റിൽ ഇപ്പോൾ ഇതിന്റെ സ്ഥാനം.

തവിടൻ കടൽ ആള. Onychoprion anaethetus)

അനുബന്ധ വായനയ്ക്ക്

നീർപക്ഷികൾ

നമ്മുടെ തണ്ണീർത്തടങ്ങളിലും നെൽവയലുകളിലും സുലഭമായി കാണാവുന്ന നീർപക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ.

പക്ഷിക്കാട് – സ്വന്തമാക്കാം
Happy
Happy
33 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post തലച്ചോറിനെ വരുതിയിലാക്കുന്ന ഒരു എഞ്ചിനീയർ
Next post പൂവ് എത്തി, ദിനോസർ ഉണ്ടായിടത്ത് – വഴിക്കുരുക്കിൽപ്പെട്ട പൂവ് 5
Close