Read Time:2 Minute

തീച്ചിറകൻ (Tawny coster- Acraea terpsicore)

രോമ പാദ ശലഭങ്ങൾ എന്ന  നിംഫാലിഡേ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു ശലഭമാണ് തീച്ചിറകൻ . ഈ കുടുംബത്തിലെ ശലഭങ്ങൾക്ക് മുൻ കാലുകൾ ചെറുതാവും.  മണത്തറിയുന്നതിന് പറ്റുന്ന റിസപ്റ്ററുകൾ പേറുന്ന ബ്രഷ് പോലുള്ള രോമങ്ങൾ കാലിൽ നിറയെ ഉണ്ടാവും .  തീജ്വാല നിറമുള്ള ചിറകുകൾ ആയതിനാലാണ് ഇവയെ തീച്ചിറകൻ എന്ന് വിളിക്കുന്നത്. തുറസ്സായ സ്ഥലങ്ങളിൽ വളരെ സാധാരണമായി ഇവയെ കാണാം. ഓറഞ്ച് ചുവപ്പുള്ളതാണ് അർദ്ധതാര്യമായ മുൻ പിൻ ചിറകുകൾ. അതിൽ ഏതാനും കറുത്ത പൊട്ടുകളും കാണാം. പിൻ ചിറകിന്റെ പിൻ വക്ക് കറുത്തതാണ്. പെൺ ശലഭങ്ങൾക്ക്  അൽപ്പം വലിപ്പം കൂടുതൽ ഉണ്ടെങ്കിലും വിളറിയ നിറമാണ്. പൂവിൽ തേൻ കുടിക്കുന്ന സമയം ഞാന്ന് കിടന്ന് ഇടക്കിടയ്ക്ക് ചിറകുകൾ തുറന്നടയ്ക്കുന്ന ശീലം ഇവർക്ക്  ഉണ്ട്. ശല്യം ചെയ്താൽ പോലും വേഗത്തിൽ പറന്ന് രക്ഷപ്പെടാൻ ശ്രമിക്കില്ല.

ശരീരത്തിൽ തൊട്ടാൽ രൂക്ഷ ഗന്ധമുള്ള മഞ്ഞ ദ്രാവകം സ്രവിപ്പിച്ച് വെറുപ്പിച്ച് അകറ്റാൻ നോക്കും. പക്ഷികളും മറ്റും ഇതിനെ തിന്നാൻ ശ്രമിക്കാറില്ല. അപകട സൂചന ലഭിച്ചാൽ ചത്തതുപോലെ അഭിനയിച്ച് കിടന്ന് രക്ഷപ്പെടാനും അറിയാം.

ആൺ ശലഭം ഇണ ചേർന്ന ശേഷം ഉറച്ച് കട്ടിയാകുന്ന ഒരു ദ്രാവകം കൂടി പുറപ്പെടുവിക്കും . അത് മറ്റ് ആൺ ശലഭങ്ങളുമായി പെൺ ശലഭം ഇണ ചേരാതിരിക്കാനുള്ള  മുൻകരുതൽ ആണ്. മഞ്ഞ നിറത്തിലുള്ള ഗോളാകൃതിയിലുള്ള മുട്ടകൾ ഇരുപത് മുതൽ എൺപതെണ്ണം വരെ ഉള്ള കൂട്ടമായാണ് ഇളം ഇലകളിലും നാമ്പുകളിലും  നിരത്തി  ഇട്ടു കൂട്ടുക. ചുവപ്പ് കലർന്ന ചോക്കലേറ്റ് നിറമുള്ള ലാർവകൾക്ക് നാരു പോലുള്ള നേരിയ മുള്ളുകൾ ഉണ്ട്. ശലഭത്തെ പോലെ തന്നെ ഇവയും ഇരപിടിയന്മാരെ അകറ്റാൻ രൂക്ഷ ഗന്ധമുള്ള സ്രവങ്ങൾ പുറപ്പെടുവിക്കാൻ കഴിവുള്ളവരാണ്. എങ്കിലും ചില പരാദ കടന്നലുകൾ ലാർവകളെ ആക്രമിക്കാറുണ്ട്.

പാഷൻ ഫ്രൂട്ട് (Passiflora edulis), കാട്ടു പൂവരശ് (Hibiscus cannabinus) , ആകാശ മിഠായി – പൂടപ്പഴം (Passiflora foetida) എന്നിവയാണ് ലാർവകൾ തിന്നാൻ ഇഷ്ടപ്പെടുന്ന സസ്യങ്ങൾ

 

Happy
Happy
50 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
25 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചെങ്കോമാളി
Next post നാരക ശലഭം
Close