വിറവാലൻ (Tailed Jay, Graphium agamemnon)
കിളിവാലൻ ശലഭങ്ങളായ Papilionidae കുടുംബത്തിൽ പെട്ട ശലഭമാണ് വിറവാലൻ. സദാ സമയവും ചിറകുകൾ വിറപ്പിച്ച് കൊണ്ടേ ഇരിക്കുന്ന ഇവർ ധൃതിയിൽ പറന്നുനടക്കുകയാണ് ചെയ്യുക. പ്രൊബോസിസ് എന്ന് വിളിക്കുന്ന നീളൻ കുഴൽ പൂവിനുള്ളിലേക്കിറക്കി തേനുണ്ണുന്ന സമയത്തും തുരുതുരെ ചിറകടിച്ച് കാറ്റ് ചവുട്ടി നിൽക്കുന്ന ശീലം ഇവർക്ക് ഉണ്ട്. 8-10 സെന്റീ മീറ്റർ ചിറകു വിരി അളവുള്ളതാണിവ. പെൺ ശലഭത്തിന് ആൺ ശലഭത്തേക്കാൾ നീളമുള്ള കിളിവാൽ പിൻ ചിറകിൽ ഉണ്ടാകും. കറുപ്പ് കലർന്ന ഇരുണ്ട തവിട്ട് നിറത്തിലുള്ള ചിറകുകളിൽ തിളങ്ങുന്ന ഇളം പച്ച പൊട്ടുകളും വരകളും ഉണ്ട്. ചിറകിന്റെ അടിഭാഗത്ത് മങ്ങിയ തവിട്ടും ഇളം പച്ച നിറത്തിലും ഉള്ള പശ്ചാത്തലത്തിൽ കറുപ്പും ചുവപ്പും പൊട്ടുകളുണ്ട്. ആൺ ശലഭങ്ങൾ കൂട്ടമായി കാട്ടരുവികളുടെ തീരത്ത് മണലൂറ്റുന്നത് (മഡ് പഡ്ലിങ്) കാണാം. ചുവന്ന പൂക്കളോട് വലിയ ഇഷ്ടം ഉള്ള ഇവയെ പൂന്തോട്ടങ്ങളിൽ സ്ഥിരം കാണാം.
അരണ മരം, സീതപ്പഴം, ആത്ത, വഴന, അശോകം, ചെമ്പകം തുടങ്ങിയ മരങ്ങളുടെ തളിർ ഇലകളിലാണ് ഇവർ മുട്ടയിടുക. മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവയ്ക്ക് ആദ്യ ഘട്ടത്തിൽ ഇരുണ്ട തവിട്ട് നിറവും പിന്നറ്റത്ത് വെളുത്ത അടയാളവും ഉണ്ടാകും. പിന്നീട് അവ പച്ച നിറമുള്ളതാകും. തല വീർത്ത് ഏട്ട മത്സ്യത്തിന്റെ രൂപമാണ് ഇവയ്ക്ക് തോന്നുക. കൂടാതെ തലയുടെ മുകൾ ഭാഗത്ത് നിന്ന് പെട്ടന്ന് നീട്ടാനാവുന്ന ഇളം പച്ച നിറമുള്ള ഒസ്മാറ്റേറിയം എന്ന് വിളിക്കുന്ന രണ്ട് കൊമ്പുകൾ ഉണ്ട്.