ടബെത്ത ബോയാജിയന്‍: കെപ്ലറിന്റെ സാധ്യത കണ്ടവള്‍…!

ഇനി ചരിത്രത്തിലെ സ്ത്രീകളെ ഓര്‍ക്കുമ്പോള്‍, ഇപ്പോള്‍ ചരിത്രം സൃഷ്ടിക്കുന്ന ടബെത്തയെപ്പോലുള്ളവരെ മറന്നുപോകാതിരിക്കുക…!

നമുക്ക് എല്ലാം അറിഞ്ഞുകൂട; പക്ഷേ, എന്താണ് നമുക്കറിയാത്തത് എന്ന് കൃത്യമായി നിര്‍ണ്ണയിക്കുക വളരെ ബുദ്ധിമുട്ടാണ്. തത്വശാസ്ത്രപരമായ ഊഹങ്ങളായിട്ടല്ല, ഭൗതികലോകത്ത് കൃത്യമായി പരീക്ഷിച്ചറിയാവുന്ന എന്താണ് നമുക്കറിയാത്തതെന്ന് മനസിലാക്കിയെടുക്കലും അതിനെ ഭാവിയില്‍ പരീക്ഷണത്തിന് സാധ്യമാകുന്ന രീതിയില്‍ കൃത്യമായി രേഖപ്പെടുത്തലും അനിവാര്യമായൊരു സായന്‍സിക ജോലി തന്നെയാണ്. ഈയടുത്തകാലത്ത് അങ്ങനെയൊരു വിചിത്ര പ്രതിഭാസത്തെ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തൊരു സംഘത്തെ നയിച്ച സ്ത്രീയെപ്പറ്റിയാണ് ഇന്ന്; WTF സ്റ്റാര്‍ ആദ്യം കണ്ടവരിലൊരാള്‍: ഡോ. ടബെത്ത ബോയാജിയന്‍. (Dr. Tabetha Boyajian)

1980-ലാണ് ടബെത്തയുടെ ജനനം. സൂര്യന് സമീപത്തുള്ള നക്ഷത്രങ്ങളുടെ വലിപ്പം അളക്കുന്നതിനെ പറ്റിയായിരുന്നു ടബെത്തയുടെ ഡോക്ടോറല്‍ തീസിസ്; മറ്റ് മോഡലുകളിലും മറ്റും വന്നേക്കാവുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിനും സഹായകമായിരുന്നു ടബെത്തയുടെ നിരീക്ഷണങ്ങള്‍. അതിനുശേഷം നക്ഷത്രങ്ങളുടെ വലിപ്പമളക്കുന്നതിന് എങ്ങനെ അവയെ ചുറ്റുന്ന ഗ്രഹങ്ങളെ ഉപയോഗിക്കാമെന്ന ഗവേഷണവും ടബെത്ത നടത്തി. അതിനുശേഷം യേല്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫ. ഡെബ്ര ഫിഷര്‍ എന്ന ശാസ്ത്രജ്ഞയുടെ കീഴിയില്‍ പോസ്റ്റ് ഡോക്ടറല്‍ വര്‍ക്കിനായി ചേര്‍ന്നു ടബെത്ത.

ഡെബ്രയുടെ കീഴില്‍ പ്ലാനറ്റ് ഹണ്ടേഴ്സ് (Planet Hunters) എന്നൊരു പരിപാടി നടക്കുന്നുണ്ടായിരുന്നു. കെപ്ലര്‍ എന്ന ഉപഗ്രഹത്തില്‍ നിന്ന് വരുന്ന ഡാറ്റ അവലോകനം ചെയ്ത് ഗ്രഹങ്ങളെ കണ്ടെത്താന്‍ സാധാരണക്കാരെ പഠിപ്പിക്കുക എന്നതായിരുന്നു ഈ സംരംഭം; പൊതുവേ കമ്പ്യൂട്ടറുകള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ഗ്രഹങ്ങളെ കണ്ടെത്തും എങ്കിലും മനുഷ്യര്‍ സംഘം ചേരുമ്പോള്‍ കമ്പ്യൂട്ടറുകള്‍ കാണാതെ പോകുന്ന ചില ഗ്രഹങ്ങളെ കൂടി കണ്ടെത്താന്‍ സാധിക്കും എന്ന് ഈ പദ്ധതി തെളിയിക്കുകയും ചെയ്തു. (നിങ്ങള്‍ക്ക് താത്പര്യമുണ്ട് എങ്കില്‍ ഇപ്പോള്‍ ടെസ് എന്ന ഉപഗ്രഹത്തിന്റെ ഡാറ്റയില്‍ നിന്ന് ഇതേ പരിപാടി ഉണ്ട്, ഇവിടെ: https://www.zooniverse.org/projects/nora-dot-eisner/planet-hunters-tess)

ഗ്രഹങ്ങളുടെ കാര്യത്തില്‍ വൈദഗ്ധ്യമുണ്ടായിരുന്ന ടബെത്ത കൂടി ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ശാസ്ത്രജ്ഞരിലൊരാളായി. 2016-ല്‍ കെപ്ലറിന്റെ ഡാറ്റയില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍ കണ്ടെത്തില്ലായിരുന്നു എന്ന് ഉറപ്പുള്ള ഒന്ന് ടബെത്തയുടെ സംഘം കണ്ടെത്തി; വിചിത്രമായൊരു നക്ഷത്രം. കെപ്ലര്‍ നക്ഷത്രങ്ങളുടെ തെളിച്ചം എത്രയുണ്ട് എന്ന് നിരീക്ഷിക്കുന്ന ഒരു ഉപഗ്രഹമായിരുന്നു; ഒരു ഗ്രഹം നക്ഷത്രത്തിന്റെ മുന്നില്‍ വന്നാല്‍ ഒരു പ്രത്യേക രീതിയില്‍ നക്ഷത്രം ഇത്തിരി മങ്ങും; വമ്പന്‍ ഗ്രഹങ്ങള്‍ക്ക് പോലും പരമാവധി 10%. പക്ഷേ, 20% വരെ KIC 8462852 നക്ഷത്രം മങ്ങി; അതിനൊരു വിശദീകരണവുമില്ല. (നമ്മള്‍ മുന്‍ കുറിപ്പുകളില്‍ പറഞ്ഞ വേരിയബിള്‍ നക്ഷത്രങ്ങള്‍ പോലെ പിരിയഡില്‍ ഒന്നുമല്ല ഈ മങ്ങല്‍, അതാണെന്ന് വിചാരിക്കണ്ട)

വെളിച്ചമെവിടെ (Where’s the Flux) എന്നതിന്റെ ചുരുക്കമായി അതിനെ WTF നക്ഷത്രം എന്ന് വിളിക്കാമെന്നാണ് ടബെത്ത കരുതിയത്. (ഇതിനെപ്പറ്റിയുള്ള പേപ്പറും ആ തലക്കെട്ടിലായിരുന്നു) പക്ഷേ, ടബെത്തയുടെ വിളിപ്പേരായ ടാബി (Tabby) എന്നത് ചേര്‍ത്ത് ടാബിയുടെ നക്ഷത്രം എന്ന പേരിലാണ് ഈ നക്ഷത്രം പ്രസിദ്ധമായത്! പ്രസിദ്ധിക്ക് വേറൊരു കാരണം കൂടിയുണ്ട്. മങ്ങല്‍ അന്യഗ്രഹജീവികള്‍ മൂലമാണെന്ന് ചിലര്‍ സിദ്ധാന്തിച്ചു; ടബെത്ത അതിന് ഒരു തെളിവുമില്ല എന്ന് പറഞ്ഞെങ്കിലും.

നാല് കൊല്ലമായി, ഇന്നുവരെ ഒരു വ്യവസ്ഥാപിതമായ വിശദീകരണം ടാബിയുടെ നക്ഷത്രത്തിന് ഇല്ല; സയന്‍സ് വളരെ പതുക്കെയാണ് നീങ്ങുന്നത്. പതിയെ നമുക്ക് ഈ പ്രതിഭാസത്തിനും വിശദീകരണം പ്രതീക്ഷിക്കാം.

ലുയിസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുകയാണ് ഇപ്പോള്‍ ടബെത്ത. ടാബിയുടെ നക്ഷത്രത്തെ പറ്റിയുള്ള ഗവേഷണങ്ങള്‍ മുഴുവന്‍ അവര്‍ സ്വന്തം വെബ്സൈറ്റ് ആയ  wherestheflux.com-ല്‍ പങ്കിടുന്നുണ്ട്.

ഇനി ചരിത്രത്തിലെ സ്ത്രീകളെ ഓര്‍ക്കുമ്പോള്‍, ഇപ്പോള്‍ ചരിത്രം സൃഷ്ടിക്കുന്ന ടബെത്തയെപ്പോലുള്ളവരെ മറന്നുപോകാതിരിക്കുക…!

കണ്ണന്‍ കീച്ചേരില്‍ എഴുതിയ ശാസ്ത്രവീഥിയിലെ പെണ്‍കരുത്തുകള്‍ – ലേഖനപരമ്പരയിലെ മറ്റുലേഖനങ്ങള്‍ വായിക്കാം

അധികവായനയ്ക്ക്

  1. Extrasolar Planets and Their Host Stars by Dr. Tabetha Boyajian and Dr. Kaspar von Braun
  2. https://scholarworks.gsu.edu/phy_astr_diss/34/
  3. http://www.astro.yale.edu/tabetha/Site/Welcome.html
  4. https://www.wherestheflux.com/
  5. https://academic.oup.com/mnras/article/457/4/3988/2589003
  6. https://iopscience.iop.org/article/10.3847/2041-8213/ab2e77

Leave a Reply