സ്വീഡനും കോവിഡും

ഡോ.യു നന്ദകുമാര്‍

കോവിഡ് 19 ലോകാന്തര വ്യാപനം തുടങ്ങും എന്ന് കണ്ടപ്പോൾ മുതൽ ലോകരാജ്യങ്ങൾ രോഗനിയന്ത്രണത്തിനായി നടപടികൾ തുടങ്ങി. ഏതാനും മോഡലുകൾ പരക്കെ അംഗീകരിക്കപ്പെട്ടു. നാം പിന്തുടരുന്ന ലോക് ഡൗൺ അതിലൊന്നാണ്.
എന്നാൽ സ്വീഡൻ ഇത്തരം ലോകമാതൃകകൾ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. അവർ സ്വന്തം നിലക്ക് മറ്റൊരു മാർഗ്ഗം തിരഞ്ഞെടുത്തു. അതിനെതിരെ പരക്കെ ആക്ഷേപമുയർന്നപ്പോഴും അവർ പിടിച്ചു നിന്നു. അവരുടെ മാതൃക എന്തെന്ന് നോക്കാം. അതിനുമുമ്പ് അവിടത്തെ കോവിഡ് വ്യാപന നില പരിശോധിക്കാം. (കണക്കുകള്‍ ഏപ്രില്‍ 23 വരെയുള്ളത്)

ആകെ രോഗബാധിതർ 16755
മരണം 2021
മരണനിരക്ക് 12%
ആയുർദൈഘ്യം 83.3 വർഷം
ജനസംഖ്യ ഒരു കോടി
മീഡിയൻ പ്രായം 41 വയസ്സ്

സ്വീഡൻ ആയുര്‍ദൈര്‍ഘ്യം ഉയർന്ന നാടുകളിൽ ഒന്നാണ്. മാത്രമല്ല ജനസംഖ്യയുടെ പകുതിപ്പേർ 41 വയസ്സിൽ കൂടുതൽ ഉള്ളവർ. 20% പേര് 65 വയസ്സിനുമേൽ പ്രായമുള്ളവർ. അതിനാൽ എന്തുകൊണ്ടും കോവിഡ് വ്യാപിച്ചാൽ വലിയ പ്രശ്നങ്ങളിലേക്ക് പോകാൻ സാധ്യതയുള്ള നാട് എന്ന നിലയിൽ പലരും കണ്ടിരുന്നു.
എന്നാൽ സ്വീഡനിൽ മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി തട്ടിച്ചു നോക്കിയാൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് കാണാം. എങ്ങിനെയാണ് സ്വീഡൻ പിടിച്ചു നില്‍ക്കുന്നത്?

സ്വീഡനിലെ ജനസംഖ്യാവിതരണം കടപ്പാട് : www.populationpyramid.net/sweden/2019/

സ്വീഡിഷ് മോഡൽ

  • ആദ്യം മുതൽ പൗരാവകാശത്തെ മുൻനിർത്തിയ വ്യാപനനിയന്ത്രണമാണ് ആസൂത്രണം ചെയ്തത്. പൗരർക്ക് പ്രാധാന്യമുള്ള ഭരണ സംവിധാനമായതിനാൽ അവരുടെ അവകാശങ്ങളിൽ നേരിയ നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയത്. സ്‌കൂളുകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവ തുറന്നുകിടന്നു. ആകെക്കൂടി സാമൂഹിക ഇടപെടൽ എന്ന തലത്തിൽ സർക്കാർ ചെയ്തത് പരുമാറ്റച്ചട്ടങ്ങൾ പ്രഖ്യാപിക്കുക എന്നത് മാത്രം. സമൂഹത്തിൽ പരസ്പരദൂരം സ്ഥാപിക്കുക, വ്യക്‌തി ശുചിത്വം പാലിക്കുക എന്നിവ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ഉത്തരവാദിത്തത്തോടെ പെരുമാറാൻ അവരെ ഉപദേശിക്കുകയുമാണ് ചെയ്തത്.
  • അധിക ജനസംഖ്യയുള്ള തലസ്ഥാന നഗരി ആദ്യ കോവിഡ് തരംഗത്തിൽ ഉലഞ്ഞു.
    തൊട്ടടുത്ത രാജ്യങ്ങളായ ഡെന്മാർക്കിൽ 8108 രോഗികളും ഫിൻലന്റിൽ 4000 രോഗികളും ഉള്ളപ്പോൾ സ്വീഡനിൽ 16000 കടന്നു. മറ്റു രണ്ടിടത്തും ശക്തമായ ലോക് ഡൌൺ നിലവിലുണ്ട്.
  • എന്നാൽ കഴിഞ്ഞയാഴ്ച മുതൽ സ്ഥിതിഗതികളിൽ മാറ്റം കണ്ടുതുടങ്ങി.
    പ്രധാന എപിഡെമിയോളജിസ്റ്റ് ആയ ഡോ. ആൻഡേർസ് റ്റെയ്‌നിൽ (Anders Tegnell) രോഗവ്യാപനം പിടിച്ചുനിർത്താനായതായി സാക്ഷ്യപ്പെടുത്തുന്നു. സ്റ്റോക്ക്ഹോം പട്ടണത്തിൽ രോഗാതുരത കുറഞ്ഞിട്ടുണ്ട്; സാമൂഹിക പ്രതിരോധം പ്രവർത്തിക്കുന്നതായി പരിഗണിക്കാമെന്നദ്ദേഹം കരുതുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളിൽ രോഗ നിയന്ത്രണം മെച്ചപ്പെട്ട രീതിയിൽ കാണുന്നുണ്ട്. പുതുതായി രോഗം കണ്ടെത്തുന്നതിൽ മാത്രമല്ല, തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ സംഖ്യയിലും അനുകൂലമാറ്റങ്ങൾ കാണുന്നു.
  • സ്വീഡിഷ് മോഡലിന്റെ പ്രാധാന്യം സമ്പൂർണ്ണ ലോക് ഡൌൺ സൃഷ്ടിക്കുന്ന സാമൂഹിക സാമ്പത്തിക മാന്ദ്യം സ്വീഡനെ ബാധിച്ചില്ല. ജനങ്ങൾക്ക് അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നില്ല. ജനങ്ങളിൽ ഉത്തരവാദിത്ത ബോധം വളർത്തിയെടുക്കാനും ശക്തമായ സാമൂഹിക ബോധം ഉയർത്തിക്കൊണ്ടുവരാനും ഇത് സാധ്യമാക്കി. ഇപ്പോൾ ഇത് മറ്റുരാജ്യങ്ങൾ ശ്രദ്ധാപൂർവം നോക്കുന്ന മോഡലായി മാറിക്കഴിഞ്ഞു.
  • എന്നാൽ ഓരോ രാജ്യവും അവിടുത്തെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലമനുസരിച്ച് കോവിഡ് പ്രതിരോധം ആസൂത്രണം ചെയ്യണമെന്നതിൽ സംശയമില്ല.

Leave a Reply