Read Time:62 Minute

പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണൻ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കോവിഡ് സംവാദങ്ങളുടെ ഭാഗമായി 2020 മെയ് 28-ന്  പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.സി.ടി.എസ്.നായരുടെ, ‘കോവിഡും കാലാവസ്ഥാ വ്യതിയാനവും’ എന്ന അവതരണത്തിലെ ചില നിരീക്ഷണങ്ങൾ വളരെ ശ്രദ്ധേയമാണ്. ഐക്യരാഷ്ട്രസഭയുടെ  ഭാഗമായ FAO വിൽ  ശാസ്ത്രജ്ഞനായിരുന്ന ഡോ.സിടിഎസ്; കേരളത്തിലും വനം, പരിസ്ഥിതി രംഗങ്ങളിൽ  ഉന്നതസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോവിഡിനെയും കാലാവസ്ഥാ മാറ്റത്തെയും പറ്റി കമ്പോളമുതലാളിത്തം പ്രചരിപ്പിക്കുന്ന അഭിപ്രായങ്ങളിലെ സാദൃശ്യത വ്യക്തമാക്കുന്നതോടൊപ്പം, കോവിഡിന്റെ  ഭാഗമായിവന്ന ചില പരോക്ഷനേട്ടങ്ങൾ കാലാവസ്ഥാപ്രതിസന്ധിക്ക് തെല്ല് അയവുവരുത്തിയതിനെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു. ‘ലോക്ക്ഡൗൺ’ വഴി അന്തരീക്ഷത്തിലെ കാർബൺ അളവ് കുറഞ്ഞതും പുകയുടെ മൂടൽമഞ്ഞ് അപ്രത്യക്ഷമായതും ജലവായു മലിനീകരണത്തിലെ കുറവുമെല്ലാം വരുത്തിയ അനുകൂലമാറ്റങ്ങൾ പരാമർശിച്ചു.

എന്നാൽ, ഇതോടൊപ്പം ഉന്നയിച്ച പ്രധാന ചോദ്യം ഈ പാരിസ്ഥിതികമാറ്റങ്ങൾക്കായി ലോകം നൽകേണ്ടിവന്ന സാമൂഹിക-സാമ്പത്തികവിലയെ(ചെലവ്)പ്പറ്റിയാണ്. കോവിഡിന്റെ വൻതോതിലുള്ള വ്യാപനം. ലക്ഷക്കണക്കിന് ജനങ്ങളുടെ മരണം, അതിനേക്കാൾ എത്രയോ ഇരട്ടി രോഗികൾ, ചികിത്സാഭാരം, ഉൽപാദന തകർച്ച, ജീവതത്തകർച്ച, സാമൂഹികനഷ്ടങ്ങൾ, ഉപജീവനയാതനകൾ, നഷ്ടപ്പെട്ട അധ്വാനം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തവിധത്തിൽ  ജീവനും സ്വത്തും ഇല്ലാതാക്കിയാണ് പ്രകൃതിയിലെ ഈ ‘അനുകൂല’മാറ്റങ്ങൾ’ സാധ്യമായത്. അതുകൊണ്ടുതന്നെ, ഇത്രയും വിലകൊടുത്തുകൊണ്ടുള്ള പ്രകൃതിസംരക്ഷണം നമുക്ക് താങ്ങാൻ കഴിയില്ല. എന്നാൽ, പരിസ്ഥിതിയെ ഇന്നത്തേതിനേക്കാൾ ശുദ്ധീകരിച്ച് മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കേണ്ടതും അനിവാര്യമാണ്. അതിന്റെ ഭാഗമായി ജനങ്ങൾക്ക് ആരോഗ്യമുള്ളതും സക്രിയവുമായ ദീർഘായുസ്സ് സാധ്യമാകണം.
അതായത്, പാരിസ്ഥിതിക സംരക്ഷണവും  സാമൂഹിക-സാമ്പത്തിക -വികസനവും സമാന്തരമായി നടക്കണം. അതിന് കഴിയണമെങ്കിൽ, ഇന്നത്തേതിൽനിന്ന് തികച്ചും വ്യത്യസ്ഥമായൊരു വികസന നിലപാട് ഉണ്ടായേ പറ്റൂ. അവിടെയാണ് സുസ്ഥിരവികസനത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യണമെന്ന് ഡോ.സി.ടി.എസ്. നിർദ്ദേശിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിൽ, സുസ്ഥിരവികസനത്തിന്റെ  കേരളീയ പശ്ചാത്തലം അന്വേഷിക്കാനാണ്  ഇവിടെ ഉദ്ദേശിക്കുന്നത്.  ആദ്യഭാഗത്ത്, സുസ്ഥിര വികസനത്തെപ്പറ്റിയും, പിന്നീട്  അതിന്റെ  സാധ്യതകളെപ്പറ്റിയും പറയുന്നു. അവസാനം കേരളീയസാഹചര്യങ്ങളിലേക്കുള്ള നിർദ്ദേശങ്ങൾ ചർച്ചക്കായി അവതരിപ്പിക്കുന്നു.

സുസ്ഥിര വികസനം

നാം ജീവിക്കുന്ന ഇടമാണ് പരിസ്ഥിതി, അവിടെ നടക്കുന്ന പ്രവർത്തനങ്ങളാണ് വികസനം. ഇവരണ്ടും പരസ്പരപൂരകമാണെന്ന് മാത്രമല്ല; അനിവാര്യവുമാണ്. എന്നിട്ടും ഇവക്കിടയിൽ സംഘർഷങ്ങൾ വളരാനിടയായത് എങ്ങനെയാവാം? വിശദമായി പരിശോധിച്ചാൽ, സാമൂഹികമാറ്റപ്രക്രിയയിൽ ഉരുത്തിരിഞ്ഞുവന്ന ധനിക-ദരിദ്ര ചേരിതിരിവാണ് ഇതിനിടയാക്കിയതെന്ന് കാണാം. ഈ പ്രക്രിയയിൽ ദരിദ്രർക്ക് അവരുടെ ജീവിത ഉപാധികൾ പലതും നിഷേധിക്കപ്പെട്ടു. സമ്പന്നർക്ക് പ്രകൃതിയിലുള്ള സ്ഥാപിതതാല്പര്യങ്ങളായിരുന്നു ഈ നിഷേധത്തിന്റെ പ്രധാന കാരണം. ഇതിന്റെ ഫലമായി, നമുക്ക് ഭൂമി ഒന്നേ ഉള്ളൂവെങ്കിലും, അതിന്നകത്തുതന്നെ പലതരം ദരിദ്ര-ധനികവിഭജനങ്ങൾ ഉയർന്നുവന്നു. പരിസ്ഥിതി-വികസനബന്ധത്തെ ഇന്നത്തേതുപോലെ വഷളാക്കിയതും ‘ഒരേ ഒരു ഭൂമി’യുടെ നിലനിൽപ് തന്നെ അപകടത്തിലാക്കിയതും, ഈ ദരിദ്ര-ധനിക അന്തരംതന്നെയാണ്.

ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് പരിസ്ഥിതിസംരക്ഷണത്തിന് ദാരിദ്ര്യവുമായുള്ള ഒരു കത്രിക പൂട്ടുപോലെയുള്ള ബന്ധം. ദാരിദ്ര്യം നിലനിൽക്കുന്നിടത്തോളം പരിസ്ഥിതിപ്രശ്‌നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ കഴിയില്ല. അതേസമയം, പരിസ്ഥിതിയെ ആശ്രയിക്കാതെ ദരിദ്രർക്ക് ഉപജീവനവും സാധ്യമല്ല. അതിനാൽ പരിസ്ഥിതിയിൽ വരുന്ന ഏതൊരു തകർച്ചയും ദരിദ്രരുടെ ഉപജീവനത്തെ ദുഷ്‌കരമാക്കും. വികസനത്തിനായുള്ള സാമ്പത്തികപ്രവർത്തനങ്ങൾ പരിസ്ഥിതിയിൽ മാറ്റങ്ങളുണ്ടാക്കും; അതുപോലെ പരിസ്ഥിതിയിലെ കയ്യേറ്റങ്ങൾ സാമ്പത്തികപ്രവർത്തനങ്ങളെയും പ്രതിസന്ധിയിലാക്കും. ഇതൊരു വിഷമവൃത്തമാണ്. ഇത് മുറിച്ചുകടക്കണമെങ്കിൽ പരിസ്ഥിതി സംരക്ഷിച്ചാൽമാത്രം പോര, ദാരിദ്ര്യം ഇല്ലതാവുകയും വേണം. അതിനുള്ള രാഷ്ട്രീയപ്രവർത്തനങ്ങൾ നടക്കണം.

ആദ്യകാലസമൂഹങ്ങളിലെല്ലാം പാരിസ്ഥിതികമായ സന്തുലനം കുറെയൊക്കെ നിലനിർത്തിക്കൊണ്ടായിരുന്നു ജനജീവിതം പുലർന്നിരുന്നത്. അന്ന് പ്രകൃതിയാണ് ജീവസന്ധാരണത്തിന്റെ  അടിത്തറയെന്ന തിരിച്ചറിവുണ്ടായിരുന്നു. മനുഷ്യനെ പ്രകൃതിയുടെ അധികാരിയായിട്ടില്ല കണക്കാക്കിയത്. മുതലാളിത്തവ്യവസ്ഥ ശക്തിപ്പെട്ടതോടെ കാര്യങ്ങളെല്ലാം സാമ്പത്തികലാഭത്തെ മാത്രം ലക്ഷ്യമാക്കിയതായി. ഉന്നതരായ രാഷ്ട്രീയനേതാക്കളൊക്കെ എക്കാലത്തും ഇക്കാര്യം തിരിച്ചറിഞ്ഞവരായിരുന്നു. പ്രകൃതിവിഭവങ്ങൾ പരിമിതമാണെന്നും, അതിനാൽ, അവയുടെ ദരിദ്രപക്ഷ മുൻഗണനയിലുള്ള വിനിമയം അനിവാര്യമാണെന്നും മാർക്‌സും ഗാന്ധിജിയും പറഞ്ഞിരുന്നു. ജനങ്ങളുടെയെല്ലാം ആവശ്യങ്ങൾ നിറവേറ്റാനുള്ളത്ര വിഭവങ്ങൾ ഭൂമിയിൽ ലഭ്യമാണെങ്കിലും ഒരാളുടെപോലും ആർത്തി നിവൃത്തിക്കാൻ അതുകൊണ്ടാകില്ലെന്ന് ഗാന്ധിജി പറഞ്ഞു. ജനങ്ങൾ ഭൂമിയുടെ പരിപാലകർ മാത്രമാണെന്നും ഒരു തറവാട്ടുകാരണവരെപ്പോലെ വരുംതലമുറക്കായി ഭൂമി സംരക്ഷിച്ച് നൽകാൻ അവർ ബാധ്യസ്ഥരാണെന്ന് മാർക്‌സ് ‘മൂലധനം’ മൂന്നാംപുസ്തകത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീടുണ്ടായ സാമൂഹ്യ-രാഷ്ട്രീയമാറ്റങ്ങൾക്കനുയോജ്യമായ ഒരു പരിസ്ഥിതിവികസനപദ്ധതിയോ പരിപാടിയോ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞില്ല. 

രാഷ്ട്രീയരംഗത്തെ ഈ അവ്യക്തത, മത-സാമൂദായികതയുമായും ആത്മീയതയുമായുംബന്ധപ്പെട്ടുള്ള പരിസ്ഥിതിചർച്ചകൾക്ക് പലപ്പോഴും ഇടയാക്കിയിട്ടുണ്ട്. ആത്മീയതയുടെ പേരിൽ പരിസ്ഥിതിക്ക് ഒരു തരം ‘പവിത്രത’ കൽപിക്കുകയായിരുന്നു. അതും അപകടരമാണെന്നാണ് അനുഭവങ്ങൾ കാണിക്കുന്നത്. പരിസ്ഥിതിശാസ്ത്രം (Ecology) എന്ന സംജ്ഞക്ക് തന്നെ 1866-ൽ രൂപംനൽകിയ ജർമ്മൻ ശാസ്ത്രജ്ഞൻ  ഏണസ്റ്റ് ഹെക്കൽ വികസിപ്പിച്ച ‘പവിത്രമായ’ മത-ശാസ്ത്രബന്ധത്തെ ഏകസത്താവാദം അഥവാ (മോണിസത്തെ) പ്രയോജനപ്പെടുത്തിയാണ് ഹിറ്റ്‌ലർ തന്റെ രാഷ്ട്രീയദർശനം വളർത്തിക്കൊണ്ടു വന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇതിൽ വംശീയത (Racism)യുടെ അംശങ്ങൾ അടങ്ങയിരുന്നു. ആത്മീയതയുടെ പേരിൽ പരിസ്ഥിതിക്ക് കൽപിച്ചുനൽകുന്ന പവിത്രത അപകടകരമാണെന്നതിന് ഇത് നല്ലൊരു തെളിവാണ്. ഇത്തരം പ്രവണതകൾ ഇന്ത്യയിലും ശക്തിപ്പെട്ടുവരികയാണ്. 

ഇത്തരം രാഷ്ട്രീയ അവ്യക്തതകൾക്കിടയിൽ ലോകത്താകെ ശക്തിപ്പെടുന്ന കാലാവസ്ഥാമാറ്റം, കോവിഡ് പോലുള്ള മഹാമാരികൾ, സാമ്പത്തികപ്രതിസന്ധി, ശാക്തികബലാബലങ്ങളിലെ മാറ്റങ്ങൾ എന്നിവ ഉയർത്തുന്ന പുതിയ ഭീഷണികൾ; വികസനം-പരിസ്ഥിതി നിലപാടുകളിൽ വലിയ പൊളിച്ചെഴുത്ത് തന്നെ ആവശ്യപ്പെടുകയാണ്. നവലിബറലിസവും നവഫാഷിസവും ചേർന്ന് മുതലാളിത്തത്തിന്റെ അതിജീവനത്തിനായി നടത്തുന്ന ‘പ്രാകൃതമായ മൂലധന സ്വരൂപണ പ്രക്രിയ’-യിൽ, ഇന്ന് മനുഷ്യാധ്വാനം മാത്രമല്ല, ജീവനുള്ളവയെല്ലാം ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇതുവഴി ജൈവവൈവിധ്യമെന്ന സമ്പത്തിന്മേൽ കൂടി അടിമുടി അധികാരം ഉറപ്പാക്കാനാണ് ധനമൂലധനം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഓഹരി കമ്പോളത്തിൽ മാത്രമല്ല, പ്രകൃതിവിഭവങ്ങളിലും ഊഹക്കച്ചവടം ശക്തിപ്പെടുകയാണ്. കങ്കാണി മുതലാളിമാർ പ്രകൃതിവിഭവങ്ങളുടെയും അധിപരായി മാറുകയാണ്. അതുവഴി, പ്രകൃതിക്കുമേൽ  ധനമൂലധനം നടത്തുന്ന കയ്യേറ്റങ്ങൾക്കും അവ സംബന്ധിച്ച ചർച്ചകൾക്കും, മുതലാളി- തൊഴിലാളി ചൂഷണംപോലെതന്നെ വർദ്ധിച്ച രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കയാണ്.

ഈ സാഹചര്യത്തിൽ ദരിദ്ര-ധനിക അന്തരം കുറക്കുന്ന സമ്പത്തിന്റെ വിതരണരീതിയും സാമൂഹ്യ നീതി പുലർത്തുന്ന ഒരു വികസനസമീപനവുമാണ് വേണ്ടത്. ഇതിന്, ജനങ്ങൾക്കിടയിൽ നീതിപൂർവ്വമായതും (Equitable), തലമുറകൾക്കിടയിൽ സ്ഥായിയായതുമായ (sustainable) വിഭവവിതരണവ്യവസ്ഥ ഉണ്ടായി വരണം. സമത്വം, സുരക്ഷ, സാമൂഹ്യക്ഷേമം എന്നിവയിലൂന്നിയതും ജീവിതഗുണത തുടർച്ചയായി മെച്ചപ്പെടുത്തുന്നതുമാംവിധം സാമൂഹ്യവ്യവസ്ഥിതി മാറണം. തുല്യതയും നീതിയും  മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിലാണ് ഊന്നുന്നതെങ്കിൽ, സുസ്ഥിരത മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളിലാണ് ഊന്നുന്നത്. അതുകൊണ്ടുതന്നെ സമഗ്രമായൊരു വികസനപ്രക്രിയയിൽ നീതിയും സുസ്ഥിരതയും ഒരേപോലെ പ്രധാനമാണ്. നീതിപൂർവ്വമായ വിഭവവിതരണരീതി ദാരിദ്ര്യം ഇല്ലാതാക്കാൻ അനിവാര്യമാണ്. ദാരിദ്ര്യം ഇല്ലാതായാലെ സുസ്ഥിരവികസനവും സാധ്യമാകൂ.

തുടരുന്ന ചർച്ചകൾ

ലോകത്ത് ഉരുണ്ടുകൂടിയ പരിസ്ഥിതി-വികസനസംഘർഷങ്ങളുടെ പശ്ചാലത്തലത്തിൽ, ആഗോളാടിസ്ഥാനത്തിൽതന്നെ കാര്യങ്ങൾ ചർച്ചചെയ്യാനാണ് 1972-ൽ ഐക്യരാഷ്ട്രസഭ UNEP എന്ന ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിക്ക് രൂപംനൽകിയത്. അതിന്റെ ആദ്യസമ്മേളനം 1972-ൽ സ്റ്റോക്ക് ഹോമിൽ നടന്നു. രണ്ടാമത്തേത് 1982-ൽ നൈറോബിലായിരുന്നു. ഈ സമ്മേളനമാണ് ഭാവികാര്യങ്ങൾ ആലോചിക്കാനായി പ്രശസ്തമായ ബ്രഡ്‌ലാന്റ് കമ്മീഷന് രൂപംനൽകിയത്. പ്രസ്തുത കമ്മീഷന്റെ റിപ്പോർട്ടായ നമ്മുടെ ‘പൊതുഭാവി’ (Our Common Future)യിലാണ്, സുസ്ഥിരവികസനം ആദ്യമായി ഗൗരവതരമായി ചർച്ചചെയ്യുന്നത്. ഈ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. ‘ഭാവിതലമുറയുടെ അവശ്യജീവനോപാധികൾ നിറവേറ്റുന്നതിനുള്ള പാരിസ്ഥിതികശേഷിക്ക് പോറലേൽക്കാതെ, നിലവിലുള്ള ജനങ്ങളുടെ ജീവിതാവശ്യങ്ങൾ നിറവേറ്റുന്ന പ്രക്രിയയാണ് സുസ്ഥിരവികസനം’. എന്നാൽ, റിപ്പോർട്ടിൽ തുടർന്നു പറയുന്നതുപോലെ, ‘സുസ്ഥിരവികസനത്തിലേക്കുള്ള മുന്നേറ്റം അത്ര ലളിതമല്ല; പ്രയാസകരമായ തെരഞ്ഞെടുപ്പുകൾതന്നെ വേണ്ടിവന്നേക്കും. കാരണം, അന്തിമവിശകലനത്തിൽ സുസ്ഥിരവികസനമെന്നത് ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.’ ഇവിടെ ദാരിദ്ര്യനിർമ്മാർജ്ജനത്തെ പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെടുത്തി റിപ്പോർട്ട് പരിശോധിക്കുന്നു. അതായത്, ജനങ്ങൾക്ക് പോഷകാഹാരംപോലെ പ്രധാനമാണ് ശുദ്ധവായുവും ശുദ്ധജലവും രോഗപ്രതിരോധവും വിദ്യാഭ്യാസവുമെല്ലാം എന്നു പറയുന്നു. എന്നാൽ, മുതലാളിത്തത്തിൽനിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയവ്യവസ്ഥയെപ്പറ്റി ഈ റിപ്പോർട്ട് ഒന്നും പറയുന്നില്ല. 

1960-കളുടെ തുടക്കം മുതൽക്കെ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ, നിലപാടുകൾ, പഠനങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവയൊക്കെ ഉണ്ടായിട്ടുണ്ട്. ലോകത്ത് Silent Spring, Limits to Growth, Only One Earth, The Closing Circle, The End of  Growth, One Straw Revolution. Small is Beautiful… Food First, The Way, The Great U Turn, ഇന്ത്യയിലാണെങ്കിൽ This Fissured Land ”Environmentalism,”  ഗാഡ്ഗിൽ റിപ്പോർട്ട് (WGEEP) എന്നിവയൊക്കെ ഇക്കൂട്ടത്തിൽപ്പെട്ട ഗ്രന്ഥങ്ങളിൽ ചിലതുമാത്രം. സാമൂഹ്യശാസ്ത്രരംഗത്ത് Environmental Economics, Ecology, Environmental Sociology, Ecological Economics, Political Ecology എന്നിങ്ങനെ വിവിധ പഠനശാഖകളും ഉണ്ടായിവന്നു. ഇവയിലൊക്കെ നെല്ലും പതിരും ഉണ്ട്; വികാരവും വിചാരവും ഉണ്ട്. എന്നാൽ, ഇവയെല്ലാം മുന്നോട്ടുവെക്കുന്ന ചില പൊതുപ്രശ്‌നങ്ങൾ കാണാതിരിക്കരുത്. മിക്കവയും കമ്പോളാധിഷ്ഠിതമുതലാളിത്തത്തിന്റെ ചട്ടക്കൂട്ടിൽനിന്ന് മുതലാളിത്തചൂഷണത്തെ വിമർശിക്കുന്നവയാണ്. അതുകൊണ്ടുതന്നെ, മറ്റൊരു രാഷ്ട്രീയചട്ടക്കൂട്ടിന്നകത്തല്ല അവരുടെ പ്രശ്‌നങ്ങൾ വെക്കുന്നതും, പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതും. എങ്കിലും, അവയെയൊക്കെ കേവലം മുതലാളിത്തപ്രതിവിധികൾ എന്ന് പൊതുവിൽ  മുദ്രകുത്തി തളളിക്കളയുന്നതും ശരിയല്ല. ജോൺ ബല്ലാമി ഫോസ്റ്റർ പറയുന്നതുപോലെ, മിക്ക കൃതികളും ‘പരിധിയുള്ള ഒരു  ലോകത്തിനകത്ത് പരിധിയില്ലാത്ത വളർച്ച അസാധ്യമാണെന്ന്’ ഓർമ്മിപ്പിക്കുന്നവയാണ്. പ്രകൃതിവിഭവങ്ങൾ പരിമിതമാണ്, അതിനാൽ, അവയുടെ ഉപയോഗത്തിൽ സാമൂഹ്യനിയന്ത്രണം ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നവയുമാണ്. ഒപ്പം ഉന്നതനിലവാരം പുലർത്തുന്ന ശാസ്ത്രീയവിശകലനങ്ങളുമാണ്.

പരിസ്ഥിതി-വികസനബന്ധത്തെ മാർക്‌സിസ്റ്റ് ചട്ടക്കൂട്ടിൽ വിശദീകരിക്കാനും ധാരാളം സാമൂഹ്യശാസ്ത്രജ്ഞർ ശ്രമിച്ചിട്ടുണ്ട്. ജെ.ബി.ഫോസ്റ്റർ, പോൾ ബർക്യൂറ്റ്, ഡേവിഡ ഹാർവി, കോഹീ സെയ്‌റ്റോ എന്നീ പേരുകൾ ഈ രംഗത്ത് എടുത്തുപറയേണ്ടവയാണ്. ഫോസ്റ്ററുടെ  Marx’s Ecology: Materialism and Nature, ഇരുവരും ചേർന്ന് ഈയിടെ പ്രസിദ്ധീകരിച്ച Marx and the Earth, കോഹീ സെയ്‌റ്റോയുടെ Karl Max’s EcoSocialism എന്നീ ഗ്രന്ഥങ്ങൾ ശ്രദ്ധേയങ്ങളാണ്. കേരളത്തിലാണെങ്കിൽ ഡോ.കെ.എൻ.ഗണേശ്, ജി.മധുസൂദനൻ, സുനിൽ പി.ഇളയിടം എന്നിവരുടെ  പഠനങ്ങൾ പ്രധാനമാണ്. പക്ഷെ, ഇവയൊന്നും നമ്മുടെ നാട്ടിൽ മുഖ്യധാരാരാഷ്ട്രീയചർച്ചകളിൽ വരുന്നില്ല. മാത്രമല്ല, ‘സാമ്പത്തികകാര്യങ്ങളിൽമാത്രം തൽപരനായ’ കാറൽ മാർക്‌സ് ഒരു പരിസ്ഥിതിവിരുദ്ധനായിരുന്നു  എന്ന് ഒരു കൂട്ടരും, അതല്ല, എല്ലാ പരിസ്ഥിതി കാര്യങ്ങളും മാർക്‌സ് 1867-ൽതന്നെ മൂലധനത്തിൽ പറഞ്ഞിരിക്കുന്നതിനാൽ അതിൽ ഒരു കൂട്ടിച്ചേർക്കലും ആവശ്യമില്ലെന്ന് മറ്റൊരു കൂട്ടരും ശാഠ്യം പിടിക്കുകയാണ്. ഈ തീവ്രനിലപാടുകൾ മാർക്‌സിസത്തെ മുൻനിർത്തിയുള്ള ആരോഗ്യകരമായ  പരിസ്ഥിതി-വികസനചർച്ചകൾക്ക് എപ്പോഴും തടസ്സമാവുകയായിരുന്നു.

ഇത്തരം ഗ്രന്ഥങ്ങളിലും അവയുമായി ബന്ധപ്പെട്ട ചർച്ചകളിലും ഉയർന്നുവന്ന പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുക്കാതെ അവയെ പ്രത്യേകം പ്രത്യേകം കള്ളികളിലേക്ക് ഒതുക്കുന്നത്, പരിസ്ഥിതിയെ നശിപ്പിക്കുന്നത് മുതലാളിത്തം മാത്രമാണെന്നും സോഷ്യലിസം മാത്രമെ പ്രതിവിധിയുള്ളൂ എന്നുമുള്ള വിശ്വാസത്തിലേക്ക് കാര്യങ്ങളെ എത്തിച്ചു. എന്നാൽ, ഉത്പാദന ഉപാധികൾ പൂർണ്ണമായും സാമൂഹ്യനിയന്ത്രണത്തിൽവന്ന സോവിയറ്റ് യൂണിയൻ, ചൈനപോലുള്ള രാജ്യങ്ങളിൽപ്പോലും പരിസ്ഥിതിപ്രശ്‌നരഹിതമായിരുന്നില്ലെന്നത് ഇത്തരം വിശ്വാസങ്ങളെത്തന്നെ ചോദ്യംചെയ്തു. ഇതുപോലുള്ള ‘കള്ളിവത്ക്കരണം’ വഴി കേരളമടക്കമുള്ള പ്രദേശങ്ങളിൽ നടന്നതും നടക്കുന്നതുമായ പ്രകൃതിവിഭവക്കൊള്ളകളെയും പരിശോധിക്കേണ്ടതുണ്ട്.  കൃത്യമായൊരു പരിസ്ഥിതി-വികസനസമീപനം രൂപപ്പെടുത്താനോ, ചർച്ചചെയ്യാൻപോലുമോ കഴിയുന്നില്ലെന്നസ്ഥിതിയുണ്ട്.  കാലാവസ്ഥാമാറ്റവും അതുണ്ടാക്കുന്ന പ്രതിസന്ധികളും ശക്തിപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ പ്രയാസമായിരിക്കുന്നു. മുതലാളിത്തത്തിനാകട്ടെ ഇതിലൊന്നും സംശയമേ ഉണ്ടായിരുന്നില്ല. അവർക്ക് സുസ്ഥിരവികസനമെന്നത് മാറ്റമില്ലാത്ത സാമ്പത്തികവളർച്ച എന്നായിരുന്നു അർത്ഥം. അതായത്, ഒരിക്കലും കുറയാത്ത വളർച്ചാനിരക്ക്. ദേശീയ/പ്രതിശീർഷവരുമാനവർദ്ധനക്കായി നടത്തുന്ന കമ്പോളാധിഷ്ഠിതനടപടികളെയാണ് സുസ്ഥിരവികസനപ്രവർത്തനങ്ങളായി മുതലാളിത്തം കണക്കാക്കുന്നത്. അതേസമയം , മുതലാളിത്തരാജ്യങ്ങളിൽ പ്രതിഷേധപ്രസ്ഥാനങ്ങളും രാഷ്ട്രീയപാർട്ടികൾപോലും വളർന്നുവന്നിരുന്നു.സോഷ്യലിസ്റ്റ് രാജ്യങ്ങളിലും സ്ഥിതിവ്യത്യസ്തമാണെന്നു കരുതാനാവില്ല.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ

സുസ്ഥിരവികസനത്തെ കാണുന്നത്; പരിസ്ഥിതിത്തകർച്ചക്ക് ഇടയാക്കാത്തവിധം ജനങ്ങളുടെയും പ്രകൃതിയുടെയും നിലനിൽപ്പിനായി ജനാധിപത്യപരമായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സ്വതന്ത്രമായ ഉത്പാദന-വിതരണപ്രക്രിയ എന്ന നിലയിലാണ്. ഇവിടെ സ്വാതന്ത്ര്യമെന്നത് മുതലാളിത്തം പറയുന്ന സ്വതന്ത്രവിപണിയിലെ വ്യക്തിസ്വാതന്ത്രമല്ല; അമർത്യാസെന്നും മറ്റും പറയുന്നതുപോലെ, അസ്വാതന്ത്ര്യങ്ങളെ (Unfreedom) ഇല്ലാതാക്കാനുള്ള സാമൂഹ്യമായ സ്വാതന്ത്ര്യമാണ്. ഇവിടെ, സുസ്ഥിരവികസനമെന്നാൽ, ജീവജാലങ്ങളുടെ നിലനിൽപും, മനുഷ്യൻ ഉണ്ടാക്കുന്ന ഭൗതികസമ്പത്തും തമ്മിലുള്ള ഒരു സന്തുലനാവസ്ഥയാണ്. അത്, ജനങ്ങളും പരിസ്ഥിതിയും തമ്മിൽ  പരസ്പരപൂരകമാംവിധം ഭൗതിക ഉല്പാദനം, ജൈവവൈവിധ്യസംരക്ഷണം, അധ്വാനശേഷിവികസനം, സംഘടിതമായ സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകൾ എന്നിവയെല്ലാം ഒരേ സമയം സാധ്യമാകുന്ന സ്ഥിതിവിശേഷമാണ്. മാത്രമല്ല, പരിസ്ഥിതിസംരക്ഷണമെന്നത് ദരിദ്രരുടെ ഉപജീവനത്തിനുള്ള ഒരു കൈത്താങ്ങ് കൂടിയാണ്. കാരണം, ദരിദ്രരാണ് പരിസ്ഥിതിയെ ഉപജീവനത്തിനായി പ്രത്യക്ഷമായി ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതിസംരക്ഷണമെന്നാൽ ദരിദ്രപക്ഷസംരക്ഷണമാണ്. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്. അതിനാൽ, പ്രകൃതിയിൽ നടക്കുന്ന ചൂഷണം മനുഷ്യന്റെമേൽ നടക്കുന്ന ചൂഷണമാണെന്ന തിരിച്ചറിവ് കൂടിയാണ്. ദരിദ്രർ കൂടുതൽ ദുർബലരാണെന്നിരിക്കെ, ദരിദ്രരുടെ പ്രതിരോധവും ദുർബലമായിരിക്കും. അതിനാൽ ഇവിടെ ആവശ്യമാകുന്നത് പ്രകൃതിവിഭവ (പരിസ്ഥിതി) സംരക്ഷണത്തിൽ  സമൂഹത്തിന്റേതായ ഒരു (രാഷ്ട്രീയ) പിന്തുണയാണ്. കാരണം, പരിമിതമായ വിഭവത്തിനായി പരസ്പരം മത്സരിച്ച് ‘ഏറ്റവും കൂടുതൽ’ സ്വായത്തമാക്കുക എന്നതിന് പകരം, അഥവാ അതിനനുവദിക്കാതെ പരസ്പരസഹകരണത്തിലൂടെ ‘വേണ്ടത്ര’ ലഭ്യമാക്കുക എന്നതാവണം വിതരണരീതി. ഏതാനും പേർക്ക് ‘കുടുതൽ’ അല്ല; എല്ലാവർക്കും ‘വേണ്ടത്ര’യാണ് സുസ്ഥിരവികസനത്തിൽ അഭികാമ്യായിട്ടുള്ളത്.

കേരളീയപരിസരം

മുകളിൽ സൂചിപ്പിച്ച സുസ്ഥിരവികസനനിലപാടുകളിൽ ഊന്നിയ പ്രവർത്തനപരിപാടികളാണ് കേരളത്തിന് അഭിലഷണീയം.  പരിസ്ഥിതിസംരക്ഷണമെന്ന പ്രഹേളിക ഇന്ന് കേരളത്തിലെ എല്ലാ ബഹുജനപ്രസ്ഥാനങ്ങളേയും അലോസരപ്പെടുത്തുന്നു. ദീർഘകാലനയങ്ങളുടെ അഭാവവും, ഹൃസ്വകാലതാൽപര്യങ്ങളുടെ സമ്മർദ്ദവുമാണ് ഇവിടെ പ്രകടമാകുന്നത്. അതുകൊണ്ടുതന്നെ ദുരന്തങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, കേരളം ഇന്ന് തുടരുന്ന വികസനരീതികളെപറ്റി പുതിയ ആലോചനകൾവേണ്ടിവരും.  ഈ സാഹചര്യത്തിൽ തുടക്കമെന്ന നിലയിൽ കേരളത്തിലെ പ്രകൃതിവിഭവങ്ങളിൽ പരിഗണിക്കേണ്ട ചില കാര്യങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള ഏതാനും പ്രവർത്തനങ്ങളും ചർച്ചക്കായി അവതരിപ്പിക്കുകയാണ്.

  1. രണ്ട് വർഷം തുടർച്ചയായി പ്രളയമുണ്ടായതോടെ, കേരളം മൊത്തത്തിലൊരു പരിസ്ഥിതിലോലപ്രദേശമായിരിക്കയാണ്. കോവിഡ് രോഗമാകട്ടെ, അവിചാരിതമാംവിധം കേരളത്തെ, സാമ്പത്തികമായും ദുർബലപ്പെടുത്തിയിരിക്കുന്നു. ഓരോ പ്രദേശത്തിനും അതിന്റേതായ ദുർബലാവസ്ഥ (Vulnarability)യുണ്ട്. അറബിക്കടൽ ചുഴലിക്കാറ്റിനാൽ കൂടുതൽ  സംഘർഷാത്മകമാവുമെന്ന ശാസ്ത്രജ്ഞരുടെ നിരീക്ഷണം ദുരന്തസാധ്യതകൾ വർദ്ധിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ  ആഘാതത്തെ ലഘൂകരിക്കുക എന്നതും ഇന്നത്തെ പ്രധാന ആവശ്യമാണ്. അതിനാൽ, കോവിഡാനന്തരം എന്നതിലപ്പുറം ദുരന്താനന്തരമുള്ളതും ഭാവിയിൽ ദുരന്താഘാതങ്ങൾ കുറക്കാൻ ശേഷിയുള്ളതുമായ പുതിയൊരു കേരളത്തിന്റെ നിർമ്മിതിയാണ് ലക്ഷ്യമിടേണ്ടത്. അതാകട്ടെ, ഒരിക്കലും ഒരു അറ്റകുറ്റപ്പണിയിൽ അവസാനിപ്പിക്കാവുന്നതല്ല. സംസ്ഥാനത്ത് ലഭ്യമാകുന്ന മനുഷ്യ-പ്രകൃതിവിഭവങ്ങളെ, നാടിന്റെ ആവശ്യങ്ങളുമായി ചേർത്തുവെച്ച് അനുയോജ്യമായ  പദ്ധതികളാക്കി മാറ്റാനും  അവയുടെ നിർവ്വഹണം ജനകീയമായി പൂർത്തിയാക്കാനും കഴിയണം. ഓരോ രംഗത്തും ലഭ്യമാകുന്ന പുതിയ ശാസ്ത്ര-സാങ്കേതികസാധ്യതകളെ നാടിനനുസൃതമായി പ്രയോജനപ്പെടുത്താനും പദ്ധതികളുണ്ടാവണം. 
  2. സുസ്ഥിരവികസനത്തിന്റെ സമീപനത്തിൽ നോക്കുമ്പോൾ, സക്രിയമായൊരു ഭൂജലാസൂത്രണപദ്ധതിക്കായിരിക്കണം, കേരളത്തിൽ മുൻഗണന നൽകേണ്ടത്. അതിനായി, ഇന്നത്തെ ഭൂജലവിനിയോഗരീതിയിൽ ഒട്ടേറെ തിരുത്തലുകൾ വേണ്ടിവന്നേക്കും. സ്ഥലീയ ആസൂത്രണം (Spacial Planning), പ്രദേശവത്ക്കരണം (Zonation), നീർത്തടവികസനം  (Watershed Development), ഭൂബേങ്ക് (Loan Bank) സംവിധാനം എന്നിവയൊക്കെയാണ് ഇതിനായി അനുയോജ്യമായിട്ടുള്ളത്. ഓരോ പ്രദേശത്തെയും ഭൂജലലഭ്യത കണക്കിലെടുത്ത് ഭൂ ഉപയോഗ/വിനിയോഗരീതികളിൽ സാമൂഹ്യനിയന്ത്രണമേർപ്പെടുത്താവുന്ന വിവിധ മാർഗ്ഗങ്ങളാണ് ഇവയെല്ലാംതന്നെ. ഭൂജലസംരക്ഷണരംഗത്ത് സുസ്ഥിരവികസനം സാധ്യമാകണമെങ്കിൽ ഭൂമിയുടെ ചരിവ്, പ്രകൃതിവിഭവപരിപാലനരീതി, കെട്ടിടനിർമ്മാണനിബന്ധനകൾ, വിള ചേരുവ, പൊതുഗതാഗതസംവിധാനം, ഊർജ്ജ ഉപയോഗം എന്നിവയൊക്കെ പരസ്പരം ബന്ധപ്പെടുത്തി കാണേണ്ടതുണ്ട്.
  3. മണ്ണും വെള്ളവും കഴിഞ്ഞാൽ പരിഗണിക്കേണ്ടത് ഖനിജങ്ങളായ പ്രകൃതിവിഭവങ്ങളാണ്. പാറ, മണൽ, ചെങ്കല്ല്, കളിമണ്ണ് എന്നിവയാണ് ഇതിൽ പ്രധാനം. ഭൂ ഉടമസ്ഥതയുടെ പേരിൽമാത്രം ആർക്കും തോന്നിയതുപോലെ ധാതുക്കൾ ഖനനംചെയ്യാൻ അധികാരമുണ്ടാകരുത്. ഇതോട് കൂട്ടിച്ചേർത്ത് കാണേണ്ട മറ്റൊരു പ്രധാനകാര്യം, ഭൂമിയിലെ സ്വകാര്യ ഉടമസ്ഥത അംഗീകരിക്കുമ്പോൾതന്നെ, ഭൂ ഉപയോഗത്തിൽ സാമൂഹ്യ നിയന്ത്രണം ഏർപ്പെടുത്തുക എന്നാണ്. മറ്റൊരർത്ഥത്തിൽ ‘ഭൂമി പൊതുസ്വത്ത്’  എന്ന് പറയാം. അതായത്, ഭൂമി ആരുടേയും സ്വകാര്യസ്വത്തല്ല. അതുകൊണ്ടുതന്നെ തന്നിഷ്ടപ്രകാരം ഭൂമിയുടെ ഘടന മാറ്റുംവിധം ആരും ഒന്നും ചെയ്യാൻ പാടില്ല. ഭൂമിയാണ് പ്രധാന ഉൽപാദന ഉപാധി. ഭൂമിയെ ഊഹക്കച്ചവട ഉപാധിയായി കാണുന്ന ഇന്നത്തെ കമ്പോള രീതി മാറണം. ഒപ്പം ഭൂമിയുടെ  സുതാര്യമായ ക്രയവിക്രയത്തിനായുള്ള ഭൂബേങ്ക് സംവിധാനത്തെപ്പറ്റിയും ആലോചിക്കേണ്ടതാണ്. കേരളത്തിലെ  പൊതുപരിസ്ഥിതിയുടെ  സംരക്ഷണത്തെപ്പറ്റി സംസാരിക്കുമ്പോൾതന്നെ; നെൽപാടങ്ങൾ, തണ്ണീർത്തടങ്ങൾ, പശ്ചിമഘട്ടം, നദീതടങ്ങൾ, കായൽവ്യവസ്ഥ, കുട്ടനാടൻപ്രദേശം, ഉൾനാടൻകുന്നുകൾ, തീരദേശമേഖല എന്നിവയുടെ സംരക്ഷണത്തിനായി പ്രാദേശികപ്രസക്തമായ പ്രത്യേകം പ്രത്യേകം പരിപാടികൾ തദ്ദേശഭരണസമിതികൾ തയ്യാറാക്കുകയും വേണം.
  4. ഗതാഗതകാര്യത്തിൽ, പൊതുഗതാഗതസംവിധാനങ്ങൾ, അതിൽതന്നെ ഹൃസ്വദൂര പാസഞ്ചർ തീവണ്ടികൾക്കായിരിക്കണം മുൻഗണന. ഇതിന് പൂരകമായി കിഴക്ക്-പടിഞ്ഞാറ് ദിശയിൽ റെയിൽവെസ്റ്റേഷനുകളെ ബന്ധപ്പെടുത്തിയാവണം ബസ്സ് സർവ്വീസ് ക്രമീകരിക്കുന്നത്. സ്വകാര്യവാഹനങ്ങൾ പരിമിതപ്പെടുത്തണം. കൂടുതൽ ജനങ്ങളുടെ യാത്രയാവണം, അല്ലാതെ കൂടുതൽ വാഹനങ്ങളുടെ ഒഴുക്കാവരുത് പൊതുഗതാഗതലക്ഷ്യം. ചരക്ക് കടത്തിന് കടൽവഴിയും ഉൾനാടൻ ജലഗതാഗതസാധ്യതകളും പ്രയോജനപ്പെടുത്തണം. കണ്ടെയിനർ കയറ്റിയ ലോറികൾ കപ്പൽവഴി കേരളത്തിലെത്താൻ നടപടി വേണം. ചരക്ക് ലോറികൾ കയറ്റുന്ന തീവണ്ടികളും പരിഗണിക്കണം. ഇതെല്ലാം റോഡിലെ തിരക്കും എണ്ണ ഉപയോഗവും കുറക്കാൻ സഹായകമാവും.
  5. മറ്റൊരു പ്രശ്‌നം മാലിന്യസംസ്‌കരണത്തേിന്റതാണ്. ഇതൊരു പൗരബോധത്തിന്റെ പ്രശ്‌നംകൂടിയാണ്. മാലിന്യസംസ്‌കരണം തദ്ദേശഭരണസ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്വമാവരുത്.  കേന്ദ്രീകൃതമാലിന്യ സംസ്‌കരണരീതി അപകടകരമാണെന്നും അപ്രായോഗികമാണെന്നും കേരളം ഇപ്പോൾ അനുഭവത്തിൽനിന്നും പഠിക്കുകയാണ്. അതുകൊണ്ടുതന്നെ, വികേന്ദ്രീകൃതമായി, സ്രോതസ്സിൽതന്നെ സംസ്‌കരണം എന്ന രീതിയാണ് അഭികാമ്യം. ഇതിനപ്പുറം, സമയബന്ധിതമായി സാക്ഷരതാപ്രസ്ഥാനത്തിന്റെ മാതൃകയിൽ,  ഒരു ജനകീയമാലിന്യസംസ്‌കരണപ്രസ്ഥാനത്തെപ്പറ്റി ആലോചിക്കേണ്ടതാണ്.
  6. സുസ്ഥിരവികസനവുമായി ബന്ധപ്പെടുത്തി ചർച്ചചെയ്യുമ്പോൾ ഉയർന്ന പരിഗണന വേണ്ട മറ്റൊരു രംഗം കെട്ടിടനിർമ്മാണത്തിന്റെതാണ്.  FAR (Floor Area Ratio) അടക്കമുള്ള നിയമനങ്ങൾ കർശനമാക്കണം. പരിസ്ഥിതിലോലപ്രദേശങ്ങളിൽ കെട്ടിടങ്ങൾ അനുവദിക്കരുത്. ഭൂമിയുടെ ചരിവ് പരിഗണിക്കണം. സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലുള്ള മൂന്നാറിലും, താഴെയുള്ള കുട്ടനാട്ടിലും ഒരേ കെട്ടിടനിർമ്മാണനിയമം ആകരുത്. നിയമങ്ങൾ പ്രാദേശികപ്രസക്തമായിരിക്കണം. വീട് നിർമ്മാണത്തിന് തദ്ദേശീയവിഭവങ്ങളെ പരമാവധി ഉപയോഗിക്കുന്നതും ചെലവുകുറഞ്ഞ ഹരിതസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതുമാവണം. സൗരോർജ്ജം, മഴവെള്ളസംഭരണി, കിണർ റീചാർജിഗ് തുടങ്ങിയ സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ എല്ലാവരും നടപ്പാക്കണം.
  7. കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവങ്ങൾ, അവയോടുള്ള രാഷ്ട്രീയവും സാമൂഹികവുമായ സമീപനങ്ങൾ, 21-ാംനൂറ്റാണ്ടിൽ ആവർത്തിക്കുന്നതും കേരളത്തിന്റെ കൂടെ നടക്കുന്നതുമായ ദുരന്തസാധ്യതകൾ എന്നിവയൊക്കെ പരിഗണിച്ചുകൊണ്ടായിരിക്കണം ഇവിടുത്തെ സുസ്ഥിരവികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. അതുമായി, ബന്ധപ്പെടുത്തി ചർച്ചചെയ്യേണ്ട പ്രധാന പ്രവർത്തനരംഗങ്ങളാണ് ഇതുവരെ വിശദീകരിച്ചത്. അതുകൊണ്ടുതന്നെ, അറ്റകുറ്റപ്പണിയോ, പുനർനിർമ്മാണമോ അല്ല, പുതിയൊരു കേരളംതന്നെ കെട്ടിപ്പടുക്കുകയാവണം ലക്ഷ്യം. അത്, പരിസ്ഥിതിയുടെ പുനർനിർമ്മാണമല്ല; എന്നാൽ, അതിനായുള്ള എല്ലാ പദ്ധതികളും പരിസ്ഥിതിസൗഹൃദപരമായിരിക്കണം. ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്ത് അവ കഴിയാവുന്നത്ര തദ്ദേശീയവും പ്രദേശികവുമായിരിക്കണം. വികസനത്തെ ഒരു സാമൂഹികപ്രക്രിയായി കാണുകയും അതിന്റെ സാക്ഷാത്കരവേദികളായി തദ്ദേശഭരണസ്ഥാപനങ്ങൾ മാറുകയും വേണം. 
  8. കേരളത്തിലെ മനുഷ്യ-പ്രകൃതിവിഭവങ്ങളെ ഏറ്റവും പ്രയോജനകരമായി വിനിയോഗിക്കാനും ഉപയോഗിക്കാനും കഴിയണം. അധ്വാനശേഷിയുടെ വികാസമായിരിക്കണം വിദ്യാഭ്യാസ-ആരോഗ്യരംഗത്തെ പ്രധാന ലക്ഷ്യം. അരോഗവും സക്രിയവുമായ ദീർഘായുസ്സ് ലക്ഷ്യമാക്കണം. മൊത്തം പ്രവർത്തനരീതി ജനാധിപത്യ-മതേതരചട്ടക്കൂട്ടിലാവണം സംഘടിപ്പിക്കുന്നത്. ഭാവിയെപ്പറ്റിയുള്ള കരുതലും വിഭവങ്ങളെപ്പറ്റിയുള്ള മുൻകരുതലും ഇതിന് വഴിയൊരുക്കണം.

നിർവ്വഹണം

സുസ്ഥിരവികസനത്തിനായുള്ള പ്രവർത്തനങ്ങളെല്ലാം എല്ലാ വിഭാഗം ജനങ്ങൾക്കും പ്രായോഗികമായി പങ്കാളിയാകാൻ കഴിയുംവിധമാവണം സംഘടിപ്പിക്കുന്നത്. നിർവ്വഹണപ്രക്രിയ ലളിതവും ചെലവ് കുറഞ്ഞതും  പ്രാദേശികവിഭങ്ങൾക്ക് ഊന്നൽനൽകുന്നതും, പ്രദേശികെൈവവിധ്യങ്ങളെ കണക്കിലെടുത്തുള്ളതുമാകണം. പ്രകൃതിദുരന്തങ്ങളും കോവിഡുംമൂലം വിവിധ രംഗങ്ങളിൽ പ്രയാസമനുഭവിക്കേണ്ടിവന്ന ജനങ്ങളുമായുള്ള നേർചർച്ചകളിലൂടെ, ഇത് സംബന്ധിച്ച അഭിപ്രായരൂപീകരണം നടക്കണം. ജനജീവിതവുമായി ബന്ധപ്പെട്ട രംഗങ്ങളിലെ അനുഭവങ്ങളെല്ലാം ക്രോഢീകരിക്കണം. ദരിദ്രരും പിന്നോക്കക്കാരും ഉയർത്തുന്ന ആവശ്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകിയായിരിക്കണം  വികസനസമീപനം രൂപപ്പെടുത്തുന്നത്. എന്തൊക്കെ നടക്കണം, എന്നതുപോലെതന്നെ എന്തൊക്കെ നടക്കാൻ പാടില്ലെന്ന് പറയാനും ജനങ്ങൾക്ക് അവസരമുണ്ടാക്കണം; അതും ഉൾക്കൊള്ളണം. സുസ്ഥിരവികസനത്തിനായുള്ള ആസൂത്രണത്തിലേക്ക് സംഭാവനചെയ്യാൻ കഴിയുന്ന ഒരു രേഖയാണ് 2018-ലെ പ്രളയാനന്തരപുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ PDNA റിപ്പോർട്ട്. ഇതിൽനിന്ന് ഏറെ നിർദ്ദേശങ്ങൾ പ്രത്യേകിച്ചും, ഭൂജലപരിപാലനവുമായി ബന്ധപ്പെട്ട് സ്വീകരിക്കാവുന്നതാണ്. സുസ്ഥിരമായ വികസനമെന്നത്; കേരളത്തിലെ ജനജീവിതത്തിന്റെ, സമ്പദ്ഘടനയുടെ, ആവാസവ്യവസ്ഥയുടെ, ഉൽപാദനവ്യവസ്ഥയുടെ, വിതരണവ്യവസ്ഥയുടെ, പാരിസ്ഥിതികസംവിധാനത്തിന്റെ എല്ലാം പൊതുവായ സുസ്ഥിരതയാണ്. ഈയൊരു സമഗ്രതയിൽ കാര്യങ്ങളെ കാണാൻ കഴിയണം. കേരളത്തിൽ പടർന്ന് പന്തലിച്ച ശാസ്ത്ര-സാങ്കേതിക-ഗവേഷണസംവിധാനങ്ങളുടെ സേവനം ഈ പ്രക്രിയയിൽ ഉൾച്ചേർക്കണം. നിർവ്വഹണപ്രകിയ പൂർണ്ണമായും തദ്ദേശഭരണസ്ഥാപനങ്ങൾ വഴിയാവണം സംഘടിപ്പിക്കുന്നത്.

ഈയൊരു സമീപനത്തിൽ പദ്ധതികൾ തയ്യാറാക്കാൻ തദ്ദേശഭരണസ്ഥാപനങ്ങളെ ഇവിടുത്തെ ശാസ്ത്രസാങ്കേതികകേന്ദ്രങ്ങളും ഗവേഷണസ്ഥാപനങ്ങളും സഹായിക്കേണ്ടതാണ്. ഇക്കാര്യത്തിൽ ‘കില’യുടേയും സംസ്ഥാന ഭൂ ഉപയോഗബോർഡിന്റെയും ആസൂത്രണബോർഡിന്റെയുമെല്ലാം പ്രത്യേക ശ്രദ്ധ പതിയണം. ഇവയുടെ കൈവശമുള്ള ഗവേഷണഫലങ്ങളെയും അറിവുകളെയും പ്രയോജനപ്പെടുത്തിയാവണം തദ്ദേശീശമായി വികസനപദ്ധതികൾ രൂപപ്പെടുത്തുന്നത്.

വിഭവസമാഹരണം

വിഭവമെന്നാൽ, പണം മാത്രമല്ല. മണ്ണ്, വെള്ളം, മനുഷ്യാധ്വാനം എന്നിവയാണ് പ്രധാന വിഭവങ്ങൾ. ഇവയെ ലഭ്യമായ പണവുമായി കൂട്ടി ചേർത്താണ് ആസൂത്രണപ്രക്രിയ സംഘടിപ്പിക്കേണ്ടത്. എല്ലാതരം വിഭവങ്ങളുടെയും ദുർവ്യയം ഒഴിവാക്കുകയും ഉപയോഗവും ഉത്പാദനക്ഷതയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇതിന് തൊഴിലാളികളുടെ നൈപുണീവികസനം, പ്രാദേശികമായി വിഭവങ്ങളെ കണ്ടെത്തൽ, കടത്ത്/ഗതാഗതം കൂലി കുറക്കൽ, സംഘടിതവും സന്നദ്ധവുമായ അധ്വാനശേഷി പ്രയോജനപ്പെടുത്തൽ എന്നിവയൊക്കെ പ്രാദേശികതലത്തിൽ നടത്താൻ കഴിയണം. മാലിന്യമടക്കം പലതും വിഭവങ്ങളാക്കിമാറ്റാൻ കഴിയുന്ന ഒരു സമീപനം ഉണ്ടായിവരണം.

സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പണം വളരെ  പ്രധാനമാണ്. ഓരോ ദുരന്തസമയത്തും പണദൗർലഭ്യം അത്യന്തം പ്രയാസങ്ങളുണ്ടാകുന്നുണ്ട്. ആരോഗ്യകരമായ ഒരു കേന്ദ്ര-സംസ്ഥാനസാമ്പത്തിക ബന്ധം നിലനിൽക്കുന്നില്ലെന്ന പ്രശ്‌നമുണ്ട്. പരസ്പരവിശ്വാസമില്ലാതെയാണ്‌കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെമേൽ നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുന്നത്. സ്വന്തമായി നികുതി ചുമത്താനും പിരിക്കാനും ചെലവാക്കാനുള്ള സംസ്ഥാനങ്ങളുടെ ശേഷി GST യോടെ ഇല്ലാതായിരിക്കയാണ്. അവശേഷിക്കുന്ന മദ്യം, പെട്രോളിയം പോലുള്ള ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾതന്നെ വർദ്ധിച്ച നികുതിനിരക്കാണുള്ളത്. അവയിലെ പ്രധാന നികുതികൾ മിക്കതും കേന്ദ്രത്തിനുമാത്രം അവകാശപ്പെട്ടവയാണ്. സംസ്ഥാനങ്ങളുമായി പങ്ക് വെക്കുന്നവയല്ല. പുതിയ നികുതിസാധ്യത അൽപമെങ്കിലുമുള്ളത് പ്രാദേശിക സർക്കാർ തലത്തിലാണ്.

സംസ്ഥാനത്തിന് അതിന്റെ ധനപരിപാലനത്തിന്റെ ഭാഗമായി വരുമാനം വർദ്ധിപ്പിക്കുന്നതുപോലെതന്നെ പ്രധാനമാണ് ചെലവ് ചുരുക്കുക എന്നതും. ഇതിനകം വന്ന സംസ്ഥാന പൊതുചെലവ് കമ്മീഷൻ റിപ്പോർട്ടുകൾ ഇതിന്റെ വിശദാശങ്ങളിലേക്ക് വെളിച്ചംവീശുന്നവയാണ്. വരുമാനവർദ്ധനവുമായി ബന്ധപ്പെട്ട് ചർച്ചചെയ്യേണ്ട പ്രധാനകാര്യം നികുതിപിരിവിന്റേതാണ്. ഇതിൽ മൂന്ന് കാര്യങ്ങളുണ്ട്. പിരിക്കാൻ കഴിയാത്ത നികുതി, നികുതി കുടിശ്ശിക, സംസ്ഥാനവരുമാനത്തിലെ കുറഞ്ഞ നികുതി അനുപാതം എന്നിങ്ങനെ. 30%ത്തോളം നികുതി കേരളത്തിൽ നേരത്തെ മുതലേ പിരിക്കാതെ പോകുന്നു എന്നാണ് കണക്ക്. ഇതാകട്ടെ, ഇപ്പോൾ ചുരുങ്ങിയത് 20000 കോടി രൂപയോളം വരുമത്രെ. അതിന്റെ മൂന്നിലൊന്നെങ്കിലും പിരിക്കാനുള്ള നടപടികൾ കൃത്യമായി ആസൂത്രണംചെയ്താൽ ചുരുങ്ങിയത് ഒരുവർഷം 7000 കോടി രൂപയെങ്കിലും അധികമായി കണ്ടെത്താൻ കഴിയും. നികുതി കുടിശ്ശികയുടെ കാര്യമാണെങ്കിൽ CAG യുടെ കണക്ക് പ്രകാരം 2017-18-ൽതന്നെ 12,000 കോടി രൂപയോളം വരുന്നുണ്ട്. ഇതിൽ നല്ലൊരു ഭാഗം പൊതുമേഖലാസ്ഥാപനങ്ങളിൽനിന്നാണ്. ഒട്ടേറെ സ്വകാര്യകമ്പനികൾ KSEBപോലുള്ള സ്ഥാപനങ്ങൾക്ക് വലിയ തുക കുടിശ്ശികയുണ്ട്. അവയിൽ പലതും കോടതി കേസ്സുകളിലാണ്. ഇവയിലൊക്കെ രാഷ്ട്രീയസ്വാധീനവും അഴിമതിയും ഉൾച്ചേർന്നിരിക്കുന്നു. ഭരണകക്ഷികൾ മാറിമാറി വരുന്നതിലൂടെ ഈ പ്രശ്‌നം കൂടുതൽ പ്രയാസകരമാവുകയാണ്. എങ്കിലും, പലതും രാഷ്ട്രീയമായി പരിഹരിക്കാവുന്നതിനാൽ ഇതിലൊക്കെ വേണ്ടത് രാഷ്ട്രീയസമവായമാണ്.

ഇതോടൊപ്പം, സംസ്ഥാനത്തിന്റെ വരുമാനത്തിൽ നികുതിയിൽനിന്നുള്ള അനുപാതം കുറഞ്ഞുകൊണ്ടിരിക്കുന്നതും  ഗൗരവമായി കാണണം. ഇപ്പോഴിത് ഏതാണ്ട് 7% മാത്രമാണ്. നികുതി ഇതര വരുമാനമായി പിരിക്കുന്നത് പ്രധാനമായും ഭാഗ്യക്കുറിയിൽനിന്നാണ്. ഇന്നത്തെ 7% എന്നത് പുറം വരുമാനം ചേരാതെയുള്ളതാണ്. അതുംകുടി കണക്കാക്കിയാൽ നികുതി അനുപാതം പിന്നേയും കുറയും. ഇതേസമയം കർണ്ണാടകപോലുള്ള സംസ്ഥാനങ്ങളിൽ ഈ അനുപാതം 10% ൽ കൂടുതലാണെന്നത് ഗൗരവമായി കാണണം.

തദ്ദേശഭരണസ്ഥാപനങ്ങളുടെ തനത് ഫണ്ട് വർദ്ധിപ്പിക്കാനും, അതുവഴി പിരിക്കാൻ കഴിയുന്ന അധികവരുമാനത്തിന്റെ സാധ്യതയും പരിശോധിക്കണം. എന്നാൽ, പല  ഭരണസമിതികളും ‘എന്റെ പഞ്ചായത്ത് നികുതിരഹിതപഞ്ചായത്തായിരിക്കും’ എന്ന് പ്രഖ്യാപിച്ച് വോട്ടർമാരെ സന്തോഷിപ്പിക്കുന്നതിലാണ് തൽപ്പരരായിട്ടുള്ളത്. എല്ലാ വിഭാഗം തൊഴിലാളികളും(അതിഥി തൊഴിലാളികൾ ഉൾപ്പെടെ) ഏതെങ്കിലും ഒരു തദ്ദേശഭരണസ്ഥാപനത്തിൽ രജിസ്ട്രർ ചെയ്യണം. അതുവഴി ഒരു തൊഴിൽകാർഡ് ഏർപ്പെടുത്തുകയും അതിന്നൊരു ഫീസ് ഈടാക്കുകയും വേണം. ഇത് വർഷാവർഷം പുതുക്കണം. തൊഴിൽകാർഡിനെ ക്ഷേമനിധി ബോർഡിന്റെയും, സർക്കാരിന്റെയും മറ്റ് ആനുകൂല്യങ്ങളുമായും ബന്ധിപ്പിക്കണം.

ഭൂമിയുടെ മാന്യമായതും ഇടനിലക്കാരില്ലാത്തതുമായ ക്രയവിക്രയത്തിന്, ഭൂ ബേങ്ക് സംവിധാനം ഏർപ്പെടുത്തി, ഒരു നിശ്ചിത തുക തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ക്രയവിക്രയ ഫീസായി ലഭിക്കാൻ വ്യവസ്ഥ ചെയ്യണം. കച്ചവടത്തിനായുള്ള കെട്ടിടങ്ങളുടെ നികുതി, അവയുടെ  വാടകയുമായി ബന്ധപ്പെടുത്തി തീരുമാനിക്കണം. വീട്ടുനികുതി പിരിവ് കാര്യക്ഷമമാക്കണം. വസ്തുനികുതി പരിഷ്‌കരിക്കണം. മറ്റൊരു പ്രധാന സ്രോതസ്സായി കാണേണ്ടത് വില കൂടിയ സ്വകാര്യവാഹനങ്ങളിലും, അമിത ഊർജ്ജം ആഗിരണം ചെയ്യുന്ന വലിയ കെട്ടിടനിർമ്മാണ ഉരുപ്പടികളിലും ചുമത്തേണ്ട ‘കാർബൺ നികുതി’യാണ്. കാലാവസ്ഥാമാറ്റത്തിന്റെ പശ്ചാത്തലത്തിലുള്ള സുസ്ഥിരവികസനചർച്ചയുടെ ഭാഗമായി പാരിസ്ഥിതികപാദമുദ്ര (EFP) കുറക്കാനുള്ള ഇത്തരം നടപടികൾക്ക് വലിയ പ്രാധാന്യമുണ്ട്. കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് മീനങ്ങാടി പഞ്ചായത്തിൽ തുടങ്ങിയതുപോലുള്ള കാർബൺ ന്യൂനീകരണപരിപാടി കാര്യക്ഷമമാക്കി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണം. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം, പെൻഷൻ എന്നിവക്ക് താഴെ തലത്തിലും മേലെ തലത്തിലും പരിധി നിശ്ചയിക്കണം. എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ‘ബോഗസ്സ്’ നിയമനങ്ങൾ ഒഴിവാക്കാൻ സർക്കാർ നേരിട്ട് നിയമനം നടത്തണം. സർക്കാർ ആപ്പീസുകളിൽ വാഹനം, വൈദ്യുതി, വെള്ളം എന്നിവയുടെ ഉപയോഗം കാര്യക്ഷമമാക്കണം. കേടുവരുന്ന വാഹനങ്ങളും മറ്റ് ഉരുപ്പടികളും പാടെ നശിക്കാനിടയാക്കാതെ വേഗത്തിൽ റിപ്പയർ ചെയ്യുകയോ ലേലംചെയ്യുകയോ വേണം. 

ചർച്ച ചെയ്യേണ്ട മറ്റൊരു കാര്യം തൊഴിലുറപ്പ് പദ്ധതിയാണ്. കൃഷിക്കായി ജലപരിപാലനമടക്കമുള്ള പശ്ചാത്തലസൗകര്യങ്ങളിൽ അനുയോജ്യമായ പ്രൊജക്ടുകൾ തയ്യാറാക്കി 100 ദിവസത്തെയെങ്കിലും തൊഴിൽസാധ്യത ഉറപ്പാക്കണം. ദുരന്തസാഹചര്യങ്ങളിൽ 100 ദിവസം എന്ന പരിധി ഒഴിവാക്കാനും കഴിയണം.  ഇതിനനുസൃതമായി പ്രവൃർത്തികൾ കണ്ടെത്താൻ തദ്ദേശഭരണതലത്തിൽ പ്രത്യേക സംവിധാനങ്ങളുണ്ടാക്കണം. കൃഷിപ്പണിയെ ഇതുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികൾ തയ്യാറാക്കണം. ഇങ്ങനെ ചെയ്താൽ  ഒരുവർഷം 6000 കോടിരൂപയുടെ പ്രവൃത്തികളെങ്കിലും കേരളത്തിൽ നടത്താൻ കഴിയുമെന്ന് കണക്കാക്കുന്നു. ഇതിൽ പകുതി കാർഷികവികസനവുമായി ബന്ധപ്പെട്ട ഭൂജലപരിപാലനത്തിനായി ചെലവാക്കിയാൽ 3000 കോടിരൂപയുടെ പ്രവൃത്തികൾ നടത്താവുന്നതാണ്.

ധനകാര്യ സ്ഥാപനങ്ങൾ

പൊതുമേഖലാധനകാര്യസ്ഥാപനങ്ങളുടെ വികസനപങ്കാളിത്തമാണ് മറ്റൊരിനം. ഇതിൽ പ്രധാനം വാണിജ്യബേങ്കുകളാണ്. കൂടാതെ നബാർഡ്, KFC, KSFE കേരളാബേങ്ക് കാർഷികസഹകരണസംഘങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ആഗോളവത്ക്കരണനടപടികളിലൂടെ സേവനരംഗത്ത് വലിയൊരു കീഴ്‌മേൽ മറിച്ചിൽ ഉണ്ടായ രംഗമാണ് ബേങ്കിങ്ങിന്റേത്. ബേങ്ക് ദേശസാൽക്കരണം നടന്ന 1969 മുതൽ ആഗോളവത്ക്കരണ നടപടികൾ ആരംഭിച്ച 1991 വരെയുള്ള കാലത്ത് പൊതുമേഖലാബേങ്കുകളുടെ ഏതാണ്ട് മുക്കാൽപങ്ക് പ്രവർത്തനങ്ങളും ചെറുകിട, കാർഷിക മുൻഗണനാരംഗങ്ങളെ മുൻനിർത്തിയായിരുന്നു. ഇപ്പോഴാകട്ടെ, ബേങ്കുകളുടെ 80% പ്രവർത്തനങ്ങളും തദ്ദേശ-വിദേശകോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലായിരിക്കുന്നു. ബേങ്ക് ശാഖകൾ നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നു. ഇവിടെനിന്ന് കോർപ്പറേറ്റുകൾ വാങ്ങിക്കൂട്ടിയ വായ്പകളൊന്നും  തിരിച്ചടക്കാത്തിനാൽ കിട്ടാക്കടം (NPA) കൂടിവരുന്നു. ഇത് ഓരോ വർഷവും എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ, ബേങ്കുകൾ പൊതുവിൽ വലിയ പ്രതിസന്ധിയിലാണ്. മാത്രമല്ല, കോർപ്പറേറ്റ് അനുകൂലമായി ഇനിയും  കൂടുതൽ വായ്പ നൽകാൻ ബേങ്കുകളെ പരസ്പരം കൂട്ടിച്ചേർത്ത് വലുതാക്കിക്കൊണ്ടിരിക്കയാണ്. ദേശസാൽക്കൃതബേങ്കുകളെ വീണ്ടും സ്വകാര്യവത്ക്കരിക്കാനും പരിപാടിയുണ്ട്. 

കേരളത്തിലാണെങ്കിൽ, നമ്മുടെ സ്വന്തം ബേങ്കായിരുന്ന സ്‌റ്റേറ്റ് ബേങ്ക് ഓഫ് ട്രാവൻകൂർ (SBT), സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചതോടെ നേരത്തെ SBT നൽകിവന്ന പ്രാദേശികസേവനങ്ങൾ മിക്കതും നിലച്ചമട്ടാണ്. ഇപ്പോഴത്തെ സർവ്വീസ് പോയന്റ്, ബിസിനസ്സ് കറസ്‌പോണ്ടന്റ് എന്നിവയൊന്നും ബേങ്ക് ശാഖകൾ വഴിയുള്ള നേരിട്ടുള്ള പ്രവർത്തനങ്ങൾക്ക് ബദലാകുന്നില്ല. കൊറോണ രോഗത്തോടെ പ്രവാസികൾ വൻതോതിൽ തിരിച്ചുവരികയാണ്. അവർ വഴിയുള്ള വിദേശപ്പണം കുറയുന്നു. അവരുടെ തൊഴിലും ഒരു പ്രശ്‌നമാകുന്നതിനാൽ, തദ്ദേശീയമായ കൂടുതൽ ഉൽപാദനസംരംഭങ്ങൾ അനിവാര്യമാകുന്നുണ്ട്. ഏതാണ്ട് അഞ്ചര ലക്ഷം കോടി രൂപയുടെ ബേങ്ക് നിക്ഷേപമുള്ള കേരളത്തിൽ എല്ലാതരം വായ്പകളും ചേർന്നാൽപ്പോലും വായ്പാ-നിക്ഷേപ അനുപാതം (CDR) 65% മാത്രമാണ്. ഇതിന് ഒരു കാരണം SBT ഇല്ലാതായതാണ്. ഇന്ത്യൻ ശരാശരി 78%വും ആന്ധ്രപ്രദേശ് 120% വും മഹാരാഷ്ട്ര,  തമിഴ്‌നാട് എന്നിവിടങ്ങളിൽ 100% ൽ കൂടുതലുമാണ്. കേരളത്തിലെ CDR ൽ 20%ത്തിന്റെ വർദ്ധനവെങ്കിലും ഉണ്ടായാൽതന്നെ 85% മാത്രമെ വരുന്നുള്ളൂ. പക്ഷെ, അതിന്റെ ഭാഗമായി ഒരു ലക്ഷംകോടി രൂപയുടെ അധിക ഉൽപാദനവായ്പയെങ്കിലും ലഭ്യമാക്കാൻ കഴിയും. 

ഇതിന് പുറമെയാണ് സഹകരണസ്ഥാപനങ്ങളിലെ ഏതാണ്ട് രണ്ട് ലക്ഷംകോടി രൂപയോളം വരുന്ന നിക്ഷേപം. ഇപ്പോൾ കേരള ബേങ്കുംകൂടി നിലവിൽ വന്നതോടെ, നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാവുന്നതാണ്. അടുത്ത മൂന്ന് വർഷംകൊണ്ട് 3 ലക്ഷംകോടി നിക്ഷേപം ലക്ഷ്യമിടുന്ന കേരള ബേങ്കിന് നല്ല രീതിയിൽ ഇടപെടാൻ കഴിയണം. ഒപ്പം; നബാർഡിന്റെ റീ ഫൈനാൻസിംഗ് സാധ്യതകൾ പ്രയോജനപ്പെടുത്താനും കേരള സർക്കാരിന്റെ പുതിയ കാർഷികപദ്ധതിക്കായി, നബാർഡ് സഹായം ലഭിക്കത്തക്കവിധം പ്രൊജക്ടുകൾ തയ്യാറാക്കി സമർപ്പിക്കാനും കൃഷിഭവനുകളെയും പ്രാദേശികകാർഷികവികസസമിതികളെയും സജ്ജമാക്കണം. വിദേശികൾക്ക് പണം ഇടപാട് നടത്താവുന്ന ഒരു ധനകാര്യസ്ഥാപനനാക്കി KSFE യെ ഉയർത്തിക്കൊണ്ടുവരണം. ഇപ്പോൾ Money Transfer നടത്തുന്നതൊക്കെ സ്വകാര്യകമ്പനികളാണ്. തദ്ദേശഭരണസമിതികൾക്ക് നടപ്പാക്കാൻ സഹായകമായ പ്രോജക്ടുകൾ, ബേങ്ക് വായ്പയെ മുൻനിർത്തി സംസ്ഥാന-ജില്ലാതലബേങ്കിംഗ് SLBC, DLBC എന്നിവയൊക്കെചേർന്ന് തയ്യാറാക്കണം. ശാസ്ത്രസാങ്കേതികസ്ഥാപനങ്ങൾ വഴി ഇതിനുള്ള സാങ്കേതികസഹായങ്ങൾ ഉറപ്പാക്കണം. നേരത്തെ നിലവിലുണ്ടായിരുന്ന VTC (സന്നദ്ധസാങ്കേതികസേന) സംവിധാനത്തെ പുനഃരുജ്ജീവിപ്പിക്കുകയും വിപുലമായ പരിശീലനം വഴി തദ്ദേശഭരണതലത്തിലെ മുഖ്യധാരാപ്രവർത്തനങ്ങളുടെ ഭാഗമാക്കുകയും വേണം.

രാഷ്ട്രീയമാറ്റങ്ങൾ

കോവിഡാനന്തരകാലത്ത് മുതലാളിത്തസ്ഥാപനങ്ങൾ ‘ലോക്ഡൗൺ’ കാലത്തെ നഷ്ടം നികത്താനുള്ള തത്രപ്പാടിലായിരിക്കുമെന്നാണ് ഇപ്പോഴത്തെ നീക്കങ്ങളെല്ലാം കാണിക്കുന്നത്. അതിനെ ഇന്ത്യപോലുള്ള രാജ്യങ്ങളിലെ സർക്കാരുകൾ പൂർണ്ണമായി പിന്തുണക്കുമെന്നാണ് പുതിയ സാമ്പത്തികപാക്കേജിന്റെ ഉള്ളടക്കവും, പരിസ്ഥിതി, തൊഴിൽനിയമങ്ങളിൽ അവർ വരുത്തുന്ന ഭേദഗതികളും കാണിക്കുന്നത്. സിമന്റ്, സ്റ്റീൽപോലുള്ള നിർമ്മാണസാമഗ്രികളിൽ മുതലാളിമാർ വരുത്തിയ വൻ വിലവർദ്ധനവും എണ്ണവിലക്കയറ്റവും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതാണ് സാശ്രയത്തിലേക്കുള്ള ഭാവിവികസനപാതയെന്നുണ്ടെങ്കിൽ അതുവഴിയുള്ള സാമ്പത്തികപുനർനിർമ്മാണത്തിന് നൽകേണ്ടിവരുന്ന സാമൂഹികവും പാരിസ്ഥിതികവുമായ വില വളരെ വലുതായിരിക്കും. അതിനാൽ, കമ്പോളലാഭത്തെമാത്രം ലക്ഷ്യമാക്കി നടത്തുന്ന കോവിഡാനന്തര പുനർനിർമ്മാണരീതി തിരുത്തേണ്ടതുണ്ട്. സർക്കാരിന്റെ പൊതുചെലവുകൾ വർദ്ധിപ്പിക്കുകയും പൊതുമേഖലയെ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്.

ഈ അവസരത്തിൽ മറ്റൊരു വാദവും ഉയർന്നു വരുന്നുണ്ട്.  മനുഷ്യകുലത്തിന് മാത്രമാണ് കോവിഡ് കാലത്തെ ഉൽപാദനത്തകർച്ചയിൽ നഷ്ടമുണ്ടായത്. ഭൂമിക്കും അവിടുത്തെ മറ്റെല്ലാ ജീവജാലങ്ങൾക്കും ഇക്കാലം നന്മയുടേതായിരുന്നു. അതിനാൽ മനുഷ്യന്റെമാത്രം നഷ്ടം നികത്തുന്ന രീതിയിലുള്ള പുനർനിർമ്മാണത്തെ ഒരു രീതിയിലും ന്യായീകരിക്കാവുന്നതല്ല. മാത്രമല്ല, ഇപ്പോൾ കുറെയൊക്കെ മെച്ചപ്പെട്ടുവന്ന പരിസ്ഥിതി, മനുഷ്യന്റെതന്നെ ആരോഗ്യകരമായ വളർച്ചക്ക് അനിവാര്യവുമാണ്. അതിനാൽ പരിസ്ഥിതിയെ ഇനിയും കൂടുതൽ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് വാദിക്കുന്നു. ഇത്തരത്തിൽ എന്തുംചെയ്യാം, ഒന്നും ചെയ്യാൻ പാടില്ല എന്നുള്ള നിലപാടുകൾക്കിടയിൽ പ്രകൃതികേന്ദ്രിതമായ ഒരു പരിസ്ഥിതിവികസനസമവായം അനിവാര്യമാവുകയാണ്. അവിടെയാണ് കോവിഡാനന്തരകാലത്ത് സുസ്ഥിരവികസനമെന്ന നിലപാടും അതിന്റെ ഭാഗമായി നടക്കേണ്ട പ്രവർത്തനങ്ങളും കൂടുതൽ പ്രസക്തമാകുന്നത്. 

എന്നാൽ, കോവിഡ് രോഗബാധയും തുടർന്നുണ്ടായ പ്രതിസന്ധികളും ലോകസമ്പദ്ഘടനയിൽ തന്നെ വിപുലമായ മറ്റൊരു തരം അഴിച്ചുപണിക്കും വഴിയൊരുക്കിയിരിക്കുന്നു. സാമ്പത്തികരംഗത്തെ സ്തംഭനാവസ്ഥ ഒഴിവാക്കാൻ ലോകരാജ്യങ്ങളിൽ പലതും പ്രത്യേകിച്ചും യൂറോപ്പിൽ സർക്കാരിന്റെ ധനസഹായങ്ങളും ഇളവുകളും നേരിട്ട് ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കയാണ്. ഇതിനായി ദേശീയവരുമാനത്തിന്റെ  പത്തിലൊന്നു മുതൽ നാലിലൊന്നുവരെ പല രാജ്യങ്ങളും വകയിരുത്തിക്കഴിഞ്ഞു. പലയിടത്തും ആരോഗ്യമടക്കമുള്ള ആവശ്യസേവനരംഗങ്ങൾ ദേശസാൽക്കരിക്കുന്നുണ്ട്. എന്തായാലും, കമ്പോളത്തിന്റെ മേൽകൈയിൽ ഊന്നിയ ആഗോളവത്ക്കരണത്തിലേക്കുള്ള തിരിച്ചുപോക്ക് അവിടങ്ങളിൽ കുറെയൊക്കെ അസാധ്യമാവുകയുമാണ്. പകരം, തദ്ദേശീയവും പ്രാദേശികവുമായ ആസൂത്രിത ഇടപെടലുകൾ ഏറെ പ്രസക്തമാകുന്ന ഒരു ഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. നമ്മുടെ നാടും ഈ മാർഗ്ഗമാണ് സ്വീകരിക്കേണ്ടത്.

സുസ്ഥിരവികസനം ഊന്നുന്നതാകട്ടെ, അധികാരവികേന്ദ്രീകരണത്തിലും പ്രാദേശികവികസനപരിപാടികളിലും ജനപങ്കാളിത്തത്തിലുമാണ്. നിർഭാഗ്യവശാൽ തദ്ദേശസമ്പദ്ഘടനയുടെ വികസനത്തിന് സഹായകമായ നിലപാടല്ല, കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. പ്രാദേശികസർക്കാരുകൾ എന്നത് കേന്ദ്ര അജണ്ടയിൽ തന്നെയില്ല. രാജ്യത്താണെങ്കിൽ 2019 മുതൽക്കെ ശക്തമായ സാമ്പത്തികമാന്ദ്യം നിലനിൽക്കുകയാണ്. അതിനെതിരായ ഒരു മാന്ദ്യവിരുദ്ധ ഉത്തേജകപാക്കേജ് 2020-ലെ കേന്ദ്രബജറ്റിൽ പ്രതീക്ഷിച്ചു;  അതുണ്ടായില്ല. തുടർന്നുണ്ടായ കൊറോണരോഗവ്യാപനത്തിൽ പാടെ തകർന്ന ജനജീവിതത്തേയും സമ്പത്തുൽപാദനത്തേയും സഹായിക്കുന്ന ഒരു ദരിദ്രപക്ഷ ഉത്തേജകപാക്കേജും പ്രതീക്ഷിച്ചു; അതും ഉണ്ടായില്ല. തകർന്നുപോയ ഭൂരിപക്ഷം വരുന്ന ദരിദ്രരുടെ ജീവിതത്തെയല്ല, സമ്പന്നരായ ന്യൂനപക്ഷത്തിന്റെയും അവരുടെ കമ്പനികളുടേയും ഉൽപാദനവർദ്ധനവും വിതരണക്ഷമതയുമാണ് കേന്ദ്രസർക്കാരിന്റെ താല്പര്യമായി മാറുന്നത്. ജനങ്ങൾക്ക് നേരിട്ട് പണംനൽകിയാൽ അവർ പണിയെടുക്കാതെ അലസരാകുമെന്നും; ദീർഘകാലയളവിൽ രാജ്യത്ത് എല്ലാം ശരിയാകുമെന്നുമുള്ള 18-ാംനൂറ്റാണ്ടിലെ പരാജയപ്പെട്ട സാമ്പത്തികശാസ്ത്രമാണ് കേന്ദ്രസർക്കാർ ഇപ്പോഴും പിന്തുടരുന്നത്. ഒപ്പം നേരത്തെ സൂചിപ്പിച്ചതുപോലെ, പ്രകൃതിവിഭവ കയ്യേറ്റങ്ങൾക്കും തൊഴിലാളിചൂഷണത്തിനും ഇടയാക്കുന്ന നിയമഭേദഗതികളും കൊണ്ടുവരികയാണ്. ഇവയൊക്കെ കൂട്ടിവെച്ച് വായിക്കുമ്പോൾ ബോധ്യപ്പെടുന്നത് സുസ്ഥിരവികസനത്തിന് ഒരിക്കലും അനുയോജ്യമല്ലാത്ത രീതിയിലാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നതാണ്. മാത്രമല്ല, ഇത്തരം അവസരങ്ങളിൽ വേണ്ട ഒരു അടിയന്തിരദേശീയകർമ്മപദ്ധതി തയ്യാറാക്കാൻ ശേഷിയുള്ള കേന്ദ്ര ആസൂത്രണകമ്മീഷനും ഇന്ന് ഇന്ത്യയിലില്ല.

ഈ പരിമിതികൾക്കകത്തുനിന്നുവേണം കേരളത്തിൽ സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട ആസൂത്രണത്തിനും അതിന്റെ ഭാഗമായുള്ള പ്രൊജക്ടുകൾക്കും രൂപംനൽകാൻ. അതിനർത്ഥം, കേരളത്തിൽ ഇതൊക്കെ അസാധ്യമാണെന്നല്ല. കേരളത്തിലെ പ്രധാന തട്ടകം, തദ്ദേശഭരണസ്ഥാപനങ്ങളായിരിക്കണം. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ജനകീയാസൂത്രണപ്രസ്ഥാനംവഴി സ്ഥായിയായ ഒരു തദ്ദേശഭരണം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ, വികേന്ദ്രീകൃതവും ജനപങ്കാളിത്തം ഉള്ളതുമായ ആസൂത്രണപ്രക്രിയ ഇന്നിവിടെ നിലവിലുണ്ട്. അതിനെ ഏകോപിപ്പിക്കാൻ ജില്ലാ ആസൂത്രണസമിതിയും സംസ്ഥാന ആസൂത്രണ ബോർഡും പ്രവർത്തിക്കുന്നു. ഇത്തരം പൊതുസംവിധാനങ്ങളിലൂടെ ജനാധിപത്യപരമായ രീതിയിൽ നടപ്പാക്കുന്ന സാമൂഹിക ആസൂത്രണംവഴി മാത്രമെ കേരളത്തിൽ സുസ്ഥിരവികസനം സാധ്യമാകൂ. ദുരന്താനന്തരകേരളം ഈ വഴിക്ക് തന്നെ നടക്കേണ്ടിയിരിക്കുന്നു.


 

Happy
Happy
67 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വികേന്ദ്രീകൃതവികസനം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ
Next post വൈറസുകളുടെ ഉല്പത്തിയും പരിണാമവും 
Close