സൂര്യനും ചന്ദനുമൊക്കെ ചുറ്റും വൃത്താകൃതിയിൽ കാണപ്പെടുന്ന പ്രകാശവലയം ഹാലോ (halo) എന്ന പ്രതിഭാസമാണ്. ഇവയുണ്ടാകുന്നത് മഴവില്ലുണ്ടാകുന്നതിനോട് സാദൃശ്യമുള്ള പ്രക്രിയയിലൂടെയാണ്. അന്തരീക്ഷത്തിലെ വളരെ ചെറിയ ഐസ് കണങ്ങളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ സംഭവിക്കുന്ന റിഫ്രാക്ഷൻ ആണ് ഹാലോയ്ക്ക് കാരണമാകുന്നത്. ഇവ പല ആകൃതിയിലും കാണപ്പെടാറുണ്ട്. ഹാലോ വളരെ സാധാരണമായി കാണപ്പെടുന്ന ഒന്നാണ്, നമ്മളെല്ലാം ഒരിക്കലെങ്കിലും ഈ പ്രതിഭാസം കണ്ടിട്ടുണ്ടാകും.
വൃത്താകൃതിയിൽ നാം സാധാരണ കാണുന്ന ഹാലോയ്ക്ക് 22 ഡിഗ്രി ഹാലോ എന്നാണ് പേര്. സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങൾ ആകാശത്തുള്ളപ്പോഴാണ് സാധാരണ ഹാലോ ഉണ്ടാകാറുള്ളത്. സിറോസ്ട്രാറ്റസ് മേഘങ്ങളെ തിരിച്ചറിയാനുള്ള എളുപ്പവഴി തന്നെ സൂര്യന് അല്ലെങ്കിൽ ചന്ദ്രന് ചുറ്റും ഹാലോ ഉണ്ടോയെന്ന് നോക്കുന്നതാണ്. ഈ മേഘങ്ങൾ വളരെ ഉയരത്തിലാണ് കാണപ്പെടുക. അതുകൊണ്ട് തന്നെ ഇവയിൽ കൂടുതലും ഐസ് ക്രിസ്റ്റലുകൾ ആണുണ്ടാകുന്നത്. ഇവയാണ് ഹാലോയ്ക്ക് കാരണമാകുന്നത്. മഴവില്ല് പോലെ തന്നെ പ്രകാശത്തിലെ ഏഴ് നിറങ്ങളും ഹാലോയിലും കാണാറുണ്ട്. അകത്തു ചുവപ്പും ഏറ്റവും പുറത്തു വയലറ്റും എന്ന ക്രമത്തിലാണ് നിറങ്ങളുണ്ടാവുക.
ഹാലോ, മഴവില്ല്, മൂൺബോ ഇവയെല്ലാം atmospheric optics എന്ന മേഖലയിൽ വരുന്ന പ്രതിഭാസങ്ങളാണ്. ഇവയെക്കൂടാതെ മറ്റു പല കൗതുകകരമായ ആകാശക്കാഴ്ചകളും സൂര്യപ്രകാശവും അന്തരീക്ഷത്തിലെ ജല/ഐസ് കണങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനത്തിലൂടെ ഉണ്ടാകാറുണ്ട്.
അനുബന്ധ വായനയ്ക്ക്
സൗര ശ്വാനന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടോ?