ജീന എ.വി.
ഗവേഷക, ഔലു സർവകലാശാല, ഫിൻലന്റ്
ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനത്തിൽ യു.എൻ. പ്രമേയമായി എടുത്തിരിക്കുന്നത് “നേതൃനിരയിൽ സ്ത്രീകൾ: കോവിഡ് -19 ലോകത്ത് തുല്യ ഭാവി കൈവരിക്കുക” എന്നതാണ്.
കോവിഡ് 19-ന്റെ ആദ്യഘട്ടം മുതലേ വളരെ കാര്യക്ഷമമായി തീരുമാനങ്ങളെടുക്കുകയും നടപ്പിലാക്കുകയും ചെയ്ത ഏതാനും രാജ്യങ്ങളെ നാം കഴിഞ്ഞ വർഷം കണ്ടിരുന്നു. സ്ത്രീകൾ നേതൃത്വത്തിലുള്ള ന്യൂസീലൻഡ്, തായ്‌വാൻ എന്നീ രാജ്യങ്ങൾ അതിൽ മുന്നിൽ നിന്നിരുന്നു എന്ന് മാത്രമല്ല, മറ്റു രാജ്യങ്ങൾക്ക് മാതൃകയായും മാറി. കാലക്രമേണ കൂടുതൽ സ്ത്രീകൾ അധികാരസ്ഥാനങ്ങളിലേക്കെത്തുന്ന കാഴ്ച ലോകത്തിന്റെ ഓരോ കോണിലും കാണാനാവും.
സാമ്പത്തിക – സാമൂഹിക സ്വാതന്ത്ര്യം & സുരക്ഷ, അവസരലഭ്യത ഉറപ്പുവരുത്തൽ, സാമൂഹ്യബോധവൽക്കരണം തുടങ്ങിയ മാറ്റങ്ങൾ ലോകത്തെ ലിംഗസമത്വത്തിന്റെ ദിശയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും ധാരാളം ചർച്ചകൾ ഇന്ന് നടന്നുവരുന്നുണ്ട്. പല തലങ്ങളിലും രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളും ഉണ്ടാകുന്നുമുണ്ട്. പക്ഷേ, ഇതുകൊണ്ട് മാത്രം ലിംഗസമത്വം കൈവരിക്കാനാവുമോ, അതോ സ്ത്രീകൾക്ക് വേണ്ടി കൂടുതൽ ഘടനാപരമായ മാറ്റങ്ങൾ വേണോ? അതായത്, ബസ് ഡ്രൈവർ സ്ഥാനത്തേക്ക് സ്ത്രീ സംവരണം കൊണ്ടുവരുമ്പോൾ, ആ ബസ് ഓടിക്കാൻ ഒരു ശരാശരി സ്ത്രീയുടെ പേശീബലം മതിയോ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. അതിനനുസൃതമായ ശാസ്ത്ര-സാങ്കേതികവിദ്യകൾ ലഭ്യമാണോ എന്നറിയണം.
ശാസ്ത്ര-സാങ്കേതിക-സാമൂഹിക നിർമ്മിതിയ്ക്ക് ലിംഗസമത്വവുമായുള്ള ബന്ധം ഈ ലേഖനത്തിലൂടെ അറിയാൻ ശ്രമിക്കാം.
കാർ ക്രാഷ് ടെസ്റ്റും സ്ത്രീ ഡ്രൈവറും
ഒരു പുതിയ കാർ വിപണിയിലേക്കിറക്കുന്നതിന് മുൻപ് അത് നിർബന്ധമായും കടന്നുപോവേണ്ട ഒന്നാണ് ‘ക്രാഷ് ടെസ്റ്റ്’. ഡ്രൈവർസീറ്റിലും മറ്റു സീറ്റുകളിലും മനുഷ്യനു സമാനമായ ഡമ്മി വെച്ച ശേഷം 60-64 കി.മി./മണിക്കൂർ വേഗത്തിൽ കാറോടിച്ചു ഒരു കോൺക്രീറ്റു ഭിത്തിയിലോ മറ്റൊരു വാഹനത്തിലോ കൊണ്ടിടിയ്ക്കും (Frontal-impact test). വശങ്ങളിൽ നിന്നുള്ള ആഘാതം, കീഴ്മേൽ മറിയൽ എന്നിങ്ങനെ വേറെയും ടെസ്റ്റുകളിലൂടെ കടന്നുപോവണം. വാഹനാപകടത്തിൽപ്പെടുന്ന ഡ്രൈവർ/ യാത്രികർ എന്നിവരുടെ സുരക്ഷ അളക്കുന്നതിനാണ് ഈ ടെസ്റ്റുകൾ.
ഈ ക്രാഷ് ടെസ്റ്റുകളിൽ പുരുഷ ഡമ്മികളാണ് പൊതുവെ ഉപയോഗിക്കാറുള്ളത്. സ്ത്രീ ഡമ്മികളുടെ ലഭ്യതകുറവുകൊണ്ടല്ല, മറിച്ച്, പുരുഷ ഡമ്മികളുപയോഗിച്ചാൽ ക്രാഷ് ടെസ്റ്റ് ജയിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതുകൊണ്ടാണ്. അതായത്, ഒരു അപകടത്തിൽ കാറിന്റെ മുൻസീറ്റിൽ സീറ്റ്ബെൽറ്റിട്ട് യാത്രികൻ/ ഡ്രൈവർ ആയി ഇരിക്കുന്ന ഒരു പുരുഷനെ അപേക്ഷിച്ച്, അവിടെ സീറ്റ് ബെൽറ്റ് ഇട്ടിരിക്കുന്ന ഒരു സ്ത്രീയ്ക്ക് മരിക്കാനുള്ള സാധ്യത 17%ഉം, ഗുരുതരമായ പരിക്കേൽക്കാനുള്ള സാധ്യത 73%ഉം കൂടുതലാണ്. 1, 2
ഒരേ പ്രായത്തിലുള്ള ഡ്രൈവർ/ മുന്നിലെ പാസ്സഞ്ചർ: സീറ്റിലെ ഒരു പുരുഷനെ അപേക്ഷിച്ചു ഒരു സ്ത്രീയുടെ അപകടസാധ്യത 1
ശരാശരിയെടുത്താൽ, സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഉയരം കുറവാണ്. അതുകൊണ്ടു തന്നെ സീറ്റ് ബെൽറ്റിന്റെ ക്ഷമത, ആക്സിലറേറ്റർ/ബ്രേക്ക് എന്നിവയിലേക്കുള്ള സീറ്റിന്റെ ദൂരം തുടങ്ങിയവയും വ്യത്യസ്തമാണ്. ഉയരത്തിൽ മാത്രമല്ല ശരീരഘടനയിലും ഉണ്ട് ഈ വ്യത്യാസം. അതുകൊണ്ടു തന്നെ, ഒരപകടത്തിൽ സീറ്റ്ബെൽറ്റ്, എയർബാഗ് എന്നിവ ഒരു പുരുഷനെ സംരക്ഷിക്കുമ്പോൾ അതേ സുരക്ഷാഅളവുകോലുകൾ ഒരു സ്ത്രീയുടെ കഴുത്തിലെ എല്ലൊടിക്കാനും കൂടുതൽ ആഘാതമുണ്ടാക്കാനും പര്യാപ്തമാണ്.
ഹൃദ്രോഗവും സ്ത്രീകളും
താഴെ കൊടുത്ത എട്ട് ലക്ഷണങ്ങളിൽ ഹൃദ്രോഗലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് എണ്ണമെടുക്കാമോ?
ഇടതു കൈയ്ക്കുള്ള വേദന, നെഞ്ചുവേദന/നെഞ്ചിനു ആസ്വാസ്ഥ്യം, ഓക്കാനം/ഛർദ്ദി, ശ്വാസംമുട്ടൽ, കഴുത്തുവേദന, തലകറക്കം, അമിത ഉത്കണ്ഠ, അമിത ക്ഷീണം.
ഉത്തരത്തിലേക്കു കടക്കുന്നതിനു മുൻപ്, ചില സ്ഥിതിവിവരക്കണക്കുകളിലേക്കു പോവാം. അമേരിക്കയിൽ ഹൃദയാഘാതം മൂലം ഓരോ മിനുറ്റിലും ഒരു സ്ത്രീ മരിക്കുമ്പോൾ, ചികിത്സാ സൗകര്യങ്ങൾ താരതമ്യേന കൂടുതലുള്ള യൂറോപ്പിൽ ഹൃദയാഘാതം മൂലം ഓരോ ആറു മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു. യൂറോപ്പിൽ ഹൃദയാഘാതം പുരുഷ ഹൃദ്രോഗികളുടെ 43% പേരുടെ ജീവനെടുക്കുമ്പോൾ, അത് സ്ത്രീ ഹൃദ്രോഗികളുടെ 55% പേരുടെയും ജീവനെടുക്കുന്നു 3.
ഹൃദ്രോഗലക്ഷണങ്ങളോ ശാരീരിക അസ്വാസ്ഥ്യമോ കൊണ്ട് ഡോക്ടറെ കാണാൻ എത്തുന്ന ഹൃദയാഘാതമുണ്ടായവരിൽ, തെറ്റായ രോഗനിർണയം നടത്താനുള്ള സാധ്യത പുരുഷരോഗികളെക്കാൾ 50% കൂടുതലാണ് സ്ത്രീരോഗികൾക്ക് 4. പുറമെ കാണുന്ന ലക്ഷണങ്ങളാണ് ഹൃദ്രോഗ നിർണയത്തിന്റെ ആദ്യപടി. അവിടെ തന്നെ സ്ത്രീകളുടെ ഹൃദ്രോഗം തിരിച്ചറിയപ്പെടാതെ പോവുന്നു. പുരുഷന്റെയും സ്ത്രീയുടെയും ഹൃദ്രോഗലക്ഷണങ്ങളിലെ വ്യത്യാസത്തെക്കുറിച്ച് സമഗ്രമായ പഠനം നടക്കാത്തതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. 1800 കളുടെ പകുതി മുതലേ ഹൃദയാഘാത സംബദ്ധമായ പഠനങ്ങൾ തുടങ്ങിയെങ്കിലും, സ്ത്രീ-പുരുഷ ഭേദമന്യേ ആണ് ലക്ഷണങ്ങൾ വിശകലനം ചെയ്തിരുന്നത്, അതിൽ തന്നെ കൂടിയ പങ്കും പുരുഷന്മാരും. അവിടെ ‘സ്വാഭാവിക’മായും ലക്ഷണങ്ങളുടെ പഠനം നടക്കുമ്പോൾ, ‘പ്രത്യക്ഷത്തിലുള്ളതും’, ‘കൂടുതൽ’ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതുമായ ലക്ഷണങ്ങൾ വൈദ്യശാസ്ത്ര പുസ്തകങ്ങളിൽ കയറി. അത് പഠിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും സ്ത്രീകളുടേതുമാത്രമായ ലക്ഷണങ്ങൾ തിരിച്ചറിയാനും പറ്റിയില്ല.
ഇവിടെ അസമത്വം നിലനിൽക്കുന്നത് സൗകര്യങ്ങളുടെ രൂപകല്പനയിലും, ലഭ്യതയിലുമാണ്. ഇങ്ങിനെ, ശാസ്ത്ര-സാങ്കേതിക-സാമൂഹിക ആന്തരഘടനയിലെ പിഴവുകൾമൂലം സ്ത്രീയായതുകൊണ്ടുമാത്രം നേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യത്തെ ‘ഘടനാധിഷ്ഠിത ലിംഗ അസമത്വം’ എന്ന് വിളിക്കാം.
ഘടനാധിഷ്ഠിത ലിംഗ അസമത്വം
ഏതൊരു തൊഴിൽ മേഖലയെടുത്താലും, ഭൂരിഭാഗവും, പലപ്പോഴും നൂറു ശതമാനവും പുരുഷന്മാർ തൊഴിൽ/അധികാരരംഗത്തുള്ള ഒരു സാമൂഹിക ഘടനയായിരുന്നു പണ്ടുമുതലേ നിലനിന്നിരുന്നത്. പുരുഷന്മാർ കൈകാര്യം ചെയ്യുന്ന ഓരോ മേഖലയും പുരുഷന്മാരുടെ സൗകര്യത്തിനുതകുംവിധം നിർമ്മിതവുമായിരുന്നു. അത്ഭുതത്തോടെ എടുത്തുപറയാൻ അതിലൊന്നുമില്ല. ഇതുപോലെ തന്നെ, വൈദ്യശാസ്ത്ര രംഗത്തെ മരുന്നുകളുടെ പരീക്ഷണം, രോഗലക്ഷണ പഠനങ്ങൾ എന്നിവയിലും പുരുഷന്മാരുടെ പ്രാതിനിധ്യം ആണ് കൂടുതൽ. അവിടെ ശരാശരി എടുത്താൽ, അത് പുരുഷന്മാരുടെ പരീക്ഷണഫലം, ലക്ഷണങ്ങൾ എന്നിവയിലേക്ക് ചാഞ്ഞുനിൽക്കും. സ്ത്രീ-പുരുഷ വ്യത്യാസം പാടെ അദൃശ്യമാവുകയും ചെയ്യും. ഈ വിവരശേഖരണത്തിലെ ന്യൂനത, അന്തരം എന്നിവ തെറ്റായ രോഗനിർണയം മുതൽ മരുന്നുകളുടെ ഫലത്തിൽവരെ വരെ സ്ത്രീകളിൽ അപകടസാധ്യത ഉയർത്തുന്നുണ്ട്.
നമ്മുടെ പൂർവികരുടെ കാലത്ത് തുടങ്ങിവച്ച ‘പുരുഷ കേന്ദ്രീകൃത’ പഠനത്തിന്റെയും അളവുകോലുകളുടെയും ജീവിതരീതികളുടെയും ഭാഗമാണിത്. പണ്ട് വിചാരിച്ചതിലും ഒരുപാട് ശാരീരിക-മാനസിക വ്യത്യാസങ്ങൾ ഒരു സ്ത്രീയും പുരുഷനും തമ്മിലുണ്ടെന്നു പുതിയ പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ അതിനുതകുന്ന ഒരു സാമൂഹ്യഘടന അല്ല നമുക്കുള്ളത്.
നൂറ്റാണ്ടുകളായുള്ള ഈ വിവേചനത്താൽ, ലിംഗംഭേദം പരിഗണിക്കാനും അതിനനുസരിച്ച് വിവരശേഖരണം, വിശകലനം, നിഗമനം എന്നിവ നടത്താനും നാം മറന്നിരുന്നു. അവിടെ ഒരു സ്ത്രീയുടെ അസൗകര്യങ്ങൾ അദൃശ്യമാണ്. പിന്നെ, സൗകര്യപൂർവം മറക്കാനും ശീലിച്ചു. കാർ ക്രാഷ് ടെസ്റ്റ് സ്ത്രീകളുടെ കൂടെ സുരക്ഷ ഉറപ്പുവരുത്തുന്നില്ല എന്ന് കാണുമ്പോഴും, അത് പരിഹരിക്കുന്നതിന് പകരം പുരുഷ ഡമ്മി വെച്ച ടെസ്റ്റ് സർട്ടിഫിക്കറ്റ് എന്ന പരിഹാരമാണ് തിരഞ്ഞെടുക്കുന്നത്.
ശാസ്ത്ര-സാങ്കേതിക ലാബുകളിലെ അപകടസാധ്യത നിറഞ്ഞ പരീക്ഷണങ്ങളിൽപോലും സ്ത്രീകളുടെ കൈ, കാൽ ശരീര വലിപ്പത്തിനനുയോജ്യമായ സുരക്ഷാ സജ്ജീകരണങ്ങൾ ലഭ്യമല്ല. ഡിസ്പോസിബിൾ സർജിക്കൽ മാസ്‌കുകളാവട്ടെ, PPE കിറ്റുകളാവട്ടെ, ഒന്നും സ്ത്രീകളുടെ വലിപ്പത്തിൽ ലഭ്യമല്ല. എല്ലാം ‘ഫ്രീ സൈസി’ൽ ലഭ്യമാണ്, പക്ഷെ, ഏറ്റവും ചെറിയ PPE കിറ്റുപോലും ഒരു സ്ത്രീയ്ക്ക് വലുതാണ്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെവിടുത്തെയും സ്ഥിതി തന്നെ ഇതാണ്5.
മാനസിക തലത്തിലേക്ക് പോവുമ്പോഴും ഈ വ്യത്യാസം പ്രകടമാണ്. അനുകമ്പ, അടുക്കും ചിട്ടയും, വിനയം, സുതാര്യത, ക്ഷമാശീലം എന്നിവ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് കണ്ടുവരുന്നത്). അമിതാത്മവിശ്വാസം, സാമർഥ്യം (assertiveness), എന്നിവ പുരുഷന്മാരിലാണ് കൂടുതൽ കണ്ടുവരുന്നത് 6. (ഇത് ജീവശ്ശാസ്ത്രപരമായി സ്ത്രീകൾക്കോ പുരുഷനോ കൈവരുന്ന ഗുണങ്ങളല്ല, നിലവിലെ പുരുഷാധിപത്യ സാമൂഹികസാഹചര്യങ്ങൾ അങ്ങനെ അവരെ നിർമ്മിച്ചെടുക്കുന്നതാണ്.10) ഇത് ജോലികൾക്കു വേണ്ടിയുള്ള ഇന്റർവ്യൂകളിൽ സ്ത്രീവിരുദ്ധമായി ഭവിക്കുന്നു. അതായത്, പഠനം/ജോലികൾക്കുവേണ്ടിയുള്ള ഇന്റർവ്യൂകളിൽ സർട്ടിഫിക്കറ്റിലെ മാർക്കിനെക്കാൾ വില വാചകങ്ങൾക്കുണ്ട്. സ്വന്തം കഴിവിൽ ആത്മവിശ്വാസം കൂടുതലുള്ള വ്യക്തിയാവും തിരഞ്ഞെടുക്കപ്പെടുക എന്ന് പഠനങ്ങൾ പറയുന്നു. ഒരേ സർട്ടിഫിക്കറ്റ് / യോഗ്യതയുള്ള ഒരു സ്ത്രീയെയും പുരുഷനെയും എടുത്താൽ, പ്രത്യക്ഷത്തിൽ ആത്മവിശ്വാസം കൂടുതൽ കണ്ടുവരുന്നത് പുരുഷന്മാരിലാണ്. അവിടെ പുരുഷ അപേക്ഷകനെ തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുന്നു. ഇത് ഇന്റർവ്യൂകളിൽ മാത്രമല്ല, ശരാശരി ‘പുരുഷഗുണങ്ങൾ’ ഉള്ള ഒരു സ്ത്രീയെ ആണ് ‘തന്റേടമുള്ള പെണ്ണാ’യി നമ്മുടെ സമൂഹം കാണുന്നത്. സ്ത്രൈണത ദൗർബല്യത്തിന്റെ പര്യായമായും ഉപയോഗിക്കാറുണ്ട്!
2013 ലെ ഒരു ജ്യോതിശാസ്ത്ര കോൺഫെറെൻസിലെ നിരീക്ഷണമാണ് താഴെ കൊടുത്തിരിക്കുന്നത്. ആകെ 50 പേർക്ക് പങ്കെടുക്കാം. 65 പുരുഷ അപേക്ഷകരിൽ, 30 പേർ തങ്ങളുടെ കണ്ടെത്തലിനെക്കുറിച്ച് പ്രഭാഷണം നൽകാൻ തയ്യാറായപ്പോൾ (46%), 27 സ്ത്രീ അപേക്ഷകരിൽ 2 പേരാണ് (7%) തയ്യാറായത്. ആരും ആരെയും മന: പൂർവം മാറ്റി നിർത്തിയില്ല. പക്ഷെ, ഇതാണ് സംഭവിച്ചത്.7.
ഈ സ്വഭാവവിശേഷങ്ങൾ പൂർണമായും ജനിതകമാണെന്നല്ല പറയുന്നത്, പക്ഷെ, ജനിതകമായാലും സാമൂഹികമായാലും, രണ്ടു കൂട്ടരുടെയും സ്വഭാവവിശേഷം പരിഗണിച്ചു വേണം സാമൂഹിക രൂപകല്പന. എന്നാൽ ഇവിടെയും, ‘യോഗ്യത’യുടെ അടിസ്ഥാനങ്ങൾ പുരുഷന്മാരുടെ സ്വഭാവത്തിലധിഷ്ഠിതമായാണ് തീരുമാനിച്ചിരിക്കുന്നത്.
വസ്തുനിഷ്ഠമായി പറഞ്ഞാൽ, പുരുഷന്മാർക്കായി പുരുഷന്മാരാൽ നിർമ്മിക്കപ്പെട്ട ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ലിംഗസമത്വത്തെകുറിച്ച് സംസാരിക്കുമ്പോൾ, നാം പലപ്പോഴും വിട്ടുപോവുന്ന, എന്നാൽ പരമപ്രധാനമായ വസ്തുതയാണ് ‘ഘടനാധിഷ്ഠിത ലൈംഗിക അസമത്വം’ എന്ന മേഖല. തുല്യ അവസരം മാത്രമല്ല, സ്ത്രീ പുരുഷ പ്രത്യേകതകളെ തിരിച്ചറിഞ്ഞു സാമൂഹിക-സാമ്പത്തിക രൂപകൽപന നടത്തുകയും കൂടെ ചെയ്യുമ്പോഴാണ് സമൂഹം ലിംഗസമത്വത്തിലേക്ക് നീങ്ങുക. അല്ലാത്തപക്ഷം അത് പ്രയോജനരഹിതമായ ഒരുപിടി നയങ്ങളിലേക്ക് മാത്രമായി ചുരുങ്ങും.
അടിക്കുറിപ്പുകൾ:
ഒരു സയന്റിസ്റ്റിന്റെ ചിത്രം
1966-77 കളിൽ ‘ഒരു സയന്റിസ്റ്റിന്റെ ചിത്രം വരയ്ക്കാൻ’ ആവശ്യപ്പെട്ടപ്പോൾ, വെറും 1% പെൺകുട്ടികളാണ് ഒരു ശാസ്ത്രജ്ഞയെ വരച്ചത്. 1985 എത്തിയപ്പോഴേക്കും അത് 33% ആയി കൂടി. 2016 ൽ അത് 58% ആയി കൂടി. ശാസ്ത്രസാങ്കേതിക വിദ്യകളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുന്നതിനനുസരിച്ച്, കുട്ടികളിലെ ‘സാമൂഹിക ചായ്‌വും’ മാറിത്തുടങ്ങിയെന്നർത്ഥം8.
ലിംഗാധിഷ്ഠിതമായി സമൂഹം കാണുന്ന ജോലികളെക്കുറിച്ചുള്ള ചർച്ചകൾ, മുൻവിധികളെ തിരുത്തിയെഴുതുന്ന വാർത്തകൾ. മാറ്റങ്ങൾ വരേണ്ടത് സാമൂഹിക ഘടനയിൽ നിന്നാണ്, അതേക്കുറിച്ചുള്ള ചർച്ചകളിൽനിന്നാണ്…
സ്ത്രീകളോട് ചോദിക്കു…
സാലി റൈഡ് – ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ അമേരിക്കൻ വനിത. റൈഡ് ഉൾപ്പെടുന്ന അഞ്ചംഗ സംഘം ജൂൺ 18, 1983ൽ, നാസയുടെ സ്പേസ് ഷട്ടിൽ മിഷനിലൂടെ (ചാലഞ്ചറിന്റെ രണ്ടാമത്തെ ബഹിരാകാശദൗത്യം) ബഹിരാകാശത്തിലേക്ക് തിരിച്ചു. റോബോട്ടിക് കൈകളെ പ്രവർത്തിപ്പിച്ച് കൃത്രിമ ഉപഗ്രഹങ്ങളെ കൃത്യമായി പരിക്രമണപഥത്തിലേക്ക് വയ്ക്കുക എന്നതായിരുന്നു അവരുടെ ദൗത്യം.
ഏകദേശം ഒരാഴ്ചത്തെ ആ ദൗത്യത്തിനായി നാസ ഓരോ യാത്രികരുടെയും ബാഗുകൾ തയ്യാറാക്കിയപ്പോൾ, ദൗത്യത്തിനിടെ ആർത്തവമുണ്ടായാൽ ഉപയോഗിക്കാൻ സാലിയുടെ ബാഗിൽ ടാംപോണുകളും കൂടെവച്ചു. തുടർന്നവർ സാലിയോട് ചോദിച്ചു ‘നൂറെണ്ണം മതിയാവുമോ?’ (ഒരു ആർത്തവചക്രത്തിനു ശരാശരി 21 ടാംപോണുകൾ മതിയാവും).
സ്ത്രീകളോട് ചോദിക്കു അവർക്കെന്തുവേണമെന്ന്!
അധികവായനയ്ക്ക്:
- Invisible Women: Exposing Data Bias in a World Designed for Men. by Caroline Criado-Perez
അവലംബം:
- https://www.consumerreports.org/car-safety/crash-test-bias-how-male-focused-testing-puts-female-drivers-at-risk/#:~:text=An%20average%20adult%20female%20crash,from%20male%20bodies%20in%20crashes
- https://news.virginia.edu/content/study-new-cars-are-safer-women-most-likely-suffer-injury
- https://www.ncbi.nlm.nih.gov/pmc/articles/PMC1199011/
- https://www.bhf.org.uk/what-we-do/news-from-the-bhf/news-archive/2016/august/women-are-50-per-cent-more-likely-than-men-to-be-given-incorrect-diagnosis-following-a-heart-attack
- https://www.bbc.com/news/health-52454741
- https://doi.org/10.1037/0033-2909.116.3.429
- https://orbitingfrog.com/2013/06/10/men-women-and-self-promotion-in-astronomy/
- https://www.edutopia.org/article/50-years-children-drawing-scientists
- https://yle.fi/uutiset/3-10631824
- https://www.ncbi.nlm.nih.gov/pmc/articles/PMC3030621/