Read Time:32 Minute

ഈ അടുത്തുണ്ടായ COVID-19 രോഗികളുടെ വർദ്ധനവ്, മാസ്കുപയോഗത്തിന്റെ പ്രാധാന്യം മനുഷ്യരാശിയെ ഓർമിപ്പിക്കുകയാണ്. പകർച്ചവ്യാധികളും, ശ്വാസകോശരോഗങ്ങളും, തടയാനുള്ള ഒരു പ്രധാന ഔഷധേതര ഇടപെടലാണ് മാസ്കുകൾ. ചരിത്രാതീത കാലം മുതലേ മനുഷ്യർ ആചാരങ്ങളുടെ ഭാഗമായി മുഖാവരണങ്ങൾ ധരിച്ചിരുന്നു. പിന്നീട് വന്ന മഹാമാരികൾ മാസ്കിനെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാക്കി മാറ്റി.സാങ്കേതിക വിദ്യയുടെ പുരോഗതിക്ക്  അനുസരിച്ച് മാസ്കുകളുടെ കാര്യക്ഷമതയും വർദ്ധിച്ചു. അസുഖങ്ങളേയും, പ്രതികൂല സാഹചര്യങ്ങളേയും, മനുഷ്യൻ അതിജീവിച്ചതിന്റെ പ്രതീകമാണ് മാസ്കുകൾ.

ചരിത്രാതീത/പുരാതന മാസ്കുകൾ: ആചാരങ്ങളും, ആരോഗ്യ സംരക്ഷണവും 

അറിയപ്പെടുന്ന ആദ്യകാല മാസ്കുകൾ ജൂഡിയയിൽ (ആധുനിക ഇസ്രായേൽ-പാലസ്തീൻ പ്രദേശങ്ങൾ) കണ്ടെത്തിയ 9000 വർഷം പഴക്കമുള്ള നിയോലിത്തിക്ക് (neolithic) ശിലാ മുഖംമൂടികളായിരുന്നു, ഒരുപക്ഷേ, ശവസംസ്കാരവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായി അന്നത്തെ ജനത ഇത്തരം മാസ്കുകൾ ഉപയോഗിച്ചിരിക്കാം.

2000 വർഷങ്ങൾക്ക് മുമ്പേ ശ്വാസനാരോഗ്യം സംരക്ഷിക്കുന്നതിനായി മനുഷ്യർ മുഖംമൂടി ഉപയോഗിച്ചിരുന്നു. റോമൻ തത്ത്വചിന്തകനായ പ്ലിനി ദി എൽഡർ (Gaius Plinius Secundus) (സി.ഇ. 23–79), അക്കാലങ്ങളിൽ അലങ്കാരത്തിനുള്ള ചായക്കൂട്ട് നിർമ്മിക്കുന്നതിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന വിഷ ധാതുവായ സിന്നബാർ കൈകാര്യം ചെയ്യാൻ മൃഗങ്ങളുടെ മൂത്രസഞ്ചിയുടെ തൊലികൾ മുഖംമൂടികളായി ഉപയോഗിച്ചു. പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം, പതിമൂന്നാം നൂറ്റാണ്ടിൽ യുവാൻ രാജവംശത്തിന്റെ (Yuan Dynasty) കാലത്ത് ചൈനയിൽ മുഖംമൂടികൾ ഉപയോഗിച്ചിരുന്നതായി ഇറ്റാലിയൻ പര്യവേഷകനായ മാർക്കോ പോളോ (Marco Polo (1254–1324)) രേഖപ്പെടുത്തിയിട്ടുണ്ട്. ചക്രവർത്തിയുടെ ഭക്ഷണം മലിനമാകാതിരിക്കാൻ അദ്ദേഹത്തിന്റെ പരിചാരകർ പട്ടുതുണികൊണ്ട് വായും, മൂക്കും മൂടുന്നത് മാർക്കോ പോളോ നിരീക്ഷിച്ചിട്ടുണ്ട്. രോഗാണു സിദ്ധാന്തത്തിന്റെ (germ theory disease) ആവിർഭാത്തിന് മുമ്പേ, ഉറവിട നിയന്ത്രണത്തെയും (source control), ശുചിത്വത്തെയും കുറിച്ചുള്ള അക്കാലത്ത് നിലനിന്നിരുന്ന ധാരണകൾ ഈ സമ്പ്രദായം പ്രകടമാക്കുന്നു.

Schematic representation of face mask by Iranian Zoroastrians.

പകർച്ചവ്യാധികൾ ബാധിച്ച രോഗികളെ ചികിത്സിക്കുമ്പോൾ പേർഷ്യയിലെ (ആധുനിക ഇറാൻ) വൈദ്യന്മാർ വായിലും, മൂക്കിലും മുഖാവരണങ്ങൾ ധരിച്ചിരുന്നു. ആധുനിക ശസ്ത്രക്രിയാ മാസ്കുകളുമായി ഇവയ്ക്ക് സാമ്യം ഉണ്ട്. കൂടാതെ പേർഷ്യയിൽ മതപരമായ ചടങ്ങുകളിൽ സൊരാഷ്ട്രിയൻ പുരോഹിതന്മാർ വെളുത്ത പരുത്തി തുണികൊണ്ടുള്ള ‘പാനം‘ എന്ന മുഖാവരണം ഉപയോഗിച്ചിരുന്നു, ഈ ആചാരം ഇന്നും സൊരാഷ്ട്രിയൻമാർ പിൻതുടരുന്നു. ഇന്ത്യയിൽ ശ്വേതാംബര വിഭാഗത്തിൽ പെട്ട ജൈന സന്യാസിമാരും അഹിംസാചരണത്തിന്റെ ഭാഗമായി മുഖാവരണം ഉപയോഗിക്കുന്നുണ്ട്.

ചിത്രം2: പ്ലേഗ് ഡോക്ടർ

ആദ്യകാല ആധുനിക കാലഘട്ടം: മിയാസ്മയും, പ്ലേഗ് മാസ്കുകളും

പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, യൂറോപ്പിൽ പടർന്ന് പിടിച്ച പ്ലേഗ് പകർച്ചവ്യാധി (Black death), മുഖംമൂടികൾ വ്യാപകമായി ഉപയോഗിക്കാൻ ആ നാട്ടുകാരെ പ്രേരിപ്പിച്ചു. ലിയോനാർഡോ ഡാവിഞ്ചി (Leonardo di Vinci), പെയിന്റിൽ നിന്നും പ്ലാസ്റ്ററിൽ നിന്നുമുള്ള വിഷ രാസവസ്തുക്കൾ ശ്വസിക്കുന്നത് തടയാൻ ഒരു തുണി വെള്ളത്തിൽ നനച്ച് മുഖത്ത് വയ്ക്കാൻ നിർദ്ദേശിച്ചു. തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആളുകളിൽ പുകശ്വസക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഭവിഷ്യത്തുകളെ തടയാനുള്ള മാർഗ്ഗമായി ഇന്നും ഈ രീതി ഉപയോഗിച്ച് വരുന്നു.


ചിത്രം 1: വെനീസിലെ ഒരു ലാസറെറ്റോയിൽ നിന്നുള്ള പ്ലേഗ് ഉപകരണം : Source:  Wellcome Collection.

പതിനേഴാം നൂറ്റാണ്ടിൽ പടർന്ന് പിടിച്ച പ്ലേഗ് (plague) മഹാമാരി, പക്ഷികളുടെ കൊക്കിന്റെ ആകൃതിയിലുള്ള കൊക്ക് മാസ്കിന്റെ (beak mask) ആവിർഭാവത്തിന് കാരണമായി (ചിത്രം 1,2) . ഫ്രഞ്ച് ഭിഷ്വഗരനായ ചാൾസ് ഡി ലോർം (Charles de Lorme) ആയിരുന്നു ഈ പ്ലേഗ് മാസ്കിന്റെ ഉപജ്ഞാതാവ്. മുഖം മുഴുവൻ മൂടുകയും കാഴ്ചയ്ക്കായി കണ്ണാടി ചില്ലികൾ (glass portals) ഉൾക്കൊള്ളുകയും ചെയ്ത ഈ മുഖംമൂടി പ്ലേഗിന്റെ ഒരു പ്രതീകമായി മാറി. അതിന്റെ നീളമേറിയ കൊക്കിൽ സാധാരണയായി പുതിന, കർപ്പൂരം തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കൊണ്ട് നിറച്ചിരുന്നു. ഇത്തരത്തിലുള്ള മാസ്കുകൾ രൂപകല്പന ചെയ്യപ്പെട്ടത് രോഗകാരിയായ “മിയാസ്മ” (miasma) അല്ലെങ്കിൽ “മോശം വായു” അവ അരിച്ചെടുക്കുമെന്ന അക്കാലത്ത് നിലനിന്നിരുന്ന ഒരു തെറ്റായ  വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ചില ചരിത്ര വിശകലനങ്ങൾ സൂചിപ്പിക്കുന്നത് ഇന്ന് വ്യാപകമായി പ്രചരിക്കപ്പെടുന്ന രീതിയിലുള്ള വേഷവിധാനങ്ങൾ അക്കാലത്തെ പ്ലേഗ് ഡോക്ടർമാർ വ്യാപകമായി ഉപയോഗിച്ചിരുന്നില്ല എന്നാണ്. ഒരു പക്ഷേ, മേൽപറഞ്ഞ വേഷവിധാനം ഒരു നാടക വേഷമോ “ആദ്യകാല ആധുനിക പാരഡി”യോ ആയിരിക്കാനാണ് സാധ്യത.കൂടാതെ അക്കാലത്ത് ഉപയോഗിക്കപ്പെട്ടു എന്നു പറയപ്പെടുന്ന മുഖംമൂടികൾ ജർമ്മൻ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ താരതമ്യേന അടുത്ത അടുത്തകാലത്തുണ്ടായ വ്യാജ നിർമിതികളാണ് ഇവ എന്ന് ചില ചരിത്രകാരന്മാർ സംശയിക്കുന്നുണ്ട്. 

ഇൻഫ്ലുവൻസ പാൻഡെമിക് സമയത്ത് റെഡ് ക്രോസ് തൊഴിലാളികൾ പുനരുപയോഗിക്കാവുന്ന മാസ്കുകൾ മടക്കിവെക്കുന്നു. 1919 മാർച്ച്, ബോസ്റ്റൺ, മസാച്യുസെറ്റ്സ് Copyright © 2020 Courtesy National Archives (165-WW-269B-37)

പത്തൊൻപതാം നൂറ്റാണ്ട്: രോഗാണു സിദ്ധാന്തവും മാസ്കുകളും

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രോഗങ്ങളെ കുറിച്ചുള്ള ധാരണയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിച്ചു. ലൂയി പാസ്ചർ (Louis Pasteur) 1861-ൽ വായുവിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇത് ജനങ്ങളിൽ ദോഷകരമായ രോഗാണുക്കൾ ശ്വസിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള ഒരു പുതിയ അവബോധം സൃഷ്ടിച്ചു. ഈ ധാരണ പകർച്ചവ്യാധി വ്യാപനം തടയുന്നതിനായി പരുത്തി മാസ്കുകൾ (cotton masks) നിർദേശിക്കാൻ അക്കാലത്തെ ഡോക്ടർമാരെ പ്രേരിപ്പിച്ചു. പാസ്ചറിന്റെ കണ്ടുപിടുത്തം രോഗങ്ങൾ ഉണ്ടാക്കുന്നത് സൂക്ഷ്മജീവികളാണെന്ന രോഗാണു സിദ്ധാന്തത്തിന് (germ theory of disease) കൂടുതൽ സാധുത നൽകി. റോബർട്ട് കോച്ച് (Robert Koch)  ക്ഷയരോഗ ബാക്ടീരിയയെ (Mycobacterium tuberculosis)  വേർതിരിച്ചത് രോഗാണു സിദ്ധാന്തത്തെ കൂടുതൽ ദൃഢമാക്കി. ഇത് രോഗാണുവും, രോഗവും, തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെ സ്ഥിരീകരിച്ചു.

1867-ൽ ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധൻ ജോസഫ് ലിസ്റ്റർ (Joseph Lister), പാസ്ചർ മുമ്പ് വിവരിച്ച സൂക്ഷ്മാണുക്കളാണ് മുറിവിൽ പഴുപ്പിന് കാരണമാകുന്നതെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന്, ആന്റിസെപ്റ്റിക് (antiseptic)  ഉപയോഗം രോഗാണുക്കളെ ഇല്ലാതാക്കുമെന്ന നിർദേശം ലിസ്റ്റർ മുന്നോട്ടു വയ്ച്ചു. ലിസ്റ്ററിന്റെ നിരീക്ഷണങ്ങൾ അസെപ്‌സിസിലേക്കുള്ള (asepsis-രോഗാണുരഹിതമായ അവസ്ഥയും, അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും) മാറ്റത്തിന് ബൗദ്ധിക അടിത്തറയിട്ടു. 1880 കളിൽ ഒരുകൂട്ടം ശസ്ത്രക്രിയാ വിദഗ്ധർ (surgeons) മുറിവിൽ രോഗാണുക്കൾ പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങൾ വികസിപ്പിച്ചെടുത്തു. ഈ സമീപനം, ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ കൈകൾ, ഉപകരണങ്ങൾ, ശ്വസനം തുടങ്ങിയ അണുബാധയ്ക്ക് സാധ്യതയുള്ള ഉറവിടങ്ങളെ സംശയാസ്പദവും, നിയന്ത്രണം ആവശ്യമുള്ളതുമാക്കി മാറ്റി.

World War I respiratory protection, photo courtesy of Shutterstock

ശ്വസനതുള്ളികൾ (respiratory droplets) ബാക്‌ടീരിയയെ വഹിക്കുന്നുണ്ടെന്ന് ജർമൻ ബാക്ടീരിയോളജിസ്റ്റ് കാൾ ഫ്ലഗ്ജ് (Carl Flügge) 1890-കളിൽ തെളിയിച്ചു. ഈ കണ്ടുപിടുത്തം 1897-ൽ ശസ്ത്രക്രിയാ വിദഗ്ധനായ  ജോഹാൻ മിക്കുലിക്സിനെ (Jan Mikulicz-Radecki) ശസ്ത്രക്രിയാ സമയത്ത്  നേർത്ത തുണികൊണ്ടുള്ള മാസ്ക് (gauze mask) ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. അതേ വർഷം തന്നെ ഫ്രഞ്ച് ശസ്ത്രക്രിയാ വിദഗ്ധനായ പോൾ ബെർഗറും (Paul Burger) ശസ്ത്രക്രിയാ മുറിയിൽ മാസ്ക് ധരിക്കാൻ തുടങ്ങി. മാസ്കുകൾ ഉപയോഗിച്ചുള്ള അണു നിയന്ത്രണത്തെ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള അണു നിയന്ത്രണത്തിന് ബദലായി ചിലർ കാണാൻ തുടങ്ങി. അതിനാൽ, തുടക്കത്തിൽ, മാസ്ക് മാത്രം ഉപയോഗിച്ചുള്ള ഈ മാർഗത്തിന് എതിർപ്പുകൾ ഉണ്ടായിരുന്നു.  തുടക്കകാലങ്ങളിൽ മാസ്ക് ഉപയോഗത്തിന് വ്യാപകമായ സ്വീകാര്യത ലഭിച്ചില്ല. എന്നാൽ പതിയെ പതിയെ മാസ്കിന് വ്യാപകമായ സ്വീകാര്യത ലഭിച്ചു തുടങ്ങി. 1923 ആയപ്പോഴേക്കും അമേരിക്കൻ ഐക്യ നാടുകളിലെയും, യൂറോപ്പിലേയ്‌യും രണ്ടിൽ മൂന്ന് ശസ്‍ത്രക്രിയ വിദഗ്ധർ മാസ്ക് ഉപയോഗിക്കാൻ തുടങ്ങി, 1935 ആയപ്പോഴേക്കും ഒട്ടുമിക്ക ശസ്ത്രക്രിയാ മുറികളിലും മാസ്കിന്റെ ഉപയോഗം വ്യാപിച്ചു. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടം: പകർച്ചവ്യാധി വ്യാപനവും, മാസ്കുകളും 

20-ാം നൂറ്റാണ്ടോടുകൂടി ഹോസ്പിറ്റലിലെ ശസ്ത്രക്രിയാ മുറികളുടെ പുറത്തേയ്ക്ക്, പൊതുജനാരോഗ്യ സംരക്ഷണത്തിലേക്ക്, മാസ്കിന്റെ ഉപയോഗം വ്യാപിച്ചു. അക്കാലത്തു പൊട്ടിപ്പുറപ്പെട്ട സാംക്രമിക രോഗങ്ങൾ ഇതിന് ആക്കം കൂട്ടി. 1910-ൽ വടക്കേ ചൈനയിൽ വ്യാപിച്ച മഞ്ചൂറിയൻ ന്യുമോണിക് പ്ലേഗ് (Pneumonic plague -ശ്വാസകോശത്തെ ബാധിക്കുന്ന പ്ലേഗ്) നിരവധിപേരെ കൊന്നൊടുക്കി. ഈ രോഗത്തെക്കുറിച്ച് അന്വേഷണത്തിന് വന്ന മലേഷ്യക്കാരൻ ഡോ. വു ലിയാൻ-ടെ (Wu Lien-the) രോഗവ്യാപനത്തിനുള്ള കാരണം യെർസിനിയ പെസ്റ്റിസ് (Yersinia pestis bacteria) എന്ന രോഗാണുവാണെന്ന് കണ്ടുപിടിച്ചു. കൂടാതെ, രോഗവ്യാപനം വായുവിലൂടെയാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. വായുവിലൂടെ പകരുന്ന ഈ രോഗത്തെ തടയുവാൻ വേണ്ടി ഡോ. വു ഒരു മാസ്ക് രൂപകൽപ്പന ചെയ്തു. അദ്ദേഹത്തിന്റെ വിപ്ലവകരമായ “വു മാസ്ക്”, പരുത്തിയിൽ പൊതിഞ്ഞ ഒന്നിലധികം പാളികളുള്ള നെയ്തെടുത്ത തുണിയായിരുന്നു.ചെവികളിൽ തൂക്കിയിടാൻ പറ്റുന്ന തരത്തിലുള്ള മാസ്കായിരുന്നു അത്. ആധുനിക മെഡിക്കൽ മാസ്കുകളുടെ പ്രാക് രൂപമായി (prototype) ഇത് കരുതപ്പെടുന്നു. കൂടാതെ N95 മാസ്കിന്റെ (N95 respirator) നേരിട്ടുള്ള മുൻഗാമിയായി ഇതിനെ കണക്കാക്കുന്നു. 

Wotton Lodge, Gloucester: operating theatre and staff. Photograph, ca. 1909.

1918-19 ലെ ആഗോള ഇൻഫ്ലുവൻസ മഹാമാരി (influenza pandemic) ആരോഗ്യ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കും ഇടയിൽ മാസ്കുകളുടെ സ്വീകാര്യതയെ ഗണ്യമായി ത്വരിതപ്പെടുത്തി. ഈ കാലഘട്ടത്തിൽ, പോലീസ് സേനകൾക്കും, ആരോഗ്യ പ്രവർത്തകർക്കും,  അമേരിക്കൻ ഐക്യനാടുകളിലെ ചില നഗരങ്ങളിലെ താമസക്കാർക്കു പോലും മാസ്ക് ധാരണം നിർബന്ധമാക്കി. സാൻ ഫ്രാൻസിസ്കോ (San Francisco) പോലുള്ള നഗരങ്ങളിൽ, ഇൻഫ്ലുവൻസ മൂലമുള്ള മരണങ്ങൾ കുറയാൻ ഒരു കാരണം അന്ന് നടപ്പിലാക്കിയ  നിർബന്ധിത മാസ്ക് നയമാണ്.

1934-ലെ ഫ്ലൂ വ്യാപനം ജപ്പാൻകാരെ മാസ്ക് ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. സാമൂഹിക മര്യാദയുടെ ഭാഗമായി, തന്നിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാനും കൂടിയുള്ള മാർഗ്ഗമായാണ് ജപ്പാൻകാർ മാസ്കുപയോഗത്തെ കണ്ടത്. ഈ ശീലം ജപ്പാൻകാരും, ചില കിഴക്കനേഷ്യൻ രാജ്യക്കാരും ഇന്നും പിന്തുടരുന്നു.

source: PD Dr. med. Christiane Matuschek, daughter of Dr. med. Ewald Matuschek)

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ഘട്ടം: ഡിസ്പോസിബിൾ മാസ്കുകളുടെ ഉദയം 

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മാസ്കുകളുടെ രൂപകൽപ്പനയിൽ ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചു. ആദ്യകാലത്തിലെ മാസ്കുകൾ പരുത്തി തുണിയുടെ പാളികൾ കൊണ്ട് നിർമ്മിച്ചതും, വീണ്ടും ഉപയോഗിക്കാവുന്നവയുമായിരുന്നു. ഇവ മികച്ച സംരക്ഷണം പ്രധാനം ചെയ്തിരുന്നെങ്കിലും വളരെ ഭാരമുള്ളവയുമായിരുന്നു.1930 കൾക്കും 1960 കൾക്കും ഇടയിൽ അക്കാലത്ത് പ്രചരിച്ചിരുന്ന മാസ്കുകൾക്ക് പകരം ഒരു തവണ ഉപയോഗിക്കാൻ സാധിക്കുന്ന മാസ്കുകൾ (disposable mask) പ്രചാരത്തിൽ വന്നു. കൃത്രിമ നാരുകളുടെ (synthetic fibres) ലഭ്യത ഈ വ്യാപനത്തെ ത്വരിതപ്പെടുത്തി. ഇതിന് സമാന്തരമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന സിറിഞ്ചുകൾ, സൂചികൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ ആശുപത്രികളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇത് ആശുപത്രികൾക്ക് മെച്ചപ്പെട്ട ശുചിത്വവും, സാമ്പത്തികഗുണങ്ങളും പ്രദാനം ചെയ്തു. 

© Lizzie Enfield.

20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നൂതന കൃത്രിമ തുണിത്തരങ്ങൾ വ്യാപകമായതോടെ മാസ്ക് സാങ്കേതികവിദ്യയിൽ ഒരു സുപ്രധാന കുതിച്ചുചാട്ടം ഉണ്ടായി. ഇത്തരം വസ്തുക്കളാൽ നിർമ്മിതമായ മാസ്കുകൾക്ക് മെച്ചപ്പെട്ട ശുദ്ധീകരണ ശേഷിയും, ശ്വസനക്ഷമതയും (breathability) ഉണ്ട്. 

1960-കൾ മുതൽ, ഡിസ്പോസിബിൾ മാസ്കുകളിൽ നെയ്യാത്ത കൃത്രിമമായ തുണിത്തരങ്ങൾ (non-woven synthetic fabrics) കൂടുതലായി ഉപയോഗിച്ചുവരുന്നു. അവയ്ക്ക് കണികകളെ (particles) കുടുക്കാനുള്ള ഉയർന്ന ശേഷി ഉണ്ട്.അതിനാൽ ഇന്നത്തെ ഉയർന്ന കാര്യക്ഷമതയുള്ള മാസ്കുകളുടെ ഒരു പ്രധാന നിർമ്മാണ വസ്തുക്കളാണ് ഇവ. ഇന്നത്തെ നൂതന മാസ്കുകളുടെ അടിസ്ഥാന സാങ്കേതികവിദ്യ 1941-ൽ കണ്ടുപിടിച്ച മെൽറ്റ്-ബ്ലൗൺ പ്രക്രിയയാണ് (melt blown process). N95 പോലുള്ള ഉയർന്ന കാര്യക്ഷമതയുള്ള മാസ്കുകൾക്ക് ആവശ്യമായ നാരുകൾ നിർമ്മിക്കുന്നതിന് ഈ സാങ്കേതികവിദ്യ നിർണായകമാണ്.

Colored version of a copper engraving of Doctor Schnabel (i.e., Dr. Beak), a plague doctor in seventeenth-century Rome, circa 1656 by Paul Fürst (1608–1666) of Nuremberg made for a broadsheet, German derivate of a sheet of Sebastiano Zecchini, 1656

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടം:ഉയർന്ന കാര്യക്ഷമതയുള്ള മാസ്കുകൾ 

1975-കളോടെയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് (NIOSH) N95 മാസ്ക് (N95 respirator) വികസിപ്പിച്ചെടുത്തത്. പ്രധാനമായും  വ്യവസായിക ആവശ്യത്തിനാണ് ഇത് രൂപകല്പന ചെയ്തതത്. ഇത്തരത്തിലുള്ള മാസ്കുകളുടെ വികസനത്തിൽ 3എം (3M) കമ്പനി ഒരു പ്രധാന പങ്ക് വഹിച്ചു.

Surgical mask (MNP).

1992-ൽ, മെറ്റീരിയൽ ശാസ്ത്രജ്ഞനായ ഡോ. പീറ്റർ സായ് (Peter Tsai) , പോസിറ്റീവ്, നെഗറ്റീവ് ചാർജുകളുള്ള (electrostatic charging) ഒരു പദാർത്ഥം/തുണിത്തരം വികസിപ്പിച്ചു.ഈ പദാർത്ഥം, പൊടി, ബാക്ടീരിയ, വൈറസുകൾ എന്നിവയുൾപ്പെടെ 95% കണികകളെ സജീവമായി ആകർഷിക്കുകയും, കുടുക്കുകയും (traping) ചെയ്യുന്നു. മേൽ പറഞ്ഞ പദാർത്ഥം ഉപയോഗിച്ച് നിർമിച്ച N95 മാസ്കുകൾ കണികകളെ അരിക്കുന്നതിൽ ഉയർന്ന കാര്യക്ഷമത പ്രകടിപ്പിച്ചു. 1996-ൽ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി/CDC, USA) N95 മാസ്കുകൾക്ക് വൈറസുകളെ ഫലപ്രദമായി തടയാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞു. മെൽറ്റ്-ബ്ലൗൺ സാങ്കേതിക വിദ്യയും, ഇലെക്ട്രോസ്റ്റാറ്റിക് ചാർജിങും രോഗണുക്കളടക്കമുള്ള കണികകളെ ആകർഷിക്കാനും, കുടുക്കാനും ഉയർന്ന വായു ശുദ്ധീകരണം നടത്താനും N95 മാസ്കുകളെ പ്രാപ്തമാക്കി. 

FFP (filtering face piece) mask with valve.

N95 മാസ്കിനെ കൂടാതെ ഉയർന്ന കാര്യക്ഷമതയുള്ള നിരവധി റെസ്പിറേറ്ററുകൾ നിലവിലുണ്ട്. ഓരോന്നും വ്യത്യസ്ത അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതും, നിർദ്ദിഷ്ട ഉപയോഗങ്ങൾക്കായി രൂപകൽപ്പന ചെയ്തതുമാണ്. ഫിൽട്ടറിങ് ഫേസ്‌പീസ് പാർട്ടിക്കുലേറ്റ് (Filtering Facepiece/FFP) യൂറോപ്യൻ മാനദണ്ഡങ്ങൾ (EN 149:2001+A1:2009) പാലിക്കുന്ന ഉയർന്ന ക്ഷമതാ മാസ്‌കാണ്. ഇത്തരം മാസ്കുകളെ അതിന്റെ ക്ഷമത അനുസരിച്ച് FFP1, FFP2, FFP3 എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഇതിൽ 94% ക്ഷമതയുള്ള FFP 2 മാസ്ക്, N95-മാസ്കിന്റെ യൂറോപ്യൻ തത്തുല്യമാണ്. N95, FFP2 എന്നിവയ്ക്ക് സമാനമായ ചൈനീസ് മാസ്കാണ് KN95 റെസ്പിറേറ്റർ. 

ചിത്രം – പവർഡ് എയർ-പ്യൂരിഫൈയിംഗ് റെസ്പിറേറ്റർ (PAPR)

അവസാനമായി, വളരെ ഉയർന്ന കാര്യക്ഷമതയുള്ള ശ്വസന സംരക്ഷണ ഉപകരണമാണ് പവർഡ് എയർ-പ്യൂരിഫൈയിംഗ് റെസ്പിറേറ്റർ (Powered Air-Purifying Respirator/PAPR). PAPR-ൽ ഒരുതരം മാസ്ക് അല്ലെങ്കിൽ ശിരോവസ്ത്രം, ഉപകരണത്തിലേക്ക് വായു കടത്തിവിടുന്ന മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാൻ, ഒരു ഫിൽട്ടർ അല്ലെങ്കിൽ ഒന്നിലധികം ഫിൽട്ടറുകൾ, ഒരു ബാറ്ററി അല്ലെങ്കിൽ മറ്റ് ഊർജ്ജ സ്രോതസ്സ് എന്നിവ ഉൾപ്പെടുന്നു (ചിത്രം 3). PAPR-നുള്ളിൽ ഒരു യന്ത്രത്തിന്റെ (blower) സഹായത്തോടെ വായു ശുദ്ധീകരിക്കുന്ന ഘടകങ്ങളിലൂടെ ഒരു മുഖാവരണത്തിലേക്കോ/ ഹെൽമെറ്റിലേക്കോ/ ശിരോവസ്ത്രത്തിലേക്കോ വായു കടത്തിവിടുന്നു. ഇത് ഉപകരണത്തിനുള്ളിൽ ഒരു പോസിറ്റീവ് മർദ്ദം (positive pressure) ലനിർത്തുന്നു. നിയന്ത്രിത പരിതസ്ഥിതിയിലെ (മുറി അല്ലെങ്കിൽ ഉപകരണം) വായു മർദ്ദം ചുറ്റുമുള്ള പ്രദേശത്തെ വായു മർദ്ദത്തേക്കാൾ കൂടുതലായിരിക്കുന്ന അവസ്ഥയെയാണ് പോസിറ്റീവ് മർദ്ദം എന്ന് പറയുന്നത്. PAPR നുള്ളിലെ പോസിറ്റീവ് മർദ്ദം രോഗാണുക്കളിൽ നിന്നും, മറ്റ് അന്തരീക്ഷ മാലിന്യങ്ങളിൽ നിന്നും ഉപയോക്താവിനെ സംരക്ഷിക്കുന്നു. വളരെ ഉയർന്നതലത്തിൽ ജൈവ സുരക്ഷ ആവശ്യമുള്ള ലാബുകളിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്: COVID-19 മഹാമാരിയും, മാസ്കും

 2002-2003 കാലഘട്ടത്തിലെ SARS രോഗവ്യാപനത്തിന്റെ സമയത്തും, 2009-ലെ ഫ്ലൂ മഹാമാരിയുടെ സമയത്തും ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗവ്യാപനം തടയാൻ N95 മാസ്ക് (N95 respirator) ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മേൽ പറഞ്ഞ രോഗവ്യാപന സാഹചര്യങ്ങളിലും മറ്റ് ഔഷധേതര ഇടപെടലുകൾക്കൊപ്പം (Non-pharmaceutical interventions/NPI’s)  മാസ്കുകളും രോഗ വ്യാപനം ലഘൂകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

2019 അവസാനത്തോടെ ചൈനയിലെ വുഹാനിൽ SARS-CoV-2 ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ, മാസ്ക് ധരിക്കൽ ആ രാജ്യത്ത് വളരെ വേഗത്തിൽ പ്രചാരത്തിലായി. ഇത് സംഭവിച്ചത് പല കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും മാസ്കുകൾക്ക് മുമ്പുണ്ടായിരുന്ന സ്വീകാര്യതയുടെ ഫലമാണ്. 2020 ന്റെ തുടക്കത്തിൽ, WHO, CDC എന്നിവയുൾപ്പെടെയുള്ള പൊതുജനാരോഗ്യ സംഘടനകൾ പൊതുജനങ്ങളിൽ മാസ്ക് വ്യാപകമായി ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി. ആരോഗ്യ പ്രവർത്തകർക്ക് ക്ഷാമം അനുഭവപ്പെടുമെന്ന ആശങ്കയും, ലക്ഷണമില്ലാത്ത രോഗവ്യാപനത്തെക്കുറിച്ചുള്ള (asymptomatic infection) പരിമിതമായ അറിവുമായിരുന്നു ഇത്തരത്തിലുള്ള നിരുത്സാഹപ്പെടുത്തിലിന്റെ കാരണങ്ങൾ. രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികളും COVID-19 പടർത്താൻ സാധ്യതയുണ്ടെന്നതിന് തെളിവുകൾ വർദ്ധിച്ചതോടെ 2020 ഏപ്രിലിൽ ഒരു നിർണായക മാറ്റം സംഭവിച്ചു. ഇത് “ഉറവിട നിയന്ത്രണത്തിൽ” (source control) ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് നയിച്ചു. മാസ്ക് ധരിക്കൽ ഉറവിടത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് കണ്ടതിനെ തുടർന്ന് പല രാജ്യങ്ങളും മാസ്ക് ധാരണം നിർബന്ധമാക്കി. മാസ്കിന്റെ ഫലപ്രാപ്തി പല പാശ്ചാത്യ രാഷ്ട്രങ്ങളിലും ചൂടേറിയ ചർച്ചാ  വിഷയമായി. ഈ വിവാദങ്ങൾക്കിടയിലും ശാസ്ത്രലോകം രോഗം തടയാനുള്ള മാസ്കിന്റെ ഫലപ്രാപ്തി തെളിയിച്ചു. 2021-ൽ ഡെൽറ്റ, ഒമിക്രോൺ (Delta and Omicron variants) പോലുള്ള അതിവേഗം പകരാവുന്ന വകഭേദങ്ങളുടെ (variants) ആവിർഭാവം മാസ്ക് ഉപയോഗത്തെ ത്വരിതപെടുത്തി.

വർദ്ധിച്ച വാക്സിനേഷൻ നിരക്കുകളും, മെച്ചപ്പെട്ട ചികിത്സകൾ രീതികൾ വികസിച്ചതും കാരണം, 2022 മുതൽ പല രാജ്യങ്ങളും മാസ്കുപയോഗം നിർബന്ധമല്ലാതാക്കി മാറ്റി. പ്രാദേശിക COVID-19 വ്യാപനം അനുസരിച്ചും, അപകടസാധ്യത അനുസരിച്ചും (risk assessment) മാസ്കുപയോഗം പരിമിതപ്പെട്ടു. ആത്യന്തികമായി, ശാസ്ത്ര ഗവേഷണം, പൊതുജനാരോഗ്യ നയം (public health policy), സാമൂഹിക ഇടപെടലുകൾ എന്നിവ തമ്മിലുള്ള ചലനാത്മക ഇടപെടലിനെ പ്രതിഫലിപ്പിക്കുന്ന, പാൻഡെമിക്കിനെതിരായ പോരാട്ടത്തിന്റെ ഒരു പ്രതീകമായി മാസ്കുകൾ ഉയർന്നുവന്നു. 

ഉപസംഹാരം 

രോഗങ്ങളും, പാരിസ്ഥിതിക അപകടങ്ങളും, ഉയർത്തുന്ന വെല്ലുവിളികളെ മനസ്സിലാക്കാനും, ലഘൂകരിക്കാനും, അവയുമായി പൊരുത്തപ്പെടാനുമുള്ള മനുഷ്യരാശിയുടെ നിരന്തര ശ്രമങ്ങളുടെ ഒരു തെളിവാണ് മെഡിക്കൽ മാസ്കുകളുടെ കഥ. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ആചാരങ്ങളുടെ ഭാഗമായും, പാരിസ്ഥിതിക മാലിന്യങ്ങളിൽ നിന്നും, വിഷവസ്തുക്കളിൽ നിന്നും രക്ഷപെടുന്നതിനും മനുഷ്യൻ മാസ്ക് ഉപയോഗിച്ചിരുന്നു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടുമുതലാണ് ആരോഗ്യ സംരക്ഷണത്തിന് മാസ്കിനുള്ള പ്രാധാന്യം മനുഷ്യർ മനസിലാക്കുന്നത്. മാസ്കിന്റെ ഉപയോഗം പല രോഗങ്ങളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുമെന്ന് ശാസ്ത്രജ്ഞർ മനസിലാക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഇരുപതാം നൂറ്റാണ്ടിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മഹാമാരികൾ മാസ്കിന്റെ ഉപയോഗത്തെ ത്വരിതപ്പെടുത്തി. ഈ നൂറ്റാണ്ടുകളിൽ ഉണ്ടായ ശാസ്ത്രമുന്നേറ്റങ്ങൾ മാസ്കിന്റെ രൂപകൽപനയിലും, കാര്യക്ഷമതയിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. കൂടുതൽ മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായുള്ള മനുഷ്യരാശിയുടെ നിരന്തരമായ പരിശ്രമത്തേയും, ഉരുത്തിരിയുന്ന സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താനുള്ള മനുഷ്യന്റെ കഴിവിനേയും മാസ്കിന്റെ കഥ അടയാളപ്പെടുത്തുന്നു.

  1. https://www.thelancet.com/ PIIS01406736(20)312071/fulltext >>>
  2. https://wellcomecollection.org/stories/a history-of medical-masks >>>
  3. https://indiabioscience.org/general science/the-history and science-of mask-wearing >>>
  4. https://archive.cdc.gov/ 100YearsRespProtect.html >>>
  5. https://eurjmedres.biomedcentral.com/ articles/10.1186/ >>>
  6. https://pmc.ncbi.nlm.nih.gov/articles/ PMC11444544/ >>>
  7. https://thenonwovensinstitute.com/ history-of-masks/ >>>
  8. https://www.detmoldmedical.com/detmed/the fascinating history of-face masks-from-plague-doctors-to-modern-pandemics/ >>>
  9. https://www.cambridge.org/core/ journals/ infection-control and-hospital epidemiology/article/first-use-of-face-mask in-the history of-medicine/ >>>
  10. https://pmc.ncbi.nlm.nih.gov/articles/ PMC8111204/ >>>
  11. https://www.the-scientist.com/masking up-1619-to-present-70103 >>>
  12. https://thenonwovensinstitute.com/history of-masks/ >>>
  13. https://archive.cdc.gov/www_cdc gov/coronavirus/ 2019 ncov/prevent getting sick/types of-masks.html >>>
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ദാ വരുന്നൂ, വീണ്ടുമൊരു ധൂമകേതു ! അതും അങ്ങ് നക്ഷത്രങ്ങളുടെ ലോകത്തുനിന്ന്…
Next post കുരങ്ങുവിചാരണ: ശാസ്ത്രം കോടതി കയറിയപ്പോൾ
Close