എന്തുകൊണ്ട് മാസ്ക് ധരിക്കണം ?

ജപ്പാൻ, കൊറിയ, വിയറ്റ്നാം തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്ക് ഒരു ശീലമുണ്ട്. നമ്മളും അനുകരിക്കേണ്ട ഒരാരോഗ്യശീലം. അതെന്താണെന്നല്ലേ ? മാസ്ക് ധരിക്കുന്ന ശീലം തന്നെ. പൊതുയിടങ്ങളിൽ മാസ്ക് ധരിച്ച മനുഷ്യർ ഇവിടെ ഒരു സാധാരണ കാഴ്ചയാണ്. കുഞ്ഞു കുട്ടികൾ വരെ അവിടെ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാറുണ്ട്. സാധാരണ ജലദോഷം പടരാതിരിക്കാനോ, അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ വേണ്ടിയോ ആകാം ഈ ശീലം ആരംഭിച്ചിട്ടുണ്ടാവുക. എന്തായാലും ഈ ശീലം എന്നിവർക്ക്‌ നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്.

ചെറിയ അസുഖമുള്ളപ്പോൾ പോലും ജോലിക്ക് പോകുന്നവരാണ് കഠിനാധ്വാനികളായ ജപ്പാൻകാർ. രോഗം വരാതിരിക്കാൻ വേണ്ടി മാത്രമല്ല ഒരു വ്യക്തി മാസ്ക് ധരിക്കുന്നത്. രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ കൂടിയാണ് അവർ മാസ്ക് ധരിക്കുന്നത്. പകർച്ചവ്യാധിയുള്ള ഒരാൾ ചുറ്റുപാടുകളിലേക്ക് രോഗാണുക്കളെ അയച്ചു കൊണ്ടിരിക്കും. ഈ അവസരത്തിൽ രോഗം പടരാതിരിക്കാൻ മാസ്ക് ധരിക്കുന്നത് ഒരു ഫലപ്രദമായ മാർഗ്ഗമാണ്. ഇതൊരു സാമൂഹ്യ ഉത്തരവാദിത്തം  കൂടിയാണ്. അസുഖം വിതരണം ചെയ്യുന്ന ഒരാളായി മാറാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ മാസ്ക് ധരിക്കുന്നത് പോലുള്ള ആരോഗ്യശീലങ്ങൾ വളർത്തേണ്ടിയിരിക്കുന്നു. തണുത്ത കാലാവസ്ഥയിൽ, ഫ്ലൂ പോലുള്ള രോഗങ്ങൾ പടരുന്ന സീസണിൽ രണ്ടു പേരിൽ ഒരാളെങ്കിലും ഇവിടെ മാസ്ക് ധരിക്കാറുണ്ട്. പകർച്ച വ്യാധികൾ നിയന്ത്രിക്കുന്നതിൽ ഒരു പരിധിവരെ ഇത് സഹായിക്കാറുണ്ട്‌.

രസകരമായ ഒരു കാര്യം പറയട്ടെ. മാസ്കുകൾ ഇവിടെ ഫാഷന്റെ ഭാഗമായും മാറിയിട്ടുണ്ട്. വീടുകളിലെ വസ്ത്രശേഖരത്തിലെ ഒരംഗമായി മാറിയിട്ടുണ്ട് മാസ്കുകൾ. വസ്ത്രത്തിന്റെ നിറത്തിനു ചേരുന്ന മാസ്കുകൾ ധരിക്കുന്നവരുമുണ്ട്.

എന്ത് തന്നെയായാലും ആരോഗ്യബോധമുള്ള ഒരു ജനതക്ക് മാസ്കുകളെ അവഗണിക്കാനാവില്ല. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. ഒറ്റത്തവണ മാത്രം ഉപയോഗിക്കുവാൻ കഴിയുന്ന മാസ്‌കുകളാണ് എല്ലാപേരും ഉപയോഗിക്കുന്നതെങ്കിൽ വലിയ മാലിന്യ പ്രശ്നം അത് സൃഷ്ടിക്കും. അതുകൊണ്ട് പുനരുപയോഗം സാധ്യമായ മാസ്കുകൾ ശാസ്ത്രീയമായി ഉപയോഗിക്കുകയാണ് അഭികാമ്യം.

വീട്ടില്‍ മാസ്ക് ഉണ്ടാക്കുന്നതെങ്ങനെ ? – ലൂക്ക ചിത്രസഹിതം – ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • മാസ്ക് ധരിക്കുന്നതിന് മുൻപ് കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ 70 % ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കഴുകണം.
 • മൂക്കും വായും മൂടുന്ന രീതിയിൽ കൃത്യമായി ധരിക്കണം. മാസ്കും മുഖവും തമ്മിൽ ഗ്യാപ്പ് ഉണ്ടാകാൻ പാടില്ല.
 • ധരിച്ചശേഷം മാസ്കിൽ സ്പർശിക്കാൻ പാടില്ല.
 • മാസ്ക് മൂക്കിനു താഴെ ധരിക്കുന്നതും കഴുത്തിൽ അലങ്കാരമായി ധരിക്കുന്നതും അഭികാമ്യമല്ല.
 • മാസ്ക് ധരിച്ചാലും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്ന കാര്യത്തിൽ അമാന്തം പാടില്ല.
 • മാസ്ക് ഊരുമ്പോൾ മുൻഭാഗത്ത് സ്പർശിക്കാതെ വള്ളികളിൽ മാത്രം പിടിച്ച് അഴിക്കുക.
 • ഉപയോഗിച്ച മാസ്ക് വലിച്ചെറിയരുത്. പുനരുപയോഗിക്കുന്നതിനായി  സോപ്പിട്ട് കഴുകിയതിന് ശേഷം വെയിലത്ത് നന്നായി ഉണക്കണം. മഴയുള്ള സാഹചര്യത്തില്‍ സോപ്പിട്ട് കഴുകിയതിന് ശേഷം ഉയര്‍ന്ന താപനിലയില്‍ നന്നായി ഇസ്തിരിയിട്ടതിന് ശേഷം മാത്രം ഉപയോഗിക്കാം.

 • വീണ്ടും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
 • മാസ്ക് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡിനെതിരെ പരിപൂർണ്ണ പ്രതിരോധമായി എന്ന് കരുതരുത്.
 • സാധാരണ മാസ്കുകൾ ധരിച്ചാൽ നമ്മുടെ ശരീരത്തിലേക്ക് വൈറസ് കയറുന്നതിനെ പൂർണമായും തടയുമെന്നും കരുതരുത്‌. പക്ഷേ, നമുക്ക് വൈറസ്ബാധ ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ സഹായിക്കും.അതുകൊണ്ട് ഏറ്റവും പ്രാധാന്യമുള്ള കാര്യം വ്യക്തിശുചിത്വവും ശരീരിക അകലം പാലിക്കുകയും തന്നെയാണ്.
 • മാസ്ക് ധരിച്ചു എന്നത് കൊണ്ട് മിഥ്യാ സുരക്ഷിത ബോധം ഉണ്ടാവാൻ പാടില്ല
 • ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക തന്നെ വേണം. ശരീരിക അകലം പാലിക്കാൻ കര്‍ശനമായ ശ്രദ്ധ വേണം.

മാസ്ക് നിര്‍മ്മാണവും ഉപയോഗവും കൈപ്പുസ്തകം ഡൗണ്‍ലോഡ് ചെയ്യാം


ഹരിത കേരളം തയ്യാറാക്കിയ വീഡിയോ കാണാം

Leave a Reply