ബഹിരാകാശത്ത് ഒരു ഓവർ ടേക്കിങ് – കഥയും കാര്യവും

പി.എം.സിദ്ധാർത്ഥൻ
റിട്ട. സയിന്റിസ്റ്റ്, ISRO

കഥ

വാലന്റീന സവിതസ്കയ എന്ന് പേരുള്ള ഒരു സോവിയറ്റ് കോസ്മോനോട്ട് ബഹിരാകാശത്ത് 380 കിലോമീറ്റർ ഉയരത്തിൽ അവരുടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു. അതേ ഓർബിറ്റിൽ കുറച്ചു പിന്നിലായി റൊണാൾഡ്‌ ബുഷ് ട്രംപ് എന്ന ഒരു അമേരിക്കൻ അസ്‌ട്രോനോട്ടും ഉണ്ട്. (കഥയാണേ.. പേരുകൾ സാങ്കൽപ്പികവും). അങ്ങനെ സഞ്ചരിക്കവേ ആർ.ബി ട്രംപിന് ഒരു ആലോചന വന്നു. മുന്നിൽ പോകുന്ന കോസ്‌മോനാനോട്ടിനെ ഓവർടേക്ക് ചെയ്താലെന്താ? അങ്ങനെ അവർ മുന്നിൽ പോകരുത്, അതും ഒരു സ്ത്രീ!(?) അമ്പട വിട്ടുകൊടുക്കരുത്. റൊണാൾഡ്‌ ബി ട്രംപ് തന്റെ സ്പേസ് ക്രാഫ്റ്റിന്റെ ബൂസ്റ്റർ റോക്കറ്റ് ജ്വലിപ്പിച്ച് ഒറ്റയടിക്ക് വേഗത കൂട്ടി. . അവരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുമോ? തകരുമോ?
അതോ റൊണാൾഡ്‌ ബി ട്രംപ് സവിതസ്കയയെ വെട്ടിച്ചു മുന്നിൽ കടന്നു പോകുമോ? ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ കടന്നു പോയി …….
ഇത് കഥ. ഇനി കാര്യത്തിലേക്കു കടക്കാം.

കാര്യം അഥവാ ശാസ്ത്രം

ചിത്രം നോക്കുക. ബഹിരാകാശത്ത് ഒരു ഓർബിറ്റിന് ഒരു നിശ്ചിത പ്രവേഗം (velocity ) ഉണ്ട്. പ്രവേഗം എന്ന് പറയുന്നതാണ് ശാസ്ത്രീയമായി ശരി. പക്ഷെ നമുക്ക് കാര്യം സിമ്പിൾ ആക്കാൻ വേഗത എന്ന് പറയാം. ആ വേഗത ആ ഓർബിറ്റിന്റെ critical പ്രവേഗമാണ്.
ആ ഓർബിറ്റിൽ സഞ്ചരിക്കുന്നവയെല്ലാം, അത് രണ്ടു വാഹനങ്ങൾ ആയാലും, ഒരു സ്ക്രൂ ഡ്രൈവറും മറ്റേതു ഭീമൻ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷൻ ആയാലും ഒരേ വേഗതയിലാണ് സഞ്ചരിക്കുക,. സ്പീഡ് ഇത്തിരി കുറഞ്ഞാലോ കൂടിയാലോ ഓർബിറ്റും മാറും, ഓർബിറ്റിന്റെ രൂപവും മാറും. രണ്ടുപേരും ആദ്യം ഒരു വൃത്താകാര ഓർബിറ്റിലൂടെ ആയിരുന്നു സഞ്ചരിച്ചിരുന്നത്. വൃത്താകാര ഓർബിറ്റിലൂടെ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ പ്രവേഗം (അല്ലെങ്കിൽ വേഗത) വർധിപ്പിച്ചാൽ അത് ഒരു ദീർഘ വൃത്താകാര ഓർബിറ്റിലേക്കു പോകും. ദീർഘ വൃത്താകാര ഓർബിറ്റിന് ഒരു പെരിജിയും (ഭൂമിയോട് ഏറ്റവും അടുത്ത പോയിന്റ്) ഒരു അപ്പോജിയും (ഭൂമിയിൽ നിന്നും ഏറ്റവും ദൂരെയുള്ള പോയിന്റ്) ഉണ്ട്. പുതിയ ദീർഘ വൃത്താകാര ഓർബിറ്റിന്റെ പെരിജി 380 കിലോമീറ്ററും അപ്പോജി അതിനേക്കാൾ ഉയരത്തിലും ആയിരിക്കും. അവർ രണ്ടുപേരും ആദ്യം സഞ്ചരിച്ചത് ഒരേ വേഗതയിൽ, സെക്കൻഡിൽ 7.687 കിലോ മീറ്ററിൽ ആയിരുന്നു. രണ്ടു പേരും ഒരേ വേഗതയിൽ സഞ്ചരിച്ചിരുന്നതിനാൽ കൂട്ടിമുട്ടില്ല. എന്നാൽ റൊണാൾഡ്‌ ബി ട്രംപ് തന്റെ വാഹനത്തിന്റെ വേഗത കൂട്ടിയപ്പോൾ വാഹനം ഓവർ ടേക്ക് ചെയ്യുന്നതിന് പകരം വേറെ ഒരു ദീർഘ വൃത്താകാര ഓർബിറ്റിലേക്കാണ് പോയത്. ഇനി റൊണാൾഡ്‌ വേഗത കുറച്ചാൽ വീണ്ടു പഴയ ഓർബിറ്റിലേക്കു വരാനാകുമോ? സാധ്യമാണ്. അയാൾ 380 കിലോമീറ്റർ പെരിജിയിലെത്തുമ്പോൾ വേഗത വേണ്ട വിധത്തിൽ കിറുകൃത്യമായി കുറച്ചാൽ അയാൾക്ക്‌ വീണ്ടും അതെ ഓർബിറ്റിൽ എത്താം. പക്ഷെ വാഹനത്തിന്റെ തലതിരിച്ചു വെച്ച് വേണം ബൂസ്റ്റർ ജ്വലിപ്പിക്കാൻ. കുറച്ചധികമോ കുറവോ സമയം ജ്വലിപ്പിച്ചാൽ വീണ്ടും മറ്റൊരു ദീർഘ വൃത്താകാര ഓർബിറ്റിലേക്കു പോകും. ആകെ കുഴപ്പമാകും. ഇന്ധനം പല പ്രാവശ്യം അനാവശ്യമായി ചിലവാക്കിയതിനാൽ റൊണാൾഡിന്ന് വേഗം ഭൂമിയിലേക്ക് തിരിച്ചു വരേണ്ടിയും വരും. ഇന്ധനം തീർന്നുപോയാൽ പിന്നെ തിരിച്ചുവരാനും കഴിയുകയില്ല. അതിനാൽ ശ്രദ്ധിക്കുക, സ്പേസിൽ ഓവർടേക്ക് ചെയ്യാൻ പറ്റില്ല. നിങ്ങൾ കുടുങ്ങിപ്പോകും.

One thought on “ബഹിരാകാശത്ത് ഒരു ഓവർ ടേക്കിങ് – കഥയും കാര്യവും

  1. Good information.
    തലതിരിച്ച് വേണം വേഗത കുറയ്ക്കാൻ എന്നതിനേക്കാള്‍ മുൻപിൻതിരിച്ച് എന്നതല്ലേ നന്നാവുക.

Leave a Reply to sudheer Cancel reply