വിജയകുമാർ ബ്ലാത്തൂർ
ഗരുഡശലഭം (Southern Birdwing, Troides minos)
ലോകത്ത്, ദക്ഷിണേന്ത്യയിൽ മാത്രം കണ്ടുവരുന്ന മനോഹര ചിത്രശലഭം ആണ് ഗരുഡ ശലഭം. ബേർഡ് വിങ് എന്ന ഇതിന്റെ പേരിലേതുപോലെ വിശാലമായ ഗരുഡച്ചിറകുമായി നാട്ടിലും കാട്ടിലും ഉയരത്തിലൂടെ പറന്നു വിലസുന്ന ചിത്രശലഭമാണിത്. ഇന്ത്യയിലെ ഏറ്റവും ചിറകുവലിപ്പം കൂടിയ പൂമ്പാറ്റയായി ഇതിനെ കണക്കാക്കുന്നു. 14 മുതൽ 19 വരെ സെന്റീമീറ്റർ വലിപ്പം ഉണ്ടാകും ഇവയ്ക്ക് . ഉയരമുള്ള മരത്തലപ്പുകൾക്ക് മീതെ പകൽ ചൂടു കൂടും വരെ തെന്നിപ്പറന്ന് നടക്കുന്ന ഇവ ഇടയ്ക്ക് താഴോട്ട് തുറസ്സിടങ്ങളിൽ വന്ന് ചെടികളിൽ നിന്ന് തേൻ നുകരും. തേനുണ്ണുമ്പോഴും ചിറകുകൾ തുറന്നടയ്ക്കൽ തുടരുന്ന ശീലം ഉണ്ട്. കിളിവാലൻ ശലഭങ്ങളായ പാപ്പിലിയോനിഡെയിൽ ഉൾപ്പെടുന്ന ഇവയെ വേഗം തിരിച്ചറിയാൻ കഴിയും.
ചുവപ്പ് നിറമുള്ള മനോഹരമായ പൂക്കളിലാണ് സാധാരണ തേനുണ്ണാൻ വന്നിരിക്കുക. നാട്ടിൽ സാധാരണമായി കാണുന്ന കൃഷ്ണകിരീടം, ചെത്തി, കൊങ്ങിണിപ്പൂവ് എന്നിവയിൽ സ്ഥിര സന്ദർശകരായി ഇവരെ കാണാം.
ആൺ ശലഭവും പെൺ ശലഭവും ചിറക് അടയാളങ്ങളിലെ വ്യത്യാസം നോക്കി തിരിച്ചറിയാം. ആൺ ശലഭത്തിന് മുൻചിറകുകൾക്ക് നല്ല കറുപ്പ് നിറമാണ്. പിൻ ചിറകുകളിൽ തിളങ്ങുന്ന മഞ്ഞനിറവും ഉണ്ടാകും. എന്നാൽ പെൺ ശലഭത്തിന്റെ സ്വർണ്ണ മഞ്ഞ നിറത്തിലുള്ള പിൻ ചിറകിൽ നല്ല ത്രികോണാകൃതിയിലുള്ള തെളിമയുള്ള കറുപ്പു പൊട്ടുകൾ ഉണ്ടാകും. ഈ പൊട്ടുകൾ ആൺ ശലഭത്തിൽ ഉണ്ടാകുകയില്ല. പെൺ ശലഭത്തിന് ആണിനേക്കാൾ വലിപ്പം കൂടുതലുണ്ടാകും. ചിറകുകൾ ഘടിപ്പിച്ചിരിക്കുന്ന ഭാഗമായ ഉരസിന് ചുവപ്പ് നിറവും , ശരീരം മഞ്ഞ നിറത്തിലും ആണുണ്ടാകുക. ഇതിൽ കറുത്ത പൊട്ടുകൾ വരിവരിയായി കാണാം.
മുട്ട വിരിഞ്ഞ് പുറത്ത് വരുന്ന കുഞ്ഞ് ലാർവപ്പുഴുക്കൾക്ക് കഴിച്ച് വളരാൻ ഇഷ്ടമുള്ള മൂന്ന് ചെടികളെയാണ് പ്രധാനമായും തിരിച്ചറിഞ്ഞിട്ടുള്ളത്. ഈശ്വരമൂലി , ഗരുഡപ്പച്ച, ഈശ്വരമുല്ല, ഉറിതൂക്കി, വലിയ അരയൻ എന്നെല്ലാം പേരുകളുള്ള ഗരുഡക്കൊടി (ശാസ്ത്രീയനാമം: Aristolochia indica) ആണ് ഒന്ന്. പിന്നെ സമാന പേരുകളിൽ തന്നെ അറിയപ്പെടുന്ന അരിസ്റ്റോക്കിയയിലെ വേറൊരു സ്പീഷിസായ കരണ്ടവള്ളി (Aristolochia tagala), കൂടാതെ അൽപം, വെഷകണ്ട, കരൾവേഗം എന്നിങ്ങനെ പേരുള്ള Thottea siliquosa യിലും ഇവ മുട്ടയിടും. ഈ ചെടികളുടെ ഇലകളും തണ്ടുകളും ഒക്കെയാണ് ലാർവകളുടെ ഭക്ഷണം . അതിനാൽ ഇവ തപ്പി പെൺ ശലഭം വേണ്ടി വന്നാൽ ഏറെ ദൂരം സഞ്ചരിക്കും. ചെടികളിൽ നിന്ന് ശേഖരിക്കുന്ന അരിസ്റ്റോലോക്കിക് അമ്ലം ഉള്ളതിനാൽ ഇവയെ പക്ഷികളോ മറ്റോ കൊത്തിത്തിന്നാൽ അവയ്ക്ക് വലിയ അസ്വസ്ഥത ഉണ്ടാകും. അതിനാൽ ഒരു തവണ ഈ പൂമ്പാറ്റയെ തിന്നവ പിന്നെ ഒഴിവാക്കും. അതിനാൽ വലിയ പേടിയില്ലാതെ ഇവ വിലസിപ്പറന്ന് നടക്കും. ഇലയുടെ മുകളിലോ ഇളം തണ്ടിലോ ഒക്കെയാണ് ചുവന്ന ഡോം ആകൃതിയുള്ള മുട്ട ഇടുക. വിരിഞ്ഞ് ഇറങ്ങിയ ഉടനെ മുട്ടക്കൂട് തിന്ന ശേഷം ലാർവ ഇലയുടെ അടിയിലോ അരികുകളിലോ പതുങ്ങി പതുക്കെ തീറ്റ ആരംഭിക്കും. ഇരുണ്ട റോസ് ബ്രൗൺ നിറമുള്ള പുഴുക്കളുടെ ദേഹത്ത് വരിയായി മുകളറ്റത്ത് ചുവന്ന പാടുകൾ ഉള്ള, മുള്ളുകൾ പോലെ എഴുന്നു നിൽക്കുന്ന അറ്റം കൂർത്ത മുഴകൾ കാണാം. ശരീരത്തിന്റെ മദ്ധ്യഭാഗത്തായിൽ വീതിയുള്ള വെളുത്ത പാടും ഉണ്ടാകും. പ്യൂപ്പ ഇളം മഞ്ഞ നിറത്തിലോ പച്ചരാശിയുള്ള ഉണങ്ങിയ ഇലയുടെ നിറത്തിലോ ആണുണ്ടാകുക. ആരെങ്കിലും തൊട്ട് ശല്യപ്പെടുത്തുമ്പോൾ പ്യൂപ്പക്കൂട്ടിനുള്ളിൽ നിന്നും ശ്ശ് എന്ന ചീറ്റുന്ന ശബദം ഉണ്ടാക്കി ഭയപ്പെടുത്താൻ ഇവയ്ക്ക് കഴിയും.