Read Time:4 Minute

നവനീത് കൃഷ്ണൻ എസ്.

പേടിപ്പിക്കുന്ന സ്ത്രീശബ്ദം, ആത്മാക്കളുടെ അലർച്ച, നരകത്തിന്റെ ശബ്ദം… പ്രപഞ്ചത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ശബ്ദം… ഇങ്ങനെയൊക്കെയാണ് ഒരു സോണിഫിക്കേഷൻ വീഡിയോയ്ക്ക് പല മാധ്യമങ്ങളും നൽകുന്ന തലക്കെട്ടുകൾ. ഒറ്റനോട്ടത്തിൽ ഈ വീഡിയോ കാണുകയും ശബ്ദം കേൾക്കുകകയും ചെയ്യുമ്പോൾ അങ്ങനെയൊക്കെ തോന്നാം. പക്ഷേ സത്യത്തിൽ എന്താണ് ഈ സംഗതി?

ലളിതമായ ഒരു പരിപാടിയാണ് ഇത്. സോണിഫിക്കേഷൻ എന്നു പറയും. ഒരു ചിത്രത്തെയോ ഡാറ്റയെയോ ശബ്ദമാക്കി മാറ്റുന്ന സൂത്രം. ഇവിടെ ഹെലിക്സ് നെബുല എന്ന നെബുലയുടെ ഫോട്ടോയെ ശബ്ദമാക്കി മാറ്റുകയാണു ചെയ്തത്. നെബുലയെ മാത്രമല്ല, ഏതു ചിത്രത്തെയും നമുക്ക് ശബ്ദമാക്കി മാറ്റാം. നാസയുടെയും മറ്റും ഇത്തരം ചിത്രങ്ങളെ ശബ്ദമാക്കി മാറ്റാനുള്ള പല സോഫ്റ്റുവെയറുകളും ലഭ്യമാണ്. SYSTEM Sounds എന്നൊരു പ്രൊജക്റ്റുതന്നെ ഉണ്ട്. അവർ പുറത്തുവിട്ട ശബ്ദമാണ് ഇപ്പോൾ വൈറലായത്. അവർ ഇതുപോലെ നിരവധി ചിത്രങ്ങളെ ശബ്ദമാക്കി മാറ്റി അവതരിപ്പിക്കാറുണ്ട്.

ഒരു ചിത്രത്തെ അതേപടി ശബ്ദമാക്കി മാറ്റി മറ്റൊരിടത്തേക്ക് അയയ്ക്കാനും ആ ശബ്ദം പിടിച്ചെടുത്ത് തിരികെ ചിത്രമാക്കി മാറ്റാനും കഴിയുന്ന സംവിധാനംപോലും നിലവിലുണ്ട്. പക്ഷേ ആ രീതിയല്ല സിസ്റ്റം സൌണ്ട് പ്രൊജക്റ്റ് ചെയ്തത്. ചിത്രത്തിന്റെ നിറഭേദങ്ങളെയോ അല്ലെങ്കിൽ എന്തെങ്കിലും പ്രത്യേകതകളുടെയോ അടിസ്ഥാനത്തിൽ അവയെ ശബ്ദമാക്കി മാറ്റുന്ന പരിപാടിയാണ് ഇവർ ചെയ്യുന്നത്. ഓരോ നിറത്തിനും ഓരോ ഫ്രീക്വൻസിയുള്ള ശബ്ദം നൽകുക. ചിത്രത്തിന്റെ ഒരു അറ്റം മുതൽ അവസാന അറ്റം വരെ വിവിധ നിറങ്ങൾ കാണും. ഇതിൽ ഏറ്റവും കൂടുതലുള്ള നിറത്തിന്റെയോ മറ്റോ അടിസ്ഥാനത്തിൽ വിവിധ ഫ്രീക്വൻസികളിലുള്ള ശബ്ദം കേൾപ്പിക്കുക. ചിലപ്പോൾ ഏതെങ്കിലും സംഗീതോപകകരണങ്ങളുടെ അകമ്പടിയോടെയാവും ശബ്ദം കേൾപ്പിക്കുന്നത്. അങ്ങനെ പല തരം രീതികൾ.

ഒരു ചിത്രത്തെ ശബ്ദമാക്കി കേൾക്കണമെന്ന് ആഗ്രഹമുണ്ടോ? ഒരു വഴി പറയാം. നല്ലൊരു ചിത്രമെടുക്കുക. സ്വന്തം ഫോട്ടോ ആയാലും മതി. എന്നിട്ട് GIMP, Photoshop പോലുള്ള ഏതെങ്കിലും ഇമേജ് എഡിറ്റിങ് സോഫ്റ്റുവെയറിൽ തുറക്കുക. എന്നിട്ട് അതിനെ tiff പോലെയുള്ള റോ ഡാറ്റാ ഫോർമാറ്റിൽ സേവ് ചെയ്യുക. ഒഡാസിറ്റ് (Audacity) എന്നൊരു ഓഡിയോ എഡിറ്റിങ് സോഫ്റ്റുവെയറുണ്ട്. ഫ്രീ ആണ്. സോഫ്റ്റുവെയറിൽ പോയി Import എന്നൊരു ഓപ്ഷൻ കാണും. അതിൽ RAW Data എന്നത് തിരഞ്ഞെടുത്ത് മുൻപു സേവ് ചെയ്ത tiff ഫയൽ തുറക്കുക. എന്നിട്ട് പ്ലേ ബട്ടൺ അമർത്തൂ! നിങ്ങളുടെ ചിത്രത്തെ ശബ്ദമായി കേൾക്കാം.

അപ്പോൾ ചോദ്യത്തിലേക്കു വരാം. പ്രപഞ്ചത്തിൽ പേടിപ്പിക്കുന്ന സ്ത്രീശബ്ദം ഉണ്ടോ? ഭൂമിയിൽ എവിടെയെങ്കിലും ഒക്കെ കാണും. അല്ലാതെ വല്ല നെബുലയിലോ മറ്റേതെങ്കിലും നക്ഷത്രങ്ങളിലോ ഒന്നും തത്ക്കാലം മനുഷ്യരില്ല എന്നാണ് അറിവ്. അതിനാൽത്തന്നെ മനുഷ്യരുടെ ശബ്ദമൊന്നും അവിടെനിന്ന് കേൾക്കാനും പറ്റില്ല. SYSTEM Sounds ചെയ്ത സോണിഫിക്കേഷൻ ആണ് നമ്മൾ കേട്ടത്. അതിനാൽ പേടിക്കേണ്ട. അതൊക്കെ കേട്ട് ആസ്വദിക്കൂ.



ലേഖകന്റെ ബ്ലോഗ് വായിക്കാം

സൂര്യനും മറ്റു നക്ഷത്രങ്ങൾക്കും ശബ്ദമുണ്ടാക്കാനുള്ള കഴിവുണ്ടോ?

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വില്യം ഹെർഷൽ – നക്ഷത്രങ്ങളുടെ കൂട്ടുകാരൻ
Next post ദാലംബേർ-ഗണിതശാസ്ത്രത്തിലെ അതികായൻ
Close