ഉല്‍ക്കാവര്‍ഷം തുടരും. ബുധനെയും കാണാം, മഴമേഖങ്ങള്‍ സമ്മതിച്ചാല്‍ !
ഈ മാസവും നല്ലൊരു ഉൽക്കാവർഷം ഉണ്ട്. മെയ് 5,6 തിയതികളിലാണത്. മണിക്കൂറിൽ മുപ്പതിലേറെ ഉൽക്കകൾ കാണാൻ കഴിയുന്ന മോശമല്ലാത്ത ഒന്നാണിതെങ്കിലും മഴമേഘങ്ങൾ ഇതിനു സമ്മതിക്കും എന്നു തോന്നുന്നില്ല. പാതിരാത്രിക്കു ശേഷമാണ് ഉൽക്കാവീഴ്ചകൾ നന്നായി കാണാൻ കഴിയുക. വർഷങ്ങൾക്കു മുമ്പ് ഹാലി ധൂമകേതു പോയ വഴിയിൽ അവശേഷിപ്പിച്ച അവശിഷ്ടങ്ങളാണ് അക്വാറീഡ്സ് ഉൽക്കാവർഷം എന്നറിയപ്പെടുന്ന ഈ ഉൽക്കാവർഷത്തിൽ കാണാൻ കഴിയുക. കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴുള്ളവയല്ല അതിനും മുമ്പ് വന്നു പോയപ്പോൾ അവശേഷിപ്പിച്ചവയാണത്രെ ഇവ.
ബുധനെ കാണാനുള്ള അപൂർവ്വ അവസരം ഈ മാസത്തിൽ നമുക്ക് കിട്ടുന്നുണ്ട്. മെയ് 7ന് ബുധൻ സൂര്യനിൽ നിന്ന് 21ഡിഗ്രിയിലേറെ അകന്നു നിൽക്കുന്നതുകൊണ്ട് അന്നേ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും അസ്തമയത്തിനു ശേഷം പടിഞ്ഞാറെ ആകാശത്തിൽ ഇടവം രാശിയിൽ ബ്രഹ്മർഷിക്കു (അൾഡിബറാൻ) വടക്കായി ഏതാണ്ട് അത്ര തന്നെ തിളക്കത്തിൽ ബുധനെ കാണാം.
ശനിയെ ഈ മാസം രാത്രി മുഴുവൻ ആകാശത്തു കാണാം. 23ന് സൂര്യന്റെ നേരെ എതിർവശത്തു വരുന്നതിനാൽ സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നതോടു കൂടി തന്നെ കിഴക്ക് വൃശ്ചികം രാശിയിൽ ശനി ഉദിക്കും. ഡിസ്ക് പൂർണ്ണമായും കാണാൻ കഴിയും എന്നതുകൊണ്ട് ശനിയെ ഏറ്റവും നന്നായി കാണാനുള്ള അവസരം കൂടിയാണിത്.
ശുക്രനെ സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറെ ആകാശത്ത് കാണാം. ശുക്രന്റെ ഇടവത്തിൽ നിന്നും മിഥുനത്തിലേക്കുള്ള സഞ്ചാരം ഈ മാസം കാണാം. ചൊവ്വ സൂര്യനോടടുത്തായിരിക്കുന്നതിനാൽ കാണാൻ പ്രയാസമായിരിക്കും. ഇരുട്ടാവുന്നതോടു കൂടി തലക്കു മുകളിൽ പ്രത്യക്ഷപ്പെടുന്ന വ്യാഴത്തെ പാതിരാത്രി വരെ കാണാൻ കഴിയും. വൃശ്ചികം രാശിയിലായിരിക്കും വ്യാഴത്തിന്റെ സ്ഥാനം.
[divider][author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]