Read Time:18 Minute
[author image=”http://luca.co.in/wp-content/uploads/2015/05/Sajikumar1.jpg” ]ഡോ. സജികുമാര്‍
[email protected][/author] ഡോ. മനോജ് കോമത്തിന്റെ “ചികിത്സയുടെ പ്രകൃതി പാഠങ്ങള്‍” എന്ന കൃതിയെ പരിചയപ്പെടുത്തുന്നു. “നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !
Prakrithi Book Fullcoverആധുനികശാസ്ത്രം ചികിത്സാരംഗത്ത് വരുത്തിവെച്ച മാറ്റങ്ങള്‍ സുവിദിതമാണ്. ചികിസയില്‍ശാസ്ത്രീയസമീപനമുണ്ടാകേണ്ടതിന്റെ ആവശ്യകതെയെപറ്റി രണ്ടുപക്ഷമില്ല. എന്നാല്‍ ചികിത്സാരംഗത്ത് നമ്മുടെ സമൂഹത്തില്‍ നിലവിലുള്ള  പ്രവണതകള്‍ കടുത്ത ആശയകുഴപ്പം സമ്മാനിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. ആധുനികശാസ്ത്രത്തില്‍ അധിഷ്ടിതമായ മോഡേണ്‍ മെഡിസിനോടൊപ്പം സമാന്തരമെന്നൊ ബദലെന്നൊ അവകാശപ്പെടുന്ന നിരവധി ചികിത്സകള്‍ നിലവിലുണ്ടെന്ന് കാണാം. നമ്മള്‍ പഠിച്ചിട്ടുള്ള  അടിസ്ഥാന ശാസ്ത്രശാഖകള്‍ക്കൊന്നിനും  ഇങ്ങനെ സമാന്തരമെന്നൊ ബദലെന്നോ ഇല്ലന്നെത് കൗതുകം പകരുന്നതാണ്. അതിലപ്പുറം ഈ സബ്രതായങ്ങളിലോരോന്നിന്റ്റെയും വക്താക്കള്‍ അവരുടെ ചികിസയാണ് ശാസ്ത്രീയം എന്നവകാശപ്പെടുകയും ചെയ്യുന്നു. ഇവരെല്ലാം ചേര്‍ന്ന് ആധുനികശാസ്ത്രം നിക്ഷിപ്തതാല്പ്പര്യങ്ങളോടെ ആരോഗ്യരംഗത്തേക്ക് അനാശാസ്യമായ കടന്നുകയറ്റം നടത്തി എന്നാരോപിക്കുകയും ചെയ്യുന്നു.  പ്രമുഖ ബദല്‍/സമാന്തര ചികിത്സാസമ്പ്രതായങ്ങളെല്ലാം നമ്മുടെ രാജ്യത്ത് അംഗീകൃതമായെന്നതാണ് മറ്റൊരു വസ്തുത. അതിനു പുറമേ മുഖ്യധാരയില്‍പ്പെടാത്ത നിരവധി ചികിത്സകള്‍ സാമാന്യ യുക്തിക്കുപോലും നിരക്കാത്ത തത്വങ്ങളുമായി നിര്‍ബാധം ഇവിടെ പ്രചരിച്ചുകൊണ്ടിരിക്കുന്നു.

Manoj_Komath
ഡോ. മനോജ് കോമത്ത്

ചുരുക്കത്തില്‍ ഇവിടുത്തെ ചികിത്സാരംഗത്ത് ശാസ്ത്രീയമേത് കപടമേത് എന്ന് തിരിച്ചറിയാനാകാത്ത ദുഖകരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഫലപ്രദവും സുരക്ഷിതവുമായ ചികിത്സ ലഭിക്കേണ്ടത് ഓരോ പൌരന്റേയും അവകാശമാണന്നിരിക്കെ ഇതിന്റെ കതിരും പതിരും തിരിച്ചറിയാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വിവിധ ചികിത്സാസമ്പ്രദായങ്ങളുടെ വിശ്വാസ്യതയെപറ്റി തുറന്ന ചര്‍ച്ചകളോ പഠനങ്ങളോ നടക്കുന്നത് അപൂര്‍വമാണുതാനും ഈ ദിശയിലെക്കുള്ള പ്രശംസനീയമായ ഒരു ചുവടുവെപ്പാണ്  “ചികിത്സയുടെ പ്രകൃതി പാഠങ്ങള്‍” എന്ന പുസ്തകം. ശാസ്ത്രസാഹിത്യ രംഗത്തെ സുപരിചിതനും തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റൂട്ടില്‍ ശാസ്ത്രജ്ജനുമായ ഡോ. മനോജ്‌ കോമത്ത് ആണ് ഇതിന്റെ രചയിതാവ്. പുസ്തകത്തിന്റെ സബ്ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ പ്രകൃതിചികില്‍സയുടെ വിമര്‍ശനപഠനമാണ് “ചികിത്സയുടെ പ്രകൃതി പാഠങ്ങള്‍”.  ആരോഗ്യ സംരക്ഷണമാര്‍ഗമെന്നനിലയില്‍ സമൂഹത്തിന്റെ ആദരവ് നേടിയിട്ടുള്ള ഒന്നാണ് പ്രകൃതിചികിത്സ അഥവാ നാച്ചുറോപതി. പ്രകൃതിതത്വങ്ങളെ അവലംബിച്ചുള്ള സ്വാഭാവികമായ ചികില്‍സാമാര്‍ഗമെന്ന പ്രയോക്താക്കളുടെ അവകാശവാദത്തെ ഈ കൃതിയില്‍ സൂക്ഷ്മമായി വിലയിരുത്തുന്നു. 175 പേജുകളില്‍ 21 അദ്ധ്യായങ്ങള്‍ ഉള്ള ഈ പുസ്തകത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

[box type=”info” align=”aligncenter” ]വിവിധ ചികിത്സാ സമ്പ്രദായങ്ങളുടെ മേന്മകള്‍ വിവരിക്കുന്ന പുസ്തകങ്ങള്‍ മലയാളത്തില്‍ ലഭ്യമാണെങ്കിലും അവയുടെ ആധികാരികതയും ശാസ്ത്രീയതയും വിശകലനം ചെയ്യുന്ന പുസ്തകങ്ങള്‍ വിരളമാണ്.[/box]

പുസ്തകത്തിന്റെ ആദ്യഭാഗത്ത് ചികിത്സയുടെ ചരിത്രകഥനമാണ്.  ചികിത്സയുടെ ചരിത്രം സംക്ഷിപ്തമായും  പ്രകൃതിചികിത്സയുടെ വികാസം വിശദമായും വിവരിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയിലും യുറോപ്പിലും അന്നത്തെ വ്യവസായവല്‍ക്കരണം സമൂഹത്തില്‍ വരുത്തിത്തീര്‍ത്ത ആരോഗ്യപ്രശ്നങ്ങളെ അനുഭവസിദ്ധമായി പരിഹരിക്കാന്‍ ശ്രമിച്ച ചികിത്സകര്‍ ഉണ്ടായിരുന്നു. ആരോഗ്യരക്ഷയില്‍ ശുചിത്വത്തിനും പോഷകാഹാരത്തിനും വ്യായാമത്തിനും ഉള്ള പങ്ക് അവര്‍ കണ്ടെത്തുകയും സമൂഹത്തിനു ഗുണകരമായ നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തു. പിന്നീടു ആരോഗ്യവിജ്ഞാനീയം (medical science) ഇതേപ്പറ്റിയുള്ള ശാസ്ത്രീയ അറിവുകള്‍ വികസിപ്പിച്ചപ്പോഴും അവരുടെ അനുയായികള്‍ പഴയ തത്വങ്ങള്‍ മുറുകിപ്പിടിക്കുകയും സകല രോഗങ്ങളും അകറ്റാന്‍ ആ രീതികള്‍ മതിയാകുമെന്ന തീവ്രനിലപാടിലേയ്ക്ക് മാറുകയും ചെയ്തു. ഈയൊരു ‘കള്‍ട്ട്’ രൂപീകരണമാണ്  ‘നാച്ചുറോപതി’ സമ്പ്രദായത്തിലെയ്ക്ക് നയിച്ചത് എന്ന കൗതുകകരമായ തിരിച്ചറിവ് ഈ പുസ്തകം നമുക്ക് തരുന്നു.  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് പ്രകൃതിചികിത്സ ഒരു വ്യതിരിക്തചികിത്സ ആകുന്നതെന്ന അറിവ് ഈ പുസ്തകത്തില്‍ നിന്നും നമുക്കു കിട്ടുന്നു. ആധുനികവൈദ്യശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തോടുകൂടി രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് തന്നെ, പാശ്ചാത്യലോകത്ത് ‘നാച്ചുറോപതി’ പ്രചാരലുപ്തമായിപ്പോയെന്നും മനസ്സിലാകാം.  ഈ കള്‍ട്ട് ചികിത്സാരീതി എങ്ങിനെ ഭാരതത്തിലെത്തി ഇവിടുത്തെ തദ്ദേശീയ സമ്പ്രദായത്തിന്റെ പദവി നേടി എന്ന ചരിത്രം കൂടി ഗ്രന്ഥകര്‍ത്താവ്‌ പറഞ്ഞു തരുന്നു.

[box type=”shadow” ]ഇന്ന് കേരളത്തില്‍ പ്രചരിക്കുന്ന “പ്രകൃതി ചികിത്സ” പാശ്ചാത്യസൃഷ്ടവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ വരവോടെ അവര്‍ പുറംതള്ളിയതുമാണ്. പ്രകൃതി ചികിത്സയുടെയും ആധുനിക വൈദ്യശാസ്ത്രത്തിന്റെയും വികാസ പരിണാമങ്ങള്‍ ഒരു ഗവേഷകന്റെ നിഷ്കര്‍ഷയോടെ ഗ്രന്ഥകാരന്‍ ഇതില്‍ പരിശോധിക്കുന്നുണ്ട്.[/box]

രണ്ടാംഭാഗത്ത് പ്രകൃതിചികിത്സയുടെ തത്വങ്ങളും പ്രയോഗങ്ങളും ശാസ്ത്രീയവിശകലനത്തിനു വിധേയമാക്കപ്പെടുന്നു. പ്രകൃതിചികിത്സയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന പ്രാണശക്തി (vital force) വിഷസങ്കലനം (Toxemia) മുതലായവ കാലഹരണപ്പെട്ടതാണന്നു ഡോ മനോജ്‌ കോമത്ത് യുക്തിയുക്തം സമര്‍ത്ഥിക്കുന്നു. അതോടൊപ്പം അവരുടെ രീതികള്‍ (ഉപവാസം, ജലചികില്‍സ, മണ്ണുചികിത്സ എന്നിങ്ങനെ) തികച്ചും അശാസ്ത്രീയമാണന്നു ആധുനികപഠനങ്ങള്‍ ഉദ്ധരിച്ചു സ്ഥാപിക്കുകയും ചെയ്യുന്നു. പ്രകൃതിചികിത്സയുടെ യുക്തിഹീനതകളെ ചിലയിടങ്ങളില്‍ കണക്കിനു പരിഹസിക്കുന്നുമുണ്ട്. ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രകൃതിചികിത്സ ചിലപ്പോഴെങ്കിലും ഫലിക്കുന്നതായി തോന്നുന്നത് എന്തുകൊണ്ട് എന്നതിനുള്ള വിശദീകരണം കൂടി അദ്ദേഹം നല്‍കുന്നുണ്ട്.

mudtheraphyമൂന്നാംഭാഗത്ത് പ്രകൃതിചികിത്സയുടെ പേരില്‍ നടക്കുന്ന കാപട്യങ്ങളെ തുറന്നുകാട്ടാനുള്ള ധീരമായ ശ്രമമാണ് ഡോ. മനോജ്‌ കോമത്ത് നടത്തുന്നത്. പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചും ആധുനികമരുന്നുകളെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും പ്രകൃതിവക്താക്കള്‍ നടത്തുന്ന പ്രചാര വേലകള്‍ വാസ്തവവിരുദ്ധമാണന്നു ഗ്രന്ഥകര്‍ത്താവ്‌ ആധികാരികമായി ചൂണ്ടിക്കാണിക്കുന്നു.  ഇത്തരം കുപ്രചാരണങ്ങള്‍ ആരോഗ്യരംഗത്ത് എത്രമാത്രം ഭീകരഫലമുളവാക്കുമെന്നതിനു ഉദാഹരണങ്ങളും നല്‍കുന്നു.   മഹാത്മജിയും മറ്റു പ്രമുഖരും പിന്തുടര്‍ന്ന സംമ്പ്രദായമെന്ന നിലയില്‍ ഭാരതീയ മണ്ണില്‍ നേടിയ ആദരണീയയത  മുതലെടുത്തു കേരളത്തില്‍ ഇതൊരു നെറികെട്ട ചികിത്സാ ബിസ്സിനെസ്സ് ആയി മാറിയെന്ന ഞെട്ടിപ്പിക്കുന്ന സത്യവും അദ്ദേഹം വെളിവാക്കുന്നു. വ്യാജചികിത്സകരുടെ വിഹാരകേന്ദ്രമാണ് പ്രകൃതിചികിത്സ എന്ന സത്യം നമ്മെ അമ്പരപ്പിക്കും. പരിഷ്കൃതരാജ്യങ്ങള്‍ കപടചികിത്സയുടെ ഗണത്തില്‍പ്പെടുത്തി നാച്ചുറോപതിയെ മാറ്റിനിര്‍ത്തിയപ്പോള്‍, ഭാരതസര്‍ക്കാര്‍ ബാച്ചിലര്‍ ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സസ് (BNYS) എന്ന അസംബന്ധ കോഴ്സ് നടത്തി മെഡിക്കല്‍ബിരുദവും ചികിത്സക്ക് അംഗീകാരവും നല്‍കുന്നു. അതേസമയം  ബി.എ.വൈ.എസ് പഠിപ്പിക്കുന്ന ഒറ്റ കോളേജുപോലുമില്ലാത്ത കേരളത്തില്‍ രാജ്യത്തെ പ്രകൃതി ചികിത്സാകേന്ദ്രങ്ങളുടെ നാലിലൊന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്. ചികിത്സ നടത്താന്‍ അര്‍ഹത നല്‍കാത്ത, ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. കേരളത്തിലെ 70 ഓളം വരുന്ന പ്രകൃതി ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സ നടത്തുന്നത് ഇതിലേതെങ്കിലും പാസ്സായി വരുന്നവരാണ്.  സംഘടനാബലം കൊണ്ടും ഗീബല്‍സിയന്‍ പ്രചാരവേലകള്‍ കൊണ്ടും സമൂഹത്തിന്റെ കണ്ണില്‍ പൊടിയിട്ട്, നിയമാനുകൂല്യമില്ലത്ത ബിസിനെസ്സ് അവര്‍ മുടക്കമില്ലാതെ നടത്തിപ്പോരുന്നു. അവരുടെ കരാളഹസ്തത്തില്‍പ്പെട്ടു ജീവന്‍ ഹോമിച്ച നിര്‍മല എന്ന സ്തനാര്‍ബുദ രോഗിയുടെ കഥ പ്രതിപാദിച്ചുകൊണ്ടാണ് അവസാന അദ്ധ്യായം അവസാനിക്കുന്നത്.

[box type=”note” ]പ്രകൃതി ചികിത്സയ്കൊപ്പം സയാമീസ് ഇരട്ടെയപ്പോലെ പ്രത്യക്ഷപ്പെടുന്ന യോഗയുടെ, വ്യായാമമെന്ന തരത്തിലുള്ള ശാസ്ത്രീയതയും പ്രായോഗികതയും കൃതി പരിശോധിക്കുന്നുണ്ട്. പുരോഗമന ചിന്താഗതിക്കാര്‍ പോലും യോഗയ്കുപുറകേ പായുമ്പോള്‍ തിരിച്ചറിയാത്തവ എന്തൊക്കെയെന്നും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു.[/box]

നമ്മുടെ നാട്ടില്‍ പ്രകൃതി ചികിത്സയ്കൊപ്പം സയാമീസ് ഇരട്ടയായി പ്രത്യക്ഷപ്പെടുന്ന യോഗയുടെ പാരമ്പര്യവും പ്രസക്തിയും വിശകലനം ചെയ്യുന്ന ഒരനുബന്ധം കൂടി ഈ പുസ്തകത്തിലുണ്ട്. ഭാരതത്തിലെ സന്യാസിമാര്‍ക്ക് മോക്ഷപ്രാപ്തിക്കായി ചിട്ടപ്പെടുത്തപ്പെട്ട യോഗം (പതഞ്ജലീയോഗവും  ഹഠയോഗവും) എങ്ങിനെ യോഗ എന്ന അഭ്യാസപദ്ധതിയായി എന്ന  കൌതുകകരമായ ചരിത്രമാണ് ഇതില്‍ അനാവരണം ചെയ്യപ്പെടുന്നത്. ഇന്ന് ആഗോളതലത്തില്‍ കൊണ്ടാടപ്പെടുന്ന യോഗ സാംമ്പ്രദായിക എക്സര്‍സെസിന്റെ ഗുണം പോലും ചെയ്യാത്ത മൃദുഅഭ്യാസവേല ആണന്നു ഗ്രന്ഥകര്‍ത്താവ്‌  സമര്‍ഥിക്കുന്നു.

“മനുഷ്യശീരത്തിന്റെ പ്രകൃതിയും ചികിത്സയുടെ സ്വാഭാവികരീതികളും സംബന്ധിച്ച വിശിഷ്ടമായ അറിവുകളുടെ സമാഹാരമാണ് പ്രകൃതിചികിത്സ” – എന്ന അവകാശവാദത്തെ വേരറ്റം കടപുഴക്കിയെറിയുന്നു  ഡോ മനോജ്‌ കോമത്ത്. “പ്രകൃതി” എന്ന് കേട്ടാൽ എന്തും ഗുണകരവും ആരോഗ്യകരവും ആണെന്ന് സാമാന്യ ജനം വിശ്വസിച്ചു പോകും. അതുകൊണ്ട് തന്നെ പ്രകൃതി ചികിത്സക്കാർ പ്രചരിപ്പിക്കുന്ന പച്ചയായ സസ്യാഹാരം ശീലമാക്കിയവർ ധാരാളം. ഇവ മനുഷ്യന്റെ ദഹന വ്യവസ്ഥക്ക് ഇണങ്ങില്ലെന്നതാണ് സത്യം. പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത്‌ പലപ്പോഴും ഗുണത്തെക്കാളേറെ ദോഷം ചെയ്തേക്കും എന്നും ഗ്രന്ഥകാരന്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രകൃതിചികിത്സയുടെ ഒരു വിമര്‍ശനപഠനം എന്നതിലുപരിയായ ഒരു പ്രാധാന്യം ഈ പുസ്തകത്തിനുണ്ടെന്നു പ്രത്യകം പറയണം. ആധുനികശാസ്ത്രം, പ്രത്യേകിച്ചും വൈദ്യശാസ്ത്രം, നേടിയ അറിവുകളുടെ മഹത്വത്തെക്കുറിച്ചും സമൂഹത്തിനു അതുണ്ടാക്കിയ പ്രയോജനങ്ങളെക്കുറിച്ചും  സാമാന്യവായനക്കാരന് ശരിയായ അവബോധം ഇത് പ്രധാനം ചെയ്യുന്നു. പ്രകൃതിചികിത്സയുടെ ചരിത്രപശ്ചാത്തലം പ്രതിപാദിക്കുന്ന 2 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങളില്‍ വിശദമാക്കപ്പെടുന്നത് ആധുനികചികിത്സയുടെ വികാസപരിണാമചരിത്രം കൂടിയാണ്.

ചരിത്രവികാസങ്ങള്‍ അവതരിപ്പിക്കുന്ന അധ്യായങ്ങളില്‍ നാച്ചുറോപതിയുമായി ബന്ധപ്പെട്ടു അവരുടെ പുസ്തകങ്ങളില്‍പോലും കാണാന്‍ സാധിക്കാത്ത നിരവധി ചരിത്രസത്യങ്ങളും രേഖകളും നല്‍കിയിരിക്കുന്നു. അതുകൂടാതെ ഹോമിയോപതി, യുനാനി, ഓസ്റ്റിയോപ്പതി, ചിറോപ്രാക്റ്റിക് തുടങ്ങിയ സംമ്പ്രദായങ്ങളുടെ ഉത്ഭവചരിത്രങ്ങളും ഇതില്‍ വായിക്കാം. ഇവരൊക്കെ ‘അലോപ്പതി’ എന്ന് വിശേഷിപ്പിച്ച അന്നത്തെ കാലിക ചികിത്സയുടെ വിശദാംശങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. അവയെയൊക്കെ പൂര്‍ണ്ണമായും കാലഹരണപ്പെടുത്തിക്കൊണ്ട് ആധുനിക അറിവുകളുടെ വെളിച്ചത്തില്‍ മോഡേണ്‍ മെഡിസിന്‍ ഉരുത്തിരിഞ്ഞ ചരിത്രം വളരെ ആവേശത്തോടെയാണ് ഗ്രന്ഥകര്‍ത്താവ്‌ അവതരിപ്പിക്കുന്നത്‌. അസുലഭങ്ങളായ ചരിത്ര വസ്തുതകളാലും നിരവധി അപൂര്‍വ ചിത്രങ്ങളാലും സമൃദ്ധമാണീ പുസ്തകം. അതിനായി ഡോ മനോജ്‌ ഏറെ പഠനപര്യവേഷണങ്ങള്‍ നടത്തിയിട്ടുണ്ടന്നത് വ്യക്തം. അതേസമയം അനായാസമായി വായിച്ചു പോകാന്‍ പാകത്തില്‍ സരളമാണിതിന്റെ ആഖ്യാനശൈലി. അശാസ്ത്രീയതകളെ വിമര്‍ശിക്കുമ്പോള്‍ കടുത്ത പരിഹാസം  പ്രയോഗിക്കുവാനും  ഡോ മനോജ്‌ മടിക്കുന്നില്ല.

naturopathy1ഒരു ശാസ്ത്രസത്യം പലവട്ടം പറയേണ്ടി വരുന്നത് അവതരണത്തില്‍ അനിവാര്യമാകുന്നതിനാല്‍, ചിലയിടങ്ങളില്‍ ആവര്‍ത്തനം അനുഭവപ്പെട്ടേക്കാം. മോഡേണ്‍മെഡിസിന്റെ ആദ്യകാല ശില്പിയായ വില്ല്യം ഓസ്ലാറുടെ പേര് വിട്ടുപോയത് ചെറിയ ആശ്രദ്ധയായി തോന്നി. ഈ പുസ്തകം മൊത്തം പ്രദാനം ചെയ്യുന്ന ഉള്‍കാഴ്ച വെച്ചു നോക്കിയാല്‍ മറ്റു കുറ്റങ്ങളും കുറവുകളും അപ്രധാനമായി കണക്കാക്കാം. ആരോഗ്യ വിഷയത്തില്‍ തല്പ്പരരായ ഏതൊരാള്‍ക്കും നല്ലൊരു വായനാനുഭവം നല്കുന്ന പുസ്തകമാണിതന്നു നിസ്സംശയം പറയാം. മാത്രമല്ല, ഇത്തരം കപട ചികിത്സാ സമ്പ്രദായങ്ങളുടെ പ്രചരണം ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പോലും വ്യാപിക്കുന്ന ഇക്കാലത്ത് ഇതൊരു ആവശ്യവുമായിരുന്നു.

കോഴിക്കോട്ടെ എന്‍ലൈറ്റ് ബുക്സ് സ്വതന്ത്രപകര്‍പ്പവകാശ വ്യവസ്ഥയില്‍ പ്രസദ്ധീകരിച്ചിട്ടുള്ള “ചികിത്സയുടെ പ്രകൃതി പാഠങ്ങള്‍” പ്രസാധകരില്‍ നിന്നും നേരിട്ടു വാങ്ങാം. വില 130 രൂപ. [email protected]ല്‍ ഇ മെയില്‍ വഴിയോ 9446258085 – ല്‍ sms അയച്ചോ ബന്ധപ്പെടാം.

[divider]
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on ““നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !

  1. Naturopathic medicine is complete with pseudoscientific, ineffective, unethical, and possibly dangerous practices. It should be banned

Leave a Reply

Previous post അക്ഷയതൃതീയ – നമുക്ക് വിഢിയാകാന്‍ ഒരു ദിനം കൂടി
Next post മെയ് മാസത്തിലെ ആകാശ വിശേഷങ്ങള്‍
Close