Read Time:25 Minute

[author image=”http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg” ]സാബു ജോസ്[/author]ഭൂകമ്പം – ചരിത്രം, സ്വഭാവം, ശാസ്ത്രം വിശദമാക്കുന്ന ലേഖനം

ഭൂകമ്പം നേപ്പാളിനെ തലങ്ങും വിലങ്ങും കീറിമുറിച്ചു. അതിന്റെ തുടര്‍ചലനങ്ങള്‍ ഉത്തരേന്ത്യയിലാകെ അനുഭവപ്പെടുന്നുണ്ട്‌. ഇങ്ങുതെക്ക്‌ കേരളത്തില്‍ വരെ ഈ ഭൂമികുലുക്കത്തിന്റെ അലയൊലികള്‍ എത്തി. മനുഷ്യന്റെ സ്വപ്‌നങ്ങളും നിര്‍മിതികളുമെല്ലാം ഒരു നിമിഷം കൊണ്ട്‌ തച്ചുതകര്‍ത്ത്‌ ധൂളിയാക്കി മാറ്റുന്ന ഈ പ്രതിഭാസത്തിന്റെ കാരണമെന്താണ്‌.? എന്താണ്‌ ഭൂമിയെ വിറളി പിടിപ്പിക്കുന്നത്‌.? ഭൂമിയുടെ ചരിത്രം ഭൂകമ്പങ്ങളുടെയും ചരിത്രമാണ്‌. ഓരോ ദിവസവും ചെറുതും വലുതുമായി എണ്ണായിരത്തിലധികം ഭൂമികുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന്‌ കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടേണ്ട. ഇവയില്‍ പലതും നമുക്ക്‌ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്‌ യാഥാര്‍ഥ്യം.

ഭൗമോപരിതലം അവിചാരിതമായി ചലിക്കുന്നതിനാണ്‌ ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നത്‌. ഭൂകമ്പത്തേക്കുറിച്ചുള്ള പഠനത്തിന്‌ സീസ്‌മോളജി എന്നാണ്‌ വിളിക്കുന്നത്‌. 1903ല്‍ സ്ഥാപിതമായ വേള്‍ഡ്‌ സീസ്‌മോളജിക്കല്‍ സൊസൈറ്റിയാണ്‌ ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌. ഭൂകമ്പത്തിന്റെ ശക്തി അളക്കാനായി ഉപയോഗിക്കുന്ന മാനകത്തെ റിച്ചര്‍ സ്‌കെയില്‍ എന്നാണ്‌ വിളിക്കുന്നത്‌. ഈ മാനകത്തില്‍ മൂന്നിനു താഴെയുള്ള ഭൂകമ്പങ്ങള്‍ അപകടകാരികളല്ല. ഏതെങ്കിലും ഒരു പ്രദേശത്ത്‌ വലിയ നാശനഷ്‌ടമുണ്ടാക്കുന്ന ഭൂമികുലുക്കത്തിന്‌ മേജര്‍ഷോക്ക്‌ എന്നും, മേജര്‍ഷോക്കിനു മുമ്പായി ഭൂകമ്പം സൃഷ്‌ടിക്കപ്പെടുന്ന ബിന്ദുവായ അധികേന്ദ്രത്തിനു ചുറ്റുമായി ഉണ്ടാകുന്ന ചെറിയ കമ്പനങ്ങളെ ഫോര്‍ഷോക്ക്‌ എന്നുമാണ്‌ പറയുന്നത്‌. പ്രധാന ആഘാതത്തിനു ശേഷമുണ്ടാകുന്ന ചെറു ഭൂകമ്പ പരമ്പരയെ ആഫ്‌റ്റര്‍ ഷോക്ക്‌ എന്നാണ്‌ വിളിക്കുന്നത്‌. ഇത്തരം പിന്നാഘാതങ്ങള്‍ ചിലപ്പോള്‍ മാസങ്ങളോളം നീണ്ടുനില്‍ക്കാറുണ്‌.

കാരണങ്ങള്‍

ഭൗമാന്തര്‍ഭാഗത്തുനടക്കുന്ന രണ്ടുതരം പ്രതിഭാസങ്ങളാണ്‌ പ്രധാനമായും ഭൂകമ്പങ്ങള്‍ക്കു കാരണമാകുന്നത്‌. വിവര്‍ത്തന പ്രവര്‍ത്തനങ്ങളും അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങളുമാണ്‌ ഈ രണ്ടു കാരണങ്ങള്‍. ഇവ കൂടാതെ വലിയ അണക്കെട്ടുകള്‍ ഉണ്ടാക്കുന്ന കടുത്ത സമ്മര്‍ദ്ദം ഭൂവല്‍ക്കത്തിലെ ഭ്രംശരേഖകള്‍ക്ക്‌ താങ്ങാന്‍ കഴിയാതെ വരുമ്പോഴും ഭൂകമ്പമുണ്ടാകാറുണ്ട്‌. പ്രേരിത ചലനങ്ങള്‍ എന്നാണിവ അറിയപ്പെടുന്നത്‌. ന്യൂക്ലിയര്‍ ബോംബ്‌ സ്‌ഫോടനവും, ഖനികളുടെ പ്രവര്‍ത്തനങ്ങളും ഭൂവല്‍ക്ക ചലനത്തിന്‌ കാരണമാകുന്നുണ്ടെങ്കിലും അവയെ സാധാരണയായി ഭൂകമ്പമെന്നു വിളിക്കാറില്ല.

വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ (Tectonic Activities)

കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഭൂമി കത്തിജ്വലിച്ചുകൊണ്ടിരുന്ന ഒരു ഗോളമായിരുന്നു. ക്രമേണ തണുക്കാനാരംഭിച്ചു. ഭൂവല്‍ക്കം ആദ്യം തണുക്കുകയും അന്തര്‍ഭാഗങ്ങളിലേക്ക്‌ പതുക്കെ തണുക്കാനാരംഭിക്കുകയും ചെയ്‌തു. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭൂവല്‍ക്കത്തിന്റെ പലഭാഗങ്ങളിലും ആഴമേറിയ പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്‌. ഇത്തരം പൊട്ടലുകളെ ഭ്രംശരേഖകള്‍ എന്നാണു വിളിക്കുന്നത്‌. ഭൂവല്‍ക്കത്തിനു കീഴെ ഇന്നും തണുത്തുറയാത്ത ശിലാദ്രവങ്ങളുണ്ട്‌. മാഗ്മ എന്നറിയപ്പെടുന്ന ഈ ശിലാദ്രവത്തിനു മുകളിലൂടെ ഭ്രംശരേഖകള്‍ക്കിരുപുറവുമുള്ള ഖണ്‌ഡങ്ങള്‍ അഥവാ ഫലകങ്ങള്‍ ലംബമായും തിരശ്ചീനമായും തെന്നിനീങ്ങുകയാണ്‌. ഭൂമിയുടെ പുറംപാളിയായ ഭൂവല്‍ക്കം അഥവാ ലിത്തോസ്‌ഫിയറിലുണ്ടാകുന്ന വന്‍തോതിലുള്ള ഇത്തരം ചലനങ്ങളെ ഫലകചലന സിദ്ധാന്തം (അഥവാ വന്‍കര വിസ്ഥാപന സിദ്ധാന്തം) വിശദീകരിക്കുന്നുണ്ട്. ഇത്തരം ചലനങ്ങളുടെ ഭാഗമായി ഫലകങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാറുണ്ട്‌. ഫലകങ്ങളുടെ ഞെരിഞ്ഞമര്‍ത്തലില്‍ ഉണ്ടാകുന്ന ഇലാസ്‌തി്‌കബലം ഊര്‍ജമായി പുറത്തുവരുന്നതാണ്‌ വിവര്‍ത്തന ഭൂമികുലുക്കത്തിനു കാരണം. ഭ്രംശരേഖകളില്‍ ഊര്‍ജം ശേഖരിക്കപ്പെടുന്നതിന്‌ അനുസരിച്ചാണ്‌ ഇവിടെ ഭൂകമ്പങ്ങളുണ്ടാകുന്നത്‌.

Tectonic Activities

അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍ (Volcanic Activities)

തിളച്ചുമറിയുന്ന മാഗമയിലേക്ക്‌ ഭൂഗര്‍ഭജലം ഊറിയിറങ്ങാനിടയായാല്‍ അത്‌ രാസപ്രവര്‍ത്തനത്തിനും വിസ്‌ഫോടനത്തിനും കാരണമാകുന്നു. അപ്പോഴുണ്ടാകുന്ന ചെറിയ വിടവുകളിലേക്ക്‌ ശിലാദ്രവം ചലിക്കുമ്പോള്‍ ചുറ്റുമുള്ള ഫലകങ്ങള്‍ വികാസ സങ്കോചങ്ങള്‍ക്ക്‌ പാത്രമാകുന്നു. കൂടാതെ ഫലകങ്ങള്‍ കടുത്ത മര്‍ദത്തിനിടയാവുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന ഊര്‍ജം ഫലകങ്ങളില്‍ നിന്ന്‌ മോചിക്കപ്പെടുമ്പോഴും ഭൂകമ്പമുണ്ടാകാറുണ്ട്‌. ഇത്തരം ഭൂകമ്പങ്ങള്‍ക്ക്‌ ഭ്രംശരേഖകളുടെ സാന്നിധ്യം ആവശ്യമില്ല. വിവര്‍ത്തന ഭൂകമ്പങ്ങളെ അപേക്ഷിച്ച്‌ ശക്തികുറഞ്ഞവയായിരിക്കും അഗ്നിപര്‍വ്വതജന്യ ഭൂകമ്പങ്ങള്‍.

volcanic activities

പ്രേരിത ചലനങ്ങള്‍ (Induced Seismicity)

അണക്കെട്ടുകള്‍ പോലെയുള്ള വലിയ ജലസംഭരണികള്‍ ഭൂഗര്‍ഭ മര്‍ദത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ കാരണമാണ്‌ പ്രേരിത ചലനങ്ങളുണ്ടാകുന്നത്‌. ആ പ്രദേശം ക്രമേണ ഒരു സന്തുലിതാവസ്ഥ പ്രാപിക്കുന്നതോടെ പ്രേരിത ചലനങ്ങള്‍ ശക്തികുറഞ്ഞ്‌ ഇല്ലാതാവുകയാണ്‌ ചെയ്യുന്നത്‌. കേരളത്തില്‍ ഇടുക്കി, മംഗലം ഡാമുകള്‍ പ്രേരിത ചലനങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌.

ഭൂകമ്പ തരംഗങ്ങള്‍ (seismic waves)

ഭൂകമ്പത്തിന്റെ ഊര്‍ജം തരംഗരൂപത്തിലാണ്‌ സഞ്ചരിക്കുന്നത്‌. ഇത്തരം തരംഗങ്ങള്‍ പുറപ്പെടുന്ന ബിന്ദുവിനെ ഭൂകമ്പ നാഭി എന്നും, ആ ബിന്ദുവിന്‌ ഏറ്റവുമടുത്ത്‌ ഭൗമോപരിതലത്തിലുള്ള ബിന്ദുവിനെ അധികേന്ദ്രം എന്നുമാണ്‌ വിളിക്കുന്നത്‌. ഭൂകമ്പതരംഗങ്ങള്‍ ഭൂകമ്പനാളിയില്‍ നിന്നും നാനാഭാഗത്തേക്കും പ്രവഹിക്കും. മൂന്നൂതരം തരംഗങ്ങളാണ്‌ ഭൂകമ്പനാളിയില്‍ നിന്നും പുറപ്പെടുന്നത്‌. പ്രാഥമിക തരംഗങ്ങള്‍ അനുദൈര്‍ഘ്യ തരംഗങ്ങളാണ്‌. തരംഗദിശയ്‌ക്ക്‌ സമാന്തരമായി മുന്നോട്ടും പിന്നോട്ടും ചലിക്കുന്ന അനുദൈര്‍ഘ്യ തരംഗങ്ങള്‍ക്ക്‌ ഖര-ദ്രവ ഭാഗങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയും. സെക്കന്റില്‍ എട്ടുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തരം തരംഗങ്ങള്‍ ഭൗമോപരിതലത്തിലെത്തുമ്പോള്‍ അവയുടെ ഊര്‍ജത്തിന്റെ ചെറിയൊരു ഭാഗം അന്തരീക്ഷത്തിലേക്ക്‌ നിക്ഷേപിക്കാറുണ്ട്‌. തത്‌ഫലമായുണ്ടാകുന്ന ശബ്‌ദം ആവൃത്തി കുറവുകാരണം (5 ഹെട്‌സ്‌) മനുഷ്യര്‍ക്ക്‌ കേള്‍ക്കാന്‍ കഴിയില്ലെങ്കിലും മറ്റു പല ജന്തുക്കളും ശ്രവിക്കുകയും രക്ഷാനടപടികള്‍ എടുക്കുകയും ചെയ്യാറുണ്ട്‌. മനുഷ്യന്റെ ശ്രാവ്യപരിധി 20 ഹെട്‌സിനും 20,000 ഹെട്‌സിനും ഇടയില്‍ ആവൃത്തിയുള്ള ശബ്‌ദതരംഗങ്ങളാണ്‌. ഉദ്‌ഭവ സ്ഥാനത്തുനിന്നും തുടങ്ങുന്ന ഊര്‍ജപ്രവാഹം തിരമാലകള്‍ പോലെയാണ്‌ സഞ്ചരിക്കുന്നത്‌. ഭൗമോപരിതലത്തിലെത്തുമ്പോള്‍ അത്‌ രൗദ്രഭാവം പ്രാപിക്കും. ദ്വിതീയ തരംഗങ്ങള്‍ അനുപ്രസ്ഥ തരംഗങ്ങളാണ്‌. അതുകൊണ്ടുതന്നെ അവയ്‌ക്ക്‌ ദ്രവങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിയില്ല. സെക്കന്റില്‍ 5 കിലോമീറ്റര്‍ വേഗതയിലാണവ സഞ്ചരിക്കുന്നത്‌. ഉപരിതലതരംഗങ്ങളാണ്‌ ഭൗമോപരിതലത്തെ ചലിപ്പിക്കുന്നത്‌. ഇവ സെക്കന്റില്‍ 3.2 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ്‌.

ഭൂകമ്പമാപിനി

ഭൂകമ്പങ്ങളുടെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണത്തെയാണ്‌ ഭൂകമ്പമാപിനി എന്നു വിളിക്കുന്നത്‌. സമയസൂചകങ്ങളില്ലാതെ ഭൂകമ്പം മാത്രം രേഖപ്പെടുത്തുന്നവയാണ്‌ സീസ്‌മോസ്‌കോപ്പുകള്‍ എന്നറിയപ്പെടുന്നത്‌. എന്നാല്‍ ഭൂകമ്പ തരംഗങ്ങളെയെല്ലാം സമയാധിഷ്‌ഠിതമായി രേഖപ്പെടുത്തുന്ന ഉപകരണമാണ്‌ സീസ്‌മോഗ്രാഫ്‌. ബി.സി.132 ല്‍ ചൈനക്കാരനായ ചാംഗ്‌ ഹെംഗ്‌ നിര്‍മിച്ച ഉപകരണത്തെയാണ്‌ ആദ്യ ഭൂകമ്പമാപിനിയായി കണക്കാക്കുന്നത്‌. ആ ഉപകരണത്തില്‍ ആറുദിശകളില്‍ വായില്‍ ഓരോ ഗോളങ്ങളുമായിരിക്കുന്ന ആറു വ്യാളികളെ ഉറപ്പിച്ചിരുന്നു. ഏതെങ്കിലും സ്ഥലത്ത്‌ ഭൂകമ്പമുണ്ടായാല്‍ ആ ദിശയിലുള്ള വ്യാളിയുടെ വായില്‍നിന്നും ഗോളം താഴെവീഴും. ഇതൊരു സീസ്‌മോസ്‌കോപ്പ്‌ ആണെന്നുപറയാം. ഉറപ്പിക്കപ്പെട്ട ഒരു അടിത്തറ, ചലനരഹിതമായ പിണ്‌ഡം, ഒരു ശേഖരണ മാധ്യമം എന്നിവ ചേര്‍ന്നതാണ്‌ ആധുനിക ഭൂകമ്പമാപിനികള്‍. ചലനരഹിത പിണ്‌ഡത്തില്‍ ഒരു പെന്‍സിലോ, ലേസര്‍ സ്രോതസോ ഘടിപ്പിച്ചിരിക്കും. തരംഗങ്ങള്‍ക്കൊപ്പം ശേഖരണമാധ്യമം (പേപ്പര്‍, ഫോട്ടോഗ്രാഫിക്‌ ടേപ്പ്‌) ചലിക്കുമ്പോള്‍ പിണ്‌ഡം ചലിക്കില്ല. തത്‌ഫലമായി ഭൂകമ്പത്തിന്റെ ആവൃത്തി ശേഖരണമാധ്യമത്തില്‍ ശേഖരിക്കപ്പെടും. സമായാധിഷ്‌ഠിതമായി നാട ചലിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഈ ചലനം ഒരു ഗ്രാഫ്‌ ആയിട്ടായിരിക്കും രേഖപ്പെടുത്തുക.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയാണ്‌ ആധുനിക ഭൂകമ്പമാപിനികളുടെ രംഗപ്രവേശനമുണ്ടായത്‌ 1880ല്‍ ഇറ്റലിക്കാരനായ റോസിയും സ്വിറ്റ്‌സര്‍ലണ്ടുകാരനായ ഫോറലും ചേര്‍ന്ന്‌ ഒരു മാനകം കണ്ടെത്തി. ഇതിനുണ്ടായ ന്യൂനതകളൊക്കെയും പരിഹരിച്ചുകൊണ്ട്‌ 1902ല്‍ ഇറ്റാലിയന്‍ ഭൗമശാസ്‌ത്രജ്ഞനായ മെര്‍ക്കാലി ഒരു മാനകം രൂപീകരിക്കുകയും അതിന്‌ മെര്‍ക്കാലി സ്‌കെയില്‍ എന്നു നാമകരണം ചെയ്യുകയും ചെയ്‌തു. ഒന്നു മുതല്‍ 12 വരെ അളവുകളാണ്‌ ഈ സ്‌കെയിലിലുള്ളത്‌. കുറേക്കൂടി ആധികാരികമായ മാനകമാണ്‌ 1935ല്‍ അമേരിക്കക്കാരനായ ചാള്‍സ്‌.എഫ്‌.റിച്ചര്‍ കണ്ടുപിടിച്ച റിച്ചര്‍ സ്‌കെയില്‍. ഒരു ഭൂകമ്പം സൃഷ്‌ടിക്കുന്ന ഊര്‍ജമാണ്‌ ഈ മാനകത്തില്‍ അളക്കപ്പെടുന്നത്‌. ഒന്നു മുതല്‍ ഒന്‍പതുവരെ അളവുകളാണ്‌ റിച്ചര്‍ സ്‌കെയിലിലുള്ളത്‌.

ഭൂകമ്പ ബാധിത പ്രദേശങ്ങള്‍:

ഫലകചലന സിദ്ധാന്തമനുസരിച്ച്‌ വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം ഉണ്ടാകാന്‍ ഇടയുള്ള, ഘടനാപരമായി അസ്ഥിരമായ പ്രദേശങ്ങള്‍ ഭൂഫലകങ്ങളിലെ ഭ്രംശരേഖകള്‍ക്കു മുകളിലായിരിക്കും കാണപ്പെടുക. നാടകളായാണ്‌ ഇവയെ കരുതുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട മൂന്ന്‌ അസ്ഥിരനാടകളെ ഭൗമശാസ്‌ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌.
1. അഗ്നിവലയം-ശാന്തസമുദ്രത്തിന്റെ വക്കിലായി വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരവും ഏഷ്യയുടെ കിഴക്കന്‍ തീരവും, തെക്കുകിഴക്കന്‍ ശാന്തസമുദ്ര ദ്വീപുകളും, ന്യൂസിലണ്ടും ചേര്‍ന്ന കുതിരലാടത്തിന്റെ ആകൃതിയിലുള്ള നാട.
2. ആല്‍പൈന്‍ നാട-ദക്ഷിണ ശാന്തസമുദ്ര ദ്വീപുകളില്‍ നിന്ന്‌ ഇന്തോനേഷ്യയിലൂടെ, മധ്യേഷ്യന്‍ പര്‍വ്വതങ്ങളിലൂടെയും, ഗ്രീസിലെ കാക്കസ്സസിലൂടെയും, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലൂടെയും പോകുന്ന നാട.
3. അറ്റ്‌ലാന്റിക്‌ നാട- അറ്റ്‌ലാന്റിക്‌ മഹാസമുദ്രത്തില്‍ തെക്കു വടക്കായി കിടക്കുന്ന സംവൃത നാട
ഇത്ര പ്രധാനമല്ലാത്ത ഒട്ടേറെ നാടകളുമുണ്ട്‌. ഇന്ത്യയില്‍ ഹിമാലയത്തിലൂടെയും ഗുജറാത്തിലെ കച്ചിലൂടെയും കടന്നുപോകുന്ന ഭ്രംശനാട ഉദാഹരണമാണ്‌.

അപകടങ്ങള്‍

ഭൂകമ്പമല്ല, ഭൂകമ്പത്തെ ചെറുക്കാന്‍ ശേഷിയില്ലാത്ത കെട്ടിടങ്ങളും, വാര്‍പ്പുകളുമാണ്‌ അപകടം വരുത്തിവയ്‌ക്കുന്നത്‌. മരങ്ങളും മറ്റും സാധാരയായി ഭൂകമ്പത്തില്‍ കടപുഴകാറില്ല. വൈദ്യൂതിക്കമ്പികളും മറ്റും പൊട്ടിവീണുണ്ടാകുന്ന അപകടങ്ങളും തീപിടിത്തവും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നുണ്ട്‌. പ്രധാന ഭൂകമ്പത്തിനു ശേഷം ഉണ്ടാകാറുള്ള പിന്നാഘാതങ്ങള്‍ ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങളെയും മറ്റും പൂര്‍ണമായി തകര്‍ക്കുന്നത്‌ വലിയ അപകടങ്ങള്‍ വരുത്തിവയ്‌ക്കാറുണ്ട്‌. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, അണക്കെട്ടുകളുടെ തകര്‍ച്ച, നദികളുടെ ഗതിമാറ്റം എന്നിവയെല്ലാം ഭൂകമ്പത്തേത്തുടര്‍ന്ന്‌ സംഭവിക്കാനിടയുള്ള അപകടങ്ങളാണ്‌. സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പം സൃഷ്‌ടിക്കുന്ന രാക്ഷസത്തിരമാലകളാണ്‌ സുനാമി. ഇതേത്തുടര്‍ന്നുണ്ടാകുന്ന തിരമാലകള്‍ക്ക്‌ 50 മീറ്റര്‍ വരെ ഉയരം വയ്‌ക്കുകയും കടല്‍ത്തീരത്തെ ആകെ മുക്കിക്കളയുകയും വലിയ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

 

2004-tsunami

അപകടങ്ങള്‍ തടയാം

കോണ്‍ക്രീറ്റ്‌ പോലെ ഭൂകമ്പതരംഗങ്ങള്‍ക്ക്‌ മുന്നില്‍ പൊട്ടിപ്പോകുന്ന വസ്‌തുക്കള്‍ ഒഴിവാക്കി സ്റ്റീല്‍പോലെ ഇലാസ്‌തികത കൂടുതലുള്ള വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മാണം ഒരു പരിധിവരെ അപകട തീവ്രത കുറയ്‌ക്കും. ജപ്പാനില്‍ ഇത്തരം നിര്‍മാണ രീതി പ്രോത്സാഹിപ്പിക്കുന്നുണ്ട്‌.

ഭൂകമ്പതോതുകളും നാശനഷ്‌ടങ്ങളും

 

റിച്ചര്‍ സ്‌കെയില്‍ ഭൂകമ്പ സ്വഭാവം ശരാശരി എണ്ണം
3.1 സീസ്‌മോഗ്രാഫില്‍ മാത്രം തിരിച്ചറിയുന്നവ ദിവസം 8000
3.2-3.8 ഉയര്‍ന്ന കെട്ടിടങ്ങളിലുള്ളവര്‍ക്ക്‌ തിരിച്ചറിയാം വര്‍ഷം 50,000
3.9-4.8 ചെറിയ ഇളക്കം, ക്ലോക്കുകള്‍ നിശ്ചലം വര്‍ഷം 6200
4.9-5.4 എല്ലാവര്‍ക്കും അനുഭവപ്പെടുന്നു വര്‍ഷം വര്‍ഷം 500
5.5-6.1 ചെറിയ നാശനഷ്‌ടങ്ങള്‍ വര്‍ഷം 300
6.2-6.9 കെട്ടിടങ്ങള്‍ തകരുന്നു, നിലം വിണ്ടുകീറുന്നു വര്‍ഷം വര്‍ഷം 120
7-8.1 പാലങ്ങള്‍, റെയില്‍പാതകള്‍ തകരുന്നു. പുഴകള്‍ കര കവിയുന്നു വര്‍ഷം വര്‍ഷം 15
8.2 – 8.9 നിര്‍മ്മിതികള്‍ ചുഴറ്റിയെറിയപ്പെടുന്നു ഭൗമോപരിതലം തരംഗരൂപത്തില്‍ സഞ്ചരിക്കുന്നു വര്‍ഷം ഒന്നോ രണ്ടോ
9 സര്‍വ്വത്രനാശം 30 വര്‍ഷത്തില്‍ ഒന്ന്

 

ഇന്ത്യയിലുണ്ടായ ഭൂകമ്പങ്ങള്‍

ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശവും ഇന്ത്യന്‍ ഫലകത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ ഉപഭൂഖണ്‌ഢത്തില്‍ ഭൂകമ്പങ്ങള്‍ കുറവാണ്‌. എന്നാല്‍ ഇന്ത്യന്‍ ഫലകം യൂറേഷ്യന്‍ ഫലകവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഹിമാലയ പ്രദേശം കൂടുതല്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്ന ഭാഗമായി കണക്കാക്കുന്നു. 1950 ഓഗസ്റ്റ്‌ 15 ന്‌ അസമില്‍ ഉണ്ടായ റിച്ചര്‍ സ്‌കെയിലില്‍ 8.5 രേഖപ്പെടുത്തിയ ഭൂകമ്പം സമീപകാലത്ത്‌ ഇന്ത്യയിലുണ്ടായ വലിയ ഭൂകമ്പമായിരുന്നു. നേപ്പാള്‍ ഭൂകമ്പത്തിന്റെ റിച്ചര്‍ മൂല്യം 9 ആണ്‌. 53 വര്‍ഷങ്ങള്‍ക്കിടയില്‍ ഹിമാലയത്തിലെ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ അഞ്ച്‌ മഹാ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഇന്തോനേഷ്യക്കു സമീപത്തുകൂടി പോകുന്ന ഭ്രംശരേഖമൂലം ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളെയും ഭൂകമ്പ ബാധിത പ്രദേശമായി കണക്കാക്കുന്നു. ഇന്ത്യന്‍ ഫലകത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗമെന്നു കരുതപ്പെടുന്ന ഒരു പ്രദേശത്താണ്‌ കേരളമുള്ളത്‌. ദക്ഷിണേന്ത്യന്‍ പരിച എന്നാണ്‌ ഈ പ്രദേശത്തെ ഭൗമശാസ്‌ത്രജ്ഞര്‍ വിളിക്കുന്നത്‌. അതുകൊണ്ട്‌ കേരളത്തില്‍ വന്‍ചലനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ലത്തൂര്‍ ഭൂകമ്പമുണ്ടായത്‌ ഇത്തരമൊരു പ്രദേശത്താണെന്നതും, 1341 ല്‍ ഉണ്ടായ ഒരു ഭൂകമ്പത്തെത്തുടര്‍ന്നാണ്‌ എറണാകുളത്തെ വൈപ്പിന്‍ ദ്വീപ്‌ വേമ്പനാട്ട്‌ കായലില്‍ നിന്ന്‌ ഉയര്‍ന്നുവന്നത്‌ എന്നതും പരിഗണിക്കുമ്പോള്‍ കേരളം സംപൂര്‍ണ സുരക്ഷിതമേഖലയാണെന്ന്‌ തീര്‍ത്തുപറയാന്‍ കഴിയില്ല.

2011 ലെ ജപ്പാന്‍ ഭൂകമ്പവും സുനാമിയും

സമീപകാലത്തുണ്ടായ ഏറ്റവും ശക്‌തമായ ഭൂചലനമാണ്‌ 2011 മാര്‍ച്ച്‌ 11ന്‌ ജപ്പാനില്‍ ആരംഭിച്ചതും പിന്നീട്‌ പ്രകൃതിക്ഷോപങ്ങളുടെ പരമ്പരതന്നെ സൃഷ്‌ടിച്ചതുമായ ദുരന്തം. റിച്ചര്‍ സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയ ഈ ഭൂകമ്പം ജപ്പാനിലുണ്ടായ ഏറ്റവും വലുതും ലോകചരിത്രത്തിലെ ഏഴാമത്തെ വലിയ ഭൂകമ്പവുമാണ്‌. ജപ്പാന്‍ ദ്വീപുകളില്‍ ഏറ്റവും വലിയ ദ്വീപായ ഹോണ്‍ഷൂവിന്റെ വടക്കു കിഴക്കുള്ള സെന്‍ഡായ്‌ എന്ന തീരദേശ തുറമുഖപട്ടണത്തിന്റെ 130 കിലോമീറ്റര്‍ കിഴക്കുമാറി ഉള്ള തൊഹോകു തീരക്കടലില്‍ പ്രഭവ കേന്ദ്രമുള്ള ഈ ഭൂകമ്പവും അതേത്തുടര്‍ന്നുണ്ടായ ഭീകര സുനാമിയുമാണ്‌ ദുരന്തങ്ങളുടെ ഘോഷയാത്രതന്നെ സൃഷ്‌ടിച്ചത്‌. ഫുക്കുഷിമ ആണവ റിയാക്‌ടര്‍ തകര്‍ന്ന്‌ ജലത്തില്‍ വികിരണങ്ങള്‍ വ്യാപിച്ചതും, വെള്ളപ്പൊക്കവും, കപ്പലുകളും, വീടുകളും, ട്രെയിനുകളുമെല്ലാം ഒലിച്ച്‌ പോയതും ഈ ഭൂകമ്പത്തിന്റെ ബാക്കിപത്രങ്ങളാണ്‌. 2004 ഡിസംബറില്‍ ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും ലക്ഷങ്ങള്‍ക്കാണ്‌ ജീവന്‍ നഷ്‌ടമായത്‌. നാശനഷ്‌ടങ്ങളുടെ കണക്ക്‌ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ല. ഇതിന്റെ അലയൊലികള്‍ ഇങ്ങ്‌ ദക്ഷിണേന്ത്യ മുഴുവനും അനുഭവിച്ചിട്ടുണ്ട്‌. ജപ്പാന്‍ ഒരു സ്ഥിരം ഭൂകമ്പബാധിത പ്രദേശമായതുകൊണ്ട്‌ കെട്ടിടനിര്‍മാണത്തില്‍ അവര്‍ എടുക്കുന്ന മുന്‍കരുതലുകളാണ്‌ ദുരന്തത്തിന്റെ തീവ്രത വര്‍ധിക്കാതെ നോക്കുന്നത്‌. സുനാമി എന്ന വാക്കുതന്നെ ജപ്പാന്‍കാരുടെ സംഭാവനയാണ്‌. ‘സു’ എന്നാല്‍ തുറമുഖം എന്നും ‘നാമി’ എന്നാല്‍ തിര എന്നുമാണ്‌ അര്‍ഥം. സുനാമി മുന്നറിയിപ്പ്‌ നല്‍കുന്നതിന്‌ ഇപ്പോള്‍ ആഗോള തലത്തില്‍ കേന്ദ്രങ്ങളുണ്ട്‌. ലോകത്തിന്റെ പലഭാഗത്തും സ്ഥാപിച്ചിരിക്കുന്ന ഭൂകമ്പമാപിനികളുടെ ഒരു ശൃംഖലയില്‍ നിന്ന്‌ ചലനത്തിന്റെ പ്രഭവ കേന്ദ്രം നിശ്ചയിക്കാന്‍ സഹായിക്കുന്നു. സമുദ്രാന്തര്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മര്‍ദ, താപ മാപിനികളില്‍ നിന്ന്‌ തിരയിളക്കവും അവയുടെ ഏറ്റക്കുറിച്ചിലുകളും വ്യക്തമാകുന്നു. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ സാറ്റലൈറ്റ്‌ സംവിധാനങ്ങള്‍ വഴി മുന്നറിയിപ്പു കേന്ദ്രങ്ങളില്‍ എത്തിക്കുന്നു. എന്നാല്‍ മുന്നറിയിപ്പു സംവിധാനങ്ങളുടെ പരിമിതിയും, മുന്നറിയിപ്പുകളോടുള്ള അവഗണനയും, അശാസ്‌ത്രീയമായ നിര്‍മാണരീതികളും ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന കാഴ്‌ചയാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌.

ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള സമഗ്രമായ ഒരു കര്‍മപദ്ധതിയുടെ അഭാവം ഓരോ തവണയുമുണ്ടാകുന്ന ഭൂകമ്പവും, വെള്ളപ്പൊക്കവും, ചുഴലിക്കാറ്റുകളും നമ്മെ ഓര്‍മപ്പെടുത്തികൊണ്ടിരിക്കുകയാണ്‌. ഭൂകമ്പം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതില്‍ നമുക്കുള്ള കഴിവ്‌ വര്‍ധിപ്പിക്കുന്ന ഫലപ്രദമായ ശാസ്‌ത്രീയ തന്ത്രം രൂപപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നത്‌ യാഥാര്‍ഥ്യമാണ്‌. ചുഴലിക്കാറ്റ്‌, വെള്ളപ്പൊക്കം, സുനാമി, ഭൂകമ്പം മുതലായ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക്‌ രൂപം നല്‍കാന്‍ ശാസ്‌ത്രസമൂഹത്തിന്‌ ബാധ്യതയുണ്ട്‌. ശാസ്‌ത്രീയമായ കണ്ടെത്തലുകള്‍ നയരൂപവല്‍ക്കരണത്തിലും അവ നടപ്പില്‍ വരുത്താനും എങ്ങനെ സാധിക്കുമെന്നതും നിര്‍ണായക പ്രശ്‌നമാണ്‌. ഹിമാലയത്തിന്റെ മധ്യമേഖല കേന്ദ്രീകരിച്ച്‌ ഒരു വന്‍ ഭൂചലനം ഉണ്ടാകുമെന്ന്‌ ശാസ്‌ത്രജ്ഞരില്‍ ചിലര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ഈ സുപ്രധാന വിവരം കണക്കിലെടുത്ത്‌ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട യുക്തമായ തീരുമാനങ്ങളെടുക്കാന്‍ ക്രിയാത്മകമായ ഒരു സംവിധാനം വികസിപ്പിക്കാന്‍ നമുക്ക്‌ കഴിഞ്ഞിട്ടുണ്ടോ എന്നത്‌ ഒരു വലിയ ചോദ്യമായി നിലനില്‍ക്കുന്നു.

[divider]
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ഭൂമി എന്താണ്‌ ഇങ്ങനെ വിറളി പിടിക്കുന്നത്‌ ?

  1. “ഭൂമി എന്താണിങ്ങനെ വിറളി പിടിക്കുന്നത്” എന്ന സാബു ജോസിന്‍റെ ലേഖനം നന്നായിട്ടുണ്ട്. ഭൂകമ്പത്തിന്‍റെ കാരണങ്ങളും മറ്റും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഭൂകമ്പം കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ചെറുക്കുന്നതിനെ പറ്റി പറയുന്ന ഭാഗം തെറ്റിദ്ധാരണ ഉണടാക്കുന്നതാണ്. “കോണ്‍ക്രീറ്റ്‌ പോലെ ഭൂകമ്പതരംഗങ്ങള്‍ക്ക്‌ മുന്നില്‍ പൊട്ടിപ്പോകുന്ന വസ്‌തുക്കള്‍ ഒഴിവാക്കി സ്റ്റീല്‍പോലെ ഇലാസ്‌തികത കൂടുതലുള്ള വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മാണം ഒരു പരിധിവരെ അപകട തീവ്രത കുറയ്‌ക്കും” എന്നാണ് ലേഖകന്‍ പറയുന്നത്. ഇത് ഭാഗികസത്യം മാത്രമാണ്. ഓടിട്ടതും ഓല മേഞ്ഞതുമായ സാധാരണ കെട്ടിടങ്ങളേക്കാള്‍ ഭൂകമ്പത്തെ ചെറുക്കുന്നതിനുള്ള കഴിവ് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുണ്ട്. കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങള്‍ ഒരുമിച്ച് ചലിക്കുകയാണെങ്കില്‍ അത് തകരുവാനുള്ള സാദ്ധ്യത കുറയും. ഇതിനായി കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള കെട്ടിടനിര്‍മ്മാണത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്താം. ഉദാഹരണത്തിനായി അടിസ്ഥാനത്തിനു മുകളില്‍ ചുമരിനു താഴെയായി ടൈബീം കൊടുക്കുക, ലിന്‍റല്‍ ബീം കെട്ടിടത്തിനു മുഴുവന്‍ നല്‍കുക, കോണ്‍ക്രീറ്റിനുള്ളിലെ കമ്പികളുടെ വിന്യാസം മാറ്റുക തുടങ്ങിയവ ഇതില്‍ പെടുന്നു. ഇതിനു പുറമെ കെട്ടിടത്തിന്‍റെ നീളവും വീതിയും ഉയരവും തമ്മിലുള്ള അനുപാതം പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട് കാണ്‍പൂര്‍ ഐ.ഐ.ടി ഒരു മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഭൂകമ്പപ്രതിരോധ നിര്‍മ്മിതിക്കുള്ള ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് കോഡ് പുറത്തിറക്കിയിട്ടുണ്ട്. ഈ വിഷയങ്ങള്‍ കൂടി പരിഷത്ത് ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Previous post മെയ് മാസത്തിലെ ആകാശ വിശേഷങ്ങള്‍
Next post രാസവളത്തെയല്ല പഴിക്കേണ്ടത്, പരിഹാരം ജൈവകൃഷിയല്ല
Close