Read Time:9 Minute

 എൻ. സാനു

അമച്വർ അസ്ട്രോണമ‍ർ, ലൂക്ക എഡിറ്റോറിയൽ ബോര്‍ഡ് അംഗം


വാനനിരീക്ഷണത്തിന് എന്തുകൊണ്ടും നല്ല മാസമാണ് ഡിസംബര്‍. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ തിരിച്ചറിയാൻ കഴിയുന്ന, നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ ഈ മാസം മുതല്‍ സന്ധ്യയ്ക്ക് കിഴക്കൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അതിശോഭയോടെ ചൊവ്വ ഗ്രഹം തലയ്ക്കുമുകളില്‍ ദൃശ്യമാകും.

ആകാശമാപ്പ് 2018 ഡിസംബര്‍ | ചിത്രീകരണം ലേഖകൻ (സ്റ്റെല്ലേറിയം സോഫ്റ്റ്‍വെയറിന്റെ സഹായത്താൽ)

സൗരരാശികളും ചാന്ദ്ര നക്ഷത്രങ്ങളും.

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം മകരം, കുംഭം, മീനം, മേടം, ഇടവം രാശികളെ ഡിസംബറില്‍ നിരീക്ഷിക്കാൻ സാധിക്കും. തെക്ക്-പടിഞ്ഞാറുമുതല്‍ വടക്ക് കിഴക്കായാണ് ഡിസംബറില്‍ സൂര്യപാത അഥവാ ക്രാന്തിവൃത്തം (Ecliptic) കാണപ്പെടുന്നത്. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.


ക്രാന്തിപഥം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം അഥവാ ക്രാന്തിവൃത്തം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.


ഡിസംബറിലെ സൗരരാശികളിൽ വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്നത് ഇടവമാണ്(Taurus). കിഴക്കൻ ചക്രവാളത്തിൽ നിന്നും ഏകദേശം 30-40 ഡിഗ്രി മുകളിലായി കാണുന്ന തിളക്കമുള്ള ചുവന്ന നക്ഷത്രം ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമാണ് ഇടവം. ഇതിൽ Λ എന്ന ആകൃതിയില്‍ കാണുന്നത് രോഹിണി എന്ന ചാന്ദ്രഗണമാണ്. രോഹിണിയും അതിനു താഴെ (വടക്ക്)കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് ഇടവം രാശി. ഇടവം രാശിയിലെ ഏറ്റവും തിളക്കമുള്ള ചുവന്ന നക്ഷത്രമാണ് ബ്രഹ്മർഷി (Aldebaran). രോഹിണിയ്ക്കും അല്പം പടിഞ്ഞാറ് മുകളിലായി മുന്തിരിക്കുല പോലെ കാണാവുന്ന നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക (Pleiades). കാര്‍ത്തികയ്ക്ക് പടിഞ്ഞാറ് മുകളിൽ സമഭുജത്രികോണാകൃയില്‍ കാണപ്പെടുന്ന നക്ഷത്രങ്ങളുടെ കൂട്ടമാണ് ഭരണി. തീരെ മങ്ങിയ നക്ഷത്രങ്ങളായതിനാൽ ഇവയെ തിരിച്ചറിയാൻ പ്രയാസമാണ്. ഭരണിക്ക് പടിഞ്ഞാറ് നീണ്ടുമെലിഞ്ഞ ത്രികോണാകൃതിയില്‍ കാണപ്പെടുന്ന രാശിയാണ് മേടം (Aries). ചാന്ദ്രഗണമായ അശ്വതിയും ഇതു തന്നെയാണ്.

ഇടവം രാശി | ചിത്രീകരണം ലേഖകൻ

മറ്റ് നക്ഷത്ര സമൂഹങ്ങള്‍

വേട്ടക്കാരനും സമീപ നക്ഷത്രങ്ങളും

സൗരരാശികള്‍ കഴിഞ്ഞാല്‍ ഡിസംബറിൽ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്ര സമൂഹമാണ് വേട്ടക്കാരന്‍ (Orion). ഡിസംബറിൽ ആദ്യം ഏകദേശം 9 മണിയോടെയേ ഈ നക്ഷത്രസമൂഹം കിഴക്കന്‍ ചക്രവാളത്തിനു മുകളില്‍ പൂര്‍ണമായും ദൃശ്യമാകൂ. ഖഗോള മദ്ധ്യരേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗണത്തിന്റെ രൂപം ബാബിലോണിയൻ – ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റേതാണ് (Orion the Hunter)

വേട്ടക്കാരൻ – മറ്റ് നക്ഷത്രങ്ങളിലേക്ക് ഒരു വഴികാട്ടികൂടിയാണ്. | ചിത്രീകരണം ലേഖകൻ

വടക്കോട്ടാണ് വേട്ടക്കാരന്റെ തല (മകീര്യം നക്ഷത്രങ്ങൾ). കിഴക്കെ തോളിലെ ചുവന്ന താരം തിരുവാതിരയും (ആർദ്ര – Betelgeuse) പടിഞ്ഞാറേ തോൾ ബെല്ലാട്രിക്സ് (Bellatrix) നക്ഷത്രവുമാണ്. തെക്ക് രണ്ട് കാൽപാദങ്ങളിൽ പടിഞ്ഞാറെ വശത്തുള്ളത് റീഗൽ (Rigel) നക്ഷത്രമാണ്. സൂര്യന്റെ അമ്പതിനായിരം ഇരട്ടിയോളം പ്രകാശം പൊഴിക്കുന്ന ഈ നക്ഷത്രം 830 പ്രകാശവർഷം അകലെയാണ്. വലത് കാല്പാദത്തിലുള്ളത് സെയ്ഫ് (Saiph) നക്ഷത്രം. വേട്ടക്കാരന്റെ മധ്യഭാഗത്തായി ഒരേ ശോഭയുള്ള മൂന്നു നക്ഷത്രങ്ങൾ ഒറ്റവരിയായി നിൽക്കുന്നത് വേട്ടക്കാരന്റെ അരയിലെ ബെൽറ്റായി സങ്കല്പിച്ചിരിക്കുന്നു. ബെൽറ്റിലെ മധ്യതാരത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളും. വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും.

പെഗാസസ് (Pegasus)

ഭാദ്രപഥവും അനുബന്ധ നക്ഷത്രസമൂഹങ്ങളും | കടപ്പാട് – നക്ഷ ആൽബം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭാദ്രപഥം, പറക്കുംകുതിര എന്നൊക്കെ അറിയപ്പെടുന്ന നക്ഷത്രസമൂഹമായ പെഗാസസ് ഡിസംബറിൽ സന്ധ്യയ്ക്ക് തലയ്ക്കുമുകളില്‍ അല്പം വടക്ക് മാറി കാണപ്പെടുന്നു. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു സമചതുരം തീര്‍ക്കുന്നു. ഇതില്‍ പടിഞ്ഞാറുള്ള രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന് പൂരുരുട്ടാതി ,കിഴക്കുള്ള രണ്ടെണ്ണം ചേര്‍ന്ന് ഉത്രട്ടാതി എന്നീ ചാന്ദ്രഗണങ്ങള്‍ ഉണ്ടാകുന്നു. ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും കിഴക്കായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും.

മറ്റുള്ളവ

കാസിയോപ്പിയയും അനുബന്ധ നക്ഷത്രസമൂഹങ്ങളും | കടപ്പാട് – നക്ഷ ആൽബം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

വടക്കേ ആകാശത്ത് ‘M’ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാസിയോപ്പിയ (Cassiopeia). വടക്ക് കിഴക്ക് മാറി (രോഹിണിക്ക് വടക്കായി) ഏകദേശം ഷഡ്ഭുജാകൃതിയില്‍ കാണുന്ന നക്ഷത്ര സമൂഹം ഓറിഗ (Auriga). ഇതിലെ പ്രഭയേറിയ നക്ഷത്രമാണ് കാപ്പെല്ല (Capella). വടക്ക് പടിഞ്ഞാറേ ആകാശത്ത് കാണുന്ന പ്രഭയേറിയ നക്ഷത്രമാണ് ദെനബ് (Deneb). ജായര (Cygnus) നക്ഷത്രസമൂഹത്തിന്റെ ഭാഗമാണിത്.

ഗ്രഹങ്ങള്‍

2018 ഡിസംബറില്‍ ചൊവ്വയുടെ സ്ഥാനം | ചിത്രീകരണം ലേഖകൻ

ചൊവ്വയെ (Mars) മാത്രമാണ് 2018 ഡിസംബറിൽ സന്ധ്യാകാശത്ത് കാണാൻ കഴിയുക.  സന്ധ്യയ്ക്ക് 7.30 ന് നിരീക്ഷിക്കുകയാണെങ്കിൽ തലയ്ക്ക് മുകളിൽ അല്പം തെക്ക്-പടിഞ്ഞാറായി ഇളം ചുവപ്പ് നിറത്തിൽ പ്രഭയോടെ കാണപ്പെടുന്ന ആകാശ ഗോളം ചൊവ്വയാണ്. കുംഭം രാശിയിൽ അവസാനഭാഗത്തായാണ് ഇതിന്റെ സ്ഥാനം. ഡിസംബര്‍ 14, 15 തീയതികളിൽ ചന്ദ്രന് സമീപത്തായി എളുപ്പത്തിൽ ചൊവ്വയെ കണ്ടെത്താം.

ബുധൻ ശുക്രൻ എന്നീ ഗ്രഹങ്ങളെ പുലര്‍ച്ചെ കിഴക്കേ ചക്രവാളത്തിൽ കാണാം. പുലര്‍ച്ചെ കിഴക്ക് ചക്രവാളത്തിന് മുകളില്‍ കാണുന്ന പ്രഭയേറിയ ആകാശഗോളം ശുക്രനാണ്. ചക്രവാളത്തോട് ചേര്‍ന്ന് അല്പം വടക്ക് മാറി ബുധനേയും കാണാം. വ്യാഴം സൂര്യസമാപത്തായതിനാൽ നിരീക്ഷണം പ്രയാസമാണ്. സന്ധ്യയോടെ തന്നെ അസ്തമിക്കുന്നതിനാൽ ശനിയെയും നിരീക്ഷിക്കാൻ ഈ മാസം കഴിയില്ല.


കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • 2018 ഡിസംബർ 15 സന്ധ്യയ്ക്ക് 7.30ന് കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും
Next post വാല്‍നക്ഷത്രത്തെ കാണണോ, ആകാശത്തു നോക്കൂ!
Close