വാല്‍നക്ഷത്രത്തെ കാണണോ, ആകാശത്തു നോക്കൂ!

നവനീത് കൃഷ്ണൻ


ഒരു വാല്‍നക്ഷത്രം കൂടി കാണാന്‍ അവസരമൊരുങ്ങുന്നു. ഹാലിയെപ്പോലെയും മറ്റും അധികം മാധ്യമ ശ്രദ്ധയും കോലാഹലവും ഒന്നുമില്ലാതെ ഇടയ്ക്കിടെ വന്നുപോകുന്ന ഒരു വാല്‍നക്ഷത്രമാണിത്. പേര് 46P-വിര്‍തനെന്‍. ഓരോ അഞ്ചര (5.4 വര്‍ഷം) വര്‍ഷത്തിനിടയിലും ഈ വാല്‍നക്ഷത്രം സൂര്യനെ വലം വയ്ക്കുന്നുണ്ട്. ഇപ്പോള്‍ അതിനെ നന്നായി കാണാന്‍ പറ്റുന്ന അവസരമായിട്ടാണ് കണക്കാക്കുന്നത്. ഭൂമിയില്‍നിന്നും ഒരു കോടി കിലോമീറ്റര്‍ മാത്രം അകലെയായിരിക്കും ഡിസംബര്‍ 16ന് വിര്‍തനെന്‍. അഞ്ചര വര്‍ഷം കൂടുമ്പോള്‍ എത്തുമെങ്കിലും ഭൂമിയുടെ ഇത്രയും അടുത്ത് ഈ വാല്‍നക്ഷത്രമെത്താന്‍ ഇനി ദീര്‍ഘനാള്‍ കഴിയണം.

എങ്ങനെ കാണാം?

ഏറ്റവും നന്നായി വിര്‍തനെന്‍ കാണാന്‍ കഴിയും എന്നു കരുതുന്നത് ഡിസംബര്‍ 16നാണ് . വെറും കണ്ണുകൊണ്ട് ഇതിനെ കണ്ടെത്താനാകും. കാര്‍ത്തികക്കൂട്ടം എന്ന നക്ഷത്രക്കൂട്ടത്തെ ഒരുവിധം എല്ലാവരും കണ്ടിട്ടുണ്ടാകും. സൂര്യനസ്തമിച്ചാല്‍ ഇപ്പോള്‍ കാര്‍ത്തികക്കൂട്ടത്തിനെ കാണാന്‍ കഴിയും. കാര്‍ത്തികയ്ക്കും രോഹിണിക്കും ഇടയിലായി കാര്‍ത്തികയോടു ചേര്‍ന്നാണ് ഡിസംബര്‍ 16 ന് വിര്‍തനെന്‍ ഉണ്ടാവുക. ടെലിസ്കോപ്പിലൂടെ നോക്കിയാല്‍ കുറെക്കൂടി നന്നായി കാണാന്‍ കഴിയും. സൂര്യപ്രകാശത്തില്‍ നേരിയ പച്ചനിറമാണ് വാല്‍നക്ഷത്രത്തിന്.


  മാനത്തുകൂടി ഓരോ ദിവസവും 46P-വിര്‍തനെന്‍ വാല്‍നക്ഷത്രം കടന്നുപോകുന്ന സ്ഥാനം

കാര്‍ത്തികയെയും മറ്റും കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉള്ളവര്‍ Skymap എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഗൂഗിളിന്റെ ആപ്പ് ആണ്. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ ആപ്പ് ആണെന്ന് ഉറപ്പുവരുത്തിക്കോളൂ. ആപ്പ് തുറന്നശേഷം ഫോണ്‍ ആകാശത്തേക്കു പിടിക്കുക. ആകാശത്തുള്ള നക്ഷത്രഗണങ്ങളെയും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ഒക്കെ മൊബൈല്‍സ്ക്രീനില്‍ കാണാം. ജിപിഎസ് ഉപയോഗിച്ചാണ് ആകാശമാപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഇനി കിഴക്കുദിക്കിലേക്ക് മൊബൈല്‍സ്ക്രീന്‍ പിടിക്കൂ. പശ്ചാത്തലത്തിലുള്ള നക്ഷത്രഗണങ്ങളെ തിരിച്ചറിയാം. വേട്ടക്കാരന്‍ എന്ന നക്ഷത്രഗണത്തിനു കുറെ മുകളിലായി രോഹിണിയെയും കാര്‍ത്തികയെയും ഒക്കെ കണ്ടെത്താനാകും.

Animation of 46P/Wirtanen orbit

46P/വിര്‍തനെന്‍ (Wirtanen)

1948ലാണ് ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തുന്നത്. കലിഫോര്‍ണിയയിലെ ലിക് നിരീക്ഷണാലയത്തില്‍വച്ച് കാള്‍ എ വിര്‍തനെന്‍ (Carl A. Wirtanen) ആയിരുന്നു കണ്ടെത്തല്‍ നടത്തിയത്. അദ്ദേഹത്തിന്റെ പേരാണ് പിന്നീട് വാല്‍നക്ഷത്രത്തിനു നല്‍കിയത്. ആകാശത്തിന്റെ ഫോട്ടോയെടുക്കാന്‍ അന്ന് ഫോട്ടോഗ്രാഫി പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇല്ലാത്ത കാലമാണ്. ആകാശ സര്‍വേയുടെ ഭാഗമായി എടുത്ത ഫോട്ടോ പരിശോധിച്ചാണ് ഈ കണ്ടെത്തല്‍ നടത്തുന്നത്. പക്ഷേ ഏതാണ്ട് ഒരു വര്‍ഷത്തോളമെടുത്തു ഇത് ചെറിയ കാലയളവുള്ള ഒരു വാല്‍നക്ഷത്രമാണ് എന്നു കണ്ടെത്താന്‍.
റൊസെറ്റ എന്ന പേടകം വാല്‍നക്ഷത്തില്‍ ഇറങ്ങി സാമ്പിളുകള്‍ ശേഖരിച്ച വിവരം കുറെക്കാലം മുന്‍പ് വലിയ വാര്‍ത്തയായിരുന്നു. റൊസെറ്റ ഇറങ്ങിയത് 67P/Churymov-Gerasimenko എന്ന വാല്‍നക്ഷത്രത്തില്‍ ആയിരുന്നു. ഈ റൊസെറ്റയും വിര്‍തനെന്‍ വാല്‍നക്ഷത്രവും തമ്മില്‍ ഒരു ബന്ധമുണ്ട്. ആദ്യം റൊസെറ്റയുടെ ലക്ഷ്യമായി നിശ്ചയിച്ചിരുന്നത് വിര്‍തനെന്‍ ആയിരുന്നു. എന്നാല്‍ വിക്ഷേപണം വൈകിയപ്പോള്‍ ലക്ഷ്യം ചുരെയ്‍മോവ് – ഗരാസിമെന്‍കോ ആയി പുനര്‍നിശ്ചയിക്കുകയായിരുന്നു.

Leave a Reply