ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും

ജസ്റ്റിൻ ജോസഫ്      

ബഹിരാകാശ ഗവേഷണചരിത്രത്തിൽ, പ്രത്യേകിച്ച്‌ ചൊവ്വാപര്യവേഷണത്തിൽ പുതിയൊരു അധ്യായം പിറക്കുകയാണ്‌. 2018 നവംബര്‍ 27, ചൊവ്വാഴ്‌ച ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ന്‌ (EST നവംബര്‍ 26; 3.00pm) നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ ഇൻസൈറ്റ്‌ ചൊവ്വയുടെ മണ്ണിലിറങ്ങുന്നു.

ഇൻസൈറ്റ് – ചിത്രകാരന്റെ ഭാവനയിൽ | കടപ്പാട് : നാസ

ചൊവ്വയുടെ ഉപരിതലത്തിൽ കിലോമീറ്ററോളം സഞ്ചരിച്ച്‌ വിവരങ്ങള്‍ തേടിയ സ്‌പിരിറ്റ്‌, ഓപ്പര്‍ച്യൂനിറ്റി, ക്യൂരിയോസിറ്റി എന്നീ റോവറുകളിൽ നിന്നും വ്യത്യസ്‌തമായി ഒരു പ്രത്യേകസ്ഥലത്ത്‌ നിലയുറപ്പിച്ചുകൊണ്ടായിരിക്കും ഇൻസൈറ്റ്‌ ലാൻഡര്‍ (InSight-Interior Exploration using Seismic Investigations, Geodesy and Heat Transport) ചൊവ്വയിലെ ദൗത്യം പൂര്‍ത്തീകരിക്കുക.

2018 മെയ്‌ 5ന്‌ കാലിഫോര്‍ണിയയിലെ വാൻഡൻബര്‍ഗ്‌ എയര്‍ഫോഴ്‌സ്‌ ബെയ്‌സിലെ യുണൈറ്റഡ്‌ ലോഞ്ച് അലയൻസിൽനിന്നും അറ്റ്‌ലസ്‌-5 റോക്കറ്റിലേറിയാണ്‌ ഇൻസൈറ്റ്‌ ചുവന്ന ഗ്രഹത്തിനെ ലക്ഷ്യമാക്കി കുതിച്ചുയര്‍ന്നത്‌. ചൊവ്വയുടെ മധ്യമേഖലയിലുള്ള എലീസിയം പ്ലാനീഷ്യ ((Elysium Planitia) എന്ന സ്ഥലത്താണ്‌ പേടകം ഇറങ്ങുന്നത്‌. ഇത്‌ ഒരു പഴയ അഗ്നിപര്‍വ്വതമേഖലയാണ്‌. 814 മില്യൻ ഡോളര്‍ ചെലവ്‌ വരുന്ന ഈ പദ്ധതി ലക്ഷ്യമിടുന്നത്‌ 728 ഭൗമദിനങ്ങള്‍ നീളുന്ന പര്യവേഷണമാണ്‌.

ഇനിയുെമെന്തുകാണ്ട്‌ ചൊവ്വയിേലക്ക്‌ ?

ചൊവ്വയെക്കുറി ച്ചുള്ള നമ്മുടെ അറിവുകള്‍ വളരെ പരിമിതമാണ്‌. ചൊവ്വയിലേക്കുള്ള മുൻകാലദൗത്യങ്ങള്‍ ഗ്രഹത്തിന്റെ ഉപരിതല സവിശേഷതകളുടെ ചരിത്രം വിശകലനം ചെയ്യുന്നതിന്‌ ചൊവ്വയിലെ താഴ്‌വാരങ്ങളും അഗ്നിപര്‍വ്വതങ്ങളും പാറയും മണ്ണുമൊക്കെ പഠനവിധേയമാക്കി. എന്നാൽ ഗ്രഹത്തിന്റെ ഉത്‌പത്തിയെ സംബന്ധിച്ച്‌ കൂടുതൽ ശാസ്‌ത്രീയമായ അടയാളങ്ങള്‍ ഗ്രഹോപരിതലത്തിൽനിന്നും ഏറെ ആഴത്തിലുള്ള ആ ന്തരികഘടനകളിലാണ്‌ കുടികൊള്ളുന്നത്‌. മറ്റ്‌ ഭൗമഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൊവ്വ ഒരു ഇടത്തരം ഗ്രഹമാണ്‌. അതിന്റെ പരിണാമചരിത്രം അതിൽത്തന്നെ അന്തര്‍ലീനവുമാണ്‌. കൂടുതൽ ആഴമേറിയ മേഖലകളിൽനിന്നും ലഭ്യമാകുന്ന അടയാളങ്ങളും വിവരങ്ങളും മറ്റ്‌ ഭൗമഗ്രഹങ്ങള്‍ എപ്രകാരമാണ്‌ ഇന്നത്തെ അവസ്ഥയിലേക്ക്‌ പരിണമിച്ചത്‌ എന്നുള്ള നമ്മുടെ അന്വേഷണങ്ങള്‍ക്ക്‌ സഹായകമാകും. യഥാര്‍ത്ഥത്തിൽ ഇൻസൈറ്റ്‌ ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട്‌ ലക്ഷ്യങ്ങളിൽ ഒന്ന്‌ ഈ അന്വേഷണമാണ്‌.

നാളിതുവരെയുള്ള ചൊവ്വാദൗത്യങ്ങളിൽനിന്നും വിഭിന്നമായി അതിന്റെ ആന്തരികഘടനയും അനുബന്ധ പ്രതിഭാസങ്ങളും അന്വേഷിച്ചാണ്‌ ഇൻസൈറ്റ്‌ ചൊവ്വയുടെ മണ്ണിലിറങ്ങുന്നത്‌. ചൊവ്വയുടെ ഉപരിതലത്തിൽനിന്നും കൂടുതൽ ആഴങ്ങളിലേക്കിറങ്ങിയുള്ള അന്വേഷണങ്ങള്‍ക്ക്‌ സജ്ജമായ സാങ്കേതികവിദ്യകളുമായാണ്‌ ഇൻസൈറ്റ്‌ ഗ്രഹത്തിലെത്തുന്നത്‌.

ഗ്രഹത്തിന്റെ അകക്കാമ്പിന്റെ(Core) വലുപ്പം, അവയിലടങ്ങിയിരിക്കുന്ന മൂലകങ്ങള്‍, അവയുടെ ഭൗതികാവസ്ഥ, മാന്റിലിന്റെ രാസഘടന, ഗ്രഹത്തിന്റെ ആന്തരിക താപനില തുടങ്ങിയവ പര്യവേഷണ പേടകം പഠനവിധേയമാക്കും.

ഇൻസൈറ്റ്‌ ദൗത്യം ലക്ഷ്യം വയ്‌ക്കുന്ന രണ്ടാമത്തെ മേഖല ചൊവ്വഗ്രഹത്തിലെ ടെക്‌റ്റോണിക്‌ (Tectonic) പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഗവേഷണമാണ്‌. ഭൂമിയിൽ ഭൂമികുലുക്കം ഉണ്ടാകുന്നതുപോലെ ചൊവ്വയിലും ചൊവ്വാകമ്പനം (Marsquakes) ഉണ്ടാകുന്നുണ്ട്‌. ചൊവ്വാകമ്പനത്തെപ്പറ്റി പഠിക്കാനുള്ള ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌. 1976 ൽ വൈക്കിംഗ്‌ -1, വൈക്കിംഗ്‌ -2 എന്നി ദൗത്യങ്ങളിൽ സീസ്‌മോമീറ്ററുകള്‍ സജ്ജീകരിച്ചിരുന്നു. എന്നാൽ സീസ്‌മോമീറ്ററുകള്‍ സ്‌പെയ്‌സ്‌ക്രാഫിറ്റിന്റെ മുകളിലായിരുന്നതിനാൽ അവ കാറ്റിലുലഞ്ഞതുമൂലം കൃത്യമായ ഡാറ്റ ലഭ്യമായില്ല. ഭൂമികുലുക്കമുണ്ടാകുന്നത്‌ പ്രധാനമായും ടെക്‌റ്റോണിക്‌ പ്രവര്‍ത്തനം മൂലമാണ്‌. എന്നാൽ ചൊവ്വയിൽ ഇതേറെയും സംഭവിക്കുന്നത്‌ അഗ്നിപര്‍വ്വതമോ, ഭൂവൽക്കത്തിലെ വിള്ളലോ, ഉൽകാപതനമോ മൂലമാണെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ കരുതുന്നത്‌. ഓരോ ചൊവ്വാകമ്പനവും അതിന്റെ ആന്തരികഘടനയെ പ്രകാശിപ്പിക്കുന്ന ഫ്‌ളാഷ്‌ ബള്‍ബുകള്‍ പോലെയാണ്‌. ഗ്രഹത്തിന്റെ വിവിധ പാളികളിലൂടെ എങ്ങനെയാണ്‌ ചൊവ്വാചലനതരംഗങ്ങള്‍ പ്രവഹിക്കുന്നതെന്ന്‌ നിരീക്ഷിക്കുന്നതിലൂടെ വിവിധപാളികളുടെ ആഴവും ഘടനയും മനസ്സിലാക്കാൻ സാധിക്കുന്നു. അങ്ങനെ തരംഗങ്ങളുടെ നിരീക്ഷണം ചൊവ്വയുടെ ആന്തരിക ഘടനയുടെ എക്‌സ്‌-റേ എടുക്കുന്ന തിന്‌ തുല്യമായിമാറുന്നു.

ഭൗമഗ്രഹങ്ങളുടെ പാഠപുസ്‌തകം

ഭൂമിയെപ്പോലെയോ അല്ലെങ്കിൽ അതിനേക്കാള്‍ അല്‌പംകൂടി വലുപ്പമുള്ളവയോ ആയ ഭൗമഗ്രഹങ്ങള്‍ (Terrestrial Planets) പ്രപഞ്ചത്തിലുടനീളം സര്‍വസാധാരണമാണെന്ന്‌ ക്ലെപ്ലര്‍ സ്‌പെയ്‌സ്‌ ടെലിസ്‌കോപ്പ്‌ അടുത്തകാലത്ത്‌ നമുക്ക്‌ കാണിച്ചുതന്നു. എന്നാൽ അത്രയും ദൂരത്തുള്ള ഗ്രഹങ്ങളെക്കുറിച്ച്‌ പഠിക്കുക എളുപ്പമല്ല ചൊവ്വയെക്കുറിച്ചുള്ള സൂക്ഷ്‌മപഠനം അത്തരം ഗ്രഹങ്ങളുടെ അന്തരീക്ഷേേത്തയും രാസഘടനയേയും സംബന്ധിച്ചുള്ള ശാസ്‌ത്രീയ നിഗമനങ്ങള്‍ക്ക്‌ സഹായകമാകും. നമ്മുടെ സൗരയൂഥത്തിൽതന്നെ ഭൗമഗ്രഹങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ താരതമ്യം ചെയ്യുന്നതിനും അവയുടെ വൈവിധ്യത്തിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യുന്നതിനും ചൊവ്വയെപ്പറ്റിയുള്ള വിശദപഠനങ്ങള്‍ സഹായകമാകും.

ഭൂമിയിലെന്നപോലെ ചൊവ്വയിലും അഗ്നിപര്‍വ്വതങ്ങളുണ്ട്‌. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതമായ ഒളിംപസ്‌ മോണ്‍സ്‌ (Olympus Mons) ചൊവ്വയിലാണ്‌. ഗ്രഹത്തിന്റെ ഉള്ളിൽനിന്നുള്ള താപമാണ്‌ എവറസ്റ്റിനേക്കാള്‍ മൂന്ന്‌ മടങ്ങ്‌ ഉയരമുള്ള ഈ അഗ്നിപര്‍വ്വതത്തിന്റെ ഉൽപത്തിക്ക്‌ കാരണമായത്‌. ചൊവ്വയുടെ ഉപരിതലത്തിൽ 5 മീറ്റര്‍ ആഴത്തിലേക്ക്‌ ചൂഴ്‌ന്നിറങ്ങാൻ സാധിക്കുന്ന താപമാപിനികള്‍ ഇൻസൈറ്റ്‌ ലാൻഡറിൽ സജ്ജീകരി ച്ചിട്ടുണ്ട്‌. ഗ്രഹാന്തരഭാഗത്തുനിന്നും ഉപരിതലത്തിലേക്ക്‌ പ്രവഹിക്കുന്ന താപത്തിന്റെ അളവറിയാൻ ഇത്‌ സഹായിക്കും. ചൊവ്വയുടെ ആന്തരികഭാഗത്തുനിന്നം പുറത്തേയ്‌ക്ക്‌ വരുന്ന താപം എങ്ങനെയാണ്‌ ഉപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങളെ സ്വാധീനിക്കുന്നതെന്ന്‌ മനസ്സിലാക്കാനും ഇത്‌ വഴി സാധ്യമാകും.

ആകാംക്ഷയുെട അവസാന നിമിഷങ്ങളിലേക്ക്‌

ചൊവ്വയിൽ ഇൻസൈറ്റ് ഇറങ്ങുന്നതിന്റെ ചിത്രീകരണം. | കടപ്പാട് : NASA/JPL-Caltech

ഇൻസൈറ്റ്‌ ലാൻഡര്‍ ചൊവ്വയിലെ മണ്ണിന്റെ മണമറിയാൻ ഏതാനും മണിക്കൂറുകള്‍കൂടിയേ അവശേഷിക്കുന്നുള്ളൂ. ചൊവ്വയിലേക്കുള്ള അതിന്റെ അവരോഹണത്തിൽ ഏറ്റവും ഉദ്വേഗജനകമായത്‌ അവസാനത്തെ ആറരമിനുട്ടാണ്‌. മണിക്കൂറിൽ 20000 കിലോമീറ്റര്‍ വേഗത്തിലുള്ള കുതിപ്പിൽ നിന്നും വേഗത ക്രമേണ കുറച്ച്‌ നിശ്ചലതയിലേക്കെത്തിക്കുകയെന്നത്‌ ഒട്ടും എളുപ്പമുള്ള ഒന്നല്ല അതും വെറും ആറരമിനുട്ടുകൊണ്ട്‌!

കഴിഞ്ഞ ആറ്‌ മാസങ്ങളിലേറെയായി ഇൻസൈറ്റ്‌ ചൊവ്വയിലേക്കുള്ള യാത്രയിലാണ്‌. ചൊവ്വയുടെ മണ്ണിൽ സോഫ്‌റ്റ്‌ ലാന്റിംഗ്‌ സാധ്യമാക്കാൻ ആവശ്യമായ മുൻകരുതലുകള്‍ പേടകത്തിൽതന്നെ സജ്ജീകരിച്ചിട്ടുണ്ട്‌. പാരച്യൂട്ടുകള്‍, റിട്രോ റോക്കറ്റുകള്‍ തുടങ്ങിയവ സോഫ്‌റ്റ്‌ ലാന്റിംഗ്‌ സംവിധാനങ്ങളാണ്‌. പേടകത്തിന്റെ അവരോഹണത്തിന്‌ വിപരീതദിശയിൽ ജ്വലിപ്പിക്കുന്ന ചെറു റോക്കറ്റുകളാണ്‌ റിട്രോ റോക്കറ്റുകള്‍. ഇത്‌ പേടകത്തിന്റെ വേഗതയെ ഗണ്യമായി കുറച്ചുകൊണ്ടുവരുന്നു. അന്തരീക്ഷത്തിന്റെ ഘര്‍ഷണം സൃഷ്ടിക്കുന്ന ചൂട്‌ പേടകത്തിന്റെ ലാന്റിംഗിന്‌ ഏറ്റവും പ്രധാന ഭീഷണിയാണ്‌. ചൊവ്വയുടെ അ ന്തരീക്ഷത്തിന്റെ സാന്ദ്രത ഭൗമാന്തരീക്ഷത്തസാന്ദ്രതയുടെ നൂറിലൊന്നിൽ താഴെയാണെങ്കിലും ലാൻഡര്‍ പേടകം ഉരുകിത്തകരാൻ അത് ധാരാളമാണ്‌. ഈ ഘര്‍ഷണത്തേയും അതു മൂലമുണ്ടാകുന്ന താപത്തേയും അതിജീവിക്കാനാവശ്യമായ താപകവചങ്ങള്‍കൊണ്ട്‌ ആവൃതമാണ്‌ ഇൻസൈറ്റ്‌. പൊടിക്കാറ്റാണ്‌ മറ്റൊരു ഭീഷണി. എന്നാൽ അവയെ ജയിക്കാൻ പര്യാപ്‌തമായ ക്രമീകരണങ്ങളുടെ കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌ നാസ അധികൃതര്‍.

2008 മെയ്‌ മാസത്തിൽ ചൊവ്വയിലിറങ്ങിയ ഫീനിക്‌സ്‌ റോബോട്ടിക്‌ ലാൻഡറിനോട്‌ ഏറെ സാമ്യമുള്ള ഘടനയാണ്‌ ഇൻസൈറ്റിന്‌. ചൊവ്വയുടെ ഉത്തരധ്രുവമേഖലയിൽ ഇറങ്ങിയ ഫീനിക്‌സിന്‌ അവിടെ നിന്നും ഐസ്‌ സാമ്പിളുകള്‍ തുരന്നെടുക്കുന്നതിന്‌ നീളമുള്ള റോബോട്ടിക്‌ കൈകളുണ്ടായിരുന്നു. ഇൻസൈറ്റിനും ഇത്തരത്തിലുള്ള റോബോട്ടിക്‌ കൈകളുണ്ട്‌. നിൽക്കുന്ന സ്ഥലം കുഴിച്ച്‌ പാറയും മണ്ണും തുരന്ന്‌ അവയുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ ചൊവ്വയുടെ ആ ന്തരികഘടന വിശകലനം ചെയ്യാനുള്ള ശ്രമമാണ്‌ ഇൻസൈറ്റ്‌ ഏറ്റെടുക്കുക.

ഇൻസൈറ്റ്‌ ചൊവ്വയുടെ ഉപരിതലത്തിലിറങ്ങിക്കഴിഞ്ഞാൽ തുടര്‍ന്നുള്ള ഏതാനും ആഴ്‌ചകള്‍ കൊണ്ട്‌ പേടകത്തിലെ ശാസ്‌ത്രീയ ഉപകരണങ്ങള്‍ ഏറ്റവും അനുയോജ്യമായ ഇടങ്ങളിൽ സ്ഥാപിക്കും. ചൊവ്വയുടെ ആന്തരികമേഖലയെ പഠിക്കുന്നതിനുള്ള ഏറ്റവും പ്രധാന ഉപകരണങ്ങള്‍ സീസ്‌മോമീറ്ററും അഞ്ച് മീറ്റര്‍ ആഴത്തിലേക്ക്‌ ചൂഴ്‌ന്നിറങ്ങുന്ന താപമാപിനിയുമാണ്‌. ഇവ സ്ഥാപിക്കാൻ ഏറ്റവും ഉത്തമമായ സ്ഥലം മനസ്സിലാക്കുന്നതിനുവേണ്ടിയാണ്‌ ഈ കാലതാമസം. ഇൻസൈറ്റിന്റെ റോബോട്ടിക്‌ കൈകള്‍ ഉപകരണങ്ങളെ യഥാസ്ഥാനത്ത്‌ സ്ഥാപി ച്ചുകഴിഞ്ഞാൽ ഇൻസൈറ്റ്‌ പൂര്‍ണ്ണമായും കര്‍മ്മനിരതമാകും. ഇനിയങ്ങോട്ടുള്ള രണ്ട്‌ വര്‍ഷക്കാലം അത്‌ നൽകുന്ന ഡാറ്റയും അവയുടെ വിശകലനവും പ്രപഞ്ചത്തിന്റെ സത്തയും ശൈലിയും തേടിയുള്ള മനുഷ്യന്റെ വിശ്രമമില്ലാത്ത യാത്രകള്‍ക്ക്‌ ഉത്തേജനമാകും.

ഇന്‍സാറ്റിന്റെ മറ്റൊരു ചിത്രീകരണം. | കടപ്പാട് : NASA/JPL-Caltech

Leave a Reply