Read Time:11 Minute
എൻ. സാനു
എന്‍. സാനു

Skymap of Kerala April 2020.svg
By Sanu NOwn work, CC BY-SA 4.0, Link

ഏപ്രിൽ മാസത്തെ പ്രധാന നക്ഷത്രങ്ങളും താരാഗണങ്ങങ്ങളും.

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി എന്നീ സൗരരാശികളെ ഏപ്രിലില്‍ നിരീക്ഷിക്കാൻ സാധിക്കും. ക്രാന്തിപഥത്തിലായാണ് ഇവയെ കാണാൻ കഴിയുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു് ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തെ 12 സമഭാഗങ്ങളാക്കി, ഓരോന്നിനും ഓരോ നക്ഷത്രഗണത്തിന്റെ പേരു നൽകിയിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗര രാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.

ഏപ്രിൽ മാസത്തെ സൗരരാശികള്‍

സന്ധ്യയ്ക്ക്, പടിഞ്ഞാറേ ചക്രവാളത്തിനു മുകളിലായി ഇടവം രാശിയാണ് ഉണ്ടാവുക. തുടര്‍ന്ന് പടിഞ്ഞാറുനിന്നും കിഴക്കോട്ട് യഥാക്രമം മിഥുനം കര്‍ക്കിടകം, ചിങ്ങം, കന്നി എന്നീ സൗരരാശികളെ ഈ മാസം സന്ധ്യക്ക് നിരീക്ഷിക്കാം. (നക്ഷത്രമാപ്പ് നോക്കുക).

പടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും ഏകദേശം 30° ഉയരത്തിൽ,  ഇളം ചുവപ്പു നിറത്തിൽ പ്രഭയോടെ ബ്രഹ്മഹൃദയം (Aldebaran) എന്ന നക്ഷത്രം കാണാം. ബ്രഹ്മഹൃദയം ഉള്‍പ്പെടുന്ന ചാന്ദ്രനക്ഷത്രഗണമാണ് രോഹിണി. ‘V’ എന്ന ആകൃതിയിലാണ് ഈ ചാന്ദ്രനക്ഷത്രഗണം കാണപ്പെടുന്നത്. രോഹിണി ഉൾക്കൊള്ളുന്ന സൗരരാശിയാണ് ഇടവം (Taurus). രോഹിണിയും അതിനു മുകളിൽ കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് ഇടവം.

ശീർഷബിന്ദുവിൽ നിന്നും അല്പം വടക്കു-പടിഞ്ഞാറു മാറി തിളക്കമുള്ള രണ്ടു നക്ഷത്രങ്ങളെ കാണാം. മിഥുനം (Gemini) എന്ന രാശിയിലെ കാസ്റ്റർ (Castor), പോളക്സ് (Pollux) എന്നീ നക്ഷത്രങ്ങളാണിവ (നക്ഷത്രമാപ്പ് നോക്കുക). ഏകദേശം ശീര്‍ഷബിന്ദുവിലായി കര്‍ക്കിടകം രാശി (Cancer) സ്ഥിതി ചെയ്യുന്നു. വളരെ മങ്ങിയ നക്ഷത്രങ്ങളാണ് കര്‍ക്കിടകത്തിലുള്ളത്.

Leo Constellation ml

ശീർഷബിന്ദുവിനു കിഴക്കായി ചിങ്ങം (Leo) രാശിയെ കാണാം. കിഴക്കേ ചക്രവാളത്തിൽ നിന്നും ഏകദേശം 45°-70° ഉയരത്തിലാണ് ഈ മാസം ചിങ്ങം രാശിയുടെ സ്ഥാനം. ചിങ്ങം രാശിയുടെ തലഭാഗത്ത്, അരിവാൾ പോലെ (ചോദ്യചിഹ്നം പോലെ) തോന്നിക്കുന്ന നക്ഷത്രക്കൂട്ടത്തിലെ തെക്കുഭാഗത്തായി കാണുന്ന റെഗുലസ് (Regulus) ആണ് ചിങ്ങത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം. റെഗുലസും അതോടു ചേര്‍ന്ന് തോൾ ഭാഗത്തുള്ള നക്ഷത്രവും ചേര്‍ന്നതാണ് മകം എന്ന ചാന്ദ്രഗണം. കാലിന്റെയും അരക്കെട്ടിന്റെയും ഭാഗത്തുള്ള രണ്ടു നക്ഷത്രങ്ങൾ ചേര്‍ന്നത് പൂരവും വാൽ ഭാഗത്തുള്ള നക്ഷത്രം (Denebola) ഉത്രവുമാണ്.

ചിങ്ങത്തിനു തെക്കുകിഴക്കായി, ചക്രവാളത്തിനു മുകളിൽ കന്നിരാശിയെ കാണാം. കന്നിയിലെ തിളക്കമാര്‍ന്ന നക്ഷത്രമാണ് ചിത്ര (Spica). കന്നിരാശിയിൽ ചിത്രനക്ഷത്രം മാത്രമാണ് തിളക്കത്തോടെ കാണാൻ കഴിയുന്നത്.

മറ്റു താരാഗണങ്ങൾ

വേട്ടക്കാരന്‍ (Orion)

വേട്ടക്കാരനും സമീപ നക്ഷത്രങ്ങളും

ഏപ്രിൽ മാസം സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്ര സമൂഹമാണ് വേട്ടക്കാരന്‍. സന്ധ്യയ്ക്ക് നിരീക്ഷിക്കുമ്പോൾ, ശീർഷബിന്ദുവിനും ചക്രവാളത്തിനും മദ്ധ്യത്തിലായി,  അല്പം തെക്കുമാറി ഇതു ദൃശ്യമാകും. ഖഗോള മദ്ധ്യ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗണത്തിന് ബാബിലോണിയൻ – ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റെ (Orion the Hunter) രൂപമാണുള്ളത്. ഇന്ത്യൻ പേര് ശബരൻ എന്നാണ്. വടക്കോട്ടാണ് അയാളുടെ തല. മകീര്യം അഥവാ മൃഗശീർഷം എന്ന ചാന്ദ്രഗണമാണത്. കിഴക്കെ തോളിലെ ചുവന്ന താരം തിരുവാതിരയും (ആർദ്ര – Betelgeuse) പടിഞ്ഞാറേ തോൾ ബെല്ലാട്രിക്സ് (Bellatrix) നക്ഷത്രവുമാണ്. തെക്ക് രണ്ട് കാൽപാദങ്ങളിൽ പടിഞ്ഞാറെ വശത്തുള്ളത് റീഗൽ (Rigel) നക്ഷത്രമാണ്. സൂര്യന്റെ അമ്പതിനായിരം ഇരട്ടിയോളം പ്രകാശം പൊഴിക്കുന്ന ഈ നക്ഷത്രം 830 പ്രകാശവർഷം അകലെയാണ്. വലത് കാല്പാദത്തിലുള്ളത് സെയ്ഫ് (Saiph) നക്ഷത്രം. വേട്ടക്കാരന്റെ മധ്യഭാഗത്തായി ഒരേ ശോഭയുള്ള മൂന്നു നക്ഷത്രങ്ങൾ ഒറ്റവരിയായി നിൽക്കുന്നുണ്ട്. ഇത് വേട്ടക്കാരന്റെ അരപ്പട്ടയായി (ബെൽറ്റ്) സങ്കല്പിച്ചിരിക്കുന്നു. അരപ്പട്ടയിലെ മധ്യതാരത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളും. വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും.

Orion and adjucent constellations

ഓറിയണിന്റെ ബെല്‍റ്റിൽ നിന്നും വടക്കു പടിഞ്ഞാറേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് രോഹിണിയിലും തുട‍ർന്നു കാര്‍ത്തികയിലും എത്തും. ബെൽറ്റിൽ നിന്നും തെക്കുകിഴക്കു ദിശയിലേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് സിറിയസ് എന്ന നക്ഷത്തിലേക്ക് നീളും.

ബൃഹദ്ച്ഛ്വാനം (Canis Major)

വേട്ടക്കാരന് തെക്ക് കിഴക്കായി (ഏപ്രിൽ മാസം തെക്കുപടിഞ്ഞാറ് മദ്ധ്യാകാശത്തായി) കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ് (Sirius – രുദ്രൻ). രോഹിണിയിലെ ചുവന്ന നക്ഷത്രം, വേട്ടക്കാരന്റെ ബെല്‍റ്റ് ഇവ ചേര്‍ത്ത് ഒരു രേഖ സങ്കല്പിച്ച് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ സിറിയസിനെ കണ്ടെത്താം. സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഭയോടെ കാണപ്പെടുന്ന നക്ഷത്രമായ സിറിയസ് ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമാണ് ബൃഹദ്ച്ഛ്വാനം.

കാര്‍ത്തിക (Pleiades)

വേട്ടക്കാരന്റെ ബെല്‍റ്റ്, രോഹിണി എന്നിവ യോജിപ്പിച്ച് സങ്കല്‍പ്പിക്കുന്ന രേഖ വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍, പടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും ഏകദേശം 20 ഡിഗ്രി ഉയരത്തിൽ മുന്തിരിക്കുലപോലെയുള്ള നക്ഷത്രങ്ങളുടെ ഒരുകൂട്ടം കാണാം. ഏഴോ എട്ടോ നക്ഷത്രങ്ങളെ ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. ഈ നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക. ഇതൊരു തുറന്ന താരവ്യൂഹം (Open cluster) ആണ്. ഏപ്രിൽ മാസം ആദ്യ ആഴ്ചകഴിഞ്ഞാൽ ഇതിനെ കാണാൻ പ്രയാസമാകും.

ഒരു ഭീമൻ തന്മാത്രാ മേഘത്തിൽ നിന്ന് ഏതാണ്ട് ഒരേ കാലത്ത് രൂപം കൊണ്ട നക്ഷത്രത്തങ്ങളുടെ കൂട്ടമാണ് തുറന്ന താരവ്യൂഹം.

പ്രാജിത (Auriga)

Auriga
പ്രാജിതയും ഷഡാസ്യനും

വേട്ടക്കാരന്റെ നേരേ വടക്കായി ഒരു വിഷമ ഷഡ്ഭുജാകൃതിയിൽ 6 നക്ഷത്രങ്ങളും ഉള്ളിലായി ഒരു നക്ഷത്രവും ചേര്‍ന്ന ഗണമാണ് പ്രാജിത. അതിലെ ഏറെ പ്രഭയുള്ള നക്ഷത്രമാണ് ഷഡാസ്യൻ (Capella).

സപ്തർഷിമണ്ഡലം (Ursa Major)

വടക്കേ ചക്രവാളത്തിൽ നിരീക്ഷിക്കാൻ സാധിക്കുന്ന പ്രധാന താരാഗണമാണ് സപ്തർഷി മണ്ഡലം (വലിയ കരടി). ഏപ്രിൽ മാസത്തിലെ സന്ധ്യയ്ക്ക് ഇത് വടക്കുകിഴക്കു ദിശയിൽ മദ്ധ്യാകാശത്തായി കാണപ്പെടുന്നു. സപ്തര്‍ഷി മണ്ഡലത്തിലെ തിളക്കമേറിയ ഏഴു നക്ഷത്രങ്ങള്‍ ഒരു തവിയുടെ (Dipper) ആകൃതിയിൽ കാണപ്പെടുന്നു. ഇവയുടെ പേരുകൾ യഥാക്രമം ക്രതു (Dubhe), പുലഹൻ (Merkel), പുലസ്ത്യൻ (Phecda), അത്രി (Megrez), ആംഗിരസ് (Alioth), വസിസ്ഠൻ (Mizar), മരീചി (Benetnasch) എന്നിവയാണ്. ആംഗിരസ്-വസ്ഷ്ഠ-മരീചി നക്ഷത്രങ്ങളെ ചേര്‍ത്ത് ഒരു വളഞ്ഞവര നീട്ടുകയാണെങ്കിൽ അത് ചോതി(Arcturus)യിലെത്തും.

മറ്റുള്ളവ

  • ശീർഷബിന്ദുവിൽ നിന്നും അല്പം പടിഞ്ഞാറായി കാണുന്ന തിളക്കമുള്ള നക്ഷത്രമാണ് പ്രോസിയോൺ (Procyon). ലഘുച്ഛ്വാനം (Canis Minor) എന്ന താരാഗണത്തിലെ പ്രഭയേറിയ നക്ഷത്രമാണ് പ്രോസിയോൺ.
  • തെക്കുകിഴക്കു ദിശയിൽ, ഏകദേശം 30°-40° ഉയരത്തിൽ, ചിത്രയ്ക്ക് തെക്കുമാറി കാണുന്ന നാലു നക്ഷത്രങ്ങൾ ചേര്‍ന്ന താരാഗണമാണ് അത്തം (അത്തക്കാക്ക – Corvus).
  • തെക്കൻ ചക്രവാളത്തിൽ അല്പം പടിഞ്ഞാറുമാറി ഏകദേശം 25° ഡിഗ്രി ഉയരത്തിൽ കാണാൻ കഴിയുന്ന പ്രഭയേറിയ നക്ഷത്രമാണ് അഗസ്ത്യൻ (Canopus). പപ്പിസ് (Puppis) എന്ന നക്ഷത്രസമൂഹത്തിന്റെ ഭാഗമാണിത്.
  • കിഴക്കേ ചക്രവാളത്തിൽ നിന്നും ഏകദേശം 20ഡിഗ്രി വടക്കുമാറി ചോതി നക്ഷത്രം സന്ധ്യയോടെ ഉദിച്ചുയരും. ചോതി ഉൾപ്പെടുന്ന താരാഗണമാണം ബൂ-വൂട്ടിസ്.

ഗ്രഹങ്ങള്‍

മാര്‍ച്ചിൽയില്‍ സന്ധ്യാകാശത്ത് ശുക്രനെ (Venus) മാത്രമാണ് കാണാൻ കഴിയുക. പടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും ഏകദേശം 30° ഉയരത്തിലായി തിളങ്ങി നില്ക്കുന്ന ശുക്രനെ തിരിച്ചറിയാൻ പ്രയാസമില്ല. ചൊവ്വ (Mars) വ്യാഴം (Jupiter) ശനി (Saturn) എന്നീ ഗ്രഹങ്ങളെ പുലര്‍ച്ചെ കാണാം. തെക്കു കിഴക്കേ ചക്രവാളത്തിൽനിന്നും 40°-50° മുകളിലായി ഇവയെ തിരിച്ചറിയാം. ധനു രാശിയിലാണ് ഇവ മൂന്നും കാണപ്പെടുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 7
Next post തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ആധുനിക വൈദ്യശാസ്ത്രം : ഡോ.കെ.പി.അരവിന്ദന്‍
Close